Friday, August 21, 2009
WHAT A BOLT.......!
19.19....!
ബെര്‍ലിന്‍: ഒളിംപിക് സ്‌റ്റേഡിയത്തിലെ ടൈം ബോര്‍ഡില്‍ തെളിഞ്ഞ സമയം 19.19 സെക്കന്‍ഡ്...! 200 മീറ്റര്‍ പിന്നിട്ടത് ഈ സമയത്തിലോ...? ആശ്ചര്യം തൂകിയവര്‍ക്ക് മുന്നില്‍ അതാ ഉസൈന്‍ ബോള്‍ട്ട് എന്ന വിസ്‌മയം........
അതെ ഇത് ബോള്‍ട്ട് വാഴും കാലമാണ്....! 9.58 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്‌ത് ലോകത്തെ നടുക്കിയ അതേ ബോള്‍ട്ട് തന്നെയാണിന്നലെ ഒളിംപിക് സ്‌റ്റേഡിയത്തെ വീണ്ടും ഞെട്ടിച്ചത്. 19.19 സെക്കന്‍ഡില്‍ അദ്ദേഹം 200 മീറ്ററും ഫിനിഷ് ചെയ്‌തപ്പോള്‍ എതിരാളികള്‍ പോലും തലകുലക്കി സമ്മതിക്കുന്നു-ഇവന്‍ ചില്ലറക്കാരനല്ല.
അവിശ്വസനീയ പ്രകടനമാണ് ബോള്‍ട്ട് നടത്തുന്നത്. സമീപകാലത്തായി നാല് മേജര്‍ ഫൈനലുകള്‍-നാലിലും ലോക റെക്കോര്‍ഡും സ്വര്‍ണ്ണവും. ബെയ്‌ജിംഗ് ഒളിംപിക്‌സില്‍ എല്ലാവരും കാത്തുനിന്ന ദിവസത്തില്‍ ബോള്‍ട്ടിലെ സൂപ്പര്‍താരം 100 മീറ്റര്‍ ഫിനിഷ് ചെയ്‌തത് 9.69 സെക്കന്‍ഡില്‍. പക്ഷിക്കൂട്ടില്‍ തിങ്ങിനിറഞ്ഞ കാണികള്‍ വിസ്‌മയത്തില്‍ തലയില്‍ കൈ വെച്ചപ്പോള്‍ ട്രാക്കില്‍ ആനന്ദനൃത്തം ചവിട്ടുകയായിരുന്നു സൂപ്പര്‍ താരം. ഒരു ദിവസം കഴിഞ്ഞ് അതേ സ്‌റ്റേഡിയത്തില്‍ 200 മീറ്റര്‍ നടന്നപ്പോഴും ബോള്‍ട്ട് വിസ്‌മയമായി. 19.30 സെക്കന്‍ഡിലാണ് അദ്ദേഹം കൊടുങ്കാറ്റായി മാറിയത്. ഇപ്പോഴിതാ ഇവിടെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ വേദിയില്‍ ജമൈക്കക്കാരന്‍ ശരിക്കും അജയ്യനായിരിക്കുന്നു. 100 മീറ്ററില്‍ 9.58 സെക്കന്‍ഡിന്റെ പുത്തന്‍ റെക്കോര്‍ഡ്. അതിന് ശേഷം 200 മീറ്ററില്‍ 19.19 സെക്കന്‍ഡിന്റെ അതിലും മികച്ച റെക്കോര്‍ഡ്. ഇനിയാര്‍ക്കെങ്കിലും തകര്‍ക്കാന്‍ കഴിയുമോ ഈ ഡബിള്‍ റെക്കോര്‍ഡുകള്‍-സംശയമാണ്. ബോള്‍ട്ടിന്റെ വിസ്‌മയം ഇവിടെ അവസാനിച്ചിട്ടില്ല. ബെയ്‌ജിംഗില്‍ അദ്ദേഹം റിലേയിലും റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയിരുന്നു. ഇവിടെയും റിലേ റെക്കോര്‍ഡ് തന്നെയാണ് ബോള്‍ട്ട് ലക്ഷ്യമിടുന്നത്.
ബെയ്‌ജിംഗ് ഒളിംപിക്‌സിന് മുമ്പ് വരെ അധികമാര്‍ക്കും അറിയാത്ത താരമായിരുന്നു ബോള്‍ട്ട്. അസാഫ പവലും ടൈസണ്‍ ഗേയുമെല്ലാം ട്രാക്ക് വാണിരുന്ന കാലത്ത് ബോള്‍ട്ട് എന്ന താരം ഒരു സാധാരണ സ്‌പ്രിന്റര്‍ മാത്രമായിരുന്നു. പക്ഷേ ബെയ്‌ജിംഗില്‍ എല്ലാവര്‍ക്കും മുകളിലായിരുന്നു അദ്ദേഹത്തിന്റെ ഗമനം. ആ മുഖത്ത്, ശരീരത്തില്‍ അന്ന് കണ്ടിരുന്ന ആ മാജിക് ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നതാണ് ബെര്‍ലിനിലും തെളിഞ്ഞത്.
തകര്‍പ്പന്‍ തുടക്കമാണ് ബോള്‍ട്ടിന് ലഭിക്കുന്നത്. ഒരു താരത്തിനും ഇത് പോലെ എല്ലാ മേജര്‍ വേദികളിലും ഇങ്ങനെയൊരു തുടക്കം ലഭിക്കാറില്ല. പക്ഷേ ബെയ്‌ജിംഗിലെന്ന പോലെ ഇവിടെയും രണ്ടിനത്തിലും മികച്ച തുടക്കമാണ് ബോള്‍ട്ടിന് ലഭിച്ചത്. ഇന്നലെ 200 മീറ്ററില്‍ റെക്കോര്‍ഡ് പിന്നിട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ തന്നെ വിസ്‌മയമാണ്-ഇല്ല, ഞാനൊരിക്കലും ഈ സമയം പ്രതീക്ഷിച്ചിട്ടില്ല...
ബോള്‍ട്ടിന്റെ ഈ വാക്കുകളെ വിശ്വസിക്കേണ്ടതില്ല. കാരണം 100 മീറ്റര്‍ ഫൈനലിന് ശേഷം തുടര്‍
ച്ചയായി രണ്ട് ദിവസം അദ്ദേഹം 200 മീറ്റര്‍ ഹീറ്റ്‌സിലായിരുന്നു. ഹീറ്റ്‌സില്‍ ക്ഷീണിതനായാണ് അദ്ദേഹം പങ്കെടുത്തത്. ആ ക്ഷീണം ഫൈനലിലും പ്രകടമാവുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ അവസാന അങ്കത്തില്‍ ബോള്‍ട്ട് യഥാര്‍ത്ഥ ബോള്‍ട്ടായി. 200 മീറ്ററിലെ ലോക റെക്കോര്‍ഡുകാരനായിരുന്ന അമേരിക്കന്‍ താരം മൈക്കല്‍ ജോണ്‍സണ്‍ പോലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ബോള്‍ട്ടിനെ അംഗീകരിക്കാതെ വയ്യെന്നാണ് പുതിയ ലോക റെക്കോര്‍ഡിന് ശേഷം ജോണ്‍സണ്‍ പറഞ്ഞത്. 19.32 സെക്കന്‍ഡിലാണ് ജോണ്‍സണ്‍ 200 മീറ്റര്‍ പിന്നിടാന്‍ കഴിഞ്ഞത്.
200 മീറ്റര്‍ ഫൈനലിലും ബോള്‍ട്ട് പതിവ് വേഷത്തിലായിരുന്നു. ജമൈക്കന്‍ പതാകയുടെ നിറത്തിലുളള ടീ ഷര്‍ട്ടുമണിഞ്ഞ് അദ്ദേഹം നടത്തിയ കുതിപ്പില്‍ എതിരാളികള്‍ വളരെ പിറകിലായി. 100 മീറ്റര്‍ പിന്നിട്ട ശേഷം തല വെട്ടിച്ചൊന്ന് നോക്കിയുളള കുതിപ്പില്‍ റെക്കോര്‍ഡ് കടപുഴകി. മോട്ടോര്‍ സൈക്കിളില്‍ കുതിക്കുന്നത് പോലെയായിരുന്നു അവസാന 50 മീറ്ററിലെ പ്രകടനം. ഫിനിഷ് ചെയ്‌തപ്പോള്‍ ടൈം ബോര്‍ഡിനരികിലെത്തി നോക്കി-പുതിയ സമയം. ഉടന്‍ ട്രാക്കിലിറങ്ങി ആഹ്ലാദ പ്രകടനം. ബോള്‍ട്ട് മാത്രമല്ല ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയവരും 20 സെക്കന്‍ഡിനുള്ളിലാണ് ഫിനിഷ് ചെയ്‌തത്.
200 മീറ്ററിന്റെ വളവിലാണ് സാധാരണ താരങ്ങള്‍ക്ക് സ്‌പീഡ് നിലനിര്‍ത്താന്‍ കഴിയാതെ വരാറുളളത്. പക്ഷേ ബോള്‍ട്ട് വളവിലും ഒരേ സ്‌പീഡ് നിലനിര്‍ത്തി. ഇനി റിലേ-അവിടെയും കാണാനാവും ബോള്‍ട്ട് വിസ്‌മയം.
വിവ പിന്മാറി
കൊച്ചി:114-ാമത് ഐ.എഫ്.എ ഷീല്‍ഡ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിവ കേരള പിന്മാറി. താരങ്ങളുടെ അസുഖങ്ങളും വിദേശ താരങ്ങളെ രജിസ്‌ട്രര്‍ ചെയ്യാന്‍ കഴിയാത്തതുമാണ് പിന്മാറ്റത്തിന് കാരണം. ഘാനക്കാരായ റൂബന്‍ സെനായോ, ചാള്‍സ് ദിസ എന്നിവരെ വിവ റിക്രൂട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഇത് വരെ രജിസ്‌ട്രര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത് കൂടാതെ നൈജീരിയയില്‍ നിന്നും റിക്രൂട്ട് ചെയ്‌ത ബെല്ലോ റസാക്കിന്റെ സേവനവും ടീമിന് ലഭ്യമായിട്ടില്ല. മഹീന്ദ്ര യുനൈറ്റഡിന്റെ ഡിഫന്‍ഡറായിരുന്ന റസാക്ക് ഇപ്പോള്‍ നൈജീരിയയിലാണ്. ഇത് വരെ ഇന്ത്യന്‍ വിസ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ടീമിലെ പല താരങ്ങളും പനിയുമായി ചികില്‍സയില്‍ കഴിയുന്നതും പ്രശ്‌നമായിട്ടുണ്ട്. ഐ ലീഗ് ഫുട്‌ബോളിലേക്കായാണ് ടീം ഒരുങ്ങുന്നത്. അതിനിടെ ഐ.എഫ്.എ ഷീല്‍ഡില്‍ പെട്ടെന്ന് പങ്കെടുത്താല്‍ അത് ടീമിനെ ബാധിക്കുമെന്നും മാനേജ്‌മെന്റ് കരുതുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ നടന്ന് വരുന്ന നെഹ്‌റു കപ്പ് രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ശേഷമാണ് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ഗോവയില്‍ നിന്ന്‌് ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഡെംപോ, മുംബൈയില്‍ നിന്ന് മഹീന്ദ്ര യുനൈറ്റഡ് തുടങ്ങിയ പ്രബലര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. വിവ പിന്മാറിയതോടെ ചാമ്പ്യന്‍ഷിപ്പിന് കേരളാ പ്രാതിനിധ്യമില്ല.
ഇന്ത്യ ഇന്ന് കിര്‍ഗിസ്ഥാനുമായി
ന്യൂഡല്‍ഹി: നെഹ്‌റു കപ്പ് രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഉദ്‌ഘാടന മല്‍സരത്തില്‍ ലെബനോണ് മുമ്പില്‍ പരാജയം വാങ്ങിയ ഇന്ത്യക്കിന്ന് നിര്‍ണ്ണായക മല്‍സരം. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മല്‍സരത്തില്‍ ബൂട്ടിയയും സംഘവും നേരിടുന്നത് കിര്‍ഗിസ്ഥാനെ. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സിറിയയോട് രണ്ട് ഗോളിന് പരാജയപ്പെട്ട കിര്‍ഗിസ്ഥാനും ഇന്നത്തെ മല്‍സരം നിര്‍ണ്ണായകമാണ്. ചാമ്പ്യന്‍ഷിപ്പ് ഫോര്‍മാറ്റ് പ്രകാരം അഞ്ച് ടീമുകളും പരസ്‌പരം മല്‍സരിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ പോയന്റ്‌് നേടുന്ന രണ്ട് ടീമുകളാണ് ഫൈനലില്‍ കളിക്കുക. ഇപ്പോള്‍ മൂന്ന് പോയന്റ് വീതം നേടിയ ലെബനോണും സിറിയയുമാണ് മുന്നില്‍. ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തില്‍ സിറിയയാണ് ഒന്നാമത്.
ലെബനോണെതിരായ മല്‍സരത്തല്‍ നിര്‍ഭാഗ്യം കാരണം പരാജയപ്പെട്ട ഇന്ത്യന്‍ സംഘത്തില്‍ ഇന്ന് ഡിഫന്‍ഡര്‍മാരായ എന്‍.എസ് മജ്ഞു, അന്‍വര്‍ എന്നിവര്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. മജ്ഞുവിന് അടുത്ത ആറാഴ്‌ച്ചയിലേക്ക് കളിക്കാന്‍ കഴിയാത്ത സാഹചര്യമാണുളളത്. അന്‍വറിന് ആദ്യ മല്‍സരത്തിനിടെ കാലിന് പരുക്കേറ്റിരുന്നു. പനി കാരണം കിടപ്പിലായിരുന്ന റെനഡി സിംഗ് ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നു എന്നതാണ് ആശ്വാസകരം.
മുന്‍നിരയില്‍ ക്യാപ്‌റ്റന്‍ ബൂട്ടിയക്കൊപ്പം ഡല്‍ഹിക്കാരനായ സുനില്‍ ചേത്രി തുടക്കം മുതലുണ്ടാവുമെന്നാണ് പ്രതീക്ഷ. ലെബനോണെതിരായ മല്‍സരത്തില്‍ ബൂട്ടിയും സുശീല്‍ കുമാറുമായിരുന്നു തുടക്കത്തില്‍ മുന്‍നിരയില്‍ കളിച്ചത്. പക്ഷേ സുശീലിന് അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയിലാണ് ചേത്രി കളിച്ചത്. ഇതോടെ ഇന്ത്യ ആകെ മാറിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം കാരണം പല അവസരങ്ങളും നഷ്ടമായി. അര്‍ഹമായ പെനാല്‍ട്ടി കിക്ക് പോലും ടീമിന് നിഷേധിക്കപ്പെട്ടിരുന്നു. ആദ്യ മല്‍സരത്തിലെ ദുരനുഭവം മറന്ന് ജയത്തിനായി തന്നെ ഇന്ത്യ കളിക്കുമെന്ന് ബൂട്ടിയ പറഞ്ഞു. സിറിയക്കെതിരായ മല്‍സരത്തില്‍ കിര്‍ഗിസ്ഥാന്റെ പ്രകടനം ബൂട്ടിയയും സംഘവും കണ്ടിട്ടുണ്ട്. കിര്‍ഗ് ഡിഫന്‍സിലെ വിള്ളലുകള്‍ ഉപയോഗപ്പെടുത്താനാണ് കോച്ച് ഡേവ് ഹൂട്ടണ്‍ ബൂട്ടിയക്കും ചേത്രിക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആസിഫ് വന്നപ്പോള്‍ റസാക്ക് പുറത്ത്
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ കരുനീക്കങ്ങള്‍ക്ക് കുറവില്ല. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റിനുളള ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ വിവാദ താരം മുഹമ്മദ് ആസിഫിന് സ്ഥാനം. വന്‍ തിരിച്ചുവരവ് നടത്തിയ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാക്ക് പുറത്തും...! ഉത്തേജക വിവാദത്തില്‍ ശിക്ഷിക്കപ്പെട്ടിരുന്ന ആസിഫിന്റെ ശിക്ഷാ കാലാവധി ഇത് വരെ കഴിഞ്ഞിട്ടില്ല. അതിന് മുമ്പാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ചതിന്റെ പേരില്‍ അകറ്റിനിര്‍ത്തപ്പെട്ട റസാക്ക് ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ രാജ്യത്തിനായി മികച്ച പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലും അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നില്ല. പക്ഷേ റാണ നവിദുല്‍ ഹസനെ ഉള്‍പ്പെടുത്താനായി റസാക്കിനെ സെലക്ഷന്‍ കമ്മിറ്റി ബലി നല്‍കി.
ഐ.പി.എല്‍ ആദ്യ സീസണില്‍ വിരേന്ദര്‍ സേവാഗ് നയിച്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച ആസിഫ് രാജ്യത്തേക്കുളള മടക്കയാത്രയില്‍ നിരോധിക്കപ്പെട്ട ലഹരി വസ്‌തുക്കളുമായി ദുബായ് വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട താരത്തിന് ഒരു വര്‍ഷത്തെ വിലക്കാണ് പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരുന്നത്. വിലക്ക് കാലാവധി അടുത്ത മാസാവസാനത്തിലാണ് അവസാനിക്കുന്നത്. അതിന് മുമ്പാണ് ആസിഫിന്റെ കാര്യത്തില്‍ ഇഖ്‌ബാല്‍ ഖാസീം ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റി അനുകൂല തീരുമാനമെടുത്തിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പായതിനാല്‍ ഏറ്റവും മികച്ച ടീമിനെ തന്നെ അണിനിരത്തേണ്ടതുണ്ടെന്നും അതിനാലാണ് ആസിഫിന് അവസരം നല്‍കുന്നതെന്നുമാണ് ഖാസിമിന്റെ വാദം. ഒരു വര്‍ഷത്തിലധികമായി ആസിഫ് രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ട്‌്. പക്ഷേ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും ചീഫ് സെലക്ടര്‍ വെളിപ്പെടുത്തി. എന്നാല്‍ റസാക്കിന്റെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം അദ്ദേഹം നല്‍കിയില്ല. എട്ടാം നമ്പര്‍ പൊസിഷനില്‍ ഒരു ബൗളിംഗ് ഓള്‍റൗണ്ടറെയാണ് ടീമിന്‌് ആവശ്യമെന്നും അത് കൊണ്ടാണ് റാണ നവീദിന് അവസരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്‌താന്‍ സംഘത്തിലെ അനുഭവ സമ്പന്നനായ ഓള്‍റൗണ്ടറായിരുന്നു റസാക്ക്. രണ്ട് വര്‍ഷത്തോളമായി അദ്ദേഹം ടീമിന് പുറത്തായിരുന്നു. വിവാദ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ചതിന്റെ പേരിലായിരുന്നു അകറ്റിനിര്‍ത്തല്‍. എന്നാല്‍ 20-20 ലോകകപ്പിന് മുമ്പ് ഐ.സി.എല്ലുമായുളള ബന്ധം റസാക്ക് വിഛേദിച്ചതിനെ തുടര്‍ന്ന് നാടകീയമായി അദ്ദേഹത്തെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടില്‍ പാക്കിസ്‌താന്‍ കപ്പ് സ്വന്തമാക്കിയപ്പോള്‍ ഷാഹിദ് അഫ്രീദിയെ പോലെ റസാക്കിനും അതില്‍ വലിയ പങ്കുണ്ടായിരുന്നു. ലങ്കന്‍ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളില്‍ നിന്നായി നാല്‌് വിക്കറ്റും അദ്ദേഹം നേടിയിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ഈ മികവിന് അംഗീകാരം നല്‍കിയില്ല. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളില്‍ റസാക്കിനെ പോലെ ഒരു താരത്തിന്റെ സാധ്യതകള്‍ കൂടുതലാണ്. പക്ഷേ റാണക്കാണ് നറുക്ക് വീണിരിക്കുന്നത്.
പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയുമായി കടന്നുവന്ന സീമറാണ് ആസിഫ്. ഷുഹൈബ് അക്തറിനെ പോലുളളവര്‍ കത്തി നില്‍ക്കുന്ന സമയത്ത് തട്ടുതകര്‍പ്പന്‍ പ്രകടനം നടത്തി രാജ്യാന്തര ക്രിക്കറ്റിലേക്ക് താരശോഭയില്‍ വന്ന താരം പക്ഷേ അതിവേഗം വിവാദങ്ങളിലും ഇടം നേടി. ഉത്തേജക വിഷയത്തില്‍ ഒന്നിലധികം തവണ അദ്ദേഹം പിടിക്കപ്പെട്ടു. ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക് ശേഷം പിടിക്കപ്പെട്ടതോടെയാണ് വിലക്ക് വന്നത്. വിലക്ക് കാലാവധിയില്‍ തന്നെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കുളള മുപ്പതംഗ സാധ്യതാ സംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. കറാച്ചിയില്‍ നടന്ന അണ്ടര്‍ 23 പരിശീലന ക്യാമ്പില്‍ പങ്കെടുത്താണ് ഫിറ്റ്‌നസ് ആസിഫ് തെളിയിച്ചത്. മുന്‍ വിക്കറ്റ് കീപ്പറായിരുന്ന റഷീദ് ലത്തീഫാണ് ക്യാമ്പിന് നേതൃത്ത്വം വഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടാണ് ആസിഫിന് തുണയായത്. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പാക്കിസ്‌താന്‍ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്ക് ആസിഫിന് പ്രവേശനമുണ്ടാവില്ല. ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്ന ദിവസത്തിലാണ് അദ്ദേഹത്തിന്റെ വിലക്ക് അവസാനിക്കുന്നത്.
പാക്കിസ്‌താന്‍ സംഘത്തില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ മാത്രമാണുളളത്-ഇംറാന്‍ നസീര്‍. 20-20 ലോകകപ്പ് സംഘത്തില്‍ ഇടം ലഭിക്കാതിരുന്ന നസീറിനെ സല്‍മാന്‍ ഭട്ടിന് പകരമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ബാറ്റിംഗ് സെന്‍സേഷനായ പത്തൊമ്പതുകാരന്‍ ഉമര്‍ അക്‌മലാണ് ടീമിലെ സൂപ്പര്‍ താരം.
ടീം ഇതാണ്: യൂനസ്‌ഖാന്‍ (ക്യാപ്‌റ്റന്‍), ഇംറാന്‍ നസീര്‍, മിസ്‌ബാഹുല്‍ ഹഖ്, ഉമര്‍ അക്‌മല്‍, ഷുഹൈബ് മാലിക്, ഷാഹിദ് അഫ്രീദി, റാണ നവീദ്, ഫവാദ് ആലം, മുഹമ്മദ് യൂസഫ്, കമറാന്‍ അക്‌മല്‍, ഉമര്‍ ഗുല്‍, മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ്, റാവു ഇഫ്‌ത്തികാര്‍, സയ്യദ് അജ്‌മല്‍.
വാള്‍ക്കര്‍ക്കും റെക്കോര്‍ഡ്
ബെര്‍ലന്‍: ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ മിന്നിയ ദിനത്തില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഒളിംപിക് ചാമ്പ്യന്‍ മിലാനെ വാക്കറും വിസ്‌മയമായി. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 52.42 സെക്കന്‍ഡിന്റെ റെക്കോര്‍ഡ് സമയത്തിലാണ് വാക്കര്‍ ഫിനിഷ് ചെയ്‌തത്. അമേരിക്കയുടെ ലിഷിന്‍ഡ ഡീമസ് തീര്‍ത്ത വെല്ലുവിളിയെ അതിജിവിച്ച ജമൈക്കന്‍ താരം ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് കുറിച്ചത്. വനിതകളുടെ ഹൈജംമ്പില്‍ ക്രൊയേഷ്യന്‍ താരം ബ്ലാങ്ക വ്‌ലാസിക് സ്വര്‍ണ്ണം നിലനിര്‍ത്തി.
പ്രീമിയര്‍ ലീഗില്‍ ഇന്ന്
ലണ്‍ന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് അഞ്ച് മല്‍സരങ്ങള്‍. സീസണിലെ രണ്ടാം മല്‍സരത്തില്‍ തന്നെ തോല്‍വി പിണഞ്ഞ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിഗാനുമായി ഇന്ന് കളിക്കുന്നുണ്ട്. മറ്റ് മല്‍സരങ്ങളില്‍ ആഴ്‌സനല്‍ പോര്‍ട്‌സ് മൗത്തിനെയും ബിര്‍മിംഗ്‌ഹാം സ്‌റ്റോക്ക് സിറ്റിയെയും ഹള്‍ സിറ്റി ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സിനെയും മാഞ്ചസ്‌റ്റര്‍ സിറ്റി വോള്‍വര്‍ ഹാംപ്‌ട്ടണെയും സുതര്‍ലാന്‍ഡ് ബ്ലാക്‌ബര്‍ണിനെയും നേരിടും.
മഴ കളി മുടക്കി
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ഇന്നലെ പെയ്‌ത കനത്ത മഴ കാരണം നെഹ്‌റു കപ്പില്‍ മല്‍സരം നടന്നില്ല. ഇന്നലെ നടക്കേണ്ടിയിരുന്ന ലെബനോണ്‍-ശ്രീലങ്ക മല്‍സരം ഇന്ന് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-കിര്‍ഗിസ്ഥാന്‍ മല്‍സരം നാളെ നടക്കും. നേരത്തെയുളള ഫിക്‌സ്‌ച്ചര്‍ പ്രകാരം ഓഗസ്‌റ്റ് 28 നാണ് ആദ്യ ഘട്ടം സമാപിക്കേണ്ടത്. ഇത് 29 ലേക്ക് മാറും. ഫൈനല്‍ മല്‍സരം 31 ന് തന്നെ നടക്കും.
ഓസീസ് തകരുന്നു
ഓവല്‍: ക്രിസ് ബ്രോഡ് എന്ന സീമര്‍ക്ക് മുന്നില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞപ്പോള്‍ ആഷസ് പരമ്പരയിലെ നിര്‍ണ്ണായകമായ അവസാന ടെസ്‌റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് മേല്‍കൈ. 332 ന് അവസാനിച്ച ഇംഗ്ലീഷ് ഒന്നാം ഇന്നിംഗ്‌സിന് പിന്നാലെ ഇന്നലെ ആദ്യ ഇന്നിംഗ്‌സ് തുടങ്ങിയ സന്ദര്‍ശകര്‍്‌ക്ക് ഷെയിന്‍ വാട്ട്‌സണും സൈമണ്‍ കാറ്റിച്ചം നല്‍കിയ നല്ല തുടക്കം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. രണ്ടാം ദിവസം ചായക്ക് പിരിയുമ്പോള്‍ 133 റണ്‍സിനിടെ എട്ട് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായിരിക്കുന്നത്. 37 റണ്‍സ് മാത്രം വഴങ്ങി ബ്രോഡ് അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ മൂന്ന് പേരെ സ്വാന്‍ പുറത്താക്കി. 50 റണ്‍സ് നേടിയ കാറ്റിച്ചാണ് ടോപ്‌് സ്‌ക്കോറര്‍. വാട്ടസണ്‍ 34 റണ്‍സ് കരസ്ഥമാക്കി. ഒന്നാം വിക്കറ്റില്‍ ഇവര്‍ 73 റണ്‍സ് നേടിയ ശേഷമാണ് ടീം തകര്‍ന്നത്. പോണ്ടിംഗ് (8), മൈക്കല്‍ ഹസി (0), മൈക്കല്‍ ക്ലാര്‍ക്ക് (3)എന്നിവരെല്ലാം നിരാശപ്പെടുത്തി.
കിവിസ് തോല്‍വി മുത്ത്
ഗാലി:ശ്രീലങ്കക്കെതിരായ ആദ്യ ടെസ്‌റ്റില്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ കിവീസ് അല്‍ഭുതങ്ങള്‍ കാണിക്കണം. ഒന്നാം ഇന്നിംഗ്‌സില്‍ വളരെ പിറകിലായ സന്ദര്‍ശകര്‍ക്ക് മുന്നില്‍ വലിയ ലക്ഷ്യമാണ് ലങ്ക നല്‍കിയിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ലങ്ക 452 റണ്‍സ് നേടിയപ്പോള്‍ 299 റണ്‍സാണ് കിവീസിന്‌് നേടാനായത്. ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് നാല് വിക്കറ്റിന് 259 റണ്‍സ്‌് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌ത ലങ്ക 413 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയത്. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 30 റണ്‍സ് എന്ന നിലയിലാണ് കീവിസ്. ജെസി റൈഡര്‍, ബ്രെന്‍ഡന്‍ മക്കലം എന്നിവര്‍ അസുഖ ബാധിരായതിനാല്‍ ഇന്ന് അവര്‍ കളിക്കുന്ന കാര്യവും സംശയത്തിലാണ്. രണ്ടാം ഇന്നിംഗ്‌സില്‍ മിന്നല്‍ വേഗതയില്‍ പുറത്താവാതെ 123 റണ്‍സ് നേടിയ തിലകരത്‌നെ ദില്‍ഷാനായിരുന്നു ലങ്കന്‍ ഹീറോ.
Subscribe to:
Post Comments (Atom)
No comments:
Post a Comment