Tuesday, August 18, 2009

AGAIN NEHRU CUP

നെഹ്‌റു കപ്പിന്‌ ഇന്ന്‌ തുടക്കം
ന്യൂഡല്‍ഹി: ദുബായിലും ബാര്‍സിലോണയിലുമായി ഒരു മാസം ദീര്‍ഘിച്ച അപരാജിത പരിശീലന പരമ്പരക്ക്‌ ശേഷം ബൈജൂംഗ്‌ ബൂട്ടിയ നയിക്കുന്ന ഇന്ത്യന്‍ സംഘം ഇന്ന്‌ മുതല്‍ യഥാര്‍ത്ഥ പോരാട്ടത്തിനിറങ്ങുന്നു. നെഹ്‌റു കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുമ്പോള്‍ കന്നി മല്‍സരത്തിലെ ഇന്ത്യന്‍ എതിരാളികള്‍ ശക്തരായ ലെബനോണാണ്‌. ഇന്ന്‌ വൈകീട്ട്‌ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കരുത്തോടെ മുന്നേറാന്‍ വ്യക്തമായ മാര്‍ജിനിലുള്ള വിജയം കൊതിക്കുന്ന ബൂട്ടിയക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ല. സമീപകാലത്ത്‌ ഇന്ത്യന്‍ ടീമിന്‌ ലഭിച്ച ശക്തമായ ആഘാതം ലെബനോണില്‍ നിന്നായിരുന്നു. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ നാല്‌ ഗോളുകളാണ്‌ ഇന്ത്യന്‍ വലയില്‍ ലെബനോണ്‍ അടിച്ചുകയറ്റിയത്‌.
പക്ഷേ ആ തോല്‍വിയില്‍ നിന്നും ശക്തമായി കര കയറിയ ഇന്ത്യ നിലവില്‍ മികച്ച ഫോമിലാണ്‌. ബോബ്‌ ഹൂട്ടണ്‍ എന്ന അനുഭവസമ്പന്നനായ പരിശീലകന്‌ കീഴില്‍ ദുബായ്‌, ബാര്‍സിലോണ എന്നിവിടങ്ങളില്‍ നടത്തിയ വിജയകരമായ പര്യടനം ഇന്ത്യന്‍ ടീമിന്‌ നല്‍കിയിരിക്കുന്ന ഉണര്‍വാണ്‌ പ്രതീക്ഷ. ഈ കാര്യം ലെബനോണ്‍ കോച്ച്‌ എമിലി റുസ്‌ദം സമ്മതിക്കുന്നു. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ കളിച്ച ഇന്ത്യന്‍ ടീമായിരിക്കില്ല നെഹ്‌റു കപ്പില്‍ കളിക്കുകയെന്ന്‌ തന്റെ ടീം മനസ്സിലാക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടെ രണ്ട്‌ തവണ ലെബനോണ്‍ ഇന്ത്യക്കെതിരെ കളിച്ചിട്ടുണ്ട്‌. പക്ഷേ അതില്‍ നിന്നെല്ലാം വിത്യസ്‌തമായുള്ള ഇന്ത്യന്‍ ടീമിനെയാണ്‌ ഇപ്പോള്‍ കാണുന്നത്‌. അതിനാല്‍ ഞങ്ങള്‍ ജാഗ്രതയിലായിരിക്കും നീങ്ങുക-കോച്ചിന്റെ വാക്കുകള്‍.
ഇന്ത്യക്കെതിരെ ലെബനോണ്‌ മുന്‍ത്തൂക്കം നല്‍കുന്നത്‌്‌ താരങ്ങളുടെ ഉയരമാണ്‌. നല്ല ഉയരക്കാരാണ്‌ ലെബനീസ്‌ താരങ്ങള്‍. കോര്‍ണര്‍ കിക്കുകളും ഗോള്‍മുഖത്തേക്ക്‌ ഉയരുന്ന പന്തുകളും ഉപയോഗപ്പെടുത്താന്‍ ഉയരക്കൂടുതല്‍ കൊണ്ട്‌ ലെബനോണ്‍ താരങ്ങള്‍ക്കാവും. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യന്‍ വലയില്‍ വീണ നാല്‌ ഗോളില്‍ മൂന്നും ഹെഡ്ഡറുകളില്‍ നിന്നായിരുന്നു. ഗോള്‍മുഖത്തേക്ക്‌ ഉയരുന്ന പന്തുകളെ വ്യക്തമായി ഉപയോഗപ്പെടുത്താന്‍ ലെബനോണ്‍ താരങ്ങള്‍ക്ക്‌ കഴിയുമെന്ന സത്യം ഇന്ത്യന്‍ കോച്ച്‌ ഹൂട്ടണ്‍ സമ്മതിക്കുന്നു. ഹൂട്ടണ്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേല്‍ക്കുമ്പോള്‍ താരങ്ങളുടെ ശരാശരി ഉയരം 172 സെന്റീ മീറ്ററായിരുന്നു. ഇപ്പോള്‍ അതില്‍ നിന്ന്‌ അല്‍പ്പം ഉയരത്തില്‍ താരങ്ങളുടെ ശരാശരി ഹൈറ്റ്‌ 178 ആയിട്ടുണ്ട്‌. ലെബനീസ്‌ താരങ്ങളുടെ ആരോഗ്യകരമായ മുന്‍ത്തൂക്കത്തെ മറികടക്കാന്‍ തന്ത്രപരമായ പ്ലാനുകളാണ്‌ ഹൂട്ടന്റെ മനസ്സില്‍. ബാര്‍സിലോണ പര്യടനത്തില്‍ സ്‌പെയിനിലെ ക്ലബുകള്‍ക്കെതിരെ നല്ല പ്രകടനമാണ്‌ ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്‌. അതേ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ആദ്യ മല്‍സരത്തില്‍ തന്നെ ജയിച്ചുകയറാന്‍ കഴിയുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌.
അനുഭവസമ്പത്തിനും യുവത്വത്തിനും തുല്യ പ്രാധാന്യം നല്‍കിയാണ്‌ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്‌. പതിനാറ്‌ വര്‍ഷത്തോളമായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവിഭാജ്യ ഘടകമായ ബൂട്ടിയയും കന്നിക്കാരനായ സുഭാഷ്‌ സിംഗുമെല്ലാം ഉള്‍പ്പെടുന്ന സംഘത്തിന്‌ കാണികളുടെ നിര്‍ലോഭമായ പിന്തുണ ഉറപ്പാണ്‌. അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തിലെ പ്രതലമാണ്‌ ചിലപ്പോള്‍ വില്ലനാവാന്‍ സാധ്യത. സ്വാതന്ത്ര്യ ദിന പരേഡ്‌ ഇവിടെയാണ്‌ നടന്നത്‌. പരേഡിന്‌ ശേഷം കാര്യമായ റിപ്പയര്‍ ജോലികളില്ലാതെയാണ്‌ ഇന്ന്‌ മല്‍സരം ആരംഭിക്കുന്നത്‌.
പഴയ കാലങ്ങള്‍ മറന്ന്‌ ഏറ്റവും മികച്ച ലക്ഷ്യത്തിലേക്ക്‌ പന്ത്‌ തട്ടാനാണ്‌ തന്റെ ടീം ശ്രമിക്കുകയെന്ന്‌ ബൂട്ടിയ ഉറപ്പ്‌ നല്‍കുന്നുണ്ട്‌. അനുഭവസമ്പന്നനായ നായകന്‌ ഇപ്പോഴും ഗോളുകളോടുള്ള ദാഹം അവസാനിച്ചിട്ടില്ല. മുന്‍നിരയില്‍ ബൂട്ടിയക്കൊപ്പം കളിക്കുമെന്ന്‌ കരുതപ്പെട്ടിരുന്ന സുനില്‍ ചേത്രിക്ക്‌ ഇന്നത്തെ മല്‍സരത്തില്‍ കളിക്കാന്‍ കഴിയില്ല എന്നാണ്‌ കരുതുന്നത്‌. ടീമിന്റെ പ്രശ്‌നവും അതാണ്‌. കണങ്കാലിന്‌ പരുക്കുള്ള ചേത്രിക്ക്‌ ബാര്‍സിലോണയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറുന്ന പക്ഷം ചേത്രി തീര്‍ച്ചയായും കളിക്കുമെന്ന്‌ ബൂട്ടിയ പറഞ്ഞു. സമീര്‍ നായിക്‌, റെനഡി സിംഗ്‌ എന്നിവര്‍ക്കും പരുക്കിന്റെ പ്രശ്‌നങ്ങളുണ്ട്‌. ആദ്യ മല്‍സരത്തില്‍ ഇവരും കളിക്കാന്‍ സാധ്യത കുവാണ്‌.
ഇതാദ്യമായി നെഹ്‌റു കപ്പ്‌ കളിക്കുന്നവരാണ്‌ സുഭാഷും ജഗ്‌പ്രീത്‌ സിംഗും അരിന്ദം ഭട്ടാചാര്യയുമെല്ലാം. സമ്മര്‍ദ്ദമുണ്ടെങ്കിലും വലിയ മല്‍സരത്തില്‍ മെച്ചപ്പെട്ട പ്രകടനമാണ്‌ ഇവരും വാഗ്‌ദാനം ചെയ്യുന്നത്‌. ലെബനോണ്‍ സംഘത്തില്‍ പ്രമുഖരായ നാല്‌ താരങ്ങള്‍ കളിക്കുന്നില്ല എന്നത്‌ ഇന്ത്യക്ക്‌ ആശ്വാസമാണ്‌. മുന്‍നിരക്കാരനായ റമീസ്‌ ദയൂബ്‌ ഇന്ത്യന്‍ ക്ലബായ ഈസ്റ്റ്‌ ബംഗാളിന്‌ വേണ്ടി കളിക്കാന്‍ കരാര്‍ ചെയ്‌തിട്ടുണ്ട്‌. പക്ഷേ അദ്ദേഹത്തിന്റെ പഴയ ക്ലബായ സഫ എഫ്‌.സിയുമായി പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
2011 ല്‍ ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനുള്ള ഒരുക്കമാണ്‌ ഹൂട്ടണും ബൂട്ടിയക്കും ഇന്ത്യക്കും ഈ ചാമ്പ്യന്‍ഷിപ്പ്‌. നല്ല പ്രകടനം നടത്താനായാല്‍ ഇതേ കോമ്പിനേഷനെ നിലനിര്‍ത്തി ഏഷ്യന്‍ കപ്പിനുള്ള ഒരുക്കങ്ങള്‍ നടത്താനാവും. ടീമിന്റെ പ്രകടനം നിരാശാജനകമായാല്‍ കാര്യമായ മാറ്റങ്ങള്‍ക്ക്‌ ഹൂട്ടണ്‍ മുതിരുകയും ചെയ്യും.
ഇന്ന്‌ ലെബനോണിനെതിരെ കളിക്കുന്ന ഇന്ത്യന്‍ ടീം ഇതായിരിക്കും: സുബ്രതോ പാല്‍, സുര്‍കുമാര്‍ സിംഗ്‌, അന്‍വര്‍ അലി, ഗുര്‍മാംഗി സിംഗ്‌, എന്‍.എസ്‌ മഞ്‌ജു, സ്റ്റീവന്‍ ഡയസ്‌, ക്ലൈമാക്‌സ്‌ ലോറന്‍സ്‌, എന്‍.പി പ്രദീപ്‌, ആന്റണി പെരേര, ബൈജൂംഗ്‌ ബൂട്ടിയ, സൂശീല്‍ കുമാര്‍ സിംഗ്‌.



ക്ലിഫോര്‍ഡ്‌ പുറത്ത്‌
ന്യൂഡല്‍ഹി: നെഹ്‌റു കപ്പ്‌ നിലനിര്‍ത്താനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ ഇന്നലെ കോച്ച്‌ ബോബ്‌ ഹൂട്ടണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഡെംപോയുടെ മധ്യനിരക്കാരനായ ക്ലിഫോര്‍ഡ്‌ മിറാന്‍ഡ പുറത്ത്‌. 28 അംഗ സാധ്യതാ സംഘത്തില്‍ നിന്നും ഇന്നലെ അവസാന ഇരുപതിനെ കോച്ച്‌ പ്രഖ്യാപിച്ചപ്പോള്‍ പുറത്തായ മറ്റ്‌ പ്രമുഖരില്‍ നല്ലപ്പന്‍ മോഹന്‍രാജ്‌, സുഭാഷ്‌സിംഗ്‌, ഗോവിന്‍ മോയിരാഗ്‌തം സിംഗ്‌, രാകേഷ്‌ മാസി, അരിന്ദം ഭട്ടാചാര്യ, ബല്‍ദീപ്‌ സിംഗ്‌, ജഗ്‌പ്രീത്‌ സിംഗ്‌ എന്നിവര്‍ ഉള്‍പ്പെടുന്നു. പരുക്ക്‌ മൂലം സംശയത്തിലായിരുന്ന മുന്‍നിരക്കാരന്‍ സുനില്‍ ചേത്രി അവസാന സംഘത്തിലുണ്ട്‌. ഇന്ത്യന്‍ മുന്‍നിരയിലെ ചാട്ടൂളിയായ ചേത്രിയുടെ പരുക്ക്‌ പൂര്‍ണ്ണമായും ഉടന്‍ ഭേദമാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. പനി ബാധിതനായ റെനഡി സിംഗ്‌, പേശീവലിവ്‌ മൂലം പുറത്തിരിക്കുന്ന സമീര്‍ നായിക്‌ എന്നിവരും ടീമിലെത്തിയിട്ടുണ്ട്‌. ബൈജൂംഗ്‌ ബൂട്ടിയ നയിക്കുന്ന സംഘത്തിലുളളവര്‍ ഇവരാണ്‌:
ഗോള്‍ക്കീപ്പര്‍മാര്‍-സുബ്രതോ പാല്‍, സുബാഷിഷ്‌ റോയ്‌ ചൗധരി.
ഡിഫന്‍ഡര്‍മാര്‍-എന്‍.എസ്‌ മഞ്‌ജു, അന്‍വര്‍, ദീപക്‌ കുമാര്‍ മണ്ഡല്‍, മഹേഷ്‌ ഗാവ്‌ലി, സുര്‍കുമാര്‍ സിംഗ്‌, ഗൗരമാംഗിമോയി രഗ്‌തം സിംഗ്‌,സമീര്‍ നായിക്‌, മെഹ്‌റാജുദ്ദീന്‍ വാദ്ദു,
മധ്യനിര- എന്‍.പി പ്രദീപ്‌, റെനഡി സിംഗ്‌, സയ്യദ്‌ റഹീം നബി, സ്റ്റിവന്‍ ബെനഡിക്‌റ്റ്‌ ഡയസ്‌, ആന്റണി പെരേര, ക്ലൈമാക്‌സ്‌ ലോറന്‍സ്‌
മുന്‍നിര-സുനില്‍ ചേത്രി, ബൈജൂംഗ്‌ ബൂട്ടിയ, സുശീല്‍ കുമാര്‍ സിംഗ്‌, അഭിഷേക്‌ യാദവ്‌.

ആദ്യ ഗോള്‍, അവസാന ഗോള്‍
ന്യൂഡല്‍ഹി: നടുപ്പറമ്പില്‍ പാപ്പച്ചന്‍ പ്രദീപ്‌ എന്ന എന്‍.പി പ്രദീപ്‌ ഇന്ത്യന്‍ ഫുട്‌ബോളില്‍ മേല്‍വിലാസം നേടിയത്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ ഡല്‍ഹിയിലെ അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന നെഹ്‌റു കപ്പിലൂടെയായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ ഗോളും അവസാന ഗോളും സ്വന്തമാക്കിയ പ്രദീപ്‌ നെഹ്‌റു കപ്പിന്‌ ശേഷം ഇന്ത്യന്‍ സോക്കറിലെ സൂപ്പര്‍ താരമാണ്‌. പിന്‍നിരയിലും മധ്യനിരയിലും ആവശ്യമെങ്കില്‍ മുന്‍നിരയിലും കളിക്കുന്ന ഓള്‍റൗണ്ടര്‍. ക്ഷീണമറിയാത്ത പോരാളിയെന്നാണ്‌ ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയ പ്രദീപിനെ വിശേഷിപ്പിക്കുന്നത്‌. നെഹ്‌റു കപ്പ്‌ നിലനിര്‍ത്താനുള്ള പോരാട്ടം ഇന്ന്‌ ഇന്ത്യ തുടങ്ങുമ്പോള്‍ ബോബ്‌ ഹൂട്ടന്‍ മാത്രമല്ല രാജ്യം മുഴുവന്‍ പ്രദീപിന്റെ ബലമേറിയ കാലുകളിലേക്കാണ്‌ നോക്കുന്നത്‌. ഇന്ത്യന്‍ ഫുട്‌ബോളിനെ എന്നും സേവിച്ചിരുന്നത്‌ ഒളിംപ്യന്‍ റഹ്‌മാന്‍ മുതലുള്ള മലയാള പാദങ്ങളായിരുന്നു. മലയാളത്തിന്റെ പാരമ്പര്യം കാക്കാന്‍ നിയോഗിതനായിരിക്കുന്ന പ്രദീപ്‌ കഴിഞ്ഞ നെഹ്‌റു കപ്പില്‍ കംബോഡിയക്കെതിരെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌താണ്‌ ആരംഭിച്ചത്‌. ഇന്ത്യ ആറ്‌ ഗോളിന്‌ ജയിച്ച മല്‍സരമായിരുന്നു അത്‌. പതിനാറാം മിനുട്ടില്‍ പ്രദീപാണ്‌ ഗോള്‍ വേട്ട തുടങ്ങിയത്‌. പിന്നെയത്‌ ക്യാപ്‌റ്റന്‍ ബൂട്ടിയയും മുന്‍നിരക്കാരന്‍ സുനില്‍ ചേത്രിയും സ്‌റ്റീവന്‍ ഡയസുമെല്ലാം ഏറ്റെടുത്തു. തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ ടീമിനെ ഫൈനലില്‍ നേരിട്ടത്‌ സിറിയയായിരുന്നു. അംബേദ്‌ക്കര്‍ സ്റ്റേഡിയം തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി നടന്ന ഫൈനല്‍ പോരാട്ടത്തിലും പ്രദീപിന്റെ കാലുകളാണ്‌ ടീമിനെ രക്ഷിച്ചത്‌.
ഇന്ത്യന്‍ ഫുട്‌ബോളിന്‌ ഒരിക്കലും മറക്കാനാവാത്ത ചാമ്പ്യന്‍ഷിപ്പായിരുന്നു അത്‌. ഫിഫ റാങ്കിംഗില്‍ വളരെ പിറകില്‍ നിന്ന രാജ്യം വലിയ ഒരു ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കിയ കാഴ്‌ച്ചയില്‍ പ്രദീപിനെ കാത്തിരുന്നത്‌ ബഹുമതികളായിരുന്നു. രാജ്യവും സംസ്ഥാനവും യുവതാരത്തിന്റെ കരുത്തിനെ അംഗീകരിച്ചു. ബോബ്‌ ഹൂട്ടണായിരുന്നു പ്രദീപിലെ ഫുട്‌ബോളറുടെ ടാലന്റ്‌ ആദ്യം മനസ്സിലാക്കിയത്‌. 90 മിനുട്ടും അദ്ധ്വാനിക്കുന്ന പ്രദീപിനോട്‌ കോച്ച്‌ പറഞ്ഞത്‌ അല്‍പ്പം ലക്ഷ്യബോധം കാണിക്കാനാണ്‌. ചാട്ടുളി കണക്കെയുളള പ്രദീപിന്റെ ഷോട്ടുകള്‍ വല തുളച്ചുക്കയറുന്ന കാഴ്‌ച്ചകള്‍ പിന്നീട്‌ പലവട്ടം ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ടു. ഇത്തവണ അതേ പ്രകടനം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്‌ പ്രദീപ്‌. മധ്യനിരയിലാണ്‌ കോച്ച്‌ സ്ഥാനം നല്‍കിയിരിക്കുന്നത്‌. പക്ഷേ മൈതാനത്ത്‌ അവസരവാദിയായി ഏത്‌ പൊസിഷനിലും കളിക്കാന്‍ പ്രദീപ്‌ റെഡിയാണ്‌.

പ്രീമിര്‍ ലീഗില്‍ ഇന്ന്‌ നാല്‌ മല്‍സരങ്ങള്‍
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ നാല്‌ മല്‍സരങ്ങള്‍. നിലവിലെ ജേതാക്കളായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ സീസണിലെ തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ ബര്‍ണ്‌ലിയെ നേരിടുമ്പോള്‍ ശക്തരായ ലിവര്‍പൂള്‍ സ്‌റ്റോക്‌ സിറ്റിയുമായി കളിക്കും. മറ്റ്‌ മല്‍സരങ്ങളില്‍ ബിര്‍മിംഗ്‌ ഹാം പോര്‍ട്‌സ്‌മൗത്തിനെയും ഹള്‍ സിറ്റി ടോട്ടന്‍ഹാമിനെയും എതിരിടും. എല്ലാ ടീമുകളും ഓരോ മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ആഴ്‌സനല്‍, മാഞ്ചസ്‌റ്റര്‍ സിറ്റി, സ്‌റ്റോക്‌ സിറ്റി, വെസ്‌റ്റ്‌ഹാം, വിഗാന്‍ അത്‌ലറ്റിക്‌സ്‌, ചെല്‍സി, ടോട്ടന്‍ഹാം, ഫുള്‍ഹാം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌, സുതര്‍ലാന്‍ഡ്‌ എന്നിവര്‍ക്കെല്ലാം മൂന്ന്‌ പോയന്റുണ്ട്‌. വലിയ മാര്‍ജിനില്‍ വിജയിച്ച ആര്‍സനലാണ്‌ ഗോള്‍ ശരാശരിയുടെ മുന്‍ത്തൂക്കത്തില്‍ ടേബിളില്‍ ഒന്നാം സ്ഥാനത്ത്‌.
ഇത്തവണ ഇംഗ്ലീഷ്‌ ട്രാന്‍സ്‌ഫര്‍ സീസണില്‍ കാര്യമായ നേട്ടങ്ങള്‍ സമ്പാദിക്കാനാവാത്ത ടീമായിരുന്നു ഗണ്ണേഴ്‌സ്‌. പക്ഷേ സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ നേടാനായ വിജയം ടീമിന്റെ ശക്തിക്കുള്ള തെളിവാണെന്ന്‌ കോച്ച്‌ ആഴ്‌സന്‍ വെംഗര്‍ പറയന്നു. ഇന്ന്‌ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ യോഗ്യതാ മല്‍സരത്തില്‍ സ്‌ക്കോട്ട്‌ലാന്‍ഡില്‍ നിന്നുള്ള സെല്‍റ്റിക്കുമായി ആഴ്‌സനല്‍ കളിക്കുന്നുണ്ട്‌. തിരക്കേറിയ സീസണില്‍ എല്ലാ മല്‍സരങ്ങളും അതി പ്രാധാന്യമുള്ളതാണെന്നാണ്‌ അദ്ദേഹത്തിന്റെ സാക്ഷ്യം. ഓഗസ്‌റ്റ്‌ പതിനഞ്ചിന്‌ നടന്ന മല്‍സരത്തില്‍ എവര്‍ട്ടണെ 6-1 നാണ്‌ ആഴ്‌സനല്‍ മറിച്ചിട്ടത്‌. ഇത്ര വലിയ മാര്‍ജിനില്‍ വിജയിക്കുമെന്ന പ്രതീക്ഷ കോച്ചിനോ താരങ്ങള്‍ക്കോ ഉണ്ടായിരുന്നില്ല. ഡെന്നില്‍സണും പുതിയ താരം തോമസ്‌ വെര്‍മുലിനും വില്ല്യം ഗല്ലാസുമെല്ലാം അരങ്ങ്‌ തകര്‍ത്ത കാഴ്‌ച്ചയില്‍ എവര്‍ട്ടണ്‍ നിരക്ക്‌ ഒന്നും ചെയ്യാനായില്ല. എവര്‍ട്ടണെതിരെ ഡെന്നില്‍സണ്‍ സ്വന്തമാക്കിയതായിരുന്നു മനോഹരമായ ഗോള്‍. 25 വാര അകലെ നിന്നും അദ്ദേഹം പായിച്ച ഷോട്ട്‌ വല തുളച്ചപ്പോള്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ഈ താരത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന തന്ത്രത്തിന്‌ വെംഗര്‍ രൂപം നല്‍കിയിട്ടുണ്ട്‌. പ്രീമിയര്‍ ലീഗിന്റെ ഉദ്‌ഘാടന ദിവസ മല്‍സരത്തില്‍ ഇത്‌ വരെ ഒരു ടീമിനും ഇത്ര വലിയ വിജയം ലഭിച്ചിട്ടില്ല. നല്ല തുടക്കം ഉപയോഗപ്പെടുത്താനായാല്‍ ചാമ്പ്‌.യന്‍ഷിപ്പിന്‍രെ ആദ്യ ഘട്ടത്തില്‍ തനനെ എതിരാളികളെ പിറകിലാനാവുമെന്നാണ്‌ വെംഗര്‍ പറയുന്നത്‌. എന്നാല്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ, കാര്‍ലോസ്‌ ടെവസ്‌ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ നഷ്ടമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണും ആഴ്‌സനലിന്റെ ഫോമില്‍ ആശങ്കയില്ല. വെയിന്‍ റൂണിയുടെ ഏക ഗോളില്‍ ബിര്‍മിംഗ്‌ഹാമിനെ തോല്‍പ്പിക്കാനായ മാഞ്ചസ്റ്ററിന്‌ ഇന്ന്‌ ബര്‍ണ്‌ലിയെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിക്കാനാവുമെന്നാണ്‌ ഫെര്‍ഗ്ഗി പറയുന്നത്‌. റൊണാള്‍ഡോ, ടെവസ്‌ എന്നിവര്‍ പോയ ശേഷം ടീമിന്റെ പ്രധാന പ്രതീക്ഷയും കുന്തമുനയും റൂണിയാണ്‌. ആദ്യ മല്‍സരത്തില്‍ പ്രതീക്ഷ കാത്ത റൂണിയില്‍ തന്നെയാണ്‌ ഇന്നും കോച്ചിന്റെ പ്രതീക്ഷകളെല്ലാം.

തേര്‍ഡ്‌ ഐ
ഫിഫ റാങ്കിംഗിലെ ഇന്ത്യന്‍ സ്ഥാനത്തെക്കുറിച്ച്‌ ഫുട്‌ബോള്‍ പ്രേമികള്‍ക്ക്‌ വേവലാതിയില്ല.... സ്‌പെയിനും ബ്രസീലുമെല്ലാം വാഴുന്ന ഫുട്‌ബോള്‍ തട്ടകത്ത്‌ ഇന്ത്യക്ക്‌ വിസ്‌മയം കാണിക്കാനാവില്ല എന്ന സത്യം മനസ്സിലാക്കാത്ത ഫുട്‌ബോള്‍ പ്രേമികള്‍ ഇവിടെയില്ല. പക്ഷേ ബോബ്‌ ഹൂട്ടണ്‍ എന്ന പരിശീലകന്‍ വന്നപ്പോള്‍ ചെറിയ മോഹങ്ങള്‍ നാമ്പിട്ടുണ്ട്‌ എന്നത്‌ വാസ്‌തവമാണ്‌. ഒരു വര്‍ഷം മുമ്പ്‌ ടീം നെഹ്‌റു കപ്പ്‌ സ്വന്തമാക്കി. അതിന്‌ ശേഷം ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അമ്പേ നിരാശപ്പെടുത്തിയില്ല. ദുബായില്‍ പത്ത്‌ ദിവസത്തെ പരിശീലനത്തിലും ബാര്‍സിലോണയില്‍ അര മാസത്തെ പരിശീലനങ്ങളിലും ടീം മോശമാക്കിയില്ല. ദേശീയ ടീമിന്റെ മികവില്‍ നിന്ന്‌ ഊര്‍ജ്ജമുള്‍കൊണ്ടാവാം ക്ലബ്‌ തലത്തിലും ഇന്ത്യന്‍ ടീമുകള്‍ക്‌ നേട്ടമുണ്ടായിരുന്നു.
ഇന്ന്‌ നെഹ്‌റു കപ്പിന്‌ അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ വിമര്‍ശകര്‍ക്ക്‌ ചൂണ്ടിക്കാട്ടാന്‍ പലതുമുണ്ടാവാം. ചാമ്പ്യന്‍ഷിപ്പില്‍ നല്ല ടീം എന്ന്‌ വിശേഷിപ്പിക്കാന്‍ ലെബനോണ്‍ മാത്രമാണുള്ളതെന്നും സിറിയ, കിര്‍ഗിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ ശരാശരിക്കാരാണെന്ന വാദവും ഉയരുന്നുണ്ട്‌. പക്ഷേ ഇന്ത്യന്‍ ഫുട്‌ബോള്‍ ഒരു പരിണാമ ഘട്ടത്തില്‍ നില്‍ക്കുന്ന ദശയില്‍ ഈ ചാമ്പ്യന്‍ഷിപ്പിന്‌ പ്രസക്തിയുണ്ട്‌. നിരവധി യുവതാരങ്ങള്‍ക്ക്‌ കോച്ച്‌ ടീമിലിടം നല്‍കിയിട്ടുണ്ട്‌. 2011 ല്‍ ദോഹ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പ്‌ മുന്‍നിര്‍ത്തിയുള്ള യാത്രയാണ്‌ ആരംഭിക്കുന്നത്‌. ഈ യാത്രയില്‍ എളുപ്പത്തില്‍ മുന്നേറാന്‍ കഴിയില്ല. നെഹ്‌റു കപ്പ്‌ സ്വന്തം തട്ടകത്തില്‍ നടക്കുന്നതിനാല്‍ പരിചിതമായ കാലാവസ്ഥയും മൈതാനവും കാണികളുമെല്ലാം പ്ലസ്‌ പോയന്റാണ്‌. അത്‌ ഉപയോഗപ്പെടുത്തുമ്പോഴും എതിരാളികളെ പഠിക്കാനും പുതിയ തന്ത്രങ്ങള്‍ക്ക്‌്‌ രൂപം നല്‍കാനും കഴിയണം.
ഇന്ന്‌ ലെബനോണിനെതിരെ ജയിക്കുക എളുപ്പമല്ല. യൂറോപ്യന്‍ താരങ്ങളെ പോലെ ലെബനോണ്‌ ശക്തമായ ആരോഗ്യ മുന്‍ത്തൂക്കമുണ്ട്‌. അവരുടെ നിരയിലെ പതിനൊന്നില്‍ ഒമ്പത്‌ പേരും ആറടിക്കാരാണ്‌. നമ്മുടെ നായകന്‍ ബൂട്ടിയ ഉള്‍പ്പെടെ എല്ലാവരും ശരാശരി ഉയരക്കാരാണ്‌. ഈ മുന്‍ത്തൂക്കത്തെ ഉപയോഗപ്പെടുത്താന്‍ തീര്‍ച്ചയായും ലെബനോണ്‍ ശ്രമിക്കുമ്പോള്‍ പിന്‍നിരയാണ്‌ ശ്രദ്ധിക്കേണ്ടത്‌. ഗോള്‍മുഖത്ത്‌ സമ്മര്‍ദ്ദഘട്ടമുണ്ടാക്കരുത്‌. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ലെബനോണ്‍ ശ്രമിച്ചത്‌ ഇന്ത്യന്‍ ഗോള്‍മുഖത്ത്‌ പരിഭ്രാന്തി സൃഷ്‌ടിക്കാനാണ്‌. അങ്ങനെ ലഭിക്കുന്ന കോര്‍ണര്‍കിക്കുകളും ഫ്രീകിക്കുകളും അവര്‍ ഉപയോഗപ്പെടുത്തി. ഈ തന്ത്രത്തെ ചെറുക്കാന്‍ ഇന്ത്യക്കാവണം.
മുന്‍നിരയില്‍ ബൂട്ടിയക്ക്‌ എത്ര സമയം കളിക്കാന്‍ കഴിയും എന്നതും വിഷയമാണ്‌. സുനില്‍ ചേത്രി എന്ന ഡല്‍ഹിക്കാരന്റെ പരുക്ക്‌ ടീമിന്‌ കനത്ത ക്ഷീണമാണ്‌. ഉയരക്കുറവ്‌ ഉപയോഗപ്പെടുത്തി എതിര്‍ ഡിഫന്‍സിലൂടെ കുതിക്കാന്‍ ചേത്രിക്ക്‌ കഴിയുമായിരുന്നു. ബൂട്ടിയ-ചേത്രി സഖ്യമാണെങ്കില്‍ അനുഭവസമ്പത്തും വേഗതയും സമ്മേളിച്ച്‌്‌ ലെബനോണ്‍ പ്രതിരോധത്തിന്‌ തലവേദന നല്‍കാന്‍ കഴിയുമായിരുന്നു. ഇന്ന്‌ ബൂട്ടിയക്കൊപ്പം അഭിഷേകിനായിരിക്കും കോച്ച്‌ അവസരം നല്‍കുക. ഈ ജോഡിയുടെ സ്‌ട്രൈക്കിംഗ്‌ കരുത്തായിരിക്കും പ്രധാനം.

ബോള്‍ട്ട്‌ വീണ്ടും
ബെര്‍ലിന്‍: ലോക റെക്കോര്‍ഡ്‌ സമയത്തില്‍ 100 മീറ്റര്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഉസൈന്‍ ബോള്‍ട്ട്‌ ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്വര്‍ണ്ണവും ഉറപ്പാക്കുന്നു. ഇന്നലെ നടന്ന പുരുഷന്മാരുടെ 200 മീറ്റര്‍ ഹീറ്റ്‌സില്‍ മികച്ച സമയത്തിലാണ്‌ ജമൈക്കന്‍ താരം ഫിനിഷ്‌ ചെയ്‌തത്‌. ഒളിംപിക്‌ സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി അഞ്ചാമത്തെ ഹീറ്റ്‌സിലായിരുന്നു ബോള്‍ട്ടിന്റെ മിന്നല്‍ പ്രകടനം. 20.70 സെക്കന്‍ഡിലാണ്‌ അദ്ദേഹം ഫിനിഷ്‌ ചെയ്‌തത്‌. ബോള്‍ട്ടിന്‌ വെല്ലുവിളിയാവുമെന്ന്‌ കരുതപ്പെട്ട അമേരിക്കയുടെ ടൈസണ്‍ ഗേ പേശീവലിവ്‌ മൂലം ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറിയതും നാളെ നടക്കുന്ന ഫൈനലില്‍ ബോള്‍ട്ടിന്റെ സ്വര്‍ണ്ണം ഉറപ്പാക്കുന്നുണ്ട്‌.
100 മീറ്ററില്‍ അതിവേഗതയില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ബോള്‍ട്ട്‌ ഇന്നലെ 20 മീറ്റര്‍ ഹീറ്റ്‌സിന്റെ ആദ്യ 100 മീറ്ററില്‍ ക്ഷീണിതനെ പോലെയാണ്‌ കാണപ്പെട്ടത്‌. പക്ഷേ അവസാന 100 മീറ്ററില്‍ അദ്ദേഹം അരങ്ങ്‌ തകര്‍ത്തു. മല്‍സരത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ നില്‍ക്കാതെ ബോള്‍ട്ട്‌ വേഗം മടങ്ങുകയും ചെയ്‌തു. 400 മീറ്ററില്‍ നിലവിലെ ചാമ്പ്യന്‍ ജെറമി വാരിനറും ഒളിംപിക്‌ ചാമ്പ്യന്‍ ലാഷ്‌വാന്‍ മെറിറ്റും സെമിഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്‌.

No comments: