Tuesday, January 13, 2009

GOOD BY MAT

ബൈ ഹെയ്‌ഡന്‍
ബ്രിസ്‌ബെന്‍: കളി പഠിച്ച മൈതാനത്ത്‌, നാല്‍പ്പതിനായിരത്തോളം ആരാധകരെ സാക്ഷിയാക്കി മാത്യൂ ഹെയ്‌ഡന്‍ ക്രിക്കറ്റിനോട്‌ വിടപറഞ്ഞു. ക്രിക്കറ്റ്‌ മൈതാനങ്ങളിലെ ആ ഇടം കൈയ്യന്‍ കരുത്തും, സ്ലിപ്പിലെ വിശ്വസ്‌തമായ കരങ്ങളും, ക്രിസിലെ ചൂടന്‍ കളികളും ഇനി കാണില്ല. നാടകീയ നീക്കത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. സ്വന്തം മൈതാനത്ത്‌ നടക്കുന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക 20-20 പരമ്പരയിലെ രണ്ടാം മല്‍സരത്തിനിടെയായിരുന്നു റിട്ടയര്‍മെന്റ്‌്‌ പ്രഖ്യാപനം. ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗിനൊപ്പം വാര്‍ത്താലേഖകരെ കണ്ട ഹെയ്‌ഡന്‍ മല്‍സരത്തിന്റെ ഇടവേളയില്‍ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ഗാബ വലം വെച്ച്‌ എല്ലാവരോടും യാത്ര പറഞ്ഞു.
17 വര്‍ഷം ദിര്‍ഘീച്ച രാജ്യാന്തര കരിയറിന്‌ അന്ത്യമാവുമ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മറ്റൊരു കാലഘട്ടമാണ്‌ അവസാനിക്കുന്നത്‌. 103 ടെസ്‌റ്റുകളിലും 161 ഏകദിനങ്ങളിലും കളിച്ച ഹെയ്‌ഡനെ ദക്ഷിണാഫ്രിക്കക്കെതിരായ 20-20 പരമ്പരയിലും ത്രിരാഷ്ട്ര പരമ്പരക്കുളള ടീമിലും ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തനിക്കെതിരെയുളള സൂചന മനസ്സിലാക്കിയാണ്‌ ഹെയ്‌ഡന്‍ വിടവാങ്ങാന്‍ തീരുമാനിച്ചത്‌. ഓസ്‌ട്രേലിയന്‍ ടീമിന്റെ അടുത്ത മാസത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടന സംഘത്തില്‍ ഹെയ്‌ഡന്‌ സ്ഥാനമുണ്ടാവുമെന്ന്‌ സെലക്ടര്‍മാര്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ടീമിലെത്തണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച്‌ മികവ്‌ തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ ബാറ്റിംഗില്‍ വന്‍ പരാജയമായിരുന്നു ഹെയ്‌ഡന്‍. അതിന്‌ മുമ്പ്‌ നടന്ന ഇന്ത്യക്കെതിരായ പരമ്പരയിലും അദ്ദേഹം പരാജിതനായിരുന്നു. സമീപകാല ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ യഥാര്‍ത്ഥ കരുത്തായിരുന്ന ഹെയ്‌ഡന്‍ ടെസ്‌റ്റില്‍ ജസ്‌റ്റിന്‍ ലാംഗര്‍ക്കൊപ്പവും ഏകദിനങ്ങളില്‍ ആദം ഗില്‍ക്രൈസ്റ്റിനൊപ്പവും ടീമിന്‌ തകര്‍പ്പന്‍ തുടക്കം നല്‍കിയിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ 8,625 റണ്‍സാണ്‌ ഹെയ്‌ഡന്റെ സമ്പാദ്യം. 50.73 ബാറ്റിംഗ്‌ ശരാശരിയുള്ള ഇടം കൈയ്യന്‍ ബാറ്റ്‌സ്‌മാന്റെ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന പരമ്പരയിലെ റണ്‍ ശരാശരി കേവലം 20 ആയിരുന്നു.
വിരമിക്കാനുളള സമയമായത്‌ കൊണ്ടാണ്‌ ഇത്തരമൊരു തീരുമാനമെടുത്തതെന്ന്‌ വികാരഭരിതനായ ഹെയ്‌ഡന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതാണ്‌ അനുയോജ്യമായ സമയം. ഓസ്‌ട്രേലിയയുടെ ബാഗി ഗ്രീന്‍ ക്യാപ്പ്‌ അണിഞ്ഞ്‌ കളിക്കാന്‍ ഏതൊരു ചെറിയ കുട്ടിയും ആഗ്രഹിക്കുന്നതാണ്‌. പതിനേഴ്‌ വര്‍ഷം എനിക്ക്‌ സ്വപ്‌നതൂല്യനായി കളിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ ക്രിക്കറ്റില്‍ നിന്ന്‌ മാത്രമാണ്‌ വിരമിക്കുന്നത്‌. ജിവിതത്തില്‍ ഇനി എനിക്ക്‌ പലതും ചെയ്യാനുണ്ട്‌-ടെസ്റ്റ്‌ ക്രിക്കറ്റില്‍ 30 സെഞ്ച്വറികള്‍ സ്വന്തമാക്കിയ താരം പറഞ്ഞു.
ലോകകപ്പ്‌ സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ സംഘത്തില്‍ രണ്ട്‌ തവണ ഹെയ്‌ഡനുണ്ടായിുന്നു. 10 സെഞ്ച്വറികളും 36 അര്‍ദ്ധശതകങ്ങളും നിറം പകര്‍ന്ന ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സമ്പാദ്യം പുറത്താവാതെ നേടിയ 181 റണ്‍സായിരുന്നു. 2007 ല്‍ ഐ.സി.സിയുടെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഹെയ്‌്‌ഡന്‍ അടുത്ത വര്‍ഷം ക്രിക്കറ്റ്‌ ാേസ്‌ട്രേലിയയുടെ മികച്ച ഏകദിന ബാറ്റ്‌സ്‌മാനുളള പുരസ്‌ക്കാരവും സ്വന്തമാക്കിയിരുന്നു.
1994 ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലൂടെയായിരുന്നു ഹെയ്‌ഡന്റെ രാജ്യാന്തര തുടക്കം. പക്ഷേ അദ്ദേഹത്തെ ക്രിക്കറ്റ്‌ ലോകം അറിയാന്‍ തുടങ്ങിയത്‌ ജസ്‌റ്റിന്‍ ലാംഗര്‍ക്കൊപ്പം ചേര്‍ന്നുളള മാരത്തോണ്‍ ടെസ്‌റ്റ്‌്‌ ഇന്നിംഗ്‌സുകളിലൂടെയാണ്‌. 2001 ല്‍ ഇന്ത്യക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയിലെ മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ മാത്രമായി 549 റണ്‍സാണ്‌ അദ്ദേഹം വാരിക്കൂട്ടിയിരുന്നത്‌. 2003 ല്‍ പെര്‍ത്തില്‍ സിംബാബ്‌വെക്കെതിരെ 380 റണ്‍സ്‌ നേടി ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഒരു ഓസ്‌ട്രേലിയക്കാരന്റെ ഉയര്‍ന്ന റണ്‍സും നേടിയിരുന്നു. ആറ്‌ മാസത്തോളം ടെസ്‌റ്റ്‌ ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌ക്കോറും ഇതായിരന്നു. പിന്നീട്‌ വിന്‍ഡീസ്‌ ഇതിഹാസം ബ്രയന്‍ ലാറ ഇംഗ്ലണ്ടിനെതിരെ പുറത്തവാതെ 400 റണ്‍സ്‌ സ്വന്തമാക്കി റെക്കോര്‍ഡ്‌ സ്വന്തം പേരിലാക്കി.
ഓസീസ്‌ ക്രിക്കറ്റിലെ പല വീര താരങ്ങള്‍ക്കൊപ്പവും കളിക്കാന്‍ ഹെയ്‌ഡന്‌ കഴിഞ്ഞു. സ്റ്റീവ്‌ വോ, ഗ്ലെന്‍ മക്‌ഗ്രാത്ത്‌, ഷെയിന്‍ വോണ്‍, ഡാമിയന്‍ മാര്‍്‌ട്ടിന്‍, ജസ്‌റ്റിന്‍ ലാംഗര്‍, ആദം ഗില്‍ക്രൈസ്‌റ്റ്‌ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‌ കളിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാണാനായത്‌. 2006-07 ല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച്‌ മല്‍സര ടെസ്റ്റ്‌ പരമ്പരയിലെ എല്ലാ മല്‍സരങ്ങളും ഓസ്‌ട്രേലിയ സ്വന്തമാക്കിയതിന്റെ പ്രധാന ക്രെഡിറ്റ്‌ ഹെയ്‌ഡനായിരുന്നു.
ലാംഗര്‍ വിരമിച്ചതിന്‌ ശേഷം പഴയ കരുത്തില്‍ കളിക്കാന്‍ ഹെയ്‌ഡന്‌ കഴിഞ്ഞിരുന്നില്ല. പരുക്ക്‌ മൂലം അല്‍പ്പകാലം പുറത്തുമായി. പരുക്കില്‍ നിന്ന്‌ മോചനം നേടിയെത്തിയപ്പോഴാവട്ടെ പഴയ ഫോമിന്റെ നിഴല്‍ മാത്രമായിരുന്നു ഓപ്പണര്‍. ഹെയ്‌ഡന്‌ പകരക്കാരനെ തേടുകയായിരുന്ന ഓസീസ്‌ സെലക്ടര്‍മാര്‍ക്ക്‌ കഴിഞ്ഞ ദിവസം തട്ടുതകര്‍പ്പന്‍ ശൈലിക്കാരനായ ഒരു ഓപ്പണറെ ലഭിക്കുകയും ചെയ്‌തതോടെയാണ്‌ ഹെയ്‌ഡന്‍ പെട്ടെന്ന്‌ വിരമിക്കാന്‍ തീരുമാനിച്ചത്‌. ഹെയ്‌ഡന്‌ പകരം കളിച്ച ഡേവിഡ്‌ വാര്‍ണര്‍ എന്ന താരം ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ 20-20 മല്‍സരത്തില്‍ മിന്നല്‍പിണരായിരുന്നു.

ഒരു കണ്ണി കൂടി
ബ്രിസ്‌ബെന്‍: ഗ്ലെന്‍ മക്‌ഗ്രാത്ത്‌, ജസ്‌റ്റിന്‍ ലാംഗര്‍, ആദം ഗില്‍ക്രൈസ്‌റ്റ്‌, ഷെയിന്‍ വോണ്‍, ഡാമിയന്‍ മാര്‍ട്ടിന്‍-ഓസീസ്‌ ക്രിക്കറ്റിലെ ഈ അജയ്യ നിരയിലെ കണ്ണിയായിരുന്ന മാത്യൂ ഹെയ്‌ഡനും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ റിക്കി പോണ്ടിംഗിന്റെ സംഘത്തില്‍ സീനിയേഴ്‌സ്‌ കാലം അവസാനിക്കുകയാണ്‌. ഒരു കാലത്ത്‌ വയസ്സന്‍പ്പട എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഓസീസ്‌ സംഘത്തില്‍ ഇനി സീനിയേഴ്‌സായി കൂടുതല്‍ പേരില്ല. റിക്കി പോണ്ടിംഗാണ്‌ ഇപ്പോഴത്തെ സീനിയര്‍. അദ്ദേഹത്തിനൊപ്പം അനുഭവസമ്പത്തുളളവരായി മൈക്കല്‍ ക്ലാര്‍ക്കും മൈക്കല്‍ ഹസിയും ആന്‍ഡ്ര്യൂ സൈമണ്ട്‌സും ബ്രെട്ട്‌ ലീയും മാത്രം.
മക്‌ഗ്രാത്തും വോണും ലാംഗറും ഒരുമിച്ച്‌ വിരമിച്ചപ്പോള്‍ ആ പാത ഹെയ്‌ഡനും തെരഞ്ഞെടുക്കുമെന്നാണ്‌ കരുതിയത്‌. എന്നാല്‍ പോണ്ടിംഗിനൊപ്പം പിടിച്ചുനില്‍ക്കാന്‍ അദ്ദേഹം നടത്തിയ ശ്രമത്തിന്‌ സെലക്ടര്‍മാര്‍ പിന്തുണ നല്‍കി. പക്ഷേ പരുക്കു ംപ്രശ്‌നങ്ങളും പിന്നെ യുവതാരങ്ങളുടെ ആഗമനവുമായപ്പോള്‍ ടീമിന്‌ ബാധ്യതയായി നില്‍ക്കാന്‍ ഹെയ്‌ഡന്‍ ആഗ്രഹിച്ചില്ല.
സമീപകാല ക്രിക്കറ്റില്‍ പരാജയമുഖത്ത്‌ ഓസ്‌ട്രേലിയ ഒറ്റപ്പെട്ട കാഴ്‌ച്ചയില്‍ യുവതാരങ്ങള്‍ക്ക്‌ അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാണ്‌. ഇതിന്റെ ഭാഗമായാണ്‌ ഇപ്പോള്‍ നടക്കുന്ന 20-20 പരമ്പരയിലും നടക്കാനിരിക്കുന്ന ത്രിരാഷ്‌ട്ര ഏകദിന പരമ്പരയിലും സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തിയത്‌. ഹെയ്‌ഡനൊപ്പം ബ്രെട്ട്‌ ലീ, ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌, ഷെയിന്‍ വാട്ട്‌സണ്‍ എന്നിവരെല്ലാം പുറത്തായി. പകരം കരുത്തരായ യുവതാരങ്ങള്‍ രംഗത്ത്‌ വന്നു. ഡേവിഡ്‌ വാര്‍നര്‍, ഫീല്‍ ജാക്വസ്‌, ഫിലിപ്‌ ഹ്യൂഗ്‌സ്‌ തുടങ്ങിയവര്‍ ടീമിന്റെ കരുത്തായി. അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇവരെല്ലാമായിരിക്കും ടീമിലുണ്ടാവുക.
ഹെയ്‌ഡന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിരിക്കുമെന്ന്‌ പോണ്ടിംഗ്‌ പറഞ്ഞു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ 30 സെഞ്ച്വറികള്‍ സ്വന്തമാക്കുകയെന്നത്‌ ചെറിയ കാര്യമല്ല. ബാറ്റിംഗ്‌ ശരാശരി അമ്പതില്‍ നിലനിര്‍ത്തുകയും എളുപ്പമല്ല. ഓസ്‌ട്രേലിയന്‍ ഡ്രസ്സിംഗ്‌ റൂമിന്‌ ഹെയ്‌ഡന്റെ നഷ്ടം കനത്ത ആഘാതമാണ്‌. ആ കാര്യത്തില്‍ സംശയമില്ല-പോണ്ടിംഗ്‌ പറഞ്ഞു. ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളില്‍ ഒരാളാണ്‌ ഹെയ്‌ഡനെന്ന്‌ ഗ്ലെന്‍ മക്‌ഗ്രാത്തും പറഞ്ഞു.

വണ്‍ ഓഫ്‌്‌ ദി ബെസ്റ്റ്‌, ബട്ട്‌
ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ പ്രതിഭാശാലിയായ ബാറ്റ്‌സ്‌മാനായിരുന്നു മാത്യൂ ഹെയ്‌ഡന്‍ എന്ന കാര്യത്തില്‍ സംശയമില്ല. നല്ല ഉയരവും, കരുത്തേറിയ ശരീരവുമുള്ള ക്രിക്കറ്റ്‌ മൈതാനത്തെ ആജാനബാഹുവിലൂടെ മികച്ച ധാരാളം ഇന്നിംഗ്‌സുകള്‍ കാണാനായി. പക്ഷേ 15 വര്‍ഷം ദീര്‍ഘിച്ച രാജ്യാന്തര കരിയറില്‍ ഹെയ്‌ഡനെ സ്‌നേഹിക്കാന്‍ ഓസ്‌ട്രേലിയക്കാരല്ലാത്ത ക്രിക്കറ്റ്‌ പ്രേമികള്‍ കുറവായിരുന്നു എന്നതാണ്‌ സത്യം.....
ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഇന്ത്യയിലും, ഇംഗ്ലണ്ടിലും ശ്രീലങ്കയിലുമൊന്നും ഹെയ്‌ഡന്‌ ആരാധകരില്ല. മറുനാടുകളില്‍ വില്ലന്മാരുടെ കാര്യത്തിലാണ്‌ ഹെയ്‌ഡന്‍ നമ്പര്‍ വണ്‍. ഒരു ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ക്കും കഴിയാത്ത രീതിയില്‍ അദ്ദേഹം ഓപ്പണര്‍ സ്ഥാനത്ത്‌ റണ്‍സ്‌ നേടിയിട്ടുണ്ട്‌-8625. സെഞ്ച്വറി നേട്ടകാരുടെ കാര്യത്തില്‍ ആറാമന്‍. ബ്രാഡ്‌മാനും അലന്‍ബോര്‍ഡര്‍ക്കും ഗാരി സോബേഴ്‌സിനും മുകളില്‍. വിരമിക്കുമ്പോള്‍ ബാറ്റിംഗ്‌ ശരാശരി 50.73. വിവിയന്‍ റിച്ചാര്‍ഡ്‌സിന്‌ പോലും കഴിയാത്ത കാര്യം.
എന്നിട്ടും ലോക ക്രിക്കറ്റിലെ സ്‌റ്റൈലിഷ്‌ ബാറ്റ്‌സ്‌മാന്മാരുടെ പട്ടികയിലോ, ആക്രമണകാരികളുടെ പട്ടികയിലോ, ബാറ്റ്‌ കൊണ്ട്‌ മൈതാനത്ത്‌ നര്‍ത്തനമാടുന്നവരുടെ പട്ടികയിലോ, മികച്ച ഇടം കൈയ്യന്മാരുടെ പട്ടികയിലോ ഹെയ്‌ഡനില്ല. ഒട്ടും സമരസപ്പെടുന്ന സ്വഭാവമായിരുന്നില്ല അദ്ദേഹത്തിന്റേത്‌. ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗുമായുളള ഉടക്ക്‌ തന്നെ നല്ല ഉദാഹരണം. എതിരാളികളെ പ്രകോപിതരാക്കാന്‍, വീഴ്‌ത്താന്‍ ഹെയ്‌ഡന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ പലതും മാന്യതക്ക്‌ നിരക്കാത്തതായിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാരില്‍ സ്‌റ്റീവ്‌ വോയും ഗില്‍ക്രൈസ്‌റ്റും വോണും മക്‌ഗ്രാത്തുമെല്ലാം ലോകത്തിന്റെ ആദരം നേടിയപ്പോള്‍ ഹെയ്‌ഡന്‍ സ്വന്തം സ്വഭാവത്തിലൂടെ സമ്പാദിച്ചത്‌ ചീത്തപേരുകളായിരുന്നു. ആഷസ്‌ പരമ്പരക്കിടെ പലപ്പോഴും അദ്ദേഹം ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫുമായി ഉടക്കി. ലങ്കന്‍ സ്‌പിന്നര്‍ മുത്തയ്യ മുരളീധരനെ പലവട്ടം പ്രകോപിതനാക്കി.
ആറ്‌ മാസത്തെ കാലയളവില്‍ ടെസ്‌റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സമ്പാദ്യക്കാരന്‍ ഹെയ്‌ഡനായിരുന്നു. പക്ഷേ ആ നേട്ടവും വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ല. ഹെയ്‌ഡനോടുളള എതിര്‍പ്പിനൊപ്പം എതിരാളികള്‍ സിംബാബ്‌വെ ആയതിനാല്‍ 380 റണ്‍സ്‌ എന്ന സ്‌ക്കോര്‍ വാഴ്‌ത്തപ്പെട്ടില്ല. അല്‍പ്പം കഴിഞ്ഞ്‌ ഇംഗ്ലണ്ടടിനെതിരെ ലാറ 400 റണ്‍സ്‌ നേടിയപ്പോള്‍ അതാണ്‌ വലിയ വാര്‍ത്തയായത്‌. ലാറയും സൗരവ്‌ ഗാംഗുലിയും മനോഹരമായ ഷോട്ടുകളുടെ വക്താക്കളാണ്‌. ഇടം കൈയ്യില്‍ ദൈവം കഴിഞ്ഞാല്‍ സൗരവ്‌ എന്ന പറയുന്ന ക്രിക്കറ്റ്‌ ലോകം ഹെയ്‌ഡന്റെ മാസ്‌മരികതയെ താലോലിക്കാന്‍ തയ്യാറായിരുന്നില്ല. 2005 ലെ ആഷസ്‌ പരമ്പരയില്‍ ഹെയ്‌ഡന്റെ പ്രകടനം ദയനീയമായിരുന്നു. 12, 34, 1, 31, 34, 36, 7, 26 എന്നിങ്ങനെയായിരുന്നു സ്‌ക്കോര്‍. ഈ പരാജയങ്ങള്‍ ഏറെ ആഘോഷമാക്കിയത്‌ ഇംഗ്ലീഷുകാരായിരുന്നു.
വ്യക്തിഗതമായി പരിശോധിച്ചാല്‍ ഹെയ്‌ഡന്റെ പേരിന്‌ നേരെ അപവാദങ്ങള്‍ കുറവായിരുന്നു. വോണിനെ പോലെ വികൃതി പയ്യനായിരുന്നില്ല ഹെയ്‌ഡന്‍. പക്ഷേ വോണിനെ ഇന്നും ജനം സ്‌നേഹിക്കുമ്പോള്‍ ഹെയ്‌ഡനെ അംഗീകരിക്കാന്‍ ആരാധകരില്ല. ഒരു കാര്യമുണ്ട്‌- ഹെയ്‌ഡന്റെ കരുത്തിനെയും കൂസലില്ലായ്‌മയെയും അംഗീകരിക്കാതെ വയ്യ. 2003 ലെ ലോകകപ്പ്‌ ഫൈനലില്‍ സഹീര്‍ഖാനെ അടിച്ചുപരത്തിയ ആ മുഖം മാത്രം ഓര്‍ത്തെടുത്താല്‍ മതി.......


നമ്പര്‍ വണ്‍
സൂറിച്ച്‌: ഫിഫ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌ക്കാരം പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ പോര്‍ച്ചുഗല്‍ മുന്‍നിരക്കാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോക്ക്‌. ഇന്നലെ ഇവിടെ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഏറ്റവുമധികം നോമിനേഷനുകള്‍ സ്വന്തമാക്കിയാണ്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരം ലോക സോക്കറിന്റെനെറുകയിലെത്തിയത്‌. 23 കാരനായ കൃസ്‌റ്റിയാനോക്ക്‌ വെല്ലുവിളിയുമായി ഏ.സി മിലാന്റെ ബ്രസീലുകാരന്‍ കക്ക, ലിവര്‍പൂളിന്റെ സ്‌പാനിഷ്‌ താരം ഫെര്‍ണാണ്ടോ ടോറസ്‌, ബാര്‍സിലോണയുടെ അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസ്സി എന്നിവരുണ്ടായിരുന്നു. ഇവരെയെല്ലാം പിറകിലാക്കിയാണ്‌ കൃസ്റ്റിയാനോ ഒന്നാമനായത്‌. തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും ഈ നേട്ടം രാജ്യത്തിനും നാട്ടുകാര്‍ക്കും കുടുംബത്തിനും സുഹൃത്തുകള്‍ക്കും സമ്മാനിക്കുകയാണെന്ന്‌ ഫുട്‌ബോള്‍ രാജാവ്‌ പെലെയില്‍ നിന്നും ബഹുമതി സ്വീകരിച്ച്‌ സംസാരിക്കവെ യുവതാരം പറഞ്ഞു.
കഴിഞ്ഞ സീസണില്‍ കൃസ്റ്റിയാനോ സ്വന്തമാക്കിയ 42 ഗോളുകളില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടവും യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടവും ലഭിച്ചിരുന്നു. ഈ കരുത്താണ്‌ അദ്ദേഹത്തെ ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ബഹുമതിക്ക്‌ അര്‍ഹനാക്കിയതും. കഴിഞ്ഞ ഡിസംബറില്‍ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയറായും, ഒക്ടോബറില്‍ വേള്‍ഡ്‌ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയറായും കൃസ്റ്റിയാനോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലോക ബഹുമതിയടെ വലിയ പങ്ക്‌ തന്റെ ടീം കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണും നല്‍കാനും കൃസ്റ്റിയാനോ തയ്യാറായി. ടീമിന്റെ കോച്ചിന്‌ ഒരു താരത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുണ്ട്‌. എനിക്കും ടീമിനും നല്ല സീസണാണ്‌ കഴിഞ്ഞുപോയത്‌. കോച്ചിന്റെ പിന്തുണ ഒരിക്കലും മറക്കാനാവില്ല. 155 രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകരും ക്യാപ്‌റ്റന്മാരുമാണ്‌ ഫിഫ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌ക്കാര ജേതാവിനെ കണ്ടെത്താനുള്ള വോട്ടിംഗില്‍ പങ്കെടുത്തത്‌. ഇവരില്‍ ഭൂരിപക്ഷവും കൃസ്‌്‌റ്റിയാനൊക്കൊപ്പം നിന്നപ്പോള്‍ രണ്ടാം സ്ഥാനം മെസിക്കായിരുന്നു. ടോറസ്‌, കക്ക, സാവി എന്നിവര്‍ അടുത്ത സ്ഥാനങ്ങള്‍ നേടി. 2001 ല്‍ ലൂയിസ്‌ ഫിഗോക്ക്‌ ഫിഫ പുരസ്‌ക്കാരം ലഭിച്ചതിന്‌ ശേഷം ഇതാദ്യമായാണ്‌ ഫിഫ ബഹുമതി പറങ്കിനാട്ടിലെത്തുന്നത്‌.
വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും മികച്ച ഫുട്‌ബോളര്‍ക്കുളള പുരസ്‌ക്കാരം ബ്രസീലിന്റെ മാര്‍ത്ത സ്വന്തമാക്കി.

വൈറ്റ്‌ വാഷ്‌
ബ്രിസ്‌ബെന്‍: 18 പന്തില്‍ നിന്ന്‌ 40 റണ്‍സ്‌ വാരിക്കൂട്ടിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ വൈറ്റിന്റെ മികവില്‍ ഓസ്‌ട്രേലിയ രണ്ടാം 20-20 മല്‍സരത്തിലും ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി. ആറ്‌ വിക്കറ്റിനായിരുന്നു ഗാബയില്‍ ഓസീസ്‌ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത സന്ദര്‍ശകര്‍ 69 റണ്‍സ്‌ നേടിയ ജെ.പി ഡുമിനിയുടെ മികവില്‍ 157 റണ്‍സ്‌ നേടിയപ്പോള്‍ ഓസ്‌ട്രേലിയ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മോശമായിരുന്നു ഓസീസ്‌ തുടക്കം. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ജഹാന്‍ ബോത്ത ആദ്യ ഓവറെറിഞ്ഞു. കേവലം ഒരു റണ്ണാണ്‌ ഈ ഓവറില്‍ പിറന്നത്‌. ഡാലെ സ്റ്റെന്‍ എറിഞ്ഞ രണ്ടാം ഓവറിലും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍ക്ക്‌ കൈകള്‍ സ്വതന്ത്രമാക്കാന്‍ കഴിഞ്ഞില്ല. മെല്‍ബണിലെ ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ക്രിക്കറ്റ്‌ ലോകത്തെ വിസ്‌മയിപ്പിച്ച വാര്‍ണര്‍ക്ക്‌ ഗാബയില്‍ പ്രതീക്ഷിക്കപ്പെട്ട ഫോമില്‍ കളിക്കാനായില്ല. ബോത്തയുടെ ആദ്യ ഓവറില്‍ തന്നെ മങ്ങിയ വാര്‍ണര്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 21 റണ്‍സുള്ളപ്പോള്‍ മടങ്ങി. സ്‌റ്റെനിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി വാര്‍ണര്‍ മടങ്ങിയത്‌ ദക്ഷിണാഫ്രിക്കക്ക്‌ ഊര്‍ജ്ജമേകി. സ്‌ക്കോര്‍ബോര്‍ഡില്‍ 29 റണ്‍സുളളപ്പോള്‍ സ്‌റ്റീവ്‌ മാര്‍ഷും മടങ്ങി. കൂറ്റന്‍ സ്‌ക്കോര്‍ പിന്തുടരാനുളള ജാഗ്രതയില്‍ റിക്കി പോണ്ടിംഗും മടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക അനായാസ വിജയം സ്വന്തമാക്കുമെന്നാണ്‌ കരുതിയത്‌. പക്ഷേ പോണ്ടിംഗിനൊപ്പമുണ്ടായിരുന്ന മൈക്‌ ഹസി സ്‌ക്കോര്‍ബോര്‍ഡല്‍ പെട്ടെന്ന്‌ ചലനമുണ്ടാക്കി. 31 പന്തില്‍ നിന്ന്‌ 38 റണ്‍സുമായി പോണ്ടിംഗ്‌ മടങ്ങുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 90 റണ്‍സായിരുന്നു. പകരമെത്തിയ ഡേവിഡ്‌ ഹസ്സിക്ക്‌ കാര്യമായൊന്നും ചെയ്യാനായില്ല. ഡുമിനിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ അദ്ദേഹം പുറത്തായി. തുടര്‍ന്നാണ്‌ മല്‍സരം മാറിയത്‌. വാലറ്റക്കാരനായ കാമറൂണ്‍ വൈറ്റ്‌ അസാമാന്യ ഫോമിലായിരുന്നു. അഞ്ച്‌ ബൗണ്ടറികളും ഒരു സിക്‌സറുമായി അദ്ദേഹം സംഹാരതാണ്ഡവമാടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ശിക്ഷ നല്ലവണ്ണം വാങ്ങി. ബോത്ത നാല്‌ ഓവറില്‍ 19 റണ്‍സ്‌ മാത്രമാണ്‌ നല്‍കിയത്‌. പക്ഷേ കന്നിക്കാരനായ പാര്‍നല്‍ 44 റണ്‍സ്‌ നല്‍കി.
മാത്യൂ ഹെയ്‌ഡന്റെ നാടകീയ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ സംഭവബഹുലമായ ദിനത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്കക്ക്‌ നല്ല തുടക്കം ലഭിച്ചില്ല. ഡുമിനി മാത്രമാണ്‌ പ്രതീക്ഷ കാത്തത്‌. ഹാഷിം അംലയും ഹര്‍ഷല്‍ ഗിബ്‌സുമാണ്‌ ഇന്നിംഗ്‌സിന്‌ തുടക്കമിട്ടത്‌. ആദ്യ മല്‍സരത്തിലെന്ന പോലെ ഗിബ്‌സ്‌ പെട്ടെന്ന്‌ മടങ്ങി. 12 പന്തില്‍ ആറ്‌ റണ്‍സ്‌ മാത്രമാണ്‌ അദ്ദേഹം നേടിയത്‌. നേരിട്ട ആദ്യ പന്തില്‍ തന്നെ വാന്‍ ജാര്‍സ്‌ വാല്‍ഡും മടങ്ങി. വാലറ്റത്തില്‍ മാര്‍ക്ക്‌ ബൗച്ചറും ആബി മോര്‍ക്കലുമാണ്‌ ഡുമിനിക്ക്‌ അല്‍പ്പം പിന്തുണയേകിയത്‌. മെല്‍ബണിലെന്ന പോലെ അസാമാന്യ ഷോട്ടുകളാണ്‌ ഡുമിനി പായിച്ചത്‌.
ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും കളിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പര വെള്ളിയാഴ്‌ച്ച തുടങ്ങും.

സഹീര്‍ മികവ്‌
ഹൈദരാബാദ്‌: രഞ്‌ജി ട്രോഫി ഫൈനലില്‍ സഹീര്‍ഖാന്റെ മികവില്‍ മുംബൈ ഉത്തര്‍ പ്രദേശിനെതിരെ പിടിമുറുക്കുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 402 റണ്‍സ്‌ സ്വന്തമാക്കിയ മുംബൈ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ യു.പി യുടെ മൂന്ന്‌ വിക്കറ്റുകള്‍ 91 റണ്‍സ്‌ നല്‍കി നേടിയിട്ടുണ്ട്‌. 11 റണ്‍സ്‌ മാത്രം നല്‍കി രണ്ട്‌ വിക്കറ്റ്‌ നേടിയ സഹീര്‍ഖാനാണ്‌ വില്ലന്‍. ഫീല്‍ഡിംഗ്‌ പിഴവുകളില്‍ മുംബൈക്ക്‌ വലിയ സ്‌ക്കോര്‍ സമ്മാനിച്ച യു.പിക്ക്‌ ഇന്നത്തെ ദിവസം നിര്‍ണ്ണായകമാണ്‌. 46 റണ്‍സുമായി ക്രീസിലുള്ള ശിവകാന്ത്‌ ശുക്ലയിലാണ്‌ പ്രതീക്ഷ. മോശം തുടക്കത്തിന്‌ ശേഷം നായകന്‍ കൈഫും ശുക്ലയും യു.പിയെ ഭദ്രതയിലേക്ക്‌ നയിക്കവെ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ കൈ്‌ പുറത്തായതാണ്‌ യു.പിക്ക്‌ ആഘാതമായിരിക്കുന്നത്‌. സുരേഷ്‌ റൈന ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായിരുന്നു.

No comments: