Saturday, August 16, 2008

THE INDIAN PUNCH


ഇടി മെയിഡ്‌ ഇന്‍ ഇന്ത്യ
ബെയ്‌ജിംഗ്‌: ഇന്ത്യന്‍ ഗര്‍ജ്ജനം ഇടിക്കൂട്ടില്‍...! അറുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനത്തില്‍ അഖില്‍ കുമാര്‍ ലോക ചാമ്പ്യനായ എതിരാളിയെ മലര്‍ത്തിയടിച്ചപ്പോള്‍ ഇന്നലെ ജിതേന്ദര്‍ കുമാറിന്റെ ഊഴമായിരുന്നു. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള തുലഷോബി ഡോണിയോവിനെയാണ്‌ ജീതേന്ദര്‍ വീഴ്‌ത്തിയത്‌. രണ്ട്‌ ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്കും ഒരു മല്‍സരം കൂടി ജയിച്ച്‌ സെമിയിലെത്തിയാല്‍ മെഡല്‍ ഉറപ്പിക്കാം. ബെയ്‌ജിംഗില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഹരിയാനയില്‍ നിന്നുളള ഈ സിംഹങ്ങളില്‍ മാത്രമാണ്‌.
54 കിലോഗ്രാം ഇനത്തില്‍ അഖില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ്‌ ജിതേന്ദറിന്‌ കരുത്തയാത്‌. റഷ്യക്കാരനായ ലോക ചാമ്പ്യനെ അഖില്‍ മലര്‍ത്തിയടിക്കുന്നത്‌ ജിതേന്ദര്‍ കണ്ടിരുന്നു. ഇഞ്ചോടിഞ്ചായിരുന്നു ആ അങ്കം. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ആവേശത്തോടെ എതിരാളിക്കെതിരെ പതറാതെ പൊരുതിയ അഖില്‍ ഒപ്പത്തിനൊപ്പം നിന്ന അങ്കത്തിലാണ്‌ ഈ ഇനത്തിലെ ലോക ചാമ്പ്യനെ മറിച്ചിട്ടത്‌. അഖിലാണ്‌ ജിതേന്ദറിനെ ബോക്‌സിംഗ്‌ റിംഗിലേക്ക്‌ കൊണ്ടുവന്നത്‌. ഇരുവരും കുടുംബക്കാര്‍.
ജിതേന്ദര്‍ ഇന്നലെ മൂന്ന്‌ റൗണ്ടുകളിലും ആധിപത്യം പുലര്‍ത്തി. കന്നി ഒളിംപിക്‌സില്‍ കളിക്കുന്ന സമ്മര്‍ദ്ദം പ്രകടിപ്പിച്ചതേയില്ല ഹരിയാനക്കാരന്‍. അടുത്ത മല്‍സരം 20ന്‌ യൂറോപ്യന്‍ ചാമ്പ്യന്‍ ഗ്രിഗറി ബലാക്ഷുമായാണ്‌. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു പോയന്റ്‌ വിത്യാസത്തിലാണ്‌ ജിതേന്ദര്‍ യൂറോപ്യന്‍ ചാമ്പ്യനോട്‌ പരാജയപ്പെട്ടത്‌. ആ പരാജയത്തിന്‌ പകരം വീട്ടാനുളള അവസരമാണിത്‌. അന്ന്‌ ബലാക്ഷിന്‍ ജയിച്ചത്‌ ഭാഗ്യത്തിന്റെ അകമ്പടിയിലായിരുന്നു. ഇത്തവണ ഞാന്‍ വിട്ടുകൊടുക്കില്ല. അഖില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചിട്ടുണ്ട്‌. റഷ്യക്കാരനെ തോല്‍പ്പിക്കാനുളള വഴികള്‍ അഖിലിനോട്‌ ആരായുമെന്നും ജിതേന്ദര്‍ പറഞ്ഞു.
പുരുഷന്മാരുടെ ടെന്നിസ്‌ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ ലിയാന്‍ഡര്‍ പെയ്‌സും മഹേഷ്‌ ഭൂപതിയും വലിയ പോരാട്ടം കാഴ്‌ച്ചവെക്കാതെ സ്വിറ്റ്‌സര്‍ലാന്‍ഡുകാരായ റോജര്‍ ഫെഡ്‌റര്‍, വര്‍ണ്ണഗ ജോഡിക്ക്‌ മുന്നില്‍ പരാജിതരായി. വ്യാഴാഴ്‌ച്ച നടക്കേണ്ട മല്‍സരം മഴ കാരണം വെള്ളിയാഴ്‌ച്ചയിലേക്ക്‌ മാറ്റിയതായിരുന്നു. വ്യാഴാഴ്‌ച്ച കളി അല്‍പ്പം നടന്നപ്പോള്‍ സ്വിസ്‌ ജോഡി 4-1 ന്‌ മുന്നിട്ട്‌ നില്‍ക്കവെയാണ്‌ മഴ എത്തിയത്‌. വെള്ളിയാഴ്‌ച്ച ഈ സ്‌ക്കോറില്‍ കളി തുടര്‍ന്നപ്പോള്‍ ആദ്യ സെറ്റ്‌ സ്വിസ്‌ ടീം എളുപ്പം നേടി. രണ്ടാം സെറ്റില്‍ ഇന്ത്യന്‍ ടീം പൊരുതിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിന്റെ അനുഭവസമ്പത്തിന്‌ മുന്നില്‍ പതറി.
ട്രാക്കില്‍ പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ ഇന്ത്യ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഹെപ്‌ടാത്ത്‌ലണില്‍ മല്‍സരിച്ച ജെ.ജെ ശോഭ, സുസ്‌മിത, പ്രമീള എന്നിവര്‍ ആദ്യ ഇനം മുതല്‍ മുടന്തുകയായിരുന്നു. വെള്ളിയാഴ്‌ച്ച നാലിനങ്ങളാണ്‌ നടന്നത്‌. ഇതില്‍ നാലിലും വളരെ പിറകിലായി ഇന്ത്യക്കാര്‍. ഇന്നലെയും ദയനീയത പ്രകട
മായി.
ട്രാക്കില്‍ വനിതകളുടെ 10,000 മീറ്ററില്‍ മല്‍സരിച്ച പ്രീജ ശ്രീധരനും വേദനാജനകമായ കാഴ്‌ച്ചയായിരുന്നു. പങ്കെടുത്ത 29 പേരില്‍ 25-ാം സ്ഥാനമാണ്‌ കേരളാ താരത്തിന്‌ ലഭിച്ചത്‌. ഈ ഇനത്തില്‍ എത്യോപ്യയുടെ ദിബാബ 29: 54.66 സെക്കന്‍ഡിന്റെ ഒളിംപിക്‌ റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ പ്രീജ 32: 34.64 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. എത്യോപ്യന്‍ താരം സ്വര്‍ണ്ണം സ്വന്തമാക്കുമ്പോള്‍ പ്രീജ രണ്ട്‌ ലാപ്പ്‌ പിറകിലായിരുന്നു.
വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യന്‍ പ്രതിനിധിയായ മന്‍ദിപ്‌ കൗര്‍ പഴ്‌സണല്‍ ബെസ്റ്റിന്റെ അരികില്‍ പോലുമെത്തിയില്ല. കഴിഞ്ഞ ജൂണില്‍ മധുരയില്‍ നടന്ന മുപ്പത്തിയെട്ടാമത്‌ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 51.74 സെക്കന്‍ഡ്‌ കുറിച്ച മന്ദീപ്‌ ഇവിടെ യോഗ്യതാ റൗണ്ടില്‍ 52.8 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. രണ്ടാം ഹീറ്റ്‌സില്‍ ഏഴാമതായാണ്‌ മന്ദീപ്‌ ഓടിയെത്തിയത്‌. മൊത്തം ഏഴ്‌ ഹീറ്റ്‌സുകളുണ്ടായിരുന്നു. ഓരോ ഹീറ്റ്‌സില്‍ നിന്നും ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍ നേടുന്നവരെയാണ്‌ സെമിയിലേക്ക്‌ തെരഞ്ഞെടുത്തിരുന്നത്‌. ഇവരെ കൂടാതെ ഏറ്റവും മികച്ച സമയം കുറിച്ച മറ്റ്‌ മൂന്ന്‌ പേരെയും പരിഗണിക്കും. എന്നാല്‍ ഇതിലൊന്നും മന്ദീപിന്റെ സമയം പരിഗണിക്കപ്പെട്ടില്ല.
പുരുഷന്മാരുടെ ഡിസ്‌ക്കസ്‌ ത്രോയില്‍ വികാസ്‌ ഗൗഡിന്‌ ഫൈനല്‍ ബെര്‍ത്ത്‌ പോലും ലഭിച്ചില്ല. ഹെപ്‌ടാത്തലണില്‍ മൂന്ന്‌ പേരായിരുന്നു ഇന്ത്യക്കായി മല്‍സരിക്കാനുണ്ടായിരുന്നത്‌. ഇതില്‍ അവസാനത്തിലേക്ക്‌ യോഗ്യത നേടിയത്‌ ജെ.ജെ ശോഭ മാത്രം. ഗ്രൂപ്പ്‌ ബി യില്‍ ജാവലിന്‍ ത്രോ മല്‍സരങ്ങള്‍ സമാപിച്ചപ്പോള്‍ ശോഭ പതിനാലാമതാണ്‌. ഇത്‌ വരെയുള്ള സമ്പാദ്യം 735. ഈ ഗ്രൂപ്പില്‍ 900 പോയന്റുമായി പോളണ്ടിന്റെ ഷൂഡിയസ്‌ കാമിലയാണ്‌ ഒന്നാമത്‌.

No comments: