Tuesday, May 31, 2011

FIFA UNDER ATTACK




ഫിഫാ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്‌
മാറ്റിവെയ്‌ക്കണമെന്ന്‌ ഇംഗ്ലണ്ട്‌
സൂറിച്ച്‌: ഉന്നത തലത്തില്‍ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്‌ നടക്കും. നിലവിലെ പ്രസിഡണ്ട്‌ സെപ്‌ ബ്ലാറ്ററാണ്‌ ഫെഡറേഷന്റെ ഉന്നത പദവി തേടുന്ന ഏക സ്ഥാനാര്‍ത്ഥി. കോഴയാരോപണങ്ങളെ തുടര്‍ന്ന്‌്‌ രണ്ടു ദിവസം മുമ്പ്‌ ബ്ലാറ്ററുടെ എതിരാളി ഖത്തറുകാരന്‍ മുഹമ്മദുബ്‌നു ഹമ്മാം പിന്മാറിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്‌ക്കാന്‍ ഫിഫയോട്‌ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ മുഹമ്മദ്‌ ബ്‌നു ഹമ്മാം 12 വര്‍ഷത്തിനിടെ ഫിഫാ പ്രസിഡണ്ട്‌ സെപ്‌ ബ്ലാറ്റര്‍ക്കെതിരെ മത്സരിക്കാന്‍ രംഗത്തു ആദ്യ വ്യക്തിയായിരുന്നു. ഹമ്മാമും അദ്ദേഹത്തിന്‌ മികച്ച പിന്തുണയുമായി നിലനിന്നിരുന്ന ട്രിനിഡാഡില്‍ നിന്നുള്ള ഫിഫാ വൈസ്‌ പ്രസിഡണ്ട്‌ ജാക്‌ വാര്‍ണറും അഴിമതികളില്‍ പങ്കുള്ളവരാണെന്നുള്ള ആരോപണവുമായാണ്‌ ബ്ലാറ്റര്‍ പ്രതിയോഗികളെ എതിരിട്ടത്‌. തുടര്‍ന്ന്‌ സംഭവങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയെന്ന്‌ പറഞ്ഞ്‌ പിന്മാറിയ ഹമ്മാം രണ്ടു വ്യക്തികള്‍ക്കിടയിലെ മത്സരം കൊണ്ട്‌ ഫിഫയെന്ന മഹത്തായ പ്രസ്ഥാനത്തിനാണ്‌ കളങ്കമേല്‍ക്കുന്നതെന്ന്‌ ഖേദം രേഖപ്പെടുത്തി.
ഹമ്മാമും ജാക്‌ വാര്‍ണറും അഴിമതിയില്‍ പങ്കുകാരാണെന്നതിന്‌ തെളിവ്‌ ലഭിച്ചതായി ആരോപിച്ച ഫിഫ സദാചാര സമിതി പിറ്റേദിവസം ഇരുവരേയും സസ്‌പെന്‍ഡ്‌ ചെയ്‌തു. മതിയായ തെളിവുകള്‍ ലഭിച്ചാല്‍ ഫെഡറേഷനില്‍ നിന്ന്‌ പുറത്താക്കുകയും ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്നും അറിയിച്ചു. ഇതോടെ പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള ബ്ലാറ്ററുടെ ഏകാംഗ മത്സരത്തിന്‌ കളമൊരുങ്ങുകയായിരുന്നു.
വിവാദങ്ങള്‍ക്കിടെ ഹമ്മാം പിന്മാറിയ സാഹചര്യത്തിലാണ്‌ എഫ്‌.എയുടെ ആവശ്യം. ഹമ്മാമിനും ഫിഫ എക്‌സിക്യുട്ടീവ്‌ അംഗം ജാക്ക്‌ വാര്‍ണറിനുമെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ്‌ ഇപ്പോള്‍ നടത്തരുതെന്ന്‌ എഫ്‌.എ മുമ്പും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പുറപ്പെടുവിച്ച പ്രസ്‌താവനയിലാണ്‌ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യം മുന്നോട്ടുവെച്ചത്‌. വിവാദങ്ങള്‍ തണുക്കുന്നതു വരെ തെരഞ്ഞെടുപ്പ്‌ നടത്തരുതെന്നും ഒരു പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ കാര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ഫിഫ ശ്രമിക്കണമെന്നും പറഞ്ഞ ഇംഗ്ലണ്ട്‌ 107 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ സംഘടന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്‌ ഇപ്പോഴത്തേതെന്നും അഭിപ്രായപ്പെട്ടു.
'ഞങ്ങളുടെ ആവശ്യം ഫിഫ സ്വീകരിക്കണമെന്നും മറ്റു രാഷ്ട്രങ്ങള്‍ ഞങ്ങളെ പിന്തുണക്കമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്തരുതെന്നാണ്‌ ഞങ്ങളുടെ ആദ്യത്തെ ആവശ്യം. കാര്യങ്ങള്‍ തെളിഞ്ഞ്‌ പഴയ നിലയിലാകുന്നതോടെ പുതിയ ഒരാള്‍ക്ക്‌ പകരം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്യാം. തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിനായി പുറമെ നിന്നുള്ള ഒരു സംഘത്തെ ഏര്‍പ്പാടുക ചെയ്യുക എന്നതാണ്‌ രണ്ടാമത്തെ ആവശ്യം.' എഫ്‌.എ ചെയര്‍മാന്‍ ഡേവിഡ്‌ ബേണ്‍സ്റ്റൈന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്‌ക്കാന്‍ 208 അംഗരാജ്യങ്ങളില്‍ 75 ശതമാനം പേര്‍ ഇംഗ്ലണ്ടിനെ പിന്തുണക്കേണ്ടതുണ്ട്‌.

ഫിഫ:
സ്‌പോണ്‍സര്‍മാരും രംഗത്ത്‌
ബെര്‍ലിന്‍: ഫിഫ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴ വിവാദങ്ങളില്‍ പ്രതികരണങ്ങളുമായി സ്‌പോണ്‍സര്‍മാരും രംഗത്ത്‌. എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌, അഡിഡാസ്‌, കൊക്കക്കോള തുടങ്ങി ആഗോള തലത്തിലെ ഭീമന്‍ കമ്പനികളും ഫിഫയുടെ സ്‌പോണ്‍സര്‍മാരുമായ വമ്പന്മാരാണ്‌ സംഘടനയുടെ പ്രതിഛായ തകര്‍ത്തു കൊണ്ടിരിക്കുന്ന വിവാദത്തില്‍ പ്രതികരിച്ചത്‌.
കളിയുടെ ഭിരണകൂടത്തെ ചുറ്റിത്തിരിയുന്ന നിലവിലെ വിവാദങ്ങളില്‍ ലോകത്തെ എല്ലാ ഫുട്‌ബോള്‍ പ്രേമികളേയും പോലെ എമിറേറ്റ്‌സും നിരാശരാണ്‌. എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌ വക്താവ്‌ ബൂട്രോസ്‌ ബൂട്രോസ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. അസ്വസ്ഥതയുണ്ടാക്കുന്നതും ഫുട്‌ബോളിന്‌ ദോഷം വരുത്തുന്നതുമാണ്‌ ഇപ്പോഴത്തെ സംഭവങ്ങളെന്ന്‌ കൊക്കക്കോള വക്താവ്‌ പറഞ്ഞു. അനിഷ്ടം വ്യക്തമാക്കുന്ന രീതിയിലായിരുന്നു അഡിഡാസിന്റെ പ്രതികരണം 'ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അപശ്രുതികള്‍ ഫുട്‌ബോളിനു മാത്രമല്ല ഫിഫക്കും അതിന്റെ പാട്‌ണര്‍മാര്‍ക്കുമെല്ലാം ദോഷകരമാണ്‌.' അഡിഡാസ്‌ ഔദ്യോഗിക പ്രതിനിധി ജാന്‍ റുണൗ പറഞ്ഞു. ദൈര്‍ഘ്യമേറിയതും വിജയകരവുമാണ്‌ ഇപ്പോഴത്തെ പാട്‌ണര്‍ഷിപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ നിന്ന്‌
ബ്ലാറ്റര്‍ ഇറങ്ങിപ്പോയി
സൂറിച്ച്‌: ഇന്നലെ ഫിഫാ എക്‌സിക്യുട്ടീവ്‌ സമിതി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞുമാറാന്‍ ശ്രമിച്ച ബ്ലാറ്റര്‍ ഒടുവില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാതെ ഇറങ്ങിപ്പോയി. ഉച്ചക്ക്‌ 12 മണിക്ക്‌ നിശ്ചയിച്ചിരുന്ന പത്രസമ്മേളനം അരമണിക്കൂര്‍ വൈകിയാണ്‌ തുടങ്ങിയത്‌. അരമണിക്കൂറിലേറെ നീണ്ടു പോയ സമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകരും ഫിഫ പ്രതിനിധികളും അസംതൃപ്‌തരായാണ്‌ മടങ്ങിയത്‌.
തനിക്ക്‌ ഫുട്‌ബോള്‍ പ്രേമികളോടാണ്‌ സംസാരിക്കാനുള്ളതെന്നും കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങള്‍ ഫിഫയുടെ പ്രതിഛായക്ക്‌ കോട്ടം വരുത്തിയെന്നതില്‍ പശ്ചാത്തപിക്കുന്നുവെന്നും ബ്ലാറ്റര്‍ ആമുഖമായി പറഞ്ഞു. നേരിട്ട ആദ്യ ചോദ്യത്തിന്‌ അദ്ദേഹം മറുപടി പറഞ്ഞില്ല. ബ്ലാറ്ററിന്‌ തടയിടുമെന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട വൈസ്‌ പ്രസിഡണ്ട്‌ ജാക്‌ വാര്‍ണര്‍ പറഞ്ഞതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.
ഒരു മാറ്റത്തിനു സമയമായില്ലേയെന്നും പുതിയ എന്തു കാര്യമാണ്‌ അടുത്ത നാലു വര്‍ഷങ്ങളില്‍ ചെയ്യാന്‍ പോകുന്നതെന്നും ചോദിച്ചപ്പോള്‍ ബ്ലാറ്റര്‍ വാചാലനായി. പുതിയ പദ്ധതികള്‍ക്ക്‌ താന്‍ രൂപം നല്‍കിയെന്നും അവ എക്‌സിക്യുട്ടീവ്‌ കമ്മറ്റിക്കു മുമ്പാകെ അവതരിപ്പിച്ചു കഴിഞ്ഞെന്നും ബ്ലാറ്റര്‍ പറഞ്ഞു. സംഘടന എല്ലാനിലക്കും പ്രൊഫഷണല്‍ രീതിയെ മാത്രമേ അവലംബിക്കൂവെന്നും കളിക്കകത്തും പുറത്തും ഒരു തരത്തിലുമുള്ള വിട്ടുവീഴ്‌ചക്കും ഒരുങ്ങുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്‌ക്കാന്‍ ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടതില്‍ അപാകതയുണ്ടെന്നും. ഫിഫയുടെ കാര്യങ്ങളില്‍ ഗവണ്‍മെന്റുകള്‍ ഇടപെടേണ്ടതില്ലെന്നും പ്രസിഡണ്ട്‌ പറഞ്ഞു.
എന്നാല്‍ ലോകകപ്പ്‌ പണം കൊടുത്താണ്‌ ഖത്തര്‍ ലോകകപ്പ്‌്‌ നടത്തിപ്പവകാശം സ്വന്തമാക്കിയതെന്നതിന്‌ തെളിവായി വാര്‍ണര്‍ക്ക്‌ ലഭിച്ച ഇ-മെയ്‌ലിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അന്തരീക്ഷം മാറി. ഈ ചോദ്യത്തിന്‌ മറുപടി പറയില്ല എന്നായിരുന്നു മറുപടി. താന്‍ ഫിഫയുടെ പ്രസിഡണ്ടാണെന്നും, തന്നെ ചോദ്യം ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞതോടെ സദസ്സിന്റെ പ്രതികരണം മാറി. ബ്ലാറ്റര്‍ക്കെതിരെ ഉയര്‍ന്ന മുറുമുറുപ്പുകള്‍ അദ്ദേഹത്തെ ചൊടിപ്പിച്ചു. ഇതു ചന്തയല്ലെന്നും എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ തന്നോട്‌ നേരിട്ടു ചോദിക്കണമെന്നും താന്‍ മാധ്യമപ്രവര്‍ത്തകരെ ബഹുമാനിക്കുന്നതു പോലെ തിരിച്ചും വേണമെന്നും ബ്ലാറ്റര്‍ രോഷം കൊണ്ടു. ഖത്തര്‍ നേരാം വണ്ണമാണ്‌ 2022 ലോകകപ്പ്‌ നടത്തിപ്പിന്‌ അര്‍ഹത നേടിയതെന്ന വാദത്തില്‍ ബ്ലാറ്റര്‍ ഉറച്ചു നിന്നു.
വിവാദങ്ങള്‍ക്കിടയിലും പത്രസമ്മേളനങ്ങളില്‍ വന്നിരിക്കാന്‍ എന്തര്‍ഹതയാണുള്ളതെന്നു ചോദിച്ചപ്പോള്‍ വീണ്ടും ബ്ലാറ്ററിന്റെ സമനില തെറ്റി എക്‌സിക്യുട്ടീവ്‌ കമ്മിറ്റി തെരഞ്ഞെടുക്കുന്നത്‌ താനല്ല അവരുടെ കോണ്‍ഫെഡറേഷനുകളാണെന്നും തനിക്ക്‌ അക്കാര്യത്തില്‍ സ്വാധീനിക്കാനാകില്ലെന്നും ബ്ലാറ്റര്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ വീണ്ടും മുറുമുറുപ്പുണ്ടാവുകയും ബ്ലാറ്റര്‍ നേരത്തേ പറഞ്ഞത്‌ ആവര്‍ത്തിക്കുകയും ചെയ്‌തു. വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും മറുപടി പറയാതെ എഴുന്നേറ്റു പോവുകയായിരുന്നു ബ്ലാറ്റര്‍. മറ്റൊരു ഫിഫ പ്രതിനിധിയാണ്‌ സമ്മേളനം അവസാനിച്ചതായി പ്രഖ്യാപിച്ചത്‌.

അഫ്രീദിക്ക്‌ 'കളി' മടുത്തു
കറാച്ചി: പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ 'കളികള്‍' ഒടുവില്‍ കാര്യത്തിലേക്ക്‌. ബോര്‍ഡുമായും കോച്ചുമായുമുള്ള സൗന്ദര്യപ്പിണക്കത്തിനൊടുവില്‍ മുന്‍ നായകനും ലോകകപ്പില്‍ പാകിസ്‌താന്റെ ഹീറോയുമായ ശാഹിദ്‌ അഫ്രീദി കളിമതിയാക്കാന്‍ തീരുമാനിച്ചതോടെ ബോര്‍ഡിന്റെ ശിക്ഷാ നടപടികള്‍ ടീമിന്‌ ഹാനികരമാകുമെന്ന നിലയിലാണ്‌ കാര്യങ്ങള്‍. എന്നാല്‍ മറ്റൊരു ബോര്‍ഡ്‌ വന്നാല്‍ തിരിച്ചുവരുമെന്ന്‌ പറഞ്ഞ അഫ്രീദിയുടേത്‌ താല്‍ക്കാലിക സമ്മര്‍ദ്ദം ചെലുത്തല്‍ തന്ത്രമാണെന്നും ഗൗരവമേറിയ തീരുമാനമല്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്‌.
അഫ്രീദി പറഞ്ഞത്‌
ക്രിക്കറ്റിന്റെ നന്മ ഉദ്ദേശിച്ച്‌ പറയുന്ന പ്രസ്‌താവനകളെ സഹിഷ്‌ണുതയോടെ കാണാന്‍ കഴിയാത്തവരോടൊപ്പം ജോലി ചെയ്യാന്‍ തനിക്കാവില്ലെന്നാണ്‌ അന്താരാഷ്ട്ര ക്രിക്കറ്റിനോട്‌ വിടവാങ്ങാനുള്ള കാരണമായി അഫ്രീദി പറഞ്ഞത്‌. ഒരു മനുഷ്യനെ മാനിക്കുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. ബോര്‍ഡ്‌ എന്നോട്‌ പെരുമാറിയത്‌ മോശമായാണ്‌. എല്ലാത്തിനും ഒരു അതിരുണ്ട്‌. ലണ്ടനില്‍ ജിയോ ടി.വിയോട്‌ വൈകാരികമായി അഫ്രീദി പ്രതികരിച്ചു. ഈ ബോര്‍ഡിനു കീഴില്‍ കളിക്കാന്‍ എനിക്കാവില്ല. മറ്റൊരു ബോര്‍ഡ്‌ വന്നാല്‍ തീര്‍ച്ചയായും തിരിച്ചുവരും. ആദരവര്‍ഹിക്കാത്ത ഇത്തരം ആളുകളാല്‍ അപമാനിതനാകുമ്പോള്‍ കളി തുടരുന്നതില്‍ എന്തുകാര്യമെന്നും അഫ്രീദി ചോദിക്കുന്നു.
വിവാദങ്ങളുടെ വഴി
ലോകകപ്പിലെ ശ്രദ്ധേയ പ്രകടനത്തിനു ശേഷം വെസ്റ്റിന്‍ഡീസ്‌ പര്യടനത്തിന്‌ മുമ്പായാണ്‌ വിവാദങ്ങള്‍ വീണ്ടും പാകിസ്‌താന്‍ ക്രിക്കറ്റില്‍ പുകഞ്ഞുതുടങ്ങിയത്‌. ടീം കോച്ചും മുന്‍ ഫാസ്റ്റ്‌ ബൗളറുമായ വഖാര്‍ യൂനുസിനും അഫ്രീദിക്കുമിടയിലുണ്ടായ അഭിപ്രായ വ്യത്യാസം അഫ്രീദിയുടെ നാവിലൂടെ മാധ്യമങ്ങള്‍ക്കു മുമ്പിലെത്തി. ടീം സെലക്ഷനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓരോരുത്തര്‍ക്കും അവരവരുടെ ജോലിയുണ്ടെന്നും അതു ചെയ്‌താല്‍ മതിയെന്നും വഖാറിനെ സൂചിപ്പിച്ച്‌ അഫ്രീദി പറഞ്ഞത്‌ വിവാദങ്ങള്‍ക്ക്‌ ഒടുക്കത്തിലായിരുന്നു. പാക്‌ ബോര്‍ഡിന്റെ ചട്ടങ്ങള്‍ തെറ്റിച്ചതിന്‌ പി.സി.ബി നായകന്‌ കാരണം കാണിക്കല്‍ നോട്ടീസയച്ചു.
തുടര്‍ന്ന്‌ ബോര്‍ഡും അഫ്രീദിക്കെതിരെ തിരിഞ്ഞു. ബോര്‍ഡില്‍ നിന്ന്‌ അനാദരവ്‌ ലഭിച്ച അഫ്രീദി മാനസികമായി തളര്‍ന്നിരുന്നു. വെസ്റ്റിന്‍ഡീസ്‌ പര്യടനത്തിന്‌ പോകേണ്ടെന്ന്‌ ആലോചിച്ചിരുന്നെന്നും ഒടുവില്‍ പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയതിനാല്‍ തീരുമാനം മാറ്റുകയായിരുന്നെന്നും അഫ്രീദി പിന്നീട്‌ പറഞ്ഞു. വിന്‍ഡീസിലേക്ക്‌ പുറപ്പെട്ട ടീമിനൊപ്പം പോകാതെ വൈകിയാണ്‌ അദ്ദേഹം സഹതാരങ്ങളോടൊപ്പം ചേര്‍ന്നത്‌.
ടെസ്റ്റില്‍ മിസ്‌ബാഹുല്‍ ഹഖും ഏകദിനത്തില്‍ അഫ്രീദിയുമായിരുന്ന പാകിസ്‌താനെ നയിച്ചിരുന്നത്‌. അഞ്ചു മത്സര ഏകദിന പരമ്പരയില്‍ ആദ്യ മൂന്നു മത്സരങ്ങള്‍ ജയിച്ച്‌ പരമ്പര ഉറപ്പിച്ച ശേഷം നാലും അഞ്ചും കളികളില്‍ പാകിസ്‌താന്‍ തോറ്റു. ടെസ്‌റ്റില്‍ മിസ്‌ബാഹിന്റെ കീഴില്‍ സമനിലയും നേടി. എന്നാല്‍ ടെസ്‌റ്റ്‌ പരമ്പരയുടെ അവസാനത്തില്‍ അയര്‍ലണ്ടുമായുള്ള അടുത്ത പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അഫ്രീദിക്കു പകരം നായകനായി മിസ്‌ബാഹുല്‍ ഹഖിനെയാണ്‌ ബോര്‍ഡ്‌ തീരുമാനിച്ചത്‌. രണ്ട്‌ ഏകദിന മത്സരങ്ങള്‍ മാത്രമായിരുന്നു ഈ പരമ്പരയിലുണ്ടായിരുന്നത്‌. ലോകകപ്പില്‍ ഒന്നാന്തരം നായകമികവുമായി പേരെടുത്തിട്ടും ബോര്‍ഡിന്റെ ഈ തീരുമാനം താരത്തെ നിരാശനാക്കി.
എങ്കിലും അഫ്രീദിയെ ടീമിലുള്‍പ്പെടുത്തിയിരുന്നു. ടീമിനകത്ത്‌ മിസ്‌ബാഹുല്‍ ഹഖ്‌-ശാഹിദ്‌ അഫ്രീദി ചേരിതിരിയലിന്‌ ഇത്‌ കാരണമാകുമെന്നും ബോര്‍ഡിന്റെ തീരുമാനം വങ്കത്തരമായെന്നും പറഞ്ഞ്‌ വസീം അക്രം അടക്കം മുന്‍ താരങ്ങളും ബോര്‍ഡ്‌ തലവന്മാരുമുള്‍പ്പെടെ പാക്‌ ക്രിക്കറ്റിലെ പ്രമുഖരെല്ലാം രംഗത്തു വന്നെങ്കിലും തീരുമാനം ടീമിന്റെ താല്‍പര്യം പരിഗണിച്ചാണെന്നായിരുന്നു പി.സി.ബി ചെയര്‍മാന്‍ ഇജാസ്‌ ബട്ട്‌ പറഞ്ഞത്‌. മിസ്‌ബാഹുല്‍ ഹഖിന്റെ കീഴില്‍ പാകിസ്‌താന്‍ 2-0ന്‌ അയര്‍ലണ്ടിനെ കീഴടക്കുകയും ചെയ്‌തു.
അഫ്രീദിയുടെ പരാതി
ഇക്കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ്‌ ഘട്ടത്തില്‍ തോല്‍വിയറിയാതെ മുന്നേറിയ ഏക ടീമെന്ന ബഹുമതി അഫ്രീദിയുടെ നായകത്വത്തിനു കീഴില്‍ പാകിസ്‌താന്‍ നേടിയെടുത്തിരുന്നു. 1999നു ശേഷം ഓസ്‌ട്രേലിയ ആദ്യമായി ലോകകപ്പില്‍ പരാജയമറിഞ്ഞതും പാകിസ്‌താനോടായിരുന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളെ പിന്നിലാക്കി ഗ്രൂപ്പ്‌ ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലേക്ക്‌ പ്രവേശിച്ച പാകിസ്‌താന്‍ സെമിഫൈനലിലെ വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയോട്‌ തോറ്റാണ്‌ പുറത്തായത്‌. ഇന്ത്യ പിന്നീട്‌ ചാമ്പ്യന്മാരാകുകയും ചെയ്‌തു. എന്നാല്‍ ഈ പ്രകടനമൊന്നും ബോര്‍ഡ്‌ വിലക്കെടുത്തില്ലെന്നും തകര്‍ന്ന ടീമിനെയാണ്‌ താന്‍ മികച്ച സംഘമാക്കി മാറ്റിയതെന്നും അഫ്രീദി പരാതി പറഞ്ഞു.
പാകിസ്‌താന്റെ നായകനായി എന്നെ തിരഞ്ഞെടുക്കുമ്പോള്‍ എന്നോടൊന്നും പറഞ്ഞിരുന്നില്ല. ടീമിനെ ഏത്‌ നിലയിലേക്ക്‌ ഉയര്‍ത്തണമെന്നോ എന്നില്‍ നിന്ന്‌ എന്ത്‌ പ്രതീക്ഷിക്കുന്നുവെന്നോ ആരും പറഞ്ഞില്ല. പ്രത്യേക ചുമതലയോ നിര്‍ദേശങ്ങളോ നല്‍കപ്പെട്ടില്ല. തകര്‍ന്നുപോയ ഒരു സംഘത്തെയാണ്‌ ഞാന്‍ ഏറ്റെടുത്തത്‌. ടീം ഒത്തുകളി വിവാദത്തിന്റെ നടുവിലായിരുന്നു. പിന്നീട്‌ ദുല്‍ഖര്‍നൈന്‍ ഹൈദര്‍ സംഭവവുമുണ്ടായി. എന്നിട്ടും പ്രതിസന്ധികള്‍ക്കിടയിലും ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക ടീമുകളോട്‌ പാകിസ്‌താന്‍ ഏകദിന പരമ്പര വിജയിച്ചു. പിന്നീട്‌ ന്യൂസിലാന്റിനെ കീഴ്‌പ്പെടുത്തി. ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തി സെമിഫൈനലിലുമെത്തി. എന്റെ പ്രകടനത്തില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്‌.
വിരമിക്കുന്നത്‌ മൂന്നാം തവണ!
ആദ്യമായല്ല അഫ്രീദി വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്‌. മുമ്പ്‌ 2006 ഏപ്രിലില്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കുന്നതായി അഫ്രീദി അറിയിച്ചിരുന്നു. 2007ലെ ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണിതെന്നാണ്‌ അഫ്രീദി കാരണം പറഞ്ഞത്‌. എന്നാല്‍ അടുത്ത വേനലില്‍ ഇംഗ്ലണ്ട്‌ പര്യടനത്തിനുള്ള പാക്‌ സംഘത്തിലേക്ക്‌ അഫ്രീദി മടങ്ങിയെത്തി. ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിയയോട്‌ ടെസ്‌റ്റ്‌ മത്സരം തോറ്റതിനു ശേഷം ഒരിക്കല്‍ കൂടി അഫ്രീദി ടെസ്റ്റിനോട്‌ വിടചൊല്ലി.

അഫ്രീദിയുടേത്‌ വ്യക്തിപരമായ
തീരുമാനം: ബട്ട്‌
കറാച്ചി: പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ പിണങ്ങി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ച ശാഹിദ്‌ അഫ്രീദിയുടെ തീരുമാനത്തെ വ്യക്തിപരമായ തീരുമാനമെന്ന്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഇജാസ്‌ ബട്ട്‌.
വിരമിക്കുക എന്നത്‌ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്‌. ഞങ്ങള്‍ അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല. എന്നു മാത്രമല്ല കളിക്കരുതെന്ന്‌ അദ്ദേഹത്തോട്‌ പറയുക പോലും ചെയ്‌തിട്ടില്ല. എന്നാല്‍ ബട്ടിന്റെ നീക്കങ്ങളാണ്‌ അഫ്രീദിയെ വിരമിക്കലില്‍ കൊണ്ടെത്തിച്ചതെന്ന വാദഗതികള്‍ ശക്തമാണ്‌. ഈ ബോര്‍ഡിന്‌ കീഴില്‍ കളിക്കാന്‍ തനിക്കാവില്ലൈന്നും മറ്റൊരു ബോര്‍ഡ്‌ വന്നാല്‍ തിരിച്ചുവരുമെന്നുമാണ്‌ വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ അഫ്രീദി പറഞ്ഞത്‌.
അതേസമയം അഫ്രീദിയുടെ നടപടികള്‍ തെറ്റായിരുന്നെന്ന കാര്യത്തില്‍ പി.സി.ബി വൃത്തം ഉറച്ചുനിന്നു. 'ടീമിലെ വിവാദങ്ങളെക്കുറിച്ചും ബോര്‍ഡിനെതിരേയുമെല്ലാം കാര്യഗൗരവമില്ലാതെ അഭിപ്രായ പ്രകടനം നടത്തിയ അഫ്രീദി ബോര്‍ഡിന്റെ ചട്ടങ്ങള്‍ ലംഘിച്ചുവെന്നതില്‍ സംശയമില്ല. അഫ്രീദി വിവാദത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.' ഒരു ഔദ്യോഗിക പി.സി.ബി വക്താവ്‌ പറഞ്ഞു.

ഷോള്‍സ്‌ വിരമിച്ചു
പരിശീലകനാകും
ലണ്ടന്‍: ഇംഗ്ലീഷ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ വെറ്ററന്‍ മിഡ്‌ഫീല്‍ഡര്‍ പോള്‍ ഷോള്‍സ്‌ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. അടുത്ത സീസണ്‍ മുതല്‍ പരിശീലകനെന്ന നിലക്ക്‌ ടീമിനൊപ്പം മുണ്ടാകുമെന്ന്‌്‌ 36കാരനായ ഇംഗ്ലീഷ്‌ താരം പറഞ്ഞു.
വിരമിക്കലിന്‌ ശരിയായ സന്ദര്‍ഭമാണിതെന്ന്‌ എനിക്കു തോന്നുന്നു. 19-ാം ലീഗ്‌ കിരീടം സ്വന്തമാക്കി റെക്കോര്‍ഡ്‌ സ്വന്തമാക്കിയ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്യമുണ്ട്‌. ഫുട്‌ബോള്‍ കളിക്കുക എന്നത്‌ എനിക്ക്‌ എക്കാലത്തും എല്ലാമായിരുന്നു. ദീര്‍ഘകാലം വിജയകരമായ ഒരു മാഞ്ചസ്‌റ്റര്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിനെ വലിയ ബഹുമതിയായാണ്‌ കാണുന്നത്‌. വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട്‌ ഷോള്‍സ്‌ പറഞ്ഞു.
1994-95 സീസണില്‍ മാഞ്ചസ്റ്ററില്‍ അരങ്ങേറ്റം കുറിച്ച ഷോള്‍സ്‌ ടീമിനൊപ്പം 10 ലീഗ്‌ കിരീടങ്ങളും രണ്ട്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ ട്രോഫിയും സ്വന്തമാക്കിയിട്ടുണ്ട്‌. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിക്കും വരെ ഇംഗ്ലണ്ടിന്റെ സ്ഥിര സാന്നിധ്യമായിരുന്ന ഷോള്‍സ്‌ മാഞ്ചസ്‌റ്ററിന്റെ കുപ്പായത്തില്‍ 676 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്‌.
ഷോള്‍സിന്റെ സംഭാവനകളെ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ പുകഴ്‌ത്തി. മുമ്പ്‌ ഞാന്‍ ഷോള്‍സിനെക്കുറിച്ച്‌ പറയാത്തതായ ഒരു കാര്യം ഇപ്പോള്‍ പറയാനുള്ളത്‌, ഒരു അവിശ്വസിനീയനായ കളിക്കാരനെയാണ്‌ ഞങ്ങള്‍ക്ക്‌ നഷ്ടപ്പെടാനിരിക്കുന്നതെന്നാണ്‌. പൂര്‍ണമായും ടീമിനോട്‌ പ്രതിബദ്ധത പുലര്‍ത്തിയ താരമാണ്‌ പോള്‍. അടുത്ത സീസണ്‍ മുതല്‍ ടീമിന്റെ കോച്ചിംഗ്‌ സ്‌റ്റാഫുകളിലൊരാളായി അദ്ദേഹമുണ്ടാകുമെന്നത്‌ എന്നെ സന്തോഷിപ്പിക്കുന്നു. ഏതു പ്രായക്കാര്‍ക്കും പ്രചോദനമായി നിലകൊള്ളാന്‍ പോളിനു കഴിഞ്ഞിട്ടുണ്ട്‌. പുതിയ വേഷത്തിലും അദ്ദേഹത്തിനത്‌ സാധിക്കുമെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. ഫെര്‍ഗൂസണ്‍ പറഞ്ഞു.


ഇംഗ്ലണ്ടിന്‌ ഇന്നിംഗ്‌സ്‌ ജയം
കാര്‍ഡിഫ്‌: കാര്‍ഡിഫ്‌ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‌ അത്ഭുത ജയം. ഒന്നാം ഇന്നിംഗ്‌സില്‍ 400 റണ്‍സെടുത്തിട്ടും ശ്രീലങ്ക ഇന്നിംഗ്‌സിനും 14 റണ്‍സിനും പരാജയപ്പെട്ടു. നാലു വീതം വിക്കറ്റ്‌ വീഴ്‌ത്തിയ ക്രിസ്‌ ട്രെംലറ്റിന്റേയും ഗ്രേയം സ്വാനിന്റേയും പന്തുകള്‍ക്കു മുമ്പില്‍ തലകുനിച്ച ശ്രീലങ്ക 82 റണ്‍സിന്‌ പുറത്താകുകയായിരുന്നു. സ്‌കോര്‍ ഒറ്റനോട്ടത്തില്‍: ശ്രീലങ്ക- 400, 82, ഇംഗ്ലണ്ട്‌- 496.
ജോനാഥന്‍ ട്രോട്ടിന്റെ ഇരട്ട ശതകവും (203), ഇയാന്‍ ബെല്ലിന്റെ സെഞ്ച്വറിയുമാണ്‌ (പുറത്താകാതെ 103) ഇംഗ്ലണ്ടിന്‌ മികച്ച സ്‌കോര്‍ സമ്മാനിച്ചത്‌. അഞ്ചു വിക്കറ്റ്‌ നഷ്ടത്തില്‍ 496 റണ്‍സ്‌ എന്ന ശക്തമായ നിലയില്‍ നില്‍ക്കുമ്പോള്‍ ആതിഥേയര്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ അലസ്‌റ്റര്‍ കുക്കും (133) സെഞ്ച്വറി നേടിയിരുന്നു. ലങ്കയുടെ രണ്ടാം ഇന്നിംഗ്‌സില്‍ 20 റണ്‍സെടുത്ത തിസാര പെരേരയായിരുന്നു ടോപ്‌ സ്‌കോറര്‍. ഓപണര്‍ തരംഗ പരണവിതരണ (പൂജ്യം) ക്യാപ്‌റ്റന്‍ തിലകരത്‌നെ ദില്‍ഷന്‍ (10), കുമാര്‍ സങ്കക്കാര (14), മഹേല ജയവര്‍ദ്ദനെ (15), തിലന്‍ സമരവീര (പൂജ്യം) ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറി വീരന്‍ പ്രസന്ന ജയവര്‍ദ്ദനെ (മൂന്ന്‌) എന്നീ മുന്‍നിരക്കാര്‍ പെട്ടെന്നു പുറത്തായി.


സാനിയ സഖ്യം സെമിയില്‍
ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍
പാരീസ്‌: ഇന്ത്യയുടെ സാനിയ മിര്‍സ-റഷ്യയുടെ എലേന വെസ്‌നിന സഖ്യം ഫ്രഞ്ച്‌ ഓപണ്‍ ടെന്നീസ്‌ വനിതാ ഡബിള്‍സ്‌ സെമിഫൈനലില്‍ പ്രവേശിച്ചു. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യാ-പാക്‌ ജോഡി രോഹന്‍ ബൊപ്പണ്ണയും ഐസാമുല്‍ ഖുറേശിയും ക്വാര്‍ട്ടറില്‍ കടന്നു. ഏഴാം സീഡ്‌ സാനിയ സഖ്യം അര്‍ജന്റീന-ഇറ്റലി ജോഡിയായ ഗിസേല ഡുല്‍കോ-$ാവിയ പെന്നറ്റ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ക്വാര്‍ട്ടറില്‍ കീഴടക്കുകയായിരുന്നു. സ്‌കോര്‍: 6-0, 7-5. ആദ്യമായാണ്‌ സാനിയ ഒരു ഗ്രാന്റ്‌സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ കടക്കുന്നത്‌. 2007 യു.എസ്‌ ഓപണിലും 2008 വിംബിള്‍ഡണിലും ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചതായിരുന്നു ഇതിനു മുമ്പ്‌ സാനിയയുടെ വലിയനേട്ടം.
കസാഖിസ്‌താന്‍-ഉസ്‌ബെകിസ്‌താന്‍ ജോഡി ആന്ദ്രേത്‌ ഗോലുബേവും ഡേനിസ്‌ ഇസ്‌തോമിനുമാണ്‌ അഞ്ചാം സീഡ്‌ ബൊപ്പണ്ണ-ഖുറേശിമാരുടെ മുന്നേറ്റത്തിനു മുമ്പില്‍ വീണുപോയത്‌. 6-3, 7-5 സ്‌കോറിന്‌ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യാ-പാക്‌ സംഘം വിജയം വരിച്ചത്‌. ഒരു മണിക്കൂറും ഒമ്പതു മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. ഒടുവില്‍ കളിച്ച നാലു ഗ്രാന്റ്‌ സ്ലാമുകളില്‍ മൂന്നാം തവണയാണ്‌ ബൊപ്പണ്ണ-ഖുറേശി ക്വാര്‍ട്ടര്‍ കാണുന്നത്‌. ടോപ്‌ സീഡ്‌ അമേരിക്കന്‍ ഇരട്ടകള്‍ മൈക്‌-ബോബ്‌ ബ്രയാന്‍മാരെയാണ്‌ ക്വാര്‍ട്ടറില്‍ ഇരുവരും നേരിടേണ്ടത്‌.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ, സ്‌പെയ്‌നിന്റെ റാഫേല്‍ നദാല്‍ എന്നിവര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അഞ്ചു സെറ്റുനീണ്ട റെക്കോര്‍ഡ്‌ പ്രകടനത്തില്‍ സെര്‍ബ്‌ താരം വിക്ടര്‍ ട്രോയിക്കിയെയാണ്‌ ബ്രിട്ടീഷ്‌ താരം കീഴ്‌പ്പെടുത്തിയത്‌. ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമായ ശേഷം നാടകീയ തിരിച്ചുവരവു നടത്തുകയായിരുന്നു മുറേ. സ്‌കോര്‍: 4-6, 4-6, 6-3, 6-2, 7-5. ഒന്നാം സീഡ്‌ റാഫേല്‍ നദാല്‍ ഇവാന്‍ ലുബിച്ചിനെ 7-5, 6-3, 6-3 സ്‌കോറിന്‌ പരാജയപ്പെടുത്തുകയായിരുന്നു.

മയൂഖക്ക്‌ റെക്കോര്‍ഡ്‌
വുജിയാങ്‌: ട്രിപ്പിള്‍ ജംപിലെ ഇന്ത്യന്‍ റെക്കോര്‍ഡ്‌ ഇനി മയൂഖ ജോണിയുടെ പേരില്‍. ചൈനയിലെ വുജിയാങില്‍ നടക്കുന്ന ഏഷ്യന്‍ ഗ്രാന്‍ പ്രീയില്‍ 14 മീറ്റര്‍ താണ്ടിയാണ്‌ മയൂഖ റെക്കോര്‍ഡ്‌ തന്റെ പേരിലാക്കിയത്‌. ഇന്ത്യന്‍ റെക്കോര്‍ഡ്‌ സൃഷ്ടിച്ചെങ്കിലും വെങ്കല മെഡല്‍ നേടാനേ മയൂഖക്ക്‌ കഴിഞ്ഞുള്ളൂ.
അവസാന ശ്രമത്തിലാണ്‌ മയൂഖ റെക്കോര്‍ഡ്‌ ഭേദിച്ചത്‌. ആദ്യ രണ്ടു ചാട്ടങ്ങളില്‍ യഥാക്രമം 13.91, 13.71 മീറ്റര്‍ ദൂരം പിന്നിട്ട മയൂഖ മൂന്നാം ശ്രമത്തില്‍ 14.02 മീറ്റര്‍ മറികടക്കുകയായിരുന്നു. മീറ്റിലുടനീളം ആധിപത്യം പ്രകടമാക്കുന്ന ചൈനീസ്‌ താരങ്ങള്‍ക്കായിരുന്നു ഈ വിഭാഗത്തിലും ആദ്യ രണ്ടു സ്ഥാനങ്ങള്‍. ഷീ ലിമെയ്‌ (14.16 മീ) ഒന്നാം സ്ഥാനവും ലീ യാന്‍മെയ്‌ (14.05) രണ്ടാം സ്ഥാനവും നേടി.
പുരുഷ വിഭാഗം 800 മീറ്ററില്‍ മത്സരിച്ച ഇന്ത്യയുടെ ഗമണ്ട റാം വെള്ളിയും സജീഷ്‌ ജോസഫ്‌ വെങ്കലവും നേടി. വനിതാ വിഭാഗം ഡിസ്‌കസില്‍ സീമ ആന്റിലിലൂടെയും ഇന്ത്യ വെങ്കലം നേടി.

No comments: