Thursday, April 23, 2009

RED JOURNEY

അതിവേഗം ബഹുദൂരം
ലണ്ടന്‍: ഒന്നാം സ്ഥാനത്തിരിക്കാന്‍ ലിവര്‍പൂളിന്‌ മണിക്കൂറുകളുടെ ആയുസ്‌ മാത്രമാണുണ്ടായിരുന്നത്‌. പോര്‍ട്‌സ്‌മൗത്തിനെ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ വീണ്ടും തലപ്പത്തെത്തി. അതേ സമയം മൂന്നാം സ്ഥാനത്തുളള ചെല്‍സി എവര്‍ട്ടണുമായുളള മല്‍സരത്തില്‍ ഗോളില്ലാ സമനില വഴങ്ങി ആഴ്‌സനലിന്‌ പ്രതീക്ഷയേകി.
74 പോയന്റുമായി തൊട്ടരികിലെ എതിരാളിയായ ലിവര്‍പൂളിനേക്കാള്‍ വ്യക്തമായ മൂന്ന്‌ പോയന്റ്‌ ലീഡിലാണിപ്പോള്‍ മാഞ്ചസ്‌റ്റര്‍. ഇത്‌ കൂടാതെ ഒരു മല്‍സരം കുറവാണ്‌ കളിച്ചതും. എവര്‍ട്ടണെതിരായ എഫ്‌.എ കപ്പ്‌ സെമി ഫൈനലില്‍ പുറത്തിരുന്ന വെയിന്‍ റൂണിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും കളത്തിലിറങ്ങിയപ്പോള്‍ ആകെ മാറിയ റെഡ്‌സ്‌ എതിരാളികള്‍ക്ക്‌ അവസരങ്ങള്‍ നല്‍കാതെയാണ്‌ പോയന്റുകള്‍ സ്വന്തമാക്കിയത്‌. ക്ലബിന്‌ വേണ്ടി അറൂന്നൂറാമത്‌ മല്‍സരം കളിച്ച പോള്‍ ഷോള്‍സ്‌ മുതല്‍ എല്ലാവരും ഒന്നിനൊന്ന്‌ മെച്ചപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ അട്ടിമറി മോഹങ്ങളുമായി വന്ന പോര്‍ട്‌സ്‌മൗത്തിന്‌ തലതാഴ്‌ത്തേണ്ടി വന്നു. റൂണി, മൈക്കല്‍ കാരിക്‌ എന്നിവരാണ്‌ റെഡ്‌സിന്റെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌.
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്‌ ഇനി ആറും ലിവര്‍പൂളിന്‌ അഞ്ച്‌ മല്‍സരങ്ങളും കളിക്കാനുണ്ട്‌. നിലവിലുളള ഫോമില്‍ മാഞ്ചസ്‌റ്റര്‍ കുതിക്കുമ്പോള്‍ അവരുടെ തോല്‍വികള്‍ മാത്രമാണ്‌ ലിവര്‍പൂളിന്റെ പ്രതീക്ഷകള്‍. കഴിഞ്ഞ ദിവസം ആഴ്‌സനലിനെതിരെ നടന്ന മല്‍സരത്തില്‍ 4-4 സമനില വഴങ്ങിയ റാഫേല്‍ ബെനിറ്റസിന്റെ സംഘം ഇന്നലെ മാഞ്ചസ്റ്ററിന്റെ തോല്‍വിക്കായാണ്‌ കാത്തിരുന്നത്‌. ആഴ്‌സനലുമായി സമനില പിരിഞ്ഞതിനെ തുടര്‍ന്ന്‌ ടേബിളില്‍ മാഞ്ചസ്റ്ററിനെ മറികടക്കാന്‍ അവര്‍ക്കായിരുന്നു.
എഫ്‌. എ കപ്പ്‌ സെമിയില്‍ എവര്‍ട്ടണെ അനായാസം തോല്‍പ്പിക്കാമെന്ന്‌ കരുതിയാണ്‌ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ റൂണിക്കും റൊണാള്‍ഡോക്കും വിശ്രമം നല്‍കിയത്‌. എന്നാല്‍ ആ നീക്കം ബാക്‌ഫയര്‍ ചെയ്‌തതിന്‌ പിറകെയാണ്‌ പ്രീമിയര്‍ ലീഗ്‌ കിരീടം എന്ന ലക്ഷ്യത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഫെര്‍ഗ്ഗി സൂപ്പര്‍ താരങ്ങളെയെല്ലാം രംഗത്തിറക്കിയത്‌. മല്‍സരത്തിന്റെ ഒമ്പതാം മിനുട്ടിലായിരുന്നു റൂണി ഗോള്‍. റ്യാന്‍ ഗിഗ്‌സാണ്‌ ഗോള്‍ നീക്കത്തിന്‌ തുടക്കമിട്ടത്‌. ആന്‍ഡേഴ്‌്‌സണില്‍ നിന്നും പന്ത്‌ ലഭിച്ച ഗിഗ്‌സ്‌ അല്‍പ്പദൂരം പന്തുമായി മുന്നേറി പെനാല്‍ട്ടി ബോക്‌സിനരികിലെത്തിയപ്പോള്‍ സമാന്തരമായി നീങ്ങിയ റൂണിക്ക്‌ പന്ത്‌ കൈമാറി. ഇംഗ്ലീഷ്‌ മുന്‍നിരക്കാരന്‌ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. ഇടവേളക്ക്‌ മുമ്പ്‌ ലിഡ്‌ ഉയര്‍ത്താന്‍ ജോണ്‍ സിയക്കും ഗിഗ്‌സിനും അവസരം ലഭിച്ചിരുന്നു പക്ഷേ വലയിലേക്ക്‌ പന്തിനെ ആനയിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. ഒരു ഗോളിന്റെ ലീഡ്‌ സേഫ്‌ അല്ലെന്ന്‌ മനസ്സിലാക്കിയാണ്‌ ഫെര്‍ഗൂസണ്‍ രണ്ടാം പകുതിയില്‍ ടീമിനെ ഇറക്കിയത്‌. അതിന്റെ ഫലവും കണ്ടു. മധ്യനിരയിലെ കുന്തമുനയായ പോള്‍ ഷൂള്‍സിന്റെ പാസില്‍ നിന്നും കാരിക്‌ ലക്ഷ്യം കണ്ടു.
എവര്‍ട്ടണെതിരായ മല്‍സരത്തില്‍ ചെല്‍സി സമനിലയില്‍ തളക്കപ്പെട്ടതും ഒരര്‍ത്ഥത്തില്‍ മാഞ്ചസ്റ്ററിന്‌ തുണയായി. ലിവര്‍പൂളില്‍ നിന്നും ചെല്‍സിയില്‍ നിന്നുമാണ്‌ മാഞ്ചസ്റ്റര്‍ വെല്ലുവിളി പ്രതീക്ഷിക്കുന്നത്‌. രണ്ട്‌ ടീമുകളും ഏതാണ്ട്‌ ഒപ്പത്തിനൊപ്പം നീങ്ങുമ്പോള്‍ യുനൈറ്റഡിന്‌ സംഭവിക്കുന്ന ഏത്‌ പിഴവും അവര്‍ ഉപയോഗപ്പെടുത്തും. ലിവര്‍പൂളും അവസാന മല്‍സരത്തില്‍ സമനില വഴങ്ങിയ സാഹചര്യത്തില്‍ തങ്ങള്‍ക്ക്‌ മുന്നോട്ടുളള പാത എളുപ്പമാവുകയാണെന്നാണ്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ പറയുന്നത്‌.
സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ നടന്ന മല്‍സരത്തില്‍ ഭാഗ്യത്തിനാണ്‌ ചെല്‍സി മുഖം രക്ഷിച്ചത്‌. ലീഗില്‍ ആറാം സ്ഥാനത്തുളള എവര്‍ട്ടണ്‍ രണ്ട്‌ തവണ ഗോളിന്‌ അരികിലെത്തിയിരുന്നു. രണ്ട്‌ തവണയും ബ്രസീലുകാരനായ മുന്‍നിരക്കാരന്‍ ജോക്ക്‌ പിഴക്കുകയായിരുന്നു. അടുത്ത മാസം എഫ്‌. എ കപ്പ്‌്‌ ഫൈനലില്‍ ഏറ്റുമുട്ടേണ്ട ടീമുകള്‍ തമ്മിലുള്ള ബലാബലത്തില്‍ നേരിയ മുന്‍ത്തൂക്കം എവര്‍ട്ടണായിരുന്നു.
റെഡ്‌സിന്‌ ആഘാതം
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ പോരാട്ടത്തില്‍ ഇന്നലെ പോര്‍ട്‌സ്‌മൗത്തിനെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ അടുത്ത ദിവസങ്ങളിലേക്ക്‌ രണ്ട്‌ പ്രബല താരങ്ങളുടെ സേവനമുണ്ടാവില്ല. ഗാരി നെവില്‍, ജോണ്‍ ഒ സിയ എന്നിവരാണ്‌ പരുക്ക്‌ മൂലം പുറത്തായത്‌. ഇവര്‍ക്ക്‌ ആഴ്‌ച്ചകളോളം കളിക്കാന്‍ കഴിയില്ല എന്നാണ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ പിറകിലാക്കുന്നതില്‍ റെഡ്‌സ്‌ വിജയിച്ചിട്ടുണ്ട്‌. പക്ഷേ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക മല്‍സരങ്ങള്‍ കളിക്കാനുളളതിനാല്‍ പരിചയസമ്പന്നരായ താരങ്ങളുടെ അഭാവം ടീമിന്‌ ക്ഷീണമാവും.

ദില്‍ഷആനും പിന്നെ ഡി വില്ലിയേഴ്‌സും
ഡര്‍ബന്‍: ആവേശം വാനോളമുയര്‍ന്ന തട്ടുതകര്‍പ്പന്‍ പോരാട്ടത്തില്‍ വിരേന്ദര്‍ സേവാഗ്‌ മഹേന്ദ്രസിംഗ്‌ ധോണിയെ വീഴ്‌ത്തി. ഒമ്പത്‌ റണ്‍സിന്റെ ഉജ്വല വിജയവുമായി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ പോയന്റ്‌ ടേബിളില്‍ ഒന്നാമത്‌ വന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത ഡല്‍ഹി എബി ഡിവില്ലിയേഴ്‌സിന്റെ സെഞ്ച്വറിയിലും തിലകരത്‌നെ ദില്‍ഷാന്റെ വെടിക്കെട്ടിലും 189 റണ്‍സ്‌ നേടിയപ്പോള്‍ ചുട്ട മറുപടി നല്‍കിയ ചെന്നൈക്ക്‌ അവസാനത്തില്‍ പിഴച്ചു. മാത്യൂ ഹെയ്‌ഡനും സുരേഷ്‌ റൈനയും നല്‍കിയ കരുത്തില്‍ ചെന്നൈ വിജയിക്കുമെന്നാണ്‌ തോന്നിയത്‌. അവസാനത്തില്‍ മൂന്ന്‌ റണ്ണൗട്ടുകള്‍ ടീമിന്റെ വിധിയെഴുതി. 180 റണ്‍സിന്‌ എല്ലാവരും പുറത്തായപ്പോള്‍ പ്രദീപ്‌ സാംഗ്‌വാന്‍ ഡല്‍ഹി ബൗളര്‍മാരില്‍ മൂന്ന്‌ വിക്കറ്റുമായി കരുത്ത്‌ കാട്ടി.
ചെന്നൈ ബൗളര്‍മാര്‍ ഭയപ്പെട്ടത്‌ വിരേന്ദര്‍ സേവാഗിനെയും ഗൗതം ഗാംഭീറിനെയുമായിരുന്നു. നായകന്‍ എം.എസ്‌ ധോണി മല്‍സരത്തിന്‌ മുമ്പ്‌ തന്റെ ബൗളര്‍മാരായ എല്‍.ബാലാജിയോടും ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിനോടുമെല്ലാം പറഞ്ഞത്‌ സേവാഗിന്റെ കൈകള്‍ സ്വതന്ത്രമാക്കാന്‍ അനുവദിക്കരുതെന്നായിരുന്നു. ഗാംഭീറിനെ നിലയുറപ്പിക്കാന്‍ അനുവദിച്ചാല്‍ അത്‌ അപകടമാവുമെന്നും ധോണി ഉപദേശിച്ചപ്പോള്‍ ബൗളര്‍മാര്‍ നായകന്റെ വാക്കുകളെ പ്രാവര്‍ത്തികമാക്കി. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ഗാംഭീര്‍ പുറത്ത്‌. ക്രിസ്‌ വിട്ട്‌ ബാലാജിയെ പ്രഹരിക്കാന്‍ ഇറങ്ങിയ ഓപ്പണറുടെ ഗ്ലൗസില്‍ തട്ടിയ പന്ത്‌ ധോണിയുടെ കരങ്ങളില്‍. അടുത്ത ഓവറില്‍ സേവാഗും പുറത്ത്‌...! മല്‍സരം രണ്ട്‌ ഓവര്‍ പിന്നിടും മുമ്പ്‌ തന്നെ രണ്ട്‌ കൊല കൊമ്പന്മാരെയും പുറത്താക്കാന്‍ കഴിഞ്ഞതിലെ സന്തോഷത്തില്‍ ആഘോഷം നടത്താന്‍ പക്ഷേ ചെന്നൈക്കാരെ ഡല്‍ഹിയുടെ എബി ഡിവില്ലിയേഴ്‌സും തിലകരത്‌നെ ദില്‍ഷാനും അനുവദിച്ചില്ല.
ആദ്യ മല്‍സരത്തില്‍ ബാറ്റിംഗിന്‌ അവസരം ലഭിക്കാതിരുന്ന ദില്‍ഷാനും ഡി വില്ലിയേഴ്‌സും ഒത്തുചേര്‍ന്നപ്പോള്‍ ധോണിക്ക്‌ തലയില്‍ കൈ വെക്കാന്‍ മാത്രമായിരുന്നു സമയം. സേവാഗും ഗാംഭീറും തീര്‍ന്നല്ലോ എന്ന ആശ്വാസത്തില്‍ അല്‍പ്പം അലസമായി പന്തെറിഞ്ഞ ബാലാജിക്കും ഗോണിക്കും പണി നല്‍കിയാണ്‌ ദില്‍ഷാന്‍ തുടങ്ങിയത്‌. നേരിട്ട ആദ്യ 15 പന്തുകളില്‍ നിന്നായി ദില്‍ഷാന്‍ നേടിയത്‌ 11 ബൗണ്ടറിയും ഒരു സിക്‌സറുമാണ്‌. ആരെയും കൂസാതെയാണ്‌ ദില്‍ഷാന്‍ കളിച്ചത്‌. ബാലാജിക്കും ഗോണിക്കും ഫ്‌ളിന്റോഫിനുമെല്ലാം പിടിപ്പത്‌ പണി നല്‍കി, മൈതാനത്തിന്റെ നാല്‌ ഭാഗത്തേക്കും പന്ത്‌ ഓടുകയായിരുന്നു. ധോണി തന്റെ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കലിനെ രംഗത്തിറക്കിയപ്പോള്‍ ദില്‍ഷാനും ഡി വില്ലിയേഴ്‌സും ബൗണ്ടറി മറുപടിയാണ്‌ നല്‍കിയത്‌. തുടര്‍ച്ചയായി മൂന്ന്‌ ബൗണ്ടറികല്‍ കണ്ട ഓവറില്‍ പിറന്നത്‌ 17 റണ്‍സ്‌. ഫ്‌ളിന്റോഫിന്റെ പന്തില്‍ ദില്‍ഷാന്‍ ഒരു ബൗണ്ടറിയും അതേ കരുത്തില്‍ ഒരു സിക്‌സറും പായിച്ചു.
ചെന്നൈ നായകന്‍ അന്ധാളിച്ച്‌ നില്‍ക്കവെ മൈതാനത്ത്‌ വിശ്വസ്‌തമായ ഒരു സ്ഥലവുമില്ലെന്നാണ്‌ വ്യക്തമായത്‌. 24 പന്തില്‍ നിന്ന്‌്‌ ദില്‍ഷാന്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തികരിച്ചു. ജോഗീന്ദര്‍ ശര്‍മ്മയും മുത്തയ്യ മുരളീധരനും ആക്രമണത്തിന്‌ വന്നപ്പോള്‍ റണ്‍നിരക്ക്‌ അല്‍പ്പം താണു. മോര്‍ക്കലിന്റെ ഫുള്‍ ടോസില്‍ ദില്‍ഷാന്‍ പുറത്തായപ്പോള്‍ മാത്രമാണ്‌ ധോണി ശ്വാസം നേരെ വിട്ടത്‌. 6.3 ഓവറില്‍ 68 റണ്‍സ്‌ നേടിയ കൂട്ടുകെട്ട്‌ തകര്‍ന്നതിന്‌ ശേഷമാണ്‌ ഡി വില്ലിയേഴ്‌സ്‌ തന്റെ വിശ്വരൂപം കാട്ടിയത്‌. കൂറ്റനടികള്‍ക്ക്‌ പകരം പന്തിനെ ഗ്യാപ്പിലേക്ക്‌ തട്ടി കൗശലപൂര്‍വം റണ്‍സ്‌ നേടിയ ഡിവില്ലിയേഴ്‌സ്‌ ഒരു ഘട്ടത്തിലും പിടി കൊടുത്തില്ല. 51 പന്തിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സെഞ്ച്വറി. അഞ്ച്‌്‌ ബൗണ്ടറികളും ആറ്‌ സിക്‌സറുകളും നിറം പകര്‍ന്ന ഇന്നിംഗ്‌സ്‌. മോര്‍ക്കലും ഫ്‌ളിന്റോഫുമാണ്‌ സിക്‌സറുകള്‍ അധികം വാങ്ങിയത്‌. പുറത്താവാതെ 105 റണ്‍സ്‌ നേടിയ ഡി വില്ലിയേഴ്‌സിന്റെ പേരിലാണ്‌ ഐ.പി.എല്‍ രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി.
ചെന്നൈക്ക്‌ വേണ്ടി ബാലാജി 19 റണ്‍സ്‌്‌ മാത്രം വഴങ്ങി നാല്‌ വിക്കറ്റ്‌ നേടി. മറ്റ്‌ ബൗളര്‍മാരെല്ലാം അടി വാങ്ങി. മന്‍പ്രീത്‌ ഗോണി നാല്‌ ഓവറില്‍ 45 റണ്‍സാണ്‌ വഴങ്ങിയത്‌. മോര്‍ക്കല്‍ 41 റണ്‍സും ഫ്‌ളിന്റോഫ്‌ 50 റണ്‍സും വഴങ്ങിയപ്പോള്‍ മുത്തയ്യ മുരളീധരന്‍ മൂന്ന്‌ ഓവറില്‍ 26 റണ്‍സാണ്‌ നല്‍കിയത്‌.
ഈ സ്‌ക്കോറിന്‌ തകര്‍പ്പന്‍ മറുപടിയാണ്‌്‌ ചെന്നൈക്കാര്‍ നല്‍കിയത്‌. പാര്‍ത്ഥീവ്‌ പട്ടേലും മാത്യൂ ഹെയ്‌ഡനും തുടക്കമിട്ട ഇന്നിംഗ്‌സ്‌ ശരവേഗതയില്‍ 57 റണ്‍സ്‌ നേടി. ഡി.പി നാനസും ആശിഷ്‌ നെഹ്‌റയും ശിക്ഷിക്കപ്പെട്ടപ്പോള്‍ പ്രദീപ്‌ സാംഗ്‌വാന്‍ രംഗത്ത്‌ വന്നപ്പോഴാണ്‌ ഡല്‍ഹിക്ക്‌ പ്രതീക്ഷ വന്നത്‌. 15 പന്തില്‍ നിന്ന്‌ 16 റണ്‍സ്‌ നേടിയ പാര്‍ത്ഥീവിനെ സാംഗ്‌വാന്‍ ഡി വില്ലിയേഴ്‌സിന്റെ കരങ്ങളിലെത്തിച്ചു. 27 പന്തില്‍ അഞ്ച്‌ ബൗണ്ടറികളും മൂന്ന്‌ സിക്‌സറുകളുമായി 57 റണ്‍സ്‌ വാരിക്കൂട്ടിയ ഹെയ്‌ഡന്‍ പുറത്താവുമ്പോള്‍ സ്‌ക്കോര്‍ 90 ല്‍ എത്തിയിരുന്നു.
സ്‌പിന്നര്‍ ഡാനിയല്‍ വെട്ടോരി രംഗത്ത്‌ വന്നപ്പോള്‍ ധോണിക്ക്‌ പിഴച്ചു. കറങ്ങിതിരിഞ്ഞ പന്തില്‍ ധോണി വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തികിന്‌ പിടി നല്‍കി.

ഇന്ന്‌ പീറ്റും യുവരാജും
ഡര്‍ബന്‍: യുവരാജ്‌ സിംഗിന്‌ ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും പ്രിയപ്പെട്ട മൈതാനമാണ്‌ കിംഗ്‌സ്‌ മീഡ്‌....ഇന്ന്‌ ചാമ്പ്യന്‍ഷിപ്പിലെ ടീമിന്റെ മൂന്നാം മല്‍സരത്തില്‍ പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവനുമായി ഇവിടെ കളിക്കാനിറങ്ങുമ്പോള്‍ യുവരാജ്‌ പ്രതീക്ഷിക്കുന്നത്‌ വലിയ വിജയം മാത്രം. എതിരാളികള്‍ കെവിന്‍ പീറ്റേഴ്‌സണ്‍ നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സാണ്‌.
കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളിലും നിറം മങ്ങിയ പ്രീതി സിന്റയുടെ സംഘത്തിന്‌ ഭാഗ്യത്തിന്റെ അകമ്പടിയുമുണ്ടായിരുന്നില്ല.രണ്ട്‌ കളികളിലും മഴയാണ്‌ കളിച്ചത്‌. ആദ്യ മല്‍സരത്തില്‍ മഴക്കൊപ്പം വിരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ടുമായപ്പോള്‍ പഞ്ചാബിന്‌ തലകുനിക്കേണ്ടി വന്നു. രണ്ടാം മല്‍സരത്തിലെ എതിരാളികള്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സായിരുന്നു. മഴ കളിച്ച ഈ അങ്കത്തില്‍ ക്രിസ്‌ ഗെയിലായിരുന്നു വില്ലന്‍.
ബാറ്റിംഗില്‍ യുവരാജിന്റെ സംഘത്തില്‍ വിശ്വസ്‌തരുണ്ട്‌. ശ്രീലങ്കന്‍ ജോഡികളായ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ദ്ധനയും രവി ബോപ്പാരയും ഇര്‍ഫാന്‍ പത്താനുമെല്ലാം നല്ല ഷോട്ടുകള്‍ പായിക്കും. ബൗളിംഗാണ്‌ ടീമിന്‌ പ്രശ്‌നം. ബ്രെട്ട്‌ ലീയും ശ്രീശാന്തുമൊന്നുമില്ലാത്തതിനാല്‍ ഇര്‍ഫാന്‍ മാത്രമാണ്‌ അനുഭവ സമ്പന്നനായി കളിക്കുന്നത്‌.
മൂന്ന്‌ മല്‍സരങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയ ബാംഗ്ലൂര്‍ സംഘത്തിന്‌ നിലവാരത്തിനൊത്ത പ്രകടനം നടത്താനായിട്ടില്ല. ഉദ്‌ഘാടന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കിയ ശേഷം ചെന്നൈ, ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ എന്നിവരോട്‌ പീറ്റേഴ്‌സന്റെ ടീം പരാജയപ്പെട്ടിരുന്നു. ജാക്‌ കാലിസ്‌, പീറ്റേഴ്‌സണ്‍, വിരാത്‌ കോഹ്‌ലി എന്നിവര്‍ക്കൊന്നും പ്രതീക്ഷ കാക്കാന്‍ കഴിയുന്നില്ല. രാഹുല്‍ ദ്രാവിഡ്‌ മാത്രമാണ്‌ പൊരുതി നില്‍ക്കുന്നത്‌.
മടക്കം
ദുബായ്‌: ഷോണ്‍ മാര്‍ഷിന്‌ ഇരട്ട ആഘാതം. പാക്കിസ്‌താനെതിരായ ഏകദിന പരമ്പരയിലും ദക്ഷിണാഫ്രി്‌ക്കയില്‍ നടക്കുന്ന ഐ.പി.എല്‍ ക്രിക്കറ്റിലും ഓപ്പണര്‍ക്ക്‌ കളിക്കാനാവില്ല. ഇടത്‌ കാലിലെ പേശീവലിവ്‌ മൂലം ദുബായില്‍ നിന്നും നാട്ടിലേക്ക്‌ തിരിച്ചയക്കപ്പെട്ട മാര്‍ഷിനോട്‌ സമ്പൂര്‍ണ്ണ വിശ്രമത്തിനാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. പാക്കിസ്‌താനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ദുബായ്‌ സ്‌പോര്‍ട്‌സ്‌ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്നപ്പോഴാണ്‌ മാര്‍ഷിന്‌ പരുക്കേറ്റത്‌. വ്യക്തിഗത സ്‌ക്കോര്‍ 4 ല്‍ നില്‍ക്കുമ്പോള്‍ സാഹസികമായി റണ്ണിന്‌ ശ്രമിച്ച ജെഫ്‌ മാര്‍ഷിന്റെ മകന്‍ നിലത്ത്‌ വീണിരുന്നു. തുടര്‍ന്ന്‌ റണ്ണറുമായാണ്‌ അദ്ദേഹം ബാറ്റിംഗ്‌ തുടര്‍ന്നത്‌. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന 20-20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ സംഘത്തില്‍ മാര്‍ഷിന്‌ സ്ഥാനമുണ്ടെന്നിരിക്കെ അദ്ദേഹത്തോട്‌ നാട്ടിലെത്തി വിശ്രമിക്കാനാണ്‌ ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്‌.
പാക്കിസ്‌താനതിരെ അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമാണ്‌ ഓസ്‌ട്രേലിയ കളിക്കുന്നത്‌. മാര്‍ക്കസ്‌ നോര്‍ത്തായിരിക്കും മാര്‍ഷിന്‌ പകരം കളിക്കുക. പാക്കിസ്‌താനെതിരായ പരമ്പരക്ക്‌ ശേഷം ഐ.പി.എല്ലില്‍ തന്റെ ടീമായ പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവനു വേണ്ടി കളിക്കാന്‍ മാര്‍ഷിന്‌ താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ പരുക്കില്‍ ഇനി അദ്ദേഹത്തിന്‌ ഐ.പി.എല്ലില്‍ കളിക്കാന്‍ കഴിയില്ല.
തോന്നിവാസം
ലാഹോര്‍: 2011 ലെ ലോകകപ്പ്‌ ക്രിക്കറ്റ്‌ മല്‍സര കലണ്ടറില്‍ നിന്നും പാക്കിസ്‌താനെ തഴഞ്ഞ ഐ.സി.സി നടപടി തോന്നിവാസമാണെന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഡയരക്ടര്‍ ജനറല്‍ ജാവേദ്‌ മിയാന്‍ദാദ്‌. തിരക്കിട്ട ഐ.സി.സി തീരുമാനത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച മുന്‍ നായകനും കോച്ചുമായ മിയാന്‍ദാദ്‌ സുരക്ഷയാണ്‌ കാതലായ പ്രശ്‌നമെങ്കില്‍ 2011 ലെ ലോകകപ്പ്‌ ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിനുമായി നല്‍കുന്നതായിരിക്കും ഉചിതമെന്നാണ്‌ അഭിപ്രായപ്പെട്ടത്‌ ഏഷ്യക്ക്‌ 2015 ലെ ലോകകപ്പ്‌ നല്‍കിയാല്‍ മതി. ഐ.സി.സിയുടെ ഇരട്ടത്താപ്പാണ്‌ പ്രശ്‌നം. കറാച്ചിയില്‍ ശ്രീലങ്കയുമായി പ്രശ്‌നങ്ങളില്ലാത്ത ഒരു ടെസ്റ്റ്‌ മല്‍സരം നടത്താനായി. എന്നാല്‍ ലാഹോറില്‍ കാര്യങ്ങള്‍ മാറി. ഇതേ പ്രശ്‌നം ഇന്ത്യയിലുമുണ്ടായിരുന്നു. മുംബൈയില്‍ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണ്‌ ഇംഗ്ലണ്ട്‌ ടീം മടങ്ങിയത്‌. ക്രിക്കറ്റ്‌ ലോകം ശരിക്കും പാക്കിസ്‌താനെ ഒറ്റപ്പെടുത്തുകയായിരുന്നു. ഇതൊരിക്കലും നല്ലതിനല്ല. പാക്കിസ്‌താനില്‍ നിന്നും രാജ്യാന്തര ക്രിക്കറ്റിനെ അകറ്റാന്‍ രാജ്യാന്തരതലത്തില്‍ ഗുഡാലോചന നടക്കുന്നുണ്ട്‌. ഈ ഘട്ടത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ പോലും പാക്കിസ്‌താനെ സഹായിക്കാത്തത്‌ നിര്‍ഭാഗ്യകരമാണ്‌. ഒരു നാള്‍ ഇതേ പ്രശ്‌നം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ടാവുമെന്ന ഓര്‍മ്മ വേണമെന്നും അദ്ദേഹം പറഞ്ഞു.
നല്ല തുടക്കം
ദുബായ്‌: ആഹ്ലാദവാനാണ്‌ യൂനസ്‌ഖാന്‍....ലാഹോര്‍ സംഭവങ്ങള്‍ക്ക്‌ ശേഷം ലോക ക്രിക്കറ്റില്‍ ഒറ്റപ്പെട്ട പാക്കിസ്‌താന്‍ ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തി കൊണ്ട്‌ തിരിച്ചുവന്നിരിക്കുന്നു. ദുബായ്‌ സ്‌പോര്‍ട്‌സ്‌ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന പഞ്ചമല്‍സര ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ നാല്‌ വിക്കറ്റിനാണ്‌ പാക്കിസ്‌താന്‍ വിജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ലോക ചാമ്പ്യന്മാരുടെ ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഷാഹീദ്‌ അഫ്രീദിയുടെ ലെഗ്‌ സ്‌പിന്‍ മികവില്‍ 168 റണ്‍സില്‍ നിയന്ത്രിച്ച പാക്കിസ്‌താന്‍ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 171 റണ്‍സ്‌ നേടിയാണ്‌ വിജയിച്ചത്‌. 38 റണ്‍സിന്‌ ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തിയ അഫ്രീദിയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌്‌.

No comments: