Saturday, April 11, 2009

IPL COUNTDOWN




സ്‌മിത്ത്‌,യൂസഫ്‌ പിന്നെ വോണും...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ (ഐ.പി.എല്‍) രണ്ടാം പതിപ്പിന്‌ അടുത്ത ശനിയാഴ്‌ച്ച ദക്ഷിണാഫ്രിക്കയില്‍ തുടക്കമാവുകയാണ്‌. ആവേശം സമ്മാനിച്ച ആദ്യ പതിപ്പിന്‌ ശേഷം അതേ വീര്യത്തില്‍ വിദേശ മണ്ണില്‍ നടക്കുന്ന രണ്ടാം പതിപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ കരുത്തിലൂടെ ഒരു 20:20 യാത്ര.... സ്‌പോര്‍ട്‌സ്‌ ചന്ദ്രികയില്‍ വായിക്കുക. ഇന്ന്‌്‌ നിലവിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്‌.
മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ട്‌ പോയി എന്ന്‌ പറഞ്ഞത്‌്‌ പോലെയായിരുന്നു കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ റോയല്‍സിന്റെ കിരീടനേട്ടം. സൗരവ്‌ ഗാംഗുലിയുടെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സിനും മഹേന്ദ്രസിംഗ്‌ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും യുവരാജ്‌ സിംഗിന്റെ പഞ്ചാബ്‌ കിംഗ്‌സിനും മാര്‍ക്കിട്ട്‌, ഇവരില്‍ ഒരാള്‍ക്കായിരിക്കും കപ്പെന്ന്‌ പറഞ്ഞുനടന്നവര്‍ക്ക്‌ മുന്നിലൂടെ ഒരു സ്വപ്‌നയാത്ര പോലെയാണ്‌ ഷെയിന്‍ വോണിന്റെ നീലപ്പട കപ്പുമായി പറന്നത്‌. അധികമാരും മാര്‍ക്ക്‌ നല്‍കാതിരുന്ന ഷെയിന്‍ വാട്ട്‌സണും മുഹമ്മദ്‌ കൈഫും ഗ്രയീം സ്‌മിത്തും പിന്നെ യൂസഫ്‌ പത്താനും കമറാന്‍ അക്‌്‌മലും തന്‍വീര്‍ സുഹൈലും അസനോദ്‌കറുമെല്ലാം അരങ്ങ്‌ തകര്‍ത്തപ്പോള്‍ 20-20 ക്രിക്കറ്റിന്റെ അത്യാവേശ പര്യായമെന്നോണം എല്ലാവരിലും വിസ്‌മയം സമ്മാനിച്ച ടീമിന്‌ ഇത്തവണ എല്ലാവരും മാര്‍ക്ക്‌ നല്‍കുന്നുണ്ട്‌. അതിന്‌ പ്രധാന കാരണം ഭാഗ്യം പോലെ ചാമ്പ്യന്‍ഷിപ്പ്‌ ദക്ഷിണാഫ്രിക്കയിലേക്ക്‌ വന്നതാണ്‌. ദക്ഷിണാഫ്രിക്കയുടെ നായകനായ ഗ്രയീം സ്‌മിത്ത്‌ രാജസ്ഥാന്‍ റോയല്‍സിന്‌്‌ കളിക്കുമ്പോള്‍ വാണ്ടറേഴ്‌സിലും സെഞ്ചൂറിയനിലും കേപ്‌ടൗണിലുമെല്ലാം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ പ്രേമികളുടെ പിന്തുണ റോയല്‍സിന്‌ ഉറപ്പാണ്‌.
20-20 യുടെ എല്ലാ ചേരുവകളും ചേര്‍ന്ന ടീമായിരുന്നു ലളിത്‌ മോഡിയുടെ, ഇപ്പോള്‍ ശില്‍പ്പാ ഷെട്ടിയുടെ റോയല്‍സ്‌. ബാറ്റിംഗില്‍ തട്ടുതകര്‍പ്പന്‍ ഷോട്ടുകളുടെ വക്താക്കളായി വാട്ട്‌സണും യൂസഫും സ്‌മിത്തും അസനോദ്‌കറും, അക്‌മലും. അത്യാവശ്യത്തിന്‌ പ്രതിരോധ, സാങ്കേതിക ചലനങ്ങളുടെ വക്താവായി കൈഫിനെ പോലുള്ളവര്‍. ബൗളിംഗില്‍ സുഹൈല്‍ തന്‍വീറിന്റെ ലെഫ്‌റ്റ്‌ ആം പേസിന്‌ മുന്നില്‍ ആര്‍ക്കും കാര്യമായ മറുപടിയുണ്ടായിരുന്നില്ല. വോണിന്റെ സ്‌പിന്നും യൂസഫിന്റെ മോഹിപ്പിക്കുന്ന പന്തുകളും വാട്ട്‌സന്റെ അവസരവാദ ബൗളിംഗുമെല്ലാം ടീമിന്‌ ഗുണകരമായി.
ഇത്തവണ പക്ഷേ പാക്കിസ്‌താന്‍ താരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കാത്തതിനാല്‍ സുഹൈല്‍ തന്‍വീര്‍, കമറാന്‍ അക്‌മല്‍, യൂനസ്‌ഖാന്‍ എന്നിവരുടെ സേവനം റോയല്‍സിനില്ല. ഇവര്‍ക്ക്‌ പകരം നില്‍ക്കാന്‍ നല്ല യുവതാരങ്ങളുണ്ടെന്നാണ്‌ ലളിത്‌ മോഡി പറയന്നത്‌. സ്‌മിത്തിനെ തന്നെയാണ്‌ ടീം മാനേജ്‌മെന്റ്‌്‌ ഉയര്‍ത്തികാണിക്കുന്നത്‌. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറും നായകനുമായ സ്‌മിത്ത്‌ പരുക്കില്‍ നിന്ന്‌ മോചിതനായി ആരോഗ്യം തെളിയിച്ചുകഴിഞ്ഞു. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ ഇന്നിംഗ്‌സുകള്‍ കാഴ്‌ച്ചവെച്ച വാട്ട്‌സണ്‍ ഈ സീസണില്‍ റ്‌ണ്‍സിന്‌ പ്രയാസപ്പെടുകയാണ്‌. പരുക്കും അദ്ദേഹത്തെ അലട്ടുന്നുണ്ട്‌.
കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ 16 കളികളില്‍ നിന്ന്‌ 435 റണ്‍സ്‌ വാരിക്കൂി, ചാമ്പ്യന്‍ഷിപ്പിന്റെ താരമായി മാറിയ യൂസഫ്‌ പത്താനാണ്‌ റോയല്‍സിന്റെ യഥാര്‍ത്ഥ തുരുപ്പ്‌ ചീട്ട്‌. ഐ.പി.എല്ലിന്റെ സന്തതിയായി വിശേഷിപ്പിക്കപ്പെടുന്ന യൂസഫ്‌ ഇപ്പോള്‍ ദേശീയ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമാണ്‌. 18ന്‌ കേപ്‌ടൗണില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സാണ്‌ റോയല്‍സിന്റെ ആദ്യ എതിരാളികള്‍.
ഇന്ത്യക്ക്‌ ഫൈനല്‍
ഇപ്പോ (മലേഷ്യ): ക്യാപ്‌റ്റനും പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്‌ദ്ധനുമായ സന്ദീപ്‌ സിംഗിന്റെ കരുത്തില്‍ പരമ്പരാഗത വൈരികളായ പാക്കിസ്‌താനെ 2-1ന്‌ പരാജയപ്പെടുത്തി ഇന്ത്യ സുല്‍ത്താന്‍ അസ്ലം ഷാ കപ്പ്‌്‌്‌ ഹോക്കിയുടെ കലാശപ്പോരാട്ടത്തിന്‌ യോഗ്യത നേടി. അഞ്ച്‌ രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഇന്നത്തെ അവസാന മല്‍സരത്തിന്‌ യോഗ്യത നേടാന്‍ ഇന്ത്യക്ക്‌ വിജയം അത്യാവശ്യമായിരുന്നു. സമ്മര്‍ദ്ദത്തിന്‌ വഴങ്ങാതെ ടീമിനെ നയിച്ച സന്ദീപ്‌സിംഗ്‌ ആദ്യഗോള്‍ ഇരുപത്തിയെട്ടാം മിനുട്ടിലാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. രണ്ടാം ഗോള്‍ അറുപതാം മിനുട്ടിലും. പാക്കിസ്‌താന്റെ ഗോള്‍ മുഹമ്മദ്‌ സഖ്‌ലൈന്റെ സ്‌റ്റിക്കില്‍ നിന്നായിരുന്നു. ഗ്രൂപ്പ്‌ മല്‍സരങ്ങളില്‍ നിന്ന്‌ എട്ട്‌ പോയന്റാണ്‌ ഇന്ത്യ സമ്പാദിച്ചത്‌.
മല്‍സരത്തിന്റെ അവസാന മിനുട്ടുകളില്‍ സമ്മര്‍ദ്ദത്തില്‍ കളിച്ച്‌ തോല്‍വി ചോദിച്ചുവാങ്ങാറുള്ള സമീപകാല പിഴവുകള്‍ക്ക്‌്‌ അന്ത്യമിട്ട്‌ 70 മിനുട്ടും ആക്രമണ ഹോക്കിയാണ്‌ ഇന്ത്യ പുറത്തെടുത്തത്‌. ഇരു പകുതിയിലും ടീമിനെ മുന്നില്‍ നിന്ന്‌ നയിക്കുന്നതില്‍ സന്ദീപ്‌ മികവു കാട്ടി. പാക്കിസ്‌താനാവട്ടെ, ചാമ്പ്യന്‍ഷിപ്പിലെ ദയനീയത തുടര്‍ന്നു.

ബഗാന്‍ കപ്പിനായി
കൊല്‍ക്കത്ത: ഇന്ന്‌ ഐ ലീഗ്‌ ഫുട്‌ബോളില്‍ മോഹന്‍ ബഗാന്‌ കപ്പ്‌ തേടിയുള്ള നിര്‍ണ്ണായക അങ്കം....എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ. ലീഗില്‍ 20 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബഗാന്‍ ഇപ്പോള്‍ 40 പോയന്റുമായി രണ്ടാം സ്ഥാനത്താണ്‌. 21 മല്‍സരങ്ങള്‍ കളിച്ച ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ്‌ ടേബിളില്‍ ഒന്നാമത്‌. ഇന്നത്തെ മല്‍സരത്തില്‍ ജയിച്ചാല്‍ ബഗാന്‌ ചര്‍ച്ചിലിന്‌ ഒപ്പമെത്താനാവും. പിന്നെ 16ന്‌ നടക്കുന്ന അവസാന റൗണ്ട്‌ മല്‍സരങ്ങളായിരിക്കും വിജയിയെ നിശ്ചയിക്കുക.
ലീഗില്‍ വ്യക്തമായ കപ്പ്‌ സാധ്യതയുളളവര്‍ ചര്‍ച്ചിലും ബഗാനും മാത്രമാണ്‌. ബഗാന്‍ ഏ.എഫ്‌.സി കപ്പില്‍ കളിക്കാന്‍ പോയത്‌ കാരണമാണ്‌ അവര്‍ക്ക്‌ നിശ്ചിതസമയത്ത്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്‌. ഡെംപോക്കും ഇതാണ്‌ സംഭവിച്ചത്‌. പോയവര്‍ഷം കിരീടം സ്വന്തമാക്കിയ ഡെംപോ ഇത്തവണ 30 പോയന്റുമായി വളരെ പിറകിലാണ്‌.
ബഗാന്‍ ഈ സീസണില്‍ സ്വന്തം മൈതാനത്ത്‌ കളിക്കുന്ന അവസാന ഐ ലീഗ്‌ മല്‍സരമാണ്‌ ഇന്ന്‌ നടക്കുന്നത്‌. അതിനാല്‍ നാട്ടുകാരുടെ പിന്‍ബലത്തില്‍ വ്യക്തമായ വിജയമാണ്‌ ടീം ലക്ഷ്യമിടുന്നത്‌. അവസാന മല്‍സരം മുംബൈയില്‍ വെച്ച്‌ മഹീന്ദ്ര യുനൈറ്റഡിനെതിരെയാണ്‌.
കഴിഞ്ഞയാഴ്‌ച്ച നടന്ന ഏ.എഫ്‌.സി കപ്പില്‍ കുവൈറ്റ്‌ ടീമിനെ സമനിലയില്‍ തളച്ച ബൈജൂംഗ്‌ ബൂട്ടിയയും സംഘവും നല്ല ഫോമിലാണ്‌ ഇപ്പോള്‍ കളിക്കുന്നത്‌. കോച്ച്‌ കരീം ബെഞ്ചാരിഫക്ക്‌ പ്രതീക്ഷ നല്‍കുന്നതും ടീമിന്റെ ഫോമാണ്‌. ഗോള്‍വലയം കാക്കുന്ന സംഖ്രാം മുഖര്‍ജി, പ്രതിരോധ നിരയില്‍ പീറ്റര്‍ ഒഡാഫെ, കരണ്‍ അത്‌വാല്‍, റിനോ ആന്റോ എന്നിവരെല്ലാം മികവ്‌ പ്രകടിപ്പിക്കുന്നുണ്ട്‌. അതേ സമയം പോയ സീസണിലെ നിഴല്‍ മാത്രമാണ്‌ ഡെംപോ. ആധികാരികത പ്രകടിപ്പിക്കാന്‍ റാന്‍ഡി മാര്‍ട്ടിനസിനും സംഘത്തിനും കഴിയുന്നില്ല. ഡെംപോയുടെ മോശം ഫോമാണ്‌ തന്റെ ടീമിന്റെ പ്ലസ്‌ പോയന്റെന്ന്‌ ബൂട്ടിയ പറയുന്നു. അവസാന മല്‍സരത്തില്‍ വാസ്‌ക്കോ ഗോവയെ മൂന്ന്‌ ഗോളിന്‌ തകര്‍ത്ത ബഗാന്റെ ക്യാമ്പില്‍ പരുക്കിന്റെ പ്രശ്‌നങ്ങളുമില്ല. ഇന്നത്തെ മല്‍സരം വൈകീട്ട്‌ ആറിന്‌ സീ സ്‌പോര്‍ട്‌സില്‍ തല്‍സമയം.
സ്വര്‍ണ്ണ പാദുകം ഒഡാഫെക്ക്‌
മഡ്‌ഗാവ്‌: ഐ ലീഗ്‌ സീസണിന്‌ അവസാനമാവാന്‍ ഇനി മൂന്ന്‌ ദിവസങ്ങള്‍ മാത്രം. ഇന്ന്‌ കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന്‍-ഡെംപോ മല്‍സരം. 16 ന്‌ അഞ്ച്‌ വേദികളിലായി അവസാന റൗണ്ട്‌ പോരാട്ടങ്ങള്‍. കിരീടത്തിനായി ചര്‍ച്ചില്‍ ബ്രദേഴ്‌സും മോഹന്‍ ബഗാനും പോരടിക്കുമ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ സുവര്‍ണ പാദുകം ആര്‍ക്കാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ വിദേശ മുന്‍നിരക്കാരന്‍ ഒഡാഫെ ഒനാക ഒകേലി ടീമിന്‌ വേണ്ടി നേടിയ 24 ഗോളുകളില്‍ അദ്ദേഹത്ത കാത്തിരിക്കുന്നത്‌ വിലയേറിയ സമ്മാനമാണ്‌. ടോപ്‌ സ്‌ക്കോറര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഫെലിക്‌സ്‌ ചിമോക്കോവയും (ചര്‍ച്ചില്‍), റാന്‍ഡി മാര്‍ട്ടിനസും (ഡെംപോ) 11 ഗോളുകള്‍ മാത്രമാണ്‌ നേടിയത്‌ എന്ന സത്യത്തില്‍ ഒഡാഫെയുടെ മികവ്‌ തെളിയുന്നു. പതിവ്‌ പോലെ ഗോളടിക്കാരില്‍ മുമ്പന്മാര്‍ വിദേശ താരങ്ങള്‍ തന്നെയാണ്‌. ഈസ്റ്റ്‌ ബംഗാളിന്റെ സുനില്‍ ചേത്രിയാണ്‌ ഗോള്‍വേട്ടക്കാരില്‍ കരുത്ത്‌ കാട്ടുന്ന ഏക ഇന്ത്യന്‍ താരം. ഒമ്പത്‌ ഗോളുകളാണ്‌ അദ്ദേഹം നേടിയത്‌.

ലിവര്‍ തകര്‍ത്തു
ലണ്ടന്‍: മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ ബ്ലാക്‌ബര്‍ണ്‍ റോവേഴ്‌സിനെ തരിപ്പണമാക്കി ലിവര്‍പൂള്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ പോരാട്ടവീര്യം നിലനിര്‍ത്തി. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ പോരാട്ടത്തില്‍ ചെല്‍സിക്ക്‌ മുന്നില്‍ വിയര്‍ത്ത റാഫേല്‍ ബെനിറ്റസിന്റെ സംഘം ഇന്നലെ ഗോള്‍വേട്ട നടത്തിയാണ്‌ കരുത്ത്‌ പ്രകടിപ്പിച്ചത്‌. ലിവറിന്റെ പേരിലുളള നാല്‌ ഗോളുകളും അതി മനോഹരമായിരുന്നു. ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌ സ്‌പാനിഷ്‌ സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസായിരുന്നു. മൈതാനമധ്യത്ത്‌ നിന്ന്‌ ജാമി കാരഗര്‍ നല്‍കിയ ലോംഗ്‌ ലോംബ്‌ പെനാല്‍ട്ടി ബോക്‌്‌സിനുള്ളില്‍ വെച്ച്‌ ചെസ്‌റ്റില്‍ സ്വീകരിച്ച ടോറസ്‌ വലത്‌ മൂലയില്‍ നിന്നും പായിച്ച വോളി ഗോള്‍ക്കീപ്പര്‍ക്ക്‌ തടുക്കാനായില്ല.
രണ്ടാം ഗോളും ടോറസിന്റെ വകയായിരുന്നു. റോവേഴ്‌സിന്റെ ഹാഫില്‍ വെച്ച്‌ ഡിഫന്‍ഡര്‍ കീത്ത്‌ ആന്‍ഡ്ര്യൂസ്‌ കാട്ടിയ വിഡ്ഡിത്തതില്‍ ലിവറിന്‌ അനുകൂലമായി ഫ്രീകിക്ക്‌. സാബി അലോണ്‍സോയെടുത്ത ഫ്രികിക്ക്‌ ടോറസിന്‌ തന്നെയാണ്‌ ലഭിച്ചത്‌. വാനിയലുയര്‍ന്ന്‌ പന്തില്‍ തല വെച്ച്‌ ടോറസിന്‌്‌ പിഴച്ചില്ല. ഇടവേളക്ക്‌ പിരിയുമ്പോള്‍ ലിവര്‍ രണ്ട്‌ ഗോളിന്‌ മുന്നിലായിരുന്നു. ഡിഫന്‍ഡര്‍ ഡാനിയല്‍ ആഗറിന്റെ ലോംഗ്‌ ഷോട്ടിലായിരുന്നു മൂന്നാം ഗോള്‍. മല്‍സരത്തിന്റെ അന്തിമ നിമിഷങ്ങളില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നുമായിരുന്നു നാലാം ഗോള്‍. കോര്‍ണര്‍കിക്കില്‍ നിന്നും പന്ത്‌ ലഭിച്ച ജാമി കാരഗര്‍ അത്‌ സാബി അലോണ്‍സോക്ക്‌ നല്‍കി. സാബിയില്‍ നിന്നും പന്ത്‌ ലഭിച്ച ഡേവിഡ്‌ നോഗ്‌ പിഴക്കാത്ത ഷോട്ടില്‍ നെറ്റ്‌്‌ ചലിപ്പിച്ചു.

ഞെട്ടി
മെല്‍ബണ്‍:സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്കിന്‌ ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല..ഏകദിന ക്രിക്കറ്റില്‍ തനിക്ക്‌ ഇനി അവസരമില്ലെന്ന നിരാശയില്‍, ടെസ്‌റ്റിലും ചതുര്‍ദിന മല്‍സരങ്ങളിലുമെല്ലാം ശ്രദ്ധിക്കാന്‍ തീരുമാനിച്ച ഓസീസ്‌ സീമറുടെ മൊബൈല്‍ ഫോണിലേക്ക്‌ ഇന്നലെ തികച്ചും അപ്രതീക്ഷിതമായ ഒരു വിളി. മറുതലക്കല്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ഓപ്പറേഷന്‍സ്‌ മാനേജര്‍ മൈക്കല്‍ ബ്രൗണ്‍. ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഓസീസ്‌ ഏകദിന ടീമില്‍ താങ്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉടനടി യാത്രക്ക്‌ തയ്യാറാവണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഇംഗ്ലീഷ്‌ കൗണ്ടി ക്രിക്കറ്റില്‍ കെന്റിനായി കളിക്കാന്‍ കരാര്‍ ചെയ്യപ്പെട്ട ക്ലാര്‍ക്ക്‌ ലണ്ടനിലേക്ക്‌ യാത്ര ചെയ്യാന്‍ പാസ്‌പോര്‍ട്ട്‌ ബ്രിട്ടിഷ്‌്‌ എംബസിയില്‍ നല്‍കിയതായിരുന്നു. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ വിളി പെട്ടെന്ന്‌ വന്നതിനാല്‍ പുതിയ താല്‍കാലിക പാസ്‌പോര്‍ട്ടുമായി വിമാനത്താവളത്തിലേക്ക്‌ ഓടാനാണ്‌ അദ്ദേഹം നിര്‍ബന്ധിക്കപ്പെട്ടത്‌. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ബ്രെട്ട്‌ ഗ്രീവ്‌സിന്‌ പരുക്കേറ്റതാണ്‌ ക്ലാര്‍ക്കിന്‌ തുണയായത്‌. ഇന്ന്‌ അദ്ദേഹം ജോഹന്നാസ്‌ബര്‍ഗ്ഗിലെത്തും. വെള്ളിയാഴ്‌ച്ച വാണ്ടറേഴ്‌സില്‍ നടക്കുന്ന അവസാന ഏകദിനത്തില്‍ കളിക്കുകയും ചെയ്യും. അതിന്‌ ശേഷം ദുബായില്‍ പാക്കിസ്‌താനെ നേരിടുന്ന ഓസീസ്‌ സംഘത്തിലും ക്ലാര്‍ക്കുണ്ട്‌. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരില്‍ ഓസീസ്‌ ഇപ്പോള്‍ 1-2 ന്‌ പിറകിലാണ്‌.
എല്ലാം പറയില്ല
ചെന്നൈ: വെങ്കടേഷ്‌ പ്രസാദ്‌ എന്തായാലും എല്ലാം തുറന്ന്‌ പറയില്ല... അദ്ദേഹം വളരെ വളരെ കരുതലെടുക്കും. പറയുന്നത്‌ മറ്റാരുമല്ല-വെങ്കി തന്നെയാണ്‌. വിഷയം ഐ.പി.എല്ലും വരാനിരിക്കുന്ന 20-20 ലോകകപ്പുമാണ്‌. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലകനായ വെങ്കിയാണ്‌ നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ബൗളിംഗ്‌ കോച്ച്‌. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ സംഘത്തില്‍ വിദേശ താരങ്ങളായ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫും മക്കായ എന്‍ടിനിയുമെല്ലാമുണ്ട്‌. ഇവരുടെ കരുത്തിനെ ചൂഷണം ചെയ്‌താല്‍ കപ്പ്‌ സ്വന്തമാക്കാമെന്നാണ്‌ വെങ്കി പറയുന്നത്‌. പക്ഷേ ടീമിന്റെ ഡ്രസ്സിംഗ്‌ റൂമില്‍ പല രഹസ്യങ്ങളും പറയില്ലെന്നും അദ്ദേഹം ഉറപ്പ്‌ പറയുന്നു. കാരണം മെയ്‌ 24 നാണ്‌ ഐ.പി.എല്‍ അവസാനിക്കുന്നത്‌. അല്‍പ്പദിവസങ്ങള്‍കക്കം ഇംഗ്ലണ്ട
ില്‍ 20-20 ലോകകപ്പ്‌ ആരംഭിക്കും. ഡ്രസ്സിംഗ്‌ റൂമില്‍ പല രഹസ്യങ്ങളും പറഞ്ഞാല്‍ വിദേശ താരങ്ങളായ ഫ്‌ളിന്റേഫിനും എന്‍ടിനിക്കുമെല്ലാം ലോകകപ്പിലെ ഇന്ത്യന്‍ തന്ത്രം മനസ്സിലാക്കാന്‍ കഴിയില്ലേ-അതാണ്‌ വെങ്കി ജാഗ്രത പാലിക്കുന്നത്‌.

No comments: