Friday, July 31, 2009

AGAIN PAK DEFEAT

പാക്കിസ്‌താന്‌ വീണ്ടും പരാജയം
ധാംബൂല: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മല്‍സരത്തിലും പാക്കിസ്‌താന്‌ തോല്‍വി. ആറ്‌ വിക്കറ്റിനാണ്‌ യൂനസ്‌ഖാനും സംഘവും പരാജയപ്പെട്ടത്‌. ഓപ്പണറുടെ റോളിലിറങ്ങി അതിവേഗതയില്‍ 123 റണ്‍സ്‌ നേടിയ മഹേല ജയവര്‍ദ്ധനെയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. ആദ്യം ബാറ്റ്‌ ചെയ്‌തത്‌ പാക്കിസ്‌താനായിരുന്നു. ധാംബൂലയിലെ ചെറിയ മൈതാനത്ത്‌ അക്‌മല്‍ സഹോദരന്മാരുടെ മികവില്‍ (ഉമര്‍ അക്‌മല്‍-66, കമാന്‍ അക്‌മല്‍ 45) പാക്കിസ്‌താന്‍ എട്ട്‌ വിക്കറ്റിന്‌ 288 റണ്‍സ്‌ സ്വന്തമാക്കിയിരുന്നു. ഈ മൈതാനത്തെ ഏറ്റവും വലിയ സ്‌ക്കോര്‍ ചേസ്‌ ചെയ്യാന്‍ സനത്‌ ജയസൂര്യക്ക്‌ പകരം വന്നത്‌ മഹേലയായിരുന്നു. ഉപുല്‍ തരംഗക്കൊപ്പം അദ്ദേഹം നല്‍കിയ തുടക്കത്തില്‍ ലങ്ക പരമ്പരയിലെ മൂന്നാം വിജയം സ്വന്തമാക്കി. പാക്കിസ്‌താനെതിരെ ലങ്കയില്‍ വെച്ച്‌ ആതിഥേയര്‍ നേടുന്ന ആദ്യ ഏകദിന പരമ്പര കൂടിയാണിത്‌. നേരത്തെ ടെസ്റ്റ്‌ പരമ്പരയിലും സങ്കക്കാരുയുടെ സംഘത്തിന്‌ തന്നെയായിരുന്നു വിജയം.
പരുക്ക്‌ കാരണം സനത്‌ ജയസൂര്യ ഇന്നലെ കളിച്ചിരുന്നില്ല. വെറ്ററന്‍ ഓപ്പണര്‍ക്ക്‌ പകരമാണ്‌ മഹേല വന്നത്‌. കൂട്ടിനുണ്ടായിരുന്ന ഉപുല്‍ തരംഗ തന്നിലെ ആക്രമണകാരിയെ പുറത്തെടുത്തപ്പോള്‍ അതില്‍ പ്രചോദനം ഉള്‍കൊണ്ടാണ്‌ മഹേലയും ക്രിസ്‌ വിട്ടുള്ള പ്രഹരങ്ങളിലുടെ സ്വന്തം ടീമിന്‌ വിജയം സമ്മാനിച്ചത്‌. മല്‍സരം 25 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ്‌ പോവാതെ 147 റണ്‍സ്‌ എന്ന ശക്തമായ നിലയിലായിരുന്നു ലങ്ക. മികച്ച ബാറ്റ്‌സ്‌മാന്മാരുടെ സാന്നിദ്ധ്യം വാലറ്റം വരെയുളളതിനാല്‍ അവരെ തോല്‍പ്പിക്കാമെന്ന പ്രതീക്ഷ പോലും ഈ ഘട്ടത്തില്‍ പാക്കിസ്‌താന്‌ നഷ്ടമായിരുന്നു. അബ്ദുള്‍ റസാക്കും മുഹമ്മദ്‌ ആമിറുമായിരുന്നു പാക്കിസ്‌താന്‌ വേണ്ടി പുതിയ പന്തെടുത്തത്‌. ഇരുവരെയും തരംഗയും മഹേലയും കണക്കിന്‌ ശിക്ഷിച്ചു. റാണ നവിദ്‌ വന്നിട്ടും കാര്യമുണ്ടായില്ല.
രാവിലെ പാക്കിസ്‌താന്‍ ഇന്നിംഗ്‌സില്‍ പ്രശോഭിച്ചത്‌ അക്‌മല്‍ സഹോദരങ്ങളായിരുന്നു. ഷാഹിദ്‌ അഫ്രീദിയുടെ മിന്നലാക്രമണവും ഫലം ചെയ്‌തു. പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരത്തിലും പരാജയപ്പെട്ട പാക്കിസ്‌താന്‍ വിജയം തേടി തന്നെയാണ്‌ ഇറങ്ങിയത്‌. ബൗളര്‍മാരോട്‌ ദാക്ഷിണ്യം കാണിക്കാതെ എളുപ്പത്തില്‍ റണ്‍സ്‌ നേടുക എന്ന ലക്ഷ്യത്തില്‍ ഉമറും കമറാനും വിജയിച്ചു. പ്രതീക്ഷിച്ച തുടക്കം പാക്‌ സംഘത്തിന്‌ ലഭിച്ചിരുന്നില്ല. കമറാനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടാനെത്തിയ നാസിര്‍ ജാംഷിദ്‌ ഒരു റണ്ണുമായി പുറത്തായി. നായകനായ യൂനസ്‌ഖാന്‍ കമറാനൊപ്പം വേഗതയില്‍ കളിച്ചപ്പോള്‍ ആദ്യ വിക്കറ്റ്‌ പെട്ടെന്ന്‌ വീണത്‌ സ്‌ക്കോര്‍ ബോര്‍ഡിനെ ബാധിച്ചില്ല. സ്‌ക്കോര്‍ 80 ല്‍ കമറാന്‍ പുറത്തായത്‌ പക്ഷേ ക്ഷീണമായി. ഷുഹൈബ്‌ മാലിക്‌ 18 പന്തില്‍ 12 റണ്‍സുമായും യൂനസ്‌ 59 പന്തില്‍ 44 റണ്‍സുമായും പുറത്തായി. വെടിക്കെട്ടുകാരനായ ഉമര്‍ അക്‌മല്‍ സ്‌പിന്നര്‍ മുത്തയ്യ മുരളിധരനെ കാര്യമായി പ്രഹരിച്ചാണ്‌ 66 റണ്‍സ്‌ നേടിയത്‌. വാലറ്റത്തില്‍ അഫ്രീദിയും (20 പന്തില്‍ 32), അബ്ദുള്‍ റസാക്കും (26 പന്തില്‍ 30), റാണ നവീദും (23 പന്തില്‍ 30 നോട്ടൗട്ട്‌) കസറിയതാണ്‌ സ്‌ക്കോര്‍ ബോാര്‍ഡിന്‌ മാന്യത നല്‍കിയത്‌. ലങ്കന്‍ ബൗളര്‍മാരില്‍ മുരളിക്കാണ്‌ കാര്യമായ ആഘാതമേറ്റത്‌. സ്‌പിന്നര്‍മാരെ തുണക്കുന്ന പിച്ചായിട്ട്‌ പോലും പത്ത്‌ ഓവറില്‍ മുരളി 64 റണ്‍സ്‌ വഴങ്ങി. നുവാന്‍ കുലശേഖര എന്ന സീമറാവട്ടെ 74 റണ്‍സാണ്‌ നല്‍കിയത്‌.

ക്രിക്കറ്റര്‍മാര്‍ ഒറ്റപ്പെടുന്നു
ന്യൂഡല്‍ഹി: ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന്‌ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡും, ക്രിക്കറ്റ്‌ താരങ്ങളും ഒറ്റപ്പെടുന്നു. രാജ്യത്തെ ഭൂരിപക്ഷം കായിക ഫെഡറേഷനുകള്‍ക്കൊപ്പം ഇന്നലെ കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗിലും വാഡ നിബന്ധനകള്‍ക്ക്‌ അനുകൂലമായി പ്രതികരിച്ച സാഹചര്യത്തില്‍ ക്രിക്കറ്റര്‍മാര്‍ പ്രതിസന്ധി മുഖത്താണ്‌. തങ്ങളുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്നതാണ്‌ വാഡയുടെ ചില വ്യവസ്ഥകള്‍ എന്ന്‌ പറഞ്ഞാണ്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയും സീനിയര്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ഹര്‍ഭജന്‍ സിംഗുമെല്ലാം അകന്ന്‌ നില്‍ക്കുന്നത്‌. സീനിയര്‍ താരങ്ങള്‍ക്ക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ വാഡയില്‍ പേടിക്കാനെന്തുണ്ടെന്നാണ്‌ എം.എസ്‌ ഗില്‍ ചോദിക്കുന്നത്‌. വാഡ നിബന്ധനകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നു. അതില്‍ കുഴപ്പമൊന്നുമില്ല-മന്ത്രി പറഞ്ഞു. കായിക താരങ്ങളുടെ ജീവിതം തുറന്ന പുസ്‌തകമാവണം. അവര്‍ക്ക്‌ എന്താണ്‌ ഒളിക്കാനുളളത്‌. ഡല്‍ഹിയിലെ നാഷണല്‍ ഡോപ്‌ ടെസ്റ്റിംഗ്‌ ലാബിന്‌ വാഡ അംഗീകാരം നല്‍കിയത്‌ ഇന്ത്യക്ക്‌ അഭിമാനിക്കാന്‍ വക നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി. നെഹ്‌റു സ്റ്റേഡിയത്തിന്‌ തൊട്ടരികില്‍ ഡോപ്‌ ടെസ്റ്റിംഗ്‌ ലാബ്‌ സ്ഥാപിച്ചിട്ടുണ്ട്‌്‌. സ്വീഡനില്‍ നിന്ന്‌ പോലും ഡോപ്‌ സാമ്പിളുകള്‍ ഈ ലാബിലേക്കാണ്‌ അയക്കുന്നത്‌. ഇന്ത്യക്ക്‌ ലഭിക്കുന്ന ഈ പരിഗണന ആരും മറക്കരുതെന്നും ഗില്‍ പറഞ്ഞു.
താരങ്ങളെക്കുറിച്ചുളള സമ്പൂര്‍ണ്ണ വിവരം നല്‍കണമെന്ന വാഡ വ്യവസ്ഥയാണ്‌ ക്രിക്കറ്റര്‍മാരെ ചൊടിപ്പിച്ചിരിക്കുന്നത്‌. അടുത്ത മൂന്ന്‌ മാസം എല്ലാവരും എവിടെയാണെന്ന്‌ മുന്‍ക്കൂട്ടി തന്നെ വാഡയെ അറിയിച്ചിരിക്കണം. എന്നാല്‍ ഇങ്ങനെ നല്‍കുന്ന വിവരം തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ്‌ താരങ്ങള്‍ പറയുന്നത്‌. കൂടാതെ ക്രിക്കറ്റര്‍മാരെല്ലാം തീവ്രവാദി ഭീഷണി നേരിടുന്നവരാണെന്നും അടുത്ത മൂന്ന്‌ മാസക്കാലം തങ്ങള്‍ എവിടെയെല്ലാമാണ്‌ എന്ന്‌ മുന്‍കൂട്ടി വ്യക്തമാക്കിയാല്‍ അത്‌ സുരക്ഷയെ ബാധിക്കുമെന്നും അവര്‍ സമര്‍ത്ഥിക്കുന്നു.
താരങ്ങള്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ വാഡയെ അംഗീകരിച്ച്‌ ഐ.സി.സികൊപ്പം നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌. ഐ.സി.സി അംഗരാജ്യങ്ങളെല്ലാം കരാറില്‍ ഒപ്പിടമെന്നാണ്‌ വ്യവസ്ഥ. ഇന്ത്യ ഐ.സി.സി യിലെ സീനിയര്‍ അംഗമാണ്‌. കരാറില്‍ ഇന്ത്യ ഒപ്പിടാത്തപക്ഷം അത്‌ ഇന്ത്യയെ ബാധിക്കും. ഐസി.സി നടത്തുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യക്ക്‌ കളിക്കാന്‍ കഴിയാത്ത അവസ്ഥ വരും. വാഡയുടെ കീഴില്‍ നിന്ന്‌ മാറി ക്രിക്കറ്റിനായി സ്വന്തമായി ഡോപ്പിംഗ്‌ കോഡ്‌ വേണമെന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആവശ്യപ്പെടുന്നത്‌. ഒക്ടോബറില്‍ ചേരുന്ന ഐ.സി.സി പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇത്‌ സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കാനാണ്‌ ഇന്ത്യന്‍ നീക്കം. അത്‌ വരെ വാഡയെ പിടിച്ചുനിര്‍ത്താനാണ്‌ ഇന്ത്യ ഐ.സി.സിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്‌.
കഴിഞ്ഞ ജനുവരി ഒന്ന്‌ മുതല്‍ ഐ.സി.സി വാഡ നിബന്ധനകള്‍ നടപ്പിലാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇപ്പോഴാണ്‌ വ്യവസ്ഥകള്‍ അംഗീകരിക്കാനും കരാറില്‍ ഒപ്പിടാനുമുളള നിര്‍ദ്ദേങ്ങള്‍ അംഗരാജ്യങ്ങള്‍ക്ക്‌ നല്‍കിയത്‌. ഐ.സി.സി അംഗരാജ്യങ്ങളിലെ താരങ്ങളെല്ലാം കരാറില്‍ നിയമപരമായി ഒപ്പിടേണ്ടവരാണ്‌. മിക്ക രാജ്യങ്ങളിലെയും താരങ്ങള്‍ കരാറില്‍ ഒപ്പിട്ടുണ്ട്‌. എന്നാല്‍ മൂന്ന്‌ മാസം മുമ്പ്‌ തന്നെ എവിടെയാണുണ്ടാവുക എന്ന തരത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്ന ഇന്ത്യന്‍ താരങ്ങളുടെ നിലപാടില്‍ ഐ.സി.സിക്ക്‌ വിയോജിപ്പുണ്ട്‌. കരാര്‍ ഒപ്പിടാത്ത താരങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി ഐ.സി.സിക്ക്‌ സ്വീകരിക്കാം. ഇന്ത്യന്‍ ഭരണഘടനയാണ്‌ ഇതിന്‌ കരുത്തേകാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഉയര്‍ത്തി കാണിക്കുന്നത്‌. ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും സ്വകാര്യത ഉറപ്പുനല്‍കുന്നുണ്ടെന്നും വാഡ വ്യവസ്ഥകള്‍ ഈ ഭരണഘടനാ ആനകൂല്യത്തിന്‌ എതിരാണെന്നുമാണ്‌ ബി.സി.സി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്‌. ജൂലൈ 31 നാണ്‌ കരാറില്‍ എല്ലാവരും ഒപ്പിടേണ്ട അവസാന തിയ്യതി. ഈ തിയ്യതി കഴിഞ്ഞിട്ടും ബി.സി.സി.ഐ സ്വന്തം നിലപാടില്‍ ഉറച്ച്‌ നില്‍ക്കുമ്പോള്‍ സെപ്‌തംബറില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലെ ഇന്ത്യന്‍ പ്രാതിനിധ്യം പോലും അപകടത്തിലാണ്‌.
കായികരംഗം പൂര്‍ണ്ണമായും ഉത്തേജക മുക്തമാവണമെന്ന ലക്ഷ്യത്തിലാണ്‌ വാഡ പുതിയ വ്യവസ്ഥകളുമായി രംഗത്ത്‌ വന്നത്‌. ഒളിംപിക്‌സ്‌ ഉള്‍പ്പെടെ വലിയ കായിക മാമാങ്കങ്ങള്‍ പോലും ഡോപ്പിംഗില്‍ ഇല്ലാതാവുമ്പോള്‍ കര്‍ശനമായ നിയമനടപടികള്‍ മാത്രമാണ്‌ രക്ഷയെന്ന്‌ വാഡ വിശദീകരിക്കുന്നു. ഇതിനോട്‌ ബി.സി.സി.ഐക്ക്‌ വിയോജിപ്പില്ല. കായികരംഗം പൂര്‍ണ്ണമായും ഉത്തേജകമുക്തമാവണം. എന്നാല്‍ ക്രിക്കറ്റിന്‌ മാത്രമായി പ്രത്യക ഡോപ്പ്‌ കോഡ്‌ ഐ.സി.സി കൊണ്ടുവരുന്നതാണ്‌ നല്ലതെന്ന്‌ ബി.സി.സി.ഐ പറയുന്നു. ഐ.സി.സിയും വാഡയും ബി.സി.സി.ഐയുമായി ബന്ധപ്പെട്ടാല്‍ താരങ്ങളെ 24 മണിക്കൂറിനകം മുന്നിലെത്തിക്കാന്‍ തങ്ങള്‍ക്ക്‌ കഴിയുമെന്നാണ്‌ ബോര്‍ഡ്‌ ഒഫീഷ്യല്‍സ്‌ പറയുന്നത്‌.

വീട്ടുവീഴ്‌ച്ചക്കില്ല
അഡലെയ്‌ഡ്‌: ലോക ഡോപ്പിംഗ്‌ ഏജന്‍സി-വാഡ പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച്‌ ഒരു വിട്ടുവീഴ്‌ച്ചക്കുമില്ല. കായികരംഗം പൂര്‍ണ്ണമായും ഉത്തേജക മുക്തമാക്കുക എന്ന വിശാല ലക്ഷ്യത്തിലാണ്‌ പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഇതില്‍ മാറ്റമില്ല. ജനുവരി ഒന്നിനാണ്‌ പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കിയത്‌. ഇതിനകം ലോകത്തെ 571 കായിക ഫെഡറേഷനുകള്‍ ഇത്‌ നടപ്പിലാക്കിയിട്ടുണ്ട്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ മാത്രമാണ്‌ ഇളവുകള്‍ നല്‍കാനാവില്ല. ഐ.സി.സിയോടാണ്‌ പുതിയ നിബന്ധനകള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചത്‌. ഐ.സി.സി ഇത്‌ നടപ്പിലാക്കാത്തപക്ഷം ക്രിക്കറ്റിനെ ഒളിംപിക്‌ ഗെയിമാക്കി മാറ്റുക എന്ന ലക്ഷ്യം നടപ്പിലാവില്ലെന്നും വാഡ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ക്രിക്കറ്റിനെ ഒരു കാലത്തും ഒളിംപിക്‌ ഗെയിമാക്കി മാറ്റാന്‍ പോവുന്നില്ലെന്നാണ്‌ ഇതിന്‌ വീശദീകരണമായി ഒരു ബി.സി.സി.ഐ ഉന്നതന്‍ പറഞ്ഞത്‌. ഐ.സി.സി ബോര്‍ഡില്‍ ക്രിക്കറ്റിനെ ഒളിംപിക്‌ ഗെയിമാക്കി മാറ്റാനുളള നിര്‍ദ്ദേശം മുമ്പ്‌ ഇന്ത്യയും ഇംഗ്ലണ്ടും വെച്ചപ്പോള്‍ അത്‌ നിരാകരിക്കപെടുകയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

പീസ്‌ കപ്പ്‌ ആസ്റ്റണ്‍വില്ലക്ക്‌
സെവിയെ: പത്ത്‌ പ്രമുഖ സോക്കര്‍ ക്ലബുകള്‍ മല്‍സരിച്ച പീസ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ ആസ്റ്റണ്‍വില്ലക്‌ കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ അവര്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇറ്റലിയിലെ യുവന്തസിനെ പരാജയപ്പെടുത്തി. റയല്‍ മാഡ്രിഡ്‌ ഉള്‍പ്പെടെ വന്‍ ടീമുകളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നത്‌. ഫൈനല്‍ പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍
സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ്‌ ഷൂട്ടൗട്ട്‌ നിശ്ചയിച്ചത്‌. ജിയാന്‍ ലുക്കാ ബഫണ്‍ കാത്ത യുവന്തസ്‌ വലയിലേക്ക്‌ ആസ്‌റ്റണ്‍ വില്ലക്കാര്‍ നിറയൊഴിച്ച അഞ്ച്‌ ഷോട്ടുകളില്‍ നാലുമെത്തിയപ്പോള്‍ ഇറ്റലിക്കാര്‍ക്ക്‌ മൂന്ന്‌ ഷോട്ടുകളാണ്‌ ലക്ഷ്യത്തിലെത്തിയത്‌. ടീമിലെ സൂപ്പര്‍ താരങ്ങളായ വിന്‍സെന്‍സോ ലാക്വിന്റ, അലക്‌സാണ്ടറോ ദെല്‍പിയാറോ എന്നിവരാണ്‌ ഷോട്ടുകള്‍ തുലച്ചത്‌. നിശ്ചിത സമയ പോരാട്ടത്തില്‍ യുവന്തസിനായിരുന്നു മുന്‍ത്തൂക്കം. റയല്‍ മാഡ്രിഡിനെ സെമിഫൈനലില്‍ പരാജയപ്പെടുത്തി യുവന്തസിന്‌ പക്ഷേ രണ്ട്‌ സുവര്‍ണ്ണാവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. രണ്ട്‌ തവണയും അവസരങ്ങള്‍ നഷ്‌മാക്കിയത്‌ ഡേവിഡ്‌ ട്രെസിഗെയായിരുന്നു.

15 തവണ ഗ്രാന്‍ഡ്‌സ്ലാം ടെന്നിസ്‌ കിരീടങ്ങള്‍ സ്വന്തമാക്കി ലോക ടെന്നിസില്‍ പുതിയ ഇതിഹാസം രചിച്ച താരമാണ്‌ റോജര്‍ ഫെഡ്‌റര്‍, ഫുട്‌ബോള്‍ മൈതാനത്തെ ഇതിഹാസമാണ്‌ റയല്‍ മാഡ്രിഡിന്റെ കൃസ്‌റ്റിയാനോ റൊണാള്‍ഡോ, സ്‌പാനിഷുകാരനായ റാഫേല്‍ നദാല്‍ പവര്‍ ടെന്നിസിലെ ശക്തനായ വക്താവാണ്‌, ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ലോക റെക്കോര്‍ഡ്‌ പ്രകടനവുമായി കിളിക്കൂടിനെ വിറപ്പിച്ച അത്‌ലറ്റാണ്‌ ഉസൈന്‍ ബോള്‍ട്ട്‌, ബെയ്‌ജിംഗില്‍ സ്വര്‍ണ്ണ നേട്ടത്തില്‍ റെക്കോര്‍ഡിട്ട അമേരിക്കന്‍ നീന്തല്‍ താരമാണ്‌ മൈക്കല്‍ ഫെല്‍പ്‌സ്‌- ഇവരെക്കുറിച്ചെല്ലാം പറയാന്‍ കാരണമുണ്ട്‌. ഈ ലോകോത്തര താരങ്ങളെല്ലാം ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയായ വാഡയുടെ കരാറില്‍ സംശയമില്ലാതെ ഒപ്പിട്ടവരാണ്‌. നമ്മുടെ സച്ചിന്‍
ടെണ്ടുല്‍ക്കര്‍ക്കും മഹേന്ദ്രസിംഗ്‌ ധോണിക്കുമൊന്നും പക്ഷേ കരാര്‍ ദഹിക്കുന്നില്ല. അവര്‍ സ്വകാര്യതയുടെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും ഇല്ലാത്ത ന്യായവാദങ്ങള്‍ ഉയര്‍ത്തുമ്പോള്‍ സൂപ്പര്‍ താരങ്ങളെ ആശ്രയിച്ച്‌ കഴിയുന്ന ക്രിക്കറ്റ്‌ ബോര്‍ഡ്‌ അതിന്‌ സമ്മതവും നല്‍കുന്നു. കായിക ലോകത്തെ 191 രാജ്യങ്ങളിലെ 571 കായിക സംഘടനകളാണ്‌ 2009 ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന വാഡ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്‌. ജൂലൈ 31 ആയിരുന്നു കരാറില്‍ ഒപ്പിടേണ്ട അവസാന ദിവസം. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ മാത്രംകരാറില്‍ ഒപ്പിട്ടില്ല. തികഞ്ഞ അഹന്തയില്‍ അവര്‍ സംസാരിക്കുമ്പോള്‍ നമ്മുടെ കായികരംഗം ലോക തലത്തില്‍ പരിഹസിക്കപ്പെടുകയാണ്‌. സ്വകാര്യതയയെ ബാധിക്കുന്ന ഒന്നും കരാര്‍ വ്യവസ്ഥയില്‍ ഇല്ല. ഓരോ ദിവസവും ഒരു മണിക്കൂര്‍ എവിടെയാണ്‌ തങ്ങളെന്ന്‌ താരങ്ങള്‍ വിശദമാക്കണമെന്നതാണ്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ചൊടിപ്പിച്ചിരിക്കുന്നത്‌. ഒരു ദിവസം ഒരു മണിക്കൂര്‍ എവിടെയായിരിക്കും എന്ന്‌ വെളിപ്പെടുത്താന്‍ എന്തിനാണ്‌ നമ്മുടെ ക്രിക്കറ്റര്‍മാര്‍ ഭയപ്പെടുന്നത്‌..? ഇതിലെന്ത്‌ സുരക്ഷയും സ്വകാര്യതയുമുണ്ട്‌..?
കായിക ലോകത്തെ ഇല്ലാതാക്കുന്ന മരുന്നുവിവാദങ്ങള്‍ക്ക്‌ അന്ത്യമിടുക എന്ന വ്യക്തമായ ലക്ഷ്യത്തിലാണ്‌ വാഡ നടപടികള്‍ കര്‍ക്കശമാക്കിയിരിക്കുന്നത്‌. എല്ലാ കായികതാരങ്ങളും വാഡയുമായി സഹകരിച്ചാല്‍ ഉത്തേജകങ്ങളെ മൈതാനത്ത്‌ നിന്ന്‌ അകറ്റാം. എല്ലാവരും എവിടെയാണെന്ന്‌ വ്യക്തമാക്കണം. അതില്‍ പ്രയാസത്തിന്റെ കാര്യമില്ല. അത്‌ സ്വകാര്യതയെ ബാധിക്കില്ല. സൂപ്പര്‍ താരങ്ങളുടെ സ്വകാര്യതയിലേക്ക്‌ തള്ളിക്കയറാന്‍ വാഡക്ക്‌ താല്‍പ്പര്യമുണ്ടാവില്ല. പക്ഷേ എല്ലാവരെയും കര്‍ക്കശമായി നിരീക്ഷിക്കുന്നു എന്ന സൂചനയാണ്‌ വാഡ നല്‍കുന്നത്‌.
വാഡയുടെ കരാറില്‍ തുടര്‍ച്ചയായി മൂന്ന്‌ തവണ ഒപ്പിടാത്തപക്ഷം ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ കാത്തിരിക്കുന്നത്‌ രണ്ട്‌ വര്‍ഷം വരെ ദീര്‍ഘിക്കുന്ന രാജ്യാന്തരവിലക്കാണ്‌. വാഡയുടെ വ്യവസ്ഥകളുമയി ലോക ക്രിക്കറ്റിനെ ഭരിക്കുന്ന ഇന്റര്‍നാഷല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ ഒപ്പം നില്‍ക്കവെ ഇന്ത്യ അകന്നു നില്‍ക്കുന്നത്‌ ദോഷം മാത്രമാണ്‌ ചെയ്യുക.
സ്വകാര്യതയെക്കുറിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക്‌ മാത്രമാണ്‌ ആശങ്ക. ഓസ്‌ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും ഇംഗ്ലണ്ടിന്റെയുമെല്ലാം ക്രിക്കറ്റര്‍മാര്‍ കരാറില്‍ ഒപ്പിട്ടുണ്ട്‌. യൂറോപ്യന്‍ ഫുട്‌ബോളിലെ കൊല കൊമ്പന്മാര്‍ വരെ കരാറില്‍ ഒപ്പിട്ടിരിക്കുന്നു. ഇന്ത്യയില്‍ തന്നെ മറ്റ്‌ കായിക താരങ്ങള്‍ക്ക്‌ കരാറിനോട്‌ എതിര്‍പ്പില്ല. ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യ വ്യക്തിഗത സ്വര്‍ണ്ണ മെഡല്‍ സമ്മാനിച്ച അഭിനവ്‌ ബിന്ദ്ര ശക്തമായി കരാറിനെ അനുകൂലിക്കുന്നു. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ട്‌ ബിന്ദ്ര. ക്രിക്കറ്റിനെ ഒളിംപിക്‌ ഇനമാക്കണമെന്ന്‌ വാദിക്കുന്ന നമ്മുടെ ക്രിക്കറ്റര്‍മാര്‍ വാഡയോട്‌ പുറംതിരിഞ്ഞ്‌ നില്‍ക്കുന്നത്‌ രസകരമാണ്‌.
ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ സത്യം പറഞ്ഞ്‌ ബോധ്യപ്പെടുത്തേണ്ട ക്രിക്കറ്റ്‌ ബോര്‍ഡ്‌ വാഡക്കെതിരെ സംസാരിക്കുന്നത്‌ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ കായികമന്ത്രി എം.എസ്‌ ഗില്‍ വാഡക്ക്‌ അനുകൂലമായി സംസാരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്‌ കീഴില്‍ പ്രവര്‍ത്തിക്കേണ്ട ക്രിക്കറ്റ്‌ ബോര്‍ഡ്‌ വെല്ലുവിളി ഉയര്‍ത്തുന്നത്‌. ഇന്ത്യന്‍ കായികരംഗത്ത്‌ മാത്രമാണ്‌ ഇങ്ങനെയൊരു വിരോഭാസമുണ്ടാവുക....!

No comments: