Monday, August 31, 2009

GOLDEN INDIA

ജീത്തേ ഇന്ത്യാ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന്‌ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തം സമ്മനിച്ച്‌ ബൈജൂംഗ്‌ ബൂട്ടിയ നയിച്ച ടീം നെഹ്‌റു കപ്പ്‌ നിലനിര്‍ത്തി. സഡന്‍ ഡെത്തിലേക്ക്‌ ദീര്‍ഘിച്ച മല്‍സരത്തില്‍ ശക്തരായ സിറിയയെ 6-5ന്‌ പരായജപ്പെടുത്തിയാണ്‌ ഇന്ത്യ അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ ആവേശമായത്‌. നിശ്ചിത സമയത്ത്‌ ഗോള്‍ പിറന്നിരുന്നില്ല. അധികസമയത്ത്‌ റെനഡി സിംഗിന്റെ ഫ്രീകിക്ക്‌ ഗോളില്‍ ഇന്ത്യ ലീഡ്‌ നേടി. എന്നാല്‍ അവസാന സെക്കന്‍ഡില്‍ സിറിയ ഒപ്പമെത്തി. തുടര്‍ന്ന്‌ നടന്ന ഷൂട്ടൗട്ട്‌ 3-3 ല്‍ അവസാനിച്ചപ്പോഴാണ്‌ സഡന്‍ഡെത്ത്‌ വിജയിയെ നിശ്ചയിച്ചത്‌. സഡന്‍ ഡെത്തിലെ ആദ്യ ശ്രമങ്ങളില്‍ ഇരു ടീമുകളും വിജയിച്ചപ്പോള്‍ രണ്ടാമത്തെ ശ്രമത്തില്‍ സിറിയക്ക്‌ പിഴച്ചു. ഷൂട്ടൗട്ടിലും സഡന്‍ഡെത്തിലുമായി മൂന്ന്‌ മിന്നല്‍ സേവുകള്‍ നടത്തിയ ഗോള്‍ക്കീപ്പര്‍ സുബ്രതോ പാലാണ്‌ ഇന്ത്യന്‍ ഹീറോ. അദ്ദേഹം തന്നെയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയ ചാമ്പ്യന്‍ഷിപ്പിന്റെ താരമായി.
ഗ്രൂപ്പ്‌ തലത്തില്‍ ഒരു മല്‍സരവും തോല്‍ക്കാതെ എത്തിയ സിറിയയുടെ ആദ്യ തോല്‍വി തന്നെ അവര്‍ക്ക്‌ ആഘാതമായി. നിശ്ചിത സമയത്ത്‌ അപാരമായ ഫുട്‌ബോളാണ്‌ ഇന്ത്യ കാഴ്‌ച്ചവെച്ചത്‌. 2007 ല്‍ മലയാളിയായ എന്‍.പി പ്രദീപിന്റെ ഗോളിലാണ്‌ ഇന്ത്യ സിറിയയെ തോല്‍പ്പിച്ചത്‌. ഇന്നലെയും പ്രദീപ്‌ കളം നിറഞ്ഞു. ഇന്ത്യ അര്‍ഹിച്ച കിരീടമാണ്‌ സ്വന്തമാക്കിയതെന്ന്‌ കോച്ച്‌ ഡേവ്‌ ഹൂട്ടണ്‍ പറഞ്ഞു.
ഇന്ത്യ കപ്പ്‌ സ്വന്തമാക്കുന്നത്‌ കാണാന്‍ അംബേദ്‌ക്കര്‍ സ്റ്റേഡിയം നിറഞ്ഞ്‌ കവിഞ്ഞിരുന്നു. കാണികള്‍ നല്‍കിയ ആവേശത്തില്‍ ഇന്ത്യന്‍ താരങ്ങളും മൈതാനത്ത്‌ നിറഞ്ഞ്‌ നിന്നു. നിശ്ചിത സമയത്ത്‌ ഗോളുകള്‍ പിറക്കാതിരുന്നത്‌ ഇന്ത്യന്‍ നിര്‍ഭാഗ്യമായിരുന്നു. പലവട്ടം ഇന്ത്യ ഗോളിന്‌ അരികിലെത്തി. അധികസമയത്ത്‌ ബൂട്ടിയയെ ഫൗള്‍ ചെയ്‌തതിന്‌ ലഭിച്ച ഫ്രി കിക്കാണ്‌ റെനഡി സിംഗ്‌ ഗോളാക്കി മാറ്റിയത്‌. പക്ഷേ അവശേഷിക്കുന്ന അഞ്ച്‌ മിനുട്ടില്‍ പിടിച്ചുനിന്ന ഇന്ത്യ ഇഞ്ച്വറി ടൈമായ രണ്ട്‌ മിനുട്ടില്‍ പതറി. അങ്ങനെയാണ്‌ സമനില പിറന്നത്‌. ഷൂട്ടൗട്ടില്‍ ആഹ്ലാദത്തോടെ പന്തുകള്‍ എതിരിട്ട സുബ്രതോ പാല്‍ ഇന്ത്യന്‍ മനസ്സിനൊപ്പം പന്തിനെ കുത്തിയകറ്റിയ കാഴ്‌ച്ചയില്‍ ഒ.എന്‍.ജി.സി നെഹ്‌റു കപ്പ്‌ വീണ്ടും ഇന്ത്യക്ക്‌. സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗില്‍ ബൂട്ടിയക്ക്‌ കപ്പ്‌്‌ സമ്മാനിക്കുമ്പോള്‍ ചരിത്രമാണ്‌ പിറന്നത്‌. രാജ്യാന്തര ഫുട്‌ബോളില്‍ ഇന്ത്യക്ക്‌ ഹാട്രിക്‌ നേട്ടം. 2007 ല്‍ നെഹ്‌റു കപ്പ്‌, 2008 ല്‍ ഏ.എഫ്‌.സി ചാലഞ്ച്‌ കപ്പ്‌, ഇപ്പോഴിതാ 2009 ല്‍ വീണ്ടും നെഹ്‌റു കപ്പ്‌......

ഇന്ത്യ... ഇന്ത്യ... ഇന്ത്യ..ന്യൂഡല്‍ഹി: അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ കാണാനായത്‌ അല്‍ഭുതകരമായ കാഴ്‌ച്ചകളായിരുന്നു..... ഒരു സമ്പൂര്‍ണ്ണ ഇന്ത്യന്‍ ചിത്രം....! ഗ്യാലറികളില്‍ ത്രിവര്‍ണ്ണ പതാകകളുമായി ആയിരങ്ങള്‍. ചക്‌ദേ വിളികളില്‍ ഒരു ലോകകപ്പ്‌ മല്‍സരത്തിന്റെ ആരവങ്ങള്‍.
നീല കുപ്പായത്തില്‍ കളിച്ച ഇന്ത്യന്‍ താരങ്ങളുടെ കാലുകളിലേക്ക്‌ പന്ത്‌ വരുമ്പോഴെല്ലാം ഗ്യാലറി ഇളകി മറിയുകയായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയേറെ ആവേശമുയര്‍ത്തിയ ഒരു മല്‍സരം സമീപകാലത്ത്‌ നടന്നിട്ടില്ല. കാണികള്‍ നല്‍കിയ പിന്തുണയില്‍ പലപ്പോഴും അതിന്റെ ആവേശം താരങ്ങളും ആവാഹിച്ചപ്പോള്‍ സിറിയ വിറച്ചു എന്നത്‌ സത്യം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തിരമാല കണക്കെയായിരുന്നു ഇന്ത്യന്‍ ആക്രമണം. ബൂട്ടിയയും സുനില്‍ ചേത്രിയും എന്‍.പി പ്രദീപുമെല്ലാം മൈതാനം അടക്കിവാണ കാഴ്‌ച്ചക്ക്‌ സാക്ഷികളാവാന്‍ കേരളം, മണിപ്പൂര്‍, ഗോവ, സിക്കിം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം കാണികള്‍ എത്തിയിരുന്നു.
രണ്ടാം പകുതിയിലാണ്‌ ഗ്യാലറികള്‍ ശരിക്കും ലൈവ്‌ ആയത്‌. അത്രമാത്രം പ്രാബല്യത്തിലാണ്‌ ഇന്ത്യ കളിച്ചതും. ബൂട്ടിയയും ചേത്രിയും മൈതാനം അടക്കി വാഴുകയായിരുന്നു. ഇന്ത്യന്‍ ആധിപത്യത്തില്‍ വിറച്ച സിറിയന്‍ കോച്ച്‌ പലപ്പോഴും ലൈന്‍ റഫറിമാരുമായി വാക്കേറ്റത്തിന്‌ മുതിര്‍ന്നതും ഗ്യാലറികള്‍ ആഘോഷമാക്കി. അധി സമയത്തം കാണികല്‍ തളര്‍ന്നില്ല. റെനഡിയുടെ ഗോള്‍ പിറന്നപ്പോള്‍ ആഘോഷ പെരുമഴയായിരുന്നു.. സിറിയ തിരിച്ചടിച്ചിട്ടും കാണികള്‍ പതറിയില്ല. ഷൂട്ടൗട്ടില്‍ സുബ്രതോ പാലിനൊപ്പമായിരുന്നു ഗ്യാലറികള്‍... ചക്‌ദേ ഇന്ത്യ....
ഫുട്‌ബോള്‍
ന്യൂഡല്‍ഹി: ഇത്‌ ചരിത്രമാണ്‌..... നിറമുള്ള ചരിത്രം..... നമ്മുടെ ഫുട്‌ബോളിലെ വലിയ ചരിത്രം. നെഹ്‌റു കപ്പ്‌ നിലനിര്‍ത്തിയതിലും വലിയ നേട്ടം ടീം തളരാതെ പോരാടിയതിലാണ്‌. സിറിയയെ വെള്ളം കുടിപ്പിച്ച പ്രകടനത്തിന്‌ ചുക്കാന്‍ പിടിച്ച ഗോള്‍ക്കീപ്പര്‍ സുബ്രതോ പാല്‍ മുതല്‍ എല്ലാവരും കൈമെയ്‌ മറന്ന്‌ നടത്തിയ പ്രകടനത്തില്‍ ലഭിച്ച ഈ കപ്പിന്‌ പത്തരമാറ്റ്‌ തിളക്കമുണ്ട്‌.
ഗ്രൂപ്പ്‌ തലത്തില്‍ ഒരു ഗോളിന്റെ പരാജയം രുചിച്ച ഇന്ത്യയായിരുന്നില്ല ഇന്നലെ അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയത്‌. ജയിക്കാന്‍ തന്നെയുറച്ച കുട്ടികളായി, മൂന്നാം വര്‍ഷത്തിലും ഒരു രാജ്യാന്തര കിരീടം നേടാനുള്ള വ്യക്തമായ ലക്ഷ്യത്തില്‍, ആക്രമണത്തിന്റെ അതിവ്യക്തമായ സൂത്രവാക്യങ്ങളുമായാണ്‌ ട
ീം ഇറങ്ങിയത്‌. 2007 ല്‍ നെഹ്‌റു കപ്പും 2008 ല്‍ ഏ.എഫ്‌.സി ചാലഞ്ച്‌ കപ്പും ഇന്ത്യ സ്വന്തമാക്കിയിരുന്നു. നിറഞ്ഞ ഗ്യാലറികള്‍ ആഗ്രഹിച്ചത്‌ പോലെ ഇന്ത്യന്‍ സംഘത്തിന്റെ മുന്‍നിരയില്‍ ബൂട്ടിയയും ചേത്രിയും. മധ്യ നിരയില്‍ പ്രദീപും സ്റ്റീവന്‍ ഡയസും ക്ലൈമാക്‌സും ആന്റണി പെരേരയും പിന്‍നിരയില്‍ മഹേഷ്‌ ഗാവ്‌ലിയും അന്‍വര്‍ അലിയും സുര്‍കുമാര്‍ സിംഗും ഗുര്‍മാംഗി സിംഗും. ഗോള്‍വലയം കാക്കാന്‍ സുബ്രതോ പാല്‍. ആര്‍ക്കും പരുക്കുകളുണ്ടായിരുന്നില്ല. ഏറ്റവും മികച്ച ഇലവനെ തന്നെ രംഗത്തിറക്കാന്‍ കഴിഞ്ഞതിന്റെ കരുത്തില്‍ ഡേവ്‌ ഹൂട്ടണ്‍ തുടക്കം മുതല്‍ നിര്‍ദ്ദേശങ്ങളുമായി സജീവമായിരുന്നു.
രണ്ടാം മിനുട്ടില്‍ തന്നെ ബൂട്ടിയ ഗ്യാലറികളെ കൈയ്യിലെടുത്തു. ആന്റണി പെരേര സിറിയന്‍ ഡിഫന്‍സില്‍ നിന്നും റാഞ്ചിയെടുത്ത പന്ത്‌ കൃത്യമായി ലഭിച്ചത്‌ നായകന്‌. ഒറ്റക്കുതിപ്പില്‍ ബൂട്ടിയ സിറിയന്‍ ബോക്‌സില്‍. പക്ഷേ ഷോട്ട്‌ സിറിയന്‍ ഗോള്‍ക്കീപ്പര്‍ രക്ഷപ്പെടുത്തി. മറുഭാഗത്ത്‌ മല്‍സരത്തിലെ ആദ്യ കോര്‍ണര്‍ കിക്കുമായി സിറിയ സമ്മര്‍ദ്ദം ചെലുത്തി. പന്ത്‌ തല കൊണ്ട്‌ ചെത്തിയിടാന്‍ നാല്‌ സിറിയക്കാര്‍ ഇന്ത്യന്‍ ബോക്‌സില്‍. പക്ഷേ പ്രദീപ്‌ ഉയര്‍ന്നു പൊങ്ങി പന്ത്‌ അടിച്ചകറ്റി. നാലാം മിനുട്ടില്‍ ഇന്ത്യയുടെ മനോഹരമായ മുന്നേറ്റം കണ്ടു. സുബ്രതോ പാല്‍ അടിച്ചുനല്‍കിയ പന്ത്‌ സുര്‍കുമാര്‍ സിംഗിന്‌. അവിടെ നിന്നും പ്രദീപിലേക്ക്‌. പ്രദീപ്‌ വലത്‌ വിംഗിലുടെ കുതിച്ചുകയറി ആന്റണിക്ക്‌ പന്ത്‌ നല്‍കി. സുന്ദരമായ ക്രോസാണ്‌ ആന്റണി ബൂട്ടിയക്ക്‌ നല്‍കിയത്‌. പക്ഷേ ബൂട്ടിയയുടെ ഷോട്ട്‌ ദുര്‍ബലമായിരുന്നു.
ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ സൂപ്പര്‍താരം സ്‌റ്റീവന്‍ ഡയസും സുര്‍കുമാറും സിറിയന്‍ ബോക്‌സിലേക്ക്‌ ശരവേഗതയില്‍ വന്നത്‌ ഒമ്പതാം മിനുട്ടില്‍. അവിടെയും ഫിനിഷിംഗില്‍ പിഴച്ചു. പന്ത്രണ്ടാം മിനുട്ടില്‍ സിറിയക്കാര്‍ ഗോളിന്‌ അരികിലെത്തി. ബാക്രി തറാബിന്റെ ലോംഗ്‌ ക്രോസ്‌ വലത്‌ വിംഗില്‍ സ്വീകരിച്ച കലിനൂയി തകര്‍പ്പന്‍ ഷോട്ടിലുടെ വല ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനേക്കാള്‍ മികവില്‍ സുബ്രതോ പാല്‍ പന്ത്‌ കുത്തിയകറ്റി. പതിനെട്ടാം മിനുട്ടില്‍ രണ്ട്‌ സിറിയന്‍ ഡിഫന്‍ഡര്‍മാരെ അനായാസം മറികടന്ന്‌ ബൂട്ടിയ പൊനാല്‍ട്ടി ബോക്‌സില്‍ കയറി. അദ്ദേഹത്തിന്റെ ക്രോസിനൊപ്പമെത്താന്‍ ചേത്രിക്ക്‌ കഴിഞ്ഞില്ല. സിറിയന്‍ മുന്‍നിരയിലെ അപകടകാരിയായ അബ്ദുള്‍ ഫത്താഗ അലയെ നിയന്ത്രിക്കുന്നതില്‍ അന്‍വര്‍ അലി വിജയിച്ചപ്പോല്‍ സിറിയക്കാരുടെ ആക്രണത്തിന്റെ വേഗത കുറഞ്ഞിരുന്നു. ഇരുപത്തിയെട്ടാം മിനുട്ടില്‍ ഇന്ത്യന്‍ നായകന്‍ ബുക്ക്‌ ചെയ്യപ്പെട്ടു. സ്റ്റീവന്‍ ഡയസും ആന്റണി പെരേരയും സമ്മര്‍ദം ചെലുത്തിയ ഘട്ടങ്ങളില്‍ പന്ത്‌ സിറിയന്‍ ഹാഫില്‍ വട്ടമിട്ട്‌ നില്‍ക്കുകയായിരുന്നു. ഇന്ത്യ ചിത്രത്തില്‍ നിറയവെ കാണികളുടെ ആരവത്തിനും ശക്തി വര്‍ദ്ധിച്ചു. മുപ്പത്തിയാറാം മിനുട്ടില്‍ സിറിയന്‍ പെനാല്‍ട്ടി ബോക്‌സില്‍ ഒരു ഡിഫന്‍ഡര്‍ മാത്രം നില്‍ക്കവെ സ്റ്റീവന്‍ ഡയസിന്റെ ലോംഗ്‌ റേഞ്ചര്‍ പിഴച്ചു.
ഇന്ത്യയില്‍ നിന്ന്‌ ഇത്ര വാശിയുള്ള പ്രകടനം സിറിയ പോലും പ്രതീക്ഷിച്ചിരുന്നില്ല. ആവേശത്തിന്റെ 47 മിനുട്ട്‌ സമ്മാനിച്ചാണ്‌ ഇന്ത്യന്‍ ടീം ഇടവേളക്ക്‌ പിരിഞ്ഞത്‌.
രണ്ടാം പകുതിയില്‍ ഇന്ത്യ അപകടകരമായി മൈതാനത്ത്‌ നിറയുന്ന കാഴ്‌ച്ചയാണ്‌ കണ്ടത്‌. ഏത്‌ നിമിഷവും ഇന്ത്യ ഗോള്‍ സ്‌ക്കോര്‍ ചെയ്യുമെന്ന്‌ തോന്നി. തുടക്കത്തില്‍ തന്നെ ചേത്രിയുടെ മനോഹരമായ നീക്കത്തില്‍ ഇന്ത്യക്ക്‌ ഫ്രീകിക്ക്‌. സ്‌റ്റീവന്‍ ഡയസാണ്‌ സിറിയന്‍ പെനാല്‍ട്ടി ബോക്‌സിന്‌ തൊട്ട്‌ മുന്നില്‍ നിന്നും കിക്ക്‌ പായിച്ചത്‌. പ്രതിരോധ മതില്‍ തകര്‍ത്ത പന്ത്‌ പക്ഷേ ഗോള്‍ക്കീപ്പര്‍ കുത്തിയകറ്റി. അടുത്ത മിനുട്ടില്‍ ബൂട്ടിയയുടെ ഊഴം. ഇന്ത്യന്‍ നായകന്‍ ഒറ്റയോട്ടത്തില്‍ മറികടന്നത്‌ മൂന്ന്‌ ഡിഫന്‍ഡര്‍മാരെ. പന്ത്‌ പ്രദീപിന്‌. പ്രദീപില്‍ നിന്നും ചേത്രിക്ക്‌. പക്ഷേ ഓഫ്‌ സൈഡ്‌ കൊടി ഉയര്‍ന്നു. വിട്ടുകൊടുക്കാന്‍ ഭാവമില്ലാതെ സിറിയക്കാര്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇന്ത്യന്‍ ബോക്‌സില്‍ പന്ത്‌ എത്തിയെങ്കിലും സൂബ്രതോ അസാധ്യ ഫോമിലായിരുന്നു. ഒടുവില്‍ ലോംഗ്‌ വിസില്‍ വരെ പടര്‍ന്ന ആവേശം അധിക സമയത്തിലെത്തി. ഇവിടെയായിരുന്നു ഇന്ത്യ മനോഹരമായ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ബൂട്ടിയയെ ഫൗള്‍ ചെയ്‌തതിന്‌ അനുവദിക്കപ്പെട്ട ഫ്രീകിക്ക്‌ എടുത്തത്‌ റെനഡി സിംഗ്‌. സുന്ദരമായ കിക്ക്‌ പോസ്‌റ്റിന്റെ വലത്‌ മൂലയില്‍. ഗ്യാലറികള്‍ പൊട്ടിത്തെറിച്ചു. ആഘോഷപൊടിപൂരം....
മല്‍സരം അവസാനിക്കാന്‍ അപ്പോള്‍ അഞ്ച്‌ മിനുട്ട്‌ മാത്രം. സിറിയക്കാര്‍ ആകെ പരിഭ്രാന്തിയിലായിരുന്നു. എന്ത്‌ ചെയ്യണമെന്നറിയാത്ത നിമിഷങ്ങളില്‍ അവരുടെ വന്യമായ ആക്രമണങ്ങള്‍. ഒന്നും ഫലം ചെയ്‌തില്ല. അധികസമയമായി രണ്ട്‌ മിനുട്ട്‌. ഇന്ത്യ പൊട്ടിത്തെറിക്കാന്‍ നില്‍ക്കുകയായിരുന്നു. സെക്കന്‍ഡുകള്‍ ബാക്കി.... അവസാന നീക്കവുമായി അബ്ദുള്‍ ഫത്താഹ്‌. അദ്ദേഹത്തിന്റെ ക്രോസ്‌ ഹാല്‍ മുഹമ്മദിന്‌. ഹെഡ്ഡര്‍ വലയില്‍..... ഇന്ത്യന്‍ ഡിഫന്‍ഡര്‍മാര്‍ ഒരുക്കിയ ഓഫ്‌ സൈഡ്‌ കെണിയില്‍ നിന്നുമാണ്‌ മുഹമ്മദ്‌ കുതറിയത്‌. ലോംഗ്‌ വിസില്‍.... പെനാല്‍ട്ടി ഷൂട്ടൗട്ട്‌.
സ്റ്റേഡിയം നിശബ്ദതയില്‍. ആദ്യ കിക്ക ക്ലൈമാക്‌സ്‌ ലോറന്‍സിന്റേത്‌. ഗോള്‍... സിറിയക്കായി കല്‍നൂയി-അതും ഗോള്‍ 1-1.
ഇന്ത്യയുടെ രണ്ടാം കിക്ക്‌ പായിച്ചത്‌ റെനഡി സിംഗ്‌. പക്ഷേ കിക്ക്‌ പോസ്‌റ്റില്‍ തട്ടി പുറത്ത്‌. അധികസമയത്തെ ഹീറോ ഷൂട്ടൗട്ടില്‍ വില്ലന്‍. സിറിയയുടെ കിക്കെടുത്ത ബിലാലിന്‌ പക്ഷേ പിഴച്ചു. സ്‌ക്കോര്‍ 1-1 ല്‍ തന്നെ. ഇന്ത്യക്കായി മൂന്നാം കിക്ക്‌ പായിച്ചത്‌ ചേത്രി-ഗോള്‍... ഇന്ത്യക്ക്‌ ലീഡ്‌ 2-1. സിറിയക്കായി ഹാല്‍ മുഹമ്മദ്‌. ഷോട്ട്‌ സുബ്രതോ പാല്‍ കുത്തിയകറ്റി. ഇന്ത്യക്ക്‌ നേട്ടം. ഇന്ത്യയുടെ നാലാം കിക്ക്‌. സ്റ്റീവന്‍ ഡയസിന്‌ പിഴച്ചില്ല. സിറിയക്കായി ഗോള്‍ക്കീപ്പര്‍ ബുസ്‌തം തന്നെ. അത്‌ ഗോള്‍. ഇന്ത്യയുടെ അവസാന കിക്കെടുക്കുന്നത്‌ മെഹ്‌റാജു്‌ദീന്‍ വാദ്ദു. ഗോളായാല്‍ ഇന്ത്യക്ക്‌ കപ്പ്‌. പക്ഷേ വാദ്ദു പന്തടിച്ചത്‌ ഗോള്‍ക്കീപ്പറുടെ കൈകളിലേക്ക്‌. വീണ്ടും ടെന്‍ഷന്‍... സിറിയക്കായി അബ്ദുള്‍ റസാക്ക്‌ ഗോള്‍ നേടിയപ്പോള്‍ ഷൂട്ടൗട്ട്‌്‌ 3-3 ല്‍. പിന്നെ സഡന്‍ഡെത്ത്‌്‌.
ഇന്ത്യക്കായി അന്‍വര്‍ അലി-സുന്ദരമായ പ്ലേസിംഗ്‌ ഷോട്ട്‌-ഗോള്‍. അബ്ദുള്‍ അലി സിറിയയെ ഒപ്പമെത്തിച്ചു. 1-1. ഇന്ത്യക്കായി സുര്‍കുമാര്‍ സിംഗ്‌-സുന്ദരമായ മറ്റൊരു ഗോള്‍. സിറിയക്കായി ഹംസ അല്‍ അത്താനി. എന്തിനും തയ്യാറായി സുബ്രതോ പാല്‍.... അത്താനിയുടെ ഹൈ കിക്ക്‌ വാനിലുയര്‍ന്ന്‌ സുബ്രതോ കുത്തയകറ്റി..... കപ്പ്‌്‌ ഇന്ത്യക്ക്‌....! 120 മിനുട്ടും പിന്നെ ഇരുപത്‌ മിനുട്ടും...... മാരത്തോണ്‍ ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇന്ത്യ പതറിയില്ല. 6-5 ന്‍രെ വിസ്‌മയവിജയം.... സുബ്രതോ മാന്‍ ഓഫ്‌ ദ മാച്ച്‌. ബൂട്ടിയ മാന്‍ ഓഫ്‌ ദ ചാമ്പ്യന്‍ഷിപ്പ്‌.....

അഞ്ച്‌ വര്‍ഷം
ലണ്ടന്‍: ജോണ്‍ ടെറിയെ തേടി അടുത്ത അഞ്ച്‌ വര്‍ഷത്തേക്ക്‌ ആരും വരേണ്ട...! അദ്ദേഹം ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ തന്നെയായിരിക്കും ഈ കാലയളവില്‍. ഇന്നലെ അദ്ദേഹം ചെല്‍സിയുമായി അഞ്ച്‌ വര്‍ഷത്തെ പുതിയ കരാറില്‍ ഒപ്പിട്ടു. ഈ സീസണില്‍ ടെറിയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി കോടികള്‍ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റിലേക്ക്‌ നല്‍കിയിരുന്നു. എന്ത്‌ വില കൊടുത്തും ടെറിയെ സ്വന്തമാക്കാന്‍ സിറ്റിയുടെ അറേബ്യന്‍ മുതലാളിമാര്‍ രംഗത്ത്‌ വന്നെങ്കിലും നായകനെ കൈമാറാന്‍ ചെല്‍സി ഒരുക്കമായിരുന്നില്ല. സ്‌റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജിലെ തന്റെ ആസ്ഥാനത്ത്‌ കളിച്ച്‌ വിരമിക്കാന്‍ തന്നെയാണത്രെ ടെറിയുടെ തീരുമാനം. പ്രീമിയര്‍ ലീഗ്‌ പിടിക്കാനായി ഇത്തവണ കൂടുതല്‍ പണമിറക്കിയവര്‍ സിറ്റിയായിരുന്നു. ഇമാനുവല്‍ അബിദേയര്‍, കാര്‍ലോസ്‌ ടെവസ്‌, റോക്കി സാന്താക്രൂസ്‌, ജറാത്ത്‌ ബാറ്റി എന്നിവരെയെല്ലാം സിറ്റി സ്വന്തമാക്കിയിരുന്നു. ടെറിക്ക്‌ അദ്ദേഹം പറയുന്ന തുക പോലും വാഗ്‌ദാനം ചെയ്യപ്പെട്ടു. മുഖ്യ ഡിഫന്‍ഡറായി ടെറിയെ നോട്ടമിട്ട ശേഷമാണ്‌ സിറ്റി ആഴ്‌സനലില്‍ നിന്ന്‌ കാലോ ടൂറെയെ വാങ്ങിയത്‌. ടെറിയുമായി പുതിയ കരാര്‍ ഒപ്പിട്ട ശേഷം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ഒരു ഘട്ടത്തിലും ക്യാപ്‌റ്റനെ കൈമാറാന്‍ ടീം ആലോചിച്ചിരുന്നില്ലെന്ന്‌ കോച്ച്‌ കാര്‍ലോസ്‌ അന്‍സലോട്ടി പറഞ്ഞു. പതിനാലാം വയസ്സ്‌ മുതല്‍ ടെറി ചെല്‍സിയുടെ ഭാഗമാണ്‌. രണ്ട്‌ തവണ അദ്ദേഹം ടീമിന്‌ പ്രീമിയര്‍ ലീഗ്‌ കിരീടം സമ്മാനിച്ചു. നാല്‌ തവണ എഫ്‌.എ കപ്പ്‌ നേടികൊടുത്തു. ലീഗ്‌ കപ്പ്‌ മൂന്ന്‌ തവണയും കപ്പ വിന്നേഴ്‌സ്‌ കപ്പ്‌ ഒരു തവണയും സ്വന്തമാക്കിയ ടീമില്‍ ടെറിയുടെ വിളിപ്പേര്‌ മിസ്റ്റര്‍ ചെല്‍സി എന്നായിരുന്നു. 2008 ല്‍ ചെല്‍സി ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനല്‍ കളിച്ചപ്പോള്‍ നായകനായിരുന്നു ടെറിക്ക്‌ അന്ന്‌ നിര്‍ണ്ണായക ഘട്ടത്തില്‍ പെനാല്‍ട്ടി നഷ്ടമായിരുന്നു. മോസ്‌ക്കോയില്‍ നടന്ന ഫൈനല്‍ 1-1 ലായിരുന്നു. ഷൂട്ടൗട്ടലാണ്‌ മാഞ്ചസ്റ്റര്‍ ജയിച്ചത്‌. ഇതിനകം ചെല്‍സിക്കായി 276 മല്‍സരങ്ങള്‍ കളിച്ച താരം 17 ഗോളുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. 2003 ലാണ്‌ അദ്ദേഹം രാജ്യാന്തര രംഗത്ത്‌ ഇംഗ്ലണ്ടിനായി അരങ്ങേറിയത്‌. 54 മല്‍സരങ്ങളാണ്‌ ഇത്‌ വരെ കളിച്ചത്‌.

No comments: