Friday, July 13, 2012

THE BIG DAD


അഛനാരാ മോന്‍
കിഴക്കന്‍ ലണ്ടനിലെ സ്‌റ്റാഫോര്‍ഡിലുള്ള ഒളിംപിക്‌ പാര്‍ക്കില്‍ വിശ്വ കായികോല്‍സവത്തിന്‌ തിരി തെളിയാന്‍ ഇനി പതിനാല്‌ ദിവസം മാത്രം. അരയും തലയും മുറുക്കികായിക താരങ്ങള്‍ ഒരുങ്ങുമ്പോള്‍ പതിവ്‌ പോലെ നമ്മുടെ തട്ടകത്ത്‌ പിന്‍വാതില്‍ യാത്രക്കുള്ള തിരക്കേറിയ അന്തര്‍ നാടകങ്ങള്‍ മുടക്കമില്ലാതെ അരങ്ങേറുന്നു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വഴി കോടികള്‍ പോക്കറ്റിലാക്കിയ സാക്ഷാല്‍ സുരേഷ്‌ കല്‍മാഡി ലണ്ടന്‍ യാത്രക്കായി കോടതിയെ സമീപിച്ച്‌ വിജയിച്ചിരിക്കുന്നു. ടെന്നിസ്‌ താരം സാനിയ മിര്‍സയുടെ മാതാവ്‌ നസീമാഖാന്‍ ടീമിന്റെ മാനേജരാവുന്നു. കൊച്ചു കേരളത്തില്‍ നിന്ന്‌ വലിയസംഘം തന്നെ പുറപ്പെടുന്നു. ഡല്‍ഹിയില്‍ നിന്ന്‌ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍, യു.പി, ഒറീസ, മധ്യ പ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ കായികമന്ത്രിമാര്‍, വിവിധ കായിക ഫെഡറേഷനുകളുടെ തലവന്മാര്‍ എല്ലാവരും കുപ്പായമിട്ടിരിക്കുന്നു.
കാല്‍നൂറ്റാണ്ടായി ഇന്ത്യന്‍ കായിക ലോകത്തെ ചോദ്യം ചെയ്യപ്പെടാനാവാത്ത കുലപതിയാണ്‌ കല്‍മാഡി എന്ന പൂനെക്കാരന്‍. ഡല്‍ഹി ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍. വന്‍ വിവാദങ്ങളിലെ നായകന്‍. ഗെയിംസിന്‌ ശേഷം അല്‍പ്പകാലം തീഹാര്‍ ജയിലില്‍ അഴിയെണ്ണിയ കല്‍മാഡി തല്‍ക്കാലം പുറത്താണ്‌. രാജ്യം വിട്ടുപോവരുതെന്ന കര്‍ക്കശ താക്കീത്‌ അദ്ദേഹത്തിന്‌ സി.ബി.ഐ കോടതി നല്‍കിയിട്ടുണ്ട്‌. ഏത്‌ താക്കീതിലും സൂത്രത്തില്‍ പണി ഒപ്പിക്കുന്ന കല്‍മാഡിയെ നന്നായി അറിയുന്നതിനാല്‍ അദ്ദേഹത്തിന്റെ ലണ്ടന്‍ യാത്ര തടയാന്‍ അശ്വനി നാച്ചപ്പ നേതൃത്വം നല്‍കുന്ന ക്ലീന്‍ ഇന്ത്യ സ്‌പോര്‍ട്‌സ്‌ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ടായിരുന്നു. കായികമന്ത്രി അജയ്‌ മാക്കനും കല്‍മാഡിയോട്‌ താല്‍പ്പര്യമുണ്ടായിരുന്നില്ല. സ്‌പെഷ്യല്‍ സി.ബി.ഐ ജഡ്‌ജ്‌ മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ രസകരമായ കാര്യങ്ങളാണ്‌ കല്‍മാഡി അവതരിപ്പിച്ചിരുന്നത്‌. താന്‍ രാജ്യാന്തര അത്‌ലറ്റിക്‌ ഫെഡറേഷനിലെ അംഗമാണ്‌. ഒളിംപിക്‌സ്‌ നടക്കുന്ന സമയത്ത്‌ സംഘടനയുടെ നിര്‍ണായക യോഗങ്ങള്‍ നടക്കും. അതില്‍ പങ്കെടുക്കേണ്ടി വരും. രാജ്യാന്തര ഒളിപിക്‌ കമ്മിറ്റിക്കും താന്‍ വേണ്ടപ്പെട്ടവനാണെന്നും വീശദീകരണമുണ്ട്‌. ഐ.എ.എ.എഫ്‌ അയച്ച്‌ കൊടുത്ത ടിക്കറ്റിന്റെ പകര്‍പ്പും ഹര്‍ജിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്‌. അതൊക്കെ കണ്ട്‌ കോടതി അദ്ദേഹത്തിന്‌ അനുകൂലമായി വിധിയെഴുതി. ഇനി ലണ്ടനില്‍ അദ്ദേഹം വെളുക്കെ ചിരിക്കും. അഛനാരാ മോന്‍ എന്ന്‌ പറയുന്നത്‌ പോലെ....
ലോക്‌സഭയില്‍ അംഗമായ കല്‍മാഡി പങ്കെടുക്കാത്ത ഒളിംപിക്‌സുകളോ ഏഷ്യന്‍ ഗെയിംസുകളോ സമീപകാലത്ത്‌ നടന്നിട്ടില്ല. എല്ലായിടത്തും അദ്ദേഹമെത്താറുണ്ട്‌. ഇന്ത്യന്‍ സംഘത്തിന്റെ തലവനായി എല്ലാ കാര്യങ്ങളിലും ഇടപെടുന്നവനും മറ്റാരുമല്ല. പക്ഷേ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വിവാദവുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ പൊതുഖജനാവിന്‌ 90 കോടി നഷ്‌ടപ്പെടുത്തിയ കേസുകളില്‍ കല്‍മാഡിക്ക്‌ പങ്കുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. വലിയ വിവാദത്തില്‍ പ്രതിയായിട്ടും അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങള്‍ നഷ്ടമായിരുന്നില്ല.
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷനിലെ ഉന്നതര്‍ക്ക്‌ നന്നായി അറിയാമായിരുന്നു കല്‍മാഡിയെ. ഗെയിംസ്‌ നടക്കുമ്പോള്‍ ദിവസവും കല്‍മാഡിയും ലളിത്‌ ഭാനോട്ടും ഫെഡറേഷന്‍ വക്താക്കളായ ഹൂപ്പറുമെല്ലാം നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ വലിയ തമാശയായിരുന്നു. വാര്‍ത്താ സമ്മേളന കാഴ്‌ച്ചകളെല്ലാം ആവോളം ആസ്വദിച്ചവരായിരുന്നു രാജ്യാന്തര കായിക ഫെഡറേഷനിലെ അംഗങ്ങള്‍. അവരാരും കല്‍മാഡിയെ തൊട്ടില്ല. ഇവിടെ ഇപ്പോഴും ഒളിംപിക്‌ കമ്മിറ്റിയുടെ ഔദ്യോഗിക തലവന്‍ അദ്ദേഹം തന്നെ.
സാനിയ മിര്‍സയുടെ മാതാവ്‌ എന്നതാണ്‌ നസീമയുടെ ആകെ യോഗ്യത. പക്ഷേ കൂറെ കാലമായി അവര്‍ ഇന്ത്യന്‍ ടെന്നിസ്‌ അസോസിയേഷന്റെ പ്രധാന വക്താവാണ്‌. ടീം മാനേജരായും ടീമിന്റെ ഫിസിയോയായുമെല്ലാം അവര്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നുണ്ട്‌. ലണ്ടനിലേക്ക്‌ പോവുന്ന ഇന്ത്യന്‍ ടെന്നിസ്‌ സംഘത്തിന്‌ അഞ്ച്‌ സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫുണ്ട്‌. അവരില്‍ ഒരാളാണ്‌ നസീമ. ടീമിന്റെ മനേജര്‍ പദവിയാണ്‌ നല്‍കിയിരിക്കുന്നത്‌. അതിനാല്‍ താരങ്ങള്‍ക്കൊപ്പം താമസിക്കാം. ഔദ്യോഗികമായി ലഭിക്കുന്ന എല്ലാ ആനുകൂല്യവും ഉറപ്പ്‌. ആരും ഒന്നും ചോദിക്കാനില്ല. അല്‍പ്പദിവസം മുമ്പാണ്‌ സാനിയ മിര്‍സ ടെന്നിസ്‌ അധികാരികള്‍ക്കെതിരെ പരസ്യമായി പ്രസ്‌താവനയിറക്കിയത്‌. സാനിയ പറഞ്ഞതില്‍ സത്യങ്ങളുണ്ടെന്ന്‌ മനസ്സിലാക്കി തന്നെയാണ്‌ കീഴടങ്ങല്‍ പോലെ അസോസിയേഷന്‍ നസീമക്ക്‌ ടിക്കറ്റും അത്‌ വഴി സാനിയക്ക്‌ പിന്തുണയും പ്രഖ്യാപിച്ചിരിക്കുന്നത്‌. കുറചച്‌ കാലം സാനിയക്കൊപ്പം പിതാവ്‌ ഇംറാനായിരുന്നു. ഇപ്പോള്‍ കക്ഷിയെ കാണുന്നില്ല. അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ സീനിയര്‍ പരിശീലക പദവി നല്‍കുമായിരുന്നു. സാനിയയുടെ ഭര്‍ത്താവ്‌ ക്രിക്കറ്റര്‍ ഷുഹൈബ്‌ മാലിക്‌ പാക്കിസ്‌താനിയായത്‌ കൊണ്ട്‌ നമ്മള്‍ രക്ഷപ്പെട്ടു.
ലണ്ടനിലേക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ നൂറോളം പേരുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. എല്ലാവരും രാഷ്‌ട്രീയക്കാര്‍. അല്ലെങ്കില്‍ ഫെഡറേഷന്‍ സില്‍ബന്ധികള്‍. ഇവരെല്ലാം എന്തിന്‌ പോവുന്നു എന്ന ചോദ്യത്തിന്‌ മനോഹരമായ ഉത്തരമുണ്ട്‌-കാര്യങ്ങള്‍ പഠിക്കാന്‍. ഇങ്ങനെ പഠിക്കാന്‍ എല്ലാ ഒളിംപിക്‌സുകളിലും ആളുകള്‍ പോവാറുണ്ട്‌. പക്ഷേ നമ്മള്‍ എവിടെ രക്ഷപ്പെടാന്‍. പഠനം എന്നാല്‍ പഞ്ചനക്ഷത്ര താമസവും ഷോപ്പിംഗുമാണ്‌. കേരളമാണ്‌ അടുത്ത ദേശീയ ഗെയിംസിന്‌ ആതിഥേയത്വം വഹിക്കുന്നത്‌. ഇവിടെ നിന്ന്‌ ചിലര്‍ പോവുന്നത്‌ ലണ്ടന്‍ ഒളിംപിക്‌സിന്റെ ഉദ്‌ഘാടന-സമാപന ചടങ്ങുകള്‍ കണ്ട്‌ അതേപ്പടി ദേശീയ ഗെയിംസിന്റെ ഉദ്‌ഘാടനവും സമാപനവും സംഘടിപ്പിക്കാനാണത്രെ.....
കല്‍മാഡിക്ക്‌ പഠിച്ചവരാണ്‌ നമ്മുടെ കായിക സംഘാടകര്‍. പക്ഷേ കല്‍മാഡിയെ തോല്‍പ്പിക്കാന്‍ മാത്രം ആരും വളര്‍ന്നിട്ടില്ല എന്നതാണ്‌ ആശ്വാസം. ഗുരു തന്നെ ഇപ്പോഴും ഒന്നാമന്‍. ശിഷ്യര്‍ മോശക്കാരാവുന്നില്ല. കോടതിയും ഗുരവിനൊപ്പം തന്നെ. ഇനി അശ്വനി നാച്ചപ്പയും ക്ലീന്‍ ഇന്ത്യ സ്‌പോര്‍ട്‌സും എന്ത്‌ ചെയ്യും....

No comments: