Wednesday, January 14, 2009

KING ZAHEER


കടുവകള്‍ സിംഹങ്ങളെ വീഴ്‌ത്തി
മിര്‍പ്പൂര്‍: ഓള്‍റൗണ്ടര്‍ ഷാക്കിബ്‌ അല്‍ ഹസന്റെ മികവില്‍ ശ്രീലങ്കയെ അഞ്ച്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തി ആതിഥേയരായ ബംഗ്ലാദേശ്‌ ത്രിരാഷ്‌ട്ര കപ്പ്‌്‌ ക്രിക്കറ്റിന്റെ ഫൈനല്‍ ഉറപ്പാക്കി. പ്രതികൂല കാലാവസ്ഥ മൂലം 31 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക 147 റണ്‍സാണ്‌ നേടിയത്‌. മറുപടിയില്‍ 69 പന്തില്‍ നിന്ന്‌ 92 റണ്‍സ്‌ നേടിയ ഷാക്കിബ്‌ നാട്ടുകാരുടെ പിന്തുണയില്‍ വിജയമുറപ്പിച്ചു. ബോണസ്‌ പോയന്റോടെ വിജയിച്ചതിനാല്‍ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ടീമായ സിംബാബ്‌വെയെ പിറകിലാക്കാനും ബംഗ്ലാദേശിനായി. നാളെ നടക്കുന്ന ഫൈനലില്‍ ആതിഥേയരും ലങ്കയും ഏറ്റുമുട്ടും.
ഫൈനലിലെത്താന്‍ വിജയം അത്യാവശ്യമായിരുന്ന ആതിഥേയര്‍ രാവിലെ മുതല്‍ മികച്ച പ്രകടനമാണ്‌ നട
ത്തിയത്‌. വൈസ്‌ ക്യാപ്‌റ്റന്‍ മഷ്‌റഫെ മൊര്‍ത്തസയുടെയും പുതിയ പന്തെടുത്ത കന്നിക്കാരന്‍ റൂബല്‍ ഹുസൈന്റെയും തകര്‍പ്പന്‍ ബൗളിംഗില്‍ ലങ്കന്‍ ബാറ്റിംഗ്‌ നിര ചൂളി. 54 റണ്‍സെടുത്ത വെറ്ററന്‍ സനത്‌ ജയസൂര്യക്ക്‌ മാത്രമാണ്‌ പിടിച്ചുനില്‍ക്കാനായത്‌. റൂബല്‍ 33 റണ്‍സ്‌ വഴങ്ങി നാല്‌ വിക്കറ്റ്‌ നേടിയപ്പോള്‍ മൊര്‍ത്തസ 25 റണ്‍സിന്‌ മൂന്ന്‌ പേരെ തിരിച്ചയച്ചു. തുടര്‍ന്ന്‌ ബാറ്റേന്തിയ കടുവകള്‍ക്ക്‌ തുടക്കത്തില്‍ തന്നെ പിഴച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ ജുനൈദ്‌ സിദ്ദിഖ്‌ റണ്ണൗട്ടായി. നാലാം ഓവറില്‍ മുഷ്‌ഫിഖുര്‍ റഹീമും തമീം ഇഖ്‌ബാലും പുറത്തായി. ബംഗ്ലാദേശ്‌ പതിവ്‌ തകര്‍ച്ച ആവര്‍ത്തിക്കുമെന്ന ഘട്ടത്തില്‍ ക്രിസിലെത്തിയ നായകന്‍ അഷറഫുലും ഷാക്കിബും ചേര്‍ന്ന്‌ രക്ഷാ പ്രവര്‍ത്തനം നടത്തി. 91 റണ്‍സാണ്‌ അതിവേഗതയില്‍ ഈ കൂട്ടുകെട്ട്‌ സ്വന്തമാക്കിയത്‌. ഷാക്കിബ്‌ ബൗളര്‍മാരെ ബഹുമാനിക്കാതെ തട്ടുതകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള്‍ നായകന്‍ ആക്രമണത്തിന്‌ മുതിരാതെ നിശബ്ദനായി. 45 പന്തില്‍ നിന്ന്‌ അര്‍ദ്ധശതകം നേടിയ ഷാക്കിബ്‌ ആറ്‌ ബൗണ്ടറികളും ഒരു സിക്‌സറും ഇതിനിടെ പായിച്ചിരുന്നു. ഈ കൂട്ടുകെട്ട്‌ സെഞ്ച്വറിക്ക്‌ അരികിലെത്തിയപ്പോള്‍ ജയസൂര്യയുടെ മികച്ച ക്യാച്ചില്‍ അഷറഫുല്‍ പുറത്തായി. ഇത്‌ കാര്യമാക്കാതെ കളിച്ച ഷാക്കിബ്‌ ടീമിന്റെ വിജയമുറപ്പിച്ചു. ഏകദിന ക്രിക്കറ്റില്‍ ലങ്കക്കെതിരെ ബംഗ്ലാദേശ്‌ സ്വന്തമാക്കുന്ന രണ്ടാമത്തെ വിജയമാണിത്‌. നേരത്തെ 64 പന്തില്‍ നിന്നായിരുന്നു ജയസൂര്യയുടെ അര്‍ദ്ധസെഞ്ച്വറി.

സഹീറിലൂടെ മുംബൈ
ഹൈദരാബാദ്‌: ലാല്‍ ബഹാദൂര്‍ ശാസ്‌ത്രി സ്‌റ്റേഡിയത്തില്‍ എന്തെങ്കിലും അല്‍ഭുതം സംഭവിക്കുമെന്ന പ്രാര്‍ത്ഥനയിലാണ്‌ ഉത്തര്‍ പ്രദേശ്‌. അല്‍ഭുതങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ മുപ്പത്തിയെട്ടാം തവണയും മുംബൈ രഞ്‌ജി ട്രോഫിയില്‍ മുത്തമിടും. മൂന്നാം ദിവസത്തെ കളിയില്‍ കളം നിറഞ്ഞ സഹീര്‍ഖാന്‌ മുന്നില്‍ യു.പി തകര്‍ന്നപ്പോള്‍ മുംബൈക്ക്‌ ലഭിച്ചത്‌ 157 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌. മല്‍സരം ഇന്ന്‌ അവസാനിക്കുമെന്നിരിക്കെ ഈ ലിഡിന്റെ പിന്‍ബലത്തില്‍ മുംബൈക്ക്‌ ജേതാക്കളാവാനാവും. മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോറായ 402 റണ്‍സിനെതിരെ 245 റണ്‍സാണ്‌ യു.പി ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്‌. 99 റണ്‍സ്‌ നേടിയ രവികാന്ത്‌ ശുക്ല മാത്രമാണ്‌ പിടിച്ചുനിന്നത്‌. ആദ്യ സെഷനില്‍ പൊരുതിയ യു.പി നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 214 റണ്‍സ്‌ എന്ന നിലയിലായിരുന്നു. അവിടെ നിന്നുമാണ്‌ സഹീര്‍ മിന്നലാട്ടം നടത്തിയത്‌.
54 റണ്‍സ്‌ മാത്രം നല്‍കി സഹീര്‍ ഏഴ്‌ വിക്കറ്റാണ്‌ നേടിയത്‌. രഞ്‌ജി ട്രോഫിയില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്‌. കഴിഞ്ഞ വര്‍ഷവും സഹീറിന്റെ മികവിലാണ്‌ മുംബൈ ആഭ്യന്തര ക്രിക്കറ്റ്‌ കിരീടത്തില്‍ മുത്തമിട്ടത്‌. അന്ന്‌ ബംഗാളായിരുന്നു എതിരാളികള്‍. സഹീറിന്റെ അഞ്ച്‌ വിക്കറ്റ്‌ നേട്ടത്തില്‍ വംഗനാട്ടുകാര്‍ തകര്‍ന്നത്‌ പോലെ ഇവിടെ യു.പിക്കാരും വെള്ളം കുടിക്കുകയാണ്‌. രഞ്‌ജി ട്രോഫിയില്‍ മുംബൈക്കായി സഹീര്‍ കളിക്കുന്ന മൂന്നാമത്‌ മല്‍സരം മാത്രമാണിത്‌. തുടക്കത്തില്‍ ബറോഡക്കായിരുന്നു അദ്ദേഹം കളിച്ചത്‌. അതിന്‌ ശേഷമാണ്‌ മുംബൈ സംഘത്തില്‍ അംഗമായത്‌. പക്ഷേ രാജ്യാന്തര ക്രിക്കറ്റിലെ തിരക്കു കാരണം ആഭ്യന്തര ക്രിക്കറ്റിലേക്ക്‌ വരാനായില്ല.
ഇന്നലെ പുതിയ പന്തിലെ തന്റെ രണ്ടാം സ്‌പെല്ലില്‍ 20 റണ്‍സ്‌ മാത്രം നല്‍കിയാണ്‌ അദ്ദേഹം അഞ്ച്‌ വിക്കറ്റ്‌ നേടിയത്‌. റിവേഴ്‌സ്‌ സ്വിംഗിന്റെ ഉസ്‌താദായി മാറിയ ഇന്ത്യന്‍ താരം വാലറ്റക്കാരെ ഒന്നിന്‌ പിറകെ ഒന്നായി കൂടാരം കയറ്റുകയായിരുന്നു. രാവിലെ സഹീറിന്റെ സ്‌പെല്‍ മനോഹരമായിരുന്നുവെങ്കിലും വിക്കറ്റ്‌ ലഭിച്ചിരുന്നില്ല. ശുക്ലയും പര്‍വീന്ദറും ബൗളറെ ബഹുമാനിച്ചാണ്‌ കളിച്ചത്‌. സെഞ്ച്വറിക്ക്‌ തൊട്ടരികില്‍ ശുക്ല അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായതാണ്‌ ടീമിന്‌ തിരിച്ചടിയായത്‌. ബാക്കി ദൗത്യം സഹീര്‍ പൂര്‍ത്തിയാക്കി.
ക്യാപ്‌റ്റന്‍ മുഹമ്മദ്‌ കൈഫ്‌, സുരേഷ്‌ റൈന എന്നിവരായിരുന്നു യു.പിയുടെ പ്രധാന പ്രതീക്ഷകള്‍. റൈന രണ്ടാം ദിവസം നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായിരുന്നു. കൈഫാവട്ടെ പൊരുതി നിന്ന്‌ അവസാനത്തില്‍ മടങ്ങി. ആദ്യ ഇന്നിംഗ്‌സിലെ ഫീല്‍ഡിംഗ്‌ പിഴവുകളാണ്‌ അന്തിമ ഫലത്തില്‍ യു.പിയെ ചതിച്ചിരിക്കുന്നത്‌. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ മുംബൈ നിരയിലെ ആദ്യ നാല്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ സ്വന്തമാക്കിയ യു.പി രോഹിത്‌ ശര്‍മ്മക്കും അഭിഷേക്‌ നായര്‍ക്കും രണ്ട്‌ തവണ നല്‍കിയ ലൈഫാണ്‌ മുംബൈയെ തുണച്ചത്‌. രോഹിത്‌ സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ നായര്‍ 99 റണ്‍സ്‌ നേടിയിരുന്നു.
ഇന്നലെ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച മുംബൈ വിക്കറ്റ്‌ നഷ്ടമാവാതെ 130 റണ്‍സ്‌ നേടിയിട്ടുണ്ട്‌. 74 റണ്‍സുമായി ക്യാപ്‌റ്റന്‍ വസീം ജാഫറും 53 റണ്‍സുമായി സാമന്തുമാണ്‌ ക്രീസില്‍.

അവന്‍ മഹാനായിരുന്നു
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മാത്യൂ ഹെയ്‌ഡനെക്കുറിച്ച്‌ ഏഴ്‌ വര്‍ഷം അദ്ദേഹത്തിന്റെ ഓപ്പണിംഗ്‌ പങ്കാളിയായിരുന്ന ജസ്റ്റിന്‍ ലാംഗര്‍ എഴുതുന്നു
ഇന്നലെ (റിട്ടയര്‍മെന്റ്‌ ദിവസം) രാവിലെ 6.30ന്‌ അവന്‍ ഫോണില്‍ വിളിച്ചു. ബാഗീ ഗ്രീന്‍ ക്യാപ്പ്‌ അഴിച്ചുവെക്കാന്‍ സമയമായോ എന്ന അന്വേഷണമായിരുന്നു ഫോണില്‍. സമയമായിരിക്കുന്നു എന്ന മറുപടിയാണ്‌ ഞാന്‍ നല്‍കിയത്‌.
ഓസ്‌ട്രേലിയ ദര്‍ശിച്ച ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു മാറ്റി. ആ കാര്യത്തില്‍ സംശയമില്ല. കണക്കുകള്‍ പ്രകാരം മാറ്റിയാണ്‌ ഓപ്പണര്‍ എന്ന നിലയില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം റണ്‍സ്‌ നേടിയത്‌. ഓസ്‌ട്രേലിയ ക്രിക്കറ്റ്‌്‌ ലോകത്തിലെ അജയ്യരായി ദീര്‍ഘകാലം നിലനിന്നതിന്റെ പ്രധാന കാരണക്കാരില്‍ ഒരാള്‍ മാറ്റിയായിരുന്നു. ഏഴ്‌ വര്‍ഷത്തോളം ടീമിന്റെ ഓപ്പണര്‍മാര്‍ ഞങ്ങളായിരുന്നു. പരസ്‌പരം ബഹുമാനിച്ചും ആശയങ്ങള്‍ കൈമാറിയും സ്‌നേഹം പങ്കിട്ടും ടീമിന്റെ യഥാര്‍ത്ഥ തുടക്കക്കാരാവാന്‍ ഞങ്ങള്‍ക്കായി.
അവനെക്കുറിച്ചോര്‍ക്കുമ്പോള്‍ പലതും എഴുതാനുണ്ട്‌. കഴിഞ്ഞ ആഷസ്‌ പരമ്പരയിലെ സിഡ്‌നി ടെസ്റ്റായിരുന്നു എന്റെ അവസാന ഇന്നിംഗ്‌സ്‌. ആദ്യ നാല്‌ ടെസ്‌റ്റിലും ഞങ്ങളാണ്‌ ജയിച്ചത്‌. സിഡ്‌നിയില്‍ ജയിച്ചാല്‍ 5-0 ത്തിന്‌ ആഷസ്‌ സ്വന്തമാക്കാം. മല്‍സരത്തില്‍ ഓസ്‌ട്രേലിയക്ക്‌ ജയിക്കാന്‍ ഏഴ്‌ റണ്‍സ്‌ മാത്രം ആവശ്യമായ ഘട്ടത്തില്‍ മാറ്റി എന്റെ അരികിലെത്തി. സ്‌നേഹത്തോടെ ചോദിച്ചു-ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌, നിനക്ക്‌ പറയാം-ഇതായിരുന്നു അവന്റെ വാക്കുകള്‍.
ചിരിച്ചു കൊണ്ട്‌ ഞാന്‍ സത്യം പറഞ്ഞു-അവസാന ഇന്നിംഗ്‌സിന്റെ ടെന്‍ഷന്‍ എനിക്കുണ്ട്‌. നീ എത്രയും പെട്ടെന്ന്‌ മല്‍സരം അവസാനിപ്പിക്കണം. ഒരു സിക്‌സര്‍ നീ അടിച്ചാല്‍ നമുക്ക്‌ ഒരുമിച്ച്‌ പവിലിയനിലേക്ക്‌ മടങ്ങാം. ഇത്രയും ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു കൊണ്ട്‌ ബാറ്റിംഗ്‌ എന്‍ഡിലേക്ക്‌ പോയി. സാജിദ്‌ മഹമൂദായിരുന്നു ബൗളര്‍. ക്രിസ്‌ വിട്ടിറങ്ങി മാറ്റി മഹമൂദിന്റെ പന്ത്‌ ഗ്യാലറിയില്‍ എത്തിച്ചു. അടുത്ത പന്തിനെ അതിര്‍ത്തി കടത്തി ടീമിന്റെ വിജയമുറപ്പിച്ച മാറ്റി എനിക്ക്‌ രാജകീയ യാത്രയയപ്പാണ്‌ സമ്മാനിച്ചത്‌.
ഞങ്ങള്‍ കളിച്ച ഏഴ്‌ വര്‍ഷത്തിലും എനിക്ക്‌ 100 ശതമാനം വിശ്വാസമായിരുന്നു മാറ്റിയെ. അവസാന ഇന്നിംഗ്‌സിലെ ആ പ്രകടനം മാത്രം മതി ഞങ്ങളുടെ വിശ്വാസ്യത തെളിയിക്കാന്‍. മാറ്റി ക്രീസില്‍ നില്‍ക്കുമ്പോള്‍ തന്നെ എതിരാളികള്‍ വിറക്കും. അത്ര മാത്രമുണ്ട്‌ അവന്റെ പ്രസന്‍സ്‌.
അല്‍പ്പം വര്‍ഷം മുമ്പ്‌ ഓസ്‌ട്രേലിയന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുമ്പോള്‍ ഡര്‍ബന്‍ ടെസ്‌റ്റില്‍ മാറ്റി സെഞ്ച്വറി സ്വന്തമാക്കി. മൈതാനത്ത്‌ നിന്നും അന്ന്‌ തിരിച്ച്‌ ഞങ്ങള്‍ ഹോട്ടലിലെത്തിയപ്പോള്‍ അവന്‍ ടവലുമായി പൂളിലേക്ക്‌ ചാടി. കൂറെ സമയം കഴിഞ്ഞ നനഞ്ഞുകൊണ്ട്‌ എന്റെ മുറിയിലെത്തി-ടെസ്റ്റ്‌ ക്രിക്കറ്റില്‍ താന്‍ നേടിയ ഏറ്റവും മികച്ച സെഞ്ച്വറിയായിരുന്നു അതെന്നും അതിന്റെ ആഘോഷമാണ്‌ പൂളില്‍ നടത്തിയതെന്നുമായിരുന്നു വീശദീകരണം. മീന്‍ പിടുത്തവും പാചകവുമായിരുന്നു മാറ്റിക്ക്‌ വളരെ ഇഷ്ടം.
ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചതിനേക്കാള്‍ എനിക്ക്‌ വേദന തോന്നിയത്‌ അവനോടൊപ്പം ഒരുമിച്ച്‌ ഇറങ്ങാന്‍ കഴിയില്ലല്ലോ എന്നോര്‍ത്തായിരുന്നു. മാറ്റി വിരമിക്കുമ്പോള്‍ ക്രിക്കറ്റിന്‌ മാത്രമല്ല ഓസ്‌ട്രേലിയക്കും ഓസീസ്‌ താരങ്ങള്‍ക്കും അത്‌ വലിയ നഷ്ടമാണ്‌. കാരണം ഡ്രസ്സിംഗ്‌ റൂമിലെ മാറ്റിയുടെ സാന്നിദ്ധ്യം ഓസ്‌ട്രേലിയക്ക്‌ സമ്മാനിച്ചത്‌ ആത്മവിശ്വാസമായിരുന്നു.

വാര്‍ണര്‍ ഹിറ്റ്‌
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ സംസാരവിഷയം മാത്യൂ ഹെയ്‌ഡന്റെ പെട്ടെന്നുള്ള റിട്ടയര്‍മെന്റ്‌ പ്രഖ്യാപനമല്ല-ഹെയ്‌ഡന്റെ പകരക്കാരനായി ഓപ്പണറുടെ സ്ഥാനത്തേക്ക്‌ വരുന്ന തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്‌മാന്‍ ഡേവിഡ്‌ വാര്‍ണറെക്കുറിച്ചാണ്‌.....ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ട്‌ 20-20 മല്‍സരങ്ങളിലൂടെ മാത്രം ക്രിക്കറ്റ്‌ ലോകത്തിന്‌ പരിചയമുളള വാര്‍ണറെ അടുത്ത ഹെയ്‌ഡനായാണ്‌ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്‌. മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ നടന്ന ആദ്യ 20-20 മല്‍സരത്തിലായിരുന്നു വാര്‍ണറുടെ മിന്നല്‍ പ്രകടനം. 43 പന്തില്‍ നിന്ന്‌ 89 റണ്‍സ്‌ നേടി അദ്ദേഹം ദക്ഷിണാഫ്രിക്കയെ നിഷ്‌പ്രഭമാക്കി. സിക്‌സറുകളും ബൗണ്ടറികളും നിറഞ്ഞ ആ ഇന്നിംഗ്‌സില്‍ ശിക്ഷിക്കപ്പെട്ടത്‌ ഡാലെ സ്‌റ്റെന്‍, മക്കായ എന്‍ടിനി, ആബെ മോര്‍ക്കല്‍ തുടങ്ങിയവരായിരുന്നു. എന്നാല്‍ എം.സി.ജിയിലെ മാജിക്‌ ആവര്‍ത്തിക്കാന്‍ ബ്രിസ്‌ബെനില്‍ വാര്‍ണര്‍ക്ക്‌ കഴിഞ്ഞില്ല. 12 പന്തില്‍ 7 റണ്‍സ്‌ നേടിയ വാര്‍ണറെ സ്റ്റെന്‍ പുറത്താക്കി.
നാളെ ത്രിരാഷ്‌്‌ട്ര ഏകദിന പരമ്പര ആരംഭിക്കാനിരിക്കെ ഓസീസ്‌ ക്യാമ്പില്‍ യഥാര്‍ത്ഥ സൂപ്പര്‍ താരം ഒരു ഫസ്റ്റ്‌ ക്ലാസ്‌ മല്‍സരം പോലും കളിക്കാതെ ദേശീയ ടീമിലെത്തിയ വാര്‍ണറാണ്‌. പെട്ടെന്നുളള പ്രശ്‌സ്‌തിയില്‍ കരിയര്‍ നശിപ്പിക്കരുതെന്നാണ്‌ സീനിയര്‍ താരങ്ങള്‍ വാര്‍ണറെ ഉപദേശിക്കുന്നത്‌. ആദ്യ ഇന്നിംഗ്‌സ്‌ ഗംഭീരമായിരുന്നു. അതിന്റെ പേരില്‍ ലഭിക്കുന്ന പ്രശ്‌സ്‌തിയില്‍ സ്വയം മറക്കരുതെന്നാണ്‌ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റനായ മൈക്‌ ഹസിയുടെ ഉപദേശം. ഒരു മല്‍സരത്തിലെ പ്രകടനത്തിലൂടെ ക്രിക്കറ്റ്‌ ലോകം കീഴടക്കാമെന്ന ധാരണ വാര്‍ണര്‍ക്കില്ലെന്നാണ്‌ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ നിന്നും വ്യക്തമാവുന്നതെന്നും ഹസി അഭിപ്രായപ്പെട്ടു. അവന്‍ കാര്യങ്ങളറിയാം. ആരാധകര്‍ അവന്റെ ചുമലില്‍ പ്രതീക്ഷയുടെ ഭാരം കയറ്റാതിരുന്നാല്‍ മതി. നാളെ നടക്കുന്ന ആദ്യ മല്‍സരത്തില്‍ മൈക്കല്‍ ക്ലാര്‍ക്കിന്‌ കളിക്കാന്‍ കഴിയാത്തപക്ഷം ആദ്യ ഇലവനില്‍ വാര്‍ണര്‍ക്ക്‌ സ്ഥാനമുറപ്പാണെന്നും ഹസി സൂചിപ്പിച്ചു.

കക്കയെ വീഴ്‌ത്താന്‍ സിറ്റി
ലണ്ടന്‍: ഏ.സി മിലാന്റെ തുരുപ്പുചീട്ടായ മുന്‍ നിരക്കാരന്‍ കക്കയെ വീഴ്‌്‌ത്താന്‍ മാഞ്ചസ്റ്റര്‍സിറ്റി. 100 ദശലക്ഷം ഡോളറാണ്‌ മാഞ്ചസ്‌റ്റര്‍ സിറ്റി കക്കക്കായി ഏ.സി മിലാന്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന തുക. എന്നാല്‍ മിലാന്‍ വിട്ടുപോവാന്‍ തനിക്ക്‌ താല്‍പ്പര്യമില്ലെന്ന കക്കയുടെ പരാമര്‍ശം ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബിന്‌ തിരിച്ചടിയാണ്‌. മിലാനില്‍ തുടരാനും ആ ടീമിന്റെ നായകനായി ഒരു കാലത്ത്‌ മാറാനുമാണ്‌ താല്‍പ്പര്യമെന്ന്‌ 26 കാരനായ കക്ക പറഞ്ഞു. റയല്‍ മാഡ്രിഡില്‍ നിന്നും റോബിഞ്ഞോയെ റാഞ്ചിയ സിറ്റിക്ക്‌ അതേ കരുത്തുളള താരത്തിന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്‌. ഈ ലക്ഷ്യത്തിലാണ്‌ അവര്‍ കരുനീക്കം നടത്തുന്നത്‌.

ആസിഫ്‌ കണക്ക്‌ തീര്‍ക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച പാക്കിസ്‌താന്‍ സീമര്‍ മുഹമ്മദ്‌ ആസിഫ്‌ ഇന്ന്‌ ഇവിടെയെത്തും. ഡോപ്പിംഗ്‌ വിവാദത്തില്‍ കുടുങ്ങിയ ആസിഫിന്‌ ഐ.പി.എല്‍ രണ്ടാം സീസണില്‍ ഡെയര്‍ഡെവിള്‍സിനായി കളിക്കാന്‍ കഴിയുന്ന കാര്യം സംശയമാണ്‌. ആദ്യ ഐ.പി.എല്‍ സീസണിന്‌ ശേഷം ഇവിടെ നിന്നും മടങ്ങിയ വഴിക്കാണ്‌ ആസിഫിനെ കറുപ്പു സഹിതം ദുബായ്‌ വിമാനത്താവളത്തില്‍ നിന്നും പിടിച്ചത്‌. ഡല്‍ഹിയിലെത്തുന്നത്‌ സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാനാണെന്ന്‌ ആസിഫ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഡല്‍ഹിക്കായി ആദ്യ ഐ.പി.എല്‍ സീസണില്‍ എട്ട്‌ കളികളില്‍ നിന്ന്‌ എട്ട്‌ വിക്കറ്റാണ്‌ ആസിഫ്‌ നേടിയത്‌. ഗ്ലെന്‍ മക്‌ഗ്രാത്ത്‌, പര്‍വേസ്‌ മഹറൂഫ്‌ എന്നിവര്‍ക്കൊപ്പം പന്തെറിഞ്ഞിട്ടും ആസിഫിന്‌ ടീമിന്റെ പ്രതീക്ഷ കാക്കാന്‍ കഴിഞ്ഞില്ല. നിലവില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റുമായി ആസിഫിന്‌ ബന്ധമില്ല. ഉത്തേജക വിവാദത്തില്‍ പ്രതിയായതിനെ തുര്‍ന്ന്‌ സെന്‍ട്രല്‍ കോണ്‍ട്രാക്ട്‌ ആസിഫിന്‌ നല്‍കിയിട്ടില്ല.

No comments: