Thursday, August 20, 2009

MEN OR WOMEN...?

മജ്ഞു പുറത്ത്‌
ന്യൂഡല്‍ഹി: നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ അവശേഷിക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യക്ക്‌ ലെഫ്‌റ്റ്‌ ബാക്ക്‌ എന്‍.എസ്‌ മജ്ഞുവിന്റെ സേവനം ലഭിക്കില്ല. ലെബനോണെതിരെ നടന്ന ഉദ്‌ഘാടന മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ കണങ്കാലിനേറ്റ പരുക്ക്‌ കാരണം അടുത്ത ആറാഴ്‌്‌ച്ച മോഹന്‍ ബഗാന്റെ താരം പുറത്തിരിക്കേണ്ടി വരും. ഇന്ത്യന്‍ സംഘത്തിലെ ഫസ്റ്റ്‌ ചോയിസ്‌ ലെഫ്‌റ്റ്‌ ബാക്കായ സമീര്‍ നായിക്‌ പരുക്ക്‌്‌ കാരണം പുറത്തിരിക്കുന്നതിനാലാണ്‌ മഞ്‌ജുവിന്‌ ആദ്യ മല്‍സത്തില്‍ കോച്ച്‌ ബോബ്‌ ഹൂട്ടണ്‍ അവസരം നല്‍കിയത്‌. നാളെ കിര്‍ഗിസ്ഥാനെതിരെ നടക്കുന്ന മല്‍സരത്തില്‍ മഹേഷ്‌ ഗാവ്‌ലിയിയായിരിക്കും പൊസിഷനില്‍ കളിക്കുക. ലെബനോണെതിരായ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയ മഞ്‌ജു ആദ്യ പകുതിയില്‍ മൂന്ന്‌ ഗോളവസരങ്ങളും സൃഷ്‌ടിച്ചിരുന്നു. പരുക്ക്‌ കാരണം കൊല്‍ക്കത്ത പ്രീമിയര്‍ ലീഗിന്റെ തുടക്കത്തിലും ഐ.എഫ്‌.എ ഷീല്‍ഡിലും ബഗാന്‌ വേണ്ടി കളിക്കാന്‍ മഞ്‌ജുവിനാവില്ല.

ദക്ഷിണാഫ്രിക്കന്‍ താരത്തിന്‌ ലിംഗ പരിശോധന
ബെര്‍ലിന്‍: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററില്‍ തകര്‍പ്പന്‍ സമയത്തില്‍ ഫിനിഷ്‌ ചെയ്‌ത്‌ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം കാസ്റ്റര്‍ സെമാനിയ വിവാദക്കൂട്ടില്‍. 1: 55.45 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത സെമാനിയ വനിതാതാരമല്ലെന്നാണ്‌ വാദം. പരാതി ലഭിച്ച രാജ്യാന്തര അത്‌ലറ്റിക്‌ അസോസിയേഷന്‍ (ഐ.എ.എ.എഫ്‌) ഉടന്‍ തന്നെ ലിംഗ പരിശോധനക്ക്‌ ഉത്തരവിട്ടിട്ടുണ്ട്‌. ഒരു വനിത എന്ന നിലയില്‍ സെമാനിയക്ക്‌ ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ഉടന്‍ തന്നെ ലിംഗ പരിശോധന നടത്തണമെന്ന്‌ മൂന്നാഴ്‌ച്ച മുമ്പ്‌ ആവശ്യപ്പെട്ടതായും അസോസിയേഷന്‍ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റിക്‌ അസോസിയേഷന്‍ നല്‍കിയ ഉറപ്പിലാണ്‌ താരത്തെ ലോക അത്‌ലറ്റിക്‌ മീറ്റില്‍ പങ്കെടുപ്പിച്ചത്‌. ലിംഗ പരിശോധനാ ടെസ്‌റ്റ്‌ വളരെ പ്രയാസകരമായ പരിശോധനകളാണെന്നും അതിന്റെ ഫലം അറിയാന്‍ മാസങ്ങളെടുക്കുമെന്നും അസോസിയേഷന്‍ വക്താവ്‌ നിക്‌ ഡേവിസ്‌ പറഞ്ഞു. എന്നാല്‍ പതിനെട്ടുകാരിയായ താരത്തെ ഒരു തരത്തിലും സംശയിക്കേണ്ടതില്ലെന്നാണ്‌ ദക്ഷിണാഫ്രിക്ക വ്യക്തമാക്കുന്നത്‌. എന്തെങ്കിലും സംശയം സെമാനിയയുടെ പേരില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ പോലെ വലിയ വേദിയില്‍ അവരെ മല്‍സരിപ്പിക്കുകയില്ലായിരുന്നുവെന്നും ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.
800 മീറ്ററില്‍ പങ്കെടുത്ത എല്ലാ അത്‌ലറ്റുകളെയും ബഹുദൂരം പിറകിലാക്കിയാണ്‌ സെമാനിയ സ്വര്‍ണ്ണം നേടിയിരുന്നത്‌. 1: 55.45 സെക്കന്‍ഡില്‍ അവര്‍ ഫിനിഷ്‌ ചെയ്‌തപ്പോള്‍ നിലവിലെ ലോക ജേതാവായ ജാത്‌ ജികോസ്‌ഗി 2.45 സെക്കന്‍ഡ്‌ പിറകില്‍ രണ്ടാം സ്ഥാനത്താണ്‌ വന്നത്‌. ബ്രിട്ടന്റെ ജെന്നി മെഡോസിനായിരുന്നു വെങ്കലം. മല്‍സരത്തിന്‌ ശേഷം സ്വര്‍ണ്ണം നേടിയ താരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കാറുണ്ട്‌. എന്നാല്‍ സെമാനിയ ഇതിന്‌ നിന്നില്ല. വളരെ പെട്ടെന്ന്‌ അവര്‍ റൂമിലേക്ക്‌ മടങ്ങുകയായിരുന്നു. സെമാനിയക്ക്‌ പകരം ഐ.എ.എ.എഫ്‌ ജനറല്‍ സെക്രട്ടറി പിയറി വൈസാണ്‌ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത്‌. മാധ്യമ പ്രവര്‍ത്തകരുടെ എല്ലാ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാനുളള പരിജ്ഞാനം സെമാനിയക്കില്ലെന്നായിരുന്നു വൈസിന്റെ ന്യായീകരണം. സെമാനിയയുടെ പേരിലുളള വിവാദം അവസാനിപ്പിക്കാന്‍ ഐ.എ.എ.എഫ്‌ അനുയോജ്യ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന്‌ അപ്പോള്‍ തന്നെ വൈസ്‌ ഉറപ്പ്‌ നല്‍കിയിരുന്നു. മൂന്നാഴ്‌ച്ച മുമ്പ്‌ വരെ ആര്‍ക്കുമറിയപ്പെടാത്ത താരമായിരുന്നു സെമാനിയ. വളരെ പെട്ടെന്നാണ്‌ സെമാനിയ ലോക ശ്രദ്ധ നേടിയത്‌. ഇതില്‍ സംശയം സ്വാഭാവികമാണ്‌. സംശയ നിവാരണത്തിന്‌ ഐ.എ.എ.എഫ്‌ സത്വര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. സെമാനിയ ഒരു വനിതയല്ല എന്ന്‌ തെളിയുന്ന പക്ഷം അവര്‍ നേടിയ മെഡലുകള്‍ തിരികെ വാങ്ങും.
കഴിഞ്ഞ മാസം ബാംബോസില്‍ നടന്ന ആഫ്രിക്കന്‍ ജൂനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 1:56.72 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌താണ്‌ സെമാനിയ ലോക മീറ്റിന്‌ യോഗ്യത നേടിയത്‌. സോളാ ബെഡ്‌ എന്ന ലോകോത്തര താരത്തിന്റെ പേരിലുളള ദക്ഷിണാഫ്രിക്കന്‍ ദേശീയ റെക്കോര്‍ഡും സെമാനിയ മറികടന്നിരുന്നു.

അവര്‍ അസൂയക്കാര്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ കാസ്റ്റര്‍ സെമാനിയയെ ലിംഗ പരിശോധനയിലൂടെ വേട്ടയാടാനുള്ള ലോക അത്‌ലറ്റിക്‌ അസോസിയേഷന്റെ തീരുമാനത്തിനെതിരെ ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സും താരത്തിന്റെ കുടുംബവും രംഗത്തെത്തി. ലോകത്തെ സാക്ഷി നിര്‍ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഒരു താരത്തെ വനിയതല്ല എന്ന്‌ പറഞ്ഞ്‌ ആക്ഷേപിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന്‌ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ ആവശ്യപ്പെട്ടു. സ്വര്‍ണ്ണ താരത്തിന്‌ പിറകില്‍ രാജ്യം ഉറച്ച്‌ നില്‍ക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു.
സെമാനിയ വനിത തന്നെയാണെന്നും ഈ കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ അസുയാലുക്കള്‍ മാത്രമാണെന്നും താരത്തിന്റെ മാതാവ്‌ ഡോര്‍കസ്‌ സെമാനിയ ഒരു ദക്ഷിണാഫ്രിക്കന്‍ പത്രത്തിന്‌്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിങ്ങള്‍ക്ക്‌ എന്റെ വീട്ടിലേക്ക്‌ വരാം. എന്റെ ഗ്രാമത്തിലേക്ക്‌ വരാം. അവളെ അറിയുന്നവരോടും അയല്‍ക്കാരോടും ചോദിക്കാം. കുട്ടിക്കാലം മുതല്‍ ഗ്രാമത്തിലെ എല്ലാവര്‍ക്കും അവളെ അറിയാം. ജനങ്ങള്‍ എന്തെല്ലാം പറഞ്ഞാലും സത്യം സത്യമായി നിലനില്‍ക്കും-മാതാവിന്റെ വാക്കുകള്‍. ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ പ്രവിശ്യയായ ലിംപോംപോയിലെ ഫെര്‍ലി ഗ്രാമത്തിലാണ്‌ സെമാനിയ വളര്‍ന്നത്‌. ഇവിടെയുളള ഫുട്‌ബോള്‍ ടീമില്‍ അവള്‍ അംഗമായിരുന്നു. അവളെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌ ലിംഗ പരിശോധനയെന്നും കുടുംബ വൃത്തങ്ങള്‍ പറയുന്നു.
സെമാനിയയുടെ ശരീര പ്രകൃതം കണ്ടാണ്‌ ഐ.എ.എ.എഫ്‌ താരത്തെ സംശയിക്കുന്നതെന്നും അതില്‍ കാര്യമില്ലെന്നും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ വക്താവ്‌ പറഞ്ഞു. വനിതകള്‍ ദുര്‍ബലരാണ്‌ എന്ന വാദഗതിക്ക്‌ പിന്തുണ നല്‍കുന്നതായിരിക്കും അസോസിയേഷന്റെ ലിംഗ പരിശോധനയെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

മുരളിക്ക്‌ പുതിയ റെക്കോര്‍ഡ്‌
ഗാലി:ടെസ്‌റ്റ്‌ വിക്കറ്റ്‌ വേട്ടയില്‍ ഒന്നാം സ്ഥാനത്ത്‌ തുടരുന്ന മുത്തയ്യ മുരളീധരന്‌ പുതിയ റെക്കോര്‍ഡ്‌. ന്യൂസിലാന്‍ഡിനെതിരെ ഇവിടെ നടക്കുന്ന ഒന്നാം ടെസ്‌റ്റില്‍ മെയ്‌ഡനുകളുടെ കാര്യത്തില്‍ മുരളി പുതിയ റെക്കോര്‍ഡ്‌ കുറിച്ചു. ഇത്‌ വരെ ടെസ്‌റ്റില്‍ ഏറ്റവുമധികം മെയ്‌ഡന്‍ ഓവറുകള്‍ എറിഞ്ഞ താരം ഓസ്‌ട്രേലിയന്‍ ലെഗ്‌ സ്‌പിന്‍ ഇതിഹാസം ഷെയിന്‍ വോണായിരുന്നു. 1761 മെയ്‌ഡന്‍ ഓവറുകളാണ്‌ വോണ്‍ എറിഞ്ഞിരുന്നത്‌. ഈ റെക്കോര്‍ഡാണ്‌ ഇന്നലെ മുരളി തകര്‍ത്തത്‌. മല്‍സരം മൂന്നാം ദിവസം പിന്നിടുമ്പോള്‍ കിവീസ്‌ വിഷമവൃത്തത്തിലാണ്‌. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോറായ 452 റണ്‍സിനെതിരെ സന്ദര്‍ശകര്‍ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ എട്ട്‌ വിക്കറ്റിന്‌ 281 റണ്‍സ്‌ നേടിയിട്ടുണ്ട്‌. കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ അല്‍പ്പസമയം മാത്രമാണ്‌ കളി നടന്നത്‌. രാവിലെ പെയ്‌ത മഴയില്‍ കളി തുടങ്ങാന്‍ 90 മിനുട്ട്‌ വൈകി. വെളിച്ചക്കുറവ്‌ കാരണം ഒരു മണിക്കൂര്‍ മുമ്പ്‌ തന്നെ കളി നിര്‍ത്തുകയും ചെയ്‌തിരുന്നു. മല്‍സരം നടന്ന സമയത്ത്‌ മുരളിയാണ്‌ കിവി ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മുന്നില്‍ വില്ലനായത്‌. 66 റണ്‍സ്‌ മാത്രം വഴങ്ങി മൂന്ന്‌ വിക്കറ്റുകളാണ്‌ മുരളി വീഴ്‌ത്തിയത്‌. 226 പന്തുകള്‍ നേരിട്ട്‌ 69 റണ്‍സ്‌ നേടിയ ടിം മകിന്റോഷ്‌ മാത്രമാണ്‌ കിവി ബാറ്റിംഗ്‌ നിരയില്‍ പൊരുതിനിന്നത്‌. നായകന്‍ ഡാനിയല്‍ വെട്ടോരി 33 റണ്‍സുമായി ക്രീസിലുണ്ട്‌.

ഫുട്‌ബോള്‍
ന്യൂഡല്‍ഹി: തകര്‍പ്പന്‍ വിജയവുമായി സിറിയ നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറി. അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ വൈകീട്ട്‌ നടന്ന ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മല്‍സരത്തില്‍ പോയ വര്‍ഷത്തെ റണ്ണേഴ്‌സ്‌ അപ്പായ സിറിയ ഏകപക്ഷീയമായ രണ്ട്‌ ഗോളുകള്‍ക്ക്‌ കിര്‍ഗിസ്ഥാനെ പരാജയപ്പെടുത്തി. ഒമ്പതാം മിനുട്ടില്‍ മുഹമ്മദ്‌ അല്‍ സിനോ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ എഴുപത്തി രണ്ടാം മിനുട്ടില്‍ അബ്ദുള്‍ ഫത്താ അലാഗ രണ്ടാം ഗോള്‍ നേടി. ഇന്ന്‌ ലെബനോണ്‍ ശ്രീലങ്കയെ എതിരിടും.
ഇന്ത്യയും ലെബനോണും തമ്മിലുള്ള ആദ്യ മല്‍സരത്തിലെ ഗോള്‍ നാലാം മിനുട്ടിലായിരുന്നെങ്കില്‍ ഇന്നലെ മല്‍സരത്തിന്‌ ഒമ്പത്‌ മിനുട്ട്‌ പ്രായമാവുമ്പോഴേക്കും ഗോളെത്തി. തുടക്കം മുതല്‍ മുന്നേറിക്കളിച്ച സിറിയയാണ്‌ ആധിപത്യം ഗോളിലൂടെ തെളിയിച്ചത്‌. ത്രോയില്‍ നിന്നും പന്ത്‌ ലഭിച്ച മൗറ്റസ്‌ കലിയോനി പെനാല്‍ട്ടി ബോക്‌സിന്‌ സമാന്തരമായി മുഹമ്മദ്‌ അല്‍ സിനോക്ക്‌ നല്‍കി. അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ വല തകര്‍ത്തപ്പോള്‍ കിര്‍ഗിസ്ഥാന്‍ ഗോല്‍ക്കീപ്പര്‍ കാഴ്‌ച്ചക്കാരനായിരുന്നു. മുന്‍നിരയില്‍ കളിച്ച അല്‍ സിനോയും അബ്ദുള്‍ ഫത്താ അലാഗയുമായിരുന്നു സിറിയയുടെ കരുത്ത്‌. തന്ത്രപരമായിരുന്നു ഈ ജോഡിയുടെ മുന്നേറ്റം. അതിവേഗമുളള നീക്കങ്ങള്‍ക്ക്‌ പകരം തന്ത്രപരമായി, പന്തിനൊപ്പം മുന്നേറിയാണ്‌ സിറിയക്കാര്‍ ആക്രമിച്ചത്‌.
ഇരു പകുതികളിലും സിറിയന്‍ ഡിഫന്‍സിന്റെ മേല്‍്‌ക്കോയ്‌മ ചോദ്യം ചെയ്യപ്പെട്ടില്ല. തുടക്കത്തില്‍ നേടാനായ ഗോളിന്റെ കരുത്ത്‌ നിലനിര്‍ത്തിയാണ്‌ സിറിയ രണ്ടാം പകുതിയിലും കളിച്ചത്‌. എഴുപത്തിരണ്ടാം മിനുട്ടില്‍ നേടിയ രണ്ടാം ഗോള്‍ സിറിയന്‍ കരുത്തിനുള്ള തെളിവായിരുന്നു. രാജാ റഫേ തുടക്കമിട്ട നീക്കത്തില്‍ നിന്നും പന്ത്‌ ലഭിച്ച അബ്ദുള്‍ ഫത്താ അലാഗ പെനാല്‍ട്ടി ബോക്‌സില്‍ കയറി നിറയൊഴിച്ചപ്പോള്‍ ഗോള്‍ക്കീപ്പര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അലാഗയെ മാരകമായി ഫൗള്‍ ചെയ്‌തതിന്‌ കിര്‍ഗിസ്ഥാന്റെ റോമന്‍ അബ്‌ലാകിമോവ്‌ അറുപത്തിയേഴാം മിനുട്ടില്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടിരുന്നു.

വിജേന്ദര്‍ നമ്പര്‍ 2
ന്യൂഡല്‍ഹി: ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ വെങ്കലം സമ്മാനിച്ച ബോക്‌സര്‍ വിജേന്ദര്‍ സിംഗിനെ തേടി പുതിയ അംഗീകാരം. രാജ്യാന്തര ബോക്‌സിംഗ്‌ അസോസിയേഷന്‍ ഇന്നലെ പ്രഖ്യാപിച്ച താരങ്ങളുടെ പുതിയ റാങ്കിംഗ്‌ പട്ടികയില്‍ 75 കിലോഗ്രാം വിഭാഗത്തില്‍ വിജേന്ദര്‍ രണ്ടാമനാണ്‌. 1700 പോയന്റാണ്‌ ഹരിയാനക്കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്‌. ക്യൂബയുടെ കോറിയ ബയോക്‌സെ എമിലിയോയാണ്‌ റാങ്കിംഗില്‍ ഒന്നാമന്‍. 2500 പോയന്റാണ്‌ അദ്ദേഹത്തിന്റെ സമ്പാദ്യം. വിജേന്ദറിന്‌ പിറകില്‍ വെനിസ്വേലക്കാരന്‍ ബ്ലാങ്കോ പാരോ അല്‍ഫോണ്‍സോ 1300പോയന്റുമായി മൂന്നാമതാണ്‌. 48 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ തോക്കോം നനാവോ സിംഗിന്‌ അഞ്ചാം റാങ്കുണ്ട്‌. 1400 പോയന്റാണ്‌ അദ്ദേഹം നേടിയിരിക്കുന്നത്‌. 51 കിലോഗ്രാം വിഭാഗത്തില്‍ സുരന്‍ജോയ്‌ സിംഗ്‌ 800 പോയന്റുമായി പതിനാലാം റാങ്ക്‌ നേടിയപ്പോള്‍ ഒളിംപ്യന്‍ ജിതേന്ദര്‍ കുമാര്‍ പതിമൂന്നാം സ്ഥാനത്താണ്‌. 57 കിലോഗ്രാം വിഭാഗത്തില്‍ അഖില്‍ കുമാര്‍ 1050 പോയന്റുമായി ഒമ്പതാമതാണ്‌.

ആഷസ്‌
ഓവല്‍:ആഷസ്‌ പരമ്പരയിലെ നിര്‍ണ്ണായകമായ അവസാന ടെസ്റ്റില്‍ ആദ്യം ബാറ്റ്‌ ചെയ്യുന്ന ഇംഗ്ലണ്ട്‌ ഭദ്രമായ നിലയിലേക്ക്‌. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ആതിഥേയര്‍ അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 209 റണ്‍സ്‌ കരസ്ഥമാക്കിയിട്ടുണ്ട്‌. അര്‍ദ്ധ സെഞ്ച്വറികള്‍ സ്വന്തമാക്കിയ ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌, ഇയാന്‍ ബെല്‍ എന്നിവരാണ്‌ സ്‌ക്കോറിംഗിന്‌ കരുത്തേകിയത്‌. തുടക്കത്തില്‍ തന്നെ അലിസ്‌റ്റര്‍ കുക്കിനെ (10) നഷ്ടമായ ഇംഗ്ലണ്ടിനെ സ്‌ട്രോസും ബെല്ലും ചേര്‍ന്നുളള രണ്ടാം വിക്കറ്റ്‌ സഖ്യമാണ്‌ കര കയറ്റിയത്‌. സ്‌ക്കോര്‍ബോര്‍ഡില്‍ കേവലം 12 റണ്‍സ്‌ മാത്രമുളളപ്പോഴാണ്‌ പീറ്റര്‍ സിഡിലിന്റെ പന്തില്‍ പോണ്ടിംഗിന്‌ ക്യാച്ച്‌ നല്‍കി കുക്ക്‌ മടങ്ങിയത്‌. ഹെഡിംഗ്‌ലിയില്‍ നടന്ന നാലാം ടെസ്‌റ്റില്‍ ബാറ്റിംഗ്‌ പിഴച്ച ഇംഗ്ലണ്ട്‌ പക്ഷേ കുക്കിന്റെ നഷ്ടത്തില്‍ പരിഭ്രാന്തി പ്രകടിപ്പിച്ചില്ല. കെവിന്‍ പീറ്റേഴ്‌സണ്‍ പരുക്ക്‌ കാരണം വിട്ടുനിന്നതിനാല്‍ ടീമിലേക്ക്‌ തിരിച്ചുവിളിക്കപ്പെട്ട ബെല്‍ അവസരോചിതമായി പൊരുതി നിന്നു. സ്‌ക്കോര്‍ 114 ല്‍ എത്തിയപ്പോഴാണ്‌ ഈ സഖ്യം തകര്‍ന്നത്‌. ഫോമില്‍ കളിക്കുകയായിരുന്ന സ്‌ട്രോസ്‌ ഹില്‍ഫാന്‍ഹസിന്റെ ഔട്ട്‌ സ്വിംഗര്‍ വായിക്കുന്നതില്‍ പിഴവുകാട്ടി-വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‍ ക്യാച്ചെടുത്തു. പകരമെത്തിയ മുന്‍ നായകന്‍ പോള്‍ കോളിംഗ്‌വുഡ്‌ നിരാശപ്പെടുത്തി. നിലയുറപ്പിച്ച്‌ കളിക്കാന്‍ നിയോഗിക്കപ്പെട്ട കോളിംഗ്‌വുഡ്‌ മനോഹരമായ മൂന്ന്‌ ബൗണ്ടറികള്‍ പായിച്ചെങ്കിലും 24 ല്‍ പുറത്തായി. സമ്മര്‍ദ്ദമില്ലാതെ കളിച്ച ബെല്‍ സിഡിലിന്റെ രണ്ടാം സ്‌പെല്ലില്‍ പുറത്തായി. 72 റണ്‍സാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തത്‌.ട്രോട്ടും മാറ്റ്‌ പ്രയറുമാണ്‌ ഇപ്പോള്‍ ക്രീസില്‍.
മാഞ്ചസ്‌റ്ററിന്‌ തോല്‍വി
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ രണ്ടാം മല്‍സരത്തില്‍ തന്നെ തോല്‍വി. ബര്‍ണ്‌ലിയാണ്‌ ഏക ഗോളിന്‌ ചാമ്പ്യന്മാരെ മറിച്ചിട്ടത്‌. ആദ്യ മല്‍സരത്തില്‍ വെയിന്‍ റൂണിയുടെ ഗോളില്‍ വിജയിച്ച മാഞ്ചസ്‌റ്ററിനെ 90 മിനുട്ടും കെട്ടിയിടുന്നതില്‍ വിജയിച്ച ബര്‍ണ്‌ലി പത്തൊമ്പതാം മിനുട്ടില്‍ ബ്ലാകിലുടെ ഗോളും നേടി. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം 5-1ന്‌ ഹള്‍ സിറ്റിയെ തകര്‍ത്തു. രണ്ട്‌ മല്‍സരങ്ങളില്‍ നിന്ന്‌ 6 പോയന്റ്‌ കരസ്ഥമാക്കിയ ടോട്ടനാണ്‌ ഇപ്പോള്‍ ടേബിളില്‍ മുന്നില്‍. ചെല്‍സിക്കും ആറ്‌ പോയന്റുണ്ട്‌. ലീഗില്‍ നാളെ ആറ്‌ മല്‍സരങ്ങളുണ്ട്‌.

No comments: