Thursday, June 2, 2011

SUPER DEFEAT

അര്‍ജന്റീനയെ നൈജീരിയ തകര്‍ത്തു
അബൂജ: സൗഹൃദ മത്സരത്തില്‍ രണ്ടാം നിരയുമായി ഇറങ്ങിയ അര്‍ജന്റീനയെ ആതിഥേയരായ നൈജീരിയ 4-1ന്‌ തകര്‍ത്തു. ഉക്രൈന്‍ ഉസ്‌ബെകിസ്‌താനേയും (2-0), മെക്‌സിക്കോ ന്യൂസിലാന്‍ഡിനേയും (3-0) പരാജയപ്പെടുത്തി.
ഇകേചുക്വുവെ ഉച്ച (രണ്ട്‌), വിക്ടര്‍ ഒബിന്ന, ഇമ്മാനുവല്‍ എമിനികെ എന്നിവര്‍ നൈജീരിയക്കു വേണ്ടിയും മൗറോ ബോസെല്ലി അര്‍ജന്റീനക്കു വേണ്ടിയും ലക്ഷ്യം കണ്ടു. മികച്ച രീതിയില്‍ ഷോട്ട്‌ പാസുകളുമായി മുന്നേറിയാണ്‌ നൈജീരിയ ഒന്നാം ഗോള്‍ കണ്ടെത്തിയത്‌. ഒമ്പതാം മിനുട്ടില്‍ അര്‍ജന്റീനയുടെ പകുതിയില്‍ ഇടതുവിംഗില്‍ പന്ത്‌ കൈവിടാതെ മുന്നേറിയ നൈജീരിയ ഇകേചുക്വുവെ ഉച്ചയിലൂടെ ഗോള്‍ കണ്ടെത്തി. ഇകേചുക്വുവിന്റെ ഷോട്ട്‌ തടയാന്‍ ശ്രമിച്ച അര്‍ജന്റൈന്‍ ഡിഫന്‍ഡറുടെ കാലില്‍തട്ടി ഗതിമാറിയ പന്ത്‌ വലയില്‍ കയറിയപ്പോള്‍ ഗോള്‍കീപ്പര്‍ക്ക്‌ ഒന്നും ചെയ്യാനായില്ല. 26-ാം മിനുട്ടില്‍ പെനാല്‍ട്ടിയില്‍ നിന്ന്‌ വിക്ടര്‍ ഒബിന്നയാണ്‌ രണ്ടാം ഗോള്‍ നേടിയത്‌. ആദ്യ പകുതി തീരും മുമ്പ്‌ ഒരിക്കല്‍ കൂടി സന്ദര്‍ശകരുടെ പോസ്‌റ്റില്‍ പന്തെത്തി. അര്‍ജന്റീനാ പ്രതിരോധത്തിലെ പാളിച്ച തുറന്നുകാട്ടി തുന്നുകാട്ടി ഉച്ച രണ്ടാം വട്ടവും സ്‌കോര്‍ ചെയ്‌തു. വലതു പാര്‍ശ്വത്തിലൂടെ പന്ത്‌ കൈമാറി മുന്നേറിയ നൈജീരിയ അനായാസാമാണ്‌ ഗോള്‍ കണ്ടെത്തിയത്‌. ഡിഫന്‍ഡര്‍മാരുടേയും ഗോള്‍കീപ്പറുടേയും ശ്രദ്ധയില്‍പ്പെടാതെ നിന്ന ഉച്ച പരിശീലന വേളയിലെന്ന പോലെയാണ്‌ പന്ത്‌ പോസ്‌റ്റിലേക്ക്‌ ഹെഡ്‌ ചെയ്‌തത്‌.
51-ാം മിനുട്ടില്‍ ഇമ്മാനുവല്‍ എമിനികെ ഗോളടിച്ചത്‌ കണ്ടാല്‍ എതിര്‍ടീം അര്‍ജന്റീന തന്നെയാണോയെന്ന്‌ തോന്നിപ്പോകും. ലാറ്റിനമേരിക്കന്‍ ടീമിന്റെ പോസ്‌റ്റിലേക്ക്‌ എമനികെ ഓടിക്കയറുമ്പോള്‍ അര്‍ജന്റീന ഡിഫന്‍ഡര്‍മാര്‍ നോക്കി നില്‍ക്കുകയായിരുന്നു. അഡ്വാന്‍സ്‌ ചെയ്‌തുനിന്ന ഗോള്‍കീപ്പറുടെ തലക്കു മുകളിലൂടെ തുറന്നുകിടന്ന വലയിലേക്ക്‌ പന്ത്‌ പൊക്കിയിട്ടു. അധികം നല്‍കിയ എട്ടാം മിനുട്ടില്‍ പെനാല്‍ട്ടിയില്‍ നിന്നാണ്‌ അര്‍ജന്റീന ആശ്വാസ ഗോള്‍ കണ്ടെത്തിയത്‌.
ജൂലൈയില്‍ ആരംഭിക്കുന്ന കോപ്പ അമേരിക്കക്ക്‌ തയാറെടുക്കുന്ന അര്‍ജന്റീനക്കും കോച്ച്‌ സെര്‍ജിയോ ബാറ്റിസ്‌റ്റക്കും കരുതിയിരിക്കാനുള്ള മുന്നറിയിപ്പായിരുന്നു അബൂജയിലെതോല്‍വി. ഞായറാഴ്‌ച നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന പോളണ്ടിനേയും, ബ്രസീല്‍ ഹോളണ്ടിനേയും, സ്‌പെയ്‌ന്‍ അമേരിക്കയേയും നേരിടും.

കോപാ അമേരിക്ക
ആക്രമിക്കാന്‍ അര്‍ജന്റീന
ബ്യൂണസ്‌ അയേഴ്‌സ്‌: ജൂലൈ ഒന്നുമുതല്‍ അര്‍ജന്റീനയില്‍ നടക്കാനിരിക്കുന്ന കോപാ അമേരിക്കക്കുള്ള 26 അംഗ ആദ്യ സംഘത്തെ അര്‍ജന്റീന പ്രഖ്യാപിച്ചു. അനിശ്ചിതത്വങ്ങള്‍ക്ക്‌ വിരാമമിട്ടു കൊണ്ട്‌ മാഞ്ചസ്റ്റര്‍ സിറ്റി നായകന്‍ കാര്‍ലോസ്‌ ടെവസിനെ കോച്ച്‌ സെര്‍ജിയോ ബാറ്റിസ്‌റ്റ ടീമിലെടുത്തിട്ടുണ്ട്‌. ടെവസും ലയണല്‍ മെസ്സിയുമടക്കം ഏഴു പേരെയാണ്‌ മുന്നേറ്റ നിരയില്‍ കോച്ച്‌ ഉള്‍പ്പെടുത്തിയത്‌. ടെവസിനെ ഉള്‍പ്പെടുത്താനിടയില്ലെന്ന കോച്ചിന്റെ പ്രസ്‌താവനക്കെതിരെ മുന്‍ കോച്ച്‌ ഡീഗോ മറഡോണ രംഗത്തു വന്നത്‌ നേരത്തെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
14 കോപാ കിരീടങ്ങളുമായി വന്‍കരയില്‍ ഉറുഗ്വേക്കൊപ്പം മുന്നിട്ടു നില്‍ക്കുന്ന അര്‍ജന്റീനക്ക്‌ 1993 നു ശേഷം കിരീടമുയര്‍ത്താനായിട്ടില്ല. ഇത്തവണ കളി നാട്ടിലാണെന്നതിന്റെ മുന്‍തൂക്കം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്‌ മുന്‍ ലോകചാമ്പ്യന്‍മാര്‍. അവസാന രണ്ടു ഫൈനലുകളില്‍ ബദ്ധ വൈരികളായ ബ്രസീലിനു മുമ്പില്‍ തോറ്റു പോയ അര്‍ജന്റീന ലോകതാരം ലയണല്‍ മെസ്സിയടക്കമുള്ള വമ്പന്‍മാരെ വെച്ച്‌ വിലപേശാനുള്ള ഒരുക്കത്തിലാണ്‌ ഈ വര്‍ഷം. മധ്യനിരയില്‍ ഹാവിയര്‍ മസ്‌കരാനോ, മുന്‍നിരയില്‍ മെസ്സി എന്നീ ബാര്‍സലോണാ താരങ്ങളായിരിക്കും അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. യുവതാരങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കിയുള്ള ടീമിനെയാണ്‌ കോച്ച്‌ ബാറ്റിസ്‌റ്റ പ്രഖ്യാപിച്ചതെങ്കിലും ഹാവിയര്‍ സനേട്ടി, നിക്കോളാസ്‌ ബുര്‍ഡിസ്സോ തുടങ്ങിയ വെറ്ററന്‍മാരും ടീമിലിടം പിടിച്ചിട്ടുണ്ട്‌.
ടീം ഇവരില്‍ നിന്ന്‌:
(ഗോള്‍കീപ്പര്‍മാര്‍)- സെര്‍ജിയോ റോമിറോ, യുവാന്‍ പാബ്ലോ കരീസോ, മരിനോ അന്ദുജാര്‍. (ഡിഫന്‍ഡര്‍മാര്‍)- ഗബ്രിയേല്‍ മിലിറ്റോ, എസെക്വിയേല്‍ ഗാരെ, നിക്കോളാസ്‌ ബുര്‍ഡീസോ, ഹാവിയര്‍ സനേട്ടി, നിക്കോളാസ്‌ പരേയ, മാര്‍ക്കോസ്‌ റോയോ, പാബ്ലോ സബലേറ്റ, ഫാബിയന്‍ മോണ്‍സണ്‍. (മിഡ്‌ഫീല്‍ഡര്‍മാര്‍)- ഹാവിയര്‍ മസ്‌കരാനോ, ലൂകാസ്‌ ബിഗ്ലിയ, എവര്‍ ബനേഗ, ഫെര്‍ണാണ്ടോ ഗാഗോ, എന്‍സോ പെരെസ്‌. (സ്‌ട്രൈക്കര്‍മാര്‍)- ലയണല്‍ മെസ്സി, എയ്‌ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ ഹിഗ്വയ്‌ന്‍, സെര്‍ജിയോ അഗ്യൂറോ, എസെക്വിയേല്‍ ലാവേസി, കാര്‍ലോസ്‌ ടെവസ്‌, ഡീഗോ മിലിറ്റോ.

കോപ്പാ അമേരിക്ക (ജൂലൈ1-24)
ടീമുകള്‍
ഗ്രൂപ്പ്‌്‌-എ
അര്‍ജന്റീന, ബൊളീവിയ, കൊളംബിയ, കോസ്‌റ്റാറിക്ക
ഗ്രൂപ്പ്‌-ബി
ബ്രസീല്‍, പരാഗ്വെ, ഇക്വഡോര്‍, വെനിസ്വേല
ഗ്രൂപ്പ്‌-സി
ഉറൂഗ്വെ, മെക്‌സിക്കോ, ചിലി, പെറു


സാനിയ സഖ്യം ഫൈനലില്‍
പാരീസ്‌: ഇന്ത്യയുടെ സാനിയ മിര്‍സ - റഷ്യയുടെ എലേന വെസ്‌നിന സഖ്യം ഫ്രഞ്ച്‌ ഓപണ്‍ വനിതാ ഡബിള്‍സ്‌ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ അമേരിക്കയുടെ ലീസല്‍ ഹ്യൂബര്‍-ലിസ റെയ്‌മണ്ട്‌ സഖ്യത്തെയാണ്‌ കീഴടക്കിയത്‌. സ്‌കോര്‍: 6-3, 2-6, 6-4. ഗ്രാന്റ്‌ സ്ലാം ഡബിള്‍സില്‍ തന്റെ കന്നി ഫൈനലിനാണ്‌ സാനിയ യോഗ്യത നേടിയത്‌.
ടൂര്‍ണമെന്റിലെ ഏഴാം സീഡായ സാനിയ-വെസ്‌നിയ ജോഡി രണ്ടാം സെറ്റിലെ തോല്‍വി മറികടന്ന്‌ മൂന്നു സെറ്റ്‌ പോരാട്ടത്തിലാണ്‌ സെമികടമ്പ കടന്നത്‌. ആദ്യ സെറ്റില്‍ 4-1ന്റെ ലീഡ്‌ പിടിച്ചെടുത്ത ശേഷം 30 മിനുട്ടിനുള്ളില്‍ ആദ്യ സെറ്റ്‌ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ തിരിച്ചടി നേരിട്ടു. ഇരുവരുടേയും സെര്‍വുകള്‍ മൂന്നു തവണ ഭേദിച്ച എതിരാളികള്‍ 38 മിനുട്ടിനുള്ളില്‍ 2-6ന്‌ തോല്‍വി സമ്മതിച്ചു. ഇതോടെ മൂന്നാം സെറ്റ്‌ നിര്‍ണായകമായി. എന്നാല്‍ തുടക്കത്തിലേ രണ്ട്‌ ഗെയ്‌മിന്റെ ലീഡ്‌ നേടിയ ഇരുവരും എതിരാളികളെ തിരിച്ചുവരാന്‍ അനുവദിച്ചില്ല.
ഫൈനലില്‍ സീഡില്ലാതാരങ്ങളായ ചെക്ക്‌ റിപ്പബ്ലിക്കിന്റെ ആന്‍ഡ്രിയ ഹ്ലാവാക്കോവ-ലൂസി ഹ്രാഡെക്കയെയാണ്‌ ഇന്ത്യ-റഷ്യ സംഖ്യം നേരിടേണ്ടത്‌. മൂന്നാം സീഡ്‌ അമേരിക്കയുടെ വാനിയ കിംഗ്‌ - കസാഖ്‌സ്‌താന്റെ യാരോസ്ലാവ ഷ്വെദോവ ടീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ മറിച്ചിട്ടാണ്‌ ചെക്ക്‌ താരങ്ങള്‍ ഫൈനലിലേക്ക്‌ പറന്നത്‌. സ്‌കോര്‍: 6-3, 6-3.
മൂന്നാം തവണയാണ്‌ സാനിയ ഗ്രാന്റ്‌സ്ലാം ഫൈനല്‍ കളിക്കുന്നത്‌. മുമ്പ്‌ രണ്ടു തവണ ഓസ്‌ട്രേലിയന്‍ ഓപണില്‍ മിക്‌സഡ്‌ ഡബിള്‍സില്‍ ഹൈദരാബാദുകാരി ഫൈനല്‍ കണ്ടിരുന്നു. സാനിയ-മഹേഷ്‌ ഭൂപതി സഖ്യം 2008 യു.എസ്‌ ഓപണില്‍ ഫൈനല്‍ കളിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും പിറ്റേ വര്‍ഷം ഇന്ത്യന്‍ സഖ്യം ഓസ്‌ട്രേലിയന്‍ ഓപണില്‍ വിജയം വരിച്ചു.
ഫെബ്രുവരിയിലാണ്‌ വെസ്‌നിയയുമായി സാനിയ സഖ്യം ചേര്‍ന്നത്‌. കാല്‍മുട്ടിനു താഴെ ബാന്‍ഡേജ്‌ ധരിച്ചാണ്‌ കളിച്ചതെങ്കിലും പരിക്കിന്റെ അലട്ടലുകളൊന്നും സാനിയയുടെ കളിയില്‍ പ്രകടമായില്ല.

ഒക്കോലിക്ക്‌ പൊന്നും വില
രണ്ടു കോടിക്ക്‌ ബഗാനില്‍ / ഒക്കോലി ഇനി ബഗാന്റെ 'പൊന്നു'മോന്‍
കൊല്‍ക്കത്ത: ഐലീഗ്‌ ടീം ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഒഡാഫെ ഒക്കോലി റെക്കോര്‍ഡ്‌ തുകക്ക്‌ കൊല്‍ക്കത്തയുടെ മോഹന്‍ ബഗാനിലേക്ക്‌. ഗോവന്‍ ടീമിന്റെ ഗോളടി യന്ത്രത്തെ വാങ്ങാന്‍ ബഗാന്‍ വാഗ്‌ദാനം ചെയ്‌ത രണ്ടു കോടി ഇന്ത്യന്‍ ഫുട്‌ബോള്‍ ട്രാന്‍ഫറിലെ റെക്കോര്‍ഡ്‌ തുകയാണ്‌. തുടര്‍ച്ചയായ മൂന്നു സീസണുകളില്‍ ഐലീഗിലെ ടോപ്‌ സ്‌കോററാകാന്‍ കഴിഞ്ഞതാണ്‌ ഒക്കോലിയുടെ മൂല്യം വര്‍ദ്ധിപ്പിച്ചത്‌.
2007-08 മുതല്‍ തുടരെ മൂന്നു കൊല്ലം ഗോളടിയില്‍ എതിരാളികളില്ലാതെ കുതിച്ച ഒക്കോലി ഇത്തവണ പക്ഷേ റാന്റി മാര്‍ട്ടിന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌. അവസാന മത്സരത്തിനു തൊട്ടു മുമ്പ്‌ വരെ ഒന്നാമതുണ്ടായിരുന്ന ഒക്കോലിയെ ചതിച്ചത്‌ എയര്‍ ഇന്ത്യയായിരുന്നു. ഡെംപോയോട്‌ 14 ഗോളുകള്‍ക്ക്‌ എയര്‍ ഇന്ത്യ തോറ്റമത്സരത്തില്‍ ആറു ഗോള്‍ നേടിയാണ്‌ റാന്റി മാര്‍ട്ടിന്‍സ്‌ ഒക്കോലിയെ രണ്ടാമനാക്കിയത്‌. ഒക്കോലിയുടെ പേരില്‍ 25 ഗോളുകള്‍ പിറന്നപ്പോള്‍ മാര്‍ട്ടിന്‍സ്‌ 30 എണ്ണം നേടി. സാല്‍ഗോക്കറിന്റെ ജപ്പാന്‍ താരം റ്യൂജി സ്യൂക്ക 18 ഗോളുകള്‍ നേടി മൂന്നാം സ്ഥാനം സ്വന്തമാക്കി.
ഇത്‌ ബഗാന്റെ ചരിത്രത്തിലെ മഹത്തായ ദിവസമാണെന്നാണ്‌ ജനറല്‍ സെക്രട്ടറി അഞ്‌ജന്‍ മിത്ര പറഞ്ഞത്‌. ഇത്തവണ ആറാം സ്ഥാനത്താണ്‌ ബഗാന്‍ ഫിനിഷ്‌ ചെയ്‌തത്‌. അടുത്ത സീസണില്‍ ഒക്കോലിയുടെ ചിറകിലേറി ഐ ലീഗിലെ ഗോവന്‍ ആധിപത്യം അവസാനിപ്പിക്കാമെന്നും പ്രതാപ നാളുകള്‍ തിരിച്ചു കൊണ്ടുവരാമെന്നുമാണ്‌ കൊല്‍ക്കത്തക്കാര്‍ സ്വപ്‌നം കാണുന്നത്‌. ഒക്കോലിയും ജോസ്‌ ബാരെറ്റോയും നയിക്കുന്ന മുനകൂര്‍ത്ത ആക്രമണങ്ങളായിരിക്കും അടുത്ത സീസണില്‍ ബഗാന്റെ എതിരാളികള്‍ നേരിടേണ്ടി വരിക. ബാരെറ്റോക്കൊപ്പം കളിക്കാന്‍ കഴിയുന്നതോടെ താന്‍ ആദരിക്കപ്പെടുകയാണെന്ന്‌ ഒക്കോലി പറഞ്ഞു. അടുത്ത സീസണില്‍ ബാരെറ്റോക്കൊപ്പം ചേര്‍ന്ന്‌ കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ടീമിനെ സഹായിക്കുമെന്നും നൈജീരിയന്‍ വിസ്‌മയം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ തരംഗം സുനില്‍ ഛേത്രിയും ഒക്കോലിക്ക്‌ പ്രശംസയുമായി രംഗത്തെത്തി. ഒക്കോലി അത്ഭുത താരമാണെന്നും അദ്ദേഹത്തിന്റെ നിലവാരമുള്ള ഒരു സ്‌ട്രൈക്കര്‍ ടീമിലുണ്ടാകാന്‍ ആരും ആഗ്രഹിച്ചു പോകുമെന്നും ഛേത്രി പറഞ്ഞു. ഒക്കോലി ഒരു ഗോളടി യന്ത്രമാണെന്നും ബഗാന്‍ ഉന്നത നിലവാരമുള്ള ക്ലബാണെന്നും ഈ കൂട്ടുകെട്ട്‌ ലാഭം കൊയ്യുമെന്നും സാല്‍ഗോക്കര്‍ പരിശീലകന്‍ കരീം ബെന്‍ചെരിഫ
അഭിപ്രായപ്പെട്ടു. അതേസമയം വിരുദ്ധാഭിപ്രായവുമായാണ്‌ മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ പരിശീലകനുമായ പികെ ബാനര്‍ജി ശ്രദ്ധിക്കപ്പെട്ടത്‌. രണ്ടു കോടി ഒരു വിദേശതാരത്തിന്‌ ചെലവഴിക്കുന്നതിനേക്കാള്‍ ഇവിടെയുള്ള പ്രാദേശിക താരങ്ങളുടെ കഴിവു വളര്‍ത്താനുപയോഗിക്കുന്നതായിരുന്നു നല്ലതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

അഫ്രീദി വിവാദം:
വഖാര്‍ പ്രതികരിച്ചില്ല
ലാഹോര്‍: താനുമായും ക്രിക്കറ്റ്‌ ബോര്‍ഡുമായും പിണങ്ങി കരിയറവസാനിപ്പിച്ച മുന്‍ നായകന്‍ ശാഹിദ്‌ അഫ്രീദിയുടെ കാര്യത്തില്‍ എന്തെങ്കിലും പ്രതികരിക്കാന്‍ പാകിസ്‌താന്‍ പരിശീലകന്‍ വഖാര്‍ യൂനുസ്‌ വിസമ്മതിച്ചു. അയര്‍ലണ്ട്‌ പര്യടനം കഴിഞ്ഞ്‌ മടങ്ങിയെത്തിയ വഖാര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ ഇജാസ്‌ ബട്ടുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ എന്തെങ്കിലും പ്രതികരിക്കാന്‍ കഴിയൂ എന്ന്‌ പ്രസ്‌താവിച്ചു. 'ഇപ്പോള്‍ ഒന്നും പ്രതികരിക്കാന്‍ കഴിയില്ല. എന്നെക്കുറിച്ച്‌ അഫ്രീദി പറഞ്ഞു എന്നു പറഞ്ഞതായുള്ള കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നുമാത്രമാണ്‌ ഞാനറിഞ്ഞത്‌. ഞാന്‍ ബോര്‍ഡ്‌ ചെയര്‍മാനുമായി സംസാരിച്ചിട്ട്‌ വിഷയത്തിലെ യാഥാര്‍ത്ഥ്യമെന്താണെന്ന്‌ മനസ്സിലാക്കട്ടെ. വിരമിക്കാനുള്ള തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്‌. എന്നാല്‍ ദുഖകരമാണ്‌. നായകനെ മാറ്റാനുള്ള അധികാരം ബോര്‍ഡിന്റെ വിശേഷാധികാരത്തില്‍പ്പെട്ടതാണ്‌. എന്റെ തീരുമാനമല്ല.' വഖാര്‍ പറഞ്ഞു.

യോഗേന്ദ്ര പാല്‍ ഐ.സി.സി
അഴിമതിവിരുദ്ധ സംഘ തലവന്‍
(എസ്‌.പി യോഗേന്ദ്ര പാല്‍)
ദുബൈ: യോഗേന്ദ്ര പാല്‍ സിംഗിനെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ അഴിമതി വിരുദ്ധ സുരക്ഷാ സംഘ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. 2007 മുതല്‍ ഈ സ്ഥാനം വഹിക്കുന്നത്‌ ഇന്ത്യക്കാരന്‍ തന്നെയായ രവി സവാനിയായിരുന്നു. സി.ബി.ഐ മുന്‍ ജോയിന്റ്‌ ഡയറക്ടറാണ്‌ 55 കാരന്‍ യോഗേന്ദ്ര പാല്‍.

ഇന്ത്യന്‍ ഹോക്കിയിലെ മുതുമുത്തഛന്‍
ജോ ഗലിബാര്‍ഡി അന്തരിച്ചു
(ചിത്രം. എസ്‌.പി ഗലിബാര്‍ഡി)
ലണ്ടന്‍: 1936ല്‍ സ്വര്‍ണ മെഡല്‍ നേടി ഇന്ത്യന്‍ ഹോക്കി ടീമിലെ അവസാനത്തെ അംഗവും യാത്രയായി. ജോസഫ്‌ ഗലിബാര്‍ഡി എന്ന ജോ ഗലിബാര്‍ഡിയാണ്‌ (96 വയസ്സ്‌) ലണ്ടനില്‍ അന്തരിച്ചത്‌. ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ കീഴില്‍ സ്വര്‍ണമെഡല്‍ നേടിയ '36ലെ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവരില്‍ അവസാനത്തെ കളിക്കാരന്‍ എന്ന നിലയിലാണ്‌ ഗലിബാര്‍ഡി ഓര്‍മിക്കപ്പെട്ടത്‌. ഇടംകൈ സ്‌പെഷ്യലിസ്റ്റായ ഗലിബാര്‍ഡി ജര്‍മനിയെ ഇന്ത്യ 8-1ന്‌ പരാജയപ്പെടുത്തിയ ഫൈനലില്‍ കളിച്ചിട്ടുണ്ട്‌.
1956ല്‍ മാതാപിതാക്കള്‍ക്കും ഏഴു കുട്ടികള്‍ക്കുമൊപ്പം ഇംഗ്ലണ്ടിലേക്ക്‌ കുടിയേറുകയായിരുന്നു. ലണ്ടന്‍ നഗരത്തിനടുത്ത്‌ വാല്‍ത്താംപ്‌സ്റ്റൗവിലായിരുന്നു ശേഷകാലം കഴിഞ്ഞത്‌.

ഷറപ്പോവ മുട്ടുമടക്കി
ചരിത്രമെഴുതാന്‍ ലീ
പാരീസ്‌: വനിതാ ടെന്നീസിലെ പുതിയ താരോദയം ലീ നാ ഫ്രഞ്ച്‌ ഓപണ്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ റഷ്യയുടെ മുന്‍ ഗ്ലാമര്‍ താരം മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ വീഴ്‌ത്തിയാണ്‌ തുടരെ രണ്ടാം ഗ്രാന്റ്‌സ്ലാം ഫൈനലിന്‌ ചൈനക്കാരി യോഗ്യത നേടിയത്‌. സ്‌കോര്‍: 6-4, 7-5.
ഓസ്‌ട്രേലിയന്‍ ഓപണില്‍ ഫൈനല്‍ കളിച്ച ലീ നാ ഗ്രാന്റ്‌ സ്ലാം ഫൈനല്‍ കളിക്കുന്ന പ്രഥമ ചൈനീസ്‌ താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റില്‍ ഷറപ്പോവയുടെ പോരാട്ട വീര്യത്തെ ടൈബ്രേക്കറില്‍ മറികടന്നാണ്‌ ലീന തുടരെ ഗ്രാന്റ്‌ സ്ലാം ഫൈനല്‍ കളിക്കാന്‍ അര്‍ഹതനേടിയത്‌. അതേസമയം ഷറപ്പോവയുടെ തോല്‍വിയില്‍ കാറ്റ്‌ നിര്‍ണായകമായിരുന്നെന്ന വാദമുണ്ട്‌. കാറ്റ്‌ പ്രതികൂല സാഹചര്യം സൃഷ്ടിച്ചപ്പോള്‍ ഷറപ്പോവയുടെ സര്‍വുകള്‍ ഫലപ്രദമാകാതെ പോകുകയായിരുന്നു. ഏഴാം സീഡ്‌ റഷ്യക്കാരി 10 ഡബിള്‍ ഫാള്‍ട്ടുകളാണ്‌ വരുത്തിയത്‌. ലീ 24 വിന്നറുകള്‍ പായിച്ചു. 11ല്‍ എട്ടു ബ്രേക്ക്‌ പോയിന്റുകളും ചൈനീസ്‌ താരം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സെസ്‌ക ഷിയാവോണ്‍-മരിയണ്‍ ബര്‍ട്ടോളി രണ്ടാം സെമി ഫൈനല്‍ വിജയിയെ ലീ ഫൈനലില്‍ നേരിടും.

ഇന്ത്യ-വിന്‍ഡീസ്‌ നാളെ മുതല്‍
ഉത്സാഹത്തിലെന്ന്‌ റെയ്‌ന
പോര്‍ട്ട്‌ഓഫ്‌ സ്‌പെയ്‌ന്‍ (ട്രിനിഡാഡ്‌): ഇന്ത്യ-വെസ്റ്റിന്‍ഡീസ്‌ പരമ്പര നാളെ ആരംഭിക്കും. ട്രിനിഡാഡിഡിലെ പോര്‍ട്ട്‌ ഓഫ്‌ സ്‌പെയ്‌നില്‍ പരമ്പരയിലെ ഏക ടി20 മത്സരമാണ്‌ ആദ്യം. ടി20, ഏകദിന മത്സരങ്ങള്‍ക്ക്‌ സുരേഷ്‌ റെയ്‌നയാണ്‌ നായകന്‍. മുതിര്‍ന്ന താരങ്ങള്‍ക്ക്‌ വിശ്രമം അനുവദിക്കപ്പെട്ടതോടെ രണ്ടാം നിരയാണ്‌ പരിമിത ഓവറുകളില്‍ ടീമിനെ പ്രതിനിധീകരിക്കുന്നത്‌. ടെസ്റ്റ്‌ മത്സരങ്ങള്‍ക്ക്‌ ക്യാപ്‌റ്റന്‍ ധോണിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും. ഒരു ടി20യും അഞ്ച്‌ ഏകദിനങ്ങളും മൂന്ന്‌ ടെസ്റ്റുകളുമാണ്‌ പരമ്പരയിലുള്ളത്‌.
ബുധനാഴ്‌ച 8.30ന്‌ ഇന്ത്യന്‍ താരങ്ങള്‍ ട്രിനിഡാഡിലെ പിയാര്‍ക്കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ വിമാനമിറങ്ങി. സ്വീകരിക്കാന്‍ ട്രിനിഡാഡ്‌ ആന്റ്‌ ടൊബാഗോ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഔദ്യോഗിക പ്രതിനിധികള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മുംബൈയില്‍ നിന്ന്‌ ലണ്ടന്‍-ബാര്‍ബഡോസ്‌ വഴി ദീര്‍ഘ യാത്ര കഴിഞ്ഞെത്തിയ ഇന്ത്യന്‍ സംഘം ക്ഷീണിതരായിരുന്നു. നായകന്‍ റെയ്‌നയടക്കം പലരുടേയും കണ്ണുകളില്‍ ഉറക്കമിളച്ചതിന്റെ ക്ഷീണം കാണാനുണ്ടായിരുന്നു. എങ്കിലും ടി20, ഏകദിന മത്സരങ്ങളില്‍ തന്റെ ടീം വിജയം വരിക്കുമെന്ന്‌ ആത്മവിശ്വാസത്തോടും ഉന്മേഷത്തോടും കൂടിയാണ്‌ ഉത്തര്‍ പ്രദേശുകാരന്‍ പറഞ്ഞത്‌.
'ഇത്‌ യുവനിരയാണ്‌. താരങ്ങള്‍ രാജ്യത്തിനും അവര്‍ക്കും വേണ്ടി മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെക്കും. അങ്ങേയറ്റത്തെ ഉത്സാഹത്തിലാണ്‌ അവരെല്ലാവരും.' റെയ്‌ന പറഞ്ഞു. കരിയര്‍ പടുത്തുയര്‍ത്താനാഗ്രഹിക്കുന്ന യുവസംഘമാണ്‌ പരമ്പരക്കെത്തിയിരിക്കുന്നതെന്നും യാത്രാ ക്ഷീണം കളിയെ ബാധിക്കുമെന്ന്‌ കരുതുന്നില്ലെന്നും വൈസ്‌ ക്യാപ്‌റ്റന്‍ ഹര്‍ഭജന്‍ സിംഗ്‌ അഭിപ്രായപ്പെട്ടു.

മത്സര ക്രമം
തിയ്യതി, മത്സരം, വേദി
ജൂണ്‍-4 ടി20 ട്രിനിഡാഡ്‌
ജൂണ്‍-6 1-ാം ഏകദിനം ട്രിനിഡാഡ്‌
ജൂണ്‍-8 2-ാം ഏകദിനം ട്രിനിഡാഡ്‌
ജൂണ്‍-11 3-ാം ഏകദിനം ആന്റിഗ്വ
ജൂണ്‍-13 4-ാം ഏകദിനം ആന്റിഗ്വ
ജൂണ്‍-16 5-ാം ഏകദിനം ജമൈക്ക
ജൂണ്‍-20 1-ാം ടെസ്റ്റ്‌ ജമൈക്ക
ജൂണ്‍-28 2-ാം ടെസ്റ്റ്‌ ബാര്‍ബഡോസ്‌
ജൂലൈ-6 3-ാം ടെസ്‌റ്റ്‌ ഡൊമിനിക്ക

കോപ്പയൊരുങ്ങി, അര്‍ജന്റീനയും
ബ്യൂണസ്‌അയേഴ്‌സ്‌: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അങ്കക്കളരി കോപ്പാ അമേരിക്കയുടെ പോരാട്ടനാളുകള്‍ക്ക്‌ ഇനി 30 ദിവസത്തെ ദൂരം. 43-ാം കോപ്പാഅമേരിക്ക ചാമ്പ്യന്‍ഷിപ്പിന്‌ ആതിഥേയത്വമരുളുന്നത്‌ ഇതിഹാസതാരം ഡിഗോ മറഡോണയുടേയും വര്‍ത്തമാന കാല ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സിയുടേയും നാട്ടുകാര്‍-അര്‍ജന്റീന. ജൂലൈ-1ന്‌ ബ്യൂണസ്‌ അയേഴ്‌സിലെ ലാ പ്ലാറ്റ സ്റ്റേഡിയത്തില്‍ അര്‍ജന്റീന-ബൊളീവിയ പോരാട്ടത്തോടെ കോപ്പതേടി പന്തുരുളും. ജൂലൈ 24ന്‌ ഇതേനഗരത്തിലെ മോണ്യുമെന്റല്‍ ആന്റോണിയോ വെസ്‌പൂച്യോ ലിബര്‍ട്ടി സ്‌റ്റേഡിയത്തിലാണ്‌ കലാശക്കളി.
ബാര്‍സലോണയുടെ ലയണല്‍ മെസ്സി, ഡാനി ആല്‍വസ്‌, ഹാവിയര്‍ മസ്‌കരാനോ, റയല്‍ മാഡ്രിഡിന്റെ കക്കാ, ഗോണ്‍സാലോ ഹിഗ്വയ്‌ന്‍, മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ കാര്‍ലോസ്‌ ടെവസ്‌, എ.സി മിലാന്റെ റോബീഞ്ഞോ, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഹാവിയര്‍ ചിച്ചാരിറ്റോ ഹെര്‍ണാണ്ടസ്‌, ഫാബിയോ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ താരം ഡീഗോ ഫോര്‍ലാന്‍, ലിവര്‍പൂളിന്റെ ലൂയി സുവാരസ്‌ തുടങ്ങിയ വമ്പന്‍മാര്‍ അണിനിരക്കുന്ന കോപ്പ ഗ്ലാമറില്‍ ഒട്ടും പിന്നിലല്ല. നിലവിലെ ചാമ്പ്യന്‍മാര്‍ ബ്രസീലും ചിരവൈരികളും ആതിഥേയരുമായ അര്‍ജന്റീനയും തമ്മിലുള്ള സ്വപ്‌ന ഫൈനലിനാണ്‌ ലോകം കാത്തിരിക്കുന്നത്‌. 2004, 2007 ഫൈനലുകളില്‍ ബ്രസീലിനോട്‌ അടിയറവെച്ച കപ്പ്‌ അര്‍ജന്റീന തിരികെപ്പിടിക്കുമോ അതോ ബ്രസീല്‍ ഹാട്രിക്ക്‌ തികയ്‌ക്കുമോ എന്നതാണ്‌ 43-ാം കോപ്പക്കു മുമ്പുള്ള ചോദ്യം.
എ,ബി,സി എന്നിങ്ങനെ മൂന്നു ഗ്രൂപ്പായി തിരിഞ്ഞ്‌ ആദ്യ റൗണ്ട്‌ മത്സരങ്ങള്‍ നടക്കും. ആതിഥേയരായ അര്‍ജന്റീന ബൊളീവിയ, കൊളംബിയ, കോസ്‌റ്റാറിക്ക ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ്‌-എയിലാണ്‌. നിലവിലെ ചാമ്പ്യന്‍മാര്‍ ബ്രസീല്‍ ഗ്രൂപ്പ്‌ ബിയിലാണ്‌. വെനിസ്വേല, പരാഗ്വെ, ഇക്വഡോര്‍ ടീമുകളാണ്‌ ബ്രസീലിനൊപ്പം. എന്നാല്‍ സന്ദര്‍ശക ടീം മെക്‌സിക്കോ, ലോകകപ്പിലെ സെമിഫൈനലിസ്റ്റുകള്‍ ഉറൂഗ്വെ, ലോകകപ്പില്‍ വിസ്‌മയക്കുതിപ്പ്‌ നടത്തിയ ചിലി എന്നിവരടങ്ങുന്ന ഗ്രൂപ്പ്‌ സിയാണ്‌ മരണ ഗ്രൂപ്പ്‌. പെറുവാണ്‌ ഗ്രൂപ്പിലെ നാലാം ടീം.
ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ടു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്‌ യോഗ്യത നേടും. ജൂലൈ 16 മുതല്‍ ക്വാര്‍ട്ടര്‍ ഘട്ടം ആരംഭിക്കും. 19,20 തിയ്യതികളില്‍ സെമിയും 24ന്‌ ഫൈനലും അരങ്ങേറും.

വോളി ലീഗ്‌
കേരളം കൊലവിളിച്ചു
ബംഗളൂരു: നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ചെന്നൈ സ്‌പൈക്കേഴ്‌സിനെ മലര്‍ത്തിയടിച്ച്‌ കേരള കില്ലേഴ്‌സ്‌ ഇന്ത്യന്‍ വോളി ലീഗില്‍ തിരിച്ചുവരവ്‌ നടത്തി. ബംഗളൂരുവിലെ ശ്രീ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരാളികളെ മത്സരത്തിന്റെ സമസ്‌ത മേഖലകളിലും നിഷ്‌പ്രഭരാക്കിയാണ്‌ കില്ലേഴ്‌സ്‌ വിജയം നേടിയത്‌. സ്‌കോര്‍: 25-21, 25-23, 25-18.
തലേദിവസം മറാത്താ വാരിയേഴ്‌സിനെ കീഴടക്കിയ പ്രകടനത്തിന്റെ നിഴലിലായിരുന്നു ചെന്നൈ. ബ്ലോക്കിംഗില്‍ മികവ്‌ പുലര്‍ത്തിയ കെ.പി ശമീമും ജി.ആര്‍ വൈഷ്‌ണവുമാണ്‌ ചെന്നൈയുടെ പോരാട്ടത്തെ ഇല്ലാതാക്കിയത്‌. ഒരു മണിക്കൂറും ഏഴു മിനുട്ടും കൊണ്ട്‌ കേരള കില്ലേഴ്‌സ്‌ കളിജയിച്ചു. കേരള ടീമിന്റേത്‌ അട്ടിമറിയാണെന്ന വാദത്തെ പക്ഷേ കോച്ച്‌ കെ.അബ്ദുല്‍ നാസര്‍ നിഷേധിച്ചു. 'ഫലം ഞാന്‍ പ്രതീക്ഷിച്ചതാണ്‌. ഇന്നലെ ചെന്നൈയുടെ മത്സരം ഞങ്ങള്‍ നിരീക്ഷിച്ചിരുന്നു. അതിനാല്‍ പ്രത്യേക പദ്ധതികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. എല്ലാം വിജയകരമാകുകയും ചെയ്‌തു.' യാനം ടൈഗേഴ്‌സിനോട്‌ തോറ്റതിനു പിന്നില്‍ തളര്‍ച്ചയാണെന്ന്‌ നാസര്‍ പറഞ്ഞു. ഞങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളും അഞ്ചു സെറ്റ്‌ നീണ്ടിരുന്നു. സ്വാഭാവികമായും താരങ്ങള്‍ തളര്‍ന്നിരുന്നു. കോച്ച്‌ പറഞ്ഞു.
ആദ്യ സെറ്റില്‍ മിക്ക സമയത്തും ഒന്നോ രണ്ടോ പോയിന്റിനു മാത്രം പി്‌ന്നിലായിരുന്നു ചെന്നൈ. എന്നാല്‍ 10-20ല്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന്‌ കുതിച്ചെത്തിയ ശഹീമിന്റെ കരുത്തുറ്റ സ്‌മാഷ്‌ എതിര്‍ കോര്‍ട്ടിന്റെ വലതു വശത്താണ്‌ പതിച്ചത്‌. ജിന്‍സണ്‍ വര്‍ഗീസും ശ്യാംജീ തോമസും വിജയകരമായ രണ്ട്‌ പ്രതിരോധങ്ങളുമായി അവസരത്തിനൊത്തുയരുക കൂടി ചെയ്‌തതോടെ കേരള ടീം ചെന്നൈയുടെ വെല്ലുവിളി മറികടന്നു.

No comments: