Monday, August 31, 2009

KAMALS DRIVE

ഇന്ത്യന്‍ നേട്ടം
നെഹ്‌റു കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഇന്ത്യന്‍ സോക്കറിന്‌ സമ്മാനിച്ചത്‌ എന്തെല്ലാമാണ്‌.....? രണ്ടാഴ്‌ച്ച ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പിന്‌ ഇന്നലെ അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ സമാപനമായപ്പോള്‍ കാണികളുടെ സാന്നിദ്ധ്യമായിരുന്നു പ്രധാനം. ഡല്‍ഹിയില്‍ ഫുട്‌ബോളിന്‌ വേരുകളുണ്ട്‌. പക്ഷേ ക്രിക്കറ്റിന്റെ കടന്നുവരവോടെ കാല്‍പ്പന്തിനെ മറന്നിരുന്ന ഡല്‍ഹിക്കാരും ഉത്തരേന്ത്യക്കാരും. എന്നാല്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ ഇതേ വേദിയില്‍ നെഹ്‌റു കപ്പ്‌ നടന്നപ്പോള്‍ കാണികളുടെ സാന്നിദ്ധ്യത്തില്‍ വന്‍ വിജയമായ ചാമ്പ്യന്‍ഷിപ്പിന്‌ ഇത്തവണ അതിലും കൂടുതല്‍ പ്രാതിനിധ്യമുണ്ടായി. ഗ്രൂപ്പ്‌ തലത്തില്‍ ഇന്ത്യയും സിറിയയും തമ്മിലുളള മല്‍സരത്തിന്‌ പ്രസക്തിയില്ലായിരുന്നു. രണ്ട്‌ ടീമുകളും ഫൈനലില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഗ്യാലറികള്‍ ശൂന്യമാവുമെന്നാണ്‌ കരുതിയത്‌. എന്നാല്‍ ധാരാളം കാണികള്‍ മല്‍സരത്തിനെത്തി. ഫൈനലിന്‌ സ്റ്റേഡിയം നിറഞ്ഞ്‌ കവിഞ്ഞിരുന്നു. കൊല്‍ക്കത്തയിലും ഗോവയിലും കേരളത്തില്‍ മലബാറിലും മാത്രമാണ്‌ ഫുട്‌ബോളിന്‌ സാധാരണ ഗതിയില്‍ ആസ്വാദകരെ ലഭിക്കാറുള്ളത്‌. സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ ഈയിടെ മറഡോണ വന്നപ്പോള്‍ കണ്ട കാഴ്‌ച്ച അപാരമായിരുന്നു. ഫുട്‌ബോള്‍ രാജാവിനെ കാണാന്‍ വേണ്ടി മാത്രമായിരുന്നു ലക്ഷക്കണക്കിന്‌ പേര്‍ അവിടെയെത്തിയത്‌. നെഹ്‌റു കപ്പില്‍ ദേശീയ പതാകയും ചക്‌ദേ ഗാനങ്ങളുമായി തടിച്ചുകൂടിയവര്‍ക്ക്‌ നല്ല ഫുട്‌ബോള്‍ നല്‍കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി എന്നതാണ്‌ മറ്റൊരു സവിശേഷത.
2011 ല്‍ ദോഹയില്‍ നടക്കുന്ന ഏഷ്യാ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ മുന്‍നിര്‍ത്തിയാണ്‌ ഇന്ത്യ ഇപ്പോള്‍ തന്നെ ഒരുക്കം നടത്തുന്നത്‌. ദുബായില്‍ പരിശീലനം നടത്തി. ബാര്‍സിലോണയില്‍ രണ്ടാഴ്‌ച്ചയോളം തങ്ങി. അവിടെയുളള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി. തിരിച്ചുവന്നതിന്‌ ശേഷമാണ്‌ നെഹ്‌റു കപ്പില്‍ കളിച്ചത്‌. ടീം സെലക്ഷന്‍ മുതല്‍ കോച്ച്‌ ബോബ്‌ ഹൂട്ടണ്‍ വ്യക്തമായ സ്‌പോര്‍ട്ടിംഗ്‌ സ്‌പിരിറ്റിലാണ്‌ നീങ്ങിയത്‌. അനുഭവസമ്പത്തിനെയും യുവതയെയും കന്നിക്കാരെയും അദ്ദേഹം മറന്നില്ല. ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയയും ഡിഫന്‍ഡര്‍മാരായ മഹേഷ്‌ ഗാവ്‌ലിയും സ്റ്റീവന്‍ ഡയസും ദിപക്‌ കുമാര്‍ മണ്ഡലും അഭിഷേക്‌ യാദവും ക്ലൈമാക്‌സ്‌ ലോറന്‍സും എന്‍.പി പ്രദീപമെല്ലാം അനുഭവസ്സമ്പത്തിന്റെ വക്താക്കളായിരുന്നു. യുവത്വത്തിന്റെ കരുത്തായിരുന്നു സുനില്‍ ചേത്രിയും സുബ്രതോ പാലും അന്‍വര്‍ അലിയും മെഹ്‌റാജുദ്ദീന്‍ വാദുവും. അധികം അനുഭവമില്ലാതിരുന്നിട്ടും സുശീല്‍ കുമാറിനെ പോലുള്ളവര്‍ക്ക്‌ കോച്ച്‌ ആദ്യ മല്‍സരത്തിലെ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നല്‍കി.
ബൂട്ടിയയായിരുന്നു ടീമിന്റെ തുരുപ്പ്‌ ചീട്ട്‌. ഏറെക്കാലമായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖവും ഈ സിക്കിമുക്കാരനാണല്ലോ... തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത്‌ സൂക്ഷിക്കാന്‍ ബൂട്ടിയക്കായി, ആദ്യ മല്‍സരത്തില്‍ ലെബനോണെതിരെ മങ്ങിയെങ്കിലും രണ്ടാം മല്‍സരം മുതല്‍ അദ്ദേഹം തന്റെ സാന്നിദ്ധ്യം വ്യക്തമായും തെളിയിച്ചു. കിര്‍ഗിസ്ഥാനെതിരായി കളിച്ച തന്റെ നൂറാം മല്‍സരത്തിലും ലങ്കക്കെതിരായ മല്‍സരത്തിലും നിര്‍ണ്ണായക ഘട്ടത്തില്‍ ഗോളും നേടി. ബൂട്ടിയക്ക്‌ പലപ്പോഴും പ്രശ്‌നമായി വന്നിട്ടുളളത്‌ അനുയോജ്യനായ ഒരു മുന്‍നിര പങ്കാളിയുടെ കുറവായിരുന്നു. സുനില്‍ ചേത്രി വന്നതോടെ ഇത്‌ മാറി. ആരോഗ്യപരമായി നൂറ്‌ ശതമാനം ക്ലിയറന്‍സ്‌ ചേത്രിക്ക്‌ ഇല്ലെങ്കിലും സ്വന്തം തട്ടകത്ത്‌ , സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ ലഭിച്ച അവസരങ്ങള്‍ യുവതാരം ഉപയോഗപ്പെടുത്തി. മുന്‍നിരയില്‍ ബൂട്ടിയ-ചേത്രി സഖ്യത്തിന്‌ തീര്‍ച്ചയായും മാര്‍ക്ക്‌ നല്‍കാം.
മധ്യനിരയില്‍ അനുഭവസമ്പന്നനായ സ്റ്റീവന്‍ ഡയസും ക്ലൈമാക്‌സ്‌ ലോറന്‍സും പ്രദീപും ആന്റണി പെരേരയുമെല്ലാം എല്ലാ മല്‍സരങ്ങളിലും ശാരശരി നിലവാരം കാത്തു. സിറിയക്കെതിരായ ഗ്രൂപ്പ്‌ തല മല്‍സരത്തില്‍ മധ്യനിരക്കാര്‍ നിരന്തരം പന്ത്‌ നല്‍കിയിട്ടും ഉപയോഗപ്പെടുത്താന്‍ കഴിയാതെ നട്ടം തിരിഞ്ഞ മുന്‍നിരക്കാരായിരുന്നു അഭിഷേക്‌ യാദവും സൂശിലും. സ്റ്റീവന്‍ ഡയസിന്റെ മികവ്‌ എല്ലാ മല്‍സരങ്ങളിലും കണ്ടു. ഇന്ത്യയുടെ ഡേവിഡ്‌ ബെക്കാം എന്ന വിശേഷണം അദ്ദേഹം അര്‍ഹിക്കുന്നു. മാഞ്ചസസ്റ്റര്‍ യുനൈറ്റഡിലും റയല്‍ മാഡ്രിഡിലുമെല്ലാം കളിക്കുമ്പോള്‍ ബെക്കാമിന്റെ സാന്നിദ്ധ്യം എല്ലാ മല്‍സരത്തിലും പ്രകടമാവാറുണ്ട്‌. അത്‌ പോലെയാണ്‌ ഡയസിന്റെ പ്രകടനം.
പിന്‍നിരയില്‍ അന്‍വര്‍ അലിയും മഹേഷ്‌ ഗാവ്‌ലിയും ടീമിലെ സ്ഥാനം ഉറപ്പിച്ചവരാണ്‌. ഗാവ്‌ലി എന്ന താരത്തെ ദീര്‍ഘകാലമായി ഇന്ത്യന്‍ സോക്കറിനറിയാം. അദ്ദേഹത്തിവെ യഥാര്‍ത്ഥ താരത്തെ പക്ഷേ കണ്ടത്‌ ഈ ചാമ്പ്യന്‍ഷിപ്പിലാണ്‌. റോബര്‍ട്ടോ കാര്‍ലോസിനെ പോലെ ഡിഫന്‍സിലും വിംഗുകളിലുടെ കയറാന്‍ മിടുക്കനായിരിക്കുന്നു മഹേഷ്‌. അന്‍വര്‍ അലി പുതിയ താരമാണ്‌. പക്ഷേ ഡിഫന്‍സില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പകല്‍ പോലെ വ്യക്തമായി. ഗോള്‍ക്കീപ്പര്‍ സുബ്രതോ പാലിനെ ടീമിലെടുത്തത്തില്‍ ചിലരെല്ലാം നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ കോച്ച്‌ തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത്‌ സൂക്ഷിക്കുന്ന തകര്‍പ്പന്‍ പ്രക
ടനമാണ്‌ പാല്‍ നടത്തിയത്‌.
സംഘാടനത്തില്‍ പിഴവുകള്‍ കാര്യമായി സംഭവിച്ചു. സംഘാടനം ഇന്നും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‌ കീറാമുട്ടി തന്നെയാണ്‌. അടിയന്തിരമായി ഫെഡറേഷനില്‍ യുവ സംഘാടകരുടെ സാന്നിദ്ധ്യം ഉറപ്പാക്കണം. പലസ്‌തീനും തായ്‌ലാന്‍ഡുമെല്ലാം കളിക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്‌. പിന്നെ രണ്ട്‌ ടീമും ഇല്ലാതായി. അഞ്ച്‌ ടീമുകളില്‍ ചാമ്പ്യന്‍ഷിപ്പ്‌ ഒതുക്കി. ഈ വന്ന ടീമുകളിലെ താരങ്ങളെല്ലാം ദേശീയ താരങ്ങളാണോ എന്ന ചോദ്യത്തിന്‌ മുന്നില്‍ ഫെഡറേഷന്‌ വ്യക്തമായ ഉത്തരം നല്‍കാനാവില്ല. ചാമ്പ്യന്‍ഷിപ്പ്‌ ഫോര്‍മാറ്റും ഇതോടെ അനിശ്ചിതത്ത്വത്തിലായി. അഞ്ച്‌ ടീമുകള വെച്ച്‌ ഒരു രാജ്യാന്തര ചാമ്പ്യന്‍ഷിപ്പ്‌ സാധ്യയമല്ല. ആല്‍ബെര്‍ട്ടോ കോളോസോ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരനെ ജനകീയമായി കണ്ടത്താനാണ്‌ നീക്കം. ഈ ജനകീയതയില്‍ യഥാര്‍ത്ഥയ യോഗ്യന്‍ വന്നാല്‍ തീര്‍ച്ചയായും നമ്മുടെ ഫുട്‌ബോളിന്‌ രക്ഷപ്പടാം. കാരണം ഒ.എന്‍.ജി.സിയെ പോലെ ശക്തരായ സ്‌പോണ്‍സര്‍മാരുണ്ട്‌. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കഷ്ടകാലമെല്ലാം കഴിഞ്ഞെന്ന്‌ മനസ്സിലാക്കി തരുന്നവര്‍ ഒ.എന്‍.ജി.സിയെ പോലുള്ളവരാണ്‌.
സീ സ്‌പോര്‍ട്‌സിനെയും അഭിനന്ദിക്കണം. മല്‍സരത്തിന്റെ ആവേശം അതേ പടി പകര്‍ത്താന്‍ അവര്‍ക്കായി. കളി വിദഗ്‌ദ്ധരുടെ സാന്നിദ്ധ്യവും അവലോകനങ്ങളും നിലവാരമുള്ളതായി.
ഫിഫയുടെ പുതിയ റാങ്കിംഗ്‌ വരുമ്പോള്‍ ഇന്ത്യന്‍ സ്ഥാനം മെച്ചപ്പെടുമെന്ന്‌ കരുതാം. ഏ.എഫ്‌.സിയും ഫിഫയുമെല്ലാം ഇന്ത്യക്ക്‌ പിറകിലുണ്ട്‌. ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഫെഡറേഷനാവണം. ക്രിക്കറ്റ്‌ ബോര്‍ഡുകാര്‍ നല്‍കിയ കോടികളുടെ പിന്‍ബലത്തില്‍ ജാഡ കാണിക്കാന്‍ നിന്നാല്‍ കാര്യങ്ങള്‍ പഴയപടിയാവുമെന്ന കാര്യം ഫെഡറേഷന്‍ മറക്കരുത്‌.

No comments: