Thursday, January 8, 2009

hayden out

ഹെയ്‌ഡന്‍ പുറത്ത്‌
സിഡ്‌നി: മാത്യൂ ഹെയ്‌ഡന്‌ പുറത്തേക്കുള്ള വാതില്‍ ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാര്‍ തുറക്കുന്നു. ആദ്യ പടിയായി ഏകദിന ടീമില്‍ നിന്നും, 20-20 ടീമില്‍ നിന്നും അദ്ദേഹത്തെ തഴഞ്ഞു. ടെസ്‌റ്റ്‌ ടീമില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ്‌ തെളിയിക്കാനുളള നിര്‍ദ്ദേശവും നല്‍കിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലാണ്‌ ഓസ്‌ട്രേലിയ കളിക്കാന്‍ പോവുന്നത്‌. ജൂണില്‍ നടക്കാന്‍ പോവുന്ന 20-20 ലോകകപ്പിലും ഹെയ്‌ഡന്‌ സ്ഥാനമില്ല.
ബാറ്റിംഗില്‍ തപ്പിതടയുന്ന ക്യൂന്‍സ്‌ലാന്‍ഡുകാരന്‍ സമീപകാലത്തായി വന്‍ പരാജയമാണ്‌. ഇന്ത്യക്കെതിരായ പരമ്പരയിലും ന്യൂസിലാന്‍ഡിനെതിരെയും ഒടുവില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും അദ്ദേഹം തളര്‍ന്നു. ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരയില്‍ ഓസ്‌ട്രേലിയയും ഇത്‌ കാരണം തളര്‍ന്നു. സിഡ്‌നിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അവസാന ടെസ്റ്റില്‍ ആശ്വാസ വിജയം നേടി ലോക ടെസ്‌റ്റ്‌ റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും കാര്യങ്ങള്‍ കങ്കാരുകള്‍ക്ക്‌ അനുകൂലമല്ല എന്ന സത്യം മനസ്സിലാക്കിയാണ്‌ സെലക്ടര്‍മാര്‍ നീങ്ങുന്നത്‌. മെല്‍ബണ്‍ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ തകര്‍ന്നപ്പോള്‍ ഹെയ്‌ഡന്‌ അനുകൂലമായി സംസാരിച്ച സെലക്ഷന്‍ കമ്മിറ്റി തലവനായ ഹിഡിച്ച്‌ ഇപ്പോള്‍ സ്വരം മാറ്റിയിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കയില്‍ അടുത്ത മാസം നടത്തുന്ന പര്യടനത്തിലും അടുത്ത ആഷസ്‌ പരമ്പരയിലും ടീമിലെ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച്‌ കരുത്ത്‌ പ്രകടിപ്പിക്കാനാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.
കഴിഞ്ഞ സീസണില്‍ കേവലം 149 റണ്‍സാണ്‌ ഹെയ്‌ഡന്‌ ആകെ നേടാനായത്‌. ഒന്നിന്‌ പിറകെ ഒന്നായി എല്ലാ മല്‍സരങ്ങളിലും അദ്ദേഹം വന്‍ പരാജയമായി.
ഏകദിന ടീം ഇതാണ്‌: റിക്കി പോണ്ടിംഗ്‌ (ക്യാപ്‌റ്റന്‍), മൈക്കല്‍ ക്ലാര്‍ക്ക്‌, ബ്രാഡ്‌ ഹാദ്ദിന്‍, ജെയിംസ്‌ ഹോപ്‌സ്‌, നതാന്‍ ബ്രാക്കന്‍, ഷോണ്‍ മാര്‍ഷ്‌, മൈക്കല്‍ ഹസ്സി, ഡേവിഡ്‌ ഹസ്സി, നതാന്‍ ഹൗറിറ്റ്‌സ്‌, ബില്‍ ഹില്‍ഫാന്‍ഹസ്‌, കാമറൂണ്‍ വൈറ്റ്‌, ഷോണ്‍ ടെയിറ്റ്‌, പീറ്റര്‍ സിഡില്‍.
20-20 ടീം: റിക്കി പോണ്ടിംഗ്‌ (ക്യാപ്‌റ്റന്‍), മൈക്കല്‍ ഹസ്സി, ഡേവിഡ്‌ ഹസ്സി, ബെല്‍ ഹില്‍ഫാന്‍ഹസ്‌, ജെയിംസ്‌ ഹോപ്‌സ്‌, നതാന്‍ ബ്രാക്കന്‍, ബ്രാഡ്‌ ഹാദ്ദീന്‍, ഷോണ്‍ മാര്‍ഷ്‌, ഷോണ്‍ ടെയിറ്റ്‌, ഡേവിഡ്‌ വാര്‍ണര്‍, റ്യാന്‍ ഹാരിസ്‌, കാമറൂണ്‍ വൈറ്റ്‌, നതാന്‍ ഹൗറിറ്റ്‌സ്‌.
ഏകദിന, 20-20 ടീമുകളില്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌, ബ്രെട്ട്‌ ലീ, ഷെയിന്‍ വാട്ട്‌സണ്‍ എന്നിവര്‍ക്കൊന്നും സ്ഥാനമില്ല. മൂന്ന്‌ പേരും പരുക്ക്‌ കാരണം പുറത്താണ്‌. ഹെയ്‌ഡനെ പുറത്താക്കനുളള തീരുമാനത്തില്‍ അതിശയിക്കാനൊന്നുമില്ലെന്നാണ്‌ വിലയിരുത്തല്‍. ഹെയ്‌ഡനെ ഇനി ഏകദിന ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. 2011 ല്‍ നടക്കാന്‍ പോവുന്ന ലോകകപ്പ്‌ മുന്‍നിര്‍ത്തി യുവസംഘത്തെ ഒരുക്കാനാണ്‌ സെലക്ടര്‍മാരുടെ പരിപാടികള്‍. 20-20 സംഘത്തില്‍ മൈക്കല്‍ ക്ലാര്‍ക്കിനെ പരുക്ക്‌ കാരണമാണ്‌ മാറ്റി നിര്‍ത്തിയിരിക്കുന്നത്‌. മിച്ചല്‍ ജോണ്‍സണ്‌ തല്‍ക്കാലം വിശ്രമം അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്‌.

വില്ലന്‍ ഫ്രെഡ്ഡി..?
ലണ്ടന്‍: കെവിന്‍ പീറ്റേഴ്‌സന്റെ നാടകീയ പുറത്താക്കലില്‍ കലാശിച്ച ഇംഗ്ലീഷ്‌്‌ ക്രിക്കറ്റിലെ പുത്തന്‍ നാടകത്തിലെ വില്ലനെ തേടുന്നവര്‍ക്ക്‌ മുന്നിലേക്ക്‌ പ്രമുഖ ഇംഗ്ലീഷ്‌ പത്രങ്ങള്‍ മുന്‍വെക്കുന്ന ഉത്തരം ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ എന്ന ഫ്രെഡ്ഡി......
ഫ്രെഡ്ഡി നയിക്കുന്ന സീനിയര്‍ ഗ്രൂപ്പാണത്രെ കെ.പി എന്ന പീറ്റേഴ്‌സണെ പുറത്താക്കാനുളള തന്ത്രങ്ങള്‍ക്ക്‌ ചൂക്കാന്‍ പിടിച്ചത്‌. കോച്ച്‌ പീറ്റര്‍ മൂറുമായുളള തര്‍ക്കത്തിനിടെ തുടക്കത്തില്‍ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (ഇ.സി.ബി) കെ.പി കൊപ്പമായിരുന്നു. കോച്ചിനെ മാറ്റി ക്യാപ്‌റ്റനെ നിലനിര്‍ത്താനായിരുന്നു നീക്കം. എന്നാല്‍ ഫ്രെഡ്ഡിയും സ്റ്റീവ്‌ ഹാര്‍മിസണും ജെയിംസ്‌ ആന്‍ഡേഴ്‌സണും ഗ്രയീം സ്വാനും കെ.പിക്കെതിരെ കരുനീക്കം നടത്തിയതായാണ്‌ ഡെയ്‌ലി മിററും ഡെയ്‌ലി മെയിലും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഈ സീനിയര്‍ സംഘത്തിന്‌ കെ.പി യോട്‌ താല്‍പ്പര്യമുണ്ടായിരുന്നില്ല. ഡ്രസ്സിംഗ്‌ റൂമിലെ ഭൂരിപക്ഷത്തിനും കെ.പിയുടെ ക്യാപ്‌റ്റന്‍സിയോട്‌ താല്‍പ്പര്യമില്ലെന്ന്‌ ഇവര്‍ ഇ.സി.ബിയെ ധരിപ്പിച്ചു. ഉടന്‍ തന്നെ ഇ.സി.ബി രംഗത്തിറങ്ങി. ദക്ഷിണാഫ്രിക്കയില്‍ അവധിക്കാലം ചെലവിടുകയായിരുന്ന കെ.പി യെ വിളിച്ച്‌ രാജി നല്‍കാന്‍ ആവശ്യപ്പെട്ടു. രാജി നല്‍കാത്തപക്ഷം ടീമില്‍ നിന്ന്‌ പുറത്താക്കുമെന്ന മുന്നറിയിപ്പും നല്‍കി. അങ്ങനെയാണ്‌ അദ്ദേഹം രാജി നല്‍കിയത്‌.
കേവലം അഞ്ച്‌ മാസം മാത്രമാണ്‌ കെ.പി നായക സ്ഥാനത്തിരുന്നത്‌. കോച്ചുമായി അദ്ദേഹത്തിന്‌ തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത്‌ മൂര്‍ദ്ധന്യതയിലെത്തിയത്‌ മൈക്കല്‍ വോന്‍ വിഷയത്തിലാണ്‌. വിന്‍ഡീസ്‌ പര്യടനത്തിനുളള ഇംഗ്ലീഷ്‌ സംഘത്തില്‍ വോന്‍ വേണമെന്ന്‌ കെ.പി പറഞ്ഞപ്പോള്‍ കോച്ച്‌ അതിനെതിരെ നിന്നു. കോച്ചിനെ പുറത്താക്കാത്ത പക്ഷം കളിക്കാന്‍ താനില്ലെന്ന്‌ കെ.പി പരസ്യമായി പറഞ്ഞത്‌ ഇ.സി.ബിയെയും ചൊടിപ്പിച്ചു.
സംഭവം ഇംഗ്ലീഷ്‌ ക്രിക്കറ്റിനെ ബാധിക്കാതെ നോക്കണമെന്നാണ്‌ വോന്‍ പറയുന്നത്‌. കെ.പി വിന്‍ഡീസിലേക്ക്‌ പോവണം. ആദ്യ ടെസ്‌റ്റില്‍ തന്നെ സെഞ്ച്വറി നേടണം. അപ്പോള്‍ എല്ലാവരും എല്ലാം മറക്കുമെന്നാണ്‌ വോന്‍ പറയുന്നത്‌. വിന്‍ഡീസ്‌ പര്യടനത്തില്‍ പൂര്‍ണ്ണമായും പങ്കെടുക്കാനുളള തന്റെ താല്‍പ്പര്യം കെ.പി സെലക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്‌. നായക സ്ഥാനത്ത്‌ തുടരാനായിരുന്നു അദ്ദേഹത്തിന്‌ താല്‍പ്പര്യം. പക്ഷേ സ്വന്തം ഗ്രൂപ്പില്‍ നിന്ന്‌ പാര വരുമെന്ന്‌ മാത്രം കെ.പി കരുതിയില്ല.
പുതിയ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസിന്‌ വിന്‍ഡീസ്‌ പര്യടന സംഘത്തിന്റെ ചുമതല മാത്രമാണ്‌ നല്‍കിയിരിക്കുന്നത്‌.

ഭാഗ്യം വന്ന വഴി
ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ കളിക്കാന്‍ വരുമ്പോള്‍ ടീമിലെ ആദ്യ ഇലവനില്‍ പോലും സ്ഥാനം ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ആന്‍ഡ്ര്യൂ സ്‌ട്രോസ്‌.....വെറ്ററന്‍ താരത്തെ തഴയാന്‍ കാത്തുനില്‍ക്കുന്ന സെലക്ടര്‍മാര്‍ക്ക്‌ മുന്നിലേക്ക്‌ ചെന്നൈ ടെസ്‌റ്റില്‍ സ്‌ട്രോസ്‌ രണ്ട്‌ സെഞ്ച്വറികളാണ്‌ സമ്മാനിച്ചത്‌. അതോടെ ടീമിലെ സ്ഥാനം ഉറപ്പാക്കിയ ഓപ്പണര്‍ ഒരിക്കലും ടീമിന്റെ കപ്പിത്താന്‍ പദം ഇത്രയെളുപ്പം പ്രതീക്ഷിച്ചിരുന്നില്ല. മൂമ്പ്‌ മൈക്കല്‍ വോന്‌ പരുക്കേറ്റപ്പോള്‍ താല്‍കാലിക നായകന്റെ സ്ഥാനം ലഭിച്ചിരുന്നു. പാക്കിസ്‌താനെതിരായ പരമ്പരയില്‍ 2-0 ത്തിന്‌ ഇംഗ്ലണ്ട്‌ വിജയിക്കുകയും ചെയ്‌തിരുന്നു. പക്ഷേ ടീമിന്റെ നായകസ്ഥാനം സ്ഥിരമായി പിന്നീട്‌ ലഭിച്ചത്‌ ഫ്‌ളിന്റോഫിനായിരുന്നു. ഫ്‌ളിന്റോഫില്‍ നിന്നും വീണ്ടും മൈക്കല്‍ വോനും അതിന്‌ ശേഷം പീറ്റേഴ്‌്‌സണും നായകനായപ്പോള്‍ സ്‌ട്രോസ്‌ പടിക്ക്‌ പുറത്ത്‌ നിന്നു. ഇപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി ടീമിന്റെ അമരക്കാരനായ സ്‌ട്രോസിന്‌ മുന്നില്‍ വെല്ലവിളികളാണ്‌. വിന്‍ഡീസിനെതിരായ പരമ്പരയിലേക്കാണ്‌ അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഫെബ്രുവരി 4 ന്‌ ആരംഭിക്കുന്ന പരമ്പരയില്‍ നാല്‌ ടെസ്റ്റുകളുണ്ട്‌. ടെസ്റ്റിന്‌ ശേഷം ഏകദിന പരമ്പരയും. എന്നാല്‍ ഏകദിന പരമ്പരക്കുള്ള ടീമിന്റെ ക്യാപ്‌റ്റനെ നിശ്ചയിച്ചിട്ടില്ല. 2007 ലെ ലോകകപ്പിന്‌ ശേഷം ഇംഗ്ലണ്ട്‌ കളിച്ച ഏകദിനങ്ങളിലൊന്നിലും സ്‌ട്രോസ്‌ ഉണ്ടായിരുന്നില്ല.

കാറപകടം, കൃസ്റ്റിയാനോ രക്ഷപ്പെട്ടു
ലണ്ടന്‍: സ്വന്തം ഫെരാരി സ്‌പോര്‍ട്‌സ്‌ കാറില്‍ യാത്ര ചെയ്യുകയായിരുന്ന മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ വന്‍ അപകടത്തില്‍ നിന്നും പരുക്കൊന്നുമേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. കൃസ്റ്റിയാനോ ഡ്രൈവ്‌ ചെയ്‌ത കാര്‍ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിന്‌ സമീപം ടണലിലെ മതിലില്‍ തട്ടി പൂര്‍ണ്ണമായി തകര്‍ന്നു. എങ്ങനെയാണ്‌ അപകടം സംഭവിച്ചതെന്നെ്‌ വ്യക്തമല്ല. മാഞ്ചസ്‌റ്റര്‍ പോലീസ്‌ സംഭവം അന്വേഷിക്കുന്നുണ്ട്‌. കൃസ്‌റ്റിയാനോ മദ്യപിച്ചിരുന്നില്ലെന്ന്‌ പോലീസ്‌ വ്യക്തമാക്കി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗത്തെ ടയര്‍ ഊരിത്തെറിച്ച്‌ 200 മീറ്റര്‍ അകലെ എത്തിയിരുന്നു. കൃസ്റ്റിയാനോക്ക്‌ പിറകില്‍ വരുകയായിരുന്ന മാഞ്ചസ്‌റ്ററിന്റെ ഡച്ച്‌ ഗോള്‍ക്കീപ്പര്‍ വാന്‍ഡര്‍സറാണ്‌ അപകടം ആദ്യം കണ്ടത്‌. സംഭവം നടന്നതായി മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ സ്വന്തം വൈബ്‌ സെറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്‌. റൊണാള്‍ഡോ വൈകീട്ട്‌ ടീമിനൊപ്പം പരിശീലനത്തിനുണ്ടായിരുന്നു. കൃസ്റ്റിയാനോ ഡ്രൈവ്‌ ചെയ്‌ത ഫെരാരി കാര്‍ നേരെ മതിലിലേക്ക്‌ ഇടിച്ചു കയറുന്നതായാണ്‌ കണ്ടതെന്ന്‌ ദൃക്‌സക്ഷികള്‍ പറഞ്ഞു. അപകടം നടന്നയുടന്‍ കൃസ്റ്റിയാനോ കാറില്‍ നിന്നിറങ്ങി. അദ്ദേഹം ഭയചകിതനായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

1 comment:

പകല്‍കിനാവന്‍ | daYdreaMer said...

ക്ലീന്‍ ഔട്ട്... ! ആശംസകള്‍...