Tuesday, August 5, 2008

OLY_OFFICE BEARERS

1927-ഈ വര്‍ഷത്തിന്‌ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പ്രാധാന്യമുണ്ട്‌. സര്‍ ദോറാബ്‌ജി ടാറ്റ പ്രസിഡണ്ടായി ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ (ഐ.ഒ.എ) എന്ന സംഘടന രൂപവല്‍കൃതമായത്‌ 27 ലാണ്‌. അതിവിശാലമായ ഭരണഘടനയും കായിക വികസനമെന്ന പ്രഖ്യാപിത അജണ്ടയിലൂന്നിയ പ്രവര്‍ത്തന കലണ്ടറുമെല്ലാമായി ഇന്ത്യക്ക്‌ ലോക കായിക ഭൂപഠത്തില്‍ സ്ഥാനം നല്‍കിയേ അടങ്ങുവെന്ന വാശിയിലാണ്‌ 1927 മുതല്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നത്‌. ദോറാബ്‌ജി ടാറ്റയുടെ സ്ഥാനത്ത്‌ ഇന്ന്‌ സുരേഷ്‌ കല്‍മാഡിയാണ്‌. രാജ്യത്തെ വിവിധ കായിക ഫെഡറേഷനുകളെ നയിക്കാനും ഒളിംപിക്‌സ്‌, ഏഷ്യന്‍ ഗെയിംസ്‌, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ തുടങ്ങിയ ബഹുരാജ്യ മേളകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനുമെല്ലാം നിയോഗിക്കപ്പട്ട ഐ.ഒ.എ പ്രതിനിധാന കാര്യത്തില്‍ പിറകില്ലല്ല.
1928 മുതല്‍ ഇങ്ങോട്ടുളള ഒളിംപിക്‌സുകളെടുത്താല്‍ പ്രാതിനിധ്യത്തില്‍ ഐ.ഒ.എ പ്രകടിപ്പിക്കുന്ന പാടവം അതിശയാവഹമാണ്‌. താരങ്ങളെ പങ്കെടുപ്പിച്ച്‌ ഇന്ത്യന്‍ കായികരംഗത്തിന്റെ വികസനമാണ്‌ ഇവര്‍ ലക്ഷ്യമിടുന്നതെന്ന്‌ നിങ്ങള്‍ ധരിച്ചെങ്കില്‍ സോറീ....
ഒളിംപിക്‌സുകളിലും ഏഷ്യന്‍ ഗെയിംസുകളിലും കോമണ്‍വെല്‍ത്ത്‌ ഗെയിംസുകളിലും സാഫ്‌ ഗെയിംസുകളിലുമെല്ലാം പ്രാതിനിധ്യ ജനാധിപത്യത്തിന്റെ മഹത്‌ മാതൃകയാവുന്നത്‌ നമ്മുടെ ഐ.ഒ.എ ക്ക്‌ കീഴിലുള്ള വിവിധ ഫെഡറേഷനുകളാണ്‌.
കാക്കത്തൊള്ളായിരം ഫെഡറേഷനുകള്‍ നമ്മുടെ നാട്ടിലുണ്ട്‌. അമ്പെയ്‌ത്തുകാര്‍ക്കായി ആര്‍ച്ചറി അസോസിയേഷന്‍, അത്‌ലറ്റിക്‌സിനായി അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, ബാസ്‌ക്കറ്റ്‌ ബോളിനായി ബാസ്‌ക്കറ്റ്‌ ബോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, ബാഡ്‌മിന്റണിനായി ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ, ബില്ല്യാര്‍ഡ്‌സിനും സ്‌നൂക്കറിനുമായി ബില്ല്യാര്‍ഡ്‌സ്‌ ആന്‍ഡ്‌ സ്‌നൂക്കര്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, ബൗളിംഗിനായി ബൗളിംഗ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, ബോക്‌സിംഗിനായി ബോക്‌സിംഗ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, സൈക്‌ളിംഗിനായി സൈക്‌്‌ളിംഗ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, ഇക്വസ്‌റ്റേറിയനായി ഇക്വസ്റ്റേറിയന്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, ഫെന്‍സിംഗിനായി ഫെന്‍സിംഗ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, ജിംനാസ്റ്റിക്‌സിനായി ജിംനാസ്റ്റിക്‌സ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, ഹാന്‍ഡ്‌ബോളിനായി ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ, ഹോക്കിക്കായി ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ (തല്‍ക്കാലം ഈ വിഴുപ്പ്‌ മറ്റൊരു ചുമലിലാണ്‌), വനിതാ ഹോക്കിക്കായി ഇന്ത്യന്‍ വുമന്‍സ്‌ ഹോക്കി ഫെഡറേഷന്‍, ജൂഡോക്കായി ജൂഡോ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, കബഡിക്കായി അമേച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, കയാക്കിംഗ്‌ കനോയിംഗിനായി കയാക്കിംഗ്‌ കനോയിംഗ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ, ഖൊഖൊക്കായി ഖൊഖൊ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, നെറ്റ്‌ ബോളിനായി നെറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, റോവിംഗിനായി റോവിംഗ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, ഷൂട്ടിംഗിനായി നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍, സ്‌ക്വാഷിനായി സ്‌ക്വാഷ്‌ അസോസിയേഷന്‍, നീന്തലിനായി സ്വിമ്മിംഗ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, ടേബിള്‍ ടെന്നിസിനായി ടേബിള്‍ ടെന്നിസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, തായിക്‌ വോണ്ടോക്കായി തായിക്‌ വോണ്ടോ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, ടെന്നിസിനായി ആള്‍ ഇന്ത്യ ടെന്നിസ്‌ അസോസിയേഷന്‍, ട്രയാത്ത്‌ലണിനായി ഇന്ത്യന്‍ ട്രയാത്ത്‌ലണ്‍ ഫെഡറേഷന്‍, വോളിബോളിനായി വോളിബോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, വെയ്‌റ്റ്‌ലിംഫ്‌ടിംഗിനായി ഇന്ത്യന്‍ വെയ്‌റ്റ്‌്‌ലിഫ്‌ടിംഗ്‌ ഫെഡറേഷന്‍ (ഈ മാറാപ്പ്‌ ഏതന്‍സ്‌ ഒളിംപിക്‌സോടെ ഇല്ലാതായിരുന്നു. വീണ്ടും ഭാരമായിട്ടുണ്ട്‌്‌), വിന്റര്‍ ഗെയിംസിനായി വിന്റര്‍ ഗെയിംസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, റസ്‌ലിംഗിനായി റസ്‌ലിംഗ്‌ ഫെറേഷന്‍ ഓഫ്‌ ഇന്ത്യ, വുഷുവിനായി വുഷു അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ, യാട്ടിംഗിനായി യാട്ടിംഗ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ. .. അങ്ങനെ എണ്ണിയാല്‍ തീരാത്ത സംഘടനകള്‍.
ഈ സംഘടനകളെ ഭരിക്കുന്ന പുലികളെല്ലാം ബെയ്‌ജിംഗിലേക്ക്‌ പോവുന്നുണ്ട്‌. രാജ്യത്തിനായി മല്‍സരിക്കന്‍ നാല്‍പ്പത്‌ പേരാണ്‌ ബെയ്‌ജിംഗില്‍ എത്തിയിരിക്കുന്നത്‌. 15 പരിശീലകരും. പക്ഷേ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക സംഘത്തില്‍ 90 പേര്‍ വെറെയുണ്ട്‌. അവരാണ്‌ ഇവര്‍-അതായത്‌ ഫെഡറേഷന്‍ ഭാരവാഹികളും അവരുടെ ശിങ്കിടികളും. ഐ.ഒ.എ യുടെ ബാനറില്‍ 90 പേരാണ്‌ ഇന്ത്യന്‍ പ്രതിനിധികളായി ചൈന കാണാന്‍ പോവുന്നത്‌. ( സാനിയ മിര്‍സയുടെ മാതാവ്‌ നസീമയും ഹോക്കി പഠിക്കാന്‍ പോവുന്ന നാല്‌ കോച്ചസും ഉള്‍പ്പെടെ) ഇവരില്‍ 90 തികഞ്ഞവര്‍ വരെയുണ്ട്‌. സര്‍ക്കാര്‍ ചെലവിലാണ്‌ ഇവരുടെ യാത്രയും താമസവുമെല്ലാം. കായിക താരങ്ങള്‍ക്ക്‌ ഗെയിംസ്‌ വില്ലേജില്‍ സംഘാടകരുടെ സൗകര്യമുണ്ട്‌. അതിഥികള്‍ക്ക്‌ സൗജന്യ താമസവും ഭക്ഷണവുമില്ല. എല്ലാം അതത്‌ ഒളിംപിക്‌ അസോസിയേഷന്‍ വഹിക്കണം.
അല്‍പ്പ ദിവസം താമസിക്കാനും നാട്‌ കാണാനും ആറ്‌ ലക്ഷം രൂപയെങ്കിലും ഒരാള്‍ക്ക്‌്‌ വേണം. 90 നെ 6 കൊണ്ട്‌ ഗുണിച്ചാല്‍ ലഭിക്കുന്ന ലക്ഷതുകയില്‍ നമ്മുടെ സംഘാടക പ്രബുദ്ധികള്‍ വിലസും. ഇതിനെ ഒരു രാഷ്ട്രീയക്കാരനും ചോദ്യം ചെയ്യാനില്ല. പാര്‍ലമെന്റില്‍ കോടികളുടെ നോട്ടുകെട്ടുകള്‍ അംഗങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ബഹളത്തിന്റെ വെടിക്കെട്ട്‌ പൊട്ടിക്കാന്‍ മല്‍സരിച്ച രാഷ്‌ട്രീയക്കാരെ ഇവിടെ കാണുന്നില്ല. സ്‌പോര്‍ട്‌സില്‍ രാഷ്‌ട്രീയമില്ലല്ലോ... അതിനാല്‍ നമ്മുടെ രാഷ്‌ട്രീയക്കര്‍ സ്‌പോര്‍ടസ്‌ ഖജനാവിനെ വീതം വെക്കുകയാണ്‌. സുരേഷ്‌ കല്‍മാഡി എന്ന കോണ്‍ഗ്രസ്സുകാരന്‍ കോടികള്‍ പുട്ടട്ടിക്കുമ്പോള്‍ അരുണ്‍ ജെയ്‌റ്റ്‌ലി എന്ന ബി.ജെ.പിക്കാരന്‌ തെല്ലും വിരോധമില്ല......
നമ്മുടെ കൊച്ചു കേരളത്തിലും കണ്ടില്ലേ... മഹാനായ കായിക മന്ത്രി സാക്ഷാല്‍ എം.വിജയകുമാറും സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ ആരാധ്യനായ പ്രസിഡണ്ട്‌ ടി.പി ദാസനും ഉള്‍പ്പെടെ കൂറെ കായികപണ്ഡിതരാണ്‌ പാവപ്പെട്ട വി.എസ്‌. അച്യുതാനന്ദന്റെ നാട്ടില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി ചൈന കാണാന്‍ പുറപ്പെടുന്നത്‌. കായികകേരളം എല്ലാ തലത്തിലും വട്ടപൂജ്യമാണ്‌. സ്‌പോര്‍ട്‌്‌സ്‌ ക്വാട്ടയില്‍ ഒരു പ്ലസ്‌ വണ്‍ സീറ്റ്‌ ലഭിക്കാന്‍ നമ്മുടെ ഛോട്ടാ സ്‌പോര്‍സ്‌ സംഘാടകര്‍ അയ്യായിരവും പതിനായിരവും ഈടാക്കുന്നതിനെ കുറ്റം പറയാനാവില്ല. യഥാ ഗുരോ തഥാ പ്രജാ എന്നാണല്ലോ... ബഡാ നേതാക്കള്‍ ചൈനയിലേക്ക്‌ പോയി പലതും പഠിച്ച്‌ വരട്ടെ.... അങ്ങനെ ഇവിടവും ചൈനയാവുല്ലോ... സ്‌പോര്‍്‌ട്‌്‌സ്‌ കൗണ്‍സില്‍ തലവന്‍ പറയുന്നത്‌ ഔദ്യോഗികമായി മൂന്ന്‌ പേരാണ്‌ സംസ്ഥാനത്ത്‌ നിന്ന്‌ ചൈനയിലേക്ക്‌ പോവുന്നത്‌ എന്നാണ്‌. ബാക്കിയാളുകള്‍ അതത്‌ അസോസിയേഷനുകളെ പ്രതിനിധീകരിക്കുന്നവരാണത്രെ.. അസോസിയേഷനുകള്‍ക്ക്‌ എവിടെ നിന്നാണ്‌ പണം..? താരങ്ങള്‍ക്ക്‌ പരിശീലനത്തിനും സഹായത്തിനുമായി നല്‍കുന്ന ഫണ്ടും ഗ്രാന്‍ഡുമാണ്‌ അസോസിയേഷനുകളുടെ മുതലിരിപ്പ്‌. ഇതാണ്‌ അസോസിയേഷന്‍ നേതാക്കള്‍ യാത്രക്കായി എടുക്കുന്നത്‌. അഞ്ച്‌ കേരളാ താരങ്ങളാണ്‌ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്‌. ഇവരെ കാണാന്‍ പത്ത്‌ പേര്‍... കായിക കേരളം, സുന്ദര കേരളം.

No comments: