Monday, August 24, 2009

PONTING...?

മറക്കാനാവുന്നില്ല
ഓവല്‍: റികി പോണ്ടിംഗിന്റെ നിറമുളള കരിയറില്‍ നിറയെ ഇപ്പോള്‍ നെഗറ്റീവ്‌ മാര്‍ക്കുകളാണ്‌..... 2005 ലും ഇപ്പോള്‍ 2009 ലും ആഷസ്‌ പരമ്പര അടിയറ വെച്ച ഓസ്‌ട്രേലിയന്‍ നായകന്‍ എന്ന അപഖ്യാതി വേദനിപ്പിക്കുന്നതാണെന്ന്‌ റിക്കി തന്നെ പറയുന്നു. ബില്ലി മുര്‍ദ്ദേഖ്‌ എന്ന ഓസീസ്‌ നായകന്റെ പേരിലായിരുന്നു ഇത്‌ വരെ ഇത്തരമൊരു റെക്കോര്‍ഡ്‌. രണ്ട്‌ തവണ ഇംഗ്ലണ്ടിലെത്തി ആഷസ്‌ അടിയറ വെച്ച നായകനെന്ന വിശേഷണം ഇനി തന്റെ പേരിന്‌ നേരെയും വരുമല്ലോ എന്ന വേദനയിലും ഒരു തിരിച്ചുവരവ്‌ അദ്ദേഹം കൊതിക്കുന്നു. 2013 ലാണ്‌ ഇനി ആഷസിനായി ഓസ്‌ട്രേലിയ ഇംഗ്ലണ്ടിലേക്ക്‌ വരേണ്ടത്‌. അതായത്‌ നാല്‌ വര്‍ഷത്തിന്‌ ശേഷം. ഇപ്പോള്‍ റിക്കിക്ക്‌ പ്രായം 34. നാല്‌ വര്‍ഷത്തിന്‌ ശേഷം 38. ആ പ്രായത്തില്‍ ദേശീയ ടീമില്‍ തനിക്ക്‌ സ്ഥാനമുണ്ടാവുമോ എന്ന്‌ പറയാന്‍ ഇപ്പോള്‍ റിക്കിക്കാവില്ല. പക്ഷേ രണ്ട്‌ തവണയും ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ആഷസ്‌ അടിയറ വെച്ച നായകന്‍ എന്ന ചീത്തപ്പേരിനെ അകറ്റാന്‍ അദ്ദേഹത്തിന്‌ ആഗ്രഹമുണ്ട്‌.
ഓവലില്‍ വെച്ച്‌ 2005 ലെ പര്യടനത്തില്‍ ഇതേ ദുരനുഭവം പോണ്ടിംഗിനുണ്ടായിരുന്നു. അന്നത്തെ ടീമില്‍ പക്ഷേ മക്‌ഗ്രത്തും വോണുമെല്ലാമുണ്ടായിരുന്നു. ഓവലില്‍ ഈ ആഷസ്‌ പരമ്പരയിലെ അവസാന ടെസ്റ്റിന്‌ മുമ്പ്‌ 2005 ലെ അനുഭവം തന്റെ സഹതാരങ്ങളോട്‌ റിക്കി വിവരിച്ചിരുന്നു. പക്ഷേ അതിലും കാര്യമുണ്ടായില്ല. ഒന്നാം ഇന്നിംഗ്‌സില്‍ 160 റണ്‍സിന്‌ ടീം പുറത്തായതില്‍ റിക്കിക്ക്‌ ന്യായീകരണമില്ല. രണ്ടാം ഇന്നിംഗ്‌സില്‍ ടീമിലെ രണ്ട്‌ പ്രമുഖര്‍ റണ്ണൗട്ടാവുന്നു. അതിലൊന്ന്‌ താന്‍ തന്നെയാവുമ്പോള്‍ റിക്കിക്ക്‌ മറ്റാരെയും കുറ്റം പറയാനാവില്ല. നല്ല ഒരു നായകന്‍, ബാറ്റ്‌സ്‌മാന്‍, അനുഭവസമ്പന്നന്‍-ഇത്യാദി വിശേണങ്ങളെല്ലാമുണ്ടായിട്ടും നിര്‍ണ്ണായക ഘട്ടത്തില്‍ തനിക്ക്‌ ടീമിനെ രക്ഷപ്പെടുത്താന്‍ കഴിയാത്തതിനെ നിര്‍ഭാഗ്യകരം എന്ന്‌ മാത്രമാണ്‌ റിക്കി വിശേഷിപ്പിക്കുന്നത്‌. സ്വന്തം താരങ്ങളുടെ കരുത്തിനെ ചൂഷണം ചെയ്യുന്നതിലും അതിനെ പ്രയോജനപ്പെടുത്തന്നതിലുമാണ്‌ ഒരു നായകന്‍ വിജയിക്കുന്നത്‌. താരങ്ങളെ ചൂഷണം ചെയ്യുന്നതില്‍ വിജയിച്ചിട്ടും ടീം തോറ്റതിന്‌ റിക്കിക്ക്‌ സ്വന്തം ന്യായീകരണമുണ്ട്‌-നായകനെന്ന നിലയില്‍ എന്റെ സംഭാവന കുറവായിരുന്നു.
പരമ്പരയിലെ ആദ്യ ടെസ്റ്റ്‌ കാര്‍ഡിഫില്‍ നടന്നപ്പോള്‍ ഓസ്‌ട്രേലിയക്ക്‌ ജയിക്കാന്‍ കഴിയുമായിരുന്നു. ഇംഗ്ലണ്ട്‌ വെള്ളം കുടിച്ച ഘട്ടത്തില്‍ പക്ഷേ പഴയ കില്ലിംഗ്‌ സ്‌പിരിറ്റ്‌ പ്രകടിപ്പിച്ച്‌ ടീമിനെ വിജയിപ്പിക്കാന്‍ റിക്കിക്കായില്ല. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്‌ അരങ്ങ്‌ തകര്‍ത്തപ്പോള്‍ റിക്കി കാഴ്‌ച്ചക്കാരനായി. എജ്‌ബാസ്‌റ്റണിലും സമനിലയില്‍ അവസാനിച്ച ടെസ്‌റ്റില്‍ ഇംഗ്ലീഷ്‌ ആധിപത്യമായിരുന്നു. ഹെഡിംഗ്‌ലിയില്‍ നടന്ന നാലാം ടെസ്റ്റില്‍ മാത്രമാണ്‌ ഓസീസ്‌ പ്രഭാവം കാണാനായത്‌. ആ പ്രഭാവം നല്‍കിയ ആത്മവിശ്വാസത്തില്‍ ഓവല്‍ ടെസ്‌റ്റില്‍ വെന്നികൊടി നാട്ടാനാവുമെന്നാണ്‌ റിക്കി കരുതിയത്‌. പക്ഷേ എല്ലാം വെറുതെയായി.
കഴിഞ്ഞ പതിനാറ്‌ ടെസ്റ്റില്‍ ആറില്‍ മാത്രമാണ്‌ റിക്കിയുടെ സംഘത്തിന്‌ ജയിക്കാനായത്‌. ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും ഇപ്പോള്‍ ഇംഗ്ലണ്ടിനോടും അടിയറവ്‌ പറഞ്ഞ ടീം ഐ.സി.സി റാങ്കിംഗില്‍ ഇപ്പോള്‍ നാലാമതാണ്‌. ടെസ്‌റ്റില്‍ റാങ്കിംഗ്‌ വന്ന ശേഷം ആദ്യമായാണ്‌ ഓസീസ്‌ നാലിലേക്ക്‌ വീഴുന്നത്‌.

പോണ്ടിംഗ്‌ പ്രതിയല്ല
മെല്‍ബണ്‍: സ്വന്തം മുഖം രക്ഷിക്കാനുളള തത്രപ്പാടിലാണിപ്പോള്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ. ആഷസ്‌ പരമ്പരയില്‍ ടീം നാണംകെട്ട സാഹചര്യത്തില്‍ മാധ്യമങ്ങളും ക്രിക്കറ്റ്‌ നിരൂപകരുമെല്ലാം ഓസീസ്‌ ടീമിനെതിരെ തിരിഞ്ഞിരിക്കുന്ന സമയത്ത്‌ നായകന്‍ റിക്കി പോണ്ടിംഗിനെ രക്ഷിക്കാന്‍ തുനിയുകയാണ്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നയിക്കുന്ന ആന്‍ഡ്ര്യൂ ഹിഡിച്ച്‌. ആഷസ്‌ പരമ്പരയില്‍ പോണ്ടിംഗ്‌ മികച്ച പ്രകടനമാണ്‌ നടത്തിയതെന്നും അദ്ദേഹത്തിലുണ്ടായ സമ്മര്‍ദ്ദത്തെ കുറച്ച്‌ കാണാനാവില്ലെന്നുമാണ്‌ ഹിഡിച്ചിന്റെ വാക്കുകള്‍. പരാജയത്തില്‍ ഓസീസ്‌ സെലക്ടര്‍മാര്‍ കുറ്റക്കാരല്ലെന്നും അദ്ദേഹം വിവരിക്കുമ്പോള്‍ ഷെയിന്‍ വോണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സെലക്ടര്‍മാരെയാണ്‌ പ്രതിക്കൂട്ടില്‍ കയറ്റുന്നത്‌. ഓവല്‍ ടെസ്‌റ്റില്‍ നിന്നും സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സിനെ മാറ്റിനിര്‍ത്തിയത്‌ ശുദ്ധ വിഡ്ഡിത്തമായിരുന്നെന്നാണ്‌ ഷെയിന്‍ വോണ്‍ കുറ്റപ്പെടുത്തിയത്‌. ഇംഗ്ലീഷ്‌ ഓഫ്‌ സ്‌പിന്നര്‍ ഗ്രയീം സ്വാന്‍ രണ്ട്‌ ഇന്നിംഗ്‌സിലുമായി ഓവലില്‍ നേടിയത്‌ എട്ട്‌ വിക്കറ്റുകളാണ്‌. ഈ പിച്ചിലാണ്‌ ഒരു റെഗുലര്‍ സ്‌പിന്നറെ ഓസ്‌ട്രേലിയ കളിപ്പിക്കാതിരുന്നതെന്ന്‌ ലോകം ദര്‍ശിച്ച ഏറ്റവും മികച്ച ലെഗ്‌ സ്‌പിന്നര്‍ പറഞ്ഞു. പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍മാരായ മാര്‍ക്കസ്‌ നോര്‍ത്ത്‌, മൈക്കല്‍ ക്ലാര്‍ക്ക്‌ എന്നിവരെയാണ്‌ പോണ്ടിംഗ്‌ ഉപയോഗപ്പെടുത്തിയത്‌. ആദ്യ ഇന്നിംഗ്‌സില്‍ നാല്‌ വിക്കറ്റുകള്‍ നോര്‍ത്ത്‌്‌ വീഴ്‌ത്തുകയും ചെയ്‌തിരുന്നു.
തോല്‍വിക്ക്‌ ശേഷം ഒരോ താരങ്ങളെ തെരഞ്ഞ്‌ പിടിച്ച്‌ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്നാണ്‌ ഹിഡിച്ച്‌ വോണിന്റെ വിമര്‍ശനത്തില്‍ പരാമര്‍ശിച്ച്‌ പറഞ്ഞത്‌. ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ്‌ ബാറ്റിംഗ്‌ തകര്‍ന്നിരുന്നു. ഹൗറിറ്റ്‌സ്‌ ഉണ്ടായിരുന്നെങ്കില്‍ ബാറ്റിംഗ്‌ മെച്ചപ്പെടുമായിരുന്നോ...?-അദ്ദേഹത്തിന്റെ ചോദ്യം. ഒന്നാം ഇന്നിംഗ്‌സില്‍ 160 റണ്‍സിന്‌ പുറത്തായപ്പോള്‍ തന്നെ ടീം തോറ്റിരുന്നു. ആറ്‌ മാസം മുമ്പാണ്‌ ഇതേ ടീം ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചത്‌. അന്ന്‌ സെലക്ടര്‍മാരെ ആരും കുറ്റം പറഞ്ഞിരുന്നില്ല. തോല്‍ക്കുമ്പോള്‍ വിമര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുക സ്വാഭാവികമാണെന്നും ഹിഡിച്ച്‌ പറയുന്നു.

ഫുട്‌ബോളിന്‌ ക്രിക്കറ്റ്‌ സഹായം
മഡ്‌ഗാവ്‌: ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാനുളള ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പ്രഖ്യാപിത ദൗത്യത്തിന്റെ ഭാഗമായി ഈ വര്‍ഷം 12.5 കോടി നല്‍കുമെന്ന്‌ ബി.സി.സി.ഐ തലവന്‍ ശശാങ്ക്‌ മനോഹര്‍ വ്യക്തമാക്കി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‌്‌ 25 കോടിയുടെ ഗ്രാന്‍ഡ്‌ നേരത്തെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രഖ്യാപിച്ചിരുന്നു. ഇതിലെ വിഹിതമെന്ന നിലയിലാണ്‌ ഇപ്പോള്‍ പകുതി നല്‍കുന്നത്‌. ഗോവയില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആരംഭിച്ച ക്രിക്കറ്റ്‌ അക്കാദമി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കവെയാണ്‌ കൂടുതല്‍ സഹായം ക്രിക്കറ്റിന്‌ നല്‍കുമെന്ന്‌ മനോഹര്‍ പ്രഖ്യാപിച്ചത്‌. ദേശീയ കായിക വികസനത്തിനായി 50 കോടിയുടെ സഹായം ഇതിനകം ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കിയിട്ടുണ്ട്‌. അടുത്ത വര്‍ഷം ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ മെഡല്‍ നേടാന്‍ സാധ്യതയുള്ള താരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ സഹായമെന്നും മനോഹര്‍ വ്യക്തമാക്കി.

No comments: