Wednesday, August 6, 2008

KAMALS DRIVE മുക്കാലിക്ക്‌ അടിക്കണം

1-മാസങ്ങള്‍ക്ക്‌ മുമ്പ്‌ ബാംഗ്ലൂരിലെ സായ്‌ സെന്ററില്‍ വെച്ച്‌, ഇന്ത്യന്‍ കായികരംഗത്തെ ഉയര്‍ന്ന ഒരു താരത്തിന്റെ മുറിയില്‍ നിന്ന്‌ ഉത്തേജക മരുന്നുകള്‍ കണ്ടെടുത്തു. ഒന്നിലധികം തവണ ഉത്തേജക വിവാദത്തില്‍ പിടിക്കപ്പെട്ട ഈ മധ്യദൂര ഓട്ടക്കാരിക്കെതിരെ പക്ഷേ ഒരു നടപടിയുമുണ്ടായില്ല.
2-2004 ലെ ഏതന്‍സ്‌ ഒളിംപിക്‌സില്‍ ഇന്ത്യന്‍ വെയ്‌റ്റ്‌ലിഫ്‌ടിംഗ്‌ ടീം രാജ്യത്തിന്‌ നാണക്കേട്‌ സമ്മാനിച്ചു. സുനമാച്ചു ചാനുവും പ്രതിമാ കുമാരിയുമെല്ലാം മരുന്നടിക്ക്‌ പരസ്യമായി പിടിക്കപ്പെട്ടു. ഇന്ത്യന്‍ വെയ്‌റ്റ്‌ലിഫ്‌ടിംഗ്‌ ഫെഡറേഷനെ വിലക്കി.
3-ബൂസാന്‍ ഏഷ്യന്‍ ഗെയിംസില്‍ സുനിതാ റാണി എന്ന താരം രാജ്യത്തിന്‌ തങ്കവും ചെമ്പുമെല്ലാം നേടിതന്നു. ഗെയിംസിന്റെ അവസാനത്തില്‍ ആ മെഡലുകളെല്ലാം താരത്തിന്‌ തിരികെ നല്‍കേണ്ടി വന്നു.
4- കഴിഞ്ഞ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യന്‍ ബോക്‌സര്‍മാരെയെല്ലാം പിടികൂടി. കുറ്റം മറ്റൊന്നുമായിരുന്നില്ല
5-ഏറ്റവും പുതിയ കേസിതാ-ബെയ്‌ജിംഗിലേക്ക്‌ യാത്ര തിരിക്കാനിരുന്ന വെയ്‌റ്റ്‌ലിഫ്‌ടിംഗ്‌ സംഘത്തിലെ മോണിക്കാദേവി മരുന്നടിക്ക്‌ പിടിക്കപ്പെട്ട്‌ പുറത്തായിരിക്കുന്നു
ഇന്ത്യന്‍ കായികലോകത്ത്‌ ഉത്തേജകവിവാദങ്ങള്‍ തുടര്‍ക്കഥയാണ്‌. വിവാദം തല പൊക്കുമ്പോള്‍ അധികാരികള്‍ അന്വേഷണത്തിന്റെ വാളുകള്‍ ഉയര്‍ത്തും.വിലക്കിന്റെ പൊടിപടലം ഉയര്‍ത്തും. അതോടെ എല്ലാം അവസാനിക്കുന്നു. അന്വേഷണവും വിലക്കുമെല്ലാം പേരിന്‌ മാത്രം. പരിശീലകര്‍ മരുന്ന്‌ നല്‍കുന്നു, താരങ്ങള്‍ യഥേഷ്ടം വിഴുങ്ങുന്നു, രാജ്യം അപമാനിക്കപ്പെടുന്നു.
ഇത്രയും തരം താണ രീതികള്‍ ഇവിടെ മാത്രമാണ്‌. നമ്മുടെ ദേശീയ ക്യാമ്പുകളില്‍ മരുന്നടി നിത്യ സംഭവമാണ്‌.. എല്ലാവര്‍ക്കും സത്യമറിയാം. ഇന്ത്യന്‍ പ്രസിഡണ്ട്‌ ആരാണെന്ന്‌ ചോദിച്ചാല്‍ പോലും മറുപടി നല്‍കാന്‍ കഴിയാത്ത താരങ്ങള്‍ ഉത്തേജക മരുന്നുകളുടെ ഇംഗ്ലീഷ്‌ പേരുകള്‍ കൃത്യമായി മന: പാഠമാക്കിയിട്ടുണ്ട്‌. ലോക കായികരംഗത്ത്‌ മരിയം ജോണ്‍സിനെ പോലുളളവര്‍ പിടിക്കപ്പെടുമ്പോാള്‍ നമ്മള്‍ മാത്രം എന്തിനാണ്‌ പിറകോട്ട്‌ നില്‍കുന്നത്‌ എന്നാണ്‌ താരങ്ങളുടെ ചോദ്യം. ജോണ്‍സിന്‌ എത്ര മെഡലുകള്‍ പോയി. അതുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ തെറ്റിന്‌ മാപ്പ്‌ നല്‍കാം-ഒരു പ്രമുഖ താരത്തിന്റെ വാക്കുകളാണിത്‌.
ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ സുനിതാ റാണി പിടിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനും ്‌സ്‌പോര്‍ട്‌സ്‌ അതോരിറ്റി ഓഫ്‌ ഇന്ത്യയും കായിക മന്ത്രാരലയവും വലിയ വാക്കുകളില്‍ സംഭവത്തെ അപലപിക്കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ ഏതന്‍സ്‌ ഒളിംപിക്‌സില്‍ വനിതാ ഭാരദ്വഹന താരങ്ങള്‍ പിടിക്കപ്പെട്ടപ്പോഴും കായികഭരണക്കാര്‍ ഇതേ വാക്കുകള്‍ ആവര്‍ത്തിച്ചു. ഇപ്പോഴിതാ അതേ കാര്യങ്ങള്‍ അവര്‍ ആവര്‍ത്തിക്കുന്നു.
ഏതെല്ലാം മരുന്നുകള്‍ കഴിച്ചാലാണ്‌ തകര്‍പ്പന്‍ പ്രകടനം നടത്താനാവുക എന്ന്‌ ഡോക്ടര്‍മാരെക്കാള്‍ നന്നായി അറിയുക പട്യാലയിലെ എന്‍.ഐ.എസ്സിലെയും സായിയിലെയും പരിശീലകര്‍ക്കാണ്‌. ഇന്ത്യന്‍ അത്‌ലറ്റുകളെ പഠിപ്പിക്കാനെത്തിയ വിദേശ പരിശീലകരില്‍ നിന്ന്‌ ഇവര്‍ എല്ലാം സ്വായത്തമാക്കിയിട്ടുണ്ട്‌. അവര്‍ ഡോപ്പിംഗ്‌ ചാര്‍ട്ട്‌ തയ്യാറാക്കുന്നു.സ്വന്തം താരങ്ങള്‍ക്ക്‌്‌ മരുന്നും നല്‍കുന്നു.
പരിശീലകര്‍ നിരന്തരം താരങ്ങള്‍ക്ക്‌ സ്റ്റിറോയിഡുകള്‍ നല്‍കാറുണ്ട്‌. വെളുത്ത ഒരു ഗുളിക എന്ന സാധാ നാമത്തിലാണ്‌ ഇത്‌ നല്‍കുന്നത്‌. നുവീര്‍ എന്ന ഒരു കാപ്‌സ്യൂളുണ്ട്‌. അപകടകാരി. പക്ഷേ ഇത്‌ താരങ്ങള്‍ക്ക്‌ പരിശീലകര്‍ നല്‍കുന്നു. ന്യൂറോബിയോണ്‍ ഇഞ്ചക്ഷന്‍സും എല്‍ഡര്‍വിറ്റ്‌ ഇഞ്ചക്ഷന്‍സും തടസ്സമില്ലാതെ നല്‍കുന്നു. വൈറ്റമിന്‍ ബി,സി കാപ്‌സ്യൂളുകളും പരിശീലകരുടെ കൈവശം സുലഭം. പൊതുവായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ്‌ ഇത്‌ നല്‍കുന്നതെന്നാണ്‌ പരിശീലകര്‍ പറയുന്നത്‌.
നുവിര്‍, വിന്‍സ്‌ട്രോള്‍,മേനാബള്‍, ന്യൂറോബള്‍ (Nuvir, Winstrol, Menabol, Neurobol)
തുടങ്ങിയ ടാബ്ലറ്റുകള്‍ ഒരു കാരണവശാലും താരങ്ങള്‍ക്ക്‌ നല്‍കരുതെന്നാണ്‌ നിയമം. ഇവ നിരോധിക്കപ്പെട്ടവയാണ്‌. നമ്മുടെ താരങ്ങള്‍ക്കൊപ്പം നിയോഗിച്ച വിദേശ പരിശീലകരാണ്‌ ഈ മരുന്നുകള്‍ നല്‍കുന്നത്‌. ബൂസാനില്‍ പിടിക്കപ്പെട്ടതിന്‌ ശേഷം സുനിതാ റാണി പറഞ്ഞത്‌ ഏഷ്യന്‍ ഗെയിംസ്‌ ഫൈനല്‍ മല്‍സരത്തിന്‌ ഒരു ദിവസം മുമ്പ്‌ റഷ്യന്‍ ഡോക്ടര്‍ തനിക്ക്‌ ഒരു ഇഞ്ചക്ഷന്‍ നല്‍കിയെന്നാണ്‌. പിടിക്കപ്പെടുന്ന്‌ താരങ്ങള്‍ക്കെല്ലാം പരിശീലകരെ കുറ്റം പറയാം. രക്ഷപ്പടാം. പക്ഷേ രാജ്യമാണ്‌ എവിടെയും തോല്‍ക്കുന്നത്‌. ബെയ്‌ജിംഗില്‍ ദൈവം അനുഗ്രഹിച്ച്‌ ഇന്ത്യക്ക്‌ മെഡലുകള്‍ ലഭിക്കല്ല. പക്ഷേ മേള തുടങ്ങും മുമ്പ്‌ വലിയ ബഹുമതിയാണ്‌ ലഭിച്ചിരിക്കുന്നത്‌. സുരേഷ്‌ കല്‍മാഡിക്കും സംഘത്തിനും ഇത്‌ തന്നെ ധാരാളം. ഇനി അവര്‍ ഗീതയും ബൈബിളും ഖുര്‍ആനുമെല്ലാം ഉദ്ധരിക്കും. മോണിക്ക ഇന്നലെ കരഞ്ഞ്‌്‌ പറഞ്ഞിരിക്കുന്നു-തന്നെ ചിലര്‍ വഞ്ചിച്ചതാണെന്ന്‌.
ഇന്ത്യന്‍ കായികരംഗത്തെ നശിപ്പിക്കുന്ന ഇത്തരക്കാരെ-താരങ്ങളാണെങ്കിലും പരിശീലകരാണെങ്കകിലും ഭരണാധികാരികളാണെങ്കിലും മുക്കാലില്‍ അടിക്കണം. അതാണ്‌ നല്ല മരുന്ന്‌.

ചൈനക്ക്‌്‌ ഫുള്‍മാര്‍ക്ക്‌്‌
ചൈനക്ക്‌ മാത്രമാണ്‌ ഇതെല്ലാം കഴിയുക. അമേരിക്കയെ കവച്ചുവെക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ അവര്‍ നേടിയിരിക്കുന്ന പുരോഗതിയില്‍ ഇന്ത്യ ഉള്‍പ്പെടെ എല്ലാവര്‍ക്കും അസൂയപ്പെടാം. അസൂയക്കും കഷണ്ടിക്കും മരുന്നില്ലല്ലോ....
ഒളിംപിക്‌സ്‌ നാളെ ആരംഭിക്കുമ്പോള്‍ ലോകത്തിന്‌ മുന്നില്‍ ചൈനയുടെ ആധിപത്യമാണ്‌ പരസ്യമാക്കപ്പെടുന്നത്‌. പാശ്ചാത്യ ശക്തികളുടെ അഹന്ത അവസാനിപ്പിക്കാന്‍ ചൈന ഒരുമിച്ചാണ്‌ ശ്രമിച്ചത്‌. അതിലാണ്‌ അവര്‍ വിജയിച്ചിരിക്കന്നത്‌. ഏഷ്യക്കാര്‍ എന്നാല്‍ അമേരിക്കക്കും യൂറോപ്പിനും അടിമകളും ദരിദ്രരുമാണ്‌. പാശ്ചാത്യരുടെ ആനുകൂല്യത്തില്‍ ഉപജീവനം നടത്തുന്നവരാണ്‌ ഏഷ്യക്കാരെന്ന്‌ വെള്ളക്കാര്‍ പണ്ട്‌ മുതല്‍ തന്നെ പറയാറുണ്ട്‌. എന്തിനും ഏതിനും പടിഞ്ഞാറിനെ ആശ്രയിക്കുന്നവര്‍. ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന്‌ ഇല്ലാതാവുന്ന പട്ടിണി പാവങ്ങള്‍. ചൈന ലോക ജനസംഖ്യില്‍ ഒന്നാമത്‌, ഇന്ത്യ രമണ്ടാമത്‌്‌-കുഞ്ഞുങ്ങളെ പെറ്റുപെരുക്കാന്‍ മാത്രമറിയുന്നവരെന്ന പരിഹാസത്തില്‍ പടിഞ്ഞാറിന്റെ ഔദാര്യത്തില്‍ കഴിയുന്നവരെന്ന അപഖ്യാതി. കായിക ഭൂപഠത്തില്‍ ഏഷ്യ എവിടെയുമില്ലെന്ന്‌ അമേരിക്കക്കാര്‍ പറഞ്ഞുപരുത്തി. 88 ല്‍ സോളില്‍ ഒളിംപിക്‌സ്‌ നടന്നപ്പോള്‍ അത്‌ പരാജയമാക്കാന്‍ ശ്രമിച്ചവര്‍ പാശ്ചാത്യരായിരുന്നു. ബെന്‍ ജോണ്‍സണ്‍ കഥയില്‍ സോള്‍ കരുത്തിനെ ചോര്‍ത്താന്‍ ഇപ്പോഴും ശ്രമങ്ങള്‍ നടക്കുന്നു. 84 ലെ ലോസ്സാഞ്ചസ്‌ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഒരേ ഒരു പി.ടി ഉഷക്ക്‌ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെഡല്‍ നിഷേധിച്ചതിലും പാശ്ചാത്യരുടെ കരങ്ങളുണ്ടായിരുന്നില്ലേ....? 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാം സ്ഥാനമാണ്‌ ഉഷക്ക്‌ നല്‍കപ്പെട്ടത്‌. പക്ഷേ മല്‍സരം കഴിഞ്ഞയുടന്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഉഷ മൂന്നാമതായിരുന്നു. ഫോട്ടോ ഫിനിഷിംഗ്‌ കണ്ടാലും ഉഷ മൂന്നാമതാണ്‌. പക്ഷേ ഔദ്യോഗിക ഫല പ്രഖ്യാപനത്തില്‍ ഉഷ നാലാമത്‌ വന്നു. പരാതിപ്പെടാനും അന്വേഷണം ആവശ്യപ്പെടാനും ആരുമുണ്ടായിരുന്നില്ല. 2002 ല്‍ കൊറിയയിലും ജപ്പാനിലുമായി ലോകകപ്പ്‌ നടന്നപ്പോള്‍ അതിനെ പരിഹസിക്കാനും ശ്രമങ്ങളുണ്ടായി.
ഇതാ എല്ലാത്തിനുമുളള മറുപടി-ഏഷ്യയുടെ സ്വന്തം ചൈന. മലീനികരണത്തില്‍ ബെയ്‌ജിംഗ്‌ കായികതാരങ്ങള്‍ക്ക്‌്‌ മരണമണി മുഴക്കുമെന്ന പ്രചാരണവും, മനുഷ്യാവകാശ ലംഘനത്തിന്റെ കഥകളും അസ്ഥാനത്താക്കി ചൈന നാളെ ലോകത്തോളം ഉയരുകയാണ്‌.
ഒളിംപിക്‌സ്‌ ചിരത്രത്തില്‍ ഇത്‌ വരെ നടന്ന ഏറ്റവും വലിയ ഒളിംപിക്‌സായിരിക്കും ഇതെന്ന്‌ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി തന്നെ സാക്ഷ്യപ്പെടുത്തി കഴിഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യയില്‍ അസുയ തോന്നിപ്പിക്കും വിധി പടുത്തുയര്‍ത്തിയ ബേര്‍ഡ്‌സ്‌ നെസ്‌റ്റ്‌ എന്ന ഒളിംപിക്‌ സ്‌റ്റേഡിയം. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്‌ച്ചയാണ്‌ ഈ സ്വപ്‌ന സൗധം. ഒളിംപിക്‌ വില്ലേജിനെ വിശേഷിപ്പിക്കാന്‍ ഐ.ഒ.സി ക്ക്‌ പലവട്ടം നേതൃത്ത്വം നല്‍കിയ ജുവാന്‍ അന്റോണിയോ സമരാഞ്ചിന്‌ വാക്കുകളില്ല. മെയിന്‍ മീഡിയ സെന്റര്‍ അല്‍ഭുതമാണെന്ന്‌്‌ പത്രക്കാര്‍ പ്രഖ്യാപിക്കുന്നു. മല്‍സരങ്ങള്‍ നടക്കുന്ന വേദികളെല്ലാം മായിക കാഴ്‌ച്ചകളാണ്‌...
2001 ലാണ്‌ ബെയ്‌ജിംഗിന്‌ ഒളിംപിക്‌സ്‌ അനുവദിക്കുന്നത്‌. അന്ന്‌ മുതല്‍ തുടങ്ങിയതാണ്‌ ചൈനയുടെ ഭഗീരഥ യത്‌നം. ഏഴ്‌ വര്‍ഷത്തെ സമയത്തില്‍ എല്ലാം മാറിയിരിക്കന്നു. ചൈനക്കാര്‍ക്ക്‌ ഇംഗ്ലീഷ്‌ ഭാഷയായിരുന്നു വലിയ തലവേദന. ഇപ്പോള്‍ ജനസംഖ്യയില്‍ മുപ്പത്‌ ശതമാനവും ഇംഗ്ലീഷ്‌ പഠിച്ചിരിക്കുന്നു. എല്ലാവരോടും ചിരിക്കാനും ഇടപെടാനും ചൈനക്കാര്‍ പഠിച്ചിരിക്കുന്നു. ബെയ്‌ജിംഗിലെ റോഡുകളും പാലങ്ങളും റെയില്‍പാതകളും വിമാനത്താവളങ്ങളുമെല്ലാം അല്‍ഭുതകരമായ കാഴ്‌ച്ചകളാണ്‌. മലീനികരണം എന്ന ബോംബ്‌ പാശ്ചാത്യര്‍ ഉയര്‍ത്തിയപ്പോള്‍ അതിന്‌ പരിഹാരം കാണാന്‍ വാഹനങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തി, ഫാക്ടറികള്‍ അടച്ചുപൂട്ടി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.
മഴ വില്ലനാവും എന്ന പ്രചാരണത്തില്‍ കഴമ്പുണ്ടെന്ന്‌ മനസ്സിലാക്കി ശാസ്‌ത്രത്തെ കൂട്ടുപിടിച്ച്‌ മഴയെ തടയാനുള്ള ക്രമീകരണങ്ങള്‍ നടത്തി. ഭീകരാവാദികള്‍ നുഴഞ്ഞുകയറുമെന്ന പേടിയില്‍ സുരക്ഷയിലും അണുകിട ആലസ്യത്തിനില്ല. മല്‍സരങ്ങള്‍ തുടങ്ങുമ്പോഴറിയാം ചൈനയുടെ യഥാര്‍ത്ഥ കരുത്ത്‌. അമേരിക്കയുടെ കോട്ടകൊത്തളങ്ങള്‍ ഇല്ലാതാക്കാന്‍ മാത്രമുളള ആസുത്രണം അവര്‍ നടത്തിയിട്ടുണ്ട്‌. ട്രാക്കില്‍ മാത്രമായിരിക്കും അല്‍പ്പം മെഡല്‍ ദാരിദ്ര്യം. ബാഡ്‌മിന്റണിലും ഷൂട്ടിംഗിലും ടേബിള്‍ ടെന്നിസിലും നീന്തലിലും ജിംനാസ്‌റ്റിക്‌സിലും ജൂഡോയിലുമെല്ലാം അറിയാം ചൈന ആരാണെന്ന്‌. അമേരിക്കയുടെ ഭയം സത്യമാണ്‌. അവരെ ചൈന വെല്ലും. ആ കാഴ്‌ച്ച കാണാന്‍ ഇനി അല്‍പ്പദിനങ്ങള്‍ കാത്തിരുന്നാല്‍ മതി.
ലാസ്റ്റ്‌ വേര്‍ഡ്‌: സുരേഷ്‌ കല്‍മാഡി സാര്‍ ഇന്ത്യയല്‍ ഒരു ഉത്തേജക ഫാക്ടറി തുറക്കുക. മെഡലുകള്‍ നേടാന്‍ നമ്മുടെ താരങ്ങള്‍ക്കാവുന്നില്ല. ഉത്തേജകങ്ങള്‍ കഴിക്കുന്നതിലാണ്‌ എല്ലാവരും മുന്നില്‍. ഇപ്പോള്‍ തന്നെ ഫാക്ടറി തുറന്നാല്‍ 2010 ല്‍ കല്‍മാഡി സാര്‍ നടത്തുന്ന കോമണ്‍വെല്‍ത്ത്‌ മാമാങ്കത്തില്‍ രാജ്യത്തിന്‌ മെഡലുകള്‍ വാരാം.

1 comment:

Areekkodan | അരീക്കോടന്‍ said...

This post is very difficult to read due to small font size and tight packing.Please take care in next posts.