അര്‍ബുദം തോറ്റു, എതിരാളികളും
നീന്തല്‍കുളത്തില്‍ വിസ്‌മയമായി ഡച്ചുകാരന്‍ മാര്‍ട്ടിന്‍ വാന്‍ഡര്‍ മിജ്‌ദാന് പത്ത് കലോമീറ്റര്‍ നീന്തലില്‍ സ്വര്‍ണ്ണം. രണ്ട് മണിക്കൂര്‍ ദീര്‍ഘിച്ച മല്‍സരത്തില്‍ വാന്‍ഡര്‍ പരാജയപ്പെടുത്തിയത് ലോക ചാമ്പ്യനെയും ഒളിംപിക് ചാമ്പ്യനെയും..
ബെയ്‌ജിംഗ്: മൈക്കല്‍ ഫെലിപ്‌സ് എന്ന അമേരിക്കന്‍ നീന്തല്‍ ഇതിഹാസത്തിന്റെ പെരുമകള്‍ വാഴ്‌ത്തുന്നവര്‍ക്ക് മുന്നിലിതാ ഒരു ഡച്ച് നീന്തല്‍ വിസ്‌മയം. പേര് മാര്‍ട്ടിന്‍ വാന്‍ഡര്‍ മിജ്‌ദാന്‍. ഇന്നലെ നടന്ന പത്ത് കിലോമീറ്റര്‍ നീന്തല്‍ മാരത്തോണില്‍ മാര്‍ട്ടിന്‍ സ്വര്‍ണ്ണം സ്വന്തമാക്കിയതല്ല വാര്‍ത്ത. രക്താര്‍ബുദ ബാധിതനായി മരണത്തോട് മല്ലടിച്ച് ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു വന്ന താരമായ മാര്‍ട്ടിന്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറോളമാണ് നീന്തിയതും സ്വര്‍ണ്ണം സ്വന്തമാക്കിയതും. വലിയ രോഗത്തിന് അടിമയായി മരണത്തെ മുഖാമുഖം കണ്ട മാര്‍ട്ടിന് തന്റെ ഒളിംപിക് നേട്ടത്തില്‍ വിശ്വസിക്കാനാവുന്നില്ല. തളരാത്ത മനസ്സും കരുത്തുറ്റ ശരീരവുമായി പത്ത് കീലോമീറ്ററോളം അദ്ദേഹം തുടര്‍ച്ചയായി നീന്തി. ഒരു മണിക്കൂറും 51 മിനുട്ടും 51.6 സെക്കന്‍ഡുമാണ് അദ്ദേഹത്തിന്റെ സമയം.
വളരെ ശക്തമായിരുന്നു മല്‍സരം. ഒളിംപിക് ചാമ്പ്യനായ ബ്രിട്ടീഷ് താരം ഡേവിഡ് ഡേവിസ്, മൂന്ന് തവണ ഈ ഇനത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ റഷ്യയുടെ വളാഡിമിര്‍ ഡാറ്റ്‌ച്ചിന്‍ എന്നിവര്‍ക്കായിരുന്നു സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. മല്‍സരത്തിന്റെ തുടക്കം മുതല്‍ ഡേവിഡ് ഡേവിസായിരുന്നു മുന്നില്‍. പക്ഷേ അവസാന 100 മീറ്ററില്‍ മാര്‍ട്ടിന്‍ കുതിച്ചുകയറി. ലോക ചാമ്പ്യനായ റഷ്യന്‍താരമാവട്ടെ അവസാന റൗണ്ടില്‍ അയോഗ്യനാക്കപ്പെടുകയും ചെയ്‌തു.
അവസാന സമയത്ത് സ്വര്‍ണ്ണം നീന്തിയെടുത്ത മാര്‍ട്ടിന്‍ സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞാണ് കളം വിട്ടത്. എല്ലാവരും റഷ്യന്‍ താരത്തിന് വേണ്ടിയാണ് കരാഘോഷം മുഴക്കിയത്. അത്രമാത്രം മുന്‍പന്തിയിലായിരുന്നു നിലവിലെ ചാമ്പ്യന്‍. പക്ഷേ മാര്‍ട്ടിന്‍ സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് പൊരുതിക്കയറി.
2001 ലാണ് മാര്‍ട്ടിന്‍ അര്‍ബുദബാധിതനായത്. ഏഴാം വയസ്സ് മുതല്‍ നീന്തല്‍കുളത്തിലുളള മാര്‍ട്ടിന്‍ കരിയറിന്റെ തുടക്കത്തില്‍ ഹോളണ്ട് ദര്‍ശിച്ച ഏറ്റവും മികച്ച സ്വിമ്മര്‍ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. 1999 ല്‍ നടന്ന യൂറോപ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 2000 ത്തില്‍ നടന്ന ഓപ്പണ്‍ വാട്ടര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു. നേട്ടങ്ങളുമായി മുന്നേറവെയാണ് രോഗം തന്നെ കീഴടക്കിയ കാര്യം അദ്ദേഹമറിയുന്നത്. തുടര്‍ച്ചയായ ചികില്‍സയില്‍ പതുക്കെ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തിയ താരം 2003 ലും 2004 ലും ഓപ്പണ്‍ വാട്ടര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. രോഗത്തിന് മുമ്പ് കുറിച്ച സമയത്തെക്കാള്‍ മെച്ചപ്പെട്ട സമയവുമായി ആരോഗ്യത്തിലേക്ക് താന്‍ സമ്പൂര്‍ണ്ണനായി തിരിച്ചുവരുകയാണെന്ന് പ്രഖ്യാപിച്ച മാര്‍ട്ടിന്‍ ഈ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 25 കീലോമീറ്റര്‍ നീന്തലില്‍ സ്വര്‍ണ്ണവും 5 കിലോമീറ്റര്‍ നീന്തലില്‍ വെങ്കലവും നേടിയിരുന്നു.
അര്‍ബുദമാണ് തന്നെ യഥാര്‍ത്ഥ താരമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കാര്യങ്ങളും ഒന്നിന് പിറകെ ഒന്നായി വളരെ ക്ഷമയോടെയാണ് ഞാന്‍ ചെയ്യാറുള്ളത്. അസുഖബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോള്‍ ഒരിക്കലും നിങ്ങള്‍ക്ക് അടുത്ത മാസത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. അടുത്ത മണിക്കൂറിനെ കുറിച്ച് മാത്രമാണ് ചിന്തിക്കാനാവുക. ഈ തത്വമാണ് മല്‍സരക്കളത്തിലും ഞാന്‍ അനുവര്‍ത്തിച്ചത്. ക്ഷമയോടെ കാത്തുനില്‍ക്കുക, എന്റെ അവസരം വരുമ്പോള്‍ അത് മുതലാക്കുക-വിജയരഹസ്യത്തെക്കുറിച്ച് മാര്‍ട്ടിന്‍ പറഞ്ഞു.
തന്റെ വിജയം ക്യാന്‍സര്‍ ഗവേഷണത്തിനായി സാമ്പത്തിക സഹായം നല്‍കിയവര്‍ക്കായി അദ്ദേഹം സമര്‍പ്പിച്ചു. ഏഴര വര്‍ഷം മുമ്പ് ഞാന്‍ അര്‍ബുദവുമായി മല്ലടിക്കുകയായിരുന്നു. വിദഗ്‌ദ്ധ ചികില്‍സയിലാണ് രക്ഷപ്പെട്ടത്. ക്യാന്‍സറിനെ അതിജയിക്കാന്‍ നടത്തിയ ഗവേഷണങ്ങളും മരുന്നുകളുമാണ് എന്നെ സഹായിച്ചത്-അദ്ദേഹം പറഞ്ഞു.
സ്‌പ്രിന്റില്‍ ജമൈക്കന്‍ ആധിപത്യം പൂര്‍ണ്ണം
വനിതകളുടെ 200 മീറ്ററില്‍ ജമൈക്കന്‍ താരം വെറോണിക്ക കാംപലിന് സ്വര്‍ണ്ണം. പുരുഷന്മാരുടെ സ്‌പ്രിന്റ്‌് ഇനങ്ങളില്‍ ജമൈക്കന്‍ സൂപ്പര്‍താരം ഉസൈന്‍ ബോള്‍ട്ട് ഡബിള്‍ സ്വന്തമാക്കിയതിന് പിറകെ വനിതകളുടെ 100 മീറ്ററില്‍ ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍ സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ പുരുഷ വനിതാ സ്‌പ്രിന്റ് ഇനങ്ങളില്‍ ജമൈക്കന്‍ ആധിപത്യം പൂര്‍ണ്ണമായി. ഇനി സ്‌പ്രിന്റ് റിലേ മാത്രം.
ബെയ്‌ജിംഗ്: അമേരിക്കക്ക് മുഖത്തടി.... ഒളിംപിക്‌സ് ട്രാക്കിനങ്ങളിലെ ഏറ്റവും ജനപ്രിയ ഇനങ്ങളായ സ്‌പ്രിന്റ് മല്‍സരങ്ങളില്‍ (100, 200 മീറ്ററുകള്‍) ഒരു സ്വര്‍ണ്ണം പോലും സ്വന്തമാക്കാന്‍ അമേരിക്കക്ക് കഴിഞ്ഞില്ല. എല്ലാ സ്വര്‍ണ്ണങ്ങളും ജമൈക്ക വാരിക്കൂട്ടി. പുരുഷന്മാരുടെ സ്‌പ്രിന്റ് റിലേയില്‍ അമേരിക്കന്‍ ടീം ബാറ്റണ്‍ കൈമാറ്റത്തില്‍ പിഴവും വരുത്തിയതോടെ യു.എസ് ദുരന്തം പൂര്‍ണ്ണമായി.
വനിതാ വിഭാഗം 200 മീറ്റര്‍ ഫൈല്‍ ഇന്നലെ നടന്നപ്പോള്‍ ജമൈക്കന്‍ സൂപ്പര്‍താരം വെറോണിക കാംബല്‍ പ്രതീക്ഷകള്‍ കാത്ത് സ്വര്‍ണ്ണം സ്വന്തമാക്കിയതോടെയാണ് ജമൈക്കന്‍ സ്‌പ്രിന്റര്‍മാര്‍ക്ക് എതിരാളികളില്ല എന്ന് വ്യക്തമായത്. 21.74 സെക്കന്‍ഡില്‍ തന്റെ ഏറ്റവും മികച്ച സമയവുമായാണ് വെറോണിക്ക സ്വര്‍ണ്ണം കരസ്ഥമാക്കിയത്. രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ അമേരിക്കയുടെ അലിസണ്‍ എലിക്‌സ് വെളളി നേടിയപ്പോള്‍ ജമൈക്കയുടെ കെറോണ്‍ സ്‌റ്റീവാര്‍ട്ട് വെങ്കലം സ്വന്തമാക്കി.
പുരുഷ വിഭാഗത്തില്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് സ്‌പ്രിന്റ് ഡബിള്‍ സ്വന്തമാക്കിയിരുന്നു. 100, 200 മീറ്ററുകളില്‍ ലോക റെക്കോര്‍ഡുമായാണ് ബോള്‍ട്ട് ഈ ഒളിംപിക്‌സിന്റെ താരമായി മാറിയത്. ബോള്‍ട്ട് നല്‍കിയ തുടക്കമാണ് ജമൈക്കന്‍ വനിതാ താരങ്ങളും ആഘോഷമാക്കിയത്.
സ്‌പ്രിന്റ് റിലേയിലെ സ്വര്‍ണ്ണമാണ് ഇനി ജമൈക്കന്‍ നോട്ടം. ഉസൈന്‍ ബോള്‍ട്ടും അസാഫ പവലും പുരുഷ വിഭാഗത്തിലും വെറോണിക്കയും ഷെല്ലി ആന്‍ഫ്രേസറും വനിതാ വിഭാഗത്തിലും മല്‍സരിക്കുമ്പോള്‍ റിലേ നേട്ടങ്ങള്‍ക്ക് പ്രയാസമുണ്ടാവില്ല.
വനിതാ ബീച്ച് വോളിയില്‍ ചൈനക്ക് വെങ്കലം
ബെയ്‌ജിംഗ്: ഒളിംപിക്‌സ് വനിതാ ബീച്ച് വോളിയില്‍ ഇതാദ്യമായി ആതിഥേയരായ ചൈനക്ക് മെഡല്‍. ഇന്നലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ ബ്രസില്‍ ടീമിനെ തോല്‍പ്പിച്ചാണ് ചൈന തകര്‍പ്പന്‍ നേട്ടം ആഘോഷിച്ചത്. ഏതന്‍സ് ഒളിംപിക്‌സില്‍ നേടാനായ ഒമ്പതാം സ്ഥാനമാണ് ഇത് വരെ ബീച്ച് വോളിയില്‍ ചൈനയുടെ വലിയ നേട്ടം. ഷാംഗ് ജീ, സൂ ചെന്‍ ടീമാണ് ചൈനക്കായി മെഡല്‍ നേടിയത്. സ്‌ക്കോര്‍ 21-19, 21-17
സാനിയ പിന്മാറി
ഹൈദരാബാദ്: ഒളിംപിക്‌സിനിടെ കൈക്കുഴക്കേറ്റ പരുക്ക് ഭേദമാവാത്തതിനാല്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ യു.എസ് ഓപ്പണ്‍ ടെന്നിസില്‍ നിന്നും പിന്മാറി. ബെയ്‌ജിംഗ് ഒളിംപിക്‌സില്‍ വനിതാ സിംഗിള്‍സിനിടെ പരുക്കേറ്റ സാനിയ മല്‍സരം പൂര്‍ത്തിയാക്കിയിരുന്നില്ല.
വിജേന്ദര്‍ ഇന്ന്
സ്വര്‍ണ്ണം അരികെ
ഒരു ഒളിംപിക്‌സില്‍ രണ്ട് വ്യക്തിഗത സ്വര്‍ണ്ണങ്ങള്‍-ഈ ചരിത്ര നേട്ടത്തിന്‌് അരികിലാണിപ്പോള്‍ ഇന്ത്യ. ഇന്ന് ബോക്‌സിംഗ് റിംഗില്‍ വിജേന്ദര്‍ കുമാര്‍ ക്യൂബന്‍ പ്രതിയോഗിയെ എതിരിടുമ്പോള്‍ വിജയിച്ചാല്‍ സ്വര്‍ണ്ണവും വിജേന്ദറും തമ്മിലുളള ദൂരം ഒരു മല്‍സരമായി കുറയും.
ബെയ്‌ജിംഗ്: ഇന്ന് ഉച്ചക്ക് 12-45. വിജേന്ദര്‍ റിംഗില്‍ സെമിഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുന്ന സമയം. പ്രതിയോഗി ക്യൂബയില്‍ നിന്നുള്ള എമിലിയോ കോലോറോ. 75 കിലോഗ്രാം വിഭാഗത്തിലെ ഈ അങ്കത്തില്‍ വിജേന്ദര്‍ ജയിച്ചാല്‍ ഇന്ത്യക്ക് അത് സുവര്‍ണ്ണ നേട്ടത്തിലേക്കുളള പാതയൊരുക്കും. ഇന്ന് പരാജയപ്പെട്ടാല്‍ വിജേന്ദറിന് വെങ്കലം ഉറപ്പാണ്. അതിനാല്‍ തന്നെ സമ്മര്‍ദ്ദമില്ലാതെ ഹരിയാനയിലെ ഭീവണ്ടിക്കാരന് മല്‍സരിക്കാം. സമര്‍ദ്ദം ഇല്ലാതില്ല എന്നാണ് ഇന്നലെ വിജേന്ദര്‍ പറഞ്ഞത്. ഇക്വഡോറുകാരനായ പ്രതിയോഗിയെ പരാജയപ്പെടുത്തിയ അതേ എളുപ്പത്തില്‍ ക്യൂബന്‍ പ്രതിയോഗിയെ വീഴ്‌ത്താന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നില്ല. ക്യൂബക്ക് ലോക ബോക്‌സിംഗില്‍ വലിയ പേരുണ്ട്. ആര്‍ക്ക് മുന്നിലും പരാജയപ്പെടാത്ത ബോക്‌സര്‍മാരാണ് ക്യബന്‍ കരുത്ത്. എന്നാല്‍ സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് മല്‍സരിക്കുമെന്ന് വിജേന്ദറിന്റെ കോച്ച് സന്ധു വ്യക്തമാക്കിയിട്ടുണ്ട്.
ബെയ്‌ജിംഗില്‍ ഇത് വരെ വിജയം മാത്രമാണ് വിജേന്ദറിന്റെ വഴി. കൂട്ടുകാരായ ജിതേന്ദറും അഖില്‍ കുമാറും ക്വാര്‍ട്ടറില്‍ നിരാശപ്പെടുത്തിയപ്പോള്‍ അത് കാര്യമാക്കാതെ ഡിഫന്‍സും ഒഫന്‍സും സമന്വയിപ്പിച്ചുളള ബോക്‌സിംഗില്‍ എതിരാളികളെ വീഴ്‌ത്താന്‍ വിജേന്ദറിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് തവണ പാന്‍ അമേരിക്കന്‍ കിരീടം സ്വന്തമാക്കിയ ക്യൂബന്‍ എതിരാളിയെ ഭയമില്ലെന്ന് വിജേന്ദര്‍ വ്യക്തമാക്കി. സ്വര്‍ണ്ണം തന്നെയാണ് എന്റെ ലക്ഷ്യം. ഒളിംപിക്‌സില്‍ തന്നെ കണ്ടില്ലേ-എത്രയോ ചാമ്പ്യന്മാര്‍ പുറത്തായി. ഇന്ന് സമ്മര്‍ദ്ദമില്ല. എനിക്ക് മെഡലുണ്ട്. അത് സ്വര്‍ണ്ണമാവണം-വിജേന്ദര്‍ പറഞ്ഞു. ക്യൂബന്‍ താരത്തെക്കാള്‍ ഉയരം വിജേന്ദറിനാണ്. സമീപകാല പ്രകടനത്തിലും ഇന്ത്യന്‍ താരം തന്നെ മുന്നില്‍. വേണ്ടത് ഭാഗ്യമാണ്.
ഇന്ന് ഇന്ത്യന്‍ വനിതാ റിലേ ടീം 4-400 മീറ്ററില്‍ മല്‍സരിക്കുന്നുണ്ട്. മലയാളിയായ ചിത്ര കെ സോമനും സിനി ജോസുമെല്ലാം ഉള്‍പ്പെടുന്ന ടീമിന് മെഡല്‍ പ്രതീക്ഷയില്ല. ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കുകയാണ് കാര്യമായ നോട്ടം. ഇന്നലെ ഗുസ്‌തിയില്‍ ഇന്ത്യയുടെ താരമായിരുന്ന രാജീവ് തോമാര്‍ അമേരിക്കന്‍ എതിരാളിക്ക് മുന്നില്‍ മുട്ടുമടക്കി. സുശീല്‍ കുമാര്‍ നേടിയ മെഡലിന്റെ ആവേശത്തില്‍ രാജീവ് അവസരം ഉപയോഗപ്പെടുത്തിയില്ല.
ലിയു സിയാംഗ് എത്തിയില്ല
ബെയ്‌ജിംഗ്: ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയുടെ അത്‌ലറ്റ്‌സ് കമ്മീഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചൈനീസ് സൂപ്പര്‍താരം ലിയു സിയാംഗ് ഇന്നലെ നടന്ന കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ സംബന്ധിച്ചില്ല. രണ്ട് ദിവസം മുമ്പ് കിളിക്കൂട്ടില്‍ ചൈനക്കാരെ ദു:ഖത്തിലാഴ്‌ത്തി 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിന്ന് പരുക്കുമായി പിന്മാറിയ താരത്തിനായി ആരാധകരും സംഘാടകരും കാത്തുവെങ്കിലും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്‌തില്ല. കമ്മീഷനിലെ പുതിയ അംഗങ്ങളായ റഷ്യന്‍ നീന്തല്‍ ഇതിഹാസം അലക്‌സാണ്ടര്‍ പോപ്പോവ്, കൊറിയന്‍ ടായിക് വോണ്ടോ താരം മൂണ്‍ ഡാ സംഗ്, ജര്‍മന്‍ ഫെന്‍സിംഗ് താരം ക്ലോഡിയ ബോക്കല്‍ , ക്യൂബന്‍ വോളിബോള്‍ താരം യുമില്‍ക്ക റൂയിസ് ലൗസസ് എന്നിവരെല്ലാം യോഗത്തിന് എത്തിയിരുന്നു.
ടൈസണ്‍ ഗേ ബാറ്റണ്‍ നിലത്തിട്ടു
റിലേയില്‍ അമേരിക്കക്ക് അയോഗ്യത
ബെയ്‌ജിംഗ്: കിളിക്കൂട്ടിലെ ട്രാക്കില്‍ അമേരിക്കന്‍ ദുരന്തം തുടരുന്നു. സ്‌പ്രിന്റ് ഇനങ്ങളില്‍ ജമൈക്കയുടെ സമ്പൂര്‍ണ്ണ ആധിപത്യത്തിന് മുന്നില്‍ മുട്ടുമടക്കിയ അമേരിക്കക്ക് ഇന്നലെ പുരുഷന്മാരുടെ സ്‌പ്രിന്റ്‌് റിലേയില്‍ കനത്ത ആഘാതമേറ്റു. സൂപ്പര്‍താരം ടൈസണ്‍ ഗേ ബാറ്റണ്‍ നിലത്തതിട്ടപ്പോള്‍ റിലേയില്‍ ഹീറ്റ്‌സില്‍ തന്നെ അമേരിക്ക പുറത്തായി. വനിതാ വിഭാഗത്തിലും സ്‌പ്രിന്റ് റിലേയില്‍ അമേരിക്ക പുറത്തായിട്ടുണ്ട്.
100 മീറ്ററില്‍ അമേരിക്കയുടെ വലിയ പ്രതീക്ഷയായിരുന്നു ടൈസണ്‍ ഗേ. എന്നാല്‍ സെമിഫൈനലില്‍ അദ്ദേഹം പുറത്തായിരുന്നു. ആ നഷ്‌ടം നികത്താനുള്ള അവസരമാണ് ഗേ പാഴാക്കിയത്. മൂന്നാം ലാപ്പില്‍ ഓടിയ അദ്ദേഹം ബാറ്റണ്‍ കൈമാറവെ പിഴവ് വരുത്തുകയായിരുന്നു. ട്രിനിഡാഡ് ടുബാഗോ, ജമൈക്ക, ജപ്പാന്‍, കാനഡ, ഹോളണ്ട്, ജര്‍മനി, ബ്രസീല്‍, ചൈന എന്നിവരാണ് റിലേ ഫൈനലിന് യോഗ്യത നേടിയത്.
പുരുഷന്മാരുടെ 400 മീറ്ററില്‍ അമേരിക്കന്‍താരം ലി ഷോണ്‍ മെറിറ്റിനാണ് സ്വര്‍ണ്ണം. 43.75 സെക്കന്‍ഡിലാണ് അദ്ദേഹം ഫിനിഷ് ചെയ്‌തത്.
No comments:
Post a Comment