Thursday, August 27, 2009

PAKISTAN AND ICC BECOME FRIENDS

പാക്കിസ്‌താന്‍ വെടിനിര്‍ത്തി
ദുബായ്‌: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലും (ഐ.സി.സി) പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡും (പി.സി.ബി) തമ്മിലുള്ള ശീതസമരത്തിന്‌ ശുഭാന്ത്യം.... 2011 ലെ ലോകകപ്പ്‌ വേദി നിഷേധിച്ച സംഭവത്തില്‍ പാക്കിസ്‌താന്‌ ആതിഥേയര്‍ക്ക്‌ നല്‍കുന്ന മുഴുവന്‍ തുകയും, ആവശ്യമാണെങ്കില്‍ കൂടുതല്‍ നഷ്ടപരിഹാരവും നല്‍കാന്‍ ഐ.സി.സി ഇന്നലെ തീരുമാനിച്ചതോടെ ഐ.സി.സിക്കെതിരെ തുടരുന്ന നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ പി.സി.ബി തീരുമാനിച്ചു. ഇന്നലെ ഐ.സി.സി തലവന്‍ ഡേവിഡ്‌ മോര്‍ഗനും പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ടും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌്‌ച്ചയെ തുടര്‍ന്നാണ്‌ പ്രശ്‌ന പരിഹാരമായത്‌. ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റര്‍മാരെ തീവ്രവാദികള്‍ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന്‌ പാക്കിസ്‌താന്‌ അനുവദിച്ചിരുന്ന ലോകകപ്പ്‌ മല്‍സരങ്ങള്‍ ഐ.സി.സി റദ്ദാക്കുകയും ആ മല്‍സരങ്ങള്‍ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങള്‍ക്കായി നല്‍കുകയും ചെയ്‌തപ്പോഴാണ്‌ പി.സി.ബി നിയമ നടപടികള്‍ ആരംഭിച്ചത്‌. 2011 ലെ ലോകകപ്പ്‌ മല്‍സരങ്ങള്‍ ഇന്ത്യ, പാക്കിസ്‌താന്‍, ലങ്ക, ബംഗ്ലാദേശ്‌ എന്നീ നാല്‌ രാജ്യങ്ങള്‍ക്കായാണ്‌ അനുവദിച്ചിരുന്നത്‌. ലോകകപ്പ്‌ സെക്രട്ടറിയേറ്റ്‌ ലാഹോറില്‍ അനുവദിക്കുകയും പ്രവര്‍ത്തനം തുടങ്ങുകയും ചെയ്‌തിരുന്നു. പക്ഷേ കഴിഞ്ഞ മാര്‍ച്ചില്‍ പാക്കിസ്‌താന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ രണ്ടാം ടെസ്റ്റ്‌ വേദിയായ ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിലേക്കുളള യാത്രക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ ലോകം നടുങ്ങി. ഭാഗ്യത്തിന്‌ മാത്രമാണ്‌ കുമാര്‍ സങ്കക്കാര, മുത്തയ്യ മുരളീധരന്‍, മഹേല ജയവര്‍ദ്ധനെ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ രക്ഷപ്പെട്ടത്‌. ഈ സംഭവത്തിന്‌ തൊട്ട്‌ പിറകെയാണ്‌ ലോകകപ്പ്‌ മല്‍സരങ്ങള്‍ പാക്കിസ്‌താനില്‍ നിന്നും ഐ.സി.സി എടുത്തുമാറ്റിയത്‌. ലാഹോര്‍ സംഭവത്തിന്‌ മുമ്പ്‌ തന്നെ പാക്കിസ്‌താനില്‍ കളിക്കാന്‍ സുരക്ഷാ പ്രശ്‌നങ്ങളാല്‍ പ്രമുഖ ടീമുകളൊന്നും തയ്യാറായിരുന്നില്ല. ഇന്ത്യയുടെ പാക്കിസ്‌താന്‍ പര്യടനം ഫെബ്രുവരിയില്‍ സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ പാക്കിസ്‌താന്‍ ശ്രീലങ്കയുമായി ബന്ധപ്പെട്ടതും അവര്‍ കളിക്കാന്‍ പാക്കിസ്‌താനില്‍ എത്തിയതും. ലങ്കന്‍ ടീം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ പാക്കിസ്‌താനിലേക്ക്‌ വരാന്‍ ഒരു ടീമും തയ്യാറായില്ല. ക്രിക്കറ്റിനായി ന്യൂട്രല്‍ വേദികളിലേക്ക്‌ പോവാന്‍ പി.സി.ബി നിര്‍ബന്ധിതരായി. വിന്‍ഡീസിനെതിരായ പരമ്പര ദുബായിലാണ്‌ ടീം കളിച്ചത്‌. ഓസ്‌ട്രേലിയന്‍ ടീമും ദുബായില്‍ വന്ന്‌ കളിച്ചു. ലോകകപ്പ്‌ ആതിഥേയത്വം ന്യൂട്രല്‍ വേദികളില്‍ അനുവദിക്കണമെന്ന ആവശ്യം പി.സി.ബി ഈ ഘട്ടത്തല്‍ ശക്തമാക്കി. പക്ഷേ ഐ.സി.സി വഴങ്ങിയില്ല. തുടര്‍ന്നാണ്‌ നിയമനടപടികള്‍ ആരംഭിച്ചത്‌.
പുതിയ കരാര്‍ പ്രകാരം പാക്കിസ്‌താന്‌ ലോകകപ്പുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ലോകകപ്പ്‌ വേദിയെന്ന നിലയില്‍ നേരത്തെ നിശ്ചയിക്കപ്പെട്ടതിനാല്‍ അതിന്റെ എല്ലാ ആനുകൂല്യവും ലഭിക്കും. പി.സി.ബിയും ഐ.സി.സിയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താന്‍ കരാര്‍ സഹായിക്കുമെന്ന്‌ മോര്‍ഗന്‍ പ്രത്യാശ പ്രകടിപ്പിച്ചു. പാക്കിസ്‌താനിലെ സുരക്ഷാ സാഹചര്യങ്ങളില്‍ പ്രകടമായ മാറ്റമുണ്ടായാല്‍ രാജ്യാന്തര ടീമുകള്‍ പാക്കിസ്‌താന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനായതില്‍ ഇജാസ്‌ ഭട്ടും സന്തോഷം പ്രകടിപ്പിച്ചു.

ഹൂട്ടണ്‍ ഹാപ്പി
ന്യൂഡല്‍ഹി: ഡേവ്‌ ഹൂട്ടണ്‍ ഹാപ്പിയാണ്‌..... നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓരോ മല്‍സരം കഴിയും തോറും ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെട്ട്‌ വരുമ്പോള്‍ പരിശീലകന്‍ എങ്ങനെ ഹാപ്പിയാവാതിരിക്കും...! ശ്രീലങ്കയുമായുള്ള മല്‍സരം ഹൂട്ടണ്‌ നല്‍കിയിരിക്കുന്നത്‌ വലിയ പ്രതീക്ഷകളാണ്‌. ടീമിന്റെ പ്രകടനം വളരെ മെച്ചപ്പെട്ടുവെന്ന്‌ മാത്രമല്ല സ്റ്റീവന്‍ ഡയസും മഹേഷ്‌ ഗാവ്‌ലിയും അക്ഷരാര്‍ത്ഥത്തില്‍ അസുയാവഹമായ പ്രകടനം നടത്തുകയും ചെയ്‌തുവെന്ന്‌ കോച്ച്‌ പറയുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക്‌ നല്ല തുടക്കം ലഭിച്ചിരുന്നില്ല. ലെബനോണ്‌ മുന്നില്‍ ഒരു ഗോളിന്‌ അടിയറവ്‌ പറഞ്ഞ ചാമ്പ്യന്മാരുടെ നിരയില്‍ താരങ്ങളൊന്നും നിലവാരം കാത്തില്ല. ക്യാപ്‌റ്റന്‍ ബൂട്ടിയയും സുനില്‍ ചേത്രിയും എന്‍.പി പ്രദീപുമെല്ലാം നിരാശയാണ്‌ ആദ്യ മല്‍സരത്തില്‍ നല്‍കിയത്‌. എന്നാല്‍ കിര്‍ഗിസ്ഥാനെതിരായ രണ്ടാം മല്‍സരത്തില്‍ കാര്യങ്ങള്‍ മാറി. നൂറാം രാജ്യാന്തര മല്‍സരത്തില്‍ ബൂട്ടിയ നിലവാരം കാത്തുവെന്ന്‌ മാത്രമല്ല നിര്‍ണ്ണായക ഗോളും നേടി. മൂന്നാം മല്‍സരമായിരുന്നു ലങ്കക്കെതിരെ. ഈ മല്‍സരത്തിലാവട്ടെ കിക്കോഫ്‌ മുതല്‍ ഇന്ത്യ മാത്രമായിരുന്നു. മൂന്ന്‌്‌ ഗോളുകള്‍ ഇന്ത്യ സ്‌്‌കോര്‍ ചെയ്‌തു. മൂന്നും ഒന്നിനൊന്ന്‌ മികച്ച ഗോളുകള്‍.
സ്‌റ്റീവന്‍ ഡയസിന്റെ പ്രകടനത്തിന്‌ കോച്ച്‌ ഫുള്‍മാര്‍ക്ക്‌ നല്‍കുന്നു. ആദ്യ മല്‍സരത്തില്‍ സ്റ്റീവന്‍ നിരാശ നല്‍കിയിരുന്നു. എന്നാല്‍ അനുയോജ്യമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി ഏറ്റവും മികച്ച പ്രകടനമാണ്‌ ലങ്കക്കെതിരെ ഗോവക്കാരന്‍ നടത്തിയത്‌. ഇന്ത്യയുടെ ഡേവിഡ്‌ ബെക്കം എന്ന പേരില്‍ അറിയപ്പെടുന്നസ്റ്റീവന്‍ വലത്‌ വിംഗില്‍ ശരിക്കും യന്ത്രമായിരുന്നു. ഇന്ത്യ സ്‌ക്കോര്‍ ചെയ്‌ത മൂന്ന്‌ ഗോളുകളില്‍ ഒന്ന്‌ അദ്ദേഹത്തിന്റെ ബൂട്ടില്‍ നിന്നായിരുന്നു. മറ്റ്‌ രണ്ട്‌ ഗോളുകള്‍ക്ക്‌ അവസരമൊരുക്കിയതും സ്‌റ്റീവന്‍ തന്നെ. അദ്ദേഹത്തിന്റെ വലം കാലന്‍ ഷോട്ടുകള്‍ ലങ്കന്‍ ഡിഫന്‍സിന്‌ ചെറിയ തലവേദനയായിരുന്നില്ല നല്‍കിയത്‌. സെന്‍ട്രല്‍ ഡിഫന്‍ഡര്‍ എന്ന നിലയില്‍ മഹേഷ്‌ ഗാവ്‌ലിയുടെ പ്രകടനത്തെയും ഹൂട്ടണ്‍ മുക്തകണ്‌ഠം പ്രശംസിക്കുന്നു. എന്‍. എസ്‌ മഞ്‌ജുവിന്‌ പരുക്കേറ്റതിനെ തുടര്‍ന്നാണ്‌ ഗാവ്‌ലിക്ക്‌ അവസരം നല്‍കിയത്‌. പക്ഷേ ഗാവ്‌ലിക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥാനം വലത്‌ വിംഗ്‌ ബാക്കാണെന്ന്‌ ഹൂട്ടണ്‍ പറഞ്ഞു. വലത്‌ വിംഗില്‍ ഗാവ്‌ലി കളിക്കുന്ന പക്ഷം അദ്ദേഹം ഏഷ്യയിലെ തന്നെ ഒന്നാം നമ്പറായിരിക്കും. സ്ഥിരമായി സെന്‍ട്രല്‍ ഡിഫന്‍ഡറുടെ സ്ഥാനത്താണ്‌ ഗാവ്‌ലി കളിക്കാറുള്ളത്‌. ഇനി അതിന്‌ ഒരു മാറ്റം നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെഹ്‌റു കപ്പില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ്‌ മല്‍സരം നാളെ സിറിയക്കെതിരെയാണ്‌. ഈ മല്‍സരത്തില്‍ സമനില നേടിയാല്‍ ഇന്ത്യക്ക്‌ ഫൈനല്‍ കളിക്കാം.

ഒന്നരമാസത്തിന്‌ ശേഷം....
ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍, വളരെക്കാലത്തിന്‌ ശേഷം ലഭിച്ച ആറാഴ്‌ച്ചത്തെ വിശ്രമം ആസ്വദിച്ച്‌ ഇന്നലെ വീണ്ടും ഒത്ത്‌കൂടി. സെപ്‌തംബര്‍ ആദ്യത്തില്‍ ലങ്കയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര കപ്പിലും പിന്നെ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിക്കുമായി ഇന്നലെ ടീം ദേശിയ ക്രിക്കറ്റ്‌ അക്കാദമി മൈതാനത്ത്‌ ഒത്തുചേര്‍ന്നു. നാല്‌ ദിവസത്തെ കണ്ടീഷനിംഗ്‌ ക്യാമ്പ്‌ ഇന്നലെ ആരംഭിച്ചപ്പോള്‍ കോച്ച്‌്‌ ഗാരി കിര്‍സ്‌റ്റണ്‍ വളരെ സന്തോഷവാനാണ്‌. വിശ്രമത്തിന്‌ പോവും മുമ്പ്‌ എല്ലാ താരങ്ങള്‍ക്കും അദ്ദേഹം വ്യക്തമായ ഫിറ്റ്‌നസ്‌ ചാര്‍ട്ട്‌ നല്‍കിയിരുന്നു. എല്ലാവരും ചാര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പാലിച്ചു. എല്ലാവരുടെയും ശരീരത്തില്‍ അത്‌ കാണാനുണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും സുരേഷ്‌ റൈനയും ദീര്‍ഘകാലത്തിന്‌ ശേഷമാണ്‌ ഒത്തുചേര്‍ന്നത്‌. സച്ചിനും റൈനയും പരുക്കിന്റെ പിടിയിലായിരുന്നു. ദ്രാവിഡാവട്ടെ ഏകദിന ക്രിക്കറ്റ്‌ വിട്ടിട്ട്‌ മാസങ്ങളായി.
ഫിറ്റ്‌നസ്‌ നിര്‍ദ്ദേശങ്ങള്‍ എല്ലാ താരങ്ങളും ഗൗരവതരമായാണ്‌ എടുത്തത്‌. അതാണ്‌ സന്തോഷകരം. ആര്യോഗ്യ കാര്യത്തില്‍ മെച്ചപ്പെട്ട ഗുണം ലഭിക്കുമ്പോള്‍ അതിന്റെ ഫലം മൈതാനത്ത്‌ കാണുമെന്ന കാര്യത്തില്‍ കോച്ചിന്‌ സംശയമില്ല. എന്നാല്‍ തിരക്കേറിയ സീസണ്‍ ആരംഭിക്കാനിരിക്കെ നാല്‌ ദിവസത്തെ കണ്ടീഷനിംഗ്‌ ക്യാമ്പ്‌ കൊണ്ട്‌ കാര്യമുണ്ടോ എന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം കിര്‍സ്‌റ്റണില്ല. ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കോര്‍പ്പറേറ്റ്‌ കപ്പ്‌ മല്‍സരങ്ങളാണ്‌ ആദ്യം വരുന്നത്‌. അതിന്‌ ശേഷമാണ്‌ ത്രിരാഷ്ട്ര കപ്പ്‌. തുടര്‍ന്ന്‌ ദക്ഷിണാഫ്രിക്കയിലേക്ക്‌. എന്നാല്‍ ആറാഴ്‌്‌ച വിശ്രമത്തിന്‌ ശേഷം പരസ്‌പരം ഒത്തുചേരാന്‍ നാല്‌ ദിവസത്തെ ക്യാമ്പ്‌ കൊണ്ടാവില്ലെന്ന്‌ സൂചന അദ്ദേഹം നല്‍കി. കോര്‍പ്പറേറ്റ്‌ കപ്പും ത്രിരാഷ്‌്‌ട്ര കപ്പും ചാമ്പ്യന്‍സ്‌ ട്രോഫിക്കുള്ള ഒരുക്കമായും കിര്‍സ്റ്റണ്‍ കാണുന്നു.
ഷോട്ട്‌ പിച്ച്‌ പന്തുകളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ പതറുന്നത്‌ വലിയ അപകടമായി തോന്നുന്നില്ലെന്ന്‌ കോച്ച്‌ പറഞ്ഞു. 20-20 ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ മാത്രമാണ്‌ ബാറ്റ്‌സ്‌മാന്മാര്‍ പതറുന്നത്‌ കണ്ടത്‌. അമ്പത്‌ ഓവര്‍ മല്‍സരം 20-20 യില്‍ തികച്ചും വിത്യസ്‌തമാണ്‌. അതിനാല്‍ ഭയപ്പെടാനില്ല. ക്യാമ്പിന്റെ അടുത്ത മൂന്ന്‌ ദിവസങ്ങളില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലായി നെറ്റ്‌ സെഷനും ഓപ്പണ്‍ വിക്കറ്റ്‌ പരിശീലനമുണ്ടാവും.

No comments: