Thursday, July 12, 2012

WRESTLING-THE NEGLECTED HOME GAME


ഇന്ത്യന്‍ ഗുസ്‌തിയെന്ന്‌ കേട്ടാല്‍ രണ്ട്‌ നാമങ്ങളാണ്‌ മനസ്സിലേക്ക്‌ ഓടിവരുക. കെ.ഡി യാദവ്‌ എന്ന ഇതിഹാസ താരവും ഇന്നലെ ദിവംഗതനായ ധാരാസിംഗും. പുതിയ തലമുറയുടെ താരങ്ങളായി സുശീല്‍ കുമാറും യോഗേശ്വര്‍ ദത്തും അമിത്‌ കുമാറും നാര്‍സിംഗ്‌ യാദവും ഗീതാകുമാരിയുമെല്ലാമുണ്ടെങ്കിലും ഫയല്‍വാന്‍ എന്ന പേരിനൊത്ത പ്രൗഡിയും ആഡ്യത്വവുമെല്ലാം ഉണ്ടായിരുന്നവരായിരുന്നു യാദവും ധാരയും. 1952 ലെ ഹെല്‍സിങ്കി ഒളിംപിക്‌സില്‍ വെങ്കലം സ്വന്തമാക്കിയ യാദവ്‌ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ശക്തനായ വക്താവായിരുന്നു. യാദവില്‍ നിന്ന്‌ മറ്റൊരു ഒളിംപിക്‌ ഗുസ്‌തി മെഡലിലേക്കെത്താന്‍ ഇന്ത്യ 56 വര്‍ഷമെടുത്തു. ധാരാസിംഗ്‌ കോമണ്‍വെല്‍ത്ത്‌ ചാമ്പ്യനായിരുന്നു. ലോക ചാമ്പ്യനായിരുന്നു. 59 ലായിരുന്നു കോമണ്‍വെല്‍ത്തിലെ ധാരാസിംഗിന്റെ അസാമാന്യ പ്രകടനം. മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ലോക ചാമ്പ്യനുമായി. അതായത്‌ ഗുസ്‌തിയില്‍ 68 ല്‍ ധാരാ നേടിയ ലോകപ്പട്ടത്തിന്‌ ശേഷം ഒരു ഇന്ത്യക്കാരന്റെ വിലാസം സമ്പാദിക്കുന്നത്‌ സുശീലിലുടെ 2008 ല്‍. പിഴവുകള്‍ നമ്മുടേത്‌ തന്നെയാണ്‌. പരമ്പരാഗതമായി നമുക്ക്‌ കരുത്ത്‌ തെളിയിക്കാന്‍ കഴിയുന്ന മേഖല കണ്ടെത്തി കഠിനപ്രയത്‌നം നടത്തി ചുവടുറപ്പിക്കുന്നതിന്‌ പകരം വെറുതെ ഗ്ലാമര്‍ മേഖലകളിലേക്ക്‌ പോവുന്നു.
ട്രാക്കില്‍ ഇന്ത്യക്കെന്നല്ല ഏഷ്യയിലെ താരങ്ങള്‍ക്ക്‌ പടിഞ്ഞാറിന്റെ വേഗതക്കൊപ്പം സഞ്ചരിക്കാന്‍ കഴിയില്ല. നാളെ തന്നെ ഉസൈന്‍ ബോള്‍ട്ടാവണം എന്ന്‌ പറഞ്ഞ്‌ പരിശീലനം നടത്തിയത്‌ കൊണ്ട്‌ ഇന്ത്യക്കാരനും ചൈനക്കാരനും ജപ്പാനിയും രക്ഷപ്പെടില്ല. കായബലത്തിലും ശരീരശാസ്‌ത്രത്തിലുമെല്ലാം പടിഞ്ഞാറുകാര്‍ പ്രകടിപ്പിക്കുന്ന കരുത്തിലാണ്‌ ജെസി ഓവന്‍സും കാള്‍ ലൂയിസും മൈക്കല്‍ ജോണ്‍സണും മരിയം ജോണ്‍സും ലിന്‍ഫോര്‍ഡ്‌ ക്രിസ്‌റ്റിയും ഉസൈന്‍ ബോള്‍ട്ടും കരുത്തരായത്‌.
സ്വന്തം തെറ്റ്‌ വളരെ വേഗം കണ്ട്‌ പിടിക്കുകയും അതിനൊത്ത പരിഹാരവിധികളിലുടെ കാലത്തിന്റെ വേഗതക്കൊപ്പം സഞ്ചരിക്കുന്നവരുമാണ്‌ ചൈനക്കാര്‍. ട്രാക്കില്‍ ബുദ്ധിമുട്ടിയിട്ട്‌ കാര്യമില്ലെന്ന്‌ മനസ്സിലാക്കിയാണ്‌ സ്വന്തം ആയോധന പാരമ്പര്യത്തില്‍ വിശ്വാസമര്‍പ്പിച്ച്‌ ജിംനാസ്‌റ്റിക്‌സിലും നീന്തലിലുമെല്ലാം ചൈന ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌. വളരെ പെട്ടെന്ന്‌ അതിന്‌ മാറ്റങ്ങളുണ്ടായി. ട്രാക്കിലെ ചൈനക്കാരനായി ആകെയുള്ളത്‌ ലിയു സിയാംഗ്‌ മാത്രമാണ്‌. സ്‌പ്രിന്റിലും ദീര്‍ഘദൂര ഇനങ്ങളിലുമൊന്നും മരുന്നിന്‌ പോലും ചൈനക്കാരില്ല. വെറുതെ മല്‍സരിക്കുന്നതിനോടും, അധികാരികള്‍ക്ക്‌ വേണ്ടി മല്‍സരിക്കുന്നതിനോടും ചൈനക്ക്‌ താല്‍പ്പര്യമില്ല. ബാഡ്‌മിന്റണ്‍, ടെന്നിസ്‌, ടേബിള്‍ ടെന്നിസ്‌, ബാസ്‌ക്കറ്റ്‌ ബോള്‍ തുടങ്ങിയ ഇനങ്ങളിലെ ചൈനയെന്നാല്‍ അത്‌ വന്‍ ശക്തിയാണ്‌.
ഇന്ത്യയിലേക്ക്‌ വന്നാല്‍ നമ്മള്‍ എല്ലാത്തിലും വലിഞ്ഞ്‌ കയറുന്നു. ലണ്ടനില്‍ ട്രാക്കില്‍ മല്‍സരിക്കാന്‍ പതിനാല്‌ ഇന്ത്യക്കാര്‍. ആര്‍ക്കും വ്യക്തമായ ഒരു സാധ്യതയുമില്ല. എല്ലാവര്‍ക്കും അവരുടെ സമയത്തേക്കാളും ദൂരത്തെക്കാളും മുന്നിലുളള കുറഞ്ഞത്‌ പത്ത്‌ എതിരാളികളുണ്ട്‌. ഹോക്കിയും ഗുസ്‌തിയും നമ്മുടെ പരമ്പരാഗത ഇനങ്ങളാണ്‌. അതില്‍ കാര്യമായ ജാഗ്രത പുലര്‍ത്തുന്നതില്‍ അധികാരികള്‍ മാത്രമല്ല താരങ്ങളും പരാജയപ്പെട്ടു.
എട്ട്‌ തവണ ഒളിംപിക്‌സ്‌ സ്വര്‍ണം സ്വന്തമാക്കിയവരാണ്‌ ഇന്ത്യന്‍ ഹോക്കി ടീം. ധ്യാന്‍ചന്ദ്‌ എന്ന മഹാനായ താരത്തെ സ്‌മരിക്കാതെ ലോക ഹോക്കിയെക്കുറിച്ച്‌ പറയാനാവില്ല. പരമ്പരാഗത ഇന്ത്യന്‍ ഗെയിമായ ഹോക്കിയെ പക്ഷേ പടിഞ്ഞാറുകാര്‍ പഠിച്ചപ്പോള്‍ നമ്മള്‍ പിറകിലായി. പാരമ്പര്യവാദമുയര്‍ത്തി സ്വന്തം നിലപാടില്‍ നമ്മള്‍ ഉറച്ച്‌ നിന്നപ്പോള്‍ ഹോക്കിയെ ആധൂനികവത്‌കരിച്ച്‌ ജര്‍മനിയും ഹോളണ്ടും ഓസ്‌ട്രേലിയയുമെല്ലാം മുന്നേറി. ഗുസ്‌തിയില്‍ യാദവും ധാരയുമെല്ലാം ഒരു കാലത്തെ മല്ലന്മാരായിരുന്നു. അവര്‍ക്ക്‌ പിന്‍ഗാമികളെ കണ്ടെത്തുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. ഒടുവില്‍ ബെയ്‌ജിംഗില്‍ രാജ്യത്തിനായി ഒരു വെങ്കലം നേടാന്‍ സൂശീല്‍ വേണ്ടി വന്നു. അതോടെ നമ്മളും മാറി. ഇപ്പോള്‍ ഗൗരവതരത്തില്‍ തന്നെ ഡല്‍ഹിയിലും ഹരിയാനയിലും പരിശീലനവും മല്‍സരങ്ങളും നടക്കുന്നു. മഹാഭാരതത്തിലും രാമായണത്തിലുമെല്ലാം ഫയല്‍വാന്മാരെക്കുറിച്ച്‌ പറയുന്നുണ്ട്‌. ദ്വന്ദ്വയുദ്ധങ്ങള്‍ അക്കാലത്ത്‌ പ്രബലമായിരുന്നു. ആ പാരമ്പര്യത്തെ ഇടക്കാലത്ത്‌ മറന്നതിന്‌ ലോകവേദിയില്‍ നമ്മള്‍ വലിയ വില നല്‍കേണ്ടി വന്നു. 2010 ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ രാജ്യത്തിന്റെ 100 മെഡല്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാക്കിയത്‌ ഗുസ്‌തിക്കാരാണ്‌. പത്ത്‌ സ്വര്‍ണം ഉള്‍പ്പെടെ 19 മെഡലുകളാണ്‌ ഗുസ്‌തിക്കാര്‍ ഡല്‍ഹിയില്‍ നേടിയത്‌. ഇവരില്‍ നാല്‌ പേര്‍-സൂശീലും യോഗേശ്വര്‍ ദത്തും നാര്‍സിംഗ്‌ യാദവും ഗീതാ കുമാരിയും ലണ്ടനില്‍ മല്‍സരിക്കുന്നുണ്ട്‌.
ഇപ്പോള്‍ ലോക ഗുസ്‌തി ഫെഡറേഷന്‍ പോലും ഇന്ത്യയെ ഗൗരവത്തില്‍ കാണുന്നു. 2010 ല്‍ മോസ്‌ക്കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സുശീല്‍ സ്വന്തം ഇനത്തില്‍ ലോക ചാമ്പ്യനായി. സുശീല്‍ കരുത്ത്‌ പ്രകടിപ്പിച്ചതോടെ ഗുസ്‌തിയിലേക്ക്‌ താരങ്ങളുടെ ഒഴുക്കുണ്ട്‌. ഹരിയാന സര്‍ക്കാര്‍ താല്‍പ്പര്യമെടുത്ത്‌ മികവ്‌ പ്രകടിപ്പിക്കുന്നവരെ ബെലാറൂസ്‌ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക്‌ അയച്ച്‌ പരിശീലനവും നല്‍കുന്നുണ്ട്‌.
സൂശീല്‍ ലണ്ടനില്‍ മല്‍സരിക്കുന്നത്‌ 66 കിലോഗ്രാം വിഭാഗത്തിലാണ്‌. ഇറാനില്‍ നിന്നുള്ള ലോക ചാമ്പ്യന്‍ മെഹദി തഗാദാവി കെര്‍മാനിയായിരിക്കും വലിയ പ്രതിയോഗി. പഴയ റഷ്യന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള താരങ്ങളുമുണ്ട്‌. പക്ഷേ സുശീല്‍ സംസാരിക്കുന്നത്‌ ആത്മവിശ്വാസത്തോടെയാണ്‌. നിരവധി മല്‍സരങ്ങളില്‍ പങ്കെടുക്കുക വഴി കരാഗതമായതാണ്‌ ഈ ആത്മവിശ്വാസം. ഗുസ്‌തി പോലുള്ള നമ്മുടെ സ്വന്തം മേഖലയില്‍ താല്‍പ്പര്യമെടുത്താല്‍ തീര്‍ച്ചയായും ഒളിംപിക്‌സ്‌ പോലുള്ള ലോക വേദികളില്‍ കരുത്ത്‌ പ്രകടിപ്പിക്കാനാവും. കെ.ഡി യാദവ്‌ ഇന്ത്യക്ക്‌ വേണ്ടി ഒളിംപിക്‌സില്‍ വ്യക്തിഗത മെഡല്‍ നേടിയ ആദ്യതാരമാണ്‌. പക്ഷേ ആര്‍ക്കെങ്കിലും പരിചയമുണ്ടോ അദ്ദേഹത്തെ. നമുക്കറിയുന്നത്‌ ഉഷയെയും മില്‍ഖയെയുമെല്ലാമാണ്‌. ഒരവാര്‍ഡ്‌ പോലും അദ്ദേഹത്തിന്‌ നല്‍കിയില്ല. ഒളിംപിക്‌സ്‌ മെഡലുമായി മുംബൈയില്‍ തിരിച്ചെത്തി അന്നത്തെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി മൊറാര്‍ജി ദേശായിയോട്‌ ചെറിയ സാമ്പത്തിക സഹായം ചോദിച്ചപ്പോള്‍ പരിഗണിക്കാം എന്ന പതിവ്‌ മറുപടിയില്ലാതെ ഒന്നും കിട്ടിയില്ല.

No comments: