Thursday, April 2, 2009

DIAGO-THE VILLAIN
ഒന്നാം പ്രതി
ബ്യൂണസ്‌ അയേഴ്‌സ്‌: ഡിയാഗോ മറഡോണ പ്രതിക്കൂട്ടിലാണ്‌....! ലാപാസില്‍ നടന്ന ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ബൊളിവിയയുടെ സിക്‌സറിന്‌ തലവെച്ചു കൊടുത്ത്‌ ചരിത്രത്തിലെ വലിയ ദുരന്തം ഏറ്റുവാങ്ങിയ അര്‍ജന്റീനിയന്‍ ടീമിലെ താരങ്ങളെയാരെയും നാട്ടിലെ മാധ്യമങ്ങള്‍ വേട്ടയാടുന്നില്ല-എല്ലാവരും ഒന്നാം പ്രതി സ്ഥാനം നല്‍കുന്നത്‌ സൂപ്പര്‍ കോച്ചിനാണ്‌. ദുര്‍ബലരായ പ്രതിയോഗികള്‍ക്കെതിരായ വലിയ തോല്‍വി രാജ്യത്തിന്‌ നല്‍കിയിരിക്കുന്ന നാണക്കേട്‌ ചെറുതല്ലെന്ന്‌ തുറന്ന്‌ സമ്മതിച്ച്‌, കുറ്റസമ്മതം നടത്തിയ മറഡോണക്ക്‌ ഇനി ജൂണ്‍ ആറ്‌ വരെ ഉറക്കമുണ്ടാവില്ല. അന്നാണ്‌ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ അടുത്ത മല്‍സരം. എതിരാളികളാവട്ടെ ശക്തരായ കൊളംബിയയും. അത്‌ കഴിഞ്ഞാല്‍ മറഡോണ തന്നെ പേടിക്കുന്ന ഇക്വഡോറിന്റെ ആസ്ഥാനമായ ക്വിറ്റോയിലാണ്‌ മല്‍സരം. തല്‍ക്കാലം അര്‍ജന്റീനയുടെ ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ ബെര്‍ത്തിന്‌ ഭീഷണിയില്ല. ലാറ്റിനമേരിക്കയില്‍ നിന്നും ആദ്യ നാല്‌ സ്ഥാനക്കാരാണ്‌ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ സ്വന്തമാക്കുക. ഇപ്പോള്‍ പരാഗ്വേ, ബ്രസീല്‍, ചിലി എന്നിവര്‍ക്ക്‌ പിന്നില്‍ നാലാം സ്ഥാനത്താണ്‌ മറഡോണയുടെ സംഘം. പക്ഷേ അടുത്ത മല്‍സരങ്ങളില്‍ പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ മാറും.
ബൊളിവിയക്കെതിരായ മല്‍സരത്തില്‍ തോറ്റതിന്‌ പല കാരണങ്ങള്‍ മറഡോണക്ക്‌ നിരത്താനുണ്ട്‌. പക്ഷേ അതിനൊന്നും അദ്ദേഹം മുതിരുന്നില്ല. തോല്‍വിയുടെ ഉത്തരവാദിത്ത്വം അദ്ദേഹം തന്നെ ഏറ്റെടുക്കുന്നു. ഇക്വഡോറിലെ ക്വിറ്റോയില്‍ കളിക്കുന്നത്‌ പോലെ, സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തില്‍ നില്‍ക്കുന്ന സിറ്റിയാണ്‌ ലാപാസ്‌. ഉദ്ദേശം 3,650 മീറ്റര്‍ ഉയരത്തിലുളള സിറ്റിയിലെ കാലാവസ്ഥയമായി താദാത്മ്യം പ്രാപിച്ച്‌ കളിക്കാന്‍ ലയണല്‍ മെസി, കാര്‍ലോസ്‌ ടെവസ്‌ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല. ഇതാണ്‌ തോല്‍വിക്ക്‌ പ്രധാന കാരണമായത്‌. കൂടാതെ തുടക്കത്തില്‍ തന്നെ ഗോളുകള്‍ വീണപ്പോള്‍ ടീം തളരുകയും ചെയ്‌തു. മുഖ്യതാരങ്ങള്‍ക്ക്‌ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താനും കഴിഞ്ഞില്ല. തോല്‍വിക്ക്‌ കാരണങ്ങള്‍ ഇതെല്ലാമാണെങ്കിലും ഇതിനെയൊന്നും കൂട്ടുപിടിക്കാന്‍ താനില്ലെന്ന്‌ മറഡോണ പറയുന്നു. ബൊളീവിയക്കാര്‍ വളരെ മനോഹരമായി കളിച്ചു. അവര്‍ വിജയം അര്‍ഹിക്കുന്നു. അവര്‍ നേടിയ ഓരോ ഗോളുകളും എന്റെ നെഞ്ചിലാണ്‌ തറച്ചത്‌-മറഡോണയുടെ ഇ വാക്കുകള്‍ പക്ഷേ നാട്ടുകാരുടെ മനസ്സിനെ ബാധിക്കുന്നില്ല.
ആല്‍ഫിയോ ബേസിലിന്‌ ശേഷം രാജ്യത്തിന്റെ കോച്ചായി നിയമിതനായ മറഡോണയില്‍ നിന്നും നാട്ടുകാര്‍ ധാരാളം പ്രതീക്ഷിക്കുന്നു. അവര്‍ ആഗ്രഹിച്ച തുടക്കം ടീമിന്‌ നല്‍കുന്നതില്‍ 86 ലെ ലോകകപ്പ്‌ ഹീറോ വിജയിക്കുകയും ചെയ്‌തിരുന്നു. സ്‌ക്കോട്ട്‌ലാന്‍ഡ്‌, ഫ്രാന്‍സ്‌ എന്നിവര്‍ക്കെതിരായ സന്നാഹ മല്‍സരങ്ങളില്‍ മികച്ച പ്രകടനവുമായി അര്‍ജന്റീന ജയിച്ചിരുന്നു. മറഡോണ പരിശീലകനായി ദേശീയ ടീം ഇറങ്ങിയ ആദ്യ ഔദ്യോഗിക മല്‍സരം കഴിഞ്ഞയാഴ്‌ച്ച വെനിസ്വേലക്കെതിരെയായിരുന്നു. ഈ മല്‍സരത്തില്‍ നാല്‌ ഗോളിനാണ്‌ ദേശീയ ടീം വിജയിച്ചത്‌. ഇതോടെ മറഡോണയെ വാനോളം ഉയര്‍ത്തിയ നാട്ടുകാരാണ്‌ ഒരൊറ്റ പരാജയത്തില്‍ സൂപ്പര്‍ കോച്ചിനെ വേട്ടയാടുന്നത്‌.
താരമായി, ഒട്ടേറെ സമ്മര്‍ദ്ദസാഹചര്യങ്ങളെ നേരിട്ട തനിക്ക്‌ ഈ കുറ്റപ്പെടുത്തല്‍ പുതുതല്ലെന്ന്‌ മറഡോണ പറയുന്നു. എന്റെ നാട്ടുകാര്‍ ഫുട്‌ബോളിനെ അത്രമാത്രം സ്‌നേഹിക്കുന്നു. അവര്‍ക്ക്‌ തോല്‍വികള്‍ സഹിക്കാനാവില്ല- 86 ലെ ലോകകപ്പില്‍ രാജ്യത്തിന്‌ കിരീടം സമ്മാനിച്ച താരം നിരാശയോടെ പറഞ്ഞു. ഇത്തരം തോല്‍വികള്‍ ഇനി ആവര്‍ത്തിക്കില്ല എന്നാണ്‌ അദ്ദേഹം പറയുന്നത്‌.
അടുത്ത മല്‍സരങ്ങളുടെ പ്രസക്തിയും മറഡോണ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ തീര്‍ച്ചയായും ടീമിന്‌ കഴിയും. അടുത്ത മല്‍സരങ്ങള്‍ ശക്തരായ കൊളംബിയ, ഇക്വഡോര്‍ എന്നിവര്‍ക്കെതിരാണ്‌. അവര്‍ക്കെതിരെ മികവ്‌ തെളിയിക്കണം. അതിന്‌ എന്റെ കുട്ടികള്‍ക്ക്‌ കഴിയും-കോച്ച്‌ പറഞ്ഞു. എതിരാളികള്‍ക്ക്‌ ഒരിഞ്ച്‌ പോലും വിട്ടുകൊടുക്കാത്ത ടീമാണ്‌ ബൊളീവിയ. ഈ കാര്യം മല്‍സരത്തിന്‌ മുമ്പ്‌ തന്നെ താരങ്ങളോട്‌ ഞാന്‍ പറഞ്ഞിരുന്നു. ബൊളീവിയക്കെതിരെ കളിച്ചവര്‍ക്കെല്ലാം അവരുടെ കരുത്ത്‌ അറിയാവുന്നതാണ്‌. ഹെര്‍ണാണ്ടോ സൈല്‍ സ്‌റ്റേഡിയത്തില്‍ നാട്ടുകാരുടെ തുറന്ന പിന്തുണ കൂടി ലഭിച്ചപ്പോള്‍ ബൊളിവിയക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ മാറിയെന്നും ഇതാണ്‌ തന്നെ അല്‍ഭുതപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പ്‌ ഫൈനല്‍ ബെര്‍ത്ത്‌ ആരു സ്വന്തമാക്കുമെന്ന്‌ ഇനിയും വ്യക്തമായി പറയാനായിട്ടില്ല. പരാഗ്വേ, ബ്രസീല്‍, അര്‍ജന്റീന എന്നിവര്‍ തീര്‍ച്ചയായും ടിക്കറ്റ്‌ സ്വന്തമാക്കുമെന്നാണ്‌ കരുതപ്പെട്ടത്‌. പക്ഷേ ഇവരെല്ലാം തളരുകയാണ്‌. പരാഗ്വേക്ക്‌ കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊളംബിയക്കെതിരായ മല്‍സരത്തില്‍ അവര്‍ പരാജയപ്പെട്ടു. ഇക്വഡോറിനെതിരായ മല്‍സരത്തില്‍ സമനില വഴങ്ങി. നേരത്തെ സ്വന്തമാക്കിയ വിജയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ അവര്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്‌. ബ്രസീലിന്റെ നിലയും അപകടത്തില്‍ തന്നെയാണ്‌. ഇക്വഡോറിനെതിരായ മല്‍സരത്തില്‍ സമനില വഴങ്ങിയ ബ്രസീലുകാര്‍ അവസാന മല്‍സരത്തില്‍ ദുര്‍ബലരായ പെറുവിനെതിരെയാണ്‌ മൂന്ന്‌ ഗോള്‍ വിജയം വരിച്ചത്‌. അടുത്ത മല്‍സരങ്ങള്‍ ശക്തരായ എതിരാളികള്‍ക്കെതിരെയാണ്‌. റോബിഞ്ഞോായും കക്കയും അഡ്രിയാനോയുമെല്ലാം കളിക്കുന്ന ടീമിന്‌ പഴയ ഗോള്‍ വേട്ട നടത്താന്‍ ഇത്‌ വരെ കഴിഞ്ഞിട്ടില്ല. തുടക്കത്തില്‍ ഗ്രൂപ്പിലെ ഒന്നാമന്മാരായിരുന്നു അര്‍ജന്റീന. എല്ലാ കളികളിലും വിജയിച്ച്‌ മുന്നേറിയ അവര്‍ ഒരു തോല്‍വിയെ തുടര്‍ന്നാണ്‌ കോച്ച്‌ സ്ഥാനത്ത്‌ നിന്ന്‌്‌ ബിയല്‍സയെ മാറ്റിയത്‌. ചിലിയാണ്‌ താരതമ്യേന സ്ഥിരത പ്രകടിപ്പിക്കുന്നത്‌.
കൊളംബിയ, ഉറുഗ്വേ എന്നിവരും പ്രതീക്ഷകളുമായി മുന്നേറുകയാണ്‌. 12 മല്‍സരങ്ങളാണ്‌ എല്ലാ ടീമുകളും കളിച്ചത്‌. അടുത്ത മല്‍സരങ്ങള്‍ ജൂണ്‍ ആറിലാണ്‌. അന്ന്‌ അര്‍ജന്റീന കൊളംബിയയെയും ബൊളീവിയ വെനിസ്വേലയെയും പരാഗ്വേ ചിലിയെയും പെറു ഇക്വഡോറിനെയും ഉറുഗ്വേ ബ്രസീലിനെയും നേരിടും.
പോയന്റ്‌്‌ ടേബിള്‍
പരാഗ്വേ -24
ബ്രസീല്‍-21
ചിലി-20
അര്‍ജന്റീന-19
ഉറുഗ്വേ-17
കൊളംബിയ-14
ഇക്വഡോര്‍-14
വെനിസ്വേല-13
ബൊളിവിയ-12
പെറു-7

പടിക്ക്‌ പുറത്ത്‌
ഗോ എറിക്‌,ഗോ
മെക്‌സിക്കോസിറ്റി: ഒരൊറ്റ മല്‍സരത്തിലെ പരാജയം-അതോടെ അവസാനിച്ചിരിക്കുന്നു ഗോരാന്‍ എറിക്‌സണും മെക്‌സിക്കോയും തമ്മിലുള്ള ബന്ധം. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ഹോണ്ടുറാസിനോട്‌ മെക്‌സിക്കോ 1-3 ന്‌്‌ തോറ്റതിന്‌ പിറകെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത്‌ നിന്നും എറിക്‌സണെ മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇന്നലെ പുറത്താക്കി. അഞ്ച്‌ ദിവസം മുമ്പ്‌ ഇതേ എറിക്‌സണ്‍ മെക്‌സിക്കോക്ക്‌ വന്‍വിജയം സമ്മാനിച്ചിരുന്നു-ശക്തരായ കോസ്‌റ്റാറിക്കക്കെതിരെ. പക്ഷേ ഹോണ്ടുറാസിന്‌ മുന്നില്‍ ടീം നാണകെട്ടത്‌ നാട്ടുകാര്‍ക്കും ഫുട്‌ബോള്‍ ഫെഡറേഷനും സഹിക്കാനായില്ല. 13 മല്‍സരങ്ങളില്‍ മാത്രം രാജ്യത്തെ നയിച്ച അനുഭവസമ്പന്നനായ സ്വിഡിഷുകാരന്‌ വളരെ പെട്ടെന്നാണ്‌ മടക്കടിക്കറ്റ്‌ സമ്മാനിച്ചിരിക്കുന്നത്‌.
കോണ്‍കാകാഫില്‍ നിന്നും അമേരിക്ക, കോസ്‌റ്റാറിക എന്നിവരാണ്‌ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്‌. ആദ്യ മൂന്ന്‌്‌ ടീമുകള്‍ക്കാണ്‌ ഇവിടെ നിന്നും ഫൈനല്‍ റൗണ്ട്‌ ടിക്കറ്റ്‌. നാലാം സ്ഥാനത്ത്‌ വരുന്ന ടീമിന്‌ ലാറ്റിനേമരിക്കയിലെ അഞ്ചാം സ്ഥാനക്കാരുമായി പ്ലേ ഓഫിന്‌ അവസരമുണ്ട്‌. മെക്‌സിക്കോ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്‌ കാണാനാണ്‌ രാജ്യം ആഗ്രഹിക്കുന്നതെന്നും അത്‌ കൊണ്ടാണ്‌ എറിക്‌സണെ പുറത്താക്കുന്നതെന്നുമാണ്‌ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിശദീകരണം. ഫെഡറേഷന്റെ തീരുമാനത്തില്‍ എറിക്‌സണ്‍ നിരാശ പ്രകടിപ്പിച്ചു. മെക്‌സിക്കോയെ ലോകകപ്പ്‌ ഫൈനല്‍ റൗണ്ടിലെത്തിക്കുകയായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്നും എന്നാല്‍ പകുതി വഴിയില്‍ വെച്ച്‌ തന്നെ ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിരാശയുണ്ടെന്നുമാണ്‌ ഇംഗ്ലണ്ടിന്റെ മുന്‍ കോച്ചായ എറിക്‌സണ്‍ പറഞ്ഞത്‌. കഴിഞ്ഞ രണ്ട്‌ ലോകകപ്പുകളില്‍ ഇംഗ്ലീഷ്‌ ദേശീയ ടീമിനെയാണ്‌ എറിക്‌സണ്‍ പരിശീലിപ്പിച്ചത്‌. ഡേവിഡ്‌ ബെക്കാമും മൈക്കല്‍ ഓവനും വെയിന്‍ റൂണിയുമെല്ലാം കളിച്ച സൂപ്പര്‍ ടീമിനെ പക്ഷേ ലോകകപ്പിന്റെ അവസാന നാലില്‍ എത്തിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. തുടര്‍ന്നാണ്‌ അദ്ദേഹം പടിയിറങ്ങിയത്‌.
മെക്‌സിക്കന്‍ ദേശീയ ടീമില്‍ രാജ്യത്ത്‌ കളിക്കുന്ന നാല്‌ വിദേശ താരങ്ങളെ എറിക്‌സണ്‍ ഉള്‍പ്പെടുത്തിയത്‌ വന്‍ വിവാദമായിരുന്നു. കൂടുതല്‍ അവസരങ്ങള്‍ തനിക്ക്‌ ഫെഡറേഷന്‍ നല്‍കിയില്ലെന്നും മെക്‌സിക്കന്‍ സംഘത്തിന്‌ ഉയര്‍ന്ന പ്രകടനം തീര്‍ച്ചയായും കാഴ്‌ച്ചവെക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വീഡനിലെ പ്രമുഖ ടീമായ ഐ.എഫ്‌.കെ ഗോഥന്‍ബര്‍ഗ്ഗ്‌, പോര്‍ച്ചുഗല്‍ ക്ലബായ ബെനഫിക, ഇറ്റാലിയന്‍ ടീമായ ഏ.എസ്‌ റോമ, സാംപദോറിയോ, ലാസിയോ എന്നിവരെയെല്ലാം പരിശീലിപ്പിച്ചാണ്‌ എറിക്‌സണ്‍ ഇംഗ്ലീഷ്‌ ദേശീയ ടീമിനൊപ്പമെത്തിയത്‌. 2002 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടര്‍ വരെയെത്തിക്കാനാണ്‌ അദ്ദേഹത്തിന്‌ കഴിഞ്ഞത്‌. യൂറോ 2004 ലും 2006 ലെ ലോകകപ്പിലും ഇംഗ്ലണ്ട്‌ ക്വാര്‍ട്ടറില്‍ പുറത്തായി. ഇംഗ്ലണ്ട്‌ വിട്ട ശേഷം അല്‍പ്പകാലം പ്രീമിയര്‍ ലീഗ്‌ ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായിരുന്നു.
എറിക്‌സണ്‌ പകരം സ്‌പാനിഷ്‌ ക്ലബായ അത്‌ലറ്റികോ മാഡ്രിഡിന്റെ മുന്‍ പരിശീലകന്‍ ജാവിയര്‍ അക്വിര്‍ വരുമെന്നാണ്‌ സൂചനകള്‍. മെക്‌സികന്‍ ക്ലബായ ടോലുകയുടെ പരിശീലകന്‍ ജോസ്‌ മാനുവലിനും സാധ്യത കല്‍പ്പിക്കുന്നുണ്ട്‌.
കോണ്‍കാകാഫ്‌ പോയന്റ്‌്‌ നില
അമേരിക്ക-7
കോസ്‌റ്റാറിക്ക-6
ഹോണ്ടുറാസ്‌-4
മെക്‌സിക്കോ-3
എല്‍സാവഡോര്‍-2
ട്രിനിഡാഡ്‌-2


സംഭവബഹുലം
വെല്ലിംഗ്‌ടണ്‍: ഇന്ത്യ-ന്യൂസിലാന്‍ഡ്‌ മൂന്നാം ടെസ്റ്റിന്റെ ആദ്യദിവസം സംഭവബഹുലം. ഒമ്പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ ഇന്ത്യ 375 റണ്‍സ്‌ സ്വന്തമാക്കി ഡ്രൈവിംഗ്‌ സീറ്റിലെത്തി. വിരേന്ദര്‍ സേവാഗ്‌ (48), രാഹുല്‍ ദ്രാവിഡ്‌ (35), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (62), എം.എസ്‌ ധോണി (52), ഹര്‍ഭജന്‍സിംഗ്‌ (60), സഹീര്‍ഖാന്‍ (33) എന്നിവരുടെ കരുത്തിലാണ്‌ ഇന്ത്യ പറന്നത്‌. ഇഷാന്ത്‌ ശര്‍മയും (15), മുനാഫ്‌ മൂസ പട്ടേലുമാണ്‌ (14) ക്രീസില്‍. ന്യൂസിലാന്‍ഡിന്‌ വേണ്ടി ക്രിസ്‌ മാര്‍ട്ടിന്‍ മൂന്ന്‌്‌ വിക്കറ്റ്‌ നേടിയപ്പോള്‍ ടീം സൗത്തിക്കും ഒബ്രിയാനും രണ്ട്‌ വിക്കറ്റുകള്‍ ലഭിച്ചു.
ടോസ്‌ ന്യൂസിലാന്‍ഡിനായിരുന്നു. അവര്‍ ഇന്ത്യയെ ബാറ്റിംഗിനയച്ചപ്പോള്‍ സേവാഗ്‌ പതിവ്‌ ശൈലിയില്‍ തന്നെ തുടങ്ങി. ശരവേഗതയില്‍ സ്‌ക്കോര്‍ നീങ്ങിയ ഘട്ടത്തില്‍ രണ്ട്‌ ഓപ്പണര്‍മാരും പെട്ടെന്ന്‌ മടങ്ങി. ദ്രാവിഡും സച്ചിനും രക്ഷാദൗത്യത്തില്‍ വിജയിച്ചപ്പോള്‍ കിവി ബൗളര്‍മാര്‍ വീണ്ടും അപകടകാരികളായി. ലക്ഷ്‌മണും യുവരാജും കാര്യമായ സംഭാവന നല്‍കിയില്ല. പക്ഷേ വാലറ്റത്തില്‍ ധോണിയും ഹര്‍ഭജനും സഹീറും കത്തിനിന്നു. 35 ഓവറില്‍ 185 റണ്‍സ്‌ വാരിക്കൂട്ടിയ ഇന്ത്യന്‍ വാലറ്റത്തിനാണ്‌ മാര്‍ക്ക്‌. ചായക്ക്‌ പിരിയുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ അഞ്ച്‌ വിക്കറ്റിന്‌ 190 റണ്‍സായിരുന്നു. പിന്നെയത്‌ ആറിന്‌ 204 ആയി. അവിടെ നിന്നാണ്‌ ധോണിയും ഹര്‍ഭജനും ഒരുമിച്ചത്‌. ഈ സഖ്യം 79 റണ്‍സ്‌ നേടി. വെല്ലിംഗ്‌ടണില്‍ ഇന്ത്യ സ്വന്തമാക്കുന്ന ഉയര്‍ന്ന സ്‌ക്കോറാണിത്‌. 1998 ലെ പര്യടനത്തില്‍ നേടിയ 356 റണ്‍സായിരുന്നു ഇത്‌ വരെയുള്ള ഉയര്‍ന്ന സ്‌ക്കോര്‍.
തേര്‍ഡ്‌ ഐ
ബേസിന്‍ റിസര്‍വില്‍ ഇന്നലെ നടന്നത്‌ ഒരു ടെസ്റ്റ്‌ മല്‍സരമായിരുന്നില്ല-വണ്‍ഡേ ക്രിക്കറ്റായിരുന്നു. 90 ഓവറുകളില്‍ ഇന്ത്യ നേടിയത്‌ 375 റണ്‍സ്‌. ഒമ്പത്‌ വിക്കറ്റുകള്‍ നിലംപൊത്തി. പിറന്നത്‌ 49 ബൗണ്ടറികളും മൂന്ന്‌്‌ സിക്‌സറുകളും. ഇന്നിംഗ്‌സിലെ നാലാം ഓവറില്‍ തന്നെ സിക്‌സര്‍ പറത്തി സേവാഗ്‌ അടിപൊളിക്ക്‌ തുടക്കമിട്ടപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും മഹേന്ദ്രസിംഗ്‌ ധോണിയും ഹര്‍ഭജന്‍ സിംഗും സഹീര്‍ഖാനുമെല്ലാം തട്ടുതകര്‍പ്പന്‍ ബാറ്റിംഗ്‌ നടത്തി. കിവി ബൗളര്‍മാരാവട്ടെ ഇടക്കിടെ വിക്കറ്റുകളും സ്വന്തമാക്കി. ഒരു പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യദിവസം ഇങ്ങനെയായിരിക്കുമെന്ന്‌ ആരും കരുതിയിട്ടുണ്ടാവില്ല.
ആദ്യദിവസം വലിയ സ്‌ക്കോര്‍ നേടാനായെങ്കിലും ഇന്ത്യന്‍ ടീമിന്റെ അസ്ഥിര ഭാവമാണ്‌ ഇന്നലെയും തെളിഞ്ഞത്‌. ഹാമില്‍ട്ടണില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ പത്ത്‌ വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ടീം നേപ്പിയര്‍ മല്‍സരത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഭാഗ്യത്തിന്‌ മാത്രം സമനിലയില്‍ രക്ഷപ്പെട്ടവര്‍ ഇന്നലെ പ്രകടിപ്പിച്ചതും അസ്ഥിരതയാണ്‌. സേവാഗും ഗാംഭീറും നല്ല തുടക്കം നല്‍കി. പിന്നെ ദ്രാവിഡും ലക്ഷ്‌മണും യുവരാജും പെട്ടെന്ന്‌ പുറത്തായി. ധോണിയും ഹര്‍ഭജനും തമ്മിലുളള സഖ്യം കളിക്കുമ്പോള്‍ ഏത്‌ നിമിഷവും വിക്കറ്റ്‌ വീഴുമെന്ന അവസ്ഥയായിരുന്നു. വാലറ്റക്കാര്‍ കാര്യമായ സംഭാവന നല്‍കിയിരുന്നില്ലെങ്കില്‍ ടീമിന്റെ ഗതി ദയനീയമാവുമായിരുന്നു. ഇന്നത്തെ അവസ്ഥയും പറയാനാവില്ല. സഹീറും ഇഷാന്തും മുനാഫും നല്ല ബൗളര്‍മാരാണ്‌. ഇവരാണ്‌ ഹാമില്‍ട്ടണില്‍ ഭീതി വിതച്ചത്‌. അതേ ഇവര്‍ തന്നെ നേപ്പിയറില്‍ വിയര്‍ത്തു. ഇവിടെ എന്താണ്‌ സംഭവിക്കുകയെന്ന്‌ പറയാനാവില്ല. എന്തായാലും ന്യൂസിലാന്‍ഡില്‍ ടെസ്റ്റ്‌ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ അടുത്ത നാല്‌ ദിവസങ്ങളിലും വിയര്‍ക്കേണ്ടി വരും.

ജാമ്യമില്ല
ലാഹോര്‍: വണ്ടിചെക്ക്‌ കേസില്‍ അറസ്‌റ്റിലായ പാക്കിസ്‌താന്‍ മുന്‍ ക്രിക്കറ്റര്‍ ഇജാസ്‌ അഹമ്മദിന്‌ ജാമ്യമില്ല. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി പതിനാല്‌ ദിവസത്തേക്ക്‌ നാല്‍പ്പതുകാരനെ റിമാന്‍ഡിലാക്കി. കോടിക്കണക്കിന്‌ രൂപ വരുന്ന രണ്ട്‌ വണ്ടിചെക്കുകള്‍ ഇജാസ്‌ നല്‍കിയതാണ്‌ പ്രശ്‌നമായത്‌. രോഗിയായ ഇജാസിന്‌ സമ്പൂര്‍ണ്ണ മെഡിക്കല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിച്ചാണ്‌ അദ്ദേഹത്തെ കോടതി ജയിലിലേക്കയച്ചത്‌. റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇജാസ്‌ നല്‍കിയ രണ്ട്‌ ചെക്കുകളും പണമില്ലാത്തവയായിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും തന്നെ വെറുതെ വിടണമെന്നുമുള്ള അദ്ദേഹത്തിന്റെ വാദം അംഗീകരിക്കപ്പെട്ടില്ല.
മഹാന്‍
വെല്ലിംഗ്‌ടണ്‍: ലോക ക്രിക്കറ്റിലെ മഹാനായ താരം സച്ചിന്‍ ടെണ്ടുല്‍ക്കറല്ലാതെ മറ്റാരുമല്ലെന്ന്‌ കിവി ക്രിക്കറ്റ്‌ ഇതിഹാസം റിച്ചാര്‍ഡ്‌ ഹാഡ്‌ലി. വെല്ലിംഗ്‌ടണ്‍ ടെസ്‌റ്റിന്റെ ആദ്യദിവസം നടന്ന ചടങ്ങിലൂടെ ഐ.സി.സി ഹാള്‍ ഓഫ്‌ ഫെയിമില്‍ അംഗമായ ഹാഡ്‌ലി സച്ചിനെ വാനോളം പുകഴ്‌ത്താന്‍ മറന്നില്ല. 1990 ലെ പര്യടനത്തില്‍ താന്‍ സച്ചിനെതിരെ കളിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ കരുത്ത്‌ അപാരമാണെന്നും ഇത്രയും കാലം രാജ്യാന്തര രംഗത്ത്‌ പിടിച്ചുനില്‍ക്കുക എളുപ്പമല്ലെന്നും ഹാഡ്‌ലി പറഞ്ഞു. ക്രിക്കറ്റ്‌ ഇതിഹാസമായ ബ്രാഡ്‌മാന്‍ ടെസ്റ്റ്‌ ക്രിക്കറ്റ്‌ മാത്രമാണ്‌ കളിച്ചത്‌. സച്ചിന്‍ ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും കഴിവ്‌ തെളിയിച്ചിട്ടുണ്ടെന്നും ഹാഡ്‌ലി പറഞ്ഞു.
ഗ്രീന്‍ സിഗ്നല്‍
മെല്‍ബണ്‍: ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്റെ കാലം കഴിഞ്ഞിട്ടില്ല. അദ്ദേഹത്തെ ഓസ്‌ട്രേലിയ തിരിച്ചുവിളിച്ചിരിക്കുന്നു. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന 20:20 ലോകകപ്പിനുളള മുപ്പതംഗ സാധ്യതാ സംഘത്തില്‍ സൈമണ്ട്‌സിനെ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ഉള്‍പ്പെടുത്തി. അച്ചടക്ക പ്രശ്‌നത്തില്‍ ടീമിന്‌ പുറത്തായ സൈമണ്ട്‌സിനെ കൂടാതെ സാധ്യതാ സംഘത്തില്‍ ബ്രെട്ട്‌ ലീയും ഷോണ്‍ ടെയിറ്റുമെല്ലാമുണ്ട്‌.
ഈസ്‌റ്റ്‌ ബംഗാള്‍
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഈസ്‌റ്റ്‌ ബംഗാള്‍ 2-1ന്‌ ജെ.സി.ടി മില്‍സ്‌ ഫഗ്‌വാരയെ പരാജയപ്പെടുത്തി. യൂസഫ്‌ യാക്കുബാണ്‌ ഈസ്റ്റ്‌ ബംഗാളിന്റെ രണ്ട്‌ ഗോളുകളും സ്‌ക്കോര്‍ ചെയ്‌തത്‌. അദ്ദേഹമാണ്‌ കളിയിലെ കേമന്‍. എഡ്വാര്‍ഡോ ഡാസില്‍വ എസ്‌കോബാര്‍ ജെ.സി.ടിയുടെ ആശ്വാസ ഗോള്‍ നേടി.

പിഴ
ബോണ്‍: വെയില്‍സിനെതിരായ ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തിനിടെ ക്യാപ്‌റ്റന്‍ മൈക്കല്‍ ബലാക്കിന്റെ മുഖത്തടിച്ച ജര്‍മന്‍ മുന്‍നിരക്കാരന്‍ ലുക്കാസ്‌ പോദോസ്‌ക്കി എല്ലാവരോടും മാപ്പ്‌ പറഞ്ഞു. ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെടുന്ന തുക പിഴയായി അടക്കാമെന്നും അദ്ദേഹം അറിയിച്ചു. സംഭവം ജര്‍മനിയില്‍ വലിയ വിവാദമായിട്ടുണ്ട്‌. പക്ഷേ പ്രശ്‌നത്തില്‍ ഫിഫ ഇടപ്പെട്ടിട്ടില്ല. വെയില്‍സിനെതിരെ കളിക്കവെ എല്ലാവരെയും സാക്ഷിയാക്കിയാണ്‌ പോദോസ്‌ക്കി നായകനെ അടിച്ചത്‌. തന്റെ ചെയ്‌തിയില്‍ കുറ്റബോധമുണ്ടെന്നും മാപ്പ്‌ നല്‍കണമെന്നുമാണ്‌ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. മാധ്യമങ്ങളെല്ലാം പോദോസ്‌ക്കിയെ കനത്ത ഭാഷയില്‍ വിമര്‍ശിച്ചു. ലോകത്തിന്‌ മുന്നില്‍ രാജ്യത്തെ അപമാനിക്കുകയാണ്‌ പോദോസ്‌ക്കി ചെയ്‌തതെന്നാണ്‌ പത്രങ്ങള്‍ കുറ്റപ്പെടുത്തിയത്‌.

2 comments:

അനൂപ്‌ കോതനല്ലൂര്‍ said...

ഈ ബ്ലോഗില്‍ ഇന്നാണ് ആദ്യമായിട്ട് വരുന്നത്

KAMALVARADOOR said...

tks anoop
visit daily