Saturday, August 16, 2008
KAMALS DRIVE_OUR PREEJA, THEIR DEBABA
എത്യോപ്യയുടെ ദീര്‍ഘദൂര ഓട്ടക്കാരി തിരുനേഷ് ദിബാബ വനിതകളുടെ 10,000 മീറ്ററിലും ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനലിലും ഫിനിഷ് ചെയ്‌തത് കാണേണ്ട കാഴ്‌ച്ചയായിരുന്നു. ഒരു സ്‌പ്രിന്ററുടെ കരുത്തിലാണ് 10,000 മീറ്ററിന്റെ അവസാന ലാപ്പില്‍ ആഫ്രിക്കന്‍ താരം കുതിച്ചുകയറിയത്. പുതിയ ഒളിംപിക് സമയത്തില്‍ 29 മിനുട്ടും 54.66 സെക്കന്‍ഡില്‍ ആ താരം ഫിനിഷ് ചെയത് സ്വന്തം ദേശീയ പതാകയുമായി സ്റ്റേഡിയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുമ്പോള്‍ നമ്മുടെ പ്രീജ ശ്രീധരന്‍ ഓട്ടം തുടരുകയായിരുന്നു. എത്യോപ്യന്‍ താരം മല്‍സരം പൂര്‍ത്തിയാക്കുമ്പോള്‍ രണ്ട് ലാപ്പ് പിറകിലായിരുന്നു പ്രീജ. 32 മിനുട്ടും 34.64 സെക്കന്‍ഡുമെടുത്താണ് പ്രീജ ഓട്ടം പൂര്‍ത്തിയാക്കിയത്. മല്‍സരത്തില്‍ പങ്കെടുത്ത 29 പേരില്‍ ഇരുപത്തിയഞ്ചാം സ്ഥാനം. പ്രീജക്ക് പിറകില്‍ അമേരിക്കയുടെ ബെഗ് ലി യോഡറും, മെക്‌സി്‌ക്കോയുടെ മരിയ റോഡ്രിഗസും ചൈനയുടെ ഡോംഗ് സിയജിനും സ്‌പെയിനിന്റെ ഇസബെല ചെക്കുമുണ്ടായിരുന്നുവെന്നതില്‍ ആശ്വസിക്കാം. നമ്മുടെ കൊച്ചുതാരം ഒളിംപിക്‌സ് വരെയെത്തിയല്ലോ.... നാല് പേരെയെങ്കിലും തോല്‍പ്പിച്ചല്ലോ...!
1982ല്‍ ജനിച്ച പ്രീജയുടെ ഉയരം 152 സെ.മിറ്ററാണ്. ഭാരം 47 കിലോ ഗ്രാമും. പ്രീജയുടെ ഇത് വരെയുളള മികച്ച സമയം കഴിഞ്ഞ വര്‍ഷം അമ്മാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കുറിച്ച 36 മിനുട്ടും 04.54 സെക്കന്‍ഡുമായിരുന്നു. രാജ്യാന്തര രംഗത്ത് വലിയ അനുഭവ സമ്പത്തില്ലെങ്കിലും ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെ വന്‍കരാ ചാമ്പ്യ്യന്‍ഷിപ്പുകളില്‍ പ്രീജ സ്വന്തം കരുത്ത് തെളിയിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന ആദ്യ ഒളിംപിക്‌സില്‍, അതും ആഫ്രിക്കന്‍-യൂറോപ്യന്‍ എതിരാളികള്‍ക്ക് നടുവില്‍ നിന്ന് ഇരുപത്തിയഞ്ചാം സ്ഥാനം നേടാനായത് വലിയ അംഗീകാരമാണ്.
ദിബാബ ഈ രംഗത്തെ കുലപതിയാണ്. ഉയരം 162 സെ.മിറ്റര്‍. ഭാരം പ്രീജയെ പോലെ 48 കിലോഗ്രാം. ഒളിംപിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പുകളിലും ഗോള്‍ഡന്‍ ലീഗുകളിലും സൂപ്പര്‍ ഗ്രാന്‍ഡ്‌പ്രീകളിലും ഗ്രാന്‍ഡ് പ്രീകളിലും ലോക ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിലുമെല്ലാം പങ്കെടുത്ത് അനുഭവസമ്പത്തുളള താരമാണ് ദി്‌ബാബ. എവിടെ എങ്ങനെ മല്‍സരിക്കണമെന്ന് പാവം ആഫ്രിക്കന്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരത്തിനറിയാം. എത്യോപ്യന്‍ ആസ്ഥാനമായ ആദിസ് അബാബയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് ബാബ വരുന്നത്. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കുട്ടിക്കാലത്തിന് ശേഷം ഓട്ടക്കാരിയുടെ കുപ്പായമിടുമ്പോള്‍ കൈവശമുണ്ടയിരുന്നത് ആത്മവിശ്വാസം എന്ന ആയുധം മാത്രം. സ്വന്തം രാജ്യത്തെ കായിക ഭരണാധികാരികള്‍ ദിബാബയെ എല്ലാ മീറ്റുകള്‍ക്കും പറഞ്ഞയച്ചു. ഒന്നിലും നിരാപ്പെടുത്തിയില്ല ദിബാബ. നാല് വര്‍ഷം മുമ്പ് ഏതന്‍സില്‍ 5000 മീറ്ററിനുണ്ടായിരുന്നു എത്യോപ്യന്‍ താരം. 2003 ല്‍ പാരീസിലും 2005 ല്‍ ഹെല്‍സിങ്കിയിലും 2007 ല്‍ ഒസാക്കയിലും നടന്ന ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മികവ്.
തുര്‍ക്കിയില്‍ നിന്നുള്ള ഇവാന്‍ അബിലസിക്കായിരുന്നു 10,000 മീറ്ററിലെ വെള്ളി. ഈ താരത്തിന്റെ മുഖത്ത് പ്രകടമായത് ദൈന്യതയായിരുന്നു. പക്ഷേ ഉറച്ച വിശ്വാസത്തില്‍ അവസാനത്തിന് തൊട്ട് മുമ്പുളള ലാപ്പ് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ഒളിംപിക്‌സും ലോക ചാമ്പ്യന്‍ഷിപ്പും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളും നല്‍കിയ കരുത്തിലായിരുന്നു ഇവാനും.
ഈ മല്‍സരം ഇന്ത്യക്ക് നല്‍കുന്നത് ശക്തമായ നിര്‍ദ്ദേശമാണ്-സ്വന്തം താരങ്ങള്‍ക്ക് കൂടുതല്‍ രാജ്യാന്തര അനുഭവസമ്പത്ത് നല്‍കുക. പ്രീജയുടെ ഓട്ടവും എതിരാളികളുടെ പ്രകടനവും കണ്ടാല്‍ പോരായ്‌മ പകല്‍ പോലെ വ്യക്തമാവും. വലിയ മല്‍സരങ്ങളില്‍ എങ്ങനെ ഓടണമെന്ന് പ്രീജക്ക് അറിയില്ല. ഇടുക്കിയിലെ രാജക്കാട് സ്വദേശിനിയായ പ്രീജക്ക് ബെയ്‌ജിംഗ് അല്‍ഭുത കാഴ്‌ച്ചയായിരുന്നു. ദാരിദ്ര്യത്തിന്റെ മടിത്തട്ടില്‍ നിന്നും തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സെന്റര്‍ കോച്ചായ രാജേന്ദ്രനിലൂടെ കായികരംഗത്ത്‌് വന്ന പ്രീജക്ക് നിശ്ചയദാര്‍ഡ്യമുണ്ട്. ദോഹ ഏഷ്യന്‍ ഗെയിംസില്‍ 5000, 10,000 മീറ്ററുകളില്‍ മല്‍സരിച്ച പ്രീജ അഞ്ചാമതായിരുന്നു. അല്‍പ്പം കഴിഞ്ഞ് അമ്മാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു. പങ്കെടുത്ത മിക്ക ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും മെഡല്‍ സ്വന്തമാക്കിയ റെയില്‍വേ താരത്തിന് ലോകോത്തര വേദിയില്‍ പിടി ലഭിക്കാന്‍ ഒളിംപിക്‌സ് പോലെ വലിയ മല്‍സരവേദികള്‍ വേണം. പക്ഷേ പ്രീജക്ക് പ്രായമിപ്പോള്‍ 27. 2010 ല്‍ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വരെയാണ് പ്രീജ രാജ്യാന്തര കരിയര്‍ പ്ലാന്‍ ചെയ്‌തിരിക്കന്നത്.
പ്രതിഭകളെ ചെറിയ പ്രായത്തില്‍ തന്നെ കണ്ടെത്തി അവര്‍ക്ക് ഉന്നത പരിശീലനം നല്‍കിയാല്‍ ലോക വേദിയില്‍ ഉയരത്തിലെത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കമാവുമെന്ന് പി.ടി ഉഷയും അഭിനവ് ബിന്ദ്രയുമെല്ലാം തെളിയിച്ചിട്ടുണ്ട്. ആ വഴിക്ക് നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു........
്‌അവസാനിപ്പിക്കുന്നതിന് മുമ്പ് ഉസൈന്‍ ബോള്‍ട്ടിനെക്കുറിച്ച് പറയാതെ വയ്യ... എന്തൊരു പ്രകടനമായിരുന്നു അത്. ഒളിംപിക്‌സില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണം. ഇങ്ങനെ വലിയ ഒരു മല്‍
സരത്തില്‍ ഗംഭീര പ്രകടനം. ഉസൈന്‍ അമേരിക്കക്കാരനോ ബ്രിട്ടീഷുകാരനോ ജര്‍മന്‍കാരനോ അല്ല-കറുത്തവരുടെ ജമൈക്കയില്‍ നിന്നാണ്. കൊച്ചുരാജ്യത്തിന്റെ വലിയ പുത്രന്‍. മാസ്‌മരിക പ്രകടനത്തില്‍ ലോകത്തെ തന്നെയാണ് ഉസൈന്‍ വിറപ്പിച്ചത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment