Saturday, August 29, 2009

BEAUTIFUL SOCCER

ഫുട്‌ബോള്‍ വസന്തം
ലണ്ടന്‍: ഗോള്‍വലയം കാക്കുന്നത്‌ ഇകാര്‍ കാസിയാസ്‌, പിന്‍നിരയില്‍ ഗുട്ടി, മധ്യനിരയില്‍ കരീം ബെന്‍സാമ, കക്ക, മുന്‍നിരയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ...... ഈ നിര ഫുട്‌ബോള്‍ പ്രേമികളുടെ വന്യമായ സ്വപ്‌നത്തിലായിരുന്നു ഇത്‌ വരെ. പക്ഷേ ലോക സോക്കറിലെ സ്വപ്‌നനിരയാണ്‌ ഇത്തവണ സ്‌പാനിഷ്‌ ലീഗില്‍ റയല്‍ മാഡ്രിഡിനായി ബൂട്ട്‌ കെട്ടുന്നത്‌. സ്‌പാനിഷ്‌ ലീഗ്‌ ചാമ്പ്യന്മാരായ ബാര്‍സിലോണയുടെ നിര നോക്കുക-പിന്‍നിരയില്‍ കാര്‍ലോസ്‌ പുയോളും സംഘവും. മധ്യനിരയില്‍ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, മുന്‍നിരയില്‍ ഇത്തവണ കാമറൂണുകാരനായ സാമുവല്‍ ഇറ്റോയില്ല. പക്ഷേ ലയണല്‍ മെസിയും തിയറി ഹെന്‍ട്രിയുമുണ്ട്‌. സൂപ്പര്‍ താരങ്ങളുടെ അങ്കവീര്യം സ്‌പാനിഷ്‌ ലീഗില്‍ മാത്രം ഒതുങ്ങുന്നില്ല. ഇറ്റലിയിലേക്ക്‌ വന്നാല്‍ അവിടെയും ലോകോത്തര നിരയാണ്‌ . ഇന്റര്‍ മിലാന്‌ ഇത്തവണ ഇബ്രാഹീമോവിച്ച്‌ ഇല്ല എന്നത്‌ സത്യം. പക്ഷേ സാമുവല്‍ ഇറ്റോ എന്ന മാന്ത്രിക കാലുകാരന്‍ അവിടെയാണ്‌. ബ്രസീലുകാരന്‍ അഡ്രിയാനോയും സംഘവും അവിടെയുണ്ട്‌. ഏ.സി മിലാന്‍ നിരയില്‍ കക്കയില്ലെങ്കിലും സൂപ്പര്‍ താരങ്ങളുടെ കാര്യത്തില്‍ പഞ്ഞമില്ല. ഏ.എസ്‌ റോമയില്‍ ഫ്രാന്‍സിസ്‌ക്കോ ടോട്ടിയും നിരയുമുണ്ട്‌. യുവന്തസിലാണ്‌ അലക്‌സാണ്ടറോ ദെല്‍പിയാറോയും കുട്ടികളും. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലും താരദാരിദ്ര്യമില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നിരയില്‍ നിന്ന്‌ റൊണാള്‍ഡോയും കാര്‍ലോസ്‌ ടെവസും മാറിയെങ്കിലും മൈക്കല്‍ ഓവനും വെയിന്‍ റൂണിയും ബെര്‍ബതോവുമെല്ലാം ചുവപ്പന്‍ സംഘത്തിന്‌ കരുത്ത്‌ പകര്‍ന്ന്‌ രംഗത്തുണ്ട്‌. ആഴ്‌സനലില്‍ സെസ്‌ക്‌ ഫാബ്രിഗസിനെ പോലുളള അനുഭവ സമ്പന്നര്‍ക്കൊപ്പം തിയോ വാല്‍ക്കോട്ടിനെ പോലുള്ള വെടിക്കെട്ടുകാരുണ്ട്‌. ചെല്‍സിക്ക്‌ ഇത്തവണ ഷെവ്‌ചെങ്കോയെ നഷ്‌ടമാവും. പക്ഷേ അനുഭവസമ്പന്നനായ നായകന്‍ ജോണ്‍ ടെറി അവിടെ തന്നെയുണ്ട്‌. ടെറിയെ എന്ത്‌ വില കൊടുത്തും റാഞ്ചാന്‍ മാഞ്ചസ്‌റ്റര്‍ സിറ്റിക്കാര്‍ വല വിരിച്ചിരുന്നു. പക്ഷേ അതിലൊന്നും നീല സൈന്യത്തിന്റെ കപ്പിത്താന്‍ വീണില്ല. ഗോള്‍ക്കീപ്പര്‍ പീറ്റര്‍ ചെക്‌, മധ്യനിരക്കാരന്‍ ഫ്രാങ്ക്‌ ലെംപാര്‍ഡ്‌ , മുന്‍നിരക്കാരന്‍ ദിദിയര്‍ ദ്രോഗ്‌ബെ എന്നിവരെല്ലാം അവിടെ തന്നെ. ലിവര്‍പൂളിന്‌ ഇത്തവണ പ്രീമിയര്‍ ലീഗ്‌ സീസണില്‍ നല്ല തുടക്കം ലഭിച്ചിട്ടില്ല., അതിന്‌ കാരണം അവരുടെ സൂപ്പര്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ മോശം ഫോമാണ്‌. കളിച്ച മൂന്ന്‌ പ്രിമിയര്‍ ലീഗ്‌ മല്‍സരങ്ങളില്‍ രണ്ടിലും അടിയറവ്‌ പറഞ്ഞ ടീമിന്റെ സൂപ്പര്‍ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ പക്ഷേ സമ്മര്‍ദ്ദത്തില്‍ കീഴടങ്ങുന്ന പ്രകൃതക്കാരനല്ല. ഈ മൂന്ന്‌ വമ്പന്മാരെ കൂടാതെ ഇത്തവണ അട്ടിമറികള്‍ നടത്താനുളള കോപ്പുമായാണ്‌ മാഞ്ചസ്റ്റര്‍ സിറ്റിക്കാര്‍ രംഗത്തുളളത്‌. വന്‍ വില മുടക്കി റോബിഞ്ഞോയെയും കാര്‍ലോസ്‌ ടെവസിനെയുമെല്ലാം അവര്‍ സ്വന്തമാക്കിയിട്ടുണ്ട്‌. ആരും പ്രതീക്ഷിക്കാത്ത ടീമായ ടോട്ടന്‍ഹാമാണ്‌ ഇപ്പോള്‍ ലീഗില്‍ മുന്നില്‍. അവരുടെ നിരയില്‍ ലോകത്തിന്‌ പരിചയുമുളള സൂപ്പറുകള്‍ ഇല്ല. പക്ഷേ അട്ടിമറികള്‍ക്ക്‌ കോപ്പുളള വമ്പന്മാരുണ്ട്‌. ബേണ്‍ലി, പോര്‍ട്‌സ്‌മൗത്ത്‌ തുടങ്ങിയ പിന്‍നിരക്കാരും ഇത്തവണ നല്ല വില മാര്‍ക്കറ്റില്‍ മുടക്കിയിട്ടുണ്ട്‌. ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിച്ചിന്റെ കുത്തക കഴിഞ്ഞ തവണ തകര്‍ന്നതാണ്‌. ഇത്തവണ കരുത്തരായ നിരയെ തന്നെയാണ്‌ ബയേണ്‍ രംഗത്തിറക്കിയിരിക്കുന്നത്‌. പക്ഷേ പോയ വര്‍ഷത്തെ അട്ടിമറികള്‍ ആവര്‍ത്തിക്കാന്‍ കരുത്തുളളവരായി ഹാംബര്‍ഗ്ഗിനെ പോലുളളവര്‍ രംഗത്തുണ്ട്‌. ഫ്രഞ്ച്‌ ലീഗില്‍ ലിയോണിന്റെ ആധിപത്യം പോയ വര്‍ഷം ചോദ്യം ചെയ്യപ്പെട്ടതാണ്‌. ഒളിംപിക്‌ മാര്‍സലിയാണ്‌ താര മാര്‍ക്കറ്റില്‍ ഇത്തവണ കൂടുതല്‍ പണം മുടക്കിയത്‌.
ക്ലബുകളെല്ലാം ഇത്തവണ കാര്യമായി തന്നെയാണ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. എല്ലാവരും സീസണിന്‌ മുമ്പുളള പരിശീലന പര്യടനങ്ങളില്‍ ഗൗരവതരമായി തന്നെയാണ്‌ പങ്കെടുത്തത്‌. റയല്‍ മാഡ്രിഡുകാര്‍ അയര്‍ലാന്‍ഡിലായിരുന്നു പരിശീലനത്തിന്‌ പോയത്‌. റയലിന്റെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ സൂപ്പര്‍ താരങ്ങളുടെ നിര തന്നെയാണ്‌ ഇത്തവണ വന്നത്‌.
കൃസ്റ്റിയനോ റൊണാള്‍ഡോയെ അവതരിപ്പിച്ച ദിനത്തില്‍ സ്‌റ്റേഡിയത്തിലെ ഒരു ലക്ഷത്തോളം ഇരിപ്പിടങ്ങള്‍ നിറഞ്ഞിരുന്നു. യൂറോപ്യന്‍ സോക്കര്‍ ചരിത്രത്തില്‍ ഇത്രയും വലിയ വരവേല്‍പ്പ്‌ ആര്‍ക്കും ലഭിച്ചിരുന്നില്ല. സൈനുദ്ദിന്‍ സിദാന്‍ എന്ന ഫ്രഞ്ച്‌ ഇതിഹാസത്തിനെ വരവേല്‍ക്കാന്‍ ബെര്‍ണബു നിറഞ്ഞിരുന്നു. പക്ഷേ അതിനേക്കാള്‍ വലിയ വരവേല്‍പ്പാണ്‌ പോര്‍ച്ചുഗല്‍ താരത്തിന്‌ ലഭിച്ചത്‌. കക്ക വന്നപ്പോഴും ബെര്‍ണബു ആഘോഷമായാണ്‌ വരവേറ്റത്‌. കരീം ബെന്‍സാമയെ കാണാനും സോക്കര്‍ പ്രേമികള്‍ തടിച്ചുകൂടി. ഈ മൂന്ന്‌ വന്‍ താരങ്ങളുടെ വരവോടെ റയലിന്റെ ആരാധകരിപ്പോള്‍ ആകാശത്താണ്‌. എല്ലാ മല്‍സരരങ്ങളിലും ടീം ജയിക്കുമെന്ന സ്വപ്‌നത്തിലാണവര്‍. സ്‌പാനിഷ്‌ ലീഗ്‌ ഇന്നലെ ആരംഭിച്ചു. ആദ്യ മല്‍സരത്തില്‍ തന്നെ ശക്തരായ ഡിപ്പോര്‍ട്ടീവോയാണ്‌ റയലിന്റെ പ്രതിയോഗികള്‍. നല്ല തുടക്കം ടീമിന്‌ ലഭിക്കാത്തപക്ഷം ഓരോ മല്‍സരത്തിും സമ്മര്‍ദ്ദമേറും. സൂപ്പര്‍ താരങ്ങള്‍ മാത്രമുണ്ടായിട്ട്‌ കാര്യമില്ല എന്ന സത്യം റയല്‍ പണ്ട്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സിദാനും റൊണാള്‍ഡോയും റൗളും ഡേവിഡ്‌ ബെക്കാമുമെല്ലാം കളിച്ച കാലത്തില്‍ ടീമിന്‌ വലിയ മല്‍സരങ്ങളില്‍ പതര്‍ച്ച അനുഭവപ്പെട്ടിട്ടുണ്ട്‌്‌. ബാര്‍സിലോണയുടെ ഫോമാണ്‌ അവര്‍ക്ക്‌ വലിയ വെല്ലുവിളി. അസാമാന്യ. ഫോമിലായിരുന്നു പോയ സീസണില്‍ ബാര്‍സ കളിച്ചത്‌-പ്രത്യേകിച്ച്‌ അവരുടെ മുന്‍നിരക്കാരന്‍ മെസി. സ്‌പാനിഷ്‌ ലീഗ്‌ മാത്രമല്ല കിംഗ്‌സ്‌ കപ്പും യുവേഫ ചാമ്പ്യന്‍സ്‌ ലീഗും ബാര്‍സയാണ്‌ റാഞ്ചിയത്‌. ഒരു സ്‌പാനിഷ്‌ ക്ലബിനും ഒരു സീസണില്‍ മൂന്ന്‌ വലിയ കിരീടങ്ങള്‍ ലഭിച്ചിരുന്നില്ല. ആ റെക്കോര്‍ഡാണ്‌ ഇപ്പോള്‍ ബാര്‍സയുടെ പേരില്‍. ഈ റെക്കോര്‍ഡ്‌ സ്വന്തമാക്കാനാണ്‌ റയല്‍ വലിയ താരങ്ങളെ കൊണ്ടു വന്നിരിക്കുന്നത്‌. തനി്‌ക്‌ ലഭിച്ച വരവേല്‍പ്പ്‌ സമയത്ത്‌ ഈ കാര്യം റൊണാള്‍ഡോ പറഞ്ഞിരുന്നു. മൂന്ന്‌ വലിയ കിരീടങ്ങളും സ്വന്തമാക്കാനുളള കരുത്ത്‌ തന്റെ ടീമിനുണ്ടെന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയത്‌.
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്റെ ആധിപത്യം ഇത്തവണ ചോദ്യം ചെയ്യപ്പെട്ടാല്‍ അല്‍ഭുതപ്പെടാനില്ല. റൊണാള്‍ഡോയും സംഘവുമായിരുന്നു ടീമിന്റെ കുന്തമുന. പക്ഷേ ഇത്തവണ റൊണാള്‍ഡോയില്ലാതെ തന്നെ ടീം രണ്ട്‌്‌ കളികളില്‍ തോറ്റിരിക്കുന്നു. ബേര്‍ണ്‍ലിയെ പോലുളള ദുര്‍ബലര്‍ക്ക്‌ മുന്നിലാണ്‌ ടീം അടിയറവ്‌ പറഞ്ഞത്‌. റൂണി-മൈക്കല്‍ ഓവന്‍ കോമ്പിനേഷന്‍ ക്ലി്‌ക്‌ ചെയ്‌താല്‍ മാത്രമാണ്‌ ഫെര്‍ഗ്ഗിക്ക്‌ രക്ഷ.
എല്ലാ സീസണിലും ശരാശരി നിലവാരത്തില്‍ കളിക്കുന്നവരാണ്‌ ചെല്‍സി. അവര്‍ ഇത്തവണയും തുടക്കം മോശമാക്കിയിട്ടില്ല. ലിവര്‍പൂളാണ്‌ നിരാശ നല്‍കിയത്‌. പക്ഷേ ജെറാര്‍ഡ്‌ പൂര്‍ണ്ണ ആരോഗ്യവാനായി കളിക്കുന്ന പക്ഷം ആ പ്രശ്‌നവും ഇല്ലാതാക്കാനാവും. എന്തായാലും ഇനിയുള്ള നാളുകള്‍ സോക്കര്‍ വസന്തമാണ്‌...സൂപ്പര്‍ താരങ്ങളുടെ തകര്‍പ്പന്‍ അങ്കങ്ങള്‍ ഇ.എസ്‌.പി.എന്നും സ്‌റ്റാര്‍ സ്‌പോര്‍ട്‌സും ടെന്‍ സ്‌പോര്‍ട്‌സുമെല്ലാം ഇന്ത്യന്‍ ആരാധകരില്‍ എത്തിക്കുന്നുണ്ട്‌.

1 comment:

asrus irumbuzhi said...

സാര്‍, താങ്കളുടെ ബ്ലോഗില്‍ എത്താന്‍ വൈകിയതില്‍ വിഷമമുണ്ട് ..
യാദ്ര്ഷികമായി എത്തിപ്പെട്ടതില് വളരെ അധികം സന്തോഷവുമുണ്ട് ..
സ്നേഹ പൂര്‍വ്വം