Monday, July 9, 2012

THE BACK BENCHERS


പിറകോട്ടാണ്‌ നമ്മുടെ കായികഗമനം. ഇത്‌ എല്ലാവര്‍ക്കും അറിയുന്ന സത്യം. എങ്ങനെ നമ്മള്‍ ഇങ്ങനെയാവുന്നു എന്ന ചോദ്യമുന്നയിക്കുന്നവരും ഉത്തരം പറയേണ്ടവരും ചോദ്യങ്ങള്‍ ഉന്നയിച്ചും ഉത്തരം പറഞ്ഞും മടുത്തിരിക്കുന്നു. മടുപ്പില്‍ നിന്നും പോസീറ്റിവായി ചിന്തിക്കുക പ്രയാസമുള്ള കാര്യമാണ്‌.
ഇന്ത്യന്‍ ഹോക്കിയെ മാത്രം ഉദാഹരിക്കാം: നിലവില്‍ നമ്മുടെ ദേശീയ ടീമിന്റെ പരിശീലകന്‍ ഓസ്‌ട്രേലിയക്കാരനായ മൈക്കല്‍ നോബ്‌സ്‌. ടീമിന്റെ മൊത്തം നിയന്ത്രണം അദ്ദേഹത്തിനാണ്‌. ലണ്ടന്‍ ഒളിംപിക്‌സില്‍ സ്വര്‍ണം നേടുമെന്ന വീരവാദം മുഴക്കാതെ ആദ്യ ആറ്‌ സ്ഥാനങ്ങളിലൊന്ന്‌ എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ്‌ അദ്ദേഹം സംസാരിക്കുന്നത്‌.
എട്ട്‌ ഒളിംപിക്‌സ്‌ ഹോക്കി സ്വര്‍ണം സ്വന്തമാക്കിയവരാണ്‌ നമ്മള്‍. ഇന്ത്യന്‍ കായികരംഗം പിറകോട്ട്‌ പോവുന്നതിന്റെ വ്യക്തമായ തെളിവുകളാണ്‌ സ്വര്‍ണത്തില്‍ നിന്ന്‌ ഇപ്പോള്‍ നമ്മള്‍ ആദ്യ ആറ്‌ സ്ഥാനങ്ങളിലൊന്നിനെക്കുറിച്ച്‌ ആലോചിക്കുന്നത്‌. വേണമെങ്കില്‍ ഹോക്കിയുടെ കാര്യത്തില്‍ തല്‍ക്കാലം മുന്നോട്ടാണെന്ന്‌ പറയാം. കാരണം നാല്‌ വര്‍ഷം മുമ്പ്‌ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ ഇന്ത്യ യോഗ്യത പോലും നേടിയിരുന്നില്ല. ഇന്ത്യയില്ലാതെ ആദ്യമായി ഒളിംപിക്‌ ഹോക്കി മല്‍സരങഅള്‍ ബെയ്‌ജിംഗില്‍ നടന്നപ്പോള്‍ പലരും വേദനയോടെ പലതും പറഞ്ഞു. ഇത്തവണ എന്തായാലും നമ്മള്‍ യോഗ്യത നേടിയിട്ടുണ്ട്‌്‌. അത്‌ മുന്നോട്ടുള്ള ഗമനമായി ചീത്രീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ചരിത്രം നമുക്ക്‌ മുന്നില്‍, അധികാരികള്‍ക്ക്‌ മുന്നില്‍ മഹാമേരു പോലെ നിലനില്‍ക്കുന്നുണ്ട്‌.
ലണ്ടന്‍ നഗരവും ഒളിംപിക്‌സ്‌ ഹോക്കിയും തമ്മില്‍ ചരിത്രബന്ധമുണ്ട്‌. 1908 ലണ്ടനില്‍ നടന്ന ഒളിംപിക്‌സിലാണ്‌ ആദ്യമായി ഹോക്കി മല്‍സര ഇനമാക്കിയത്‌. ആ കാലത്ത്‌ ഹോക്കിയെന്നാല്‍ അത്‌ ഇന്ത്യ മാത്രമായിരുന്നു. കൊല്‍ക്കത്തയിലും മുംബൈയിലുമെല്ലാമായി നടന്ന ചെറിയ ടൂര്‍ണമെന്റുകള്‍ വഴി ഇന്ത്യയാണ്‌ ലോകത്തിന്‌ പുതിയ ഗെയിമിനെ കാണിച്ചുകൊടുത്തത്‌. പക്ഷേ അന്നൊന്നും ഹോക്കിയെ നയിക്കാന്‍ ഒരു സംഘബലം രാജ്യത്തുണ്ടായിരുന്നില്ല. ബ്രിട്ടിഷുകാരുടെ അധീശത്വത്തില്‍ കഴിയേണ്ടി വന്നതിനാല്‍ ഒളിംപക്‌സ്‌ പോലുള്ള വേദികളില്‍ കരുത്തോടെ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 1928ലെ ആംസ്റ്റര്‍ഡാം ഒളിംപിക്‌സിലാണ്‌ ഇന്ത്യ പങ്കെടുക്കുന്നതും സ്വര്‍ണം സ്വന്തമാക്കുന്നതും.
ഇന്ത്യയുടെ ഒളിംപിക്‌ ഹോക്കി അരങ്ങേറ്റം തന്നെ വിവാദത്തിലായിരുന്നു. ഒക്‌സ്‌ഫോര്‍ഡില്‍ പഠിക്കുകയായിരുന്നു ജയ്‌പാല്‍ സിംഗിനെയാണ്‌ ടീമിന്റെ ക്യാപ്‌റ്റനായി പ്രഖ്യാപിച്ചത്‌. ഇംഗ്ലീഷ്‌ വിലാസമുള്ള രണ്ട്‌ പേര്‍-യൂസഫ്‌ ഖാനും പട്ടോജി നവാബൂം ടീമിലുണ്ടായിരുന്നു. ജയ്‌പാലിനെ അംഗീകരിക്കാന്‍ ടീമിലെ ഭൂരിപക്ഷം വരുന്ന ആംഗ്ലോ ഇന്ത്യന്‍ അംഗങ്ങള്‍ തയ്യാറായിരുന്നില്ല., ടീം ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ നേടിയ ശേഷം സഹതാരങ്ങളുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച്‌ ജയ്‌പാല്‍ ടീമില്‍ നിന്ന്‌ ഇറങ്ങിപോവുകയും പകരം എറിക്‌ പിന്നിംഗര്‍ നായകനാവുകയും ചെയ്‌തു. ധ്യാന്‍ചന്ദിനെ പോലുള്ള യുവതാരങ്ങളുടെ കരുത്തില്‍ എല്ലാ മല്‍സരങ്ങളിലും വിജയം വരിച്ച്‌ ഇന്ത്യ ഒരു ഗോള്‍ പോലും വഴങ്ങാതെ സ്വര്‍ണം നേടി. ലണ്ടനില്‍ നിന്ന്‌ സ്വര്‍ണവുമായി മുംബൈ തുറമുഖത്തെത്തിയ ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ അന്ന്‌ പതിനായിരകണക്കിന്‌ ഹോക്കി പ്രേമികളാണ്‌ എത്തിയിരുന്നത്‌.
ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രിയയെ ഇന്ത്യ ആറ്‌ ഗോളിനാണ്‌ തോല്‍പ്പിച്ചത്‌. രണ്ടാം മല്‍സരത്തില്‍ ഇന്ത്യ ബെല്‍ജിയത്തെ തോല്‍പ്പിച്ചത്‌ ഒമ്പത്‌ ഗോളിന്‌. മൂന്നാം മല്‍സരത്തില്‍ ഡെന്മാര്‍ക്കിനെതിരെ അഞ്ച്‌ ഗോള്‍ ജയം. സ്വീറ്റ്‌സര്‍ലാന്‍ഡിനെ ആറ്‌ ഗോളിന്‌ തകര്‍ത്തു. ഫൈനല്‍ മല്‍സരം ആതിഥേയരായ ഹോളണ്ടുമായിട്ടായിരുന്നു. ജയിച്ചത്‌ മൂന്ന്‌ ഗോളിന്‌. അതായത്‌ ഇന്ത്യ അടിച്ചത്‌ 29 ഗോള്‍. ഒരു ഗോള്‍ പോലും വഴങ്ങിയില്ല. അങ്ങനെ ഒളിംപിക്‌സ്‌ ഹോക്കിയില്‍ അരങ്ങേറിയ ഇന്ത്യ ഇന്ന്‌ മേല്‍പ്പറഞ്ഞ ഒരു ടീമിനോടും ജയിക്കില്ല. ഡച്ചുകാരെല്ലാം ബഹദൂരം മുന്നേറി ഇന്ന്‌ എല്ലാവരെയും തോല്‍പ്പിക്കുന്ന ടീമായി മാറിയിരിക്കുന്നു.
1928 ന്‌ ശേഷം നടന്ന ഒരോ ഒളിംപിക്‌സിലും ഇന്ത്യ വെല്ലുവിളിക്കപ്പെട്ടു. പക്ഷേ ഒന്നാം സ്ഥാനം മാത്രം അകന്നില്ല. 1936 ലെ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ ധ്യാന്‍ചന്ദിന്റെ അപാര മികവില്‍ ഇന്ത്യ ഫൈനലില്‍ ജര്‍മനിയെ 8-1 നാണ്‌ തരിപ്പണമാക്കിയത്‌. ഇന്ന്‌ ജര്‍മനി എന്നാല്‍ അജയ്യരാണ്‌. നമുക്ക്‌ തൊടാന്‍ പോലും കഴിയില്ല. ഫൈനലില്‍ ഹാട്രിക്‌ നേടിയ ധ്യാന്‍ചന്ദ്‌ 31-ാം വയസ്സില്‍ കളിയോട്‌ വിടപറഞ്ഞു. ഹംഗറിയെ നാല്‌ ഗോളിനും അമേരിക്കയെ ഏഴ്‌ ഗോളിനും ജപ്പാനെ ഒമ്പത്‌ ഗോളിനും സെമിയില്‍ ഫ്രാന്‍സിനെ പത്ത്‌ ഗോളിനും തകര്‍ത്ത ടീം ഫൈനലില്‍ മാത്രമാണ്‌ രണ്ട്‌ ഗോള്‍ വഴങ്ങിയത്‌.
ഫൈനലില്‍ ധ്യാന്‍ചന്ദിന്റെ പല്ല്‌ കൊഴിച്ച ജര്‍മന്‍ ഗോള്‍ക്കീപ്പറും, ജര്‍മനിക്കാരെ പാഠം പഠിപ്പിച്ച ധ്യാന്‍ചന്ദുമെല്ലാം ഇന്നും ചരിത്രത്തിന്റെ ഭാഗം. ആ ചരിത്രം വായിച്ച്‌ കോള്‍മയിര്‍ കൊള്ളേണ്ട ഗതികേടിലാണ്‌ ഇപ്പോഴും നമ്മള്‍.
ഒളിംപിക്‌സ്‌ ഹോക്കിയില്‍ ഇന്ത്യയോട്‌ തകര്‍ന്ന്‌ തരിപ്പണമായവരാണ്‌ ജര്‍നിയും ഹോളണ്ടും ദക്ഷിണ കൊറിയയും ന്യൂസിലാന്‍ഡും ബെല്‍ജിയവും. ഈ അഞ്ച്‌ പേരുമായാണ്‌ ലണ്ടനില്‍ നമ്മള്‍ കളിക്കുന്നത്‌. ആരോടും ജയസാധ്യതയില്ല. പ്രതീക്ഷ ബെല്‍ജിയത്തിനെതിരായ മല്‍സരത്തില്‍ മാത്രമാണ്‌.
പിറകോട്ടുള്ള ഈ സഞ്ചാരത്തിലും ഒന്നും നമ്മള്‍ പഠിക്കുന്നില്ല. പഠിക്കാന്‍ ശ്രമിക്കുന്നുമില്ല. താരങ്ങളെയും പരിശീലകരെയും മാറ്റുന്നു-ആ പരീക്ഷണമാണ്‌ നിരന്തരമായി നടക്കുന്നത്‌.

No comments: