Monday, April 13, 2009

FRENCH SHOCK

ഫ്രാന്‍സില്‍ ലിയോണിന്‌ ഷോക്ക്‌
യൂറോപ്പിലെ വിവിധ ലീഗുകള്‍ തകര്‍പ്പന്‍ പോരാട്ടത്തിന്റെ ഒരാഴ്‌ച്ച കൂടി പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ടിലും ജര്‍മനിയിലും ഇറ്റലിയിലും സ്‌പെയിനിലും തലപ്പത്ത്‌ മാറ്റമില്ല. പക്ഷേ ഫ്രാന്‍സില്‍ ഒളിംപിക്‌്‌ ലിയോണിന്‌ തോല്‍വി മാത്രമല്ല, ആദ്യ സ്ഥാനവും നഷ്‌ടമായി. വിവിധ യൂറോപ്യന്‍ ലീഗുകളിലെ കഴിഞ്ഞ വാര കാഴ്‌ച്ചകളിലൂടെ:
ലിയോണിന്‌ ആഘാതം
ഫ്രഞ്ച്‌ ലീഗില്‍ ഇന്നലെ ഒളിംപിക്‌ ലിയോണ്‍ തോല്‍വിയറിഞ്ഞില്ല. പക്ഷേ ലീഗില്‍ ഇത്‌ വരെ നിലനിര്‍ത്തിയ ഒന്നാം സ്ഥാനം അവര്‍ക്ക്‌ നഷ്ടമായി. മാര്‍സലിയാണ്‌ പുതിയ ലീഡര്‍. ഇത്തവണ പ്രൊമോഷനുമായി ഒന്നാ ഡിവിഷനിലേക്ക്‌ വന്ന ഗ്രിനോബിളിനെ 1-4ന്‌ തകര്‍ത്താണ്‌ മാര്‍സലി ഒന്നാമത്‌ വന്നതെങ്കില്‍ ലിയോണിനെ മോണോക്കോ 2-2 ല്‍ തളച്ചു. ഇപ്പോള്‍ മാര്‍സലിക്ക്‌ 61 പോയന്റും ലിയോണിന്‌ 60 പോയന്റും മൂന്നാമതുള്ള ബോറോഡോക്‌സിന്‌ 59 പോയന്റുമായി. ലീഗിലെ ഇനിയുളള മല്‍സരങ്ങളില്‍ തീപ്പാറുമെന്ന്‌ സാരം. ലീഗിന്റെ ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ വിജയങ്ങളുമായി കുതിച്ച ലിയോണ്‍ സമീപകാലത്ത്‌ തളരുന്ന കാഴ്‌ച്ചയാണ്‌ ആരാധകര്‍ കാണുന്നത്‌. മോണോക്കോക്കെതിരായ മല്‍സരത്തില്‍ രണ്ട്‌ തവണ അവര്‍ പിറകിലായിരുന്നു. ഭാഗ്യത്തിനാണ്‌ സമനിലയെങ്കിലും ലഭിച്ചത്‌. കഴിഞ്ഞ 27 മല്‍സരങ്ങളിലായി അവര്‍ തന്നെയായിരുന്നു ഒന്നാമത്‌. ലീഗിലെ അഞ്ചാം സ്ഥാനക്കാരായ ലിലിയും ആറാമതുള്ള പാരിസ്‌ സെന്റ്‌ ജര്‍മനും തമ്മിലുള്ള പോരാട്ടം ആവേശം വിതറിയെങ്കിലും ഗോളുകള്‍ പിറന്നില്ല.
ഇറ്റലിയില്‍ വമ്പന്മാര്‍ക്ക്‌ തിരിച്ചടി
ഇറ്റാലിയന്‍ സീരിയ എ യില്‍ ഇന്റര്‍ മിലാന്‍ തൊട്ടരികിലെ എതിരാളിയായ യുവന്തസിനെതിരെ പത്ത്‌ പോയന്റിന്റെ വ്യക്തമായ ലീഡിലാണ്‌ മുന്നേറുന്നത്‌. പക്ഷേ മിലാന്‍ സംഘത്തിന്‌ ഇന്നലെ തിരിച്ചടിയേറ്റു. ദുര്‍ബലരെന്ന്‌ കരുതപ്പെട്ട പലെര്‍മോയുമായുളള മല്‍സരത്തില്‍ അവര്‍ 2-2 സമനില വഴങ്ങി. രണ്ട്‌ തവണ മല്‍സരത്തില്‍ ലീഡ്‌ നേടിയ ശേഷമാണ്‌ ജോസ്‌ മോറീനോയുടെ കുട്ടികള്‍ പോയന്റ്‌്‌ പങ്ക്‌ വെക്കാന്‍ നിര്‍ബന്ധിതരായത്‌. ടേബിളില്‍ രണ്ടാമതുളള യുവന്തസിന്‌ ഇന്റര്‍ മിലാന്റെ സമനില വഴി ലഭിക്കുമായിരുന്നു ആനുകൂല്യം ഉപയോഗപ്പെടുത്താനായില്ല. അവര്‍ നാലാം സ്ഥാനക്കാരായ ജിനോവയോട്‌ 2-3ന്‌ തോറ്റു. മൂന്നാം സ്ഥാനത്തുളള ഏ.സി മിലാന്‍ യുവന്തസിന്‌ അരികിലേക്ക്‌ വരുകയാണ്‌. ചീവിയോക്കെതിരായ മല്‍സരത്തില്‍ ക്ലിയറന്‍സ്‌ സിഡ്രോഫ്‌ എന്ന ഡച്ച്‌ മധ്യനിരക്കാരന്റെ മികവില്‍ ജയിച്ചുകയറിയ ഏ.സി മിലാനും യുവന്തസും തമ്മിലുളള അകലമിപ്പോള്‍ രണ്ട്‌ പോയന്റാണ്‌. ഏ.എസ്‌ റോമ എന്ന പഴയ കുതിരകള്‍ക്ക്‌ ശനി അകലുന്നില്ല. ലാസിയോക്കെതിരായ മല്‍സരത്തിലവര്‍ 2-4 ന്‌ പരാജയപ്പെട്ടു. ലീഗില്‍ നാലാം സ്ഥാനത്ത്‌ വന്ന്‌, അത്‌ വഴി യുവേഫ ചാമ്പ്യന്‍സ്‌ ലീഗിലെ ബെര്‍ത്ത്‌ സ്വന്തമാക്കാന്‍ കൊതിക്കുന്ന ഫിയോറന്റീന 2-1ന്‌ കാഗിലാരിയെ പരാജയപ്പെടുത്തി. അവസാന പോയന്റ്‌്‌ നില ഇപ്രകാരം: ഇന്റര്‍ മിലാന്‍-73, .യുവന്തസ്‌-63, ഏ.സി മിലാന്‍-61.
ക്ലിന്‍സ്‌മാന്‍ രക്ഷപ്പെട്ടു
ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ഒടുവില്‍ ബയേണ്‍ മ്യൂണിച്ച്‌ സ്വന്തം മികവിനൊ്‌ത്ത ഒരു വിജയം സ്വന്തമാക്കി. അത്‌ വഴി കോച്ച്‌ ജുര്‍ഗന്‍ ക്ലിന്‍സ്‌മാന്‌ മുഖമുയര്‍ത്താനുമായി. കഴിഞ്ഞ വാരത്തില്‍ ബുണ്ടേല്‍സ്‌ ലീഗിലും. തൊട്ട്‌ പിറകെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗിലും ഒരു കൊട്ട ഗോളുകള്‍ വാങ്ങിയ ബയേണ്‍ ഇത്തവണ നാല്‌ ഗോള്‍ എതിരാളികളായ എന്‍ട്രാക്ടിന്റെ വലയിലാണ്‌ നിക്ഷേപിച്ചത്‌. ഈ വിജയത്തോടെ ടേബിളില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താനുമായി. 51 പോയന്റാണ്‌ ക്ലിന്‍സ്‌മാന്റെ സംഘത്തിനുളളത്‌. ഹാംബര്‍ഗ്ഗിനും ഇത്രയും പോയന്റുണ്ട്‌. 54 പോയന്റുള്ള വോള്‍ഫ്‌സ്‌ബര്‍ഗ്ഗാണ്‌ ഒന്നാം സ്ഥാനത്ത്‌. ബൊറൂഷ്യക്കെതിരെ 1-2 ന്റെ വിജയമാണ്‌ വോള്‍ഫ്‌സ്‌ കരസ്ഥമാക്കിയത്‌.
സ്‌പെയിനില്‍ മാറ്റമില്ല
സ്‌പാനിഷ്‌ ലീഗില്‍ പതിവിന്‌ വിപരീതിമായി ഒന്നും സംഭവിച്ചില്ല. ഒന്നാം സ്ഥാനത്തുളള ബാര്‍സിലോണയും രണ്ടാമതുളള റയല്‍ മാഡ്രിഡും രണ്ട്‌ ഗോള്‍ വിത്യാസത്തില്‍ യഥാക്രമം റിക്രിയേറ്റിവോ ഹെലുവയെയും വല്ലഡോളിഡിനെയും പരാജയപ്പെടുത്തി. മല്‍സരത്തിന്റെ നാല്‍പ്പത്തിയേഴാം സെക്കന്‍ഡില്‍ ആന്‍ഡ്രിയാസ്‌ ഇനിയസ്റ്റ നേടിയ ഗോളില്‍ ബാര്‍സ ലീഡ്‌ ചെയ്‌തപ്പോള്‍ രണ്ടാം ഗോള്‍ മാസിഫ്‌ മോറീസ്‌ നേടി. സൂപ്പര്‍താരം ലയണല്‍ മെസി പെനാല്‍ട്ടി നഷ്‌ടമാക്കിയ മല്‍സരത്തിലാണ്‌ ബാര്‍സ ഇനിയസ്റ്റയുടെ മികവില്‍ ജയിച്ചത്‌. ബെര്‍ണബുവില്‍ നടന്ന മല്‍സരത്തില്‍ ക്യാപ്‌റ്റന്‍ റൗള്‍ ഗോണ്‍സാലസ്‌, ഡച്ച്‌ മധ്യനിരക്കാരന്‍ അര്‍ജന്‍ റൂബന്‍ എന്നിവരുടെ ഗോളുകളാണ്‌ റയലിന്‌ പോയന്റുകള്‍ സമ്മാനിച്ചത്‌. അതേ സമയം ടേബിളിലെ മൂന്നാം സ്ഥാനക്കാരായ സെവിയെക്ക്‌ അടിയേറ്റു. ഗറ്റാഫെയാണ്‌ അട്ടിമറി നടത്തിയത്‌. വലന്‍സിയ 3-2ന്‌ സ്‌പോര്‍ട്ടിംഗ്‌ ഗിജോണിനെ തോല്‍പ്പിച്ചപ്പോള്‍ കരുത്തരായ വില്ലാ റയല്‍ രണ്ട്‌ ഗോളിന്‌ മലാഗയോട്‌ പരാജയപ്പെട്ടു. അവസാന പോയന്റ്‌്‌ നില ഇങ്ങനെയാണ്‌: ബാര്‍സിലോണ -75, റയല്‍ മാഡ്രിഡ്‌-69, സെവിയെ-57.
ബിഗ്‌ ഫോര്‍ ഗോയിംഗ്‌
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ആദ്യ നാല്‌ സ്ഥാനക്കാര്‍ മുന്നോട്ട്‌ കുതിക്കുന്നു. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ 2-1ന്‌ സുതര്‍ലാന്‍ഡിനെയും , ലിവര്‍പൂള്‍ നാല്‌ ഗോളിന്‌ ബ്ലാക്‌ബര്‍ണ്‍ റോവേഴ്‌സിനെയും ചെല്‍സി 4-3 ന്‌ ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സിനെയും ആഴ്‌സനല്‍ 4-1ന്‌ വിഗാനെയും പരാജയപ്പെടുത്തി. പോയന്റ്‌്‌ നില ഇങ്ങനെ: മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-71, ലിവര്‍പൂള്‍-70, ചെല്‍സി-67.

യുവരാജന്റെ സിംഹസംഘം
മൈതാനത്ത കൂറ്റന്‍ ഷോട്ടുകളുമായി സ്‌ക്കോര്‍ബോര്‍ഡിന്‌ അതിവേഗത നല്‍കാന്‍ പ്രാപ്‌തരായ ഷോണ്‍ മാര്‍ഷ്‌, മഹേല ജയവര്‍ദ്ധനെ, രവി ബോപ്പാര, യുവരാജ്‌ സിംഗ്‌, കുമാര്‍ സങ്കക്കാര. അതിവേഗ ബൗളിംഗിന്റെ ശക്തനായ വക്താവ്‌ ബ്രെട്ട്‌ ലീ, ഇര്‍ഫാന്‍ പത്താന്‍, ജെയിംസ്‌ ഹോപ്‌സ്‌, സ്‌പിന്നര്‍മാരായി പിയൂഷ്‌ ചാവ്‌ല. ബാറ്റിംഗിനും ബൗളിംഗിനും മിടുക്കരായ ക്യാപ്‌റ്റന്‍ യുവരാജ്‌, ഇര്‍ഫാന്‍, ബോപ്പാര, രമേഷ്‌ പവാര്‍-ഈ ലൈനപ്പില്‍ നിന്ന്‌ വ്യക്തമാവും പഞ്ചാബ്‌ കിംഗ്‌സിന്റെ യഥാര്‍ത്ഥ വീര്യം. കഴിഞ്ഞ തവണ നഷ്ടമായ കപ്പ്‌ ഇത്തവണ തിരിച്ചുപിടിക്കുമെന്ന പ്രതിജ്ഞയിലാണ്‌ യുവിയുടെ സംഘം കേപ്‌ടൗണില്‍ 19ന്‌ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ എതിരിടുന്നത്‌.
ഓപ്പണര്‍ ഷോണ്‍ മാര്‍ഷ്‌, ബ്രെട്ട്‌ ലീ എന്നിവരുടെ സേവനം ഇത്തവണ ടീമിന്‌ തുടക്കം മുതല്‍ ലഭിക്കുമോ എന്നതാണ്‌ നായകനെ അലട്ടുന്ന വലിയ പ്രശ്‌നം. ഓസ്‌ട്രേലിയന്‍ ദേശീയ ടീം ദുബായില്‍ പാക്കിസ്‌താനെതിരായ ഏകദിന പരമ്പരക്കായി വരുകയാണ്‌. മാര്‍ഷും ലീയും ടീമിലുണ്ട്‌. കഴിഞ്ഞ സീസണില്‍ കിംഗ്‌സ്‌ സംഘത്തിലെ യഥാര്‍ത്ഥ കിംഗ്‌ മാര്‍ഷായിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ ടീം പതറുമ്പോള്‍ എത്തിയ മാര്‍ഷ്‌ 11 കളികളില്‍ നിന്നായി 616 റണ്‍സ്‌ വാരിക്കൂട്ടി ചാമ്പ്യന്‍ഷിപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. ഐ.പി.എല്‍ പ്രകടനം വഴി ഓസീസ്‌ ദേശീയ ടീമിലെത്തിയ മാര്‍ഷ്‌്‌ ഇപ്പോള്‍ റിക്കി പോണ്ടിംഗിന്റെ ഏകദിന സംഘത്തിലെ സഥിരക്കാരനാണ്‌. ആദം ഗില്‍ക്രൈസ്‌റ്റും മാത്യൂ ഹെയ്‌ഡനും റിട്ടയര്‍ ചെയ്‌തതിനാല്‍ ഓസീസ്‌ ഓപ്പണറുടെ കസേരയില്‍ സ്ഥിരക്കാരനാണ്‌ മാര്‍ഷ്‌. ബാറ്റിംഗില്‍ മറ്റ്‌ കരുത്തര്‍ ലങ്കന്‍ നായകനായ കുമാര്‍ സങ്കക്കാരയും മുന്‍ നായകന്‍ മഹേല ജയവര്‍ദ്ധനയുമാണ്‌. കഴിഞ്ഞ തവണ രണ്ട്‌ പേര്‍ക്കും കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.നായകനായ യുവരാജ്‌ സ്വന്തം ദിവസങ്ങളില്‍ വിനാശകാരിയായ ബാറ്റ്‌സ്‌മാനാണ്‌. പക്ഷേ പ്രഥമ ഐ.പി.എല്ലില്‍ ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ ചില മല്‍സരങ്ങളില്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ ശോഭിക്കാനായത്‌.
മലയാളി സീമര്‍ ശ്രീശാന്തിന്‌ ഇത്തവണ പരുക്ക്‌ മൂലം കിംഗ്‌സിനായി കളിക്കാനാവില്ല. പോയ സീസണില്‍ ടീമിനെ മുന്നോട്ട്‌ നയിക്കുന്നതില്‍ ശ്രീശാന്തിന്റെ ആക്രമണവീര്യത്തിന്‌ വലിയ പങ്കുണ്ടായിരുന്നു. ഇര്‍ഫാന്‍ പത്താനിലാണ്‌ യുവരാജിന്റെ കാര്യമായ പ്രതീക്ഷ. ലോക നിലവാരമുളള ഓള്‍റൗണ്ടര്‍ക്ക്‌ സമീപകാലത്ത്‌ അത്ര പ്രശോഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ചേട്ടന്‍ യൂസഫ്‌ പത്താന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വീരപുത്രനാണെങ്കില്‍ ഇര്‍ഫാന്‌ ആ അംഗീകാരം നേടാന്‍ കഴിഞ്ഞിട്ടില്ല.
ഓസ്‌ട്രേലിയക്കാരനായ ടോം മൂഡിയാണ്‌ ടീമിന്റെ പരിശീലകന്‍. ഷോണ്‍ മാര്‍ഷ്‌, ബ്രെട്ട്‌ ലീ എന്നിവരുടെ സേവനം തുടക്കം മുതല്‍ ലഭിക്കാത്തപക്ഷം കിംഗ്‌സ്‌ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലാവാനാണ്‌ സാധ്യതകള്‍.

വിശ്രമം വേണം
ലണ്ടന്‍: ദുബായ്‌ കോടീശ്വരന്മാര്‍ കോടികള്‍ മുടക്കിയിട്ടും മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ കോടി താരങ്ങള്‍ക്ക്‌ ടീമിന്‌ വിജയങ്ങള്‍ സമ്മാനിക്കാന്‍ കഴിയുന്നില്ല. ഇന്നലെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനോട്‌ 1-3 നാണ്‌ സിറ്റി പരാജയപ്പെട്ടത്‌. മല്‍സരത്തിലുടനീളം ഫുള്‍ഹാം തട്ടുതകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ റിസര്‍വ്‌ ബെഞ്ചിലായിരുന്ന ബ്രസീലുകാരന്‍ റോബിഞ്ഞോക്കായി ജനം ആര്‍ത്തുവിളിച്ചു. ജനത്തിന്റെ താല്‍പ്പര്യം മനസ്സിലാക്കി കോച്ച്‌ മാര്‍ക്‌ ഹ്യൂഗ്‌സ്‌ സൂപ്പര്‍താരത്തെ 63-ാം മിനുട്ടില്‍ രംഗത്തിറക്കി. പക്ഷേ വട്ടപൂജ്യമായിരുന്നു ബ്രസീലുകാരന്റെ സംഭാവന. മല്‍സരശേഷം സംസാരിക്കവെ ഹ്യൂഗ്‌സ്‌ സത്യം വിളിച്ചുപറഞ്ഞു-റോബിഞ്ഞോ ലോകോത്തോര താരമാണ്‌. പക്ഷേ ഏത്‌ താരത്തിനും അല്‍പ്പം വിശ്രമം നന്നായിരിക്കും. ബ്രസീലിനുവേണ്ടി ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ കളിച്ച ശേഷമാണ്‌ റോബിഞ്ഞോ ഇവിടെയെത്തിയത്‌. വിശ്രമമില്ലാത്ത മല്‍സരങ്ങളാണ്‌ തന്റെ മുന്‍നിരക്കാരനെ തളര്‍ത്തുന്നതെന്ന്‌ കോച്ച്‌ പറയുന്നു. റയല്‍ മാഡ്രിഡില്‍ നിന്നും പ്രീമിയര്‍ ലീഗിലെത്തിയ റോബിഞ്ഞോ 19 കളികളില്‍ ഇതിനകം സിറ്റിയുടെ ജഴ്‌സിയണിഞ്ഞു-പക്ഷേ 12 ഗോളുകള്‍ മാത്രമാണ്‌ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്‌.
കളി വേണ്ട
പോര്‍ട്ട്‌എലിസബത്ത്‌: ഹര്‍ഷല്‍ ഗിബ്‌സിനെ ആര്‍ക്കും എഴുതിത്തള്ളാനാവില്ല. ദക്ഷിണാഫ്രിക്കന്‍ സംഘത്തിലെ വികൃതി പയ്യന്‍സിന്റെ ബാറ്റിംഗ്‌ വീര്യം ഇന്നലെ ഓസ്‌ട്രേലിയയും റിക്കി പോണ്ടിംഗും ശരിക്കുമറിഞ്ഞു. നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ആതിഥേയര്‍ ആറ്‌ വിക്കറ്റിന്‌ 317 റണ്‍സ്‌ വാരിക്കൂട്ടിപ്പോള്‍ ഗിബ്‌സിന്റെ സംഭാവന 110 റണ്‍സായിരുന്നു. 84 റണ്‍സുമായി എബി ഡിവില്ലിയേഴ്‌സ്‌ ഗിബ്‌സിന്‌ നല്ല പിന്തുണ നല്‍കിയപ്പോള്‍ അവസാന ഓവറുകളില്‍ ജെ.പി ഡുമിനിയും കത്തിക്കയറി. പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന ഓസ്‌ട്രേലിയക്ക്‌ ഗിബ്‌സിന്റെ ഷോട്ടുകള്‍ കനത്ത ആഘാതമാവാനാണ്‌ സാധ്യതകള്‍.


വരുന്നു കമറാന്‍ഖാന്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഇവന്‍ കമറാന്‍ ഖാന്‍... ഉത്തര്‍ പ്രദേശിലെ അസംഗറുകാരന്‍. പ്രായം 18 വയസ്സ്‌. ഇടം കൈയ്യന്‍ സീമറായ കമറാന്റെ തീപ്പാറുന്ന പന്തുകളായിരിക്കാം ഐ.പി.എല്‍ രണ്ടാം സീസണില്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ തുരുപ്പ്‌. വിറകുവെട്ടുകാരന്റെ മകനാണ്‌ കമറാന്‍. വെയിലത്തുവാടാത്ത പോരാട്ടവീര്യമുളള പയ്യന്‍സിനെ സൂക്ഷിക്കാന്‍ എതിരാളികള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നു റോയല്‍സിന്റെ നായകന്‍ ഷെയിന്‍ വോണ്‍. മുംബൈയില്‍ നടന്ന ഒരു 20-20 ചാമ്പ്യന്‍ഷിപ്പിനിടെയാണ്‌ റോയല്‍സിന്റെ സഹപരിശീലകന്‍ ഡാരന്‍ ബെറി കമറാനെ കാണുന്നത്‌. ഞെട്ടിക്കുന്ന വേഗത, ഇത്‌ വരെ ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റില്‍ കളിച്ചിട്ടില്ലെങ്കിലും പന്തിലെ കൃത്യത, ആക്രമണവീര്യം-ഈ കാര്യങ്ങളില്‍ കമറാന്‍ കോച്ചിന്റെ മനസ്സില്‍ കയറി. ബെറി കാര്യം നായകനും മുഖ്യ കോച്ചുമായ വോണിനോട്‌ പറഞ്ഞു. അതോടെ കമറാന്‍ ടീമില്‍
-ഒരു ഫസ്റ്റ്‌ ക്ലാസ്‌ മല്‍സരം പോലും കളിക്കാതെ. കഴിഞ്ഞ ദിവസം പരിശീലന മല്‍സരത്തില്‍ കേപ്‌ കോബ്രാസിനെതിരെ ഓരോവര്‍ മാത്രമാണ്‌ കമറാന്‍ പന്തെറിഞ്ഞത്‌. പക്ഷേ കൃത്യമായ യോര്‍ക്കറില്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയ താരമായ ജസ്റ്റിന്‍ ഓണ്‍ടോംഗിന്റെ ഓഫ്‌ സ്റ്റംമ്പ്‌ വായുവില്‍ പറന്നു. മണിക്കൂറില്‍ 140 കീലോമീറ്റര്‍ വേഗതയില്‍ കമറാന്‌ പന്തെറിയാന്‍ കഴിയുമെന്നാണ്‌ വോണ്‍ പറയുന്നത്‌. കഴിഞ്ഞ സീസണില്‍ വോണിന്റെ സംഘത്തിലെ തുരുപ്പചീട്ട്‌ പാക്കിസ്‌താനില്‍ നിന്നുളള ഇടം കൈയ്യന്‍ സീമര്‍ തന്‍വീര്‍ സുഹൈലായിരുന്നു. ഇത്തവണ സുഹൈല്‍ ടീമില്ലില്ല. പകരമാണ്‌ കമറാന്‍ എത്തിയിരിക്കുന്നത്‌.
12 ലക്ഷം രൂപയാണ്‌ റോയല്‍സ്‌ കമറാന്‌ പ്രതിഫലമായി നല്‍കുന്നത്‌. പാവപ്പെട്ട തന്റെ കുടംുബത്തിന്‌ ഈ തുക ലോട്ടറിയാണെന്നാണ്‌ കമറാന്‍ പറയുന്നത്‌. തന്നെക്കുറിച്ച്‌ വോണ്‍ പറഞ്ഞ നല്ല വാക്കുകളും കമറാന്‌ മനസ്സിലായിട്ടില്ല-കാരണം അദ്ദേഹത്തിന്‌ ഇംഗ്ലീഷ്‌ അറിയില്ല. വോണ്‍ പറഞ്ഞത്‌ കേട്ടില്ലേ എന്ന്‌ ചോദിച്ചപ്പോള്‍ അദ്ദേഹം വളരെ വേഗതയില്‍ ഇംഗ്ലീഷ്‌ില്‍ സംസാരിക്കുന്നതിനാല്‍ തനിക്കൊന്നും മനസ്സിലായില്ലെന്നാണ്‌ കമറാന്‍ നാടന്‍ ഹിന്ദിയില്‍ പറഞ്ഞത്‌.
ഇത്തവണയും ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ടീമിനാണ്‌ മുന്‍ത്തൂക്കമെന്ന്‌ വോണ്‍ അവകാശപ്പെടുന്നു. ഷെയിന്‍ വാട്ട്‌സണും സുഹൈല്‍ തന്‍വീറുമില്ല. പക്ഷേ അവര്‍ക്ക്‌ പകരം നില്‍ക്കാന്‍ കരുത്തരായ താരങ്ങളുണ്ട്‌. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയീം സ്‌്‌മിത്തുമായി പ്രശ്‌നങ്ങളൊന്നുമില്ല. സ്‌മിത്ത്‌ നല്ല നായകനാണ്‌. എനിക്ക്‌്‌ കീഴില്‍ കളിക്കുന്നത്‌ കൊണ്ട്‌ അദ്ദേഹത്തിന്‌ പ്രയാസമുണ്ടാവില്ല. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത്‌ ടീമിന്‌ ഗുണം ചെയ്യുമെന്നും വോണ്‍ പറയുന്നു.

കളി സംപ്രേഷണമില്ലാത്തതില്‍ പ്രതിഷേധം
കോഴിക്കോട്‌: യുവേഫ ചാമ്പ്യന്‍സ്‌ ലീഗും, ഡച്ച്‌ ലീഗും, ഐ ലീഗുമെല്ലാം സംപ്രേഷണം ചെയ്യുന്ന ടെന്‍ സ്‌പോര്‍ട്‌സ്‌ ഉള്‍പ്പെടെയുളള ചാനലുകള്‍ക്ക്‌ സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡിനെതിരെ കേബിള്‍ വരിക്കാരുടെ സംഘടനയായ സംസ്ഥാന കേബിള്‍ ടി.വി സബ്‌സ്‌ക്രൈബേഴ്‌സ്‌ അസോസിയേഷന്‍ രംഗത്തിറങ്ങുന്നു. ടെന്‍ സ്‌പോര്‍ട്‌സാണ്‌ നിലവില്‍ കൂടുതല്‍ ക്രിക്കറ്റ്‌, ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നത്‌. എന്നാല്‍ ഏഷ്യാനെറ്റ്‌ കേബിള്‍ വരിക്കാര്‍ക്ക്‌ ഇത്‌ കാണാന്‍ കഴിയുന്നില്ല. ഫെബ്രുവരി 12 മുതല്‍ ഈ വിലക്കുണ്ട്‌. ഉപഭോക്താക്കളില്‍ നിന്ന്‌ വലിയ തുക മുന്‍കൂര്‍ വരിസംഖ്യയായി വാങ്ങിയതിന്‌ ശേഷം ഇത്തരത്തില്‍ നിരുത്തരവാദിത്ത്വപരമായി പെരുമാറുമ്പോള്‍ അതിനെതിരെ ഔദ്യോഗികതലത്തില്‍ പ്രക്ഷോഭം ആരംഭിക്കാനാണ്‌ തീരുമാനമെന്ന്‌ അസോസിയേഷന്‍ സെക്രട്ടറി അബ്ദുള്‍ കരീം പറഞ്ഞു.

വിവക്ക്‌ വീണ്ടും തോല്‍വി
ഗൂര്‍ഗവോണ്‍: ദേശീയ ലീഗ്‌ സെക്കന്‍ഡ്‌ ഡിവിഷന്‍ ഫൈനല്‍ റൗണ്ടില്‍ വിവ കേരളക്ക്‌ തുടര്‍ച്ചയായ രണ്ടാം തോല്‍വി. സാല്‍ഗോക്കര്‍ ഗോവക്കെതിരായ മല്‍സരത്തിലാണ്‌ വിവ 3-2ന്‌ പരാജയപ്പെട്ടത്‌. കഴിഞ്ഞ ദിവസം പുനെ എഫ്‌.സിക്കെതിരായ മല്‍സരത്തിലും വിവ പരാജയപ്പെട്ടിരുന്നു. ഇതോടെ ഫസ്റ്റ്‌ ഡിവിഷനിലേക്കുളള വിവയുടെ പ്രൊമോഷന്‍ സംശയത്തിലായി. 24, 54 മിനുട്ടുകളില്‍ വില വല ചലിപ്പിച്ച ഫ്രാങ്ക്‌ സീറ്ററാണ്‌ സാല്‍ഗോക്കര്‍ നിരയില്‍ മിന്നിയത്‌. നാല്‍പ്പത്തിയൊമ്പതാം മിനുട്ടില്‍ ഫ്രാന്‍സിസ്‌ ഫെര്‍ണാണ്ടസ്‌ സാല്‍ഗോക്കറിന്റെ മൂന്നാം ഗോള്‍ കരസ്ഥമാക്കി. വിവയുടെ ഗോളുകള്‍ ബാബ തുന്‍ഡെ, സി.എസ്‌ സാബിത്ത്‌ എന്നിവരുടെ ബൂട്ടില്‍ നിന്നായിരുന്നു.
രണ്ടാം ഡിവിഷന്‍ ഫൈനല്‍ റൗണ്ടിലെ നാലാം ഘട്ടത്തില്‍ ഇന്ന്‌ ലാജോംഗും പൂനെ എഫ്‌.സിയും കളിക്കും. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ നാല്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ്‌ പ്രൊമോഷന്‍. സാല്‍ഗോക്കര്‍, ഒ.എന്‍.ജി.സി മുംബൈ എന്നിവര്‍ ഏഴ്‌ പോയന്റുമായി ഇപ്പോള്‍ ഒന്നാമതാണ്‌. മൂന്ന്‌ കളികളില്‍ നിന്ന്‌ 6 പോയന്റുളള ലാജോംഗ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഷില്ലോംഗ്‌ മൂന്നാമത്‌ നില്‍ക്കുന്നു. വിവക്ക്‌ ആറ്‌ പോയന്റാണുളളത്‌. അഞ്ചാമതുളള പൂനെ എഫ്‌.സിക്ക്‌ ആറ്‌ പോയന്റുണ്ട്‌. വിവയുടെ അവസാന മല്‍സരം ശക്തരായ ഒ.എന്‍.ജി.സി മുംബൈയുമായാണ്‌.

റെഡി
കൊല്‍ക്കത്ത: ഐ ലീഗില്‍ കളി കാര്യമാവുകയാണ്‌. 16ന്‌ നടക്കുന്ന അന്തിമ പോരാട്ടങ്ങളില്‍ മാത്രമാണ്‌ ചാമ്പ്യന്‍പ്പട്ടം തീരുമാനിക്കപ്പെടുക. ചര്‍ച്ചില്‍ ബ്രദേഴ്‌സും മോഹന്‍ബഗാനും തമ്മിലാണ്‌ കിരീടത്തിനായുളള അങ്കം. രണ്ട്‌ ടീമുകള്‍ക്കുമിപ്പോള്‍ 43 പോയന്റുണ്ട്‌. ഗോള്‍ ആനുകൂല്യമുള്ള ചര്‍ച്ചിലാണ്‌ സാങ്കേതികമായി ഒന്നാം സ്ഥാനത്ത്‌. 16 ലെ നിര്‍ണ്ണായക അങ്കത്തില്‍ ചര്‍ച്ചില്‍ മുഹമ്മദന്‍സിനെയും ബഗാന്‍ മഹീന്ദ്ര യുനൈറ്റഡിനെയുമാണ്‌ നേരിടുന്നത്‌. മുഹമ്മദന്‍സിനെ തോല്‍പ്പിച്ചാല്‍ ചര്‍ച്ചിലിന്‌ കപ്പില്‍ മുത്തമിടാം. ബഗാന്‍ മഹീന്ദ്രയെ തോല്‍പ്പിച്ചാലും അത്‌ ചര്‍ച്ചിലിന്‌്‌ പ്രശ്‌നമാവില്ല. കാരണം ഗോള്‍ ശരാശരിയില്‍ അവര്‍ അത്രമാത്രം മുന്നിലാണ്‌. ചര്‍ച്ചില്‍ തോല്‍ക്കുകയോ, സമനിലയില്‍ തളക്കപ്പെടുകയോ ചെയ്‌താല്‍ ബഗാന്‌ പ്രതീക്ഷയുണ്ട്‌-മഹീന്ദ്രയെ തോല്‍പ്പിച്ചാല്‍ മതി. 16 ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ എയര്‍ ഇന്ത്യ സ്‌പോര്‍ട്ടിംഗ്‌ ഗോവയെയും ഈസ്‌റ്റ്‌ ബംഗാള്‍ ഡെംപോ ഗോവയെയും ജെ.സി.ടി മുംബൈ എഫ്‌.സിയെയും വാസ്‌ക്കോ ചിരാഗിനെയും നേരിടും.
പുറത്താവലിന്റെ വക്കിലാണ്‌ ചിരാഗും ജെ.സി.ടിയും മുഹമ്മദന്‍സും. വാസ്‌ക്കോ ഇതിനകം പുറത്തായിക്കഴിഞ്ഞു. ടേബിളില്‍ അവസാനത്തുളള നാല്‌ പേരാണ്‌ പുറത്താവുക. ഇവര്‍ക്ക്‌ പകരം സെക്കന്‍ഡ്‌ ഡിവിഷനിലെ ആദ്യ നാല്‌ സ്ഥാനക്കാര്‍ പ്രൊമൊട്ട്‌ ചെയ്യപ്പെടും. 21 കളികളില്‍ നിന്നായി ചിരാഗിന്‌ 23 പോയന്റാണുളളത്‌. അവസാന മല്‍സരത്തില്‍ വാസ്‌ക്കോയെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക്‌ തരം താഴ്‌ത്തല്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെടാം. 22 പോയന്റുമായി പത്താമതുളള ജെ.സി.ടിക്ക്‌ മുംബൈ എഫ്‌.സിയെ തോല്‍പ്പിക്കാനായാല്‍ പ്രതീക്ഷയുണ്ട്‌. 22 ല്‍ നില്‍ക്കുന്ന മുഹമ്മദന്‍സിന്‌ ചര്‍ച്ചിലെ തോല്‍പ്പിക്കാനായാല്‍ നേരിയ സാധ്യതയാണുളളത്‌.
തീപ്പാറും
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌ ബയേണ്‍ മ്യൂണിച്ചിനും ലിവര്‍പൂളിനും ജീവന്മരണ പോരാട്ടം. സ്‌പാനിഷ്‌ കരുത്തരായ ബാര്‍സിലോണക്കെതിരായ ആദ്യപാദ ക്വാര്‍ട്ടറില്‍ നാല്‌ ഗോളിന്‌ പരാജയപ്പെട്ട ജുര്‍ഗന്‍ ക്ലിന്‍സ്‌മാന്റെ ബയേണിന്‌ ഇന്ന്‌ സ്വന്തം തട്ടകത്ത്‌ ഒരു ഗോള്‍ പോലും വഴങ്ങാതെ അഞ്ച്‌ ഗോളിനെങ്കിലും ജയിച്ചാല്‍ മാത്രമാണ്‌ രക്ഷ. സൂപ്പര്‍താരങ്ങള്‍ കളിക്കുന്ന ബാര്‍സക്കെതിരെ ഇങ്ങനെയൊരു വിജയം അസാധ്യമാണ്‌. ചെല്‍സിക്കെതിരെ ആദ്യപാദ ക്വാര്‍ട്ടറില്‍ 3-1 ന്‌ പരാജയപ്പെട്ട ലിവര്‍പൂളിന്‌ വലിയ മാര്‍ജിനില്‍ ജയിക്കാനായാല്‍ മാത്രമാണ്‌ രക്ഷ. മല്‍സരമാവട്ടെ ചെല്‍സിയുടെ മൈതാനത്തുമാണ്‌. ബാര്‍സ -ബയേണ്‍ മല്‍സരം സീ സ്‌പോര്‍ട്‌സിലും ചെല്‍സി-ലിവര്‍പൂള്‍ മല്‍സരം ടെന്‍ സ്‌പോര്‍ട്‌സിലും തല്‍സമയം.

No comments: