Wednesday, January 7, 2009

KEVIN BOWLED BY ECB


പീറ്റേഴ്‌സണ്‍ പുറത്ത്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ ക്രിക്കറ്റില്‍ നാടകീയ സംഭവവികാസങ്ങള്‍. ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണെയും കോച്ച്‌ പീറ്റര്‍ മൂറിനെയും പുറത്താക്കാന്‍ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തീരുമാനിച്ചതായാണ്‌ അവസാന റിപ്പോര്‍ട്ടുകള്‍. രണ്ട്‌ പേരും തമ്മിലുള്ള ശീതസമരത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ക്യാപ്‌റ്റന്‌ അനുകൂലമായ തീരുമാനമെടുക്കുമെന്ന സൂചനകള്‍ക്കിടെ ഇന്നലെ ചേര്‍ന്ന ബോര്‍ഡ്‌ യോഗമാണ്‌ രണ്ട്‌ പേര്‍ക്കും പുറത്തേക്കുള്ള വഴി തുറന്നത്‌. ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ പുതിയ നായകനാവുമെന്നാണ്‌ ബി.ബി.സി നല്‍കുന്ന സൂചനകള്‍. പീറ്റേഴ്‌സണെയും മൂറിനെയും പുറത്താക്കാനുളള തീരുമാനം ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ബോര്‍ഡ്‌ വക്താവിനെ ഉദ്ധരിച്ച്‌ ബി.ബി.സിയുടെ ക്രിക്കറ്റ്‌ ലേഖകന്‍ ജോനാഥന്‍ ആഗ്ന്യൂ രണ്ട്‌ പേരുടെയും കാലാവധി അവസാനിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
വിന്‍ഡീസ്‌ പര്യടനത്തിനുളള ഇംഗ്ലീഷ്‌ ടീമിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ചേരിപ്പോരാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായത്‌. ടീമില്‍ മുന്‍ നായകന്‍ മൈക്കല്‍ വോനെ ആവശ്യമുണ്ടെന്ന്‌ പീറ്റേഴ്‌സണ്‍ നിര്‍
ദ്ദേശിച്ചിരുന്നു. തന്റെ നിലപാട്‌ സെലക്ടര്‍മാര്‍ക്ക്‌ മുന്നില്‍ രേഖാമൂലം വ്യക്തമാക്കി അദ്ദേഹം അവധിക്കാലം ചെലവഴിക്കാനായി പോവുകയും ചെയ്‌തിരുന്നു. എന്നാല്‍ കോച്ച്‌ മൂര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും വോന്‍ ടീമില്‍ വേണ്ടെന്ന്‌ നിര്‍ദ്ദേശിക്കുകയും ചെയ്‌തു. ഇതാണ്‌ സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ചത്‌. ഉടന്‍ തന്നെ രോഷാകുലനായി പ്രതികരിച്ച പീറ്റേഴ്‌സണ്‍ താന്‍ നായകനായി തുടരണമെങ്കില്‍ മൂറിനെ പരിശീലക സ്ഥാനത്ത്‌ നിന്ന്‌ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഈ ആവശ്യമാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെ ചൊടിപ്പിച്ചത്‌. ക്യാപ്‌റ്റന്‍ എന്ന നിലയില്‍ പീറ്റേഴ്‌സന്റെ സേവനത്തെ ബഹുമാനിക്കുന്നുവെങ്കിലും നായകന്റെ അധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിനോട്‌ യോജിപ്പില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌.
രണ്ട്‌ പേരും ഇത്‌ വരെ രാജിക്കത്ത്‌ നല്‍കിയിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ പുതിയ സംഭവ വികാസത്തില്‍ ക്രിക്കറ്റ്‌ ലോകം ആശ്ചര്യത്തിലാണ്‌. 2008 ഓഗസ്‌റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇംഗ്ലണ്ട്‌ തകര്‍ന്നതിനെ തുടര്‍ന്ന്‌ മൈക്കല്‍ വോന്‍ നായകസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ്‌ ദക്ഷിണാഫ്രിക്കന്‍ വംശജനായ കെവിന്‍ വളരെ പെട്ടെന്ന്‌ ടീമിന്റെ അമരക്കാരനായത്‌. മൈക്കല്‍ വോന്റെ പാത പിന്തുടര്‍ന്ന്‌ ഏകദിന ടീമിന്റെ നായകസ്ഥാനം പോള്‍ കോളിംഗ്‌വുഡും രാജിവെച്ചിരുന്നു. അതോടെ ഈ സ്ഥാനവും കെവിന്‌ ലഭിച്ചു. നായകനെന്ന നിലയില്‍ തകര്‍പ്പന്‍ അരങ്ങേറ്റവും അദ്ദേഹം നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ അവശേഷിച്ചിരുന്ന ടെസ്‌റ്റിലും തുടര്‍ന്ന്‌ നടന്ന നാല്‌്‌ ഏകദിനങ്ങളിലും ടീം വിജയിച്ചു. പക്ഷേ വിന്‍ഡീസ്‌ പര്യടനത്തിലെ സ്റ്റാഫോര്‍ഡ്‌ 20-20 പരമ്പരയില്‍ ടീം തകര്‍ന്നു. തുടര്‍ന്ന്‌ നടത്തിയ ഇന്ത്യന്‍ പര്യടനവും വന്‍ പരാജയമായി. ഏഴ്‌ മല്‍സര ഏകദിന പരമ്പരയിലെ ആദ്യ അഞ്ച്‌ കളികളിലും ഇംഗ്ലീഷ്‌ സംഘം തോറ്റു. മുംബൈ സ്‌ഫോടനത്തെ തുടര്‍ന്ന്‌ ഏകദിന പരമ്പരയിലെ അവസാന രണ്ട്‌ മല്‍സരങ്ങള്‍ നടന്നിരുന്നില്ല. രണ്ട്‌ മല്‍സര ടെസ്റ്റ്‌ പരമ്പരയിലും ടീമിന്‌ തിളങ്ങാനായില്ല.
ആഷസ്‌ പരമ്പരക്ക്‌ ആറ്‌ മാസം മാത്രം ശേഷിക്കെ പുതിയ സംഭവവികാസങ്ങള്‍ ടീമിനെ എങ്ങനെ ബാധിക്കുമെന്നത്‌ വ്യക്തമല്ല.
വായനക്കാര്‍ക്ക്‌ പ്രതികരിക്കാം
കെവിന്‍ പീറ്റേഴ്‌സണ്‌ പകരം ഇംഗ്ലീഷ്‌ ടീമിന്റെ നായകനാവാന്‍ യോഗ്യനാര്‌...? നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കേണ്ട ഇ-മെയില്‍ വിലാസം-

മുംബൈ-യു.പി ഫൈനല്‍
മുംബൈ: ഒന്നാം ഇന്നിംഗ്‌സ്‌ ലീഡിന്റെ പിന്‍ബലത്തില്‍ സൗരാഷ്‌്‌ട്രയെ മറികടന്ന്‌ മുംബൈയും തമിഴ്‌്‌നാടിനെ പിറകിലാക്കി ഉത്തര്‍ പ്രദേശും രഞ്‌ജി ട്രോഫി ക്രിക്കറ്റിന്റെ കലാശക്കളിക്ക്‌ യോഗ്യത നേടി. സൗരാഷ്ട്രക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ക്യാപ്‌റ്റന്‍ വസീം ജാഫറിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയിലും (301), സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറിയിലും (122) മുംബൈ ആറ്‌ വിക്കറ്റിന്‌ 637 റണ്‍സ്‌ എന്ന നിലയില്‍ ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌തിരുന്നു. മറുപടിയില്‍ സൗരാഷ്ട്രക്ക്‌ ഒന്നാം ഇന്നിംഗ്‌സില്‍ 379 റണ്‍സാണ്‌ നേടാന്‍ കഴിഞ്ഞത്‌. ഇന്നലെ നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ മുംബൈ ഒരു വിക്കറ്റിന്‌ 42 റണ്‍സ്‌ എന്ന നിലയിലായിരുന്നു. സമനിലയില്‍ കലാശിച്ച പോരാട്ടത്തിലെ കേമന്‍ വസീം ജാഫറായിരുന്നു.
നാഗ്‌പ്പൂരില്‍ നടന്ന മല്‍സരത്തില്‍ ഓപ്പണര്‍ എസ്‌.എസ്‌ ശുക്ല പുറത്താവാതെ നേടിയ 178 റണ്‍സും മധ്യനിരക്കാരന്‍ പര്‍വീന്ദര്‍സിംഗിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സുമാണ്‌ (138) മുഹമ്മദ്‌ കൈഫ്‌ നയിച്ച ഉത്തര്‍ പ്രദേശിന്‌ തുണയായത്‌. ദിനേശ്‌ കാര്‍ത്തിക്‌ നയിച്ച തമിഴ്‌നാട്‌ ആദ്യ ഇന്നിംഗ്‌സില്‍ 445 റണ്‍സാണ്‌ നേടിയിരുന്നത്‌. ഇന്നലെ മല്‍സരത്തിന്റെ അവസാന ദിവസത്തില്‍ യു.പി എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 447 റണ്‍സ്‌ നേടിയതിനെ തുടര്‍ന്ന്‌ മല്‍സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. തമിഴ്‌നാടിന്‌ വേണ്ടി മുന്‍ ഇന്ത്യന്‍ താരം ലക്ഷ്‌മിപതി ബാലാജി 114 റണ്‍സിന്‌ അഞ്ച്‌ വിക്കറ്റ്‌ നേടിയെങ്കിലും സഹബൗളര്‍മാരില്‍ നിന്ന്‌ കാര്യമായ പിന്തുണ ലഭിച്ചില്ല.

ഓസീസിന്‌ ശ്വാസം
സിഡ്‌നി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്‌ പരമ്പരയിലെ അവസാന മല്‍സരത്തില്‍ 103 റണ്‍സിന്റെ വിജയവുമായി ഓസ്‌ട്രേലിയ ഐ.സി.സി ലോക റാങ്കിംഗിലെ ആദ്യ സ്ഥാനം നിലനിര്‍ത്തി. ആദ്യവസാനം ആവേശകരമായ അവസാന ദിവസ പോരാട്ടത്തില്‍ കേവലം പത്ത്‌ പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ്‌ ആതിഥേയര്‍ വിജയം വരിച്ചത്‌. കൈവിരലിലെയും കൈക്കുഴയിലെയും വേദന കടിച്ചമര്‍ത്തി അവസാന നമ്പറില്‍ ബാറ്റ്‌ ചെയ്യാനെത്തിയ നായകന്‍ ഗ്രയീം സ്‌മിത്തിന്റെ സാഹസത്തില്‍ തലനാരിഴക്കാണ്‌ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്‌. പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരത്തിലും ജയിച്ച ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഈ മല്‍സരം ജയിച്ചിരുന്നെങ്കില്‍ ലോക റാങ്കിംഗിലെ ആദ്യസ്ഥാനവും സന്ദര്‍ശകര്‍ക്ക്‌്‌ ലഭിക്കുമായിരുന്നു.
അവസാന ദിവസത്തില്‍ ജയിക്കാന്‍ 314 റണ്‍സ്‌ ആവശ്യമായ ദക്ഷിണാഫ്രിക്കക്ക്‌ ആദ്യ സെഷനില്‍ മൂന്ന്‌ വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ടീം സ്‌്‌ക്കോറിനൊപ്പം ആറ്‌ റണ്‍സ്‌ മാത്രം ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ നീല്‍ മക്കന്‍സി പുറത്തായി. അനുഭവ സമ്പന്നനായ ജാക്‌ കാലിസിനും പിടിച്ചുനില്‍ക്കാനായില്ല. 59 റണ്‍സ്‌ നേടിയ ഹാഷിം അംലക്കും സമ്മര്‍ദ്ദത്തെ അതിജയിക്കാനായില്ല.
രണ്ടാം സെഷനില്‍ പൊരുതിനിന്ന എബി ഡി വില്ലിയേഴ്‌സിനെ 56 ല്‍ ദക്ഷിണാഫ്രിക്കക്ക്‌ നഷ്ടമായി. മല്‍സരത്തിലെ മാന്‍ ഓഫ്‌ ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ട പീറ്റര്‍ സിഡിലിനായിരുന്നു ഈ നിര്‍ണ്ണായക വിക്കറ്റ്‌. ഡി വില്ലിയേഴ്‌സ്‌ പുറത്താവുമ്പോള്‍ ഏഴ്‌ വിക്കറ്റിന്‌ 193 റണ്‍സ്‌ എന്ന നിലയിലായിരുന്നു ടീം. പക്ഷേ ഇവിടെയാണ്‌ വീരോചിത മികവ്‌ കണ്ടത്‌. വാലറ്റക്കാരായ മക്കായ എന്‍ടിനിയും ഡാലെ സ്‌റ്റെനും കീഴടങ്ങാതെ കളിച്ചു. 17 നിര്‍ണ്ണായക ഓവറുകള്‍ എന്‍ടിനി പൊരുതി നിന്നു. ഈ സഖ്യം 50 റണ്‍സും നേടി. 28 റണ്‍സ്‌ നേടിയ സ്റ്റെനെ ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡ്‌ പുറത്താക്കിയ ശേഷമാണ്‌ പത്താം നമ്പറില്‍ സ്‌മിത്ത്‌ എത്തിയത്‌. എസ്‌.സി.ജിയിലെ മുഴുവന്‍ കാണികളും ദക്ഷിണാഫ്രിക്കന്‍ നായകനെ എഴുന്നേറ്റ്‌ നിന്നാണ്‌ ആദരിച്ചത്‌. പരമ്പരക്ക്‌ മുമ്പ്‌ തന്നെ സ്‌മിത്തിന്റെ കൈക്കുഴക്ക്‌ പരുക്കേറ്റിരുന്നു. ഇവിടെ ആദ്യ ഇന്നിംഗ്‌സിനിടെ മിച്ചല്‍ ജോണ്‍സന്റെ ഏറില്‍ വിരലും മുറിഞ്ഞിരുന്നു. 7.2 ഓവര്‍ സ്‌മിത്ത്‌ വേദന സഹിച്ചു കളിച്ചു. ഒടുവില്‍ മല്‍സരം അവസാനിക്കാന്‍ പത്ത്‌ പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ ജോണ്‍സന്റെ പന്തില്‍ പുറത്തായി. സ്‌മിത്താണ്‌ പരമ്പരയിലെ കേമന്‍.

ധീരന്‍
സിഡ്‌നി: എസ്‌.സി.ജിയുടെ കിഴക്കേ ആകാശത്ത്‌ കാര്‍മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ റിക്കി പോണ്ടിംഗ്‌ സ്വന്തം വാച്ചിലേക്ക്‌ നോക്കി......മല്‍സരമവസാനിക്കാന്‍ ഒരു മണിക്കൂറിലധികം ബാക്കി. ക്രീസില്‍ ദക്ഷിണാഫ്രിക്കയുടെ അവസാന ജോഡികളായ മക്കായ എന്‍ടിനിയും ഡാലെ സ്‌റ്റെനും. ഒരിഞ്ചും വിട്ടുകൊടുക്കാതെ പൊരുതുകയാണ്‌ വാലറ്റക്കാര്‍. ഇവരെ പുറത്താക്കാന്‍ തന്റെ ബൗളര്‍മാര്‍ക്ക്‌ കഴിയുന്നില്ലല്ലോ എന്ന നിരാശയില്‍ പോണ്ടിംഗ്‌ നഖം കടിച്ചു നില്‍ക്കവെ മക്‌ഡൊണാള്‍ഡിന്റെ പന്തില്‍ അതാ സ്‌റ്റെന്‍ പുറത്താവുന്നു......
ഓസീസ്‌ താരങ്ങള്‍ പരസ്‌പരം ആശ്ലേഷിച്ചു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയീം സ്‌മിത്ത്‌ പരുക്കേറ്റ്‌ പുറത്തായതിനാല്‍ അദ്ദേഹം കളിക്കാനെത്തുകയില്ല എന്നാണ്‌ പോണ്ടിംഗും സംഘവും കരുതിയത്‌. പക്ഷേ മൈതാനത്തിന്റെ ഇളം പച്ചനിറത്തിലുളള വാതില്‍ തുറന്ന്‌ സ്‌മിത്ത്‌ എന്ന ധീരനായ നായകന്‍ നടന്നുവരുന്നു......
മല്‍സരം അവസാനിക്കാന്‍ 8.2 ഓവറുകള്‍ മാത്രം ബാക്കി. കൃത്യമായി പറഞ്ഞാല്‍ അമ്പത്‌ പന്തുകള്‍ ബാക്കി. ഈ അമ്പത്‌ പന്തുകളെ വിജയകരമായി നേരിട്ടാല്‍ ടീമിന്‌ സമനില നേടാം. ഇടത്‌ കൈക്കുഴയില്‍ വലിയ ബാന്‍ഡേജ്‌. മുറിഞ്ഞ വലം കൈയിലെ വിരലില്‍ അതിലും വലിയ ബാന്‍ഡേജ്‌. ബാന്‍ഡേജിന്‌ മുകളില്‍ പ്ലാസ്‌റ്റിക്‌ കവര്‍. അതിന്‌ മുകളില്‍ ഗ്ലൗസ്‌..... വേദന കടിച്ചമര്‍ത്തി സ്‌മിത്ത്‌ മൈതാനത്തേക്ക്‌ നടന്നടുക്കുമ്പോള്‍ എസ്‌.സി.ജി ഒന്നടങ്കം എഴുന്നേറ്റ്‌ നിന്നു...
രാവിലെ പരിശീലനത്തിനായി അല്‍പ്പസമയം സ്‌മിത്ത്‌ മൈതാനത്തുണ്ടായിരുന്നു. വേദനയില്‍ പുളഞ്ഞ്‌ അദ്ദേഹം അല്‍പ്പസമം കൂട്ടുകാര്‍ക്കൊപ്പം ബാറ്റേന്തി. അത്യാവശ്യ സാഹചര്യത്തില്‍ മാത്രം നായകനെ രംഗത്തിറക്കാനായിരുന്നു ദക്ഷിണാഫ്രിക്കന്‍ പ്ലാന്‍.
എന്‍ടിനിക്കൊപ്പം ഓരോ പന്തും സ്‌മിത്ത്‌ വേദനയോടെ നേരിട്ടു. രണ്ട്‌ പേരും പരസ്‌പരം പ്രോല്‍സാഹിപ്പിച്ചു. പോണ്ടിംഗ്‌്‌ സ്വന്തം വിട്ടുനില്‍ക്കവെ ഓരോ പന്തുകള്‍ കഴിയുകയായിരുന്നു. 17 പന്തില്‍ നിന്ന്‌ മൂന്ന്‌ റണ്‍സുമായി അദ്ദേഹം ധൈര്യവാനായി കളിക്കവെ മിച്ചല്‍ ജോണ്‍സണ്‍ അവസാനത്തേതിന്‌ തൊട്ട്‌ മുമ്പുളള ഓവറിനായി എത്തി. ആദ്യ പന്ത്‌ സ്‌മിത്ത്‌ ലീവ്‌ ചെയ്‌തു. രണ്ടാം പന്ത്‌ പാഡിനിടയിലുടെ തുളഞ്ഞ്‌ കയറി ബെയില്‍ റാഞ്ചിയപ്പോള്‍ പോണ്ടിംഗ്‌ ആഗ്രഹിച്ച നിമിഷമെത്തി.... ആശ്വാസ വിജയത്തിന്റെ ആഹ്ലാദത്തിലും പോണ്ടിംഗും സംഘവും സ്‌മിത്തിനെ അഭിനന്ദിക്കാന്‍ മറന്നില്ല.
ലോക ക്രിക്കറ്റ്‌ പലവിധ ധീര നിമിഷങ്ങളും ഇതിനകം കണ്ടിട്ടുണ്ട്‌. 1960-61 സീസണില്‍ അഡലെയ്‌ഡില്‍ വിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റില്‍ ടീമിന്റെ സമനിലക്കായി വെസ്‌ ഹാളിന്റെ അവസാന പന്ത്‌ നെഞ്ച്‌ കൊണ്ട്‌ തടുത്തിട്ട കെന്‍ മാക്കെയും, 1988 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ മുറിഞ്ഞ വിരലുമായി പന്തെറിഞ്ഞ്‌ ഏഴ്‌ വിക്കറ്റ്‌ 22 റണ്‍സിന്‌ നേടിയ മാല്‍ക്കം മാര്‍ഷലിനെയും, വിന്‍ഡീസിനെതിരെ തകര്‍ന്ന താടിയെല്ലുമായി കളിച്ച അനില്‍ കുംബ്ലെയുമെല്ലാമാണ്‌ സ്‌മിത്തിന്റെ സാഹസീകതയിലൂടെ ഓര്‍മ്മ വന്നത്‌.

കിവീസിന്‌ വെട്ടോരി വിജയം
വെല്ലിംഗ്‌ടണ്‍: 20 റണ്‍സ്‌ മാത്രം നല്‍കി നാല്‌ വിക്കറ്റ്‌ നേടിയ നായകന്‍ ഡാനിയല്‍ വെട്ടോരിയുടെ മികവില്‍ വിന്‍ഡീസിനെതിരായ മൂന്നാം ഏകദിന മല്‍സരത്തില്‍ ന്യൂസിലാന്‍ഡ്‌ ഏഴ്‌ വിക്കറ്റിന്‌ വിജയിച്ചു. ഇതോടെ പരമ്പര 1-1 ലായി. ആദ്യ മല്‍ഡസരം വിന്‍ഡീസ്‌ ജയിച്ചപ്പോള്‍ രണ്ടാം മല്‍സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. രണ്ട്‌ മല്‍സരങ്ങള്‍ കൂടി പരമ്പരയില്‍ അവശേഷിക്കുന്നുണ്ട്‌. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ 128 റണ്‍സിന്‌ തകരുകയായിരുന്നു. 45 റണ്‍സ്‌ നേടിയ ശിവനാരായണ്‍ ചന്ദര്‍പോള്‍ മാത്രമാണ്‌ പൊരുതിയിയത്‌. മറുപടിയില്‍ റോസ്‌ ടെയ്‌ലര്‍ പുറത്താവാതെ നേടിയ അര്‍ദ്ധശതകത്തില്‍ കിവീസ്‌ 29.3 ഓവറില്‍ വിജയം വരിക്കുകയായിരുന്നു.

ഷുഹൈബ്‌ മാലിക്‌ തന്നെ
കറാച്ചി: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീമിന്റെ നായക സ്ഥാനത്ത്‌ ഷുഹൈബ്‌ മാലിക്‌ അനിശ്ചിതമായി തുടരും. പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (പി.സി.ബി) ചെയര്‍മാന്‍ ഇജാസ്‌ ഭട്ടിന്റേതാണ്‌ തീരുമാനം. സാധാരണ ഗതിയില്‍ പി.സി.ബി ഗവേണിംഗ്‌ കമ്മിറ്റിയാണ്‌ ക്യാപ്‌റ്റന്റെ കാര്യത്തില്‍ തീരുമാനമെടുക്കാറ്‌. പക്ഷേ ഗവേണിംഗ്‌ കമ്മിറ്റിയിലെ ആറ്‌ പേര്‍ രാജി നല്‍കിയ സാഹചര്യത്തില്‍ കമ്മിറ്റി വിളിക്കാതെ ചെയര്‍മാന്‍ തന്നെ നായകന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. പി.സി.ബി ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ സലീം അല്‍ത്താഫ്‌ മാലിക്കിന്റെ കാലാവധി ദീര്‍ഘിപ്പിച്ച കാര്യം ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌. പി.സി.ബി തീരുമാനത്തില്‍ മാലിക്‌ സന്തോഷം പ്രകടിപ്പിച്ചു. തന്നില്‍ പി.സി.ബി ചെയര്‍മാന്‍ അര്‍പ്പിച്ച വിശ്വാസം കാത്ത്‌ സൂക്ഷിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

No comments: