Thursday, April 2, 2009

ARGENTINIAN SHOCK

വന്‍ അട്ടിമറി
ലാപാസ്‌: ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ കനകത്ത അട്ടിമറി.... ഡിയാഗോ മറഡോണ പരിശീലിപ്പിച്ച അര്‍ജന്റീനയുടെ സൂപ്പര്‍ സംഘത്തെ ബൊളീവിയക്കാര്‍ തരിപ്പണമാക്കി. സ്‌ക്കോര്‍ ലൈന്‍ അറിയുമ്പോഴാണ്‌ ശരിക്കും ഞെട്ടുക, 1-6. സ്വന്തം സോക്കര്‍ ചരിത്രത്തിലെ ദയനീയ തോല്‍വികളിലൊന്നില്‍ അര്‍ജന്റീന അകപ്പെട്ടപ്പോള്‍ അഞ്ച്‌ തവണ ലോകകപ്പ്‌ സ്വന്തമാക്കിയ ബ്രസീല്‍ മൂന്ന്‌ ഗോളിന്‌ പെറുവിനെ പരാജയപ്പെടുത്തി മാനം കാത്തു. വന്‍കരയില്‍ ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ കരുത്തരായ പരാഗ്വേയെ ഇക്വഡോര്‍ 1-1 ല്‍ തളച്ചപ്പോള്‍ ചിലി -ഉറുഗ്വേ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
ഗ്രൂപ്പില്‍ ഇപ്പോഴും പരാഗ്വേ തന്നെയാണ്‌ മുന്നില്‍. എല്ലാ ടീമുകളും 12 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പരാഗ്വേ 24 പോയന്റ്‌്‌ സ്വന്തമാക്കിയിട്ടുണ്ട്‌. ഇത്‌ വരെ നാലാം സ്ഥാനത്തായിരുന്ന ബ്രസീല്‍ 21 പോയന്റ്‌്‌ സ്വന്തമാക്കി രണ്ടാമത്‌ വന്നപ്പോള്‍ ചിലി 20 പോയന്റുമായി മൂന്നാമതാണ്‌. അര്‍ജന്റീന 19 പോയന്റുമായി നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. കൊളംബിയ, ഇക്വഡോര്‍, വെനിസ്വേല, ബൊളിവിയ, പെറു എന്നിവരാണ്‌ അടുത്ത സ്ഥാനങ്ങളില്‍.
വലിയ മാര്‍ജിനില്‍ വിജയിച്ച്‌ ഗ്രൂപ്പില്‍ മുന്നിലെത്തുക എന്ന ലക്ഷ്യത്തിലാണ്‌ ഇന്നലെ മറഡോണയും സംഘവും കളിച്ചത്‌. പക്ഷേ തുടക്കം മുതല്‍ ഒന്നിന്‌ പിറകെ ഒന്നായി ബൊളീവിയക്കാര്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ തിരിച്ചടിക്കാന്‍ കഴിയാത്ത രീതിയില്‍ അര്‍ജന്റീന നിറം മങ്ങി. ഹാട്രിക്‌ സ്വന്തമാക്കിയ ജാക്വിന്‍ ബോയട്ടറോയാണ്‌ മല്‍സര ഹീറോ. മാര്‍സിലോ മാര്‍ട്ടിനസ്‌, അലക്‌സ്‌ ഡാറോസ, ഡിഡി ടോറികോ എന്നിവരാണ്‌ മറ്റ്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ ലൂയിസ്‌ ഗോണ്‍സാലസിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
ബൊളീവിയയിലെ കടുത്ത ആരാധകര്‍ പോലും ഇത്രയും വലിയ വിജയം സ്വന്തം ടീം നേടുമെന്ന്‌ കരുതിയിട്ടുണ്ടാവില്ല. മറഡോണ പരിശീലിപ്പിക്കുന്ന, ലയണല്‍ മെസ്സി കളിക്കുന്ന സൂപ്പര്‍ ടീമിന്റെ സൂപ്പര്‍ പ്രകടനം കാണാനാണ്‌ ബൊളീവിയക്കാര്‍ ലാപാസിലെ വേദിയിലെത്തിയത്‌. പക്ഷേ ബൊളീവിയന്‍ കോച്ച്‌ എര്‍വിന്‍ സാഞ്ചസിന്റെ ചിന്തകളില്‍ ഗോള്‍വേട്ട മാത്രമായിരുന്നു. കൊളംബിയക്കെതിരെ കഴിഞ്ഞയാഴ്‌ച്ച നടന്ന മല്‍സരത്തില്‍ സൂപ്പര്‍ താരങ്ങളെയെല്ലാം അദ്ദേഹം അകറ്റിനിര്‍ത്തിയിരുന്നു. അര്‍ജന്റീനക്കെതിരെ എല്ലാവരെയും രംഗത്തിറക്കാനായിരുന്നു ഇത്‌. ഇന്നലെ എല്ലാവരും കളിച്ചു. അതാണ്‌ ശരിക്കും അര്‍ജന്റീനക്ക്‌ ഷോക്കായി മാറിയത്‌. 1958 ലായിരുന്നു അര്‍ജന്റീനയുടെ ഏറ്റവും വലിയ ഷോക്കിംഗ്‌ തോല്‍വി. സ്വീഡനില്‍ നടന്ന ലോകകപ്പില്‍ അന്ന്‌ ചെകോസ്ലാവാക്യയോട്‌ 1-6 ന്‌ അവര്‍ പരാജയപ്പെട്ടിരുന്നു സോക്കര്‍ ലോകം അല്‍ഭുതത്തോടെ നോക്കിയ പരാജയമായിരുന്നു അത്‌. പിന്നീട്‌ ടീം മാറി. മറഡോണ ടീമിന്റെ നട്ടെല്ലായപ്പോള്‍ വിജയങ്ങള്‍ മാത്രമായിരുന്നു ടീമിന്‌ സ്വന്തം. ഇപ്പോള്‍ അതേ മറഡോണ കോച്ചായി അവതരിച്ച മല്‍സരത്തിലാണ്‌ ഏറ്റവും വലിയ ദുരന്തം ടീം ഏറ്റുവാങ്ങിയിരിക്കുന്നത്‌. ഒരു കാര്യത്തില്‍ മാത്രം മറഡോണക്ക്‌ ആശ്വസിക്കാം-ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്തുണ്ട്‌ ടീം. ആദ്യ നാല്‌ സ്ഥാനക്കാര്‍ക്കാണ്‌ ഫൈനല്‍ റൗണ്ട്‌ ബെര്‍ത്ത്‌.
ഗ്രൂപ്പിലെ കഴിഞ്ഞ 11 മല്‍സരങ്ങളില്‍ ആകെ ഏഴ്‌ ഗോളുകള്‍ മാത്രമായിരുന്നു അര്‍ജന്റീന വഴങ്ങിയത്‌. പക്ഷേ ഇന്നലെ ഒരൊറ്റ മല്‍സത്തില്‍ മാത്രം ടീം ആറ്‌ ഗോളുകള്‍ വാങ്ങി. എന്താണ്‌ സംഭവിച്ചത്‌ എന്ന ചോദ്യത്തിന്‌ മറഡോണക്ക്‌ ഉത്തരമില്ല. ബൊളീവിയക്ക്‌ ബോയിട്ടറോ, മാര്‍ട്ടിനസ്‌ എന്നീ രണ്ട്‌ കരുത്തരായ സ്‌ട്രൈക്കര്‍മാര്‍ ഉണ്ടെന്ന സത്യം മറഡോണ മനസ്സിലാക്കിയില്ല. ഇത്‌ വരെ 19 ഗോളുകളാണ്‌ ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ബൊളീവിയ സ്വന്തമാക്കിയത്‌. ഇതില്‍ 14 ഗോളുകളും സ്‌ക്കോര്‍ ചെയ്‌തത്‌ ഈ ഇരട്ടകളായിരുന്നു. അര്‍ജന്റീനിയന്‍ പ്രതിരോധത്തെ വേഗതയില്‍ കബളിപ്പിച്ചാണ്‌ ബോയിട്ടറോ ഹാട്രിക്‌ നേടിയത്‌. എല്ലാ ഗോളുകള്‍ക്കും പിറകില്‍ മാര്‍ട്ടിനസായിരുന്നു.
ക്വിറ്റയില്‍ ഇക്വഡോര്‍ നല്‍കിയ ഷോക്കില്‍ നിന്നുമെത്തിയ ബ്രസീല്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ പെറുവിനെതിരെ ആദ്യാവസാനം ആക്രമണത്തിലായിരുന്നു. അതിന്റെ ഫലമാണ്‌ കണ്ടത്‌. ലൂയിസ്‌ ഫാബിയോനാ രണ്ട്‌ വട്ടം എതിര്‍ നെറ്റ്‌ ചലിപ്പിച്ചപ്പോള്‍ ഫെലിപെ മോളെ ഒരു ഗോള്‍ സ്‌ക്കോര്‍ ചെയ്‌തു. ഡുംഗെയുടെ സൂപ്പര്‍ സംഘത്തിന്‌ ശരിക്കും നിലനില്‍പ്പിന്റെ അങ്കമായിരുന്നു ഇത്‌. കഴിഞ്ഞ മല്‍സരത്തിലെ ക്ഷീണം അകറ്റാന്‍ പറ്റിയ എതിരാളികളുമായിരുന്നു പെറു. ഇക്വഡോറിനെതിരായ മല്‍സരത്തില്‍ ബ്രസീല്‍ വലയം കാത്ത ജൂലിയസ്‌ സീസര്‍ക്ക്‌ പിടിപ്പത്‌ ജോലിയായിരുന്നു. അദ്ദേഹമായിരുന്നു ശരിക്കും ബ്രസീലിനെ രക്ഷിച്ചത്‌. ഇന്നലെ അതേ സീസര്‍ക്ക്‌ പക്ഷേ ജോലി കുറവായിരുന്നു. മധ്യനിരക്ക്‌ കരുത്ത്‌ പകരാന്‍ കക്ക ഇറങ്ങിയതോടെ കളി മാറി. റോബിഞ്ഞോ യഥാര്‍ത്ഥ മികവുമായി മുന്നേറ്റങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചു.
ക്വിറ്റോയില്‍ പരാഗ്വേ ശരിയായ സോക്കറാണ്‌ കാഴ്‌ച്ചവെച്ചത്‌. മല്‍സരം ക്വിറ്റോ നഗരത്തിലായതിനാല്‍ ആക്രമിക്കാന്‍ അവര്‍ മുതിര്‍ന്നതേയില്ല. പതുക്കെ പതുക്കെ തുടങ്ങിയുളള ഗെയിമില്‍ 1-1 സമനില നേടാനായത്‌ അവരുടെ ഭാഗ്യമാണ്‌. ബ്രസീലിനെ പോലുളള കരുത്തര്‍ ക്വിറ്റോയില്‍ കളിച്ച്‌ തോല്‍വിയുമായി മടങ്ങുമ്പോഴാണ്‌ പരാഗ്വേക്ക്‌ സമനില കൈവരിക്കാന്‍ കഴിഞ്ഞത്‌. സാന്‍ഡിയാഗോയില്‍ നടന്ന ചിലി-ഉറുഗ്വേ മല്‍സരത്തില്‍ തീപാറുന്ന നീക്കങ്ങള്‍ കുറവായിരുന്നു. പ്രതീക്ഷിക്കപ്പെട്ട പോലെ മല്‍സരം സമനിലയിലായി.

ഇറ്റലിക്ക്‌ സമനില, സ്‌പെയിന്‍, ഇംഗ്ലണ്ട്‌ മുന്നോട്ട്‌
ലണ്ടന്‍: യൂറോപ്പില്‍ ഇന്നലെ നടന്നത്‌ 23 ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍. ഇത്രയും പോരാട്ടങ്ങളില്‍ നിന്നായി പിറന്നത്‌ 63 ഗോളുകള്‍. അതായത്‌ മല്‍സരങ്ങളിലെ ഗോള്‍ ശരാശരി 2.73. ലോകകപ്പ്‌ ചാമ്പ്യന്മാരായ ഇറ്റലിയെ റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌ സമനിലയില്‍ തളച്ചതായിരുന്നു പ്രധാന സംഭവം. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍, ഇംഗ്ലണ്ട്‌, ഹോളണ്ട്‌ തുടങ്ങിയ പ്രബലരെല്ലാം വിജയിച്ചു. ഒരു ഗോളിന്‌ പിറകില്‍ നിന്ന ശേഷം തകര്‍പ്പന്‍ പ്രകടനം നടത്തിയ സ്‌പെയിന്‍ തുര്‍ക്കിയെ 2-1 നാണ്‌ തോല്‍പ്പിച്ചത്‌. സാമി സെന്‍തൂര്‍ക്ക്‌ മല്‍സരത്തിന്റെ ഇരുപത്തിയാറാം മിനുട്ടില്‍ സ്‌പാനിഷ്‌ വല ചലിപ്പിച്ചിരുന്നു. ഒന്നാം പകുതിയില്‍ ഈ ലീഡ്‌ നിലനിര്‍ത്താനും അവര്‍ക്കായി. എന്നാല്‍ രണ്ടാം പകുതിയില്‍ സാബി അലോണ്‍സോയുടെ പെനാല്‍ട്ടി ഗോളില്‍ സ്‌പെയിന്‍ ഒപ്പമെത്തി. കളിയുടെ അവസാനത്തില്‍ ആല്‍ബെര്‍ട്ടോ റിയറ വിജയഗോള്‍ സ്‌ക്കോര്‍ ചെയ്‌തു. ഗ്രൂപ്പിലെ ഏറ്റവും ശക്തമായ മല്‍സരത്തില്‍ കരുതലോടെയാണ്‌ സ്‌പാനിഷ്‌ ടീം കളിച്ചത്‌. പരിചയസമ്പന്നരായ താരങ്ങളെല്ലാം സ്‌പാനിഷ്‌ സംഘത്തിലുണ്ടായിരുന്നു. പക്ഷേ തുടക്കത്തില്‍ നേടാനായ ഗോള്‍ തുര്‍ക്കിക്ക്‌ ഉണര്‍വേകി. കഴിഞ്ഞ 31 മല്‍സരങ്ങളിലായി തോല്‍വിയറിയാതെ മുന്നേറുകയാണ്‌ സ്‌പാനിഷ്‌പ്പട.
മല്‍സരത്തിന്റെ 87 മിനുട്ടും പത്ത്‌ പേരുമായി കളിച്ച ലോക ചാമ്പ്‌്യന്മാരായ ഇറ്റലിക്ക്‌ റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌ ഷോക്ക്‌ ട്രീറ്റ്‌മെന്റാണ്‌ നല്‍കിയത്‌. മുന്‍നിരക്കാരനായ ജിയോ പോളോ പാസിനിയുടെ സേവനം തുടക്കത്തില്‍ തന്നെ ടീമിന്‌ നഷ്ടമായിരുന്നു. വിന്‍സെന്‍സോ ലാക്വിന്റ പത്താം മിനുട്ടില്‍ ഇറ്റലിക്കായി ഗോള്‍ നേടി. മല്‍സരം അവസാനിക്കാന്‍ ഒരു മിനുട്ട്‌ മാത്രം ശേഷിക്കെ റോബി കീന്‍ അയര്‍ലാന്‍ഡിനെ ഒപ്പമെത്തിച്ചു.
ചെക്ക്‌ റിപ്പബ്ലിക്കിന്‌ അപ്രതീക്ഷിത തോല്‍വിയേറ്റു. സ്ലോവാക്യയാണ്‌ 2-1 ന്റെ അല്‍ഭുത വിജയം ആഘോഷിച്ചത്‌. പരുക്ക്‌ കാരണം പല വമ്പന്‍ താരങ്ങളുടെയും സേവനമില്ലാതെ കളിച്ച ചെക്കുകാര്‍ മല്‍സരത്തില്‍ ആ്‌ദ്യാവസാനം നിഷ്‌പ്രഭരാവുകയായിരുന്നു.
യൂറോപ്യന്‍ ഗ്രൂപ്പ്‌ ഒന്നില്‍ ഡെന്മാര്‍ക്കും ഹംഗറിയും മുന്നേറുകയാണ്‌. ഗ്രൂപ്പ്‌ രണ്ടില്‍ ഇസ്രാഈലിന്‌ ആഘാതമേറ്റു. ഗ്രീസാണ്‌ 2-1 ന്‌ ഇസ്രഈലിനെ പരാജയപ്പെടുത്തിയത്‌. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്‌ രണ്ട്‌ ഗോളിന്‌ മോള്‍ദോവയെ തോല്‍പ്പിച്ചപ്പോള്‍ ലാത്വിയ രണ്ട്‌ ഗോളിന്‌ ലക്‌സംബര്‍ഗ്ഗിനെ പരാജയപ്പെടുത്തി. ഗ്രൂപ്പ്‌ മൂന്നിലെ മല്‍സരത്തില്‍ നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌ ഒരു ഗോളിന്‌ സ്ലോവേനിയയെ പരാജയപ്പെടുത്തി. ഇതേ ഗ്രൂപ്പില്‍ സാന്‍മറീനോയുടെ വലയില്‍ പത്ത്‌ ഗോളുകള്‍ നിക്ഷേപിച്ച്‌ പോളണ്ട്‌ കരുത്ത്‌ കാട്ടി. ഗ്രൂപ്പ്‌ നാലില്‍ റഷ്യ ഒരു ഗോളിന്‌ ലൈഞ്ചസ്‌റ്റിനെ പരാജയപ്പെടുത്തി. ജര്‍മനി രണ്ട്‌ ഗോളിന്‌ വെയില്‍സിനെ കീഴടക്കി ഗ്രൂപ്പിലെ സാധ്യതകള്‍ സജീവമാക്കി. സ്‌പെയിന്‍ കത്തിനില്‍ക്കുന്ന ഗ്രൂപ്പ്‌ അഞ്ചില്‍ ബോസ്‌നിയ ഹെര്‍സഗോവീന 2-1ന്‌ ബെല്‍ജിയത്തെ പരാജയപ്പെടുത്തി. ഗ്രൂപ്പ്‌ ആറിലെ അങ്കത്തില്‍ കരുത്തരായ ഇംഗ്ലണ്ട്‌ 2-1ന്‌ ഉക്രൈനെ തോല്‍പ്പിച്ചപ്പോള്‍ ക്രൊയേഷ്യ രണ്ട്‌ ഗോളിന്‌ അന്‍ഡോറയെ വീഴ്‌ത്തി. ഗ്രൂപ്പ്‌ ഏഴില്‍ സ്വന്തം സാധ്യതകള്‍ സജീവമാക്കി ഫ്രാന്‍സ്‌ ഒരു ഗോളിന്‌ ലിത്വാനിയെ പരാജയപ്പെടുത്തി. ഫ്രാങ്ക്‌ റിബറിയായിരുന്നു തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഫ്രഞ്ച്‌പ്പടയെ രക്ഷിച്ചത്‌. ഗ്രൂപ്പ്‌ എട്ടില്‍ ഹോളണ്ട്‌ നാല്‌ ഗോളിന്‌ മാസിഡോണിയയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ ഏറെക്കുറെ ഉറപ്പാക്കി.

മെക്‌സിക്കോ വീണു
ലോസ്‌ ആഞ്ചലസ്സ്‌: മൂന്ന്‌ ദിവസം മുമ്പ്‌ സ്വന്തം മൈതാനത്ത്‌ വെച്ച്‌ കോസ്‌റ്റാറിക്കയെ പരാജയപ്പെടുത്തി കരുത്ത്‌ കാട്ടിയ മെക്‌സിക്കോ ഇന്നലെ തകര്‍ന്നടിഞ്ഞതോടെ ലോകകപ്പ്‌ കോണ്‍കാകാഫ്‌ മേഖലയില്‍ അമേരിക്ക നില ഭദ്രമാക്കി. മെക്‌സിക്കോ 1-3ന്‌ ഹോണ്ടുറാസിനോട്‌ തോറ്റ അതേ ദിനത്തില്‍ അമേരിക്ക മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോയെ തരിപ്പണാക്കി ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ ഏറെക്കുറെ ഉറപ്പാക്കി. മേഖലയിലെ മൂന്നാം മല്‍സരത്തില്‍ കോസ്‌റ്റാറിക്ക ഒരു ഗോളിന്‌ എല്‍സാവഡോറിനെ കീഴടക്കി.
ഗോരാന്‍ എറിക്‌സണ്‍ പരിശീലിപ്പിക്കുന്ന മെക്‌സിക്കന്‍ സംഘത്തിന്‌ കനത്ത ആഘാതമാണ്‌ ഹോണ്ടുറാസിനെതിരായ തോല്‍വി. കോസ്‌റ്റാറിക്കക്കെതിരായ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ടീം ഇന്നലെ അതിന്റെ നിഴല്‍ മാത്രമായിരുന്നു. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ കാര്‍ലോസ്‌ കോസ്‌റ്റലി രണ്ട്‌ ഗോളുകളുമായി ഹോണ്ടുറാസ്‌ ആരാധകരുടെ കൈയ്യടി നേടി. മൂന്നാം ഗോള്‍ കാര്‍ലോസ്‌ പാവോണിന്റെ തലയില്‍ നിന്നായിരുന്നു. മെക്‌സിക്കോയുടെ ഏക ഗോള്‍ നാരി കാസ്‌റ്റിലോ എണ്‍പതാം മിനുട്ടില്‍ സ്വന്തമാക്കി. സസ്‌പെന്‍ഷനില്‍ കഴിയുന്ന ക്യാപ്‌റ്റനും പ്രധാന ഡിഫന്‍ഡറുമായ റാഫേല്‍ മാര്‍ട്ടിനസിന്റെ അഭാവം പകല്‍ പോലെ മല്‍സരത്തില്‍ മുഴച്ച്‌ നിന്നു. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ കാര്‍ലോസ്‌ കോസ്‌റ്റലി ഗോള്‍ നേടിയത്‌ മെക്‌സിക്കന്‍ പ്രതിരോധത്തിലെ വീഴ്‌ച്ചയില്‍ നിന്നായിരുന്നു. കാര്‍ലോസ്‌ പാവോണ്‍ ഇടവേളക്ക്‌ തൊട്ട്‌ മുമ്പ്‌ ലീഡുയര്‍ത്തി. രണ്ടാം പകുതിയിലായിരുന്നു കോസ്‌റ്റലിയുടെ രണ്ടാം ഗോള്‍. മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ കേവലം മൂന്ന്‌ പോയന്റുമായി ഇപ്പോള്‍ നാലാം സ്ഥാനത്താണ്‌ മെക്‌സിക്കോ.
നാവിലെയില്‍ നടന്ന മല്‍സരത്തില്‍ അമേരിക്കന്‍ വിജയം അനായാസമായിരുന്നു. ക്യാപ്‌റ്റന്‍ ഡുയറ്റ്‌ യോര്‍ക്കെയുടെ അസാന്നിദ്ധ്യം ടീമിനെ ബാധിച്ചതേയില്ല. ലന്‍ഡന്‍ ഡോണോവന്റെ പാസില്‍ നിന്ന്‌ ആള്‍ട്ടിഡോര്‍ ആദ്യ അമേരിക്കന്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തു.ഡോണാവന്റെ പാസില്‍ നിന്നായിരുന്നു രണ്ടും മൂന്നും ഗോളുകള്‍.
സാന്‍ജോസില്‍ നടന്ന മല്‍സരത്തില്‍ എല്‍സാവഡോറിനെതിരെ സുവര്‍ണ്ണാവസരങ്ങള്‍ പലതും കളഞ്ഞ്‌ കുളിച്ചതിന്‌ ശേഷമാണ്‌ കോസ്‌റ്റാറിക്ക ഏകഗോള്‍ വിജയം നേടിയത്‌.

സൗദി മുന്നോട്ട്‌
റിയാദ്‌: ലോകകപ്പ്‌ ഏഷ്യന്‍ മേഖലയില്‍ സൗദി അറേബ്യ മുന്നോട്ട്‌... യു.എ.ഇയെ ഒരു ഗോളിന്‌ തോല്‍പ്പിച്ചതോടെ ഗ്രൂപ്പ്‌ ബി യില്‍ സൗദി ഉത്തര കൊറിയയക്കൊപ്പമെത്തി. ഗ്രൂപ്പിലെ ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ക്ക്‌്‌ ഫൈനല്‍ ബെര്‍ത്തുള്ളതിനാല്‍ ദക്ഷിണ കൊറിയക്ക്‌്‌ പിറകെ കടക്കാനാണ്‌ സൗദി ശ്രമിക്കുന്നത്‌. ഗ്രൂപ്പ്‌ എ യില്‍ ഓസ്‌ട്രേലിയയുടെ ഫൈനല്‍ ടിക്കറ്റിന്‌ ചെറിയ തടസ്സമായി ബഹറൈന്‍ ഒരു ഗോളിന്‌ ഖത്തറിനെ തോല്‍പ്പിച്ചു. രണ്ട്‌ ഗോളിന്‌ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തി ഫൈനല്‍ റൗണ്ട്‌ ടിക്കറ്റിന്‌ അരികിലെത്തിയ ഓസ്‌ട്രേലിയക്കാര്‍ക്ക്‌ ഖത്തര്‍-ബഹറൈന്‍ മല്‍സരം സമനിലയിലായാല്‍ ടിക്കറ്റ്‌ ഉറപ്പിക്കാമായിരുന്നു. എന്നാല്‍ ഒരു ഗോളിന്റെ ജയവുമായി ബഹറൈന്‍ മുന്നേറി. ഒരു പോയന്റ്‌ മാത്രമാണ്‌ ഇപ്പോള്‍ ഓസ്‌ട്രേലിയക്ക്‌ തടസ്സം. അടുത്ത മല്‍സരത്തില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ കങ്കാരുകള്‍ക്ക്‌ കാര്യം എളുപ്പമാവും.

ധോണി കളിക്കുമോ
വെല്ലിംഗ്‌ടണ്‍: മഹേന്ദ്രസിംഗ്‌ ധോണി ഇന്ന്‌ കളിക്കുമോ...? ഇന്ത്യ-ന്യൂസിലാന്‍ഡ്‌ ടെസ്‌റ്റ്‌ പരമ്പരയിലെ അവസാന മല്‍സരത്തില്‍ ക്യാപ്‌റ്റന്റെ സാന്നിദ്ധ്യമാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നത്‌. പക്ഷേ ധോണിയുടെ കാര്യത്തില്‍ ഇന്ന്‌ രാവിലെ മാത്രമേ തീരുമാനം അറിയു. പുറം വേദന ഇപ്പോഴും അദ്ദേഹത്തെ അലട്ടുന്നുണ്ട്‌. അടുത്ത അഞ്ച്‌ ദിവസം കളിക്കണമെങ്കില്‍ ഫിറ്റ്‌നസ്‌ തെളിയിക്കേണ്ടതുണ്ട്‌. ധോണി ഇല്ലാത്തപക്ഷം ദിനേശ്‌ കാര്‍ത്തിക്കിനായിരിക്കും വിക്കറ്റ്‌ കീപ്പിംഗ്‌ ചുമതല. വിരേന്ദര്‍ സേവാഗ്‌ നായകനായി തുടരും.
ഹാമില്‍ട്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പത്ത്‌ വിക്കറ്റിന്റെ വലിയ വിജയം സ്വന്തമാക്കിയ ഇന്ത്യയാണ്‌ പരമ്പരയില്‍ ലീഡ്‌ ചെയ്യുന്നത്‌. അവസാന ടെസ്റ്റില്‍ സമനിലയെങ്കിലും സ്വന്തമാക്കിയാല്‍ ഇന്ത്യക്ക്‌ നാല്‌ പതിറ്റാണ്ടിന്‌ ശേഷം കിവി മണ്ണില്‍ അവര്‍ക്കെതിരായ പരമ്പരനേട്ടം ആഘോഷിക്കാനാവും. 1968 ല്‍ മന്‍സൂര്‍ അലിഖാന്‍ പട്ടോഡി നയിച്ച ഇന്ത്യ ന്യൂസിലാന്‍ഡില്‍ വെച്ച്‌ പരമ്പര സ്വന്തമാക്കിയതിന്‌ ശേഷം അവിടം സന്ദര്‍ശിച്ച ഒരു ഇന്ത്യന്‍ ടീമിനും മികവ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ്‌ ഇന്ത്യ നടത്തുന്നത്‌. ഏകദിന പരമ്പരയില്‍ മികവ്‌ പ്രകടിപ്പിച്ച ടീമിന്‌ പക്ഷേ നേപ്പിയറില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പ്രതീക്ഷ കാക്കാന്‍ കഴിഞ്ഞിരുന്നില്ല. ന്യൂസിലാന്‍ഡ്‌ വന്‍ ടോട്ടല്‍ ഒന്നാം ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയപ്പോള്‍ ഫോളോ ഓണ്‍ നാണക്കേടിലെക്കെത്തിയിരുന്നു ഇന്ത്യ. പക്ഷേ ഗൗതം ഗാംഭീര്‍, വി.വി.എസ്‌ ലക്ഷ്‌മണ്‍, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ ബാറ്റിംഗ്‌ മികവില്‍ ടീം രക്ഷപ്പെടുകയായിരുന്നു.
കാലാവസ്ഥയാണ്‌ ഇന്ത്യക്ക്‌ കാര്യമായ വെല്ലുവിളി. നല്ല തണുപ്പാണ്‌ ഇവിടെ. ശൈത്യക്കാറ്റുമുണ്ട്‌. തണുപ്പിലും കാറ്റിലും പിടിച്ചുനില്‍ക്കുക എന്നത്‌ ഇവിടം സന്ദര്‍ശിക്കുന്ന ഏത്‌ ടീമിനും വെല്ലുവിളിയാണ്‌. കൂടാതെ നല്ല ഉറപ്പുള്ളതാണ്‌ പിച്ച്‌. രാവിലെ സീമര്‍മാര്‍ക്ക്‌ കാലാവസ്ഥയും പിച്ചും ഉപയോഗപ്പെടുത്താനാവും. ഇന്ത്യയെ തകര്‍ത്ത്‌ പരമ്പരയില്‍ ഒപ്പമെത്തുക എന്ന ലക്ഷ്യത്തില്‍, അതിന്‌ അനുയോജ്യമായ പിച്ചാണ്‌ കിവിസ്‌ ഒരുക്കിയിരിക്കുന്നത്‌. ബേസിന്‍ റിസര്‍വിലെ പിച്ച്‌ സാധാരണ പച്ചപ്പുളളവയാണ്‌. എന്നാല്‍ ഇത്തവണ പച്ചപ്പ്‌ കുറവാണ്‌. ഈ കാര്യത്തിലുളള തന്റെ ആശങ്ക കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി പ്രകടിപ്പിച്ചിട്ടുമുണ്ട്‌. സാധാരണഗതിയില്‍ ഗ്രീന്‍ ട്രാക്കാണ്‌ ബേസിന്‍ റീസര്‍വില്‍ കാണാറുളളത്‌. ഇവിടെ ഇപ്പോള്‍ മാറ്റമുണ്ട്‌. എങ്കിലും നല്ല പ്രകടനം കാഴ്‌ച്ചവെക്കാനാവുമെന്നാണ്‌ കിവി സംഘം കരുതുന്നത്‌.
ബാറ്റിംഗിനെ പിച്ച്‌ തുണക്കമെന്നാണ്‌ ഇന്ത്യന്‍ നായകന്‍ ധോണി പറഞ്ഞത്‌. കാറ്റാണ്‌ വില്ലന്‍. കാറ്റ്‌ ബൗളര്‍മാരെ സഹായിക്കും. സ്‌പിന്നര്‍മാര്‍ക്കും ഗുണം ലഭിക്കുമെന്നാണ്‌ ധോണി കരുതുന്നത്‌.
2002 ന്‌ ശേഷം ബേസിന്‍ റിസര്‍വില്‍ പത്ത്‌ ടെസ്‌റ്റുകളാണ്‌ നടന്നത്‌. നാലില്‍ കിവീസ്‌ ജയിച്ചപ്പോള്‍ നാലില്‍ തോറ്റു. റെക്കോര്‍ഡ്‌ തങ്ങള്‍ക്ക്‌ അനുകൂലമല്ലെങ്കിലും പരമ്പരയില്‍ ഒപ്പമെത്തുകയാണ്‌ പ്രധാനമെന്ന്‌ വെട്ടോരി പറയുമ്പോള്‍ ചരിത്രത്തിലേക്ക്‌ നടന്നുകയറുകയാണ്‌ ഇന്ത്യന്‍ ലക്ഷ്യം.
ബാറ്റിംഗ്‌ ഇന്ത്യക്ക്‌ അനുകൂലഘടകമാണ്‌. ബൗളിംഗില്‍ ഹാമില്‍ട്ടണില്‍ പ്രകടിപ്പിച്ച മികവ്‌ നേപ്പിയറില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞിരുന്നില്ല.

1 comment:

പാവപ്പെട്ടവന്‍ said...

ലോകകപ്പ്‌ ഏഷ്യന്‍ മേഖലയില്‍ സൗദി അറേബ്യ മുന്നോട്ട്‌
ആശ്വാസത്തിനു വകനല്‍കുമേ ഈ പച്ചപട