Tuesday, August 4, 2009

PAK TRAGEDY

തമ്മിലടി
ധാംബൂല: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീമില്‍ വീണ്ടും തമ്മിലടി....! ക്യാപ്‌റ്റന്‍ യൂനസ്‌ഖാനാണത്രെ ഒരു ഭാഗത്ത്‌. അദ്ദേഹത്തിനെതിരെ കരുക്കള്‍ നീക്കുന്നത്‌ മുന്‍ ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്കും ഇപ്പോഴത്തെ വൈസ്‌ ക്യാപ്‌റ്റന്‍ മിസ്‌ബാഹുല്‍ ഹഖും...! ക്യാപ്‌റ്റനും സീനിയര്‍ താരങ്ങളും തമ്മിലുളള പിടിവലിയിലാണ്‌ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ പാക്‌ ടീം കൂപ്പുകുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലണ്ടില്‍ 20-20 ലോകകപ്പ്‌ സമാപിച്ചിട്ട്‌ ഒരു മാസമേ ആയിട്ടുള്ളു. ലോകകപ്പില്‍ ഐതിഹാസിക പ്രകടനവുമായി കിരീടം സ്വന്തമാക്കിയവരാണ്‌ യൂനസിന്റെ സംഘം. ഫൈനലില്‍ ശ്രീലങ്കയെ വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തി ലോകത്തോളം ഉയര്‍ന്ന ടീമാണ്‌ ഇപ്പോള്‍ ചിന്നിചിതറിയിരിക്കുന്നത്‌. യൂനസ്‌ പറയുന്നത്‌ ടീമില്‍ പ്രശ്‌നങ്ങളില്ല എന്നാണ്‌. എല്ലാ താരങ്ങളുമായും തനിക്ക്‌ നല്ല ബന്ധമാണെന്നും ആരുമായും പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വിശദീകരിക്കുമ്പോള്‍ തന്നെ ടീമില്‍ പലതും ചീഞ്ഞുനാറുന്നതായാണ്‌ വാര്‍ത്തകള്‍.
പാക്‌ ടീമിലെ വിശ്വസ്‌തനായ ബാറ്റ്‌സ്‌മാനാണ്‌ മിസ്‌ബ. അദ്ദേഹത്തിനെതിരെ ടീം മീറ്റിംഗില്‍ യൂനസ്‌ പൊട്ടിത്തെറിച്ചയായി വാര്‍ത്തയുണ്ടായിരുന്നു. കഴിഞ്ഞ ഏകദിനത്തില്‍ മിസ്‌ബ കളിച്ചിരുന്നുമില്ല. മുന്‍ ക്യാപ്‌റ്റനായ മാലിക്കിന്‌ യൂനസിനോട്‌ താല്‍പ്പര്യക്കുറവുണ്ട്‌. മാലിക്കിനെ പുകച്ചുപുറത്തു ചാടിക്കുന്നതില്‍ യൂനസിന്‌ പങ്കുള്ളതായി പറയപ്പെട്ടിരുന്നു. ഈ രണ്ട്‌ സീനിയര്‍ താരങ്ങള്‍ പിന്തിരിഞ്ഞ്‌ നില്‍ക്കുന്നതാണ്‌ ടെസ്റ്റ്‌-ഏകദിന പരമ്പരകളില്‍ ടീമിനെ ചതിച്ചതെന്നാണ്‌ വിലയിരുത്തല്‍. ലോകകപ്പ്‌ സ്വന്തമാക്കി ലങ്കയിലേക്ക്‌ തിരിച്ച ഒരു ടീമിന്‌ അവിടെ എല്ലാം നഷ്ടമാവുന്നത്‌ വേദനയോടെയാണ്‌ പാക്‌ ആരാധകര്‍ കാണുന്നത്‌. വലിയ വിവാദങ്ങളില്‍ പാക്കിസ്‌താന്‍ ടീം ഇല്ലാതായ സാഹചര്യത്തിലായിരുന്നു ലോകകപ്പ്‌ മല്‍സരങ്ങള്‍ നടന്നത്‌. ലാഹോറില്‍ ലങ്കന്‍ ടീം തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ലോകം തന്നെ നടുങ്ങിയിരുന്നു. ആ സംഭവത്തിന്‌ ശേഷം ക്രിക്കറ്റ്‌ ടീമുകള്‍ പാക്കിസ്‌താനിലേക്കുളള യാത്ര അവസാനിപ്പിച്ചു. തുടര്‍ന്ന്‌്‌ മല്‍സരങ്ങളില്‍ പങ്കെടുക്കാനാവാതെ ടീം വിഷമിച്ചു. ഈ പ്രതിസന്ധിമുഖത്ത്‌ നിന്നാണ്‌ ടീം ലോകകപ്പിന്‌ പുറപ്പെട്ടത്‌. ലോകകപ്പിലും തുടക്കം കേമമായിരുന്നില്ല. പക്ഷേ പതുക്ക താളം കണ്ടെത്തിയ ടീം ഷാഹിദ്‌ അഫ്രീദി എന്ന വെടിക്കെട്ടുകാരന്റെ ഓള്‍റൗണ്ട്‌ മികവില്‍ ലോകകപ്പ്‌ സ്വന്തമാക്കിയപ്പോള്‍ എല്ലാവരും അല്‍ഭുതപ്പെട്ടു. സൂപ്പര്‍ താരങ്ങളെ രംഗത്തിറക്കിയ ഇന്ത്യയും ഓസ്‌ട്രേലിയയുമെല്ലാം വെള്ളം കുടിച്ച ചാമ്പ്യന്‍ഷിപ്പിലാണ്‌ പാക്കിസ്‌താന്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത്‌. വീരോചിത സ്വീകരണമാണ്‌ പാക്‌ ടീമിന്‌ നാട്ടില്‍ ലഭിച്ചത്‌. ഈ നേട്ടത്തിന്‌ ഒരാഴ്‌ച്ച പോലും തികയും മുമ്പാണ്‌ ടീം ലങ്കന്‍ പര്യടനത്തിന്‌ പുറപ്പെട്ടത്‌. അത്‌ വരെ ലങ്കയില്‍ പാക്കിസ്‌താന്‌ ഒരു പരമ്പര നഷ്ടമായിരുന്നില്ല. പക്ഷേ ടെസ്റ്റ്‌ പരമ്പരയിലെ മൂന്ന്‌ മല്‍സരങ്ങളില്‍ രണ്ടിലും ടീം തോറ്റു-അതും നാടകീയ തോല്‍വികള്‍. രണ്ട്‌ മല്‍സരങ്ങളിലും പാക്കിസ്‌താനായിരുന്നു വ്യക്തമായ ആധിപത്യം. അഞ്ച്‌ മല്‍സര ഏകദിന പരമ്പരയിലെ ആദ്യ മൂന്ന്‌ മല്‍സരങ്ങള്‍ സമാപിച്ചപ്പോള്‍ ഒരു വിജയം പോലും ടീമിനൊപ്പമില്ല. ഇനി രണ്ട്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമാണ്‌ നടക്കാനിരിക്കുന്നത്‌.
ടീമില്‍ ഇങ്ങനെ പ്രശ്‌നങ്ങളുളളപ്പോള്‍ മല്‍സരങ്ങള്‍ ജയിക്കാനാവില്ല എന്ന സത്യമാണ്‌ ടീം മാനേജ്‌മെന്റിലെ ചിലര്‍ തന്നെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്‌. എല്ലാവര്‍ക്കും സ്വീകാര്യനാവുന്ന നായകനല്ല യൂനസ്‌. അവിടെയാണ്‌ പ്രശ്‌നം ഉദിക്കുന്നത്‌. പുതുമുഖങ്ങള്‍ക്ക്‌ അവസരങ്ങള്‍ നല്‍കുമ്പോള്‍ തന്നെ അദ്ദേഹം സീനിയര്‍ താരങ്ങളെ അവഗണിക്കുന്നതായാണ്‌ പരാതി.
പാക്‌ ടീമില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി ആവശ്യമാണെന്നാണ്‌ മുന്‍ താരങ്ങള്‍ പറയുന്നത്‌. ടീമില്‍ ഐക്യമില്ല. എല്ലാവരും തന്നിഷ്ടമാണ്‌ പ്രകടിപ്പിക്കുന്നത്‌. ക്യാപ്‌റ്റന്‍ യൂനസിന്‌ എല്ലാവരുടെ പിന്തുണയും നേടാവുന്നില്ല- വസീം അക്രം, അബ്ദുള്‍ ഖാദിര്‍ തുടങ്ങിയവരുടെ പരാതികള്‍ കൂമ്പാരമാവുമ്പോള്‍ ഒരു മാസത്തിനുളളില്‍ പാക്‌ ക്രിക്കറ്റില്‍ വന്നിരിക്കുന്ന ഗതിമാറ്റങ്ങളാണ്‌ ശ്രദ്ധേയം.

എല്ലാവരും മാറണം
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ (പി.സി.ബി) തലവന്‍ ഇജാസ്‌ ഭട്ട്‌, ടീമിന്റെ നായകന്‍ യൂനസ്‌ഖാന്‍, കോച്ച്‌ ഇന്‍ത്തികാബ്‌ ആലം-ഇവരെയെല്ലാം പുറത്താക്കണമെന്ന്‌ മുന്‍ ക്യാപ്‌റ്റന്‍ സഹീര്‍ അബാസ്‌. ശ്രീലങ്കക്കെതിരായ ടെസ്‌റ്റ്‌, ഏകദിന പരമ്പരകള്‍ അടിയറ വെച്ച പാക്കിസ്‌താന്‍ ടീമിനെതിരെ നാട്ടില്‍ തിളക്കുന്ന രോഷത്തിന്റെ പ്രതിഫലനമാണ്‌ സഹീറിന്റെ വാക്കുകളില്‍ തെളിയുന്നത്‌. അടി മുതല്‍ മുടിവരെ മാറിയാല്‍ മാത്രമേ പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ രക്ഷയുളളുവെന്നാണ്‌ പാക്കിസ്‌താന്‍ ലോക ക്രിക്കറ്റിന്‌ സമ്മാനിച്ച ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്മാരില്‍ ഒരാളായ സഹീര്‍ പറയുന്നത്‌. പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്ന ഇജാസ്‌ ഭട്ടിന്‌ ഒന്നുമറിയില്ല. ഗെയിമിനെക്കുറിച്ചോ, ക്രിക്കറ്റിനെ ഭരിക്കുന്നതിനെക്കുറിച്ചോ ഒന്നുമറിയാത്ത ഒരാള്‍ തലപ്പത്തിരുന്നാല്‍ എവിടെയാണ്‌ രക്ഷപ്പെടല്‍... സ്വന്തം സുഹൃത്തുക്കളെ സന്തോഷിപ്പിക്കാനുളള തീരുമാനമാണ്‌ അയാള്‍ എടുക്കുന്നത്‌. ക്രിക്കറ്റിനെ രക്ഷിക്കാനുളള നടപടി ക്രമങ്ങളാണ്‌ ഇപ്പോള്‍ അത്യാവശ്യം. ഇജാസ്‌ ഭട്ടിന്‌ കീഴില്‍ പാക്കിസ്‌താന്‌ നഷ്ടം മാത്രമാണ്‌ സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ചാമ്പ്യന്‍സ്‌ ട്രോഫിക്ക്‌ ആതിഥേയത്വം വഹിക്കാനുളള അവസരം നഷ്ടമായി, 2011 ലെ ലോകകപ്പിന്‌ വേദിയാവാനുളള അവസരങ്ങള്‍ ഇല്ലാതായി, ടീമിനെ നിലക്കുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. 20-20 ലോകകപ്പ്‌ ലഭിച്ചത്‌ ഒരു നിമിത്തം മാത്രം. അത്‌ മാറ്റിനിര്‍ത്തിയാല്‍ ടീമിന്‌ ഒന്നും നേടാനായിട്ടില്ല. ശരിക്കും അരാജകത്വമാണ്‌ പാക്കിസ്‌താന്‍ ക്രിക്കറ്റില്‍. കോച്ച്‌ ഇന്‍ത്തികാബ്‌ ആലമിന്‌ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഒരു നായകന്‍ എന്ന നിലയില്‍ എല്ലാവരെയും വിശ്വാസത്തിലെടുക്കാന്‍ യൂനസിന്‌ കഴിയുന്നില്ല. ഇവരെല്ലാം പുറത്ത്‌ പോവുന്നത്‌ാണ്‌ പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ നല്ലതെന്നും സഹീര്‍ തുറന്നടിച്ചു.
തോല്‍വിയും വിജയവും കളിയുടെ ഭാഗമാണെന്നും എന്നാല്‍ ഇത്തരത്തിലുളള നാണംകെട്ട തോല്‍വികള്‍ പാക്കിസ്‌താന്‌ തന്നെ ആഘാതമാണെന്ന്‌ മുന്‍ സെലക്ടര്‍ അബ്ദുള്‍ ഖാദിര്‍ പറഞ്ഞു. 20-20 ലോകകപ്പിനിടെ സെലക്ഷന്‍ വിവാദത്തില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച വ്യക്തിയാണ്‌ ഖാദിര്‍. പാക്‌ താരങ്ങള്‍ രാജ്യത്തിന്റെ സല്‍പ്പേരാണ്‌ കളഞ്ഞിരിക്കുന്നതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനോ, ടീം മാനേജ്‌മെന്റിനോ ടീമിനെക്കുറിച്ചോ ക്രിക്കറ്റിനെക്കുറിച്ചോ ഒരു ധാരണയുമില്ലെന്ന്‌ മുന്‍ ക്യാപ്‌റ്റനായ ആമിര്‍ സുഹൈലും പറഞ്ഞു. സെലക്ഷന്‍ വിഷയത്തില്‍ തന്നെ അപാകതയുണ്ട്‌. ടീമില്‍ രണ്ട്‌ സ്‌പെഷ്യലിസ്റ്റ്‌ ഓപ്പണര്‍മാരുണ്ട്‌. എന്നാല്‍ ഇവരുടെ സേവനം ഉപയോഗിക്കുന്നില്ല. പകരം താല്‍കാലിക ഓപ്പണര്‍മാരെയാണ്‌ രംഗത്തിറക്കിയത്‌. ഇത്‌ ന്യായീകരിക്കാനാവില്ലെന്നും സുഹൈല്‍ പറഞ്ഞു. എന്നാല്‍ മറ്റൊരു മുന്‍ നായകനായ റഷീദ്‌ ലത്തീഫ്‌ മാറ്റങ്ങളല്ല പ്രശ്‌നപരിഹാരമെന്നും ക്രിക്കറ്റര്‍മാര്‍ അടിസ്ഥാന തത്വങ്ങള്‍ മറക്കാതിരുന്നാല്‍ മതിയെന്നുമാണ്‌ നിര്‍ദ്ദേശിച്ചത്‌.

കിളിക്കൂടിന്‌ ഒന്നാം വാര്‍ഷികം
ബെയ്‌ജിംഗ്‌: ഒളിംപിക്‌സ്‌ എന്ന മഹാമാങ്കത്തിന്‌ വിജയകരമായി ആതിഥേയത്വം വഹിച്ച്‌ ചൈനക്കും ഏഷ്യക്കും അഭിമാനമായി മാറിയ ബെയ്‌ജിംഗിലെ പക്ഷിക്കൂട്ടില്‍ (ബോര്‍ഡ്‌സ്‌ നെസ്‌റ്റ്‌ സ്‌റ്റേഡിയം) ഈ മാസം എട്ടിന്‌ ഒരു ഇറ്റാലിയന്‍ സോക്കര്‍ മാമാങ്കം. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്‌ ഫൈനല്‍ മല്‍സരാണ്‌ ഇവിടെ നടക്കാന്‍ പോവുന്നത്‌. മല്‍സരിക്കുന്നവര്‍ ഇറ്റാലിയന്‍ സീരിയ എ ജേതാക്കളായ ഇന്റര്‍മിലാനും കപ്പ്‌ ഇറ്റാലിയ വിജയികളായ ലാസിയോയും. പക്ഷിക്കൂടിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ്‌ മല്‍സരം. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ്‌ ഒന്നിനായിരുന്നു ഒളിംപിക്‌സ്‌ മഹാമാമാങ്കത്തിനായി പക്ഷിക്കൂട്‌ തുറന്നത്‌. ഇറ്റലിയില്‍ നിന്നുളള രണ്ട്‌ പ്രബല ടീമുകളും ഇവിടെ എത്തിയിട്ടുണ്ട്‌. ഇന്റര്‍ സംഘത്തില്‍ ബ്രസീലിന്റെ ലൂസിയോ ഉള്‍പ്പെടെയുളള പ്രമുഖരുണ്ട്‌.
ഇന്ത്യ ക്വാര്‍ട്ടറില്‍
പൂനെ: ലോക ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ടുണീഷ്യ, ബെലാറൂസ്‌, അമേരിക്ക എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന്‌ ഒന്നാം സ്ഥാനം നേടിയാണ്‌ ഇന്ത്യ ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ സ്വന്തമാക്കിയത്‌. ക്വാര്‍ട്ടറില്‍ ശക്തരായ റഷ്യയും അര്‍ജന്റീനയുമെല്ലാമാണ്‌ ഇന്ത്യന്‍ പ്രതിയോഗികള്‍. ലോക വോളി ജൂനിയര്‍ റാങ്കിംഗില്‍ അര്‍ജന്റീന മൂന്നാമതും റഷ്യ നാലാമതുമാണ്‌. മന്ദീപ്‌ സിംഗ്‌, നവീന്‍ രാജ എന്നിവരുടെ മികവിലാണ്‌ ഇന്ത്യ ഇത്‌ വരെയുളള മല്‍സരങ്ങളില്‍ ജയം നേടിയത്‌.

ധന-കായിക വകുപ്പുകള്‍ തമ്മിലടിക്കുന്നു
തിരുവനന്തപുരം: സംസഥാന കായിക വകുപ്പും ധനകാര്യ വകുപ്പും തമ്മിലുളള ശീതസമരത്തില്‍ കേരളത്തിന്‌ നഷ്ടമാവുന്നത്‌ ദേശീയ തലത്തിലെ ഏറ്റവും വലിയ കായികമേള. അടുത്ത വര്‍ഷം സംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന കായികമേളയുടെ ഒരുക്കങ്ങള്‍ മന്ദഗതിയില്‍ ആരംഭിച്ച ഘട്ടത്തിലാണ്‌ ഇപ്പോള്‍ രണ്ട്‌ സര്‍ക്കാര്‍ വകുപ്പുകളുടെ പിടിവലി. പക്ഷേ പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ തലയില്‍ കയറി രക്ഷപ്പെടാനാണ്‌ ശ്രമം. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 90 കോടി രൂപയാണ്‌ ദേശീയ ഗെയിംസിനായി നീക്കിവെച്ചിരിക്കുന്നത്‌. എന്നാല്‍ ഈ തുക കായിക വകുപ്പിന്‌ നല്‍കുന്ന കാര്യത്തില്‍ ധനവകുപ്പ്‌ മുന്‍വെച്ചിരിക്കുന്ന ഉപാധികള്‍ കാര്‍ക്കശ്യമുളളതാണ്‌. ഇതാണ്‌ പുതിയ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം. തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്‌ എന്നീ മൂന്ന്‌ വേദികളിലായാണ്‌ ഗെയിംസ്‌ നടക്കുന്നത്‌. മൂന്ന്‌ വേദികളിലും സംഘാടക സമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌. ഗെയിംസ്‌ വിജയകരമായി നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 110 കോടി നല്‍കാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. കേന്ദ്രത്തിന്റെ 110 കോടിയും സംസ്ഥാനത്തിന്റെ 90 കോടിയുമാവുമ്പോള്‍ 200 കോടിയായി. ബാക്കിവരുന്ന തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ സംഘടിപ്പിക്കാമെന്നിരിക്കെ പതിവ്‌ കേന്ദ്ര കുറ്റപ്പെടുത്തലുമായി ഗെയിംസ്‌ പുസ്‌തകം അടക്കാനാണ്‌ നീക്കം.

No comments: