Friday, January 2, 2009

SYDNEY WAR

നവാഗതര്‍ തുണക്കണം
സിഡ്‌നി: നവാഗത താരങ്ങളായ ആന്‍ഡ്ര്യൂ മക്‌്‌ഡൊണാള്‍ഡ്‌, ഡഫ്‌ ബൊളീഗ്‌നര്‍ എന്നിവരില്‍ പ്രതീക്ഷയര്‍പ്പിക്കേണ്ട ഗതിക്കേടിലാണ്‌ റിക്കി പോണ്ടിംഗ്‌.... മാനക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്നലെ സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ തന്റെ രണ്ട്‌ കന്നിക്കാരുമായാണ്‌ പോണ്ടിംഗ്‌ വാര്‍ത്താസമ്മേളനം നടത്തിയത്‌. ഇടത്‌ ഭാഗത്ത്‌ സിഡ്‌നിക്കാരനായ ലെഫ്‌റ്റ്‌ ആം സീമര്‍ ബൊളീഗ്‌നര്‍, വലത്ത്‌ ഓള്‍റൗണ്ടര്‍ മക്‌ഡൊണാള്‍ഡ്‌. പുതിയ താരങ്ങള്‍ തിളങ്ങുമെന്നും പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഓസ്‌ട്രേലിയ ആശ്വാസ വിജയം സ്വന്തമാക്കുമെന്നുമാണ്‌ പോണ്ടിംഗ്‌ പറയുന്നത്‌.
പോണ്ടിംഗിനും ഓസ്‌ട്രേലിയക്കും അതിനിര്‍ണ്ണായകമായ ടെസ്‌റ്റാണ്‌ ഇന്ന്‌ മുതല്‍ എസ്‌.സി.ജിയില്‍ ആരംഭിക്കുന്നത്‌. പരമ്പര ഇതിനകം നഷ്ടമായെങ്കിലും ഒരു വൈറ്റ്‌വാഷ്‌ ഒഴിവാക്കാന്‍ ആതിഥേയര്‍ നിര്‍ബന്ധിതരാണ്‌. കഴിഞ്ഞ 122 വര്‍ഷമായി ഓസ്‌ട്രേലിയക്കാര്‍ സ്വന്തം നാട്ടില്‍ നിലനിര്‍ത്തുന്ന വലിയ റെക്കോര്‍ഡ്‌ ഈ മല്‍സരത്തില്‍ തോറ്റാല്‍ ഇല്ലാതാവും. സ്വന്തം നാട്ടില്‍ എതിരാളികള്‍ക്ക്‌ മുന്നില്‍ ഒരു പരമ്പരയിലെ എല്ലാ മല്‍സരങ്ങളിലും ഓസ്‌ട്രേലിയ തോറ്റ ചരിത്രം കഴിഞ്ഞ 122 വര്‍ഷമായി ഇല്ലാത്തതാണ്‌. അത്‌ മാത്രമല്ല സിഡ്‌നിയില്‍ തോറ്റാല്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനവും ഇല്ലാതാവും. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) ക്രിക്കറ്റില്‍ റാങ്കിംഗ്‌ സമ്പ്രദായം ആവിഷ്‌്‌ക്കരിച്ചത്‌ മുതല്‍ ഓസ്‌ട്രേലിയയാണ്‌ ഒന്നാം സ്ഥാനത്ത്‌. ടെസ്‌റ്റിലും ഏകദിനങ്ങളിലും ഇത്‌ വരെ ലോക അധീശത്വം അവര്‍ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല.
ലോക ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളുടെ കരുത്തില്‍ കളിക്കുന്ന മല്‍സരങ്ങളെല്ലാം ജയിച്ചുകയറിയ ഓസ്‌ട്രേലിയ ഇതാദ്യമായാണ്‌ പുതുമുഖ താരങ്ങളെ വെച്ച്‌ വിലപേശുന്നത്‌. പരുക്ക്‌ കാരണം അനുഭവസമ്പന്നരായ ബ്രെട്ട്‌ ലീ, ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌, ഷെയിന്‍ വാട്ട്‌സണ്‍ എന്നിവര്‍ കളിക്കുന്നില്ല. ഇവര്‍ക്ക്‌ പകരമാണ്‌ പുതിയ താരങ്ങള്‍ വരുന്നത്‌. സൈമണ്ട്‌സിന്‌ പകരം മക്‌ഡൊണാള്‍ഡ്‌ ആദ്യ ഇലവനില്‍ വരുമെന്നുറപ്പാണ്‌. ബ്രെട്ട്‌ ലീക്ക്‌ പകരക്കാരനായാണ്‌ ഡഫ്‌ ബൊളീഗ്‌നര്‍ കളിക്കുന്നത്‌. ബെന്‍ ഹില്‍ഫന്‍ഹോസ്‌ എന്ന സീമറും ടീമിലുണ്ട്‌. പക്ഷേ മെല്‍ബണില്‍ അവസരം ലഭിച്ച ഇയാള്‍ക്ക്‌്‌ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്‌.
ആഭ്യന്തര ക്രിക്കറ്റില്‍ ന്യൂസൗത്ത്‌ വെയില്‍സിനായി ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ ബൊളീഗ്‌നര്‍ ടീമിലെത്തിയത്‌. പരിചിതമായ സാഹചര്യങ്ങളെ മനോഹരമായി ഉപയോഗപ്പെടുത്താന്‍ പുതിയ സീമര്‍ക്ക്‌ കഴിയുമെന്നാണ്‌ പോണ്ടിംഗ്‌ വിശ്വസിക്കുന്നത്‌. പന്തിനെ സ്വിംഗ്‌ ചെയ്യിക്കുന്നതിലും കക്ഷി മിടുക്കനാണെന്നാണ്‌ പറയപ്പെടുന്നത്‌. പുതിയ പന്തിനെ ഉപയോഗപ്പെടുത്തുന്നതില്‍ വിജയിക്കുന്ന പക്ഷം ബൊളീഗ്‌നര്‍ക്ക്‌ ടീമിലെ സ്ഥാനം നിലനിര്‍ത്താനാവും. ഗ്ലെന്‍ മക്‌ഗ്രാത്തിന്‌ പകരക്കാരനെ തേടുന്ന ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാര്‍ക്ക്‌ ബൊളീഗ്‌നര്‍ ആശ്വാസമാവുകയും ചെയ്യും.
വിക്ടോറിയയുടെ താരമാണ്‌ മക്‌ഡൊണാള്‍ഡ്‌. 27 കാരനായ താരം കഴിഞ്ഞ രണ്ട്‌ സീസണില്‍ കരുത്ത്‌ പ്രകടിപ്പിക്കുന്നു. 1619 റണ്‍സും 57 വിക്കറ്റുമാണ്‌ രണ്ട്‌ സീസണിലെ സമ്പാദ്യം. ഈ രണ്ട്‌ പേരും തിളങ്ങുന്നപക്ഷം ബ്രെട്ട്‌ ലീ, സൈമണ്ട്‌സ്‌ എന്നിവരുടെ കാര്യം അപകടത്തിലാവും.
പെര്‍ത്തിലും മെല്‍ബണിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ടീമിനെ തന്നെയാണ്‌ ദക്ഷിണാഫ്രിക്ക നിലനിര്‍ത്തുന്നത്‌. കൈക്കുഴക്ക്‌ പരുക്കുണ്ടെങ്കിലും ഗ്രയീം സ്‌മിത്ത്‌ കളിക്കും. വൈസ്‌ ക്യാപ്‌റ്റന്‍ ആഷ്‌വെല്‍ പ്രിന്‍സിന്‌ വിരലിലെ വേദന കാരണം ഈ മല്‍സരത്തിലും കളിക്കാനാവില്ല.
പുതിയ താരങ്ങള്‍ക്കൊപ്പം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച പോണ്ടിംഗിനോട്‌ ടീം സ്‌ട്രാറ്റജിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ചോദ്യങ്ങള്‍ക്കെല്ലാം നന്നായി മറുപടി പയാറുളള പോണ്ടിംഗ്‌ ഇതാദ്യമായി വാര്‍ത്തേ ലേഖകര്‍ക്ക്‌ മുന്നില്‍ പരുങ്ങി. ഇന്ത്യക്കെതിരായ പരമ്പരയില്‍ തോറ്റപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനമാണ്‌ പ്രധാനമെന്നായിരുന്നു. ഇപ്പോള്‍ ഒന്നാം സ്ഥാനത്തിന്‌ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ റാങ്കല്ല നല്ല ക്രിക്കറ്റ്‌ കളിക്കുകയാണ്‌ പ്രധാനമെന്നാണ്‌ ഉത്തരം. ഇന്ത്യയില്‍ നിന്ന്‌ തോറ്റ്‌ നാട്ടില്‍ തിരിച്ചെത്തിയ പോണ്ടിംഗിനെതിരെ പത്രങ്ങള്‍ രംഗത്ത്‌ വന്നിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെ കരുത്ത്‌ പ്രകടിപ്പിച്ച്‌ മാനം കാത്തു. ദക്ഷിണാഫ്രിക്കയെ ഇല്ലാതാക്കുമെന്ന വീരവാദവും മുഴക്കി. പക്ഷേ ദക്ഷിണാഫ്രിക്ക വന്നതോടെ കാര്യങ്ങള്‍ മാറി. 1887-88 സീസണിലാണ്‌ അവസാനമായി ഓസ്‌ട്രേലിയ സ്വന്തം നാട്ടില്‍ ഒരു പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളും തോറ്റത്‌. ആ നാണക്കേട്‌ ആവര്‍ത്തിച്ചാല്‍ പോണ്ടിംഗിന്റെ സല്‍പ്പേര്‌്‌ മുഴുവന്‍ ഇല്ലാതാവും.
ഈ ടീമിനെ എഴുതിത്തള്ളാന്‍ സമയമായിട്ടില്ല. എല്ലാവര്‍ക്കും ക്രിക്കറ്റിനെക്കുറിച്ച്‌ വളരെ വ്യക്തമായ അവഗാഹമുണ്ട്‌. അവര്‍ കരുത്ത്‌ പ്രകടിപ്പിക്കും-ടീമിന്റെ പതനങ്ങളെക്കുറിച്ച്‌ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ പോണ്ടിംഗ്‌ ഈ വിധമാണ്‌ പ്രതികരിച്ചത്‌.
ക്യാപ്‌റ്റന്‌ പൂര്‍ണ്ണ പിന്തുണ നല്‍കിയാണ്‌ സെലക്ഷന്‍ കമ്മിറ്റി തലവന്‍ ആന്‍ഡ്ര്യൂ ഹിഡിച്ച്‌ സംസാരിച്ചത്‌. ഈ ടീമില്‍ ഞങ്ങള്‍ക്കെല്ലാം വിശ്വാസമുണ്ട്‌. വെറുതെ ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ നല്ലതിനായിട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു കാലത്ത്‌ ലോക ക്രിക്കറ്റിനെ അതിവേഗതയുളള പന്തുകളുമായി വിറപ്പിച്ചവരാണ്‌ ഓസ്‌ട്രേലിയന്‍
പേസര്‍മാര്‍. ക്രെയിഗ്‌ മക്‌ഡര്‍മോട്ടും കിം ഹ്യൂസും ഗ്ലെന്‍ മക്‌ഗ്രാത്തുമെല്ലാം വാണരുളിയ ഓസീസ്‌ പേസ്‌ പടക്ക്‌ ഇന്ന്‌ നേതൃത്ത്വം നല്‍കുന്നത്‌ കേവലം 17 ടെസ്റ്റുകള്‍ മാത്രം കളിച്ച്‌ പരിചയമുള്ള മിച്ചല്‍ ജോണ്‍സണാണ്‌. ഓസീസ്‌ പേസ്‌ നിരയെ നയിക്കുകയെന്നത്‌ വലിയ വെല്ലുവിളിയാണെന്നും എന്നാല്‍ പുത്തന്‍ ബൗളര്‍മാരുടെ പിന്തുണയില്‍ മികച്ച പ്രകടനം നടത്താനാവുമെന്നാണ്‌ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്യം നമ്പര്‍ വണ്‍
സിഡ്‌നി: ആതിഥേയരായ ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തിന്റെ പടുകുഴിയില്‍ നില്‍ക്കുമ്പോള്‍ രാജാക്കന്മാരാവാനുളള ഒരുക്കത്തിലാണ്‌ ദക്ഷിണാഫ്രിക്ക. ആദ്യ രണ്ട്‌ ടെസ്റ്റിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി പരമ്പര നേടിയ ഗ്രയീം സ്‌മിത്തിന്റെ ലക്ഷ്യം പരമ്പര തൂത്ത്‌വാരി ലോക റാങ്കിംഗില്‍ ഒന്നാം സഥാനത്ത്‌ വരുകയാണ്‌. പരമ്പരയില്‍ 2-0 ത്തിന്‌ ലീഡ്‌ നേടി മൂന്നാം ടെസ്റ്റില്‍ കളിക്കുകയെന്നത്‌ വലിയ വികാരമാണ്‌. ടീമിലെ എല്ലാവരും തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിന്‌ ഒരുങ്ങിക്കഴിഞ്ഞു. ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാമെന്ന വിശ്വാസം ഇപ്പോള്‍ എല്ലാവരിലുമുണ്ട്‌-നായകന്‍ അഭിപ്രായപ്പെടുന്നു. ഓസ്‌ട്രേലിയ പോലെ ഒരു ടീമിനെതിരെ വൈറ്റ്‌ വാഷ്‌ അവസരം അപൂര്‍വ്വമായി മാത്രമാണ്‌ ലഭിക്കുക. അത്തരമൊരു അവസരമാണ്‌ ഇപ്പോള്‍ കൈവന്നിരിക്കുന്നത്‌. അത്‌ വിനിയോഗിക്കും. ഓസ്‌ട്രേലിയയെ പുതിയ ബൗളര്‍മാരെ പരീക്ഷിക്കുന്നതില്‍ സ്‌മിത്തിന്‌ ഭയമില്ല. മിച്ചല്‍ ജോണ്‍സണൊപ്പം മറ്റൊരു ഇടം കൈയ്യനായ ബോളീഗ്‌നറെ ഓസ്‌ട്രേലിയ പരീക്ഷിക്കുന്നത്‌ വേറിട്ട നീക്കമാണ്‌. പക്ഷേ ഭയപ്പാടില്ല. ഇന്ത്യയാണ്‌ ടെസ്റ്റ്‌ ടീമില്‍ രണ്ട്‌ ലെഫ്‌റ്റ്‌ ആം സീമര്‍മാരെ കളിപ്പിക്കാറുളളത്‌. ഏത്‌ വെല്ലുവിളിയും നേരിടാന്‍ നിലവിലെ ഫോമില്‍ തന്റെ ടീമിന്‌ കഴിയുമെന്നും സ്‌മിത്ത്‌ വ്യക്തമാക്കി. മെല്‍ബണിലെ മല്‍സരത്തില്‍ അവസരം നല്‍കിയ ഹില്‍ഫന്‍ഹാസിനെ മാറ്റിനിര്‍ത്തി ബോളീഗ്‌നര്‍ക്ക്‌ അവസരം നല്‍കുമ്പോള്‍ അത്‌ ഹില്‍ഫന്‍ഹാസിനെ മാനസികമായി തകര്‍ക്കുമെന്നാണ്‌ സ്‌മിത്തിന്റെ വിശ്വാസം.
1910 മുതല്‍ സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ഇരു ടീമുകളും പത്ത്‌ ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്‌. ഇതില്‍ ഏഴിലും ഓസ്‌ട്രേലിയക്കായിരുന്നു വിജയം. ഒരു മല്‍സരത്തില്‍ മാത്രമാണ്‌ പരാജയം പിണഞ്ഞത്‌. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ്‌ ദക്ഷിണാഫ്രിക്കന്‍ സംഘം. സ്‌മിത്തിനൊപ്പം ഇന്നിംഗ്‌സ്‌ തുടങ്ങുന്നത്‌ നീല്‍ മക്കന്‍സിയാണ്‌. രണ്ട്‌ പേര്‍ക്കും പുതിയ പന്തിനെ നേരിടാനുളള അനുഭവസമ്പത്തുണ്ട്‌. പെര്‍ത്തിലും മെല്‍ബണിലും ടീമിന്‌ നല്ല തുടക്കം നല്‍കാന്‍ ഈ ജോഡിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഹാഷിം അംല, ജാക്‌ കാലിസ്‌, എബി ഡി വില്ലിയേഴ്‌സ്‌, ജെ.പി ഡുമിനി, മാര്‍ക്ക്‌ ബൗച്ചര്‍ എന്നിവരാണ്‌ അടുത്ത നമ്പരുകളില്‍ കളിക്കുന്നത്‌. അംല സമീപകാലത്തായി വലിയ ഇന്നിംഗ്‌സ്‌ുകള്‍ കളിക്കാനുളള മിടുക്ക്‌ കാണിക്കുന്നുണ്ട്‌. കാലിസാണ്‌ ടീമിലെ ബാറ്റിംഗ്‌ വെറ്ററന്‍. ഈ പരമ്പരയില്‍ കൂടുതല്‍ റണ്‍സ്‌ നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ടീമിന്റെ കെട്ടുറപ്പ്‌ നിലനിര്‍ത്താന്‍ കാലിസിന്‌ കഴിയുന്നുണ്ട്‌. ഡി വില്ലിയേഴ്‌സാണ്‌ പെര്‍ത്തില്‍ ടീമിനെ വിജയത്തിലേക്ക്‌ നയിച്ചത്‌. മെല്‍ബണില്‍ ഈ ജോലി ഡുമിനിയാണ്‌ ഏറ്റെടുത്തത്‌. ആദ്യ ഇന്നിംഗ്‌സില്‍ ടീമിന്റെ ഏഴ്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നിലം പൊത്തിയ ശേഷം വാലറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന്‌ ഇന്നിംഗ്‌സ്‌ പടുത്തുയര്‍ത്തിയ ഡുമിനി ചെറിയ പ്രായത്തിലും അപാരമായ പക്വതയാണ്‌ കാണിക്കുന്നത്‌.
ബൗളിംഗില്‍ ഡാലെ സ്റ്റെന്‍ എന്ന അതിവേഗക്കാരനെ ഓസ്‌ട്രേലിയക്കാര്‍ വല്ലാതെ ഭയപ്പെടുന്നുണ്ട്‌. രണ്ട്‌ ടെസ്റ്റിലും പുതിയ പന്തില്‍ മാത്യൂ ഹെയ്‌ഡനെയും സൈമണ്‍ കാറ്റിച്ചിനെയും റിക്കി പോണ്ടിംഗിനെയും പേടിപ്പിക്കുന്നതില്‍ സ്റ്റെന്‍ വിജയിച്ചിരുന്നു. മെല്‍ബണില്‍ രണ്ട്‌ ഇന്നിംഗ്‌സിലുമായി പത്ത്‌ വിക്കറ്റ്‌ സ്വന്തമാക്കിയ സ്റ്റെനായിരുന്നു കളിയിലെ കേമന്‍. മക്കായ എന്‍ടിനി, മോര്‍ണി മോര്‍ക്കല്‍ എന്നിവര്‍ സ്‌റ്റെന്‌ ഉറച്ച പിന്തുണ നല്‍കുമ്പോള്‍ കാലിസിന്റെ സഹായവും മുതല്‍ക്കൂട്ടാവുന്നു.

കെ.സി.എ അഴിമതി
എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചു
തൃശൂര്‍: അഴിമതിയാരോപണത്തില്‍ ഉഴലുന്ന കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‌ കനത്ത ആഘാതമായി വിജിലന്‍സ്‌ കോടതിയില്‍ എഫ്‌.ഐ .ആര്‍ സമര്‍പ്പിച്ചു. കോട്ടയം സ്വദേശിയായ ബാലാജി അയങ്കാര്‍ വിജിലന്‍സ്‌ കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുളള അന്വേഷണത്തിലാണ്‌ ഇപ്പോള്‍ എഫ്‌.ഐ.ആര്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്‌. കെ.സി.എ സെക്രട്ടറി ടി.സി മാത്യൂ ഉള്‍പ്പെടെ 85 പേര്‍ കേസില്‍ പ്രതികളാണ്‌. കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മല്‍സരത്തിന്റെ ടിക്കറ്റ്‌ വിതരണവും ഫണ്ടും സംബന്ധിച്ചുളള വിവാദമടക്കം കെ.സി.എ ക്കെതിരെ ഉയര്‍ന്നിരിക്കുന്ന വിവിധ ആരോപണങ്ങളാണ്‌ അന്വേഷിക്കുന്നത്‌.
പുതിയ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം, ബൗളിംഗ്‌ മെഷീന്‍ കൊണ്ടുവന്നപ്പോള്‍ ചെക്ക്‌ പോസ്‌റ്റില്‍ നല്‍കിയ തുക, ടീം സെലക്ഷന്‍ തുടങ്ങിയ ആരോപണങ്ങള്‍ക്ക്‌ വ്യക്തമായ മറുപടി നല്‍കാന്‍ കെ.സി.എ നേതൃത്ത്വത്തിന്‌ കഴിയാത്തപക്ഷം കാര്യങ്ങള്‍ കൂടുതല്‍ വഷളാവും. എന്നാല്‍ കേസിനെ പേടിയില്ലെന്നും വിജിലിന്‍സ്‌ കോടതിയില്‍ എഫ്‌.ഐ.ആര്‍ സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ ആരും രാജി നല്‍കാന്‍ പോവുന്നില്ലെന്നും ടി.സി മാത്യൂ പറഞ്ഞു.

ടെക്‌നിക്കല്‍ സ്‌ക്കൂള്‍ മീറ്റ്‌
കുറ്റിപ്പുറം: സംസ്ഥാന ടെക്‌നിക്കല്‍ സ്‌്‌കൂള്‍ കായികമേള ആദ്യ ദിനം പിന്നിടുമ്പോള്‍ 14 പോയന്റ്‌ വീതം സ്വന്തമാക്കി കോഴിക്കോട്‌ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളും ഏഴുകോണ്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌്‌കൂളും മുന്നില്‍ 13 ഇനങ്ങളാണ്‌ ഇന്നലെ പൂര്‍ത്തിയായത്‌. പതിനൊന്ന്‌ പോയന്റുമായി നന്നംമുക്ക്‌ ടെക്‌നിക്കല്‍ സ്‌ക്കൂള്‍ രണ്ടാം സ്ഥാനത്തും പത്ത്‌ പോയന്റുമായി ഇടുക്കി വണ്ണപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മൂന്നാം സ്ഥാനത്തുമുണ്ട്‌.

എഫ്‌.സി കാലിക്കറ്റ്‌ സംസ്ഥാന ലീഗില്‍ കളിക്കും
കോഴിക്കോട്‌: ഫുട്‌ബോളിന്റെ മക്കയായ കോഴിക്കോട്ട്‌ നിന്നും ഇതാദ്യമായി ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീം സംസ്ഥാന ലീഗില്‍ കളിക്കുന്നു. കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ ലീഗില്‍ തുടര്‍ച്ചയായി മികവ്‌ പ്രകടിപ്പിക്കുന്ന ചാന്ദ്‌നി എഫ്‌.സി എന്ന ടീമാണ്‌ എഫ്‌.സി കാലിക്കറ്റായി ദേശീയ സെക്കന്‍ഡ്‌ ഡിവിഷനിലും സംസ്ഥാന ലീഗിലും കളിക്കാന്‍ പോവുന്നത്‌. ടീമിന്റെ ടെക്‌നിക്കല്‍ ഡയരക്ടറായി മുന്‍ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ കെ.പി സേതുമാധവനെ നിശ്ചയിച്ചതായി ടീം അധികൃതരായ എം.ഇ.ബി കുറുപ്പ്‌, കെ.പി ഗോവിന്ദന്‍, പി.സുരേഷ്‌ ചന്ദ്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം പ്രേംനാഥ്‌ ഫിലിപ്പിന്‌ കീഴില്‍ ടീം ഇപ്പോള്‍ കോഴിക്കോട്‌ പരിശീലനം നേടുന്നുണ്ട്‌. ജില്ലാ ലീഗില്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി എഫ്‌.സിയാണ്‌ ജേതാക്കള്‍. പ്രൊഫഷണല്‍ രീതിയില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിച്ചാണ്‌ ടീമിനെ ഒരുക്കുന്നതെന്ന്‌ കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡണ്ട്‌ കൂടിയായ കുറുപ്പ്‌ വ്യക്തമാക്കി. സ്വന്തമായി ഒരു അക്കാദമിയും ക്ലബ്‌ തുടങ്ങുന്നുണ്ട്‌. സാമുതിരി സ്‌ക്കൂള്‍ മൈതാനവും മലബാര്‍ കൃസ്‌റ്റിയന്‍ കോളജ്‌ മൈതാനവുമായിരിക്കും ടീമിന്റെ ഔദ്യോഗിക കളി സ്ഥലങ്ങള്‍. ഐ ലീഗ്‌ യോഗ്യത നേടാന്‍ എഫ്‌.സിക്ക്‌ കഴിഞ്ഞാല്‍ ടീമിന്റെ ഹോം ഗ്രൗണ്ടായി കോര്‍പ്പറേഷന്‍ സ്റ്റേഡിയം അനുവദിക്കുമെന്ന്‌ മേയര്‍ ഉറപ്പ്‌ നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കോഴിക്കോടിന്റെ ഫുട്‌ബോള്‍ പാരമ്പര്യം നിലനിര്‍ത്താനും ഐ ലീഗ്‌ ഫുട്‌ബോള്‍ ഉള്‍പ്പെടെയുളള വലിയ വേദികളില്‍ കോഴിക്കോടന്‍ ഫുട്‌ബോളിനെ എത്തിക്കാനും ടീമിന്‌ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രേംനാഥ്‌ ഫിലിപ്പ്‌, സേതുമാധവന്‍, സുഭാഷ്‌ ബാബു തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

പാവം എം.ഡി
ലണ്ടന്‍: ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ മാനേജിംഗ്‌ ഡയരക്ടറായ ഹ്യൂഗ്‌ മോറീസ്‌ ത്രിശങ്കുവിലാണ്‌. ഇംഗ്ലീഷ്‌ ടീമിന്റെ നായകന്‍ കെവിന്‍ പീറ്റേഴ്‌സണും കോച്ച്‌ പീറ്റര്‍ മൂറും തമ്മിലുളള അഭിപ്രായ വിത്യാസം അവസാനിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌ ഹ്യൂഗ്‌ മോറീസിനെയാണ്‌. വിന്‍ഡീസ്‌ പര്യടനത്തിനുളള ഇംഗ്ലീഷ്‌ സംഘത്തില്‍ മുന്‍ ക്യാപ്‌റ്റന്‍ മൈക്കല്‍ വോനെ ഉള്‍പ്പെടുത്തുന്നത്‌ സംബന്ധിച്ചുളള വിവാദമാണ്‌ പീറ്റേഴ്‌സണെയും കോച്ചിനെയും രണ്ട്‌ ധ്രുവത്തിലാക്കിയിരിക്കുന്നത്‌. പീറ്റര്‍ മൂറുമായി ഇനി ഒരു ബന്ധത്തിനുമില്ലെന്നാണ്‌ പീറ്റേഴ്‌സന്റെ നിലപാട്‌. ക്രിക്കറ്റ്‌ ബോര്‍ഡ്‌ ക്യാപ്‌റ്റനൊപ്പം നില്‍ക്കാനാണ്‌ സാധ്യത. കോച്ച്‌ മൂറിന്‌ വലിയ വിജയ റെക്കോര്‍ഡില്ല. ഇന്ത്യന്‍ പര്യടനത്തില്‍ മൂര്‍ വന്‍ പരാജയമായിരുന്നു. ഡങ്കണ്‍ ഫ്‌ളെച്ചറിന്‌ ശേഷം ടീമിന്റെ ചുമതലയേറ്റ മൂറിന്റെ കര്‍ക്കശ നിലപാടിനോട്‌ താരങ്ങള്‍ക്കും താല്‍പ്പര്യക്കുറവുണ്ട്‌.

എഫ്‌്‌.എ കപ്പ്‌ അങ്കങ്ങള്‍
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളിന്‌ ഈയാഴ്‌ച്ച വിശ്രമം. ഇന്ന്‌ എഫ്‌ എ കപ്പിന്റെ ദിനമാണ്‌. ഇരുപതിലധികം മല്‍സരങ്ങളാണ്‌ വിവിധ വേദികളില്‍ നടക്കുന്നത്‌. ആഴ്‌സനല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, മിഡില്‍സ്‌ ബോറോ തുടങ്ങിയ പ്രീമിയര്‍ ലീഗ്‌ ക്ലബുകളെല്ലാം ഇന്ന്‌ മല്‍സരത്തിനുണ്ട്‌. സ്‌്‌പാനിഷ്‌ ലീഗില്‍ ഇന്നും നാളെയും മല്‍സരങ്ങളുണ്ട്‌. ഇന്ന്‌ രണ്ട്‌ മല്‍സരങ്ങള്‍ നടക്കും. നിലവില്‍ ഒന്നാം സ്ഥാനക്കാരായ ബാര്‍സിലോണ മയോര്‍ക്കയെയും വലന്‍സിയ അത്‌ലറ്റികോ മാഡ്രിഡിനെയും നേരിടും. നാളെ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡും ശക്തരായ വില്ലാ റയലും തമ്മിലുളള അങ്കമുണ്ട്‌. ഇറ്റലിയില്‍ അടുത്തയാഴ്‌ച്ചയാണ്‌ ലീഗ്‌ അങ്കങ്ങള്‍.

No comments: