Wednesday, August 19, 2009

DOWN INDIA

ഫുട്‌ബോള്‍
ന്യൂഡല്‍ഹി: തോല്‍വിയില്‍ ഇന്ത്യന്‍ തുടക്കം. നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോളിലെ ആദ്യ മല്‍സരത്തില്‍ ചാമ്പ്യന്മാരായ ഇന്ത്യ ഒരു ഗോളിന്‌ ലെബനോണിന്‌ മുന്നില്‍ മുട്ടുമടക്കി. നാലാം മിനുട്ടില്‍ അലി അല്‍ സാദിയാണ്‌ നിര്‍ണ്ണായക ഗോള്‍ സ്വന്തമാക്കിയത്‌. അലി തന്നെയാണ്‌ കളിയിലെ കേമന്‍. തുടക്കത്തില്‍ തന്നെ പിറകിലായിട്ടും ശക്തമായ സാന്നിദ്ധ്യവുമായി ബൂട്ടിയയും സംഘവും പൊരുതിക്കളിച്ചെങ്കിലും സമനിലക്ക്‌ തടസ്സമായി നിന്നത്‌ ടീമിന്റെ നിര്‍ഭാഗ്യമായിരുന്നു. ഇന്ന്‌ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ പോയ സീസണിലെ രണ്ടാം സ്ഥാനക്കാരായ സിറിയ കിര്‍ഗിസ്ഥാനുമായി കളിക്കും.
പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ കണങ്കാലിലെ പരുക്ക്‌ കാരണം മുന്‍നിരയിലെ സൂപ്പര്‍ താരം സുനില്‍ ചേത്രിക്ക്‌ വിശ്രമം നല്‍കിയാണ്‌ ഇന്ത്യന്‍ കോച്ച്‌ ബോബ്‌ ഹൂട്ടണ്‍ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്‌. ചേത്രിക്ക്‌ പകരം ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയക്കൊപ്പം മുന്‍നിരയില്‍ സുശീല്‍ കുമാര്‍ സിംഗാണ്‌ കളിച്ചത്‌. പതിനെട്ടാം നമ്പറില്‍ കളിച്ച സുശീലിനെ പക്ഷേ ലെബനോണ്‍ പ്രതിരോധനിരക്കാര്‍ ശക്തമായി നിയന്ത്രിച്ചത്‌ ഇന്ത്യന്‍ ആക്രമണങ്ങളെ സാരമായി ബാധിച്ചു. അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ കാണികളുടെ ചക്‌ദേ ഇന്ത്യാ വിളികളില്‍ തുടങ്ങിയ ഇന്ത്യക്ക്‌ നാലാം മിനുട്ടില്‍ തന്നെ സ്വന്തം വലയില്‍ ഗോള്‍ വീഴുന്നത്‌ കാണേണ്ടി വന്നു. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്താനുപയോഗിച്ച തന്ത്രം തന്നെയാണ്‌ ലെബനോണ്‍ പ്രയോഗിച്ചത്‌. ഇന്ത്യന്‍ പെനാല്‍ട്ടി ബോക്‌സില്‍ പരിഭ്രാന്തി സൃഷ്ടിച്ച്‌ കോര്‍ണര്‍ കിക്കുകളും ഫ്രീ കിക്കുകളും സ്വന്തമാക്കുക. സ്വന്തം താരങ്ങളുടെ ഉയരക്കൂടുതല്‍ ഉപയോഗപ്പെടുത്തി വല ചലിപ്പിക്കുക. ഇന്ത്യന്‍ ബോക്‌സിലേക്ക്‌ ലോംഗ്‌ ലോബുകള്‍ നല്‍കുന്ന നീക്കം ആദ്യ മിനുട്ടില്‍ തന്നെ അവര്‍ തുടങ്ങിയിരുന്നു. മധ്യനിരക്കാരനായ ഹസന്‍ മാത്തൂകാണ്‌ ലോംഗ്‌ ലോബ്‌ തന്ത്രത്തിന്‌ തുടക്കമിട്ടത്‌. ഇടത്‌ വിംഗിലേക്ക്‌ അദ്ദേഹം നല്‍കിയ പന്ത്‌ അലി അല്‍ അദാത്ത്‌ മനോഹരമായി കണക്ട്‌ ചെയ്‌തിരുന്നു. പക്ഷേ നല്ല പൊസിഷനിലായിരുന്ന ഗോള്‍ക്കീപ്പര്‍ സുബ്രതോ പാലിന്‌ പന്ത്‌ തടയാന്‍ അധികം ആയാസപ്പെടേണ്ടി വന്നില്ല. മൂന്നാം മിനുട്ടില്‍ ഇതേ നീക്കത്തില്‍ ഇന്ത്യന്‍ ഡിഫന്‍സ്‌ പതറിയത്‌ ലെബനോണ്‍ മുന്‍നിരക്കാര്‍ക്ക്‌ ഊര്‍ജ്ജമേകി. മൂന്ന്‌ ഡിഫന്‍ഡര്‍മാര്‍ പന്തിനെ അകറ്റുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സുര്‍ കുമാര്‍ സിംഗാണ്‌ രക്ഷകനായത്‌. നാലാം മിനുട്ടില്‍ ഇന്ത്യന്‍ വീഴ്‌ച്ച ഗോളായി മാറി. പെനാല്‍ട്ടി ബോക്‌സിന്‌ അരികില്‍ നിന്നും ലഭിച്ച ഫ്രീ കിക്ക്‌ അലി അല്‍ സാദി മിന്നല്‍ ഷോട്ടിലുടെ ഇന്ത്യന്‍ വലയില്‍ എത്തിച്ചു.
ഇന്ത്യയുടെ ആദ്യ സംഘടിത ആക്രമണത്തിന്‌ എട്ടാം മിനുട്ട്‌ വരെ കാത്തുനില്‍ക്കേണ്ടി വന്നു. മധ്യവരക്കടുത്ത്‌ നിന്ന്‌ പന്തുമായി കുതിച്ച മഞ്‌ജു പെനാല്‍ട്ടി ബോക്‌സിനരികില്‍ വെച്ച്‌ പന്ത്‌ സമാന്തരമായി കുതിച്ച ക്യാപ്‌റ്റന്‍ ബൂട്ടിയക്ക്‌ കൈമാറി. ലെബനോണ്‍ ഡിഫന്‍സ്‌ പതറിയ ഘട്ടത്തില്‍ പക്ഷേ പന്തിനെ ലക്ഷ്യത്തിലേക്ക്‌ പായിക്കാന്‍ നായകനായില്ല. ലീഡിന്റെ പിന്‍ബലത്തില്‍ ലെബനോണ്‍ ആക്രമണത്തിന്റെ വേഗത കുറച്ച സമയങ്ങളില്‍ ഇന്ത്യക്ക്‌ ആ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. മഞ്‌ജുവിന്റെ വേഗതയില്‍ പലപ്പോഴും പന്ത്‌ ലെബനോണ്‍ ബോക്‌സ്‌ വരെയെത്തി. ഒരു ഘട്ടത്തിലും എതിര്‍ ഗോള്‍ക്കീപ്പറെ വിറപ്പിക്കാന്‍ ബൂട്ടിയക്കും സുശീലിനും കഴിഞ്ഞില്ല. പന്ത്രണ്ടാം മിനുട്ടില്‍ വലിയ പിഴയില്‍ നിന്ന്‌ റഫറിയുടെ കാരുണ്യത്തില്‍ ഇന്ത്യ രക്ഷപ്പെടുന്നത്‌ കണ്ടു. മുഹമ്മദ്‌ ഗദ്ദാറിന്റെ പെട്ടെന്നുളള പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍ ഡിഫന്‍സ്‌ പകച്ചു. ഗദ്ദാറിന്‌ മുന്നില്‍ ഡിഫന്‍ഡര്‍ അന്‍വര്‍ മാത്രം. അന്‍വറിന്റെ ടാക്ലിംഗില്‍ പന്ത്‌ അകന്നു. പക്ഷേ അല്‍പ്പം മാരകമായ ടാക്‌ളിംഗ്‌ റഫറി ഗൗരവമായി കണ്ടിരുന്നെങ്കില്‍ അത്‌ പെനാല്‍ട്ടി കിക്കായി മാറുമായിരുന്നു.
പതിനെട്ടാം മിനുട്ടില്‍ ഇന്ത്യ ഗോളിന്‌ അരികിലെത്തി. ബൂട്ടിയയും സുശീലും ചേര്‍ന്നുളള മുന്നേറ്റത്തില്‍ പന്ത്‌ പെനാല്‍ട്ടി ബോക്‌സിലെത്തി. പക്ഷേ ബൂട്ടിയയുടെ ഷോട്ട്‌ ദുര്‍ബലമായിരുന്നു. ഇരുപത്തിയൊന്നാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്ക്‌ സ്റ്റീവന്‍ ഡയസ്‌ ബൂട്ടിയക്കായി മറിച്ചെങ്കിലും നായകന്റെ ഹെഡ്ഡര്‍ ലെബനീസ്‌ ഡിഫന്‍ഡര്‍ അകറ്റി.
ഒന്നാം പകുതിയുടെ അവസാനത്തില്‍ ഒപ്പമെത്താനുളള ഇന്ത്യയുടെ കഠിന പ്രയത്‌നം ലെബനോണ്‍ പെനാല്‍ട്ടി ബോക്‌സില്‍ പരിഭ്രാന്തിയുടെ തുടര്‍ച്ചയായ നിമിഷങ്ങള്‍ സമ്മാനിച്ചു. പക്ഷേ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കായില്ല. നാല്‍പ്പത്തിയഞ്ചാം മിനുട്ടില്‍ ബൂട്ടിയയും സുശീലും തമ്മിലുളള നീക്കത്തില്‍ ലഭിച്ച ഫ്രീ കിക്കും ഉപയോഗപ്പെട്ടില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സുശീലിനെ പിന്‍വലിച്ച്‌ ഇന്ത്യ ചേത്രിയെ രംഗത്തിറക്കി. അതിവേഗതയില്‍ മുന്നേറിയ ചേത്രി നാല്‍പ്പത്തിയൊമ്പതാം മിനുട്ടില്‍ സമ്പാദിച്ച ഫ്രീകിക്കും പാഴായി. ചേത്രിയുടെ സാന്നിദ്ധ്യം ബൂട്ടിയക്കും ആവേശമേകി. തുടര്‍ച്ചയായി പലവട്ടം ഇരുവരും ലെബനോണ്‍ ബോക്‌സില്‍ പരിഭ്രാന്തി ഉയര്‍ത്തി. പക്ഷേ നിര്‍ഭാഗ്യം തടസ്സമായി.

ഉയരം പ്രശ്‌നമായി
ലെബനോണ്‌ വ്യക്തമായ ഗെയിം പ്ലാനുണ്ടായിരുന്നു-നെഹ്‌റു കപ്പിലെ ആദ്യ മല്‍സരത്തില്‍ അവര്‍ വിജയിക്കാന്‍ കാരണം മറ്റൊന്നല്ല. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിനൊപ്പം ആ മല്‍സരത്തില്‍ പ്രയോഗിച്ച തന്ത്രം വിജയകരമായി തന്നെ പ്രയോഗിക്കാമെന്ന വിശ്വാസവും ടീമിനുണ്ടായിരുന്നു. അത്‌ മനസ്സിലാക്കാന്‍ ഇന്ത്യക്കായില്ല. സുനില്‍ ചേത്രിയുടെ പരുക്കും റെനഡി സിംഗിന്റെ അസുഖവും ഇന്ത്യയെ തുടക്കം മുതല്‍ പിന്‍പാദത്തിലാക്കിയിരുന്നു. ചേത്രിക്ക്‌ പകരം കളിച്ചത്‌ സുശീല്‍ കുമാറായിരുന്നു. ബൂട്ടിയക്കൊപ്പം നില്‍ക്കാന്‍ സുശീലിന്‌ കഴിയുമായിരുന്നില്ല. രണ്ടാം പകുതിയില്‍ ചേത്രി വന്നപ്പോള്‍ ബൂട്ടിയയുടെ ഉണര്‍വ്‌ കണ്ടിരുന്നു. പക്ഷേ അപ്പോഴേക്കും സമയം അതിക്രമിച്ചു. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ലോംഗ്‌ ലോബുകള്‍ ഇന്ത്യന്‍ ബോക്‌സിലേക്കുയര്‍ത്തി ആസുത്രിതമായി തന്നെ ലെബനോണ്‍ നീങ്ങി. നാലാം മിനുട്ടില്‍ അവര്‍ ഗോളും നേടി. അലി അല്‍ സാദിയുടെ ഫ്രികിക്ക്‌ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ സുബ്രതോയെ തളര്‍ത്തി. ഉയരക്കൂടുതല്‍ എന്ന ആനുകൂല്യത്തെ ഉപയോഗപ്പെടുത്തി കോര്‍ണര്‍ കിക്കുകളും ഫ്രികിക്കുകളും സ്വന്തമാക്കി ഹെഡ്ഡര്‍ മികവില്‍ പന്തിനെ വലയിലെത്തിക്കാന്‍ ലെബനോണ്‍ താരങ്ങള്‍ക്ക്‌ കഴിയുമെന്ന സത്യത്തെ ഇന്ത്യ അംഗീകരിച്ച കാഴ്‌ച്ചയാണ്‌ വേദനാജനകമായത്‌.
ബാര്‍സിലോണയില്‍ നടത്തിയ വിജയകരമായ പര്യടനത്തിലും നമ്മുടെ ടീമിനെ തളര്‍ത്തുന്ന വലിയ ഘട
കം പകല്‍ പോലെ വ്യക്തമായി-സമ്മര്‍ദ്ദം. തുടക്കത്തിലെ ഗോള്‍ വീണപ്പോള്‍ ബൂട്ടിയ പോലും സമ്മര്‍ദ്ദത്തിലായി. അദ്ദേഹത്തിന്റെ പല നീക്കങ്ങളും പിഴച്ചു. മഞ്‌ജുവും സുര്‍ കുമാറും പ്രദീപും വിശ്രമമില്ലാതെ കളിച്ചെങ്കിലും സമ്മര്‍ദ്ദത്തിന്റെ ഫലമായി ലക്ഷ്യം ബോധം കുറഞ്ഞു. കഴിഞ്ഞ നെഹ്‌റു കപ്പില്‍ ആദ്യ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ വിജയമാണ്‌ ഇന്ത്യ നേടിയത്‌. ഇത്തവണ തുടക്കം തന്നെ തോല്‍വിയിലാണ്‌. ഇത്‌ ടീമിനെ എങ്ങനെ ബാധിക്കുമെന്ന്‌ കണ്ടറിയണം.

അബ്ദുള്‍റഹ്‌മാന്‌ സ്വീകരണം
കോഴിക്കോട്‌: സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ വൈസ്‌ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എം.എം അബ്ദുള്‍ റഹ്‌മാന്‌ കേരളാ ഒളിംപിക്‌ അസോസിയേഷന്‍ സ്വീകരണം നല്‍കി. കേരളം ആതിഥേയത്വം വഹിക്കാന്‍ പോവുന്ന ദേശിയ ഗെയിംസ്‌ ഉള്‍പ്പെടെ സംസ്ഥാനത്ത്‌ നടക്കാന്‍ പോവുന്ന കായിക മാമാങ്കങ്ങള്‍ വിജയകരമായി നടത്താനുളള ലക്ഷ്യബോധമുളള ആസുത്രണമാണ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഉദ്ദേശിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. അളകാപുരിയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ കേരളാ ഒളിംപിക്‌ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.എ ഹംസ അദ്ധ്യക്ഷനായിരുന്നു. മലയാള മനോരമ റസിഡന്‍ഡ്‌ എഡിറ്റര്‍ കെ.അബൂബക്കര്‍ ഉപഹാരം സമര്‍പ്പിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വി.രാജഗോപാല്‍ പൊന്നാട അണിയിച്ചു. ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്ററും കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷററുമായ കമാല്‍ വരദൂര്‍, ലോക ചെസ്‌ ഫെഡറേഷന്‍ മുന്‍ വൈസ്‌ പ്രസിഡണ്ട്‌ പി.ടി ഉമ്മര്‍ക്കോയ, സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ മുന്‍ സെക്രട്ടറി കെ.രാംദാസ്‌, കാലിക്കറ്റ്‌ സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ.മനോജ്‌, ഡോ.എം. നജീബ്‌, എം.എ കരീം, കെ.ഭാസി, വി.എം മോഹനന്‍, കൃഷ്‌ണകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വീണ്ടും പന്തയനീക്കം
ലണ്ടന്‍: ആഷസ്‌ പരമ്പരയിലെ ലോര്‍ഡ്‌സ്‌ ടെസ്‌റ്റിന്‌ ശേഷം ഒരു പന്തയക്കാരന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററെ സമീപിച്ചതായി പരാതി. ഓസ്‌ട്രേലിയന്‍ ടീം തന്നെയാണ്‌ ഈ കാര്യം വ്യക്തമാക്കിയത്‌. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) അഴിമതിവിരുദ്ധ വിഭാഗത്തിന്‌ ടീം പരാതി നല്‍കിയിട്ടുണ്ട്‌. ലോര്‍ഡ്‌സ്‌ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. ഈ മല്‍സരത്തിന്‌ ശേഷമാണ്‌ പന്തയക്കാരന്‍ ക്രിക്കറ്ററെ സമീപിച്ചത്‌. എന്നാല്‍ പന്തയക്കാരന്‍ സമീപിച്ച ഓസീസ്‌ ക്രിക്കറ്റര്‍ ആരാണെന്ന്‌ വ്യക്തമാക്കപ്പെട്ടിട്ടില്ല. പന്തയക്കാരന്‍ ഓസീസ്‌ ടീം താമസിച്ച റോയല്‍ കെന്നിംഗ്‌സ്‌റ്റണ്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ വെച്ചാണ്‌ താരത്തെ സമീപിച്ചത്‌. ഉടന്‍ തന്നെ ഓസീസ്‌ താരം തന്റെ സീനിയേഴ്‌സിനെ കാര്യം അറിയിച്ചു. ടീ മാനേജ്‌മെന്റ്‌ ഔദ്യോഗിക പരാതി ഐ.സി.സിക്ക്‌ നല്‍കുകയും ചെയ്‌തു. സമീപകാലത്തായി ക്രിക്കറ്റില്‍ പന്തയക്കാര്‍ വീണ്ടും തലപൊക്കുന്നത്‌ ആശങ്കാജനകമാണെന്ന്‌ ഐ.സി.സി കേന്ദ്രങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ പാകകിസ്‌താന്‍ താരങ്ങളെ പന്തയക്കാര്‍ സമീപിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. 1990 കളില്‍ ഷാര്‍ജ കേന്ദ്രമാക്കിയാണ്‌ പന്തയക്കാര്‍ വിലസിയത്‌. അവര്‍ക്കെതിരെ ഐ.സി.സി ശക്തമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന്‌ പന്തയ ആരോപണങ്ങള്‍ കുറഞ്ഞിരുന്നു. എന്നാല്‍ 20-20 ക്രിക്കറ്റിന്റെ ആഗമനത്തോടെ വീണ്ടും കാര്യങ്ങള്‍ വഷളാവുകയാണ്‌.
ഇംഗ്ലണ്ടില്‍ ഈയിടെ നടന്ന ഐ.സി.സി 20-20 ലോകകപ്പിനിടെ പന്തയക്കാര്‍ മല്‍സരവേദികളില്‍ കറങ്ങിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഐ.സി.സി അഴിമതി വിരുദ്ധസെല്‍ ശക്തമായി രംഗത്തിറങ്ങിയപ്പോള്‍ പന്തയക്കാര്‍ പിന്മാറി. ടെസ്റ്റ്‌ മല്‍സരങ്ങള്‍ക്ക്‌ ജനപ്രീതി നഷ്ടമായി വരുന്ന ഈ ഘട്ടത്തില്‍ ആഷസ്‌ പരമ്പരയിലും പന്തയക്കാര്‍ നുഴഞ്ഞ്‌ കയറിയത്‌ തീര്‍ച്ചയായും ഗുരുതരമായി കാണുമെന്ന്‌ ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ട്‌. സംഭവത്തിന്‌ ശേഷം കാര്യം വളരെ കൃത്യമായി റിപ്പോര്‍ട്ട്‌ ചെയ്‌ത ഓസീസ്‌ താരത്തെ ഐ.സി.സി അഭിനന്ദിക്കുകയും ചെയ്‌തു.

ആഷസ്‌ വിധി ഇന്ന്‌ മുതല്‍
ഓവല്‍: ആഷസ്‌ പരമ്പരയിലെ നിര്‍ണ്ണായകമായ അവസാന ടെസ്റ്റിന്‌ ഇന്ന്‌ തുടക്കം. പരമ്പരയിലെ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌ ചരിത്ര വിജയം നേടിയപ്പോള്‍ ലീഡ്‌സില്‍ നടന്ന നാലാം ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ തിരിച്ചുവരവ്‌ നടത്തിയിരുന്നു. 1-1 ല്‍ നില്‍ക്കുന്ന പരമ്പര സ്വന്തമാക്കാനുള്ള യജ്ഞത്തില്‍ രണ്ട്‌ പ്രബലരും ബലാബലം വരുമ്പോള്‍ ഇന്ന്‌ മുതല്‍ അടുത്ത അഞ്ച്‌ നാളുകള്‍ നിര്‍ണ്ണായകമാണ്‌.
പേസര്‍മാരെ തുണക്കുമെന്ന്‌ കരുതപ്പെടുന്ന ഓവല്‍ പിച്ചില്‍ രണ്ട്‌ ടീമുകളും നാല്‌ വീതം ഫാസറ്റ്‌ ബൗളര്‍മാരെ അണിനിരത്തുമെന്നുറപ്പാണ്‌. നാലാം ടെസ്റ്റില്‍ റിക്കി പോണ്ടിംഗും സംഘവും വിജയം വരിച്ചത്‌ പേസര്‍മാരായ മിച്ചല്‍ ജോണ്‍സണ്‍, പീറ്റര്‍ സിഡില്‍, ബെന്‍ ഹില്‍ഫാന്‍ഹസ്‌, സ്റ്റ്യൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌ എന്നിവരുടെ മികവിലാണ്‌. ഈ നാല്‌ പേരും ഇന്ന്‌ കളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പരുക്കില്‍ നിന്ന്‌ മുക്തനായി രംഗത്ത്‌ വന്നിരിക്കുന്ന അതിവേഗക്കാരന്‍ ബ്രെട്ട്‌ ലീയെ കളിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്‌. പക്ഷേ റിവേഴ്‌സ്‌ സ്വിംഗുകള്‍ക്ക്‌ സാധ്യതയുണ്ടെങ്കില്‍ മാത്രമായിരിക്കും പോണ്ടിംഗ്‌ ലീയുടെ സഹായം തേടുക. ഇംഗ്ലീഷ്‌ നിരയില്‍ റ്യാന്‍ സൈഡ്‌ബോട്ടം തിരിച്ചെത്തിയിട്ടുണ്ട്‌. ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, സ്റ്റീവന്‍ ഹാര്‍മിസണ്‍ എന്നിവരും കളിക്കും. ചിലപ്പോള്‍ മൂന്ന്‌ സീമര്‍മാരെയും രണ്ട്‌ സ്‌പിന്നര്‍മാരെയും രംഗത്തിറക്കുന്ന കാര്യവും ആലോചനയിലുണ്ട്‌.
ഫ്‌ളിന്റോഫിന്‌ ഇത്‌ അവസാന ടെസ്റ്റാണ്‌. ആഷസ്‌ പരമ്പരക്ക്‌ ശേഷം ടെസ്റ്റ്‌ പരമ്പരയില്‍ നിന്ന്‌ വിരമിക്കുമെന്ന്‌ പ്രഖ്യാപിച്ച സൂപ്പര്‍ താരത്തിന്‌ ടീമിന്‌ വിജയം സമ്മാനിച്ച്‌ മടങ്ങാനാണ്‌ മോഹം. ആരോഗ്യകാര്യത്തില്‍ നൂറ്‌ ശതമാനം നീതി പുലര്‍ത്താന്‍ ഈ മല്‍സരത്തിലും ഫ്രെഡിക്ക്‌ കഴിയില്ല. പക്ഷേ അവസാന ടെസ്റ്റ്‌ മല്‍സരത്തില്‍ കളിക്കാന്‍ അദ്ദേഹത്തിന്‌ അതിയായ താല്‍പ്പര്യമുണ്ട്‌. ഫ്രെഡ്ഡിയെ കൂടാതെയാണ്‌ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട്‌ കളിച്ചത്‌. ഈ മല്‍സരത്തില്‍ അവര്‍ നാണക്കേട്‌ സ്വന്തമാക്കുകയും ചെയ്‌തു. നാലാം ടെസ്റ്റിലെ ദുരനുഭവം മറന്ന്‌ ടീം ശക്തമായി തിരിച്ചവരുമെന്നാണ്‌ ഇംഗ്ലീഷ്‌ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ പറയുന്നത്‌. ഹെഡിംഗ്‌ലിയില്‍ ചതിച്ചത്‌ ബാറ്റ്‌സ്‌മാന്മാരായിരുന്നു. ഓവലില്‍ ഇംഗ്ലീഷ്‌ ബാറ്റ്‌സ്‌മാന്മാരുടെ യഥാര്‍ത്ഥ കരുത്ത്‌ കാണാനാവുമെന്നാണ്‌ അദ്ദേഹം ഉറപ്പ്‌ നല്‍കുന്നത്‌. അതേ സമയം ജിവനുള്ള പിച്ചില്‍ മികച്ച പ്രകടനം തന്റെ ടീം നടത്തുമെന്നാണ്‌ റിക്കി പോണ്ടിംഗ്‌ പറയുന്നത്‌.

No comments: