Friday, August 29, 2008

റോബിഞ്ഞോ ഡൗട്ട്‌


റോബിഞ്ഞോ ഡൗട്ട്‌
മാഡ്രിഡ്‌: സ്‌പാനിഷ്‌ ലീഗില്‍ ആവേശ മല്‍സരങ്ങള്‍ തുടങ്ങാനിരിക്കെ റയല്‍ മാഡ്രിഡിും മുന്‍നിരക്കാരന്‍ റോബിഞ്ഞോയും തമ്മില്‍ ശീതസമരം. 24 കാരനായ ബ്രസീലുകാരന്‌ റയലില്‍ തുടരാന്‍ താല്‍പ്പര്യമില്ല. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ ചെല്‍സിയുടെ നീലകുപ്പായത്തില്‍ കളിക്കാന്‍ അദ്ദേഹം തയ്യാറെടുത്തിരിക്കുന്നു. പക്ഷേ റയല്‍ വിടുന്ന മട്ടില്ല. രണ്ട്‌ വര്‍ഷം കൂടി തങ്ങളുമായി കരാര്‍ നിലനില്‍ക്കുന്നതിനാല്‍ ബ്രസീലുകാരനെ ഇംഗ്ലീഷുകാര്‍ക്ക്‌ കൈമാറാന്‍ താല്‍പ്പര്യമില്ലെന്നാണ്‌ സ്‌പാനിഷ്‌്‌ ക്ലബിന്റെ ഭാഷ്യം.
തുടക്കത്തില്‍ റോബിഞ്ഞോയുടെ നീക്കത്തിന്‌ തടസ്സം നില്‍ക്കാതിരുന്ന റയല്‍ ഇപ്പോള്‍ താരത്തിനെതിരെ വന്നിരിക്കുന്നതിലാണ്‌ ഫുട്‌ബോള്‍ ലോകത്തിന്‌ ആശ്ചര്യം. യൂറോ 2008 മല്‍സരങ്ങളില്‍ ചാമ്പ്യന്മാരായ സ്‌പെയിനിന്‌ വേണ്ടി കസറിയ ഡേവിഡ്‌ വിയ്യ, സാന്‍ഡി കര്‍സോള എന്നിവര്‍ക്കായി റയല്‍ കരുനീക്കം നടത്തിയിരുന്നു. എന്നാല്‍ രണ്ട്‌ പേരെയും ലഭിക്കില്ലെന്നുറപ്പായതിനാല്‍ റോബിഞ്ഞോയെ കൈവിടേണ്ട എന്ന തീരുമാനത്തിലേക്ക്‌ ക്ലബ്‌ വന്നതായിരിക്കുമെന്നാണ്‌ സംസാരം. എന്തായാലും വലിയ തുകക്ക്‌ ചെല്‍സിയിലേക്ക്‌ പോവാനുളള റോബിഞ്ഞോയുടെ നീക്കം എളുപ്പമല്ലെന്നുറപ്പ്‌. റയല്‍ പ്രസിഡണ്ട്‌ റാമോണ്‍ കാല്‍ഡിറോണ്‍ സ്വന്തം നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. കോച്ചും സ്‌പോര്‍ട്‌സ്‌ ഡയരക്ടറും റോബിഞ്ഞോയെ വേണമെന്ന്‌ പറയുമ്പോള്‍ അവരെ എതിര്‍ക്കാന്‍ തനിക്കാവില്ലെന്നാണ്‌ പ്രസിഡണ്ട്‌ വ്യക്തമാക്കിയിരിക്കുന്നത്‌. പ്രസിഡണ്ടിന്റെ മൊഴികള്‍ക്ക്‌ കരുത്തേകി സ്‌പോര്‍ട്ടിംഗ്‌ ഡയരക്ടര്‍ പ്രിഡാര്‍ഗ്‌ മിജതോവികും രംഗത്ത്‌ വന്നു. റോബിഞ്ഞോയുടെ കരാര്‍ കാലാവധി അവസാനിക്കാന്‍ ഇനി രണ്ട്‌ വര്‍ഷം നിലനില്‍ക്കുന്നതിനാല്‍ മറിച്ച്‌ ചിന്തിക്കാനാവില്ലെന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്‌.
അതേ സമയം ചെല്‍സി പ്രതീക്ഷയില്‍ തന്നെയാണ്‌. വിവാദങ്ങള്‍ക്ക്‌ ഉടന്‍ അവസാനമാവുമെന്നും റോബിഞ്ഞോ തങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നുമാണ്‌ ഇംഗ്ലീഷ്‌ ക്യാമ്പ്‌ പറയുന്നത്‌.

റയലിന്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ എളുപ്പം
ലണ്ടന്‍: സ്‌പാനിഷ്‌ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്‌ ഇത്തവണ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ പ്രാഥമീക റൗണ്ടില്‍ ശക്തരായ പ്രതിയോഗികളില്ല. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ റയല്‍ ഗ്രൂപ്പ്‌ എച്ചിലാണ്‌ വന്നിരിക്കുന്നത്‌. പ്രതിയോഗികള്‍ ഇറ്റാലിയില്‍ നിന്നുള്ള യുവന്തസും റഷ്യയില്‍ നിന്നുള്ള സെനിത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്ഗും ബെയിറ്റ്‌ ബോറിസോവും. സെപ്‌തംബര്‍ 16 നാണ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്‌ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഗ്രൂപ്പ്‌ ഇ യിലാണ്‌. പ്രതിയോഗികള്‍ വില്ലാ റയലും സെല്‍റ്റിക്കും ആല്‍ബോര്‍ഗ്ഗും.
മറ്റ്‌ ഗ്രൂപ്പുകള്‍ ഇപ്രകാരം: ഗ്രൂപ്പ്‌ എ-ചെല്‍സി ,റോമ, ബോറോഡോക്‌സ്‌, സി.എഫ്‌.ആര്‍ ക്ലൂജ്‌. ഗ്രൂപ്പ്‌ ബി-ഇന്റര്‍ മിലാന്‍, വെര്‍ഡര്‍ ബ്രെഹ്മന്‍, പനാത്തിനായിക്കോസ്‌, അനോര്‍തോസിസ്‌ ഫമഗുസ്റ്റ. ഗ്രൂപ്പ്‌ സി-ബാര്‍സിലോണ, സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍, ബേസല്‍, ഷാക്തര്‍ ഡോണ്‍സ്‌റ്റക്‌. ഗ്രൂപ്പ്‌ ഡി-ലിവര്‍പൂള്‍, പി.എസ്‌.വി ഐന്തോവാന്‍, മാര്‍സലി, അത്‌ലറ്റികോ മാഡ്രിഡ്‌. ഗ്രൂപ്പ്‌ എഫ്‌: ലിയോണ്‍, ബയേണ്‍ മ്യൂണിച്ച്‌, സ്‌റ്റിയൂവ ബുക്കാറസ്‌റ്റ്‌, ഫിയോറന്റീന. ഗ്രൂപ്പ്‌ ജി: ആഴ്‌സനല്‍, പോര്‍ട്ടോ, ഫെനര്‍ബസ്‌, ഡൈനാമോ കീവ്‌. അടുത്തമാസം 16, 17 തിയ്യതികളിലാണ്‌ ആദ്യ റൗണ്ട്‌ മല്‍സരങ്ങള്‍. സെപ്‌തംബര്‍ 30, ഒകടോബര്‍ 1 ദിവസങ്ങളിലായി റിട്ടേണ്‍ മല്‍സരങ്ങള്‍ നടക്കും.

No comments: