Monday, January 5, 2009

SIDDLE SYDNEY

സിഡില്‍ ഓസീ
സിഡ്‌നി: കമന്ററി ബോക്‌സില്‍ ഷെയിന്‍ വോണ്‍...., ഗ്യാലറിയില്‍ ഗ്ലെന്‍ മക്ര്‌ഗാത്ത്‌.......
പീറ്റര്‍ സിഡില്‍ എന്ന പരിചയക്കുറവുകാരന്‌ കരുത്തോടെ പന്തെറിയാന്‍ തന്റെ രണ്ട്‌ കരുത്തരായ മുന്‍ഗാമികള്‍ ധാരാളമായിരുന്നു. അഞ്ച്‌ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ സിഡില്‍ പോക്കറ്റിലാക്കിയപ്പോള്‍ മൂന്നാം ടെസ്‌റ്റിന്റെ മൂന്നാം ദിനവും ഓസ്‌ട്രേലിയ സ്വന്തമാക്കി. 445 റണ്‍സ്‌ എന്ന ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സിന്‌ മറുപടിയായി ദക്ഷിണാഫ്രിക്ക 327 റണ്‍സില്‍ പുത്തായി. നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ സ്വന്തമാക്കിയ ഓസീസ്‌ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ്‌ നഷ്‌ടമാവാതെ 33 റണ്‍സ്‌ നേടിയിട്ടുണ്ട്‌. എസ്‌.സി.ജിയിലെ പിച്ചില്‍ വിളളലുകള്‍ പകല്‍ പോലെ പ്രത്യക്ഷമായ സാഹചര്യത്തില്‍ മല്‍സരത്തിലെ നാലാം ഇന്നിംഗസ്‌ ബാറ്റിംഗ്‌ സന്ദര്‍ശകര്‍ക്ക്‌ ദുഷ്‌ക്കരമാവും. നായകന്‍ ഗ്രയീം സ്‌മിത്ത്‌ പരുക്കുമായി പുറത്തായ സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തിനായുളള മല്‍സരത്തില്‍ സന്ദര്‍ശകര്‍ക്ക്‌ അനുകൂലമല്ല കാര്യങ്ങള്‍.
ഒരു വിക്കറ്റിന്‌ 151 റണ്‍സ്‌ എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ്‌ പുന:രാരംഭിച്ച ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ തന്നെ തകര്‍ന്നിരുന്നു. ആദ്യ സെഷനില്‍ മൂന്ന്‌ വിക്കറ്റുകള്‍ നഷ്ടമായി. പക്ഷേ വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചറും വാലറ്റക്കാരന്‍ മോര്‍ണി മോര്‍ക്കലും തമ്മിലുളള സഖ്യം 115 റണ്‍സിന്റെ കൂട്ടുകെട്ടുമായി വന്‍ തകര്‍ച്ച ഒഴിവാക്കി. 89 റണ്‍സ്‌ നേടിയ ബൗച്ചറാണ്‌ ഇന്നിംഗ്‌സിലെ ടോപ്‌ സ്‌ക്കോറര്‍. മോര്‍ക്കല്‍ 40 റണ്‍സ്‌ സ്വന്തമാക്കി.
കേവലം 17 ടെസ്റ്റ്‌ മല്‍സരങ്ങളില്‍ മാത്രം രാജ്യത്തിനായി കളിച്ചിട്ടുളള മിച്ചല്‍ ജോണ്‍സണ്‍ നയിച്ച ഓസീസ്‌ പേസ്‌ നിരക്ക്‌ മൈതാനത്തെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നു. പിച്ചിലെ വിളളലുകള്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ അതിജീവനം ദുസ്സഹമാക്കി. ചില പന്തുകള്‍ വെട്ടിത്തിരിഞ്ഞു വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കാലിസിനെ പോലുള്ള അനുഭവസമ്പന്നര്‍.
ഹാഷിം അംലയും വൈസ്‌ ക്യാപ്‌റ്റന്‍ ജാക്‌ കാലിസുമായിരുന്നു രാവിലെ ക്രീസില്‍. സ്‌മിത്ത്‌ തലേദിവസം മിച്ചല്‍ ജോണ്‍സന്റെ പന്ത്‌ കൈവിരലില്‍ തട്ടി പരുക്കുമായി പുറത്തായതിനാല്‍ എല്ലാ പ്രതീക്ഷകളും ഈ സഖ്യത്തിലായിരുന്നു. പലപ്പോഴും ദുഷ്‌ക്കര സാഹചര്യങ്ങളില്‍ ടീമിനെ രക്ഷിച്ചിട്ടുള്ള കാലിസ്‌ പക്ഷേ അല്‍പ്പമാലസ്യം പ്രകടിപ്പിച്ചപ്പോള്‍ മിച്ചലിന്‌ അത്‌ തുണയായി. ഓഫ്‌ സ്റ്റംമ്പിന്‌ വളരെ അകലെയായി പുറത്തേക്ക്‌ പോവുന്ന പന്തില്‍ കാലിസ്‌ ബാറ്റ്‌ വെച്ചപ്പോള്‍ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദീന്‌ പിഴച്ചില്ല. ഓസ്‌ട്രേലിയക്ക്‌ പുതിയ കരുത്തുമായി ആക്രമിക്കാന്‍ ഈ വിക്കറ്റ്‌ ധാരാളമായിരുന്നു.
അടുത്ത വിക്കറ്റ്‌ ദക്ഷിണാഫ്രിക്ക ദാനം നല്‍കിയതായിരുന്നു. ഫോമിലുളള എബി ഡി വില്ലിയേഴ്‌സ്‌ റണ്ണൗട്ടിന്റെ രൂപത്തില്‍ വിക്കറ്റ്‌ വലിച്ചെറിയുകയായിരുന്നു. പന്ത്‌ തട്ടി, വെറുതെ സിംഗിളിന്‌ ശ്രമിച്ച ബാറ്റ്‌സ്‌മാന്‍ മിഡോണില്‍ നിന്നും മിച്ചല്‍ ജോണ്‍സന്റെ നേരിട്ടുളള ത്രോയില്‍ സ്‌റ്റംമ്പ്‌ തകര്‍ന്ന്‌ പുറത്തായി. റണ്ണെടുക്കാനുളള താല്‍പ്പര്യം ഡി വില്ലിയേഴ്‌സിനുണ്ടായിരുന്നില്ല. മുന്നോട്ടാഞ്ഞ്‌ പെട്ടെന്ന്‌ ക്രീസില്‍ തിരിച്ചെത്താനായിരുന്നു പരിപാടി. പക്ഷേ അത്‌ നടന്നില്ല. അര്‍ദ്ധ സെഞ്ച്വറിക്കായി 125 പന്തുകള്‍ നേരിട്ട ഹാഷിം അംലയുടെ വിക്കറ്റാണ്‌ ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കക്ക്‌ നഷ്ടമായത്‌.
മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക്‌ വിജയമൊരുക്കിയ ജെ.പി ഡുമിനി എന്ന ബാറ്റ്‌സ്‌മാന്‍ സമ്മര്‍ദ്ദ സാഹചര്യത്തിലാണ്‌ മൈതാനത്ത്‌ എത്തിയത്‌. അംല പുറത്തായ സാഹചര്യത്തല്‍ പ്രതിരോധ ക്രിക്കറ്റിന്റെ വക്താവാകാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നു. പക്ഷേ വ്യക്തിഗത സ്‌ക്കോര്‍ 13 ല്‍ മിച്ചലിന്റെ പന്തില്‍ യുവതാരം വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങി. ഡുമിനി പുറത്താവുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 193 റണ്‍സ്‌ മാത്രം.
ഈ ഘട്ടത്തിലാണ്‌ ബൗച്ചറും മോര്‍ക്കലും ഒരുമിച്ചത്‌. സാധാരണ ഗതിയില്‍ ആക്രമിച്ചു കളിക്കാറുളള ബൗച്ചര്‍ തുടക്കം മുതല്‍ പ്രതിരോധത്തിലായിരുന്നു. പക്ഷേ ഓസീ ബൗളിംഗ്‌ നിരയിലെ ദുര്‍ബല കണ്ണിയായ ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡിനെ കണ്ടപ്പോള്‍ തുടര്‍ച്ചയായി മൂന്ന്‌ തവണ പന്തിനെ അതിര്‍ത്തി കടത്തി വിക്കറ്റ്‌ കീപ്പര്‍ അര്‍ദ്ധശതകം പിന്നിട്ടു. പുള്ളുകളും കട്ടുകളുമായി ബാറ്റിംഗ്‌ ആസ്വദിക്കുകയായിരുന്നു മോര്‍ക്കല്‍. പല ഘട്ടങ്ങളിലും ഇരുവരും ഭാഗ്യവാന്മാരുമായിരുന്നു.
അവസാന സെഷനില്‍ മോര്‍ക്കല്‍ പുറത്തായിതനെ തുടര്‍ന്നാണ്‌ ഈ കൂട്ടുകെട്ട്‌ തകര്‍ന്നത്‌. രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച ഓസ്‌ട്രേലിയക്കായി മാത്യൂ ഹെയ്‌ഡനും സൈമണ്‍ കാറ്റിച്ചും ഭദ്രമായാണ്‌ തുടങ്ങിയത്‌. ഇന്ന്‌ നാലാം ദിവസം പെട്ടെന്ന്‌ റണ്‍സ്‌ നേടുക എളുപ്പമല്ല. പക്ഷേ ഒന്നാം ഇന്നിംഗ്‌സിലെ ലീഡിനൊപ്പം ശരാശരി സ്‌ക്കോര്‍ ലഭിച്ചാല്‍ ഓസ്‌ട്രേലിയക്ക്‌ പിടിമുറുക്കാനാവും.

സ്‌ക്കോര്‍ബോര്‍ഡ്‌
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌ 445. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ്‌: മക്കന്‍സി-എല്‍.ബി.ഡബ്ല്യൂ-ബി-സിഡില്‍-23, സ്‌മിത്ത്‌-റിട്ടയേര്‍ഡ്‌ ഹര്‍ട്ട്‌-30, അംല-എല്‍.ബി.ഡബ്ല്യൂ-ബി-മക്‌ഡൊണാള്‍ഡ്‌-51, കാലിസ്‌-സി-ഹെയ്‌ഡന്‍-ബി-മിച്ചല്‍-37, ഡി വില്ലിയേഴ്‌സ്‌-റണ്ണൗട്ട്‌്‌-11, ഡുമിനി-എല്‍.ബി.ഡബ്ല്യൂ-ബി-ജോണ്‍സണ്‍-13, ബൗച്ചര്‍-ബി-സിഡില്‍-89, മോര്‍ക്കല്‍-ബി-സിഡില്‍-40, ഹാരിസ്‌-എല്‍.ബി.ഡബ്ല്യൂ-ബി-സിഡില്‍-2, സ്‌റ്റെന്‍-ബി-സിഡില്‍-6, എന്‍ടിനി-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-25, ആകെ 120.5 ഓവറില്‍ 327.
വിക്കറ്റ്‌ പതനം: 1-76 (മക്കന്‍സി), 2-131 (കാലിസ്‌), 3-161 (ഡി വില്ലിയേഴ്‌സ്‌), 4-166 (അംല), 5-193 (ഡുമിനി), 6-308 (മോര്‍ക്കല്‍), 7-310 (ഹാരിസ്‌), 8-316 (സ്‌റ്റെന്‍), 9-327 (ബൗച്ചര്‍). ബൗളിംഗ്‌: സിഡില്‍ 27.5-11-59-5, ബോളീഗ്‌നര്‍ 23-4-78-0, ജോണ്‍സണ്‍ 28-6-69-2, മക്‌ഡൊണാള്‍ഡ്‌ 22-8-41-1, ഹൗറിറ്റ്‌സ്‌ 20-4-68-0.
ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ്‌: ഹെയ്‌ഡന്‍-നോട്ടൗട്ട്‌-18, കാറ്റിച്ച്‌-നോട്ടൗട്ട്‌-9, എക്‌സ്‌ട്രാസ്‌-6, ആകെ 6 ഓവറില്‍ വിക്കറ്റ്‌്‌ പോവാതെ 33. ബൗളിംഗ്‌: സ്‌റ്റെന്‍
3-0-17-0, എന്‍ടിനി 3-0-10-0.

ന്യൂസിലാന്‍ഡാണ്‌ പ്രധാനം, ലങ്കയല്ല: ഇന്ത്യ
മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയെക്കാള്‍ ഇന്ത്യക്ക്‌ പ്രധാനം ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഒരു ടെസ്റ്റ്‌ കൂടി ഉള്‍പ്പെടുത്തുന്നതാണെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ പ്രൊഫസര്‍ രത്‌നാങ്കര്‍ ഷെട്ടി വ്യക്തമാക്കി. മാര്‍ച്ച്‌-ഏപ്രില്‍ മാസത്തിലാണ്‌ ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്നത്‌. രണ്ട്‌ ടെസ്‌റ്റും അഞ്ച്‌ ഏകദിനങ്ങളും ഒരു ടൊന്റി-ടൊന്റി മല്‍സരവുമാണ്‌ പരമ്പരയിലുളളത്‌. ഇന്ത്യയുടെ പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കിയ സാഹചര്യത്തില്‍ കിവീസിനെതിരായ പരമ്പരയില്‍ ഒരു ടെസ്‌റ്റ്‌ കൂടി ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ ബോര്‍ഡ്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ഈ അഭ്യര്‍ത്ഥനയില്‍ ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ തീരുമാനമറിഞ്ഞതിന്‌ ശേഷം മാത്രമായിരിക്കും ലങ്കക്കെതിരായ ഏകദിന പരമ്പരയുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുകയുളളുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം ശ്രീലങ്കന്‍ ടീം ഇവിടയെത്തി ഏകദിന പരമ്പര കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കേവലം ഊഹാപോഹം മാത്രമാണ്‌. ഇത്‌ സംബന്ധിച്ച്‌ ഒരു ചര്‍ച്ചകളും നടന്നിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കിയ സാഹചര്യത്തില്‍ ടീമിന്‌ കൂടുതല്‍ വിദേശ അവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ്‌ പ്രധാനം. ഇത്‌ കാരണമാണ്‌ ന്യൂസിലാന്‍ഡ്‌ ബോര്‍ഡിനോട്‌ പരമ്പരയില്‍ ഒരു ടെസ്റ്റ്‌ കൂടി ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌. അവരാണ്‌ ആതിഥേയര്‍. അവരുടെ താല്‍പ്പര്യമാണ്‌ പ്രധാനം. ഒരു ടെസ്റ്റ്‌ കൂടി പരമ്പരയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കിവി ബോര്‍ഡിന്‌ സന്തോഷമാണുണ്ടാവുക. എങ്കിലും വേദിയുടെ കാര്യത്തിലും കിവി ടീമിന്റെ ഷെഡ്യൂള്‍ കാര്യത്തിലുമാണ്‌ സംശയമെന്ന്‌ ഷെട്ടി പറഞ്ഞു.
ഫെബ്രുവരി 13 വരെ ന്യൂസിലാന്‍ഡ്‌ ടീമിന്‌ തിരക്കിട്ട ഷെഡ്യൂളാണ്‌. ഇപ്പോള്‍ തന്നെ വിന്‍ഡീസിനെതിരായ പരമ്പര നടക്കുകയാണ്‌. അതിന്‌ ശേഷം ഓസ്‌ട്രേലിയ കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയുണ്ട്‌.

ദില്‍ഷാന്‍ ഷോ
ചിറ്റഗോംഗ്‌: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്‌റ്റിലും ശ്രീലങ്ക പിടിമുറുക്കി. മല്‍സരം മൂന്നാം ദിവസം പിന്നിടുമ്പോള്‍ 472 റണ്‍സിന്റെ വലിയ ലീഡാണ്‌ സന്ദര്‍ശകര്‍ക്ക്‌. ആദ്യ ഇന്നിംഗ്‌സില്‍ 384 റണ്‍സ്‌ നേടി ആതിഥേയരെ 208 ല്‍ നിയന്ത്രിച്ച ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ നാല്‌ വിക്കറ്റിന്‌ 296 റണ്‍സ്‌ എന്ന നിലയിലാണ്‌. 81 റണ്‍സുമായി കളിക്കുന്ന തിലകരത്‌നെ ദില്‍ഷാനാണ്‌ ലങ്കന്‍ ബാറ്റിംഗ്‌ ഹീറോ. 72 റണ്‍സുമായി തിലാന്‍ സമരവീരയും ക്രീസിലുണ്ട്‌്‌. രണ്ട്‌ ദിവസവും ആറ്‌ വിക്കറ്റും കൈവശമിരിക്കെ ഇന്ന്‌ പെട്ടെന്ന്‌ ലങ്ക ഇന്നിംഗ്‌സ്‌ അവസാനിപ്പിക്കും. മുത്തയ്യ മുരളീധരന്‍, അജാന്ത മെന്‍ഡിസ്‌ എന്നീ സ്‌പിന്‍ ജോഡിയെ ഉപയോഗപ്പെടുത്തി കടുവകളെ എറിഞ്ഞിടാനും നിലവിലെ ഫോമില്‍ ടീമിനാവും. ഇന്നലെ കടുവകള്‍ക്കായി ബൗളിംഗില്‍ മിന്നിയത്‌ 29 റണ്‍സിന്‌ രണ്ട്‌ വിക്കറ്റ്‌ നേടിയ മുഹമ്മദ്‌ അഷറഫുലാണ്‌.

മൂറിന്‌ പണി പോവും
ലണ്ടന്‍: ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണുമായി ഉടക്കിയ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകന്‍ പീറ്റര്‍ മൂറിന്‌ ജോലി പോവുമെന്നുറപ്പായി. കോച്ചിന്റെ കാര്യത്തില്‍ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തീരുമാനമെടുത്തതായാണ്‌ സൂചന. ഈയാഴ്‌ച്ച തന്നെ തീരുമാനമുണ്ടാവും. പതിനെട്ട്‌ മാസം മുമ്പ്‌ ഡങ്കണ്‍ ഫ്‌ളെച്ചറില്‍ നിന്നും പരിശീലക സ്ഥാനം ഏറ്റെടുത്ത മൂര്‍ 22 ടെസ്‌റ്റുകളില്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ കേവലം എട്ട്‌ ടെസ്റ്റില്‍ മാത്രമാണ്‌ വിജയിക്കാനായത്‌. ഈ എട്ട്‌ വിജയങ്ങളില്‍ ഏഴും ദുര്‍ബലരായ വിന്‍ഡീസ്‌, ന്യൂസിലാന്‍ഡ്‌ എന്നിവരോടായിരുന്നു. ഇന്ത്യയെ പോലുള്ള കരുത്തര്‍ക്കെതിരെ ടീം തകര്‍ന്നടിയുകയും ചെയ്‌തു. ഇന്ത്യന്‍ പരമ്പരക്ക്‌ ശേഷമാണ്‌ കോച്ചും നായകനും ഉടക്കിയത്‌. വിന്‍ഡീസ്‌ പര്യടനത്തിനുളള ടീമില്‍ മുന്‍ ക്യാപ്‌റ്റന്‍ മൈക്കല്‍ വോനെ ഉള്‍പ്പെടുത്തണമെന്ന്‌ പീറ്റേഴ്‌സണ്‍ നിര്‍ദ്ദേശിച്ചപ്പോള്‍ വോനെ ഉള്‍പ്പെടുത്തരുതെന്നായിരുന്നു കോച്ചിന്റെ നിലപാട്‌. ഈ വിഷയത്തിലാണ്‌ ക്യാപ്‌റ്റന്‌ ചൂടായത്‌. കോച്ചിനെ മാറ്റാത്തപക്ഷം നായകനായി തുടരാന്‍ തന്നെ കിട്ടില്ലെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കുകയായിരുന്നു.

ജാഫര്‍ 301, സച്ചിന്‍ 122
മുംബൈ: സൗരാഷ്‌ട്രക്കെതിരായ രഞ്‌ജി ട്രോഫി സെമി ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈക്ക്‌ പടുകൂറ്റന്‍ സ്‌ക്കോര്‍. ഓപ്പണര്‍ വസീം ജാഫര്‍ 301 റണ്‍സ്‌ നേടിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 122 റണ്‍സ്‌ അടിച്ചെടുത്തു. ഈ സഖ്യം നേടിയ 227 റണ്‍സിന്റെ മികവില്‍ ആറ്‌ വിക്കറ്റിന്‌ 637 റണ്‍സാണ്‌ മുംബൈ സ്വന്തമാക്കിയത്‌. ജീവനില്ലാത്ത പിച്ചില്‍ ബൗളര്‍മാര്‍ വിയര്‍ക്കുന്ന സാഹചര്യത്തില്‍ ഈ പോരാട്ടം സമനിലയില്‍ അവസാനിക്കാനാണ്‌ സാധ്യതകള്‍. ഒന്നാം ഇന്നിംഗ്‌സിന്റെ ലീഡ്‌ വിജയിയെ നിശ്ചയിക്കുകയും ചെയ്യും. സൗരാഷ്ട്രക്ക്‌ ഒന്നാം ഇന്നിംഗ്‌സ്‌ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പക്ഷം റണ്‍ റേറ്റ്‌ വിജയിയെ നിശ്ചയിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ ജാഫറിന്റെ രണ്ടാം ട്രിപ്പിളാണിത്‌. ആദ്യദിനം തന്നെ സെഞ്ച്വറി പിന്നിട്ട മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇന്നലെ രാവിലെ തന്നെ ഡബിള്‍ പൂര്‍ത്തിയാക്കി. അവസാനത്തിലായിരുന്നു ട്രിപ്പിള്‍. സച്ചിന്‍ ആക്രമണ മൂഡിലായിരുന്നു. തുടക്കം മുതല്‍ ബൗളര്‍മാരെ ക്രിസ്‌ വിട്ട്‌ നേരിട്ട സച്ചിന്‌ കാണികളുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിരുന്നു.

ഇന്റര്‍ സ്‌ക്കൂള്‍ ഫുട്‌ബോള്‍
കിരീടം എം.എസ്‌.പിക്ക്‌
ഫറോക്ക്‌: കെ.സി അസ്സന്‍കുട്ടി സാഹിബ്‌ മെമ്മോറിയല്‍ ട്രോഫിക്കായുളള രണ്ടാമത്‌ ഇന്റര്‍ സ്‌ക്കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം എം.എസ്‌.പി എച്ച്‌. എസ്‌.എസ്‌ ജേതാക്കളായി. ഫാറുഖ്‌ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മൈതാനത്ത്‌ ഇന്നലെ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തില്‍ എം.എസ്‌.പി സംഘം ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ആതിഥേയരായ ഫാറൂഖ്‌ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിനെ പരാജയപ്പെടുത്തി. വിജയികള്‍ക്ക്‌ അബ്ദുറബ്‌ എം.എല്‍.എ ട്രോഫികള്‍ സമ്മാനിച്ചു. ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്ററും കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്‌ സെക്രട്ടറിയുമായ കമാല്‍ വരദൂര്‍ കളിക്കാരുമായി പരിചയപ്പെട്ടു. എന്‍. ആര്‍ അബ്ദുള്‍ റസാക്ക്‌ അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ കെ.പി കുഞ്ഞഹമ്മദ്‌ കുട്ടി, മാനേജര്‍ കെ.എ ഹസ്സന്‍കുട്ടി,കെ.കുഞ്ഞലവി, എം.കെ ഹസ്സന്‍കോയ, ഹെഡ്‌മാസ്‌റ്റര്‍ കെ.കോയ, ടി.അബൂബക്കര്‍ സംസാരിച്ചു. കോഴിക്കോട്‌, വയനാട്‌, മലപ്പുറം ജില്ലകളില്‍ നിന്നായി 12 സ്‌ക്കൂളുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു.

No comments: