Friday, August 28, 2009

FINAL INDIA

ഇന്ത്യ ഫൈനലില്‍
ന്യൂഡല്‍ഹി: നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ സിറിയയും ഏറ്റുമുട്ടും. ഇന്നലെ നടന്ന ഗ്രൂപ്പ്‌ പോരാട്ടത്തില്‍ കിര്‍ഗിസ്ഥാന്‍ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെയാണ്‌ ഇന്ത്യ ഫൈനല്‍ ഉറപ്പാക്കിയത്‌. സിറിയ നേരത്തെ തന്നെ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഇന്നലെ നടന്ന മല്‍സര ഫലത്തോടെ ഇന്ന്‌ നടക്കുന്ന ഇന്ത്യ-സിറിയ അവസാന ഗ്രൂപ്പ്‌ മല്‍സരത്തിന്‌ പ്രസക്തിയില്ലാതായി. ചാമ്പ്യന്‍ഷിപ്പ്‌ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ ഒമ്പത്‌ പോയന്റുമായി സിറിയയാണ്‌ ഒന്നാമത്‌. മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ ആറ്‌ പോയന്റുമായി ഇന്ത്യ രണ്ടാമത്‌ വന്നപ്പോള്‍ ലെബനോണ്‍, ശ്രീലങ്ക, കിര്‍ഗിസ്ഥാന്‍ എന്നിവര്‍ നാല്‌ പോയന്റുമായി മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. മൂന്ന്‌ ടീമുകളും പുറത്താവുകയും ചെയ്‌തു. 31 നാണ്‌ ഫൈനല്‍ മല്‍സരം. ആദ്യ മല്‍സരത്തില്‍ വന്‍ പ്രതീക്ഷ നല്‍കിയ ലങ്ക തുടര്‍
ച്ചയായ മൂന്നാം മല്‍സരത്തിലും ഇല്ലാതായപ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ വിജയമാണ്‌ കിര്‍ഗിസ്ഥാന്‍ സ്വന്തമാക്കിയത്‌.
കരുത്തരായ ലെബനോണെ 4-3ന്‌ തോല്‍പ്പിച്ച്‌ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയവരാണ്‌ ലങ്ക. അവരുടെ മുന്‍നിരക്കാരന്‍ മുഹമ്മദ്‌ ഇസാദാന്‍ ചാമ്പ്യന്‍ഷിപ്പിലെ ഏക ഹാട്രിക്കിനും ഉടമയായിരുന്നു. പക്ഷേ രണ്ടാം മല്‍സരത്തില്‍ സിറിയയോട്‌ നാല്‌ ഗോളുകളാണ്‌ ലങ്ക വാങ്ങിയത്‌. മൂന്നാം മല്‍സരത്തില്‍ ഇന്ത്യയോടും തകര്‍ന്നു. ഇന്നലെ കിര്‍ഗിസ്ഥാനെ തോല്‍പ്പിച്ചാല്‍ നേരിയ സാധ്യത അവര്‍ക്കുണ്ടായിരുന്നു. പക്ഷേ പ്രതിരോധം തകര്‍ന്നപ്പോള്‍ ആ പ്രതീക്ഷയും വെറുതെയായി. കിര്‍ഗിസ്ഥാനാവട്ടെ ആദ്യ വിജയവുമായി മടങ്ങുകയാണ്‌.
ലങ്കന്‍ പ്രതിരോധത്തിലെ വീഴ്‌ച്ചകള്‍ ഒരിക്കല്‍കൂടി പരസ്യമാവുന്നതായി ഇന്നലത്തെ അവരുടെ പ്രകടനം. മുപ്പത്തിനാലാം മിനുട്ടില്‍ തന്നെ ലങ്കന്‍ പ്രതിരോധത്തിന്റെ ഓഫ്‌ സൈഡ്‌ കടമ്പ അനായാസം മറികടന്ന്‌ ആന്റണ്‍ സെമില്‍നുഹിന്‍ നിറയൊഴിച്ചു. ലങ്കന്‍ പ്രതിരോധനിരക്കാര്‍ കരുതിയത്‌ സെമില്‍ നുഹിന്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ്‌. എന്നാല്‍ വാദിം ഹാര്‍ചെക്‌ നല്‍കിയ ക്രോസ്‌ സ്വീകരിച്ച്‌ യുവതാരം മനോഹരമായ ഗോള്‍ നേടി. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു കിര്‍ഗുകാരുടെ രണ്ടാം ഗോള്‍. ലദാര്‍ അമിറോവാണ്‌ ഇത്തവണ ലങ്കക്കാരെ ഞെട്ടിച്ചത്‌. ലങ്കയുടെ ഒരാക്രമണത്തിന്‌ ശേഷം പന്തുമായി കുതിച്ചു കയറിയ അമിറോവ്‌ ഓട്ടത്തില്‍ മൂന്ന്‌ പേരെയും ഗോള്‍കീപ്പറെയും പിറകിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലങ്കന്‍ പ്ലേ മേക്കര്‍ ചതുര മതുരംഗ ഒരു ഗോള്‍ മടക്കി. മുഹമ്മദ്‌ ഇസാദാനിയിരുന്നു ഗോളിന്‌ വഴിയൊരുക്കിയത്‌. പെനാല്‍ട്ടി ബോക്‌സില്‍ വരെ കയറിയ അദ്ദേഹം നല്‍കിയ ക്രോസ്‌ ചതുരതുംഗെ വലയിലാക്കി. കിര്‍ഗ്‌ നിരയിലെ പത്താം നമ്പറുകാരന്‍ മിര്‍ലാന്‍ മുസേവ്‌ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി തന്റെ സാന്നിദ്ധ്യം തെളിയിച്ചപ്പോള്‍ കിര്‍ഗുകാരുടെ മൂന്നാം ഗോള്‍ പിറന്നു. അറുപത്തിഞ്ചാം മിനുട്ടിലായിരുന്നു ഈ ഗോള്‍. എഴുപതാം മിനുട്ടില്‍ റുസ്‌ദം ഉസനേവ്‌ നാലാം ഗോളും മല്‍സരവും സ്വന്തമാക്കിയപ്പോള്‍ ലങ്കക്കാര്‍ക്ക്‌ തലകുനിക്കാനായിരുന്നു വിധി.

ലങ്ക വിജയം ഉറപ്പാക്കുന്നു
കൊളംബോ: രണ്ടാം ടെസ്‌റ്റിലും ശ്രീലങ്ക വിജയം ഉറപ്പാക്കുന്നു. മല്‍സരം മൂന്നാം ദിവസം പിന്നിടുമ്പോള്‍ 339 റണ്‍സിന്റെ തകര്‍പ്പന്‍ ലീഡിലാണ്‌ കുമാര്‍ സങ്കക്കാരയും സംഘവും. ഒന്നാം ഇന്നിംഗ്‌സില്‍ 416 റണ്‍സ്‌ സ്വന്തമാക്കിയ ശേഷം സന്ദര്‍ശകരെ 234 റണ്‍സില്‍ എറിഞ്ഞിട്ട ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ രണ്ട്‌ വിക്കറ്റിന്‌ 157 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. 64 റണ്‍സുമായി ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാരയും 23 റണ്‍സുമായി മുന്‍ ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനയുമാണ്‌ ക്രീസില്‍. ഓപ്പണര്‍മാരായ പുരണവിതാന, കഴിഞ്ഞ ടെസ്റ്റിലെ ഹീറോ തിലകരത്‌നെ ദില്‍ഷാന്‍ എന്നിവരാണ്‌ പുറത്തായത്‌. ഇന്നലെ കൊളംബോയില്‍ വൈകീട്ട്‌ പെയ്‌ത തകര്‍പ്പന്‍ മഴയില്‍ 4-10 ന്‌ ശേഷം മല്‍സരം മുടങ്ങിയിരുന്നു. രണ്ട്‌ ദിവസം പൂര്‍ണ്ണമായും ബാക്കി നില്‍ക്കെ ഇപ്പോള്‍ തന്നെ 339 റണ്‍സിന്റെ ലീഡുള്ള ലങ്ക ഇന്ന്‌ വേഗം ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌ത്‌ മല്‍സരവും പരമ്പരയും സ്വന്തമാക്കാന്‍ രംഗത്തിറങ്ങും.
രങ്കാന്‍ ഹെറാത്ത്‌, മുത്തയ്യ മുരളീധരന്‍ എന്നീ സ്‌പിന്നര്‍മാരാണ്‌ ഇന്നലെയും കിവി ബാറ്റിംഗ്‌ നിരക്ക്‌ മുന്നില്‍ വില്ലന്മാരായത്‌. 81 റണ്‍സ്‌ നേടിയ റോസ്‌ ടെയ്‌ലറുടെ സംഭാവനയും ഇല്ലായിരുന്നെങ്കില്‍ കിവിക്കാര്‍ തരിപ്പണമാവുമായിരുന്നു. മല്‍സരത്തിന്റെ രണ്ടാം ദിവസത്തില്‍ തന്നെ അഞ്ച്‌ മുന്‍നിര വിക്കറ്റുകള്‍ കിവിക്കാര്‍ക്ക്‌ നഷ്‌ടമായിരുന്നു. അവിടെ നിന്നും ടീമിനെ കരകയറ്റിയത്‌ ടെയ്‌ലറായിരുന്നു. പക്ഷേ വാലറ്റത്തിന്റെ പോരായ്‌മകള്‍ തുറന്നുകാട്ടാന്‍ മുരളിക്കും ഹെറാത്തിനുമായി. 71 റണ്‍സിന്‌ മുരളി മൂന്ന്‌ വിക്കറ്റ്‌ നേടിയപ്പോള്‍ 70 റണ്‍സിനായിരുന്നു ഹെറാത്ത്‌ മൂന്ന്‌ ഇരകളെ കണ്ടെത്തിയത്‌.
തുടര്‍ന്ന്‌ ബാറ്റേന്തിയ ലങ്കക്കായി ദില്‍ഷാന്‍ പതിവ്‌ പോലുളള മിന്നല്‍ തുടക്കമാണ്‌ നല്‍കിയത്‌. ഏകദിന ശൈലിയില്‍ 34 റണ്‍സാണ്‌ അദ്ദേഹം നേടിയത്‌. മറ്റൊരു കൂറ്റനടിക്കുള്ള ശ്രമത്തില്‍ ജീതന്‍ പട്ടേലിന്‌ ദില്‍ഷാന്‍ ക്യാച്ച്‌ നല്‍കിയപ്പോള്‍ പുരണവിതാന നിര്‍ഭാഗ്യവാനായിരുന്നു. പരമ്പരയില്‍ ഇതാദ്യമായി അല്‍പ്പം ഭേദപ്പെട്ട പ്രകടനം നടത്തിവരവെ അമ്പയര്‍ ഡാരല്‍ ഹാര്‍പ്പറുടെ തെറ്റായ തീരുമാനം വിനയായി. ലെഗ്‌ സൈഡില്‍ സ്വീപ്പ്‌ ഷോട്ടിന്‌ ശ്രമിച്ചതായിരുന്നു ബാറ്റ്‌സ്‌മാന്‍. പക്ഷേ പന്ത്‌ ബാറ്റില്‍ തട്ടിയിരുന്നില്ല. ഫീല്‍ഡറുടെ കരങ്ങളില്‍ പന്തെത്തുകയും ചെയ്‌തു. കിവി ഫീല്‍ഡര്‍മാര്‍ ഒന്നടങ്കം അപ്പീല്‍ ചെയ്‌തപ്പോള്‍ ഹാര്‍പ്പര്‍ വിരലുയര്‍ത്തി. പക്ഷേ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കി അനുഭവസമ്പന്നരായ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ദ്ധനയും ബാറ്റേന്തി. സ്‌പിന്നര്‍മാരെ തുണക്കുന്ന സാഹചര്യത്തില്‍ ഡാനിയല്‍ വെട്ടോരിയും ജിതന്‍ പട്ടേലുമാണ്‌ മാറി മാറി പന്തെറിഞ്ഞത്‌. പക്ഷേ സങ്കയും മഹേലയും ആക്രമണത്തിന്‌ തുനിഞ്ഞില്ല. വലിയ ഷോട്ടുകള്‍ക്ക്‌ പകരം സിംഗിളുകളുമായാണ്‌ അവര്‍ സ്‌ക്കോര്‍ ബോര്‍ഡ്‌ ചലിപ്പിച്ചത്‌. രാവിലെ മുരളിക്ക്‌ ലഭിച്ച ടേണ്‍ പക്ഷേ കിവി സ്‌പിന്നര്‍മാര്‍ക്ക്‌ ലഭിച്ചിരുന്നില്ല. ജിതന്‍ പട്ടേലാണ്‌ നിരാശ കാര്യമായി നല്‍കിയത്‌.
നേരത്തെ രാവിലെ മുതല്‍ ദൃശ്യമായ കാര്‍മേഘങ്ങള്‍ കിവി ബാറ്റ്‌സ്‌മാന്മാരെ വെല്ലുവിളിച്ചു. റോസ്‌ ടെയ്‌ലറും വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കുലവുമായിരുന്നു ക്രീസില്‍. ഇരുവരും ആക്രമണത്തിനും പ്രതിരോധത്തിനും മധ്യേ എന്ത്‌ ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. ഈ ആശങ്ക ഉപയോഗപ്പെടുത്തിയാണ്‌ മുരളി കളിച്ചത്‌. ക്ലോസ്‌ ഇന്‍ ഫീല്‍ഡര്‍മാര്‍ ചുറ്റും നില്‍ക്കവെ മുരളിയും ഹെറാത്തും ബാറ്റ്‌സ്‌മാന്മാരെ വട്ടം കറക്കി. പലവട്ടം ഫീല്‍ഡര്‍മാര്‍ നല്‍കിയ ലൈഫ്‌ ഉപയോഗപ്പെടുത്താന്‍ പക്ഷേ മക്കുലത്തിന്‌ കഴിഞ്ഞില്ല. മുരളിയുടെ ദൂസ്‌രയില്‍ മഹേലക്ക്‌ ടെസ്റ്റ്‌ ക്രിക്കറ്റിലെ 150-ാമത്‌ ക്യാച്ച്‌ നല്‍കി മക്കുലം മടങ്ങിയ ശേഷം ടെയ്‌ലറെ സ്‌പോര്‍ട്ട്‌ ചെയ്യാന്‍ ആരുമില്ലാതായി. വാലറ്റക്കാരാവട്ടെ ലങ്കന്‍ സ്‌പിന്നര്‍മാരെ പൂര്‍ണ്ണമായി അനുസരിച്ചു.


നെഹ്‌റു കപ്പ്‌
ഫൈനല്‍ ഉറപ്പായ സാഹചര്യത്തില്‍ ഇത്‌ വരെ അവസരം നല്‍കാത്തവര്‍ക്ക്‌ ഇന്ത്യയും സിറിയയും ഇന്ന്‌്‌ അവസരം നല്‍കുമെന്നുറപ്പായി. സയദ്‌ റഹീം നബി, മെഹ്‌റാജുദ്ദിന്‍ വാദ്ദു, അഭിഷേക്‌ യാദവ്‌ എന്നിവര്‍ ആദ്യ ഇലവനില്‍ വരുമെന്നാണ്‌ ഹൂട്ടണ്‍ നല്‍കുന്ന സൂചന. ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയക്ക്‌ വിശ്രമം നല്‍കുമ്പോള്‍ റെനഡി സിംഗിനായിരിക്കും ക്യാപ്‌റ്റന്റെ ചുമതല,. സുനില്‍ ചേത്രി, സ്റ്റീവന്‍ ഡയസ്‌, ആന്റണി പെരേര എന്നിവരും ഇന്ന്‌ കളിച്ചേക്കില്ല. ഗോള്‍ക്കീപ്പര്‍ സുബ്രതോ പാല്‍. ഡിഫന്‍ഡര്‍മാരായ അന്‍വര്‍ അലി, ഗുര്‍മാംഗി സിംഗ്‌, ദീപക്‌ മണ്ഡല്‍ എന്നിവരിറങ്ങും. മധ്യനിരയില്‍ ക്ലൈമാക്‌സ്‌ ലോറന്‍സും എന്‍.പി പ്രദീപും ഉറപ്പാണ്‌. റിസര്‍വ്‌ താരങ്ങള്‍ക്ക്‌ ഇന്നത്തെ മല്‍സരത്തില്‍ അവസരം നല്‍കുമെന്ന്‌ സിറിയന്‍ കോച്ച്‌ ഫേസര്‍ ഇബ്രാഹീമും വ്യക്തമാക്കി.

പ്രീമിയര്‍ ലീഗില്‍ ഇന്ന്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ തകര്‍പ്പന്‍ ശനി. പ്രമുഖ ക്ലബുകളെല്ലാം ഇന്ന്‌ കളിക്കളത്തിലുണ്ട്‌. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ശക്തരായ ആഴ്‌സനലും തമ്മിലുള്ള മല്‍സരമാണ്‌ ശനിയുടെ സവിശേഷത. ഇന്ത്യന്‍ സമയം രാത്രി 9-40 നാണ്‌ മല്‍സരം. ഇ.എസ്‌.പി.എന്നില്‍ തല്‍സമയം. തപ്പിതടയുന്ന ലിവര്‍പൂള്‍ ഇന്ന്‌ എവേ മല്‍സരത്തില്‍ അട്ടിമറിക്കാരായ ബോള്‍ട്ടണുമായി കളിക്കുന്നു. ചെല്‍സി സ്വന്തം മൈതാനത്ത്‌ പുത്തന്‍ കരുത്തരായ ബേണ്‍ലിയെ നേരിടുമ്പോള്‍ ടേബിളില്‍ ഒന്നാമതുളള ടോട്ടന്‍ഹാം ബിര്‍മിംഗ്‌ഹാം സിറ്റിയെ എതിരിടന്നു. മറ്റ്‌ മല്‍സരങ്ങളില്‍ ബ്ലാക്‌ബര്‍ണ്‍ വെസ്‌റ്റ്‌ ഹാമിനെയും സ്റ്റോക്ക്‌ സിറ്റി സുതര്‍ലാന്‍ഡിനെയും വോള്‍വര്‍ ഹാംപ്‌ട്ടണ്‍ ഹള്‍ സിറ്റിയെയും നേരിടും.
സ്‌പാനിഷ്‌ ലീഗിന്‌ ഇന്ന്‌ തുടക്കം
മാഡ്രിഡ്‌: സോക്കര്‍ ലോകം കാത്തിരിക്കുന്ന സ്‌പാനിഷ്‌ ലാ ലീഗാ സോക്കറിന്‌ ഇന്ന്‌ തുടക്കം. സൂപ്പര്‍ താരങ്ങളുടെ റയല്‍ മാഡ്രിഡും സൂപ്പര്‍ ക്ലബായ ഡിപ്പോര്‍ട്ടീവോയും തമ്മിലാണ്‌ കന്നി മല്‍സരം. ഇന്ന്‌ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ റയല്‍ സരഗോസ ടെനഫറിനെ നേരിടും. നാളെ ഒമ്പത്‌ മല്‍സരങ്ങളുണ്ട്‌. അവ ഇപ്രകാരം: അല്‍മേരിയ- വല്ലഡോളിഡ്‌, അത്‌്‌ലറ്റികോ ബില്‍ബാവോ-എസ്‌പാനിയോള്‍, മലാഗ-അത്‌ലറ്റികോ മാഡ്രിഡ്‌, മയോര്‍ക്ക-സിറെസ്‌, ഒസാസുന-വില്ലാ റയല്‍, റേസിംഗ്‌ സാന്‍ഡര്‍-ഗറ്റാഫെ, വലന്‍സിയ-സെവിയെ.
റയല്‍ മാഡ്രിഡിനാണ്‌ ഇത്തവണ സ്‌പെയിനില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്‌. അവരുടെ സംഘത്തില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോ, കക്ക, കരീം ബെന്‍സാമ തുടങ്ങിയവരെല്ലാം ഈ സീസണില്‍ കളിക്കുന്നുണ്ട്‌. നിലവിലെ ചാമ്പ്യന്മാരായ ബാര്‍സിലോണയായിരിക്കും റയലിന്‌ വെല്ലുവിളി. ഇത്തവണയും ബാര്‍സയുടെ തുരുപ്പ്‌ ചീട്ട്‌ ലയണല്‍ മെസിയാണ്‌.

No comments: