Tuesday, July 21, 2009

FURIOUS DAVID

വാടാ ധൈര്യമുണ്ടെങ്കില്‍
ലോസ്‌ ആഞ്ചലസ്‌: എന്താണ്‌ ഡേവിഡ്‌ ബെക്കാം ആരാധകര്‍ക്ക്‌ നേരെ കൈചൂണ്ടി പറഞ്ഞത്‌...? അമേരിക്ക സന്ദര്‍ശിക്കുന്ന ഇറ്റാലിയന്‍ ടീമായ ഏ.സി മിലാനും ബെക്കാമിന്റെ ലോസാഞ്ചലസ്‌ ഗ്യാലക്‌സിയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മല്‍സത്തരത്തിനിടെ തനിക്ക്‌ നേരെ മുദ്രാവാക്യം മുഴക്കിയ ആരാധകര്‍ക്ക്‌ നേരെ സൂപ്പര്‍താരം അസഭ്യപ്രയോഗം നടത്തിയതായാണ്‌ കാണികള്‍ പറയുന്നത്‌. സമീപത്തുളള പോലീസും ബെക്കാമിന്റെ വാക്കുകള്‍ അത്ര നല്ലതായിരുന്നില്ല എന്നാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. പക്ഷേ തന്റെ അരികിലേക്ക്‌ വന്ന്‌ ഹസ്‌തദാനം ചെയ്യാനാണ്‌ താന്‍ പറഞ്ഞതെന്നാണ്‌ ബെക്കാമിന്റെ വാക്കുകള്‍.
കാര്യങ്ങള്‍ എന്തായാലും ബെക്കാമിന്‌ അനുകൂലമല്ല. രണ്ട്‌ വര്‍ഷം മുമ്പ്‌ അമേരിക്കന്‍ സോക്കര്‍ ലീഗില്‍ കളിക്കാനായി ഇവിടെയെത്തുമ്പോള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമായിരുന്ന ബെക്കാമിന്‌ അനുകൂലമായി ചിന്തിക്കുന്നവര്‍ ഈ മഹാനഗരത്തില്‍ കുറവാണ്‌. അത്തരത്തിലുളള മുദ്രാവാക്യങ്ങളാണ്‌ കഴിഞ്ഞ ദിവസം ഉയര്‍ന്നത്‌. മൈതാനത്ത്‌ കണ്ട ഒരു പ്ലകാര്‍ഡില്‍ എഴുതിയിരുന്നത്‌ ബെക്കാം-ദി ബാസ്റ്റര്‍ഡ്‌ എന്നായിരുന്നു. 2-2 സമനിലയില്‍ അവസാനിച്ച പോരാട്ടത്തിന്‌ ശേഷം അമേരിക്കയിലെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറയെ ബെക്കാം കാണികളെ അധിക്ഷേപിച്ച റിപ്പോര്‍ട്ടുകള്‍ മാത്രമായിരുന്നു. ഇറ്റലിയിലെ പ്രമുഖ ക്ലബിനെ അമേരിക്കന്‍ ക്ലബ്‌ സമനിലയില്‍ തളച്ചത്‌ വലിയ വാര്‍ത്തയാണ്‌. പക്ഷേ അതിനേക്കാള്‍ പ്രാധാന്യമാണ്‌ ബെക്കാമിന്റെ അസഭ്യാഭിഷേകത്തിന്‌ ലഭിച്ചിരിക്കുന്നത്‌. ധൈര്യമുണ്ടെങ്കില്‍ മൈതാനത്തേക്ക്‌ ഇറങ്ങി വന്ന്‌ പോരാട്ടത്തിന്‌ തയ്യാറുണ്ടോ എന്നാണത്രെ ബെക്കാം വെല്ലുവിളിച്ചത്‌.
മല്‍സരത്തിന്റെ ഇടവേളയിലായിരുന്നു സംഭവം. ഇടവേളക്ക്‌ ബെക്കാം ഡ്രസ്സിംഗ്‌ റൂമിലേക്ക്‌ മടങ്ങവെ കാണികള്‍ കൂവിയപ്പോള്‍ അവര്‍ക്ക്‌ നേരെ കൈചൂണ്ടിയാണ്‌ താരം വെല്ലുവിളി മുഴക്കിയത്‌. ധൈര്യമുണ്ടെങ്കില്‍ ഇറങ്ങിവാടാ എന്നാണ്‌ ബെക്കാം പറഞ്ഞതെന്ന്‌ കാണികള്‍ പറയുന്നു. ബെക്കാമിന്റെ വെല്ലുവിളി സ്വീകരിച്ച്‌ ഒരാള്‍ ബാരിക്കേഡ്‌ മറികടന്ന്‌ വന്നുവെങ്കിലും ഇയാളെ പോലീസ്‌ പിടികൂടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പോലീസ്‌ ബെക്കാമിന്റെ വാക്കുകള്‍ വെല്ലുവിളിയുടേതായിരുന്നു എന്നാണ്‌ സാക്ഷ്യപ്പെടുത്തുന്നത്‌.
വളരെ ക്ഷുഭിതനായാണ്‌ ബെക്കാം പ്രതികരിച്ചതെന്നാണ്‌ ലോസാഞ്ചലസ്‌ റയട്ട്‌ പോലീസ്‌ അംഗമായ ജോഷ്‌ പിയാജെ പറയുന്നത്‌. മൈതാനത്ത്‌ നിന്ന്‌ വരുമ്പോള്‍ തന്നെ കോപാകുലനായിരുന്നു ബെക്കാം. കാണികള്‍ കൂവിയപ്പോള്‍ അവര്‍ക്ക്‌ നേരെ വിരല്‍ചൂണ്ടി ഇറങ്ങിവരാനാണ്‌ പറഞ്ഞത്‌. എന്നെയും നോക്കി എന്തെല്ലാമോ പറഞ്ഞു-പോലീസുകാരന്റെ വാക്കുകള്‍. കാണികള്‍ പ്രശ്‌നമുണ്ടാക്കുമെന്ന്‌ അറിഞ്ഞ്‌ തന്നെ കൂടുതല്‍ പോലീസ്‌ മൈതാനത്തുണ്ടായിരുന്നു. ബെക്കാമിനെ പോലെ ഒരു പ്രൊഫഷണല്‍ താരത്തില്‍ നിന്നും ഇത്തരം വാക്കുകള്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല. സ്വന്തം ടീമിന്റെ ആരാധകരെ വെല്ലുവിളിക്കാന്‍ മാത്രം അദ്ദേഹത്തെ പ്രകോപിതനാക്കിയത്‌ എന്താണെന്ന്‌ മനസ്സിലായില്ലെന്നും പിയാജോ പറഞ്ഞു.
പിയാജേക്കൊപ്പമുളള മറ്റൊരു പോലീസുകാരനായ ഡേവിഡ്‌ മാര്‍ട്ടിനും ഇത്‌ തന്നെ സാക്ഷ്യപ്പെടുത്തുന്നു ധൈര്യമുണ്ടെങ്കില്‍ മൈതാനത്ത്‌ ഇറങ്ങി വാടാ എന്നാണ്‌ അദ്ദേഹം വിളിച്ചുപറഞ്ഞതത്രെ..
ബെക്കാമിന്റെ വക്താവ്‌ ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്‌. വളരെ മര്യാദയോടെയാണ്‌ ബെക്കാം പെരുമാറിയതെന്നാണ്‌ അദ്ദേഹത്തിന്റെ ഭാഷ്യം.
അമേരിക്കയില്‍ ഗ്യാലക്‌സിക്കായി കളിച്ചുകൊണ്ടിരിക്കവെ ലോണ്‍ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ലീഗില്‍ ഏ.സി മിലാന്‌ വേണ്ടി കളിക്കാന്‍ പോയ ബെക്കാം അഞ്ച്‌ മാസത്തോളം അവിടെ തുടര്‍ന്നതാണ്‌ കാണികളെ പ്രകോപിതരാക്കിയത്‌. മൂന്ന്‌ മാസത്തേക്കാണ്‌ ബെക്കാം ഇറ്റലിയിലേക്ക്‌ പോയത്‌. പക്ഷേ അദ്ദേഹം തിരിച്ചുവരാന്‍ താല്‍പ്പര്യം കാണിച്ചില്ല. രണ്ടാഴ്‌ച്ച മുമ്പാണ്‌ ബെക്കാം തിരിച്ചുവന്നത്‌. വന്നയുടന്‍ തന്നെ ഗ്യാലക്‌സി നായകനായ ലെന്‍ഡാല്‍ ഡോണാവാനും ബെക്കാമും ഉടക്കിയിരുന്നു. ബെക്കാമിന്‌ പ്രൊഫഷണലിസം എന്താണെന്ന്‌ അറിയില്ലെന്നും അദ്ദേഹം മൈതാനത്ത്‌ അലസനാണെന്നുമെല്ലാമായിരുന്നു നായകന്റെ കൂറ്റപ്പെടുത്തല്‍. ഇതിനെതിരെ ബെക്കാമും തുറന്നടിച്ചപ്പോള്‍ അത്‌ വലിയ വിവാദമായി. പിന്നീട്‌ രണ്ട്‌ പേരും പരസ്‌പരം കൈകോര്‍ത്ത്‌ വിവാദങ്ങള്‍ അവസാനിപ്പിച്ചിടത്ത്‌ നിന്നാണ്‌ ഇപ്പോള്‍ മറ്റൊരു വിവാദം തലപൊക്കിയിരിക്കുന്നത്‌.
അമേരിക്കയില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്ത ബെക്കാമിന്‌ കൂടു മാറാന്‍ പുതിയ സംഭവികാസങ്ങള്‍ ചിലപ്പോല്‍ സഹായകമായേക്കും. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ ചെല്‍സി ബെക്കാമിനായി രംഗത്തുണ്ട്‌. പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തി, അടുത്ത ലോകകപ്പിനുളള ദേശീയ സംഘത്തില്‍ അംഗത്വം നേടാന്‍ ബെക്കാമിന്‌ താല്‍പ്പര്യമുണ്ട്‌. ഇറ്റലിയില്‍ കളിച്ച സമയത്താണ്‌ അദ്ദേഹത്തെ ദേശീയ കോച്ച്‌ ശ്രദ്ധിച്ചതും ടീമിലേക്ക്‌ തിരിച്ചുവരാന്‍ അവസരമുണ്ടായതും. അമേരിക്കയില്‍ കളിക്കുമ്പോള്‍ തനിക്ക്‌ ലോക ശ്രദ്ധ ലഭിക്കില്ലെന്ന്‌ ബെക്കാമിന്‌ അറിയാം.

പ്രീമിയര്‍ ലീഗില്‍ വീണ്ടും അറബ്‌ഗന്ധം
പോര്‍ട്‌സ്‌മൗത്ത്‌: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ മറ്റൊരു ക്ലബ്‌ കൂടി അറേബ്യന്‍ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തില്‍. മാഞ്ചസ്റ്റര്‍ സിറ്റിയെ യു.എ.ഇയിലെ അറേബ്യന്‍ രാജകൂടുംബം സ്വന്തമാക്കിയതിന്‌ പിറകെ പോര്‍ട്‌സ്‌മൗത്ത്‌ ഫുട്‌ബോള്‍ ക്ലബും അറബികള്‍ സ്വന്തമാക്കി. അബുദാബിയിലെ ബിസിനസുകാരനായ സുലൈമാന്‍ അല്‍ ഫാഹിമാണ്‌ പോര്‍ട്‌സ്‌മൗത്തിനെ സ്വന്തമാക്കിയത്‌. മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ ഉടമസ്ഥാവകാശം അറേബ്യന്‍ രാജകുടുംബത്തിന്‌ നല്‍കുന്നതില്‍ മധ്യസ്ഥം വഹിച്ചയാളാണ്‌ സുലൈമാന്‍. പോര്‍ട്‌സ്‌മൗത്ത്‌ സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ കോടികള്‍ നല്‍കി ക്ലബിനെ സ്വന്തമാക്കാന്‍ സുലൈമാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. പോര്‍ട്‌സ്‌മൗത്ത്‌ ക്ലബ്‌ ഡയരക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി ഉടന്‍ തന്നെ സുലൈമാന്‍ സ്ഥാനമേല്‍ക്കും. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ചരിത്രത്തില്‍ വലിയ സ്ഥാനമുളള പോര്‍ട്‌സ്‌മൗത്ത്‌ ഫുട്‌ബോള്‍ ക്ലബിനെ ഉയരങ്ങളിലെത്തിക്കാനായിരിക്കും തന്റെ ശ്രമമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. പ്രീമിയര്‍ ലീഗില്‍ നിലവില്‍ വളരെ പിറകിലാണ്‌ പോര്‍ട്‌സ്‌മൗത്ത്‌. പുതിയ സീസണില്‍ മെച്ചപ്പെട്ട ഫലങ്ങള്‍ ക്ലബിനുണ്ടാവുമെന്നും നിയുക്ത ചെയര്‍മാന്‍ പറയുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കാര്‍ വിലപിടിപ്പുള്ള താരങ്ങളെ സ്വന്തമാക്കി പ്രീമിയര്‍ ലീഗ്‌ പിടിക്കാന്‍ ഒരുങ്ങുമ്പോള്‍ പോര്‍ട്‌സ്‌മൗത്തിന്‌ പക്ഷേ തല്‍ക്കാലം അത്തരം സൂപ്പര്‍ നീക്കങ്ങളില്ല.

ബാല്‍ജിത്തിന്‌ വേണമെങ്കില്‍ വിദേശ ചികില്‍സ
ന്യൂഡല്‍ഹി: പരിശീലനത്തിനിടെ കണ്ണിന്‌ പന്ത്‌ തട്ടി ഗുരുതരമായി പരുക്കേറ്റ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ക്കീപ്പര്‍ ബാല്‍ജിത്‌ സിംഗിന്‌ വേണമെങ്കില്‍ വിദേശത്ത്‌ വിദഗ്‌ദ്ധ ചികില്‍സക്ക്‌ സര്‍ക്കാര്‍ തയ്യാറാണെന്ന്‌ കായികമന്ത്രി എം. എസ്‌ ഗില്‍. ഇന്നലെ ആശുപത്രിയില്‍ ബാല്‍ജിത്തിനെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ബാല്‍ജിത്തിന്റെ ആശുപത്രി ചെലവുകളെല്ലാം സര്‍ക്കാര്‍ വഹിക്കും. വിദേശത്ത്‌ ചികില്‍സ വേണമെങ്കില്‍ അതിനും തയ്യാറാണ്‌. എത്രയും പെട്ടെന്ന്‌ ബാല്‍ജിത്‌ സുഖം പ്രാപിച്ചുകാണാനാണ്‌ കായികലോകം ആഗ്രഹിക്കുന്നതെന്നും ഗില്‍ പറഞ്ഞു. പൂനെയില്‍ വെച്ച്‌ പരിശീലനത്തിനിടെയാണ്‌ ബാല്‍ജിത്തിന്‌ പരുക്കേറ്റത്‌. ഹെല്‍മറ്റ്‌ ധരിക്കാതെ പരിശീലനം നടത്തുന്നതിനിടെ ഗോള്‍ഫ്‌ ബോള്‍ കണ്ണില്‍ തറക്കുകയായിരുന്നു. ഉടന്‍ തന്നെ ബാല്‍ജിത്തിനെ വിമാനമാര്‍ഗ്ഗം ഡല്‍ഹയിലെത്തിച്ച്‌ ചികില്‍സക്ക്‌ വിധേയനാക്കി. വലത്‌ കണ്ണിന്‌ പൂര്‍ണ്ണ കാഴ്‌ച്ചശക്തി തിരിച്ചുകിട്ടുന്ന കാര്യം പ്രയാസമാണെന്നാണ്‌ അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍്‌സ്‌റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാര്‍ പറയുന്നത്‌.
ഗോള്‍ക്കീപ്പറായ ബാല്‍ജിത്തിനോട്‌ എപ്പോള്‍ പരിശീലനം നടത്തുമ്പോഴും ഹെല്‍മറ്റ്‌ ധരിക്കണമെന്ന്‌ പരിശീലകര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ 28 കാരനായ താരം ഹെല്‍മറ്റ്‌ ധരിക്കാതെയാണ്‌ പരിശീലനം നടത്തിയത്‌. അടുത്ത വര്‍ഷം ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യയുടെ രക്ഷകനാവേണ്ട താരത്തിന്‌ ഇനി എപ്പോള്‍ കളിക്കളത്തില്‍ ഇറങ്ങാനാവുമെന്ന്‌ പറയാന്‍ കഴിയില്ല.
ഇന്ത്യന്‍ ഹോക്കിയെ ദുരന്തങ്ങള്‍ വേട്ടയാടുന്നത്‌ ഇതാദ്യമല്ല. 2003 സെപ്‌തംബറില്‍ ഇന്ത്യയുടെ പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്‌ദ്ധനായ ജുഗ്‌രാജ്‌ സിംഗ്‌ വലിയ അപകടത്തില്‍ നിന്ന്‌ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്‌ കരുത്തോടെ കളത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റൊരു പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്‌ദ്ധനായ സന്ദീപ്‌ സിംഗും അപകടത്തില്‍പ്പെട്ടിരുന്നു. പക്ഷേ ആരോഗ്യം വീണ്ടെടുത്ത സന്ദീപ്‌ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ നായകനാണ്‌. പരുക്കേറ്റ ബാല്‍ജിത്‌ സിംഗിന്‌ പകരം മലയാളിയായ ദിനേശിനെ ഇന്ത്യന്‍ ക്യാമ്പിലേക്ക്‌ വിളിച്ചിട്ടുണ്ട്‌.

വിദേശത്ത്‌ കടുവകള്‍ക്ക്‌ ആദ്യ പരമ്പര
ഗ്രാനഡ: ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ രണ്ടാം ടെസ്റ്റില്‍ നാല്‌ വിക്കറ്റിന്റെ വിജയവുമായി ബംഗ്ലാദേശ്‌ വിദേശമണ്ണില്‍ ആദ്യ ടെസ്റ്റ്‌ പരമ്പര നേട്ടം സ്വന്തമാക്കി. വിന്‍ഡീസിന്റെ രണ്ടാം നിര ടീമിനെ ആദ്യ ടെസ്റ്റില്‍ അനായാസം തോല്‍പ്പിച്ച കടുവകള്‍ രണ്ടാം ടെസ്റ്റില്‍ വെള്ളം കുടിച്ചിരുന്നു. പക്ഷേ പുറത്താവാതെ 96 റണ്‍സ്‌ നേടിയ ക്യാപ്‌റ്റനും ഓള്‍റൗണ്ടറുമായ ഷാക്കിബ്‌ അല്‍ഹസനും റഖിബുല്‍ ഹസനും ചേര്‍ന്ന്‌ സന്ദര്‍ശകരെ കരകയറ്റി. വിന്‍ഡീസ്‌ സീമറായ ഡാരല്‍ സാമി അഞ്ച്‌ വിക്കറ്റ്‌ നേട്ടവുമായി ബംഗ്ലാ വാലറ്റത്തെ വിറപ്പിച്ചുനിര്‍ത്തിയിരുന്നു. പക്ഷേ പ്രതിരോധ ക്രിക്കറ്റിന്‌ മുതിരാതെ പ്രത്യാക്രമണത്തിന്‌ തുനിഞ്ഞ റഖിബുലിന്റെ സാഹസിക ഇന്നിംഗ്‌സ്‌ കടുവകള്‍ക്ക്‌ നേട്ടമായി.
സ്‌ക്കോര്‍ അവസാനത്തില്‍: ബംഗ്ലാദേശ്‌ 232, ആറ്‌ വിക്കറ്റിന്‌ 217. വിന്‍ഡീസ്‌ 237, 209.
വിജയലക്ഷ്യമായ 215 റണ്‍സിലേക്ക്‌ കുതിക്കവെ പലവട്ടം കടുവകള്‍ക്ക്‌ പിഴച്ചു. റഖീബ്‌ ക്രീസിലേക്ക്‌ വരുമ്പോള്‍ സ്‌ക്കോര്‍ രണ്ട്‌ വിക്കറ്റിന്‌ 29 റണ്‍സായിരുന്നു. ഷക്കീബ്‌ വരുമ്പോള്‍ നാല്‌ വിക്കറ്റിന്‌ 67 റണ്‍സായിരുന്നു സ്‌ക്കോര്‍. ഡാരല്‍ സാമിയുടെ ബൗളിംഗിന്‌ മുന്നിലാണ്‌ പലര്‍ക്കും പിഴച്ചത്‌. ഇത്‌ വരെ ഒരു ടെസ്റ്റ്‌ അര്‍ദ്ധശതകം സ്വന്തമാക്കാന്‍ കഴിയാത്ത റഖീബിന്റെ ഇന്നിംഗ്‌സാണ്‌ കടുവകളെ രക്ഷിച്ചത്‌. ഒന്നാം ടെസ്റ്റില്‍ പതറിയ റഖീബ്‌ അവസരോചിതമായാണ്‌ ഇന്നലെ കളിച്ചത്‌. വിന്‍ഡീസ്‌ ഓരോ വിക്കറ്റ്‌ നേടുമ്പോഴും പ്രത്യാക്രമണമായിരുന്നു റഖിബിന്റെ തന്ത്രം. സാമിയെ ബഹുമാനിച്ച്‌ മറ്റുളളവരെ ആക്രമിച്ച്‌ സ്‌ക്കോര്‍ബോര്‍ഡ്‌ ചലിപ്പിച്ച റഖീബിന്‌ ഷാക്കിബാണ്‌ ഉറച്ച പിന്തുണ നല്‍കിയത്‌. വിജയത്തിന്‌ 42 റണ്‍സ്‌ അരികെ റഖീബ്‌ വീണപ്പോള്‍ ശേഷിക്കുന്ന ദൗത്യം ഷാക്കിബ്‌ ഭംഗിയാക്കി. തുടക്കത്തില്‍ പതറിയ ശേഷം ശക്തമായി കളിച്ച ഷാക്കിബിന്റെ സമീപനവും ആക്രമണത്തിന്റേതായിരുന്നു.
വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡും സീനിയര്‍ താരങ്ങളും തമ്മിലുള്ള ശീതസമരമാണ്‌ ബംഗ്ലാദേശിനെ സഹായിച്ചത്‌. ക്രിസ്‌ ഗെയില്‍ ഉള്‍പ്പെടെ സീനിയര്‍ താരങ്ങളാരും ഈ പരമ്പരയില്‍ കളിച്ചിരുന്നില്ല.

കനേരിയ മിന്നി
കൊളംബോ: ആദ്യ രണ്ട്‌ ടെസ്‌റ്റിലും തന്നെ പുറത്തിരുത്തിയ ടീം മാനേജ്‌മെന്റിന്റെ നടപടിക്ക്‌ പന്ത്‌ കൊണ്ട്‌ പാക്‌ സ്‌പിന്നര്‍ ഡാനിഷ്‌ കനേരിയയുടെ മറുപടി. 62 റണ്‍സിന്‌ അഞ്ച്‌ ശ്രീലങ്കന്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ കനേരിയ മൂന്നാം ടെസ്‌റ്റില്‍ സ്വന്തം ടീമിന്‌ 66 റണ്‍സിന്റെ ലീഡ്‌ നല്‍കി. ഓപ്പണര്‍ ഖുറം മന്‍സൂര്‍ (93), മുഹമ്മദ്‌ യൂസഫ്‌ (90) എന്നിവരുടെ മികവില്‍ പാക്കിസ്‌താന്‍ ഒന്നാം ഇന്നിംഗ്‌സില്‍ 299 റണ്‍സാണ്‌ നേടിയത്‌. ലങ്കന്‍ ഇന്നിംഗ്‌സില്‍ പിടിച്ചുനിന്നത്‌ 79 റണ്‍സ്‌ സ്വന്തമാക്കിയ മഹേല ജയവര്‍ദ്ധനെ മാത്രമാണ്‌. ഏകദിന ശൈലിയില്‍ തിലകരത്‌നെ ദില്‍ഷാന്‍ നേടിയ 44 റണ്‍സും പ്രയോജനപ്പെട്ടു. 233 റണ്‍സാണ്‌ ആതിഥേയര്‍ നേടിയത്‌. രാവിലെ പാക്കിസ്‌താന്റെ ആദ്യ ഇന്നിംഗ്‌സിന്‌ തിലാന്‍ തുഷാര വേഗത്തില്‍ അന്ത്യമിട്ടിരുന്നു. കമറാന്‍ അക്‌മലിനെയും വാലറ്റക്കാരെയും പുറത്താക്കുന്നതില്‍ വിജയിച്ച തുഷാര 83 റണ്‍സിന്‌ അഞ്ച്‌ വിക്കറ്റാണ്‌ നേടിയത്‌. തുടര്‍ന്ന്‌ ബാറ്റേന്തിയ ലങ്കക്ക്‌ തുടക്കം മുതല്‍ പിഴച്ചു. ഓപ്പണര്‍ മാലിംഗ വര്‍ണ്ണപുരയെ ഉമര്‍ ഗുല്‍ ആദ്യ പന്തില്‍ തന്നെ മടക്കിയപ്പോള്‍ പരണവിതാനയെ യൂനസ്‌ഖാനും വീഴ്‌ത്തി. ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാരയും (45) മഹേലയും തമ്മിലുള്ള സഖ്യം പിന്നെ പൊരുതിനിന്നു. സ്‌പിന്നര്‍മാരായ കനേരിയയും സയദ്‌ അജ്‌മലും വന്നപ്പോള്‍ വീണ്ടും ബാറ്റിംഗ്‌ തകര്‍ന്നു.

മുന്‍നിരയില്‍ പയ്യന്‍സ്‌
ബ്രെമന്‍:ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ഇത്തവണ ഒരു കൊച്ചുപയ്യന്‍സിനെ കാണാം..... ശക്തരായ വെര്‍ഡര്‍ ബ്രെഹ്മന്റെ നിരയില്‍ കളിക്കുന്ന മാര്‍കോ മാരിന്‍ എന്ന താരത്തിന്‌ പ്രായം ഇരുപതാണ്‌. പക്ഷേ അദ്ദേഹത്തെ കണ്ടാല്‍ ചെറിയ പയ്യന്‍സാണെന്നേ തോന്നു... നാല്‌ വര്‍ഷത്തെ കരാറിലാണ്‌ ജര്‍മന്‍ ദേശീയ ടീം അംഗമായ മാര്‍കോ വെര്‍ഡറിലേക്ക്‌ വന്നിരിക്കുന്നത്‌. കഴിഞ്ഞ സീസണില്‍ ടീമിന്റെ കരുത്തായിരുന്ന ബ്രസീലുകാരന്‍ ഡിയാഗോ ഇറ്റാലിയന്‍ ക്ലബായ യുവന്തസിലേക്ക്‌ ചേക്കേറിയതിനെ തുടര്‍ന്നാണ്‌ മാര്‍ക്കോയെ വെര്‍ഡര്‍ സ്വന്തമാക്കിയത്‌. 2007 ല്‍ പതിനെട്ടാം വയസ്സില്‍ ജര്‍മന്‍ ലീഗില്‍ അരങ്ങേറിയ മാര്‍കോ ഇതിനകം ദേശീയ ടീമിനായി ആറ്‌ മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്‌.

No comments: