Saturday, July 7, 2012

the great circus


മുട്ടുവിന്‍ തുറക്കപ്പെടും
സ്വന്തം മൊബൈല്‍ ഫോണില്‍ ഇന്ത്യന്‍ കോഡുള്ള നമ്പര്‍ കണ്ടാല്‍ ലണ്ടന്‍ ഒളിംപിക്‌സ്‌ മുഖ്യ സംഘാടകന്‍ സെബാസ്റ്റ്യന്‍ കോ ഇപ്പോള്‍ പ്രതികരിക്കാറില്ല. മറുപടി പറഞ്ഞ്‌ പറഞ്ഞ്‌ അദ്ദേഹത്തിന്‌ മടുത്തിരിക്കുന്നു..! ദിവസവും ഇന്ത്യന്‍ കായിക സംഘാടകരുടെ, മന്ത്രിമാരുടെ, ഒഫീഷ്യലുകളുടെ ഫോണ്‍ വിളികള്‍. എല്ലാവര്‍ക്കും അക്രഡിറ്റേഷന്‍ വേണം, എല്ലാവര്‍ക്കും സൗജന്യ പാസുകള്‍ വേണം, ഉദ്‌ഘാടന-സമാപന ചടങ്ങുകള്‍ കാണണം, താമസസൗകര്യം വേണം. ഈ ആവശ്യങ്ങളുമായി തന്നെ ശല്യം ചെയ്യരുതെന്നും ഒരു രാജ്യത്തോടും പ്രത്യേക മമതയില്ലെന്നും എല്ലാം ഔദ്യോഗിക രീതിയില്‍ തന്നെ നടക്കുമെന്നും കോ പറഞ്ഞിട്ടും മുട്ടുവിന്‍ തുറക്കപ്പെടും എന്ന്‌ മുദ്രാവാക്യം ഉയര്‍ത്തി വിളിയോട്‌ വിളി തന്നെ....
ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തെ ഇന്നാണ്‌ പ്രഖ്യാപിക്കുന്നത്‌. ടീമിന്റെ കാര്യത്തില്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്‌. യോഗ്യതാ മാനദണ്ഡം ഇനിയും നേടിയിട്ടില്ലാത്തവര്‍ക്ക്‌ ഇന്നാണ്‌ അവസാന അവസരം. എണ്‍പതംഗ ടീമാണ്‌ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്‌. എന്നാല്‍ ഇവരെ അനുഗമിക്കുന്നവരുടെ എണ്ണം മുന്നൂറോളം വരുമെന്നാണ്‌ റിപ്പോര്‍ട്ട്‌.
നിയമ പ്രകാരം അതത്‌ രാജ്യത്തെ ഒളിംപിക്‌ അസോസിയേഷനുമായി ബന്ധപ്പെട്ടാണ്‌ അക്രഡിറ്റേഷനും പാസുകളും നല്‍കാറുള്ളത്‌. വളരെ നേരത്തെ തന്നെ ദേശീയ ഒളിംപിക്‌ കമ്മിറ്റി ഇത്‌ സംബന്ധമായി പട്ടിക നല്‍കും. ഇന്ത്യക്ക്‌ കൂടുതല്‍ അക്രഡിറ്റേഷന്‍ ഒളിംപിക്‌സിന്‌ ലഭിക്കില്ല. പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണം, മല്‍സരങ്ങളുടെ എണ്ണം, രാജ്യത്തിന്റെ ഒളിംപിക്‌ റെക്കോര്‍ഡ്‌ തുടങ്ങിയ വശങ്ങളെല്ലാം പരിഗണിച്ചാണ്‌ അക്രഡിറ്റേഷന്‍ അനുവദിക്കാറുള്ളത്‌. ഒളിംപിക്‌ അസോസിയേഷന്‍ പരമ്പരാഗതമായി ചെയ്‌തു കൊണ്ടിരുന്നത്‌ തങ്ങളുടെ സില്‍ബന്ധികളെയെല്ലാം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി കയറ്റി അയക്കാറാണ്‌. ഇവര്‍ക്കായി ഔദ്യോഗിക ചെലവില്‍ പ്രത്യേക ഹോട്ടല്‍ ബുക്ക്‌ ചെയ്യും. ഒളിംപിക്‌സ്‌ ദിവസങ്ങളില്‍ ഷോപ്പിംഗും സവാരികളുമായി അടിപൊളി തന്നെ. രാജ്യത്തിന്‌ വേണ്ടി മല്‍സരിക്കാന്‍ കാശില്ലാതെ താരങ്ങള്‍ നട്ടം തിരിയുമ്പോഴാണ്‌ സംഘാടകര്‍ സര്‍ക്കാര്‍ പണം കൊള്ളയടിച്ച്‌ സ്വന്തം സുഖസൗകര്യങ്ങള്‍ക്കായി ചരട്‌ വലിക്കുന്നത്‌.
ഹോക്കി, ടെന്നിസ്‌, നീന്തല്‍, ബോക്‌സിംഗ്‌, ഗുസ്‌തി, അത്‌ലറ്റിക്‌സ്‌, ബാഡ്‌മിന്റണ്‍, ടി.ടി തുടങ്ങിയ ഇനങ്ങളിലാണ്‌ ഇന്ത്യ ഇത്തവണ മല്‍സരിക്കുന്നത്‌. ഈ ഗെയിമുകളുമായി ബന്ധപ്പെട്ട ഫെഡറേഷനുകളുടെ തലപ്പത്തുള്ളവരെല്ലാം അതിനാല്‍ തന്നെ ലണ്ടന്‍ ആഘോഷത്തിനുള്ള ചിട്ടവട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. സ്വന്തം ഫെഡറേഷന്റെ ഫണ്ടാണ്‌ ഇവര്‍ ഇതിനായി വിനിയോഗിക്കുന്നത്‌. ഒഫീഷ്യല്‍ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ ഒളിംപിക്‌ അസോസിയേഷനില്‍ കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. കേന്ദ്രകായിക മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ സംസ്ഥാന മന്ത്രിമാര്‍, സംസ്ഥാന ഒളിംപിക്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം അക്രഡിറ്റേഷന്‍ അപേക്ഷകള്‍ സമര്‍പ്പിച്ചവരുടെ വലിയ പട്ടികയിലുണ്ട്‌. 130 ടിക്കറ്റുകളാണ്‌ ഒളിംപിക്‌ അസോസിയേഷന്‍ ചോദിച്ചിരിക്കുന്നത്‌. ഇത്‌ വരെ 41 ടിക്കറ്റുകളാണ്‌ ലഭിച്ചത്‌. ചില മുഖ്യമന്ത്രിമാര്‍ പോലും ഒളിംപിക്‌ മോഹവുമായി പടികള്‍ കയറിയിറങ്ങുന്നുണ്ടെന്നാണ്‌ ഒളിംപിക്‌ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌. പണം നല്‍കാന്‍ എല്ലാവരും തയ്യാറാണ്‌. ടിക്കറ്റ്‌ വാങ്ങി കൊടുത്താല്‍ മതി.
ബ്രിട്ടനില്‍ അവിടുത്തെ നാട്ടുകാര്‍ക്ക്‌ തന്നെ ടിക്കറ്റ്‌ ലഭിക്കാത്ത അവസ്ഥയാണ്‌. ടിക്കറ്റിന്റെ കാര്യത്തില്‍ സംഘാടകരുമായി ജനം കൊമ്പ്‌ കോര്‍ക്കുമ്പോഴാണ്‌ ഇവിടെ നിന്ന്‌ ടിക്കറ്റുകള്‍ക്കായി പിന്‍വാതില്‍ നീക്കങ്ങള്‍.
ലണ്ടന്‍ സംഘാടക സമിതി വളരെ കര്‍ക്കശമായ നിലപാടാണ്‌ ഈ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്‌. ഈ കാര്യം സെബാസ്റ്റ്യന്‍ കോ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ തലവന്‍ വി.കെ മല്‍ഹോത്രയെ അറിയിച്ചിട്ടുമുണ്ട്‌. വളരെ വ്യക്തമായ നിയന്ത്രണങ്ങള്‍ പാസ്‌ വിതരണത്തിലുണ്ട്‌. അത്‌ പാലിക്കപ്പെടും. അന്യായമായി ആര്‍ക്കും ടിക്കറ്റുകള്‍ സൗജന്യമായി നല്‍കില്ല.
താരങ്ങളുടെ പങ്കാളിത്ത കാര്യത്തിലോ, മല്‍സര സാഹചര്യങ്ങള്‍ ഒരുക്കുന്നതിലോ ഒട്ടും താല്‍പ്പര്യം പ്രകടിപ്പിക്കാതെ നമ്മുടെ അധികാരികള്‍ പങ്കെടുക്കുക വിജയിപ്പിക്കുക എന്ന ഒളിംപിക്‌ മുദ്രാവാക്യം ഉയര്‍ത്തിപിടിക്കുന്നവരാണ്‌. എന്തിനാണ്‌ രാജ്യത്തിന്‌ മെഡല്‍...? എന്ന്‌ പോലും ചോദിച്ചിരിക്കുന്നു ഒരു മഹാന്‍. മെഡല്‍ നേടിയാല്‍ അത്‌ താരത്തിന്‌ സ്വന്തമാണ്‌. അത്‌ കൊണ്ട്‌ രാജ്യത്തിനോ അസോസിയേഷനോ കാര്യമില്ലെന്ന്‌ വരെ പറഞ്ഞ്‌ സ്വന്തം ടിക്കറ്റ്‌ ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ നടുവില്‍ വീര്‍പ്പുമുട്ടുകയാണ്‌ താരങ്ങള്‍. ക്ലീന്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌ എന്ന സംഘടനയുടെ നേതാവായ അശ്വനി നാച്ചപ്പ പറഞ്ഞതാണ്‌ ഓര്‍മ്മ വരുന്നത്‌-ഒരു ഒളിംപിക്‌സ്‌ സമയത്ത്‌ ഒഫീഷ്യലുകളെ ടീമില്‍ കുത്തിനിറക്കാന്‍ താരങ്ങളെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയ അനുഭവമുണ്ടായിരുന്നത്ര.. ഒടുവില്‍ താരങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ യാത്ര പുറപ്പെടുന്ന ദിവസം രാവിലെ പോലും സെലക്ഷന്‍ ട്രയല്‍ എന്ന നാടകം നടത്തി. ഈ വിധം എന്തിനും തയ്യാറായി നില്‍ക്കുന്നവരെ നിയന്ത്രിക്കേണ്ടത്‌ സര്‍ക്കാരാണ്‌. പക്ഷേ എപ്പോഴും നിസ്സഹായത പ്രകടിപ്പിച്ച്‌ അവര്‍ മാറി നില്‍ക്കുന്നു. ഇത്തവണയും അതിനൊന്നും മാറ്റമില്ല

No comments: