Thursday, July 5, 2012

KUNJAHAMMED-A TRAGIC END


നമ്മുടെ ക്രിക്കറ്റര്‍മാര്‍ക്ക്‌ 30,000 രൂപ എന്നാല്‍ അത്‌ ചായ പൈസയാണ്‌. എന്നാല്‍ ഇന്ത്യന്‍ കുപ്പായമണിയുന്ന ഒരു അത്‌ലറ്റിന്‌ 30,000 രൂപ വലിയ തുകയാണ്‌. മുപ്പതിനായിരം രൂപയുണ്ടായിരുന്നെങ്കില്‍ 400 മീറ്ററിലെ നമ്മുടെ ചാമ്പ്യന്‍ താരം പി.കുഞ്ഞിമുഹമ്മദിന്‌ ഇന്നലെ ശ്രീലങ്കയിലേക്ക്‌ പറക്കാനും അവിടെ നടക്കുന്ന ദേശീയ അത്‌ലറ്റിക്‌ മീറ്റില്‍ പങ്കെടുക്കാനും അത്‌ വഴി ലണ്ടന്‍ ടിക്കറ്റ്‌ നേടാനുമുളള അവസാന അവസരവുമുണ്ടായിരുന്നു. പക്ഷേ കുഞ്ഞിമുഹമ്മദിന്റെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്നത്‌ 9,000 രൂപയായിരുന്നു. ആ കാശിന്‌ കൊളംബോയിലേക്ക്‌ വിമാന ടിക്കറ്റ്‌ എടുക്കാനും അവിടെ രണ്ട്‌ ദിവസം തങ്ങാനുമാവില്ല. ഈയിടെ ഹൈദരാബാദില്‍ നടന്ന അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌ മീറ്റിലും കസാക്കിസ്‌താനിലെ അല്‍മാട്ടിയില്‍ നടന്ന ഏഷ്യന്‍ ഓള്‍സ്‌റ്റാര്‍ മീറ്റിലും കുഞ്ഞിമുഹമ്മദ്‌ പങ്കെടുത്തിരുന്നു. രണ്ട്‌ മീറ്റിലും തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും നേരിയ വിത്യാസത്തില്‍ ഒളിംപിക്‌ യോഗ്യതാ മാര്‍ക്ക്‌ അകന്നു. എല്ലാം അവസാനിച്ചു എന്ന്‌ കരുതിയിടത്ത്‌ നിന്നാണ്‌ ലങ്കന്‍ അവസരത്തെക്കുറിച്ചറിഞ്ഞത്‌. ലങ്കന്‍ ദേശീയ മീറ്റില്‍ മറ്റ്‌ താരങ്ങള്‍ക്ക്‌ അവസരമില്ല. പക്ഷേ രാജ്യാന്തര ഒളിംപിക്‌ കമ്മിറ്റിയുടെ അംഗീകാരമുള്ള മീറ്റായതിനാല്‍ യോഗ്യതാ മാര്‍ക്ക്‌ തരണം ചെയ്‌താല്‍ ലണ്ടന്‍ ടിക്കറ്റ്‌ നേടാമായിരുന്നു. കുഞ്ഞിമുഹമ്മദിന്‌ മാത്രമല്ല 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ഏഷ്യന്‍ ചാമ്പ്യന്‍ ജോസഫ്‌ എബ്രഹാമിനും കൊളംബോ ചാന്‍സുണ്ടായിരുന്നു. എന്ത്‌ ചെയ്യാന്‍-ഒരു ടിക്കറ്റ്‌ എടുത്ത്‌ കൊടുക്കാന്‍ ആരുമില്ല. എല്ലാവരുമായി ബന്ധപ്പെട്ടു. പതിവ്‌ പോലെ എല്ലാവരും കൈവിട്ടു. കേരളാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍, കേരളാ അത്‌ലറ്റിക്‌ അസോസിയേഷന്‍ എന്നിവരുടെ മുന്നിലെല്ലാം കൈകള്‍ നീട്ടിയിട്ടും രക്ഷയുണ്ടായില്ല.
ജോസഫിനെക്കുറിച്ച്‌ ഇതേ കോളത്തില്‍ രണ്ട്‌ ദിവസം മുമ്പ്‌ എഴുതിയിരുന്നു. ഗോഞ്ചു ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന്റെ അഭിമാനമായ താരം. ഏഷ്യന്‍ ഗെയിംസിന്‌ ശേഷം രാജ്യാന്തര അവസരങ്ങള്‍ ലഭിക്കാതെ പട്യാലയിലെ ക്യാമ്പില്‍ മാത്രം പരിശീലനത്തിന്‌ വിധിക്കപ്പെട്ട ജോസഫ്‌ അന്തര്‍ സംസ്ഥാന മീറ്റിലും ഏഷ്യന്‍ ഓള്‍ സ്‌റ്റാര്‍ മീറ്റിലും ഒന്നാമനായിട്ടും യോഗ്യതാ സമയം പിന്നിടാന്‍ കഴിയാത്ത വേദനയില്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കയാണ്‌. ലങ്കയിലെ അവസരം ജോസഫും കുഞ്ഞിമുഹമ്മദും കണ്ടെത്തിയതാണ്‌. അവിടെ എന്‍ട്രി ലഭിക്കാന്‍ പ്രയാസമായിരുന്നു. എന്നിട്ടും ലണ്ടന്‍ എന്ന വലിയ സ്വപ്‌നത്തിലേക്കുള്ള യാത്ര തേടി അവര്‍ പലവാതിലുകള്‍ മുട്ടിയാണ്‌ മല്‍സരാവസരം ലഭിച്ചത്‌. അപ്പോഴാവട്ടെ പണം പ്രശ്‌നമായി.
അധികാരികള്‍ എന്നും മനോഹരമായി സംസാരിക്കാറുണ്ട്‌. മയൂഖാ ജോണിക്ക്‌്‌ എട്ട്‌്‌ ലക്ഷം നല്‍കിയത്‌ ഞങ്ങളാണ,്‌ ഒളിംപിക്‌സ്‌ സഹായം ആര്‌ ചോദിച്ചാലും ഉടന്‍ നല്‍കും, ഞങ്ങളുടെ കാലത്താണ്‌ കായികരംഗം ഇത്രയും പരിപോഷിച്ചത്‌ തുടങ്ങിയ വാചകമടിക്ക്‌ മിടുക്കരായ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ടുമാര്‍ നമുക്കുണ്ട്‌. പഴയകാല കായിക താരങ്ങള്‍ അധികാര കസേരയിലെത്തിയാല്‍ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ്‌ സഹായിക്കുമെന്ന്‌ കരുതിയവര്‍ക്കും തെറ്റ്‌ പറ്റിയിരിക്കുന്നു ഈ ഒളിംപിക്‌സ്‌ സമയത്ത്‌. ഇന്ത്യന്‍ അത്‌ലറ്റിക്‌ ടീമിന്റെ അസിസ്‌റ്റന്‍ഡ്‌ പരിശീലകനായ മുന്‍ താരം ലിജോ തോട്ടാനെ പോലുളളവര്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ടുമായും അത്‌ലറ്റിക്‌ അസോസിയേഷനുമായെല്ലാം ബന്ധപ്പെട്ടിരുന്നു. രണ്ട്‌ പേര്‍ക്ക്‌ വിമാന ടിക്കറ്റ്‌, ചില്ലറ വട്ടചെലവിനുള്ള കാശും. അത്‌ മാത്രം മതിയെന്ന്‌ പറഞ്ഞിട്ടും കനിഞ്ഞില്ല.
400 മീറ്ററില്‍ ഇന്ത്യയുടെ മികച്ച ബെറ്റാണ്‌ കുഞ്ഞിമുഹമ്മദ്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം പങ്കെടുത്ത താരം ഈയിടെ തായ്‌ ലാന്‍ഡില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ്‌ പ്രിയില്‍ 46.14 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌തിരുന്നു. കൂടുതല്‍ രാജ്യാന്തര അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ 45.90 സെക്കന്‍ഡ്‌ എന്ന യോഗ്യതാ സമയം പിന്നിടാന്‍ കഴിയുമെന്ന കാര്യത്തില്‍ അവന്റെ പരിശീലകര്‍ക്ക്‌ സംശയമുണ്ടായിരുന്നില്ല.(നമ്മുടെ സിസ്റ്റത്തില്‍ പരിശീലകന്‌ വിലയില്ല. അയാള്‍ പറയുന്നതിനേക്കാള്‍ വില അധികാരികളുടെ വാക്കിനാണ്‌.) ഏപ്രിലില്‍ പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പ്‌ മീറ്റിന്‌ ശേഷം കുഞ്ഞിമുഹമ്മദിന്‌ അടുത്ത അവസരം ലഭിച്ചത്‌ ജൂണ്‍ അവസാനത്തില്‍ ഹൈദരാബാദില്‍ നടന്ന അന്തര്‍ സംസഥാന മീറ്റ്‌. പിന്നെ ഏഷ്യന്‍ ഓള്‍ സ്‌റ്റാര്‍ മീറ്റും. രണ്ടിലും മെച്ചപ്പെട്ടു. പക്ഷേ ഒളിംപിക്‌ യോഗ്യത അകന്നു. ലങ്ക അവസാന പ്രതീക്ഷയായിരുന്നു.
രസകരമായ സത്യമുണ്ട്‌-നമ്മുടെ സംസ്ഥാനത്തോ, ദേശീയ തലത്തിലോ താരങ്ങളുടെ അടിയന്തിരാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ ഒരു എമര്‍ജന്‍സി ഫണ്ടില്ല. (ഫണ്ടുണ്ടായിട്ടും അത്‌ അധികാരികള്‍ പൂഴ്‌ത്തിയതാണോ എന്ന നിശ്ചയവുമില്ല). കായിക കലണ്ടറിനെക്കുറിച്ച്‌ അജ്ഞത നടിക്കുന്ന അധികാരികള്‍ പണത്തിന്റെ കാര്യത്തില്‍ എന്തായാലും എല്ലാ വഴികളും ആരായുന്നവരാണ്‌. എമര്‍ജന്‍സി ഫണ്ടില്ലെങ്കിലും ഓരോ തവണയും ഒളിംപിക്‌സുകള്‍ വരുമ്പോള്‍ അത്‌ കാണാനും പിന്നെ പഠിക്കാനും അതിന്‌ ശേഷം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും അധികാരികള്‍ പോവാറുണ്ട്‌. അതിന്‌ ഫണ്ട്‌ പ്രശ്‌നമാവാറുമില്ല. ബെയ്‌ജിംഗ്‌ ഒളിംപിക്‌സിനും ഗോഞ്ചു ഏഷ്യന്‍ ഗെയിംസിനുമെല്ലാം മന്ത്രിതല സംഘം പഠനയാത്ര (ഷോപ്പിംഗ്‌ യാത്രയെന്ന്‌ തിരുത്തി വായിക്കുക) നടത്തിയിരുന്നു. ഇക്കുറിയും അതിന്‌ മാറ്റമുണ്ടാവില്ല. പഠനം നടത്താനും റിപ്പോര്‍ട്ട്‌ തയ്യാറാക്കാനും നാല്‌ വീരവാദങ്ങള്‍ മുഴക്കാനും ആളു വേണമല്ലോ നമുക്ക്‌. വീരവാദ വിവരണം മല്‍സര ഇനമാക്കിയാല്‍ എത്ര സ്വര്‍ണം നേടാനും മിടുക്കരായവര്‍ ഇവിടയുണ്ട്‌. അവര്‍ കോട്ടും സൂട്ടുമിട്ട്‌, രാജ്യത്തിന്റെ അശോക ചക്രാങ്കിത കവചവുമെല്ലാം അണിഞ്ഞ്‌ വലിയ രാജ്യത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായി നിലകൊള്ളും. കുഞ്ഞിമുഹമ്മദിനെയും ജോസഫിനെയും പോലുള്ളവര്‍ മോഹങ്ങളും മോഹഭംഗങ്ങളുമായി ഇരന്നില്ലാതാവും. ചായ പൈസയായി 30,000 കൊടുക്കുന്നവരും ഒരു മല്‍സരത്തില്‍ പങ്കെടുക്കാന്‍ അഞ്ച്‌ നയാ പൈസ നല്‍കാത്തവരും ഇന്ത്യക്കാരാണ്‌. എന്നിട്ടും സമത്വവും നിരപേക്ഷതയും ജനാധിപത്യവുമെല്ലാം പറഞ്ഞ്‌ നടക്കുന്നവരുടെ തൊലിക്കട്ടിക്ക്‌ വല്ല പത്മശ്രീയോ വീഭൂഷണോ ഇനി ഭാരതരത്‌നമോ തന്നെ നല്‍കേണ്ടിയിരിക്കുന്നു.
രാജ്യത്തിന്‌ വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ മുതിര്‍ന്ന കുഞ്ഞമ്മദിനെ പോലുള്ളവര്‍ പാപികളാവുന്നു. കുഞ്ഞമ്മദുമാരെ വിറ്റ്‌ കാശാക്കുന്നവരാണ്‌ ഭാരതീയര്‍.....അവരാണ്‌ വിജയികള്‍.
.

No comments: