തേര്‍ഡ് ഐ
നെഹ്‌റു കപ്പ് രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ സമാപനമാവുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുക ഇന്ത്യന്‍ ഫുട്‌ബോള്‍ ഭരണത്തിലും നടത്തിപ്പിലും നിലനില്‍ക്കുന്ന അനിശ്ചിതത്വമായിരിക്കും. അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ രണ്ടാഴ്‌ച്ച ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പല്‍ മികച്ച ഫുട്‌ബോളുമായി സിറിയയും ഇന്ത്യയും കാണികള്‍ക്ക് വിരുന്നൂട്ടി എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ രാജ്യം ആതിഥേയത്വം വഹിക്കുന്ന ഏക രാജ്യാന്തചര ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ അവസാനം വരെ കാണാനായത് ആശയക്കുഴപ്പങ്ങളായിരുന്നു.
ചാമ്പ്യന്‍ഷിപ്പില്‍ എത്ര ടീമുകള്‍ കളിക്കുമെന്ന കാര്യത്തില്‍ തുടക്കം മുതല്‍ പ്രശ്‌നമായിരുന്നു. തായ്‌ലാന്‍ഡും ഫലസ്‌തീനും ദേശീയ ടീമുകളെ അയക്കുമെന്നായിരുന്നു അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തുടക്കത്തില്‍ വ്യക്തമാക്കിയത്. ഒ.എന്‍.ജി.സിയെ പോലെ മികച്ച സ്‌പോണ്‍സറെ ലഭിച്ചിട്ടും അതിന്റെ പോസീറ്റിവുകളെ ഉപയോഗപ്പെടുത്താന്‍ സംഘാടര്‍ക്കായില്ല. ദേശീയ ടീമിനെ അയക്കില്ലെന്ന് തായ്‌ലാന്‍ഡ് വ്യക്തമാക്കിയപ്പോള്‍ ക്ലബ് ടീമിനെ അയക്കാമെന്നാണ് ഫലസ്‌തീന്‍ പറഞ്ഞത്. ഇതോടെ ചാമ്പ്യന്‍ഷിപ്പിലെ പങ്കാളിത്തം അഞ്ച് ടീമുകള്‍ മാത്രമായി. സിറിയയും ശ്രീലങ്കയും കിര്‍ഗിസ്ഥാനും ലെബനോണും ദേശീയ ടീമുകളെ തന്നെ അയച്ചു. പക്ഷേ മല്‍സരങ്ങള്‍ പലതും നിലവാരം പുലര്‍ത്തിയില്ല.
അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ഒരു ചാമ്പ്യന്‍ഷിപ്പ് എന്നും പ്രശ്‌നമാണ്. ഫൈനലില്‍ കളിക്കുക അഞ്ച് ടീമില്‍ ഏറ്റവും കൂടുതല്‍ പോയന്റ്‌് സ്വന്തമാക്കുന്ന ടീമുകളായിരിക്കുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്. പോയന്റ് തുല്യമായി വന്നാല്‍ ഫൈനല്‍ ടീമുകളെ എങ്ങനെ നിശ്ചയിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ വ്യവസ്ഥകളില്ലായിരുന്നു. കളിച്ച എല്ലാ മല്‍സരങ്ങളും സിറിയ ജയിച്ചപ്പോള്‍ അവര്‍ ഫൈനല്‍ കളിക്കുമെന്നുറപ്പായി. പക്ഷേ ഫൈനലിലെ രണ്ടാമത്തെ ടീമിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. ഇന്ത്യക്കും, തുല്യ സാധ്യത ശ്രീലങ്കക്കുമുണ്ടായിരുന്നു. ലങ്ക-കിര്‍ഗിസ്ഥാന്‍ മല്‍സരത്തിന് മുമ്പ് സംഘാടകര്‍ പറഞ്ഞിരുന്നത് പോയന്റ്‌് നിലയില്‍ തുല്യത വന്നാല്‍ ഗോള്‍ ശരാശരിയായിരിക്കും ഫൈനലിസ്റ്റിനെ നിശ്ചയിക്കുക എന്നാണ്. അങ്ങനെ വന്നാല്‍ ഇന്ത്യക്കായിരുന്നു വ്യക്തമായ സാധ്യത. കാരണം മെച്ചപ്പെട്ട ഗോള്‍ ശരാശരി ഇന്ത്യക്കുണ്ടായിരുന്നു. കിര്‍ഗിസ്ഥാനെ ലങ്ക വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമായിരുന്നു ഇന്ത്യക്ക് തടസ്സം വരുക. കിര്‍ഗിസ്ഥാനെതിരായ മല്‍സരത്തില്‍ ലങ്ക തകര്‍ന്നപ്പോള്‍ സ്വാഭാവികം ഇന്ത്യ ഫൈനല്‍ ഉറപ്പാക്കി.
എന്നാല്‍ വളരെ നാടകീയമായി സംഘാടകര്‍ പറഞ്ഞു ഗോള്‍ ശരാശരിയല്ല ടീമുകള്‍ തമ്മിലുളള പരസ്‌പര മല്‍സരത്തിലെ വിജയിക്കായിരിക്കും സാധ്യതയെന്ന്. ഇത്തരത്തില്‍ ഒരു വീശദീകരണം നല്‍കേണ്ട ആവശ്യകത ഇല്ലായിരുന്നു. കിര്‍ഗിസ്ഥാനോട് ലങ്ക പരാജയപ്പെട്ടതോടെ ചിത്രം വ്യക്തമായതാണ്. പക്ഷേ വെറുടെ ഇല്ലാത്ത കണ്‍ഫ്യൂഷന്‍ സംഘാടകര്‍ ഉണ്ടാക്കി. ഇന്ത്യന്‍ കോച്ച് ബോബ് ഹൂട്ടണ് പോലും ഈ കാര്യമറിയില്ലായിരുന്നു എന്നതാണ് ദയനീയമായ കാര്യം. ഗോള്‍ ശരാശരിയുടെ കണക്കില്‍ ഇന്ത്യ ഫൈനല്‍ ഉറപ്പാക്കിയെന്ന ധാരണയില്‍ കോച്ച് ഇരിക്കവെയാണ് സംഘാടകര്‍ മലക്കം മറിഞ്ഞത്.
സംഘാടകര്‍ കുറ്റം പറയുന്നത് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെയാണ്. ഇത്തരം സാഹചര്യത്തില്‍ ഗോള്‍ ശരാശരിയെ ആശ്രയിക്കാനാണ്‌് ഏ.എഫ്.സി നിര്‍ദ്ദേശിച്ചത്. എന്നാല്‍ പിന്നീട് ഏ.എഫ്.സി തന്നെ ഈ കാര്യത്തില്‍ മാറ്റം വരുത്തിയിരുന്നത്ര...! അങ്ങനെയാണ്‌് പരസ്‌പര മല്‍സരത്തിലെ വിജയികള്‍ക്ക് സാധ്യത കല്‍പ്പിക്കപ്പെട്ടത്. ഒരു രാജ്യാന്തര ചാമ്പ്യന്‍ഷിപ്പ് നടത്തുമ്പോള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ട കാര്യങ്ങള്‍ അലസമായി കണ്ടതിന്റെ ദുരവസ്ഥയാണിത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ടീമുകള്‍ ഔദ്യാഗികമായി പരാതി നല്‍കിയാല്‍ അത് ഇന്ത്യയുടെ സല്‍പ്പേരിനെയാണ് ബാധിക്കുക. ഇന്ത്യന്‍ ഫുട്‌ബോളിന് അല്ലെങ്കില്‍ തന്നെ എന്ത് സല്‍പ്പേര് എന്ന് ചോദിക്കുന്നവരുണ്ടാവും-അവരെയും കുറ്റം പറയാനാവില്ല.
ഇന്നലെ നടന്ന മല്‍സരത്തിലേക്ക് വന്നാല്‍ സിറിയക്കാര്‍ സ്വന്തം ഗെയിം പ്ലാന്‍ വ്യക്തമായി നടപ്പാക്കിയതാണ് അവരുടെ വിജയത്തില്‍ കലാശിച്ചത്. ഇന്ത്യക്ക് നിരാശപ്പെടാനില്ല. റിസര്‍വ് താരങ്ങള്‍ക്കെല്ലാം അവസരം കിട്ടി. മഹേഷ്‌് ഗാവ്‌ലിയും അന്‍വര്‍ അലിയും പതിവ് പോലെ മിന്നി. അവസാനത്തില്‍ സുനില്‍ ചേത്രിയെ എന്തിന് ഇറക്കി എന്ന ചോദ്യം മാത്രം ബാക്കി. നാളെ ഫൈനലാണ്. ഈ മല്‍സരത്തിന് ഇന്ത്യക്ക് പകരം വീട്ടാനുണ്ട്. സിറിയക്ക് കഴിഞ്ഞ ഫൈനലിന്റെ പ്രതികാരവുമുണ്ട്.
സ്വന്തം തട്ടകത്തില്‍ വീണ്ടും ഇന്ത്യ ഫൈനല്‍ കളിക്കുമ്പോള്‍ ബൂട്ടിയയും സംഘവും കിരീടം നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ജയം സിറിയക്ക്
ന്യൂഡല്‍ഹി: അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ സിറിയക്കാര്‍ തുടര്‍ച്ചയായ നാലാം മല്‍സരത്തിലും വിജയം കരസ്ഥമാക്കി. നെഹ്‌റു കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ അപ്രസക്തമായ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ചാമ്പ്യന്മാരായ ഇന്ത്യയെ ഏക ഗോളിനാണ് സിറിയ പരാജയപ്പെടുത്തിയത്. പതിനെട്ടാം മിനുട്ടില്‍ ഫ്രി കിക്കില്‍ നിന്നുമുയര്‍ന്ന പന്ത് തകര്‍പ്പന്‍ ഹെഡ്ഡറിലുടെ ഇന്ത്യന്‍ വലയിലാക്കി മൂന്നാം നമ്പറുകാരന്‍ അലി ദിയാബാണ് മല്‍സരത്തിലെ ഏക ഗോള്‍ സ്വന്തമാക്കിയത്.
രണ്ട് ടീമുകളും നേരത്തെ തന്നെ ഫൈനല്‍ ഉറപ്പാക്കിയതിനാല്‍ മല്‍സരത്തിന് പ്രാധാന്യമില്ലായിരുന്നു. രണ്ട് ടീമുകളും റിസര്‍വ് ബെഞ്ചിലെ താരങ്ങളെയാണ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ സംഘത്തെ നയിച്ചത് ബൈജൂംഗ് ബൂട്ടിയക്ക് പകരം റെനഡി സിംഗായിരുന്നു. പിന്‍നിരയില്‍ ദീപക് കുമാര്‍ മണ്ഡലും സയദ് റഹീം നബിയും മധ്യനിരയില്‍ മെഹ്‌റാജുദ്ദീന്‍ വാദുവും മുന്‍നിരയില്‍ അഭിഷേക് യാദവും കളിച്ചപ്പോള്‍ സിറിയന്‍ നിരയില്‍ ആറ് മാറ്റങ്ങളുണ്ടായിരുന്നു.
അനുഭവസമ്പന്നനായ അഭിഷേക് യാദവിനൊപ്പം സുശീല്‍ കുമാറാണ് മുന്‍നിരയില്‍ കളിച്ചത്. തുടക്കത്തില്‍ തന്നെ ഈ സഖ്യം മനോഹരമായ നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യബോധം കുറവായിരുന്നു. ആദ്യ പതിനാറ് മിനുട്ട് വരെ ഇന്ത്യ മാത്രമായിരുന്നു ചിത്രത്തില്‍. പക്ഷേ കളിയുടെ ഗതിക്ക് വിപരീതമായി പന്ത് ഇന്ത്യന്‍ വലയിലാണ് വീണത്. ഫ്രീകിക്കുകളും കോര്‍ണര്‍ കിക്കുകളും ഇന്ത്യന്‍ ബോക്‌സില്‍ അപകടം വിതറുമെന്നുറപ്പായിരുന്നു. പെനാല്‍ട്ടി ബോക്‌സിന് അരികില്‍ നിന്നുമുളള ഫ്രീകിക്കില്‍ നിന്നും പന്ത്‌് ഉയര്‍ന്നപ്പോള്‍ അലി ദിയാബിനെ മാര്‍ക്ക് ചെയ്യുന്നതില്‍ ഇന്ത്യന്‍ ഡിഫന്‍ഡര്‍മാര്‍ പരാജയപ്പെട്ടു. വളരെ അരികില്‍ നിന്നുമുള്ള അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഹെഡ്ഡറില്‍ ഗോള്‍ക്കീപ്പര്‍ സുബ്രതോ പാലിന് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.
ഗോള്‍ ഇന്ത്യയെ ശരിക്കും ബാധിച്ചു. മുപ്പതാം മിനുട്ടില്‍ സുബ്രതോപാലിന്റെ മികവിലാണ് രണ്ടാം ഗോളില്‍ നിന്നും ഇന്ത്യ രക്ഷപ്പെട്ടത്. ബോക്‌സില്‍ നിന്ന് പന്ത് അടിച്ചകറ്റുന്നതില്‍ ഗുര്‍മാംഗി സിംഗ് പരാജയപ്പെട്ടപ്പോള്‍ പന്ത് ലഭിച്ചത് അലി ദിയാബിന്. അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഷോട്ട് അതിമനോഹരമായാണ് ഗോള്‍ക്കീപ്പര്‍ രക്ഷപ്പെടുത്തിയത്. എട്ട്‌് മിനുട്ടിന് ശേഷം റഹീം നബിയും മെഹ്‌റാജുദ്ദിനും തമ്മിലുളള മുന്നേറ്റത്തില്‍ ഇന്ത്യ ഗോളിന് അരികിലെത്തി. പക്ഷേ മെഹ്‌റാജുദ്ദിന്റെ ഹെഡ്ഡര്‍ ചെറിയ വിത്യാസത്തില്‍ പുറത്തേക്കായിരുന്നു.
രണ്ടാം പകുതിയില്‍ ഇന്ത്യ രണ്ട് മാറ്റം വരുത്തി. ക്ലൈമാക്‌സ് ലോറന്‍സിന് പകരം പ്രദീപ് ഇറങ്ങി. സുശീലിന് പകരം സ്റ്റീവന്‍ ഡയസും. അറുപത്തിയേഴാം മിനുട്ടില്‍ പ്രദീപ് ഗോളടിച്ചുവെന്ന് തോന്നി. ഇന്ത്യയുടെയും പ്രദീപിന്റെയും നിര്‍ഭാഗ്യത്തിന് പന്ത് പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. റെനഡിസിംഗ് നല്‍കിയ മനോഹരമായ ക്രോസില്‍ പ്രദീപ് തലവെച്ചപ്പോള്‍ സിറിയന്‍ ഡിഫന്‍ഡര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ലോംഗ് വിസിലിന് പത്ത് മിനുട്ട് മാത്രം ബാക്കിനില്‍ക്കെ കോച്ച് ഹൂട്ടണ്‍ അഭിഷേകിനെ പിന്‍വലിച്ച് സുനില്‍ ചേത്രിയെ രംഗത്തിറക്കി. അതും ഫലം ചെയ്‌തില്ല. അവസാനത്തില്‍ സെല്‍ഫ് ഗോള്‍ സിറിയ വഴങ്ങുമായിരുന്നു. കോര്‍ണറില്‍ നിന്നും ഹെഡ്ഡറിലുടെ പന്തിനെ സിറിയന്‍ വലയിലേക്ക് തിരിക്കാനുള്ള അന്‍വറിന്റെ ശ്രമം സിറിയന്‍ ഡിഫന്‍ഡറുടെ കാലില്‍ തട്ടി ഗോളിലേക്ക് പോയിരുന്നു. ഗോള്‍ക്കീപ്പര്‍ പക്ഷേ സമചിത്തത കാട്ടി.
ഇതേ ടീമുകള്‍ തമ്മില്‍ നാളെ ഫൈനല്‍- രണ്ട് വര്‍ഷം മുമ്പ് നടന്ന ഫൈനലിന്റെ തനിയാവര്‍ത്തനം.
ക്ലീന്‍ സ്വീപ്പിന്
കൊളംബോ: സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് മൈതാനത്ത് ഇന്ന് പകല്‍ മുഴുവന്‍ മഴ പെയ്‌താല്‍ ന്യൂസിലാന്‍ഡിന് സമനിലയുമായി രക്ഷപ്പെടാം. ഇന്ന് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. പക്ഷേ ഒരു മണിക്കൂറെങ്കിലും കളി സാധ്യമായാല്‍ ശ്രീലങ്ക തകര്‍പ്പന്‍ ജയത്തിനൊപ്പം പരമ്പരയില്‍ ക്ലീന്‍ സ്വീപ്പും നടത്തും. വിജയിക്കാന്‍ 494 റണ്‍സ് ആവശ്യമായ സന്ദര്‍ശകര്‍ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സാണ് നേടിയിരിക്കുന്നത്. മുന്‍നിരക്കാരെല്ലാം കൂടാരം കയറിയട്ടുണ്ട്. ഒരു ദിവസം ബാക്കിനില്‍ക്കെ വിജയിക്കാന്‍ ഇനിയും 312 റണ്‍സ് വേണം. മുത്തയ്യ മുരളീധരനും രംഗാന്‍ ഹെറാത്തും തകര്‍ത്തുനില്‍ക്കുമ്പോള്‍ കിവി നിരയിലെ ആര്‍ക്കും ഒരു പ്രതീക്ഷയുമില്ല. 50 റണ്‍സ് നേടിയ സ്വാന്‍ മാത്രമാണ്‌് ഇന്നലെ ചെറുത്തുനിന്നത്. മുരളി അല്‍പ്പം മങ്ങിയ ദിവസത്തില്‍ 73 റണ്‍സിന് നാല് പേരെ പുറത്താക്കി ഹെറാത്ത് കരുത്ത് തെളിയിച്ചു.
തന്റെ ആദ്യ ഓവറില്‍ തന്നെ മാര്‍ട്ടിന്‍ ഗുപ്‌ടിലിനെ പുറത്താക്കിയ ഹെറാത്തിനെ റോസ് ടെയ്‌ലര്‍ അല്‍പ്പസമയം ശിക്ഷിച്ചു. പക്ഷേ അതില്‍ കാര്യമുണ്ടായിരുന്നില്ല. ടേണും ബൗണ്‍സുമുളള ഒരു ഡെലിവറിയില്‍ ടെയ്‌ലര്‍ കൂടാരം കയറി. പരമ്പരയല്‍ ഇത് വരെ തപ്പിതടഞ്ഞ ഡാനിയല്‍ ഫ്‌ളൈന്‍ സുരക്ഷിതമായ പാദചലനങ്ങളുമായി സ്‌പിന്നര്‍മാരെ ധൈര്യസമേതം നേരിട്ടു. ക്രീസില്‍ 110 മിനുട്ട് ചെലവഴിച്ച അദ്ദേഹം അര്‍ദ്ധശതകം നേടി. ഹെറാത്തിന്റെ മറ്റൊരു വരവില്‍ ഫ്‌ളൈനും മടങ്ങി. വിക്കറ്റ് കീപ്പര്‍ ബ്രെന്‍ഡന്‍ മക്കലം വന്‍പരാജയമായിരുന്നു ഈ പരമ്പരയില്‍. ഇന്നലെയും അത് തെളിഞ്ഞു. ഏഴില്‍ നില്‍ക്കുമ്പോള്‍ ക്യാച്ചില്‍ നിന്നും രക്ഷപ്പെട്ട ജെസി റൈഡര്‍ക്ക് ആ ഭാഗ്യം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല.
രാവിലെ സങ്കക്കാരയും മഹേലയും ചേര്‍ന്നുളള ബാറ്റിംഗില്‍ കിവി ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സങ്കക്കാര പരമ്പരയിലെ ആദ്യ സെഞ്ച്വറി നേടിയപ്പോള്‍ മഹേലക്ക് നാല് റണ്‍ അരികെ ശതകം നഷ്ടമായി.
യു.എസ് ഓപ്പണ്‍
ന്യൂയോര്‍ക്ക്: റോജര്‍ ഫെഡ്‌ററും ആന്‍ഡി റോഡിക്കും സറീന വില്ല്യംസും വീനസ് വില്ല്യസുമെല്ലാം റെഡി...! യു.എസ് ഓപ്പണ്‍ ടെന്നിസിന് നാളെ തുടക്കമാവുമ്പോള്‍ ഇത്തവണയും സാധ്യതാപ്പട്ടികയില്‍ സൂപ്പര്‍ താരങ്ങള്‍ തന്നെ ഒന്നാമന്മാര്‍. ലോക റെക്കോര്‍ഡുകാരനായ ഫെഡ്‌ററെ പിറകിലാക്കാന്‍ ഇത്തവണയും ആരുമില്ലാത്ത അവസ്ഥയാണ്. റാഫേല്‍ നദാല്‍ പരുക്കില്‍ നിന്നും മുക്തനല്ല. റോഡിക്കിന് ഇപ്പോഴും വന്‍ മല്‍സര സമ്മര്‍ദ്ദമുണ്ട്. വനിതാ വിഭാഗത്തില്‍ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കിം ക്ലൈസ്‌റ്റേഴ്‌സ് റാക്കറ്റുമായി വരുന്നതാണ് സവിശേഷത. അവര്‍ക്ക് എവിടം വരെ പോവാനാവുമെന്ന കാര്യത്തില്‍ പക്ഷേ ആര്‍ക്കും വലിയ ഉറപ്പില്ല. സിന്‍സിനാറ്റി ടെന്നിസിലും ടോറന്‍ഡോയിലും ക്ലൈസ്‌റ്റേഴ്‌സ് മികവ് പ്രകടിപ്പിച്ചിരുന്നു. ഗ്രാന്‍ഡ് സ്ലാം പോരാട്ടങ്ങളില്‍ അപ്രതിക്ഷിത മികവ് പുലര്‍ത്തുന്ന വില്ല്യംസ് സഹോദരിമാര്‍ക്കാണ് ഇത്തവണയും സാധ്യത. പഴയ സൂപ്പര്‍ താരം മരിയ ഷറപ്പോവ റാങ്കിംഗില്‍ 29 ലാണ്. ഒന്നാം നമ്പറില്‍ കളിക്കുന്ന ദിനാര സാഫിനക്ക് വലിയ ചാമ്പ്യന്‍ഷിപ്പ് എന്നും വെല്ലുവിളിയാണ്.
ഇന്നത്തെ മല്‍സരങ്ങള്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
ആസ്റ്റണ്‍ വില്ല-ഫുള്‍ഹാം
എവര്‍ട്ടണ്‍-വിഗാന്‍
പോര്‍ട്‌സ്‌മൗത്ത്-മാഞ്ചസ്‌റ്റര്‍ സിറ്റി
സ്‌പാനിഷ് ലീഗ്
അല്‍മേരിയ-വല്ലഡോളിഡ്
അത്‌ലറ്റികോ ബില്‍ബാവോ-എസ്‌പാനിയോള്‍
മലാഗ-അത്‌ലറ്റികോ മാഡ്രിഡ്
മയോര്‍ക്ക-സിറസ്
ഒസാസുന-വില്ലാ റയല്‍
റേസിംഗ് സാന്‍ഡര്‍-ഗറ്റാഫെ
വലന്‍സിയ-സെവിയെ
ഇറ്റാലിയന്‍ ലീഗ്
ഏ.സി മിലാന്‍-ഇന്റര്‍ മിലാന്‍
അറ്റ്‌ലാന്റ-ജിനോവ
ബാരി-ബോളോഗ്ന
കാഗിലാരി-സിയന്ന
ചീവിയോ-ലാസിയോ
ഫിയോറന്റീന-പലെര്‍മോ
നാപ്പോളി-ലിവോര്‍ണോ
പാര്‍മ-കറ്റാനിയ
റോമ-യുവന്തസ്
സാംപദീറോ-ഉദിനസ്
No comments:
Post a Comment