Friday, May 20, 2011

SUPER ROYALSമുംബൈ: ഷെയിന്‍ വോണിന്‌ രാജസ്ഥാന്‍ റോയല്‍സ്‌ വക രാജകീയ യാത്രയയപ്പ്‌. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച മുംബൈ ഇന്ത്യന്‍സിനെ നിലംപരിശാക്കി തകര്‍പ്പന്‍ വിജയം വഴിയാണ്‌ റോയല്‍സ്‌ സ്വന്തം നായകന്‌ ഇന്നലെ യാത്രയയപ്പ്‌ നല്‍കിയത്‌. ഐ.പി.എല്ലിലെ അവസാന മല്‍സരം കളിക്കുന്ന വോണിന്‌ യാത്രയയപ്പ്‌ നല്‍കുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ചത്‌ അദ്ദേഹത്തിന്റെ നാട്ടുകാരനായ ഷെയിന്‍ വാട്ട്‌സണ്‍. വെടിക്കെട്ട്‌ ബാറ്റിംഗില്‍ വാട്ട്‌സണും രാഹുല്‍ ദ്രാവിഡും ലാസിത്‌ മാലിങ്കെയെയും മുനാഫ്‌ പട്ടേലിയെനും ഇല്ലാതാക്കി. മാലിങ്ക നാല്‍പ്പതിലധികം റണ്‍സാണ്‌ വിട്ടു കൊടുത്തത്‌.
മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്‌. ഇനി ഒരു മല്‍സരമാണ്‌ അവര്‍ക്ക്‌ ശേഷിക്കുന്നത്‌. ഇതില്‍ ജയിക്കാത്തപക്ഷം പ്ലേ ഓഫ്‌ സാധ്യത ചോദ്യം ചെയ്യപ്പെടും. 133 റണ്‍സാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ നേടിയത്‌. പതിനാല്‌ ഓവറില്‍ വിക്കറ്റ്‌ പോവാതെ റോയല്‍സ്‌ ലക്ഷ്യത്തിലെത്തി.
ടോസ്‌ നേടിയ മുംബൈ ആദ്യം ബാറ്റ്‌ ചെയ്യുകയായിരുന്നു. സ്‌ക്കോര്‍ബോര്‍ഡില്‍ ഏഴ്‌ റണ്‍ മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ്‌ സുമന്റെ രൂപത്തില്‍ വീണു. മനോഹരമായി പന്തെറിഞ്ഞ ഷെയിന്‍ വാട്ട്‌സണാണ്‌ മുംബൈയെ വിറപ്പിച്ചത്‌. അഞ്ച്‌ റണ്‍സ്‌ മാത്രമാണ്‌ അദ്ദേഹത്തിന്‌ നേടാനായത്‌. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പക്ഷേ നല്ല ഫോമിലായിരുന്നു. മൂന്ന്‌ ബൗണ്ടറികളുമായി അദ്ദേഹം കാണികളുടെ കൈയ്യടി നേടി. പക്ഷേ അതിനിടെ തന്നെ അമ്പാട്ടി റായിഡു പുറത്തായത്‌ മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി. വാട്ട്‌സണ്‍ തന്നെയാണ്‌ റായിഡുവിനെയും മടക്കിയത്‌. 31 ല്‍ സച്ചിന്‍ പുറത്തായ ശേഷമെത്തിയ രോഹിത്‌ ശര്‍മ്മ പക്ഷേ അപാര ഫോമിലായിരുന്നു. പതിവ്‌ കരുത്തില്‍ അദ്ദേഹം നേടിയത്‌ 58 റണ്‍സ്‌. നേരിട്ട 47 പന്തുകളില്‍ നിന്നായി അഞ്ച്‌ ബൗണ്ടറികളും ഒരു സിക്‌സറുമായി 58 റണ്‍സ്‌. കരണ്‍ പൊലാര്‍ഡിന്‌ പക്ഷേ തിളങ്ങാനായില്ല. 20 റണ്‍സാണ്‌ അദ്ദേഹം നേടിയത്‌. ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ ബാറ്റ്‌ ചെയ്‌തില്ല. റോയല്‍സിന്‌ വേണ്ടി വാട്ട്‌സണ്‍ മൂന്ന്‌ വിക്കറ്റ്‌ നേടിയപ്പോള്‍ അവസാന ഐ.പി.എല്‍ മല്‍സരം കളിക്കുന്ന വോണ്‍ രോഹിത്‌ ശര്‍മ്മയെ പുറത്താക്കി.

കായികതയുടെ കരുത്താണ്‌ യുവത്വം. കൂടുതല്‍ ഉയരത്തിലും വേഗത്തിലും കരുത്തിലും കുതിക്കുന്നവര്‍ക്ക്‌ അതേ വേഗത്തില്‍ പ്രചോദനമാവാനാവണം. യുവത്വത്തിന്റെ പ്രസരിപ്പുള്ള കായിക മന്ത്രിയായി കെ.ബി ഗണേഷ്‌ കുമാര്‍ മാറിയാല്‍ നമ്മുടെ കായികരംഗം ഉണരും. ഉമ്മന്‍ ചാണ്ടി നയിക്കുന്ന പുതിയ യു.ഡി.എഫ്‌ മന്ത്രിസഭയില്‍ കായിക വകുപ്പിന്റെ ചുമതല ലഭിച്ചിരിക്കുന്ന ഗണേഷ്‌ കുമാറിന്‌ കായിക പാരമ്പര്യമില്ലെങ്കിലും കായികതക്ക്‌ ഉണര്‍വും ഊര്‍ജ്ജവും നല്‍കാനുള്ള വീക്ഷണ മികവും പ്രായത്തിന്റെ ആനുകൂല്യവുമുണ്ട്‌. ദേശീയ ഗെയിംസ്‌ ഉള്‍പ്പെടെ കേരളത്തിന്റെ കായിക നഭസ്സിലേക്ക്‌ വലിയ മാമാങ്കങ്ങള്‍ വരുന്ന സാഹചര്യത്തില്‍ താരങ്ങള്‍ക്കും സംഘാടകര്‍ക്കുമെല്ലാം കരുത്ത്‌ പകരേണ്ട വലിയ ഉത്തരവാദിത്ത്വമാണ്‌ ഗണേഷിലുള്ളത്‌.
എം. വിജയകുമാറായിരുന്നു കഴിഞ്ഞ അഞ്ച്‌ വര്‍ഷം സംസ്ഥാനത്ത്‌ കായികഭരണം നടത്തിയത്‌. പ്രശ്‌നങ്ങള്‍ സംജാതമാവുമ്പോള്‍ അടിയന്തിര പരിഹാരക്രിയകള്‍ നടത്തി മുഖം രക്ഷിക്കുന്നതില്‍ ജാഗ്രത പാലിച്ച അദ്ദേഹത്തില്‍ നിന്ന്‌ കായിക വികസന പാതയിലേക്കുള്ള ദീര്‍ഘവീക്ഷണ നടപടി ക്രമങ്ങളുണ്ടായിരുന്നില്ല. പതിവ്‌ പോലെ പ്രഖ്യാപനങളും ഉദ്‌ഘാടനങ്ങളുമെല്ലാം ആഘോഷപൂര്‍വ്വം നടന്നതൊഴിച്ചാല്‍ ക്രിയാത്മകമായ കായിക ചലനങ്ങള്‍ കുറവായിരുന്നു. ഇത്തവണ ആസ്സാമില്‍ നടന്ന സന്തോഷ്‌ ട്രോഫി തന്നെ ഏറ്റവും വലിയ ഉദാഹരണം. പതിവ്‌ ട്രാക്കില്‍ തന്നെ ടീമിന്റെ സെലക്ഷനും യാത്രയും. പ്രി ക്വാര്‍ട്ടറില്‍ ടീം പുറത്താവുകയും ചെയ്‌തു. കേരളം പോലെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന നാടിന്റെ പ്രതിനിധികളാണ്‌ അതിവേഗം വെറും കൈയോടെ മടങ്ങിയത്‌. എവിടെയാണ്‌ പിഴക്കുന്നത്‌ എന്ന ചോദ്യത്തിന്‌ പോലും പ്രസക്തിയില്ലാത്ത അവസ്ഥയാണ്‌ നമ്മുടെ ഫുട്‌ബോളിലിപ്പോള്‍. പരിഹാര ക്രിയകള്‍ പറഞ്ഞും എഴുതിയും കായിക വിദഗ്‌ധര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മടുത്തിരിക്കുന്നു. നിരവധി തവണ സന്തോഷ്‌ ട്രോഫി ദേശീയ സോക്കര്‍ കിരീടം സ്വന്തമാക്കിയ സംസ്ഥാനത്ത്‌ ഇന്ന്‌ ഫുട്‌ബോള്‍ ഭരണമില്ല. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്ന കടലാസ്‌ സംഘടനയും അതിനെ നയിക്കാന്‍ ഒരു പറ്റം വയോധികരുമുണ്ടെന്നത്‌ മാറ്റിനിര്‍ത്തിയാല്‍ പിന്നെ പ്രധാന നേട്ടം വാചകമടിയാണ്‌. സന്തോഷ്‌ ട്രോഫി ക്ലസ്‌റ്റര്‍ മല്‍സരങ്ങള്‍ തെരഞ്ഞെടുപ്പ്‌ സമയത്തായതിനാല്‍ ടീം വന്നതും പോയതുമൊന്നും അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല. സന്തോഷ്‌ ട്രോഫിയെന്നാല്‍ അത്‌ ഒരു കാലത്ത്‌ കേരളത്തിന്റെ വികാരമായിരുന്നു, രാജ്യത്തിന്റെ ഏത്‌ മുക്കിലും മൂലയിലും ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ നടന്നാല്‍ കാണികളുടെ കൂട്ടത്തില്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഇരച്ചെത്തുന്ന കാലത്തില്‍ നിന്ന്‌ ഇന്ന്‌ ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ വാര്‍ത്ത പത്രത്താളുകളിലെ ചെറിയ വാര്‍ത്ത മാത്രമാവുന്നു. വോളിബോളും ബാസ്‌ക്കറ്റ്‌ബോളും മറ്റ്‌ ഗെയിമുകളെല്ലാം അകാലചരമം പ്രാപിച്ചതിന്റെ കാരണക്കാരെ തേടേണ്ടതില്ല. ക്രിക്കറ്റ്‌ മാത്രമാണ്‌ കേരളത്തിനിപ്പോള്‍ കായികം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങളെ മാധ്യമങ്ങള്‍ മാത്രമല്ല ജനങ്ങളും ഇഷ്‌ടപ്പെടുന്നു.
ഇവിടെയാണ്‌ കായിക മന്ത്രിയുടെ ഇടപെടലുകളും പ്രസരിപ്പും അത്യാവശ്യമാവുന്നത്‌. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഉള്‍പ്പെടെ നമ്മുടെ കായികഭരണ കേന്ദ്രങ്ങളെ അടിമുടി മാറ്റാന്‍ തല്‍ക്കാലം ആര്‍ക്കുമാവില്ല. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ എല്ലാ പോരായ്‌മകളും സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിനുണ്ട്‌്‌. സ്വയം നിര്‍മിത ചട്ടക്കൂട്ടില്‍ നിന്ന്‌ കൗണ്‍സില്‍ മാറാനും പോവുന്നില്ല. രാഷ്‌ട്രീയ കാറ്റ്‌ പോലെ ആരെങ്കിലുമൊരാള്‍ കൗണ്‍സിലിന്റെ തലപ്പത്ത്‌ വരും. ജില്ലകളിലും രാഷ്‌ട്രീയ പ്രാതിനിധ്യമാണ്‌ കൗണ്‍സിലിനെ നയിക്കുന്നത്‌. അവര്‍ തന്നിഷ്‌്‌ടക്കാരെ കുത്തിനിറക്കുന്ന പതിവ്‌ ജോലികളില്‍ മുഴുകും. കൗണ്‍സില്‍ കഴിഞ്ഞാല്‍ ഓരോ ഗെയിമിന്റെയും ഭരണത്തിനായി അസോസിയേഷനുകളുണ്ട്‌. അവരും പരമ്പരാഗതവാദികള്‍ തന്നെ. വര്‍ഷത്തിലൊരിക്കല്‍ പ്രായാടിസ്ഥാനത്തില്‍ ടീം തെരഞ്ഞെടുപ്പ്‌. ഈ സെലക്ഷന്‍ തന്നെ സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന മുദ്രാവാക്യമാണ്‌. സീനിയര്‍, ജൂനിയര്‍ അടിസ്ഥാനത്തില്ലെല്ലാം സെലക്ഷന്‍ പ്രക്രിയയുണ്ട്‌. സംസ്ഥാന ടീമുകള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കും. എന്തെങ്കിലും നേട്ടമുണ്ടായാല്‍ ടീമിന്‌ സ്വീകരണം നല്‍കും. സര്‍ക്കാര്‍ കനിഞ്ഞാല്‍ ചെറിയ സാമ്പത്തിക സഹായം പ്രൈസ്‌ മണിയുടെ രൂപത്തില്‍ ലഭിക്കും. ഈ ട്രാക്കില്‍ നിന്ന്‌ വ്യതിചലിക്കാന്‍ ശ്രമിച്ചാലും നിലവിലെ കെട്ടുപാടുകളില്‍ നിന്ന്‌ മോചനമുണ്ടാവില്ല.
ദേശീയ ഗെയിംസ്‌ ഇനി നടക്കാന്‍ പോവുന്നത്‌ കേരളത്തിലാണ്‌. താര്‍ഖണ്ഡ്‌ പോലെ കൊച്ചു സംസ്ഥാനം വിജയകരമായി ഗെയിംസിന്‌ ആതിഥേയത്വം വഹിച്ച സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ്‌ കേരളത്തിന്‌ മുന്നില്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നി മെട്രോകള്‍ കേന്ദ്രീകരിച്ചാണ്‌ ഗെയിംസ്‌ നടത്തുന്നത്‌. പക്ഷേ ഇത്‌ വരെ ചര്‍ച്ചകള്‍ക്കപ്പുറം കടലാസ്‌ ജോലികള്‍ നീങ്ങിയിട്ടില്ല. സംഘാടക തലത്തില്‍ നടന്ന യോഗങ്ങള്‍ എവിടെയുമെത്തിയിരുന്നില്ല. ഗണേഷിന്‌ മികവ്‌ തെളിയിക്കാനുള്ള വലിയ അവസരമാണ്‌ ഗെയിംസ്‌.
താര്‍ഖണ്ഡില്‍ നിന്ന്‌ ഗെയിംസ്‌ പതാക കേരളത്തിന്‌ നല്‍കാനായി ഏറ്റുവാങ്ങിയത്‌ കേരളാ ഒളിംപിക്‌ അസോസിയേഷനായിരുന്നു. പക്ഷേ തിരുവനന്തപുരത്തെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. പതാക സ്വീകരിക്കല്‍ ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പുറത്തായി. വ്യക്തമായ രാഷ്‌ട്രീയത്തില്‍ നടന്ന ഇത്തരം കായിക നീക്കങ്ങള്‍ വഴി സംഘാടന തലത്തിലും വ്യക്തമായ ചേരിത്തിരിവുണ്ടായി. ഇത്‌ പരിഹരിക്കുമ്പോള്‍ നടക്കുന്ന ഇടപെടലുകളില്‍ വിജയിക്കണം. അതാണ്‌ വലിയ കടമ്പ.
ഇപ്പോള്‍ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളുടെ ആധിപത്യം സി.പി.എമ്മിനാണ്‌. എന്തിലും ഏതിലും രാഷ്‌ട്രീയം കാണുന്നവരായതിനാല്‍ ഒരു യു.ഡി. എഫ്‌ മന്ത്രിയുടെ തീരുമാനങ്ങളെ ടോര്‍പ്പിഡോ ചെയ്യാനായിരിക്കും ഇവരുടെ ശ്രമം. ഇവിടെ പ്രതിഫലിക്കേണ്ടത്‌ വിവേകത്തേക്കാള്‍ പ്രായോഗികതയാണ്‌. എല്ലാവരെയും ഒരുമിച്ച്‌ കൊണ്ട്‌ പോവാനായാല്‍ മാത്രമാണ്‌ ദേശീയ ഗെയിംസ്‌ വിജയിക്കാനാവുക.
അക്കാദമിക്‌ തലത്തില്‍ കായിക വിഷയങ്ങള്‍ പാഠ്യവിഷയമായ സാഹചര്യത്തില്‍ സ്‌ക്കൂളുകളെ ഉപയോഗപ്പെടുത്തി കായിക ബാല്യത്തെ പ്രയോജനപ്പെടുത്തണം. ഇപ്പോള്‍ ഒരു സ്‌ക്കൂള്‍ കായികമേളയിലൊതുങ്ങുന്നു കാര്യങ്ങള്‍. ഏഷ്യയിലെ വലിയ കായിക മാമാങ്കമായെല്ലാം നമ്മള്‍ വിശേഷിപ്പിക്കുന്ന സ്‌ക്കൂള്‍ കായികമേള കലണ്ടര്‍ വര്‍ഷത്തിലെ അനുഷ്‌ഠാന ചടങ്ങാക്കി മാറ്റാതെ കൊച്ചു താരങ്ങളുടെ കായിക വികസനത്തിനായി വ്യക്തമായ ആസുത്രണത്തില്‍ മുന്നേറണം.
ഫുട്‌ബോള്‍ എന്ന വികാരത്തിനൊപ്പം സഞ്ചരിക്കാന്‍ നിലവില്‍ സെവന്‍സ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ മാത്രമാണുള്ളത്‌. ഏറനാട്ടിലും മലബാറിലുമെല്ലാം ഫുട്‌ബോളിനെ രക്ഷിക്കുന്ന സെവന്‍സ്‌ ചാമ്പ്യന്‍ഷിപ്പുകളെ ഇല്ലാതാക്കാന്‍ ഫുട്‌ബോള്‍ ഭരണക്കര്‍ത്താക്കള്‍ നടത്തുന്ന ശ്രമം ഇത്‌ വരെ വിജയിച്ചിട്ടില്ല. നമ്മുടെ കളിമുറ്റങ്ങളെ സംരക്ഷിക്കാന്‍ ഇത്‌ വരെ സത്വരമായ പദ്ധതികളില്ല. എല്ലാ കളിമുറ്റങ്ങളും കാട്‌ പിടിച്ച്‌ കിടക്കുന്നു. നമ്മുടെ താരങ്ങള്‍ ഇവിടെ രക്ഷകിട്ടാതെ അന്യ സംസ്ഥാനങ്ങളിലേക്ക്‌ ചേക്കേറുന്നു. അസംഖ്യം പ്രശ്‌നങ്ങളുടെ കായിക മുറ്റത്തേക്ക്‌ വരുമ്പോള്‍ ഗണേഷിന്‌ പിന്തുണക്കാന്‍ കായിക പ്രേമികളുണ്ട്‌. അവരെ പ്രയോജനപ്പെടുത്തണം. പ്രായോഗികതയുടെ ക്രീസില്‍ സിക്‌സറുകള്‍ക്ക്‌ ശ്രമിക്കാതെ സിംഗിളുകളും ഡബിളുകളും നേടി അടിത്തറയിടണം. ഓപ്പണറുടെ ജാഗ്രതയും സാങ്കേതികതയും വേണം, ഒപ്പം മോശം പന്തുകളെ അതിര്‍ത്തി കടത്താനുള്ള മികവുമുണ്ടാവണം.

വോണില്ല
ജയ്‌പ്പൂര്‍:2007 ല്‍ ഓസ്‌ട്രേലിയക്കായി അവസാന ടെസ്‌റ്റും കളിച്ച്‌ വിടവാങ്ങുമ്പോള്‍ ഷെയിന്‍ വോണിന്റെ മുഖത്ത്‌ നിരാശ അത്രക്കങ്ങ്‌ പ്രകടമായിരുന്നില്ല. ഇനിയുമൊരങ്കത്തിന്‌ ബാല്യമുണ്ടെന്ന പതിവ്‌ ചിരിയില്‍ മൈതാനം വിട്ട ലെഗ്‌ സ്‌പിന്നര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലുടെ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിറസാന്നിദ്ധ്യമായി. ഇന്നലെ വോണിന്റെ മുഖത്ത്‌ പതിവ്‌ ഉന്മേഷമുണ്ടായിരുന്നില്ല. വലിയ നഷ്ടത്തിന്‌ മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന ഭാവത്തില്‍ മൈതാനത്തിന്റെ ഉള്‍ത്തുടിപ്പുകളിലേക്ക്‌ ഇറങ്ങിചെല്ലാന്‍ കഴിയാത്ത പരാജിതന്റെ ഭാവത്തില്‍ വോണ്‍ പുഞ്ചിരിക്ക്‌ പോലും മടിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന തന്റെ ഇഷ്ട ക്രിക്കറ്റര്‍ക്കെതിരെ കളിച്ച്‌ ക്രിക്കറ്റിനോട്‌ വിടപറയുമ്പോള്‍ നഷ്ടം ഐ.പി.എല്ലിനുമുണ്ട്‌.
145 ടെസ്‌റ്റുകള്‍ കളിച്ച വോണിയെ ആരും മറക്കില്ല. ലെഗ്‌ സ്‌പിന്‍ എന്ന ബൗളിംഗ്‌ വിഭാഗത്തെ ആസ്വാദനകലയാക്കി മാറ്റിയ വിക്ടോറിയക്കാരന്‌ മുന്നില്‍ പതറാതിരുന്ന ഒരേ ഒരു ബാറ്റ്‌സ്‌മാന്‍ സച്ചിനാണ്‌. ബ്രയന്‍ ചാള്‍സ്‌ ലാറ ഉള്‍പ്പെടെ ലോക ക്രിക്കറ്റിലെ അത്യുന്നതരെല്ലാം വോണിന്റെ ഗൂഗ്ലികള്‍ക്ക്‌ മുന്നില്‍ തല കുനിച്ചവരാണ്‌. പക്ഷേ സച്ചിന്‌ മുന്നില്‍ വോണ്‍ എന്നും നിരായുധനായിരുന്നു. ഇന്നലെയും സ്ഥിതി വിത്യസ്‌തമായിരുന്നില്ല. 708 ടെസ്‌റ്റ്‌ വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്‌. ഈ നേട്ടപ്പട്ടികയില്‍ ഇന്ത്യന്‍ പിച്ചുകള്‍ മാത്രമാണ്‌ വോണിനെ തുണക്കാതിരുന്നത്‌. പക്ഷേ രാജസ്ഥാന്‍ റോയല്‍സ്‌ എന്ന ടീമിനെ നയിച്ചും പരിശീലിപ്പിച്ചും അദ്ദേഹം മിന്നിയപ്പോള്‍ ഈ നാട്ടിലും അദ്ദേഹം ആരാധകരെയുണ്ടാക്കി. വിവാദങ്ങളുടെ ക്രീസില്‍ എപ്പോഴും സിക്‌സര്‍ പായിക്കാന്‍ മിടുക്കുള്ളതിനാല്‍ വോണ്‍ പടിയിറങ്ങുന്നത്‌ വലിയ തുക പിഴയടച്ചാണ്‌. മാന്‍സിംഗ്‌ സ്‌റ്റേഡിയത്തില്‍ തന്റെ ടീമിന്റെ കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങള്‍ക്കായി ഒരുക്കിയ പിച്ച്‌ നിലവാരമില്ലാത്തതാണെന്ന്‌ പറയുക മാത്രമല്ല ക്യൂറേറ്ററെയും സംഘാടകരെയുമെല്ലാം അസഭ്യം വിളിക്കുകയും ചെയ്‌തു.
41 വയസ്സുണ്ട്‌ വോണിന്‌. മൈതാനത്തിറങ്ങിയാല്‍ പക്ഷേ പ്രായക്കാരന്റെ പ്രകടനമല്ല അദ്ദേഹം നടത്തുക. രാജസ്ഥാന്‍ റോയല്‍സ്‌ പ്രഥമ ഐ.പി.എല്ലില്‍ കപ്പ്‌ സ്വന്തമാക്കിയത്‌ വോണിന്റെ മികവിലായിരുന്നു. വലിയ താരങ്ങളില്ലാതെ ഒരു പറ്റം യുവതാരങ്ങളെ നിരത്തിയാണ്‌ അദ്ദേഹം എല്ലാവരെയും അല്‍ഭുതപ്പെടുത്തിയത്‌. മുംബൈ ഇന്ത്യന്‍സ്‌, കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ തുടങ്ങിയ വമ്പന്മാര്‍ കപ്പടിക്കുമെന്നാണ്‌ പറയപ്പെട്ടിരുന്നത്‌. പാക്കിസ്‌താന്റെ ഇടം കൈയ്യന്‍ സീമര്‍ സുഹൈല്‍ തന്‍വീര്‍, സ്വന്തം നാട്ടില്‍ നിന്ന്‌ തട്ടുപൊളിപ്പന്‍ ഓപ്പണറായി ഷെയിന്‍ വാട്ട്‌സണ്‍, ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അത്‌ വരെ അവഗണിക്കപ്പെട്ടു കിടന്ന യൂസഫ്‌ പത്താന്‍ തുടങ്ങിയവര്‍ വോണിന്‌ കീഴില്‍ കത്തിജ്ജ്വലിച്ചപ്പോള്‍ രാജസ്ഥാന്‍ ചാമ്പ്യന്മാരായി. അടുത്ത രണ്ട്‌ സീസണുകളില്‍ ടീമിന്റെ പ്രകടനം നിലവാരം കാത്തില്ല. ഇത്തവണ നല്ല മികവ്‌ പുലര്‍ത്താനായി. എങ്കിലും അവസാന ഘട്ടത്തില്‍ പിഴച്ചു. അതിന്‌ വോണിനെ കുറ്റം പറയാനാവില്ലെന്നാണ്‌ ടീമിലുളളവര്‍ തന്നെ പറയുന്നത്‌. ജയ്‌പ്പൂരിലെ പിച്ച്‌ നിലവാരമില്ലാത്തതായിരുന്നു. രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി സന്‍ജയ്‌ ദീക്ഷിതിനായിരുന്നു പിച്ചിന്റെ ചുമതല. അദ്ദേഹം ജാഗ്രത പാലിച്ചില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌, റോയല്‍ ചാലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരായ മല്‍സരത്തില്‍ വിജയിച്ചാല്‍ റോയല്‍സിന്‌ മുന്നേറാമായിരുന്നു. ആ രീതിയില്‍ കരുക്കള്‍ നീക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടുവെന്ന വോണിന്റെ പരാതിക്കൊപ്പം മറ്റ്‌ താരങ്ങളും നില്‍ക്കുന്നു.
സത്യം പറഞ്ഞതിനാണ്‌ താന്‍ ശിക്ഷിക്കപ്പെട്ടതെന്നാണ്‌ ഇന്നലെ ട്വിറ്റര്‍ വഴി വോണ്‍ പ്രതികരിച്ചത്‌. ആരോടും പരാതിയും പരിഭവവുമില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ എന്നും ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.
1991 ല്‍ തുടങ്ങിയതാണ്‌ വോണിന്റെ ക്രിക്കറ്റ്‌ ജീവിതം. തളര്‍ച്ചയറിയാതെ ദീര്‍ഘകാലം അദ്ദേഹം കളിച്ചു. 2007 ലായിരുന്നു രാജ്യത്തിനായി അവസാന മല്‍സരം കളിച്ചത്‌. 2010 ലെ ആഷസ്‌ പരമ്പരയില്‍ ഓസ്‌ട്രേലിയ തളര്‍ന്നപ്പോള്‍ നാട്ടിലെ ക്രിക്കറ്റ്‌ പ്രേമികള്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ പോലും ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. നായകനായി ഇംഗ്ലീഷ്‌ കൗണ്ടി ക്രിക്കറ്റില്‍ ദീര്‍ഘകാലം ഹാംഷെയറിനെ നയിച്ച വോണി ചിലപ്പോള്‍ അടുത്ത സീസണില്‍ കോച്ചിന്റെ കുപ്പായത്തില്‍ വരാം. പക്ഷേ തല്‍ക്കാലം അദ്ദേഹം നിശബ്ദനാണ്‌.
ഇന്നലെ അര്‍ദ്ധരാത്രി അവസാന ഐ.പി.എല്‍ മല്‍സരത്തിന്‌ ശേഷം സ്വന്തം താരങ്ങളുമായി ദീര്‍ഘസമയം സംസാരിച്ച വോണ്‍ നാളെ നാട്ടിലേക്ക്‌ മടങ്ങും.

No comments: