Saturday, August 23, 2008

KAMAL DRIVE, BALE BHARATH



ആയുര്‍വേദത്തിന്റെ ചൈനീസ്‌ കരുത്ത്‌
ചൈനീസ്‌ പത്രമായ ലിബറേഷന്‍ ഡെയ്‌ലിയില്‍ ഇന്നലെ ലിയു സിയാംഗ്‌ എന്ന സൂപ്പര്‍ താരത്തിന്റെ കോളമുണ്ടായിരുന്നു. സിയാംഗിനെ ലോകം മറന്നാലും ചൈന മറക്കില്ല. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ നടന്ന ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ താരം. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ സ്വന്തം നാട്ടുകാരെ സാക്ഷിയാക്കി സ്വര്‍ണ്ണനേട്ടം ആവര്‍ത്തിക്കാന്‍ കൊതിച്ച്‌ പരുക്കില്‍ തളര്‍ന്ന സിയാംഗ്‌ ഇപ്പോള്‍ ചികില്‍സയിലാണ്‌. സ്വന്തം നാട്ടിലെ ആയുര്‍വേദത്തിലാണ്‌ സിയാംഗിന്‌ വിശ്വാസം. ലോകത്തിലെ ഏത്‌ വലിയ ആതുരാലയത്തിലും അദ്ദേഹത്തിന്‌ ചികില്‍സ തേടാം. പക്ഷേ ചൈനീസ്‌ ആയുര്‍വേദത്തിലും ആയുര്‍വേദത്തിലൂടെ ഒരുക്കുന്ന സ്‌പോര്‍ട്‌സ്‌ മെഡിസിനുകളിലുമാണ്‌ അദ്ദേഹത്തിന്റെ വിശ്വാസം.
സ്വന്തം രാജ്യത്തെ ആയുര്‍വേദ മരുന്നുകളില്‍ സിയാംഗ്‌ വിശ്വസിക്കുമ്പോള്‍ അത്‌ പാഠമാക്കാന്‍ നമ്മുടെ താരങ്ങളും മുന്നോട്ട്‌ വരേണ്ടിയിരിക്കുന്നു. ആയുര്‍വേദത്തിന്റെ ആസ്ഥാനമാണ്‌ ഇന്ത്യ. ഇന്ത്യയില്‍ നിന്നുളള ആയുര്‍വേദ മരുന്നുകള്‍ക്ക്‌ വിദേശങ്ങളല്‍ നല്ല വിപണിയുണ്ട്‌. എന്നാല്‍ നമ്മുടെ കായികലോകത്തിന്‌ ആയുര്‍വേദത്തിനോട്‌ മതിപ്പ്‌ കുറവാണ്‌. അവര്‍ വിദേശമരുന്നുകളുടെ വക്താക്കളാവുന്നു.
ഉത്തേജക മരുന്നിന്‌ പല ഇന്ത്യന്‍ താരങ്ങളും പിടിക്കപ്പെടുമ്പോള്‍ അതില്‍ പ്രധാന വില്ലന്‍ വിദേശ മരുന്നുകളും ചികല്‍സാ രീതികളും തന്നെയാണ്‌. ബൂസാന്‍ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ദീര്‍ഘദൂര ഇനങ്ങളില്‍ സ്വര്‍ണ്ണം നേടിയ ശേഷം ഡോപ്പിംഗ്‌ ടെസ്റ്റില്‍ പിടിക്കപ്പെട്ട്‌ മെഡല്‍ തിരിച്ചുനല്‍കേണ്ടി വന്ന ഇന്ത്യന്‍ താരം സുനിതാ റാണി പറഞ്ഞത്‌ ഒരു വിദേശ ഇഞ്ചക്ഷനാണ്‌ വിനയായതെന്നാണ്‌. വിദേശ പരിശീലകരെ നാം നിയോഗിക്കുമ്പോള്‍ അവര്‍ അവര്‍ക്ക്‌ പരിചിതമായ വിദേശ മരുന്നുകള്‍ നല്‍കുന്നു.
ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക്‌ ഏറ്റവും നല്ല ചികില്‍സാ വഴി ആയുര്‍വേദമാണ്‌. അത്‌ തിരിച്ചറിയാന്‍ ചൈനീസ്‌ താരം സ്വന്തം രാജ്യത്തെ മരുന്നുകളോട്‌ പ്രകടിപ്പിക്കുന്ന താല്‍പ്പര്യമെങ്കിലും മനസ്സിലാക്കണം.
അഞ്‌ജു ബോബി ജോര്‍ജ്ജിന്‌ വനിതകളുടെ ലോംഗ്‌ ജംമ്പില്‍ ഒരു നല്ല ചാട്ടം പോലും നടത്താന്‍ കഴിയാതിരുന്നത്‌ പരുക്ക്‌ കൊണ്ടാണെന്നാണ്‌ അവര്‍ പറഞ്ഞത്‌. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും അതാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. പരുക്കുളള ഒരു താരം എന്തിന്‌ ലോക വേദിയില്‍ വേദനയോടെ മല്‍സരിക്കാനെത്തി എന്ന ചോദ്യത്തിന്‌ അഞ്‌ജുവിനും പരിശീലകര്‍ക്കും ഉത്തരമില്ല. വേദനയുണ്ടായിട്ടും ഒരു ഫൗള്‍ ചാട്ടം എങ്ങനെ നടത്താനായി എന്ന ചോദ്യവും ഉത്തരമില്ലാതെ നില്‍ക്കുന്നു. ഒന്നോ രണ്ടോ വിദേശ മല്‍സരങ്ങളില്‍ തിളങ്ങാന്‍ കഴിയുമ്പോള്‍ നമ്മുടെ താരങ്ങളെല്ലാം വന്ന വഴികള്‍ മറക്കുന്നു. ആയുര്‍വേദമെന്നാല്‍ അവര്‍ക്ക്‌ താല്‍പ്പര്യമേയില്ല. എണ്ണയും കുഴമ്പും അതിന്റെ മണവും സഹിക്കാനാവില്ല എന്ന്‌ തുറന്ന്‌ പറഞ്ഞിരുന്നു ഒരു സൂപ്പര്‍ താരം. കാലിലെ ചെറിയ വേദനക്ക്‌ അപ്പോളോ ആശുപത്രിയെ ശരണം പ്രാപിച്ചാല്‍ മാത്രമാണ്‌ താരങ്ങള്‍ക്ക്‌ മനശാന്തി വരുകയുള്ളു എന്നതാണ്‌ അവസ്ഥ.
ലിയു സിയാംഗ്‌ കിളിക്കൂട്ടിലെ നിരാശക്ക്‌ ശേഷം ആയുര്‍വേദത്തിന്റെ മടിത്തട്ടിലേക്കാണ്‌ പോയത്‌. അദ്ദേഹത്തിന്‌ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്‌. അടുത്ത ലോക ചാമ്പ്യന്‍ഷിപ്പിലും 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിലും സ്വര്‍ണ്ണം നേടണം.
ഒളിംപിക്‌സ്‌ കഴിഞ്ഞ്‌ ലോകം ബെയ്‌ജിംഗിനോട്‌ വിടപറയുമ്പോള്‍ എല്ലാവരും ആ നാടിനെ പ്രകീര്‍ത്തിക്കുന്നു. ചൈനയിലെ കായിക സമ്പ്രദായത്തെയും പരിശീലന മുറകെളെയും ചികില്‍സാ രീതികളെയും മനസ്സിലാക്കുന്നു. ആയിരകണക്കിന്‌ സ്‌പോര്‍ട്‌സ്‌ സ്‌്‌ക്കൂളുകള്‍ ചൈനയിലുണ്ട്‌. ഓരോ കായിക ഇനത്തിനും അടിസ്ഥാന സൗകര്യങ്ങളോട്‌ കൂടി പരിശീലക കേന്ദ്രങ്ങളും മൈതാനങ്ങളും ആ നാട്ടിലുണ്ട്‌. സ്‌പോര്‍ട്‌സ്‌ അക്കാദമികളുടെ എണ്ണം അമ്പതിനായിരത്തോളമാണ്‌. എല്ലാ അക്കാദമികളിലും ഉന്നത പരിശീലനം നേടിയ പരിശീലകര്‍. താരങ്ങളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്കൊപ്പം ജാഗ്രത പാലിക്കുന്ന പരിശീലകര്‍ തന്നെയാണ്‌ ചികില്‍സയും മരുന്നുകളുമെല്ലാം നല്‍കുന്നത്‌. വിദേശ മരുന്നുകളെ ചൈന ആശ്രയിക്കുന്നില്ല. വിദേശ പരിശീലകര്‍ പക്ഷേയുണ്ട്‌. കേരളത്തില്‍ നിന്നും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധികളായി ചിര്‍ ബെയ്‌ജിംഗില്‍ പോയിരുന്നു. അവര്‍ ഇതെല്ലാം കണ്ടിട്ടൂണ്ടാവുമോ എന്തോ...! ലഭ്യമായ വിവരമനുസരിച്ച്‌ അവരിപ്പോള്‍ സിംഗപ്പൂരില്‍ ഷോപ്പിംഗിലാണ്‌. ചൈനയിലെ കായിക സമ്പ്രദായങ്ങളെല്ലാം പഠിച്ച്‌ ക്ഷീണിതരായിട്ടുണ്ടാവും. ഇനി നാട്ടിലെത്തിയാല്‍ ഗീര്‍വാണമായിരിക്കും. അതാക്കും, ഇതാക്കുമെന്നെല്ലാം പറയുമ്പോള്‍ നമ്മള്‍ അതെല്ലാം കേള്‍ക്കേണ്ടി വരും.
എന്തായാലും ഒരു കാര്യം സത്യമാണ്‌. ചൈനയും ജമൈക്കയുമെല്ലാം നിറഞ്ഞ ഈ ഒളിംപിക്‌സ്‌ ഇന്ത്യക്കും ശുഭപ്രതീക്ഷയാണ്‌ നല്‍കുന്നത്‌. ഇതാദ്യമായി മൂന്ന്‌ വ്യക്തിഗത മെഡലുകള്‍. അഭിനവ്‌ ബിന്ദ്രക്കും സുശീല്‍ കുമാറിനും വിജേന്ദര്‍ കുമാറിനും നന്ദി. ഇവര്‍ മാത്രമായിരുന്നില്ല ശോഭിച്ചത്‌. വനിതകളുടെ ബാഡ്‌മിന്റണില്‍ സൈന നെഹ്‌വാള്‍. ബോക്‌സിംഗില്‍ അഖില്‍ കുമാറും ജിതേന്ദറും. സമ്മര്‍ദ്ദമായിരുന്നു ഇവരെയെല്ലാം ചതിച്ചത്‌. സൈന ഭാവിയുടെ വാഗ്‌ദാനമാണ്‌. ആ കുട്ടിക്ക്‌ വേണ്ടത്‌ കൂടുതല്‍ മല്‍സര പരിചയസമ്പത്താണ്‌. രാജ്യാന്തര തലത്തില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാനായാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ബാഡ്‌മിന്റണിന്‌ കരുത്തായി സൈനക്ക്‌ മാറാന്‍ കഴിയും. ടെന്നിസില്‍ സാനിയ മിര്‍സക്ക്‌്‌ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞത്‌ രാജ്യാന്തര സര്‍ക്ക്യൂട്ടില്‍ ലഭിച്ച മല്‍സരാവസരങ്ങളായിരുന്നു. അത്‌ പോലെ സൈനക്കും വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ കഴിയണം. വിജേന്ദറിന്റെയും ജിതേന്ദറിന്റെയും അഖിലിന്റെയും കാര്യത്തിലും മല്‍സരങ്ങളാണ്‌ അത്യാവശ്യം. ഇന്ത്യയില്‍ ബോക്‌സിംഗ്‌ വേരുകളില്ലാത്ത ഗെയിമായി മാറിയിട്ടുണ്ട്‌. ഇവിടെ ലഭിക്കുന്ന ദേശീയ ചാമ്പ്യന്‍പ്പട്ടം വലിയ വാര്‍ത്തയല്ല. വിജേന്ദര്‍ ക്യൂബന്‍ താരത്തിന്‌ മുന്നില്‍ പതറിയത്‌ വലിയ മല്‍സരങ്ങളിലെ അനുഭവസമ്പത്തില്ലായ്‌മ കൊണ്ടാണ്‌.
രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോറിനെയും അഞ്‌ജു ബോബി ജോര്‍ജ്ജിനെയും ലിയാന്‍ഡര്‍ പെയ്‌സിനെയും സാനിയ മിര്‍സയെയും മഹേഷ്‌ ഭൂപതിയെയും മാന്‍ഷേര്‍ സിംഗിനെയും ഗഗന്‍ നരാഗിനെയുമെല്ലാം തല്‍ക്കാലം മറക്കാം. ജമൈക്ക എന്ന കരീബിയന്‍ രാജ്യത്തെയും ഉസൈന്‍ ബോള്‍ട്ട്‌ എന്ന അതിവേഗക്കാരനെയും മാതൃകയാക്കാം. ഇല്ലായ്‌മയില്‍ നിന്നാണ്‌ അവരെല്ലാം വ്‌ന്നത്‌. അസാധ്യമായി ഒന്നുമില്ല-ബലേ ഭാരത്‌...!

No comments: