എല്ലാം പറഞ്ഞ് തന്നത് കമറാന്‍
കൊളംബോ: പാക്കിസ്‌്‌താന്‍ ക്രിക്കറ്റിലെ പുതിയ താരമാണ് ഉമര്‍ അക്‌മല്‍. പ്രായം പത്തൊമ്പത് വയസ്സ് മാത്രം. പക്ഷേ ഇതിനകം ലോക ക്രിക്കറ്റില്‍ അടിപൊളി യംഗ് ബാറ്റ്‌സ്‌മാന്‍ എന്ന സ്ഥാനപ്പേരുണ്ടായിരിക്കുന്നു ഉമറിന്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മല്‍സരത്തില്‍ സ്വന്തമാക്കിയ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ടീമിലെ സ്ഥാനവും ഉറപ്പിച്ചിരിക്കുന്നു കമറാന്‍ അക്‌മലിന്റെ അനുജന്‍. അക്‌മല്‍ എന്ന നാമം പാക്കിസ്‌താന്‍ ക്രിക്കറ്റിന് സുപരിചിതമായിട്ട് വര്‍ഷങ്ങളായി. മോയിന്‍ഖാനും റഷീദ് ലത്തീഫുമെല്ലാം സ്ഥിരമായി അണിഞ്ഞിരുന്ന വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് സ്വന്തമാക്കി ലോക ക്രിക്കറ്റിലേക്ക് കരുത്തനായി വന്ന കമറാനിലുടെയാണ് ആദ്യമായി അക്‌മല്‍ എന്ന നാമം ക്രിക്കറ്റ് ലോകം ശ്രവിച്ചത്. ആ അക്‌മലിന്റെ ഇളയ സഹോദരനാണ് പുതിയ അക്‌മല്‍-ഉമര്‍ അക്‌മല്‍.
ചെറിയ പ്രായത്തില്‍ തന്നെ തന്റെ ബാറ്റിംഗ് കരുത്ത് ഉമര്‍ പ്രകടമാക്കിയിരുന്നു. ദേശീയ ടീമിലേക്ക് തെരഞ്ഞെടക്കപ്പെടും മുമ്പ് പാക്കിസ്‌താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഞെട്ടിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. ഖായിദെ ഇ അസം ട്രോഫിയില്‍ സെഞ്ച്വറികള്‍ മാത്രമായിരുന്നു സമ്പാദ്യം. ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ പാക്കിസ്‌താന് ഏ ടീമില്‍ അംഗമായപ്പോള്‍ നേടിയത് മൂന്ന് വിലപ്പെട്ട, അതിവേഗമുള്ള സെഞ്ച്വറികള്‍. ഇത്രയുമായപ്പോള്‍ തന്നെ പാക്കിസ്‌താന്‍ ദേശീയ സെലക്ടര്‍മാര്‍ ഒരു കാര്യം ഉറപ്പിച്ചു-ഇവന് സീനിയര്‍ ടീമില്‍ അവസരം നല്‍കണം. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ കോച്ച് ഇന്‍ത്തികാബ് ആലമിന്റെ ആവശ്യപ്രകാരം ഉമര്‍ ടീമിലെത്തി. ഉമറും ജ്വേഷ്‌ഠന്‍ കമറാനും തമ്മില്‍ രണ്ട് കാര്യത്തില്‍ സാമ്യതയുണ്ട്. രണ്ട് പേര്‍ക്കും അധികം ഉയരമില്ല. രണ്ട് പേരും തട്ടുപൊളിപ്പന്‍ ഷോട്ടുകളുടെ വക്താവാണ്. കമറാന്‍ ഒരിക്കലും പന്തുകളെ ഭയപ്പെട്ടിരുന്നില്ല. ഗ്ലെന്‍ മക്‌ഗ്രാത്തിന്റെ പന്തുകളെ പോലും അനായാസം അതിര്‍ത്തി കടത്തിയാണ് കമറാന്‍ തുടങ്ങിയതെങ്കില്‍ കഴിഞ്ഞ ദിവസം പ്രേമദാസ സ്‌റ്റേഡിയത്തില്‍ ലാസിത് മാലിങ്കയുടെ പന്ത് അദ്ദേഹത്തിന്റെ തലക്ക് മുകളിലൂടെ സിക്‌സറിന് പറത്തിയാണ് പന്തിനെ തനിക്കും പേടിയില്ലെന്ന് ഉമര്‍ തെളിയിച്ചത്.
ശക്തനായ ബാറ്റ്‌സ്‌മാനാണ് ഉമറെന്ന് ഇന്‍ത്തികാബ് ആലം സാക്ഷ്യപ്പെടുത്തുന്നു. സമീപകാലത്ത് പാക്കിസ്‌താന്‍ ക്രിക്കറ്റ് ടീമിനുണ്ടായ പരാജയങ്ങളെത്തുടര്‍ന്ന് വിവാദങ്ങുടെ നടുക്കളത്തിലായിരുന്നു ഇത് വരെ ആലം. ഉമറിനെ കണ്ടെത്തിയതും അദ്ദേഹം നേടിയ സെഞ്ച്വറിയും കോച്ചിന്റെ മുഖത്തിന് അല്‍പ്പം തിളക്കമിപ്പോള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഉമറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ കോച്ച് വാചാലനാവുന്നു. കമറാനെയും ഉമറിനെയും താരതമ്യം ചെയ്യാന്‍ കോച്ച് ഒരുക്കമല്ല. ഇരുവരും തമ്മില്‍ ബാറ്റിംഗില്‍ ചില സാമ്യതകളുണ്ട്. പക്ഷേ ഇരുവരും ജന്മനാ ധൈര്യവാന്മാരാണ്. ധൈര്യതയോടെ ഷോട്ടുകള്‍ പായിക്കുന്നു. ചില ബാറ്റ്‌സ്‌മാന്മാര്‍ ബൗളര്‍മാരെ ഭയപ്പെടും. പക്ഷേ ഉമറിന്റെ കാര്യത്തില്‍ ഷോട്ടുകള്‍ക്ക് മാത്രമല്ല ബൗളര്‍മാരെയും അദ്ദേഹം ഭയപ്പെടുന്നില്ല. ലാസിത് മാലിങ്കയെ പോലെ ഒരു ബൗളറെ അനായാസം നേരിടാന്‍ ഇന്നത്തെ യുവതാരങ്ങള്‍ക്ക് കഴിയില്ല. ഒരു ബാറ്റ്‌സ്‌മാനെ വിശ്വാസത്തിലെടുത്താല്‍ അദ്ദേഹത്തിന് ധൈര്യത്തോടെ കളിക്കാനാവുമെന്നാണ് ആലം പറയുന്നത്. പാക്കിസ്‌താന്‍ ദേശീയ ടീമിലെത്തിയാല്‍ നിലയുറപ്പിക്കാന്‍ തീര്‍ച്ചയായും സമയമെടുക്കും. സമര്‍ദ്ദം സ്വാഭാവികമാണ്. വലിയ താരങ്ങള്‍ക്കൊപ്പം എങ്ങനെ കളിക്കും,വലിയ മല്‍സരങ്ങളെ എങ്ങനെ നേരിടും തുടങ്ങിയ വിഷയങ്ങളുണ്ട്. എന്നാല്‍ വളരെ പെട്ടെന്നാണ് ഉമര്‍ പക്വമതിയായിരിക്കുന്നത്. അദ്ദേഹം വെറുതെ ഷോട്ടുകള്‍ക്ക് പിറകെ പോവുന്നില്ല. രാജ്യാന്തര തലത്തില്‍ ഉമര്‍ തുടങ്ങിയിട്ടേയുള്ളു. അതിനാല്‍ ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഭാവി പ്രവചിക്കുക എളുപ്പമല്ല. എങ്കിലും ഈ ഫോമില്‍ ദീര്‍ഘകാലം പാക്കിസ്‌താന്‍ ക്രിക്കറ്റിനെ സേവിക്കാന്‍ ഉമറിന് കഴിയുമെന്ന കാര്യത്തില്‍ ആലമിന് സംശയമില്ല. ഈയിടെ പാക്കിസ്‌താന്‍ എ ടീം ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ മൂന്ന് സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്. ഇതും ചെറിയ കാര്യമല്ല. ലങ്കക്കെതിരായ ടെസ്‌റ്റ് മല്‍സരങ്ങള്‍ സമാപിച്ചപ്പോള്‍ ഈ യുവതാരത്തിന് തീര്‍ച്ചയായും ഏകദിനങ്ങളില്‍ അവസരം നല്‍കണമെന്ന് ഞങ്ങളെല്ലാം തീരുമാനിച്ചതായിരുന്നു. ഉമറും ക്യാപ്‌റ്റന്‍ യൂനസ്‌ഖാനും ചേര്‍ന്നുള്ള 176 റണ്‍സിന്റെ സഖ്യമാണ് ടീമിന് നാലാം ഏകദിനത്തില്‍ വലിയ സ്‌ക്കോര്‍ സമ്മാനിച്ചതെന്നും ആലം പറഞ്ഞു. അഞ്ചാം വിക്കറ്റില്‍ 139 പന്തില്‍ നിന്നാണ് ഉമര്‍-യൂനസ് സഖ്യം 176 റണ്‍സ് സ്വന്തമാക്കിയത്. ഇതില്‍ ഉമറിന്റെ സംഭാവന 95 റണ്‍സായിരുന്നു.
രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനം നടത്താന്‍ തന്നെ സഹായിച്ചത് കോച്ചും സീനിയര്‍ താരങ്ങളും ജ്വേഷ്‌ഠന്‍ കമറാനുമാണെന്ന് ഉമര്‍ പറഞ്ഞു. 72 പന്തില്‍ നിന്നും 102 റണ്‍സ് നേടി കളിയിലെ കേമന്‍പ്പട്ടം സ്വന്തമാക്കിയതിന് ശേഷം സംസാരിക്കവെ സമ്മര്‍ദ്ദ സാഹചര്യങ്ങളെ അതിജയിക്കാനുളള പാഠങ്ങള്‍ തനിക്ക് പകര്‍ന്നുനല്‍കിയത് കമറാനാണെന്ന് ഉമര്‍ പറഞ്ഞു. ടീം റണ്‍സ് ആഗ്രഹിക്കുമ്പോള്‍ അതിനനുസരിച്ച് കളിക്കുകയാണ് പ്രധാനം. എല്ലാവരും നല്‍കിയ പിന്തുണ മറക്കാന്‍ കഴിയില്ലെന്നും ഉമര്‍ പറഞ്ഞു. ലങ്കക്കെതിരായ ഏകദിന പരമ്പരയിലെ നാല് മല്‍സരങ്ങളിലും ഉമര്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ധാംബൂലയില്‍ നേടിയ മിന്നല്‍ അര്‍ദ്ധ ശതകമായിരുന്നു ഇത് വരെ ഉയര്‍ന്നുനിന്നത്.
ആദ്യ മൂന്ന് ഏകദിനങ്ങളിലും വന്‍ പരാജയം രുചിച്ച പാക്കിസ്‌താന്‍ നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ അഞ്ച് വിക്കറ്റിന് 321 റണ്‍സ്. ഉമര്‍ പുറത്താവാതെ 102 റണ്‍സ് കരസ്ഥമാക്കിയപ്പോള്‍ ക്യാപ്‌റ്റന്‍ യൂനസ് നേടിയത് 89 റണ്‍സ്. വിക്കറ്റ് കീപ്പറും ഓപ്പണറുമായ കമറാന്‍ അക്‌മല്‍ 57 റണ്‍സ് സ്വന്തമാക്കി. മറുപടിയില്‍ ലങ്ക 175 റണ്‍സാണ് നേടിയത്. 80 റണ്‍സ് നേടിയ ഉപുല്‍ തരംഗ മാത്രമാണ് പൊരുതിയത്. പാക് സീമര്‍ നവീദ് അഞ്‌ജും 31 റണ്‍സ് മാത്രം നല്‍കി അഞ്ച് പേരെ പുറത്താക്കി.
റയല്‍ ഗോള്‍വേട്ട
ടോറന്റോ: കനേഡിയന്‍ പര്യടനത്തില്‍ റയല്‍ മാഡ്രിഡിന് വിജയത്തുടക്കം. ആദ്യ മല്‍സരത്തിലവര്‍ ടോറന്റോ എഫ്.സി യെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ക്യാപ്‌റ്റന്‍ റൗള്‍ ഗോണ്‍സാലസ് രണ്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ സൂപ്പര്‍ താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സാമ, അര്‍ജന്‍ റൂബന്‍ എന്നിവരും വല ചലിപ്പിച്ചു. എന്‍.ബി.എ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് നാഷും ക്രിസ്‌് ബോഷും ഉള്‍പ്പെടെ സ്‌റ്റേഡിയം നിറഞ്ഞ കാണികള്‍ക്ക് മുന്നിലായിരുന്നു റയലിന്റെ തകര്‍പ്പന്‍ പ്രകടനം.
ഓസീസ് മുന്നേറ്റം
ഹെഡിംഗ്‌ലി: ആഷസ് പരമ്പരയില്‍ ഒപ്പമെത്താനുള്ള ഓസ്‌ട്രേലിയന്‍ ലക്ഷ്യത്തിന് അനുകൂലമായി കാര്യങ്ങള്‍ നീങ്ങുന്നു. നാലാം ടെസ്‌റ്റ് രണ്ടാം ദിനം പിന്നിടുമ്പോള്‍ മല്‍സരത്തില്‍ പൂര്‍ണ്ണ നിയന്ത്രണം റിക്കി പോണ്ടിംഗിന്റെ സംഘത്തിനാണ്. ആദ്യ ദിവസം ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് 102 റണ്‍സില്‍ അവസാനിപ്പിച്ച ഓസീസ് ഇന്നലെ ബാറ്റിംഗ് മികവിലൂടെ വിജയവഴിയില്‍ കയറി. ഓപ്പണര്‍ ഷെയിന്‍ വാട്ട്‌സണ്‍ (50) നല്‍കിയ തുടക്കം പ്രയോജനപ്പെടുത്തി റിക്കി പോണ്ടിംഗ്, മൈക്കല്‍ ക്ലാര്‍ക്ക്, മാര്‍ക്കസ് നോര്‍ത്ത് എന്നിവരാണ് സ്‌ക്കോറിന് മാന്യത നല്‍കിയത്. നായകന്റെ ഇന്നിംഗ്‌സ് പുറത്തെടുത്ത പോണ്ടിംഗ് 101 പന്തില്‍ നിന്ന് നേടിയ 78 റണ്‍സ് ഇന്നിംഗ്‌സിന് ദിശാബോധം നല്‍കിയപ്പോള്‍ വൈസ് ക്യാപ്‌റ്റന്‍ ക്ലാര്‍ക്ക് പരമ്പരയിലെ തന്റെ ഫോം ആവര്‍ത്തിച്ചു. 93 റണ്‍സാണ് അദ്ദേഹം സ്വായത്തമാക്കിയത്.
പരമ്പരയില്‍ മിന്നുന്ന ഫോം തുടരുന്ന മാര്‍ക്കസ് നോര്‍ത്തിന്റേതായിരുന്നു പക്ഷേ മിന്നുന്ന പ്രകടനം.ആറാമനായി ക്രീസില്‍ വന്ന നോര്‍ത്ത് ഇംഗ്ലീഷ് സ്‌പിന്നര്‍മാരെ അനായാസം നേരിട്ട് 110 റണ്‍സാണ് നേടിയത്. പരമ്പരയിലെ രണ്ടാം സെഞ്ച്വറിയില്‍ ഓസീസ് നേടിയത് 445 റണ്‍സ്. മല്‍സരത്തില്‍ വിലപേശാന്‍ ഓസ്‌ട്രേലിയക്ക് ഇനിയാവും. ലോര്‍ഡ്‌സില്‍ നടന്ന പരമ്പരയിലെ രണ്ടാം മല്‍സരത്തിലെ തോല്‍വിയോടെ പിറകോട്ട്‌് തള്ളപ്പെട്ട ഓസ്‌ട്രേലിയക്ക് പരമ്പരയില്‍ ഒപ്പമെത്താനുളള സുവര്‍ണ്ണാവസരമാണിത്. ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്, കെവിന്‍ പീറ്റേഴ്‌സണ്‍ എന്നീ രണ്ട് സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ബാറ്റിംഗില്‍ വിയര്‍ത്ത ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സില്‍ പോരാടാന്‍ കഴിയാത്തപക്ഷം തോല്‍വി മാത്രമാവും ഫലം.
പൂനെ: ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മുകളില്‍ കാനറിപ്പക്ഷികള്‍ പറന്നു. ലോക ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആവേശകരമായ ആദ്യ സെമിയില്‍ ഇന്ത്യയെ അഞ്ച് സെറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ പരാജയപ്പെടുത്തി ബ്രസീല്‍ അവസാന പോരാട്ടത്തിന് അര്‍ഹത നേടി. കൊല കൊമ്പന്മാരെ മറിച്ചിട്ട് സെമിയിലെത്തിയ ഇന്ത്യ രണ്ട് വട്ടം പിറകില്‍ നിന്ന ശേഷവും കരുത്തില്‍ കളിച്ച് മല്‍സരം അഞ്ച് സെറ്റ് വരെ ദീര്‍ഘിപ്പിച്ചു. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ വിജയം സ്വായത്തമാക്കാന്‍ കഴിഞ്ഞില്ല. സ്‌ക്കോര്‍ 10-25, 25-17, 19-25, 25-23, 9-15.
ഇന്നലെയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഛത്രപതി ശിവാജി സ്‌റ്റേഡിയം നിറഞ്ഞ കാണികളെ സാക്ഷിയാക്കി ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആതിഥേയ നിരയിലെ യുവതാരങ്ങളെല്ലാം സമ്മര്‍ദ്ദത്തിലും പോരാട്ടവീര്യമാണ് പ്രകടിപ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ വന്‍തോക്കുകളെ അട്ടിമറിച്ച് മുന്നേറിയ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശം തന്നെ ചരിത്രമായിരുന്നു. നിര്‍ണ്ണായക പോരാട്ടത്തില്‍ അഞ്ച് സെറ്റ് ദീര്‍ഘിച്ച അങ്കത്തില്‍ ശക്തരായ ബെല്‍ജിയത്തെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ സെമിബെര്‍ത്ത്.
ബെല്‍ജിയത്തിനെതിരെ ആദ്യ സെറ്റ് തോറ്റായിരുന്നു ഇന്ത്യ തുടങ്ങിയത്. അത് പോലെ തന്നെയായിരുന്നു ഇന്നലെയും. ഉയരക്കൂടുതലുളള ബ്രസീലുകാരുടെ മുന്നില്‍ ആദ്യ സെറ്റില്‍ ഇന്ത്യ വിയര്‍ത്തു. കേവലം പത്ത് പോയന്റ് മാത്രമാണ് ഇന്ത്യക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രണ്ടാം സെറ്റില്‍ ഗുരീന്ദര്‍ സിംഗും മണിദൂരെ വീറും തകര്‍പ്പന്‍ സ്‌മാഷുകള്‍ പായിച്ചപ്പോള്‍ ഇന്ത്യ തിരിച്ചുവന്നു. 25-17 എന്ന സ്‌ക്കോറിനായിരുന്നു ഇന്ത്യന്‍ ജയം. മൂന്നാം സെറ്റില്‍ തുടക്കത്തില്‍ പോരാട്ടം ഒപ്പത്തിനൊപ്പമായിരുന്നു. പക്ഷേ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇന്ത്യക്ക് പിഴച്ചു. ആറ് തവണയാണ് സര്‍വീസില്‍ പിഴവ് വന്നത്. ഇതോടെ ബ്രസീല്‍ 25-19 ല്‍ സെറ്റ് കരസ്ഥമാക്കി. അടുത്ത സെറ്റും നേടി ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കാന്‍ ബ്രസീലുകാര്‍ തുടക്കത്തില്‍ തന്നെ ആക്രമണം ശക്തമാക്കി. പക്ഷേ നവീന്‍ പായിച്ച കൂറ്റന്‍ സ്‌മാഷില്‍ മല്‍സരത്തിലേക്ക് തിരിച്ചുവന്ന ഇന്ത്യ 25-23 ല്‍ സെറ്റ് സ്വന്തമാക്കി. ഇതോടെ അവസാന സെറ്റ് നിര്‍ണ്ണായകമായി. പക്ഷേ ഈ ഘട്ടത്തില്‍ തളര്‍ന്ന ഇന്ത്യന്‍ താരങ്ങളെ ബ്രസീലുകാര്‍ അനുഭവസമ്പത്തില്‍ പിറകിലാക്കി. നാട്ട
ുകാരായ അര്‍ജന്റീനയാണ് ഫൈനലില്‍ ബ്രസീലിന്റെ എതിരാളികള്‍.
സാനിയ ക്വാര്‍ട്ടറില്‍
വാന്‍ക്കൂവര്‍: വാന്‍ക്കൂവര്‍ ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഒന്നാം സീഡായ സാനിയ ഇന്നലെ നടന്ന മല്‍സരത്തില്‍ അമേരിക്കയില്‍ നിന്നുളള വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലൗ ഗ്രാന്‍വില്ലയെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 6-2,7-5
No comments:
Post a Comment