Wednesday, July 18, 2012

THE PHONE NUMBER IGNORY


കേരളത്തില്‍ നിന്ന്‌ ഇത്തവണ ഒളിംപിക്‌സിന്‌ യോഗ്യത നേടിയത്‌ ആറ്‌ പേര്‍. ഇതാദ്യമായാണ്‌ കൊച്ചു സംസ്ഥാനത്തില്‍ നിന്നും ഇത്രയുമധികം കായിക താരങ്ങള്‍ ഭൂഖണ്‌ഠാന്തര കായിക മാമാങ്കത്തിന്‌ യോഗ്യത നേടുന്നത്‌. മൂന്ന്‌ കോടിയോളം വരുന്ന മലയാളികള്‍ക്കിടയില്‍ നിന്ന്‌ ആറ്‌ പേര്‍ വലിയ വേദിയില്‍ മല്‍സരിക്കുന്നതിലെ അഭിമാനം ചെറുതല്ല. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇത്രയധികം വികാസം പ്രാപിച്ച സമയത്ത്‌ നിങ്ങള്‍ക്ക്‌ തോന്നുകയാണ്‌ ആറ്‌ പേരെയും വിളിച്ചൊന്ന്‌ അഭിനന്ദിക്കാമെന്ന്‌. എല്ലാവര്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണുകളുണ്ടാവുമല്ലോ... മിനിമം രണ്ട്‌ രൂപ മുടക്കിയാല്‍ അവരെ ഫോണില്‍ ലഭിക്കും. താരങ്ങളുടെ നമ്പര്‍ ലഭിക്കാനായി സ്വാഭാവികമായും കായികാധികാരികളെ വിളിക്കും. നമ്മുടെ നാട്ടില്‍ പതിനാല്‌ ജില്ലകളിലും ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളും അവര്‍ക്ക്‌ മുകളില്‍ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളുമുണ്ട്‌. അവിടേക്ക്‌ വിളിച്ചാലാണ്‌ ഒളിംപിക്‌സ്‌ മഹത്വവും കായിക മഹത്വവും സംഘാടന മഹത്വവുമെല്ലാം ഒന്നിച്ചറിയാനാവുക. താരങ്ങളുടെയാരുടെയും ഫോണ്‍ നമ്പരുകളോ വ്യക്തിഗത വിവരങ്ങളോ അവിടെയില്ല. ആരൊക്കെയാണ്‌ ഒളിംപിക്‌സ്‌ യോഗ്യത നേടിയതെന്ന്‌ അവര്‍ക്ക്‌ അറിയില്ല. എന്നാണ്‌ താരങ്ങള്‍ പോവുന്നത്‌, എന്തെല്ലാമാണ്‌ അവരുടെ ഒരുക്കങ്ങള്‍-ഒന്നുമറിയാത്തവരാണ്‌ അധികാരികള്‍ എന്ന കുപ്പായവുമണിഞ്ഞ്‌ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്‌.
എന്താണ്‌ ഇവരുടെ ജോലി...? നാടിന്‍രെ കായികമായ വികസനത്തെക്കുറിച്ച്‌ മാത്രം സംസാരിക്കുകയെന്നതാണെങ്കില്‍ അവരെ കുറ്റം പറയാനില്ല. അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ, കസേരയിലുടെ ലഭിക്കുന്ന പ്രശസ്‌തിയില്‍ ലോക സഞ്ചാരം നടത്തി മുന്‍ഗാമികളെ പിന്‍പറ്റാനാണ്‌ താല്‍പ്പര്യമെങ്കിലും കുറ്റം പറയുന്നില്ല. കലണ്ടറിലെ മാസങ്ങള്‍ നോക്കി അനുഷ്‌ഠാനം പോലെ മല്‍സരങ്ങള്‍ നടത്തി ഞാനാരോ മോന്‍ എന്ന്‌ പറയാനാണ്‌ ഭാവമെങ്കിലും നന്മകള്‍ നേരുന്നു. നാല്‌ അവാര്‍ഡുകള്‍ തരപ്പെടുത്തി സില്‍ബന്ധികളെ കൊണ്ട്‌ വാഴ്‌ത്തുമൊഴികള്‍ നിരത്തിയുള്ള ഗെയിമുകള്‍ക്കാണെങ്കിലും തെറ്റ്‌ പറയുന്നില്ല. ഇതെല്ലാം നമ്മള്‍ എത്രയോ കണ്ടിരിക്കുന്നു. ഇത്‌ വരെ കാണാത്തത്‌ അടിസ്ഥാനപരമായ സല്‍പ്രവൃത്തികളാണ്‌. അതുണ്ടാവണം. ഉണ്ടായാല്‍ പാവം താരങ്ങളും ഈ മേഖല നന്നായി കാണണമെന്ന്‌ കരുതുന്നവരും കുറ്റപ്പെടുത്തലുകള്‍ നടത്തില്ല.
കേരളത്തില്‍ നിന്ന്‌ ഒളിംപിക്‌ യോഗ്യത നേടിയ ആറ്‌ താരങ്ങളെ ആരെല്ലാം വിളിച്ച്‌ അഭിനന്ദിച്ചു...? ആരെല്ലാം സഹായങ്ങള്‍ നല്‍കി...? (ചന്ദ്രികയിലെ ഈ കോളത്തിലെ കുറിപ്പുകള്‍ വായിച്ച്‌ ചില സഹായങ്ങള്‍ താരങ്ങള്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. 20 കിലോമീറ്റര്‍ നടത്തത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കെ.ടി ഇര്‍ഫാന്‌ സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷത്തിന്റെ അടിയന്തിര സഹായം നല്‍കി. പി.കുഞ്ഞിമുഹമ്മദ്‌ എന്ന 400 മീറ്ററുകാരന്‌ ലങ്കയില്‍ നടക്കുന്ന യോഗ്യതാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാമ്പത്തികമായി വിഷമിക്കുന്നത്‌ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ചന്ദ്രികയുടെ ഡയരക്ടറായ ഡോ.പി.എ ഇബ്രാഹീം ഹാജി സഹായം വാഗ്‌ദാനം ചെയ്‌തിരുന്നു) അംഗീകാരം നേടുന്നവരെ ഒന്നഭിനന്ദിക്കാന്‍ നമ്മളെല്ലാം പിശുക്ക്‌ കാട്ടുന്നു. ഒളിംപിക്‌സ്‌ യോഗ്യത നേടുന്നത്‌ തന്നെ മെഡല്‍ നേട്ടത്തിന്‌ തുല്യമാണ്‌. അവരെ ഒന്ന്‌ വിളിച്ച്‌ അഭിനന്ദിച്ചാല്‍ അത്‌ വഴി ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. കേരളത്തില്‍ മാത്രമാണ്‌ താരങ്ങള്‍ ഈ വിധം അവഗണിക്കപ്പെടുന്നത്‌ എന്നത്‌ വേദനാജനകമാണ്‌. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ താരങ്ങള്‍ക്ക്‌ ഒളിംപിക്‌സ്‌ പരിശീലനത്തിനും യാത്രക്കുമെല്ലാമായി നല്‍കിയ പണമെത്രയാണെന്ന്‌ നമ്മുടെ അധികാരികള്‍ ഒന്നന്വേഷിക്കുന്നത്‌ നല്ലതാണ്‌. അവര്‍
ക്ക്‌ നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച്‌ കേവലം ചോദിച്ചറിയുന്നതും നല്ലതാണ്‌. 1984 ലെ ലോസാഞ്ചലസ്‌ ഒളിംപിക്‌സില്‍ പി.ടി ഉഷ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടപ്പോള്‍ അതിന്റെ കാര്യകാരണങ്ങള്‍ തിരക്കിയപ്പോഴാണ്‌ നമ്മള്‍ എത്ര പിറകിലാണെന്ന സത്യം തിരിച്ചറിഞ്ഞത്‌. ഉഷയെ തോല്‍പ്പിച്ച്‌ സ്വര്‍ണം നേടിയ മൊറോക്കോകാരി മുത്തവാക്കിലിന്‌ സ്വന്തം വീടിനരികില്‍ സിന്തറ്റിക്‌ ട്രാക്കുണ്ടായിരുന്നു. അക്കാലത്ത്‌ ഉഷക്ക്‌ സിന്തറ്റിക്‌ ട്രാക്ക്‌ കാണണമെങ്കില്‍ ഇവിടെ നിന്ന്‌ മൂന്ന്‌ ദിവസം ട്രെയിനില്‍ സഞ്ചരിച്ച്‌ ഡല്‍ഹിയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ എത്തണമായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട്ട്‌ ഒരു ടെലഫോണ്‍ ഡയരക്ടറിയുടെ പ്രകാശംനം നടന്നിരുന്നു. ദക്ഷിണേന്ത്യയിലെ മൊത്തം സിനിമാ പ്രവര്‍ത്തകരുടെ വിലാസവും നമ്പരുകളും ഉള്‍പ്പെടുന്ന സിനിമാ ഡയരക്ടറി. സാധാരണ പറയാറുള്ളത്‌ സിനിമക്കാര്‍ ജാഡക്കാരാണ്‌. അവര്‍
ഫോണ്‍ എടുക്കില്ല എന്നെല്ലാമാണെങ്കിലും മമ്മുട്ടി മുതല്‍ ഇങ്ങ്‌ ലൈറ്റ്‌ ബോയ്‌ വരെയുള്ളവരുടെ നമ്പരുകള്‍ അതിലുണ്ട്‌. എല്ലാ വിഭാഗത്തിലെയും എല്ലാവരുടെയും ഡയരക്ടറികള്‍ പത്രമാപ്പിസുകളിലുണ്ട്‌. പക്ഷേ ഒരു കായിക ഡയരക്ടറിക്ക്‌ തെരഞ്ഞാല്‍ തോല്‍ക്കും. (ഒരുദാഹരണം പറയാം. 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസ്‌ നടക്കുന്നു. ഉദ്‌ഘാടനത്തിന്റെ തലേദിവസം ഇന്ത്യന്‍ അധികാരികളുമായി ബന്ധപ്പെട്ടു. ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍, അവരുടെ ഇനങ്ങള്‍, റെക്കോര്‍ഡുകള്‍, മല്‍ഡസരതിയ്യതികള്‍ എല്ലാം അറിയാനായി ഉന്നതരെ തന്നെ ബന്ധപ്പെട്ടു. എല്ലാവരും കൈമലര്‍ത്തി. ഗെയിംസില്‍ പങ്കെടുക്കുന്ന കൊച്ചു ഇന്തോനേഷ്യന്‍ ദ്വിപുകാരുടെ ടീം വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബുക്ക്‌ലെറ്റ്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കിയിരുന്നു. ഇന്ത്യയുടേത്‌ മാത്രമില്ല. മൂന്ന്‌ ദിവസം കഴിഞ്ഞ്‌ ഒരു ബുക്ക്‌ കിട്ടി. അതിലാവട്ടെ നിറയെ അബദ്ധവും. പക്ഷേ സുരേഷ്‌ കല്‍മാഡിയുടെയും രണ്‍ധീര്‍ സിംഗിന്റെയുമെല്ലാം വര്‍ണചിത്രങ്ങള്‍ പൂര്‍ണകായ രൂപത്തില്‍ ആലേഖനം ചെയ്‌തിരുന്നു) )
കേരളത്തില്‍ നിന്ന്‌ വി.ഡിജു (ബാഡ്‌മിന്റണ്‍), കെ.ടി ഇര്‍ഫാന്‍ (20 കിലോമീറ്റര്‍ നടത്തം), ടിന്റു ലൂക്ക (800 മീറ്റര്‍ ഓട്ടം), രണ്‍ജിത്‌ മഹേശ്വരി (ട്രിപ്പിള്‍ ജംമ്പ്‌), മയൂഖാ ജോണി (ട്രിപ്പിള്‍ ജംമ്പ്‌), ശ്രീജേഷ്‌ (ഹോക്കി) എന്നിവരാണ്‌ ഒളിംപിക്‌സിന്‌ തെരഞ്ഞെടുക്കപ്പെടെതെന്ന കാര്യം പോലും അധികാരികള്‍ക്ക്‌ നമ്മള്‍ പറഞ്ഞ്‌ കൊടുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ പറഞ്ഞത്‌ ഫോണ്‍ നമ്പര്‍ അറിയാത്തത്‌്‌ കൊണ്ടാണ്‌ താരങ്ങളെ വിളിച്ച്‌ അഭിനന്ദിക്കാന്‍ കഴിയാതിരുന്നത്‌ എന്നാണ്‌. എന്തിനും ഏതിനും നമ്മള്‍ രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്താറുണ്ട്‌. ഇത്തവണ നമുക്ക്‌ ലഭിച്ചത്‌ താരമായ ഒരു പ്രസിഡണ്ടിനെ തന്നെയാണ്‌. അവര്‍ക്ക്‌ പോലും സ്വന്തം ഓഫീസിലെ അടിസ്ഥാന കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍ ഗ്രാസ്‌ റൂട്ട്‌ മുതല്‍ താരങ്ങളെ കണ്ടെത്തണം, അവരെ വളര്‍ത്തണം, വിത്തും വളവും നല്‍കണമെന്നുമെല്ലാം ഘോരം ഘോരം അധികാരികള്‍ ഉദ്‌ഘാഷിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌...
അക്കാദമിക്‌ തലത്തില്‍ ഇവിടെ കായികവിദ്യാഭ്യാസം നടക്കുന്നില്ല (കായികബില്ലിനെക്കുറിച്ച്‌ മൈതാന പ്രസംഗങ്ങള്‍ നടക്കുന്നതില്‍ സന്തോഷം). കായികത എന്താണെന്ന തിരിച്ചറിവിനായി ശില്‍പ്പശാലകളും സെമിനാറുകളും പ്രബന്ധാവതരണങ്ങളും മുറക്ക്‌ നടക്കുന്നു.അക്കാദമികല്‍ എല്ലാവരുമങ്ങ്‌ പ്രഖ്യാപിക്കുന്നു (ഒരു അക്കാദമി തുടങ്ങേണ്ടതിന്റെ അടിസ്ഥാന വശങ്ങള്‍ പോലും ഇവിടെ ചര്‍ച്ചക്ക്‌ വിധേയമാവുന്നില്ല). കോഴിക്കോട്ട്‌ ആര്‍ക്കും ഉപകരിക്കാത്ത ഒരു നീന്തല്‍ക്കുളം നിര്‍മ്മിച്ചവരും കളിമുറ്റങ്ങളെ വിറ്റ്‌ കാശാക്കിയവരുമെല്ലാം ഈ നാട്ടില്‍ ജിവിക്കുന്നുണ്ട്‌.
പുറത്തേക്കിറങ്ങുമ്പോഴാണ്‌ നമ്മള്‍ ബഹദൂരം പിറകിലാണെന്ന സത്യം തിരിച്ചറിയുന്നത്‌. നമ്മുടെ താരങ്ങള്‍ ജാള്യരാവുന്നതും അപ്പോള്‍ തന്നെ. സൈന നെഹ്‌വാളിന്‌ ആന്ധ്ര സര്‍ക്കാര്‍ നല്‍കിയത്‌ 30 ലക്ഷം, ദീപികാ കുമാരിക്ക്‌ താര്‍ഖണ്ഡ്‌ ഭരണക്കൂടം നല്‍കിയത്‌ 25 ലക്ഷം, സ്വന്തം ഗുസ്‌തികാര്‍ക്ക്‌ ഹരിയാനാ ഭരണക്കൂടം നല്‍കിയത്‌ 25 ലക്ഷം വീതം, പണം വേണ്ടെന്ന്‌ പറഞ്ഞിട്ടും അഭിനവ്‌ ബിന്ദ്രക്ക്‌ എന്ത്‌ സഹായവും വാഗ്‌ദാനം ചെയ്‌തു ഡല്‍ഹി ഭരണക്കൂടം.
ഇവിടെയോ രണ്ട്‌ രൂപയുടെ അഭിനന്ദനത്തിന്‌ പോലും ആളില്ല....

No comments: