Saturday, August 22, 2009

FUTBALL LANKA

ഡ്യൂറാന്‍ഡ്‌ കപ്പ്‌
ന്യൂഡല്‍ഹി: ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായ ഡ്യൂറാന്‍ഡ്‌ കപ്പ്‌ ഫുട്‌ബോളിന്റെ 122-ാമത്‌ പതിപ്പിന്‌ സെപ്‌തംബര്‍ രണ്ടിന്‌ തുടക്കം. ഒ.എന്‍.ജി.സി സ്‌പോണ്‍സര്‍ ചെയ്യുന്ന ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടം 22 നാണ്‌ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. യോഗ്യതാ റൗണ്ട്‌ മല്‍സരങ്ങളാണ്‌ രണ്ടിന്‌ ആരംഭിക്കുന്നത്‌. സിംല യംഗ്‌ എഫ്‌.സി, ബി.ഇ.ജി റൂര്‍ക്കി, ഇന്ത്യന്‍ നേവി, അമിറ്റി യുനൈറ്റഡ്‌ എഫ്‌.സി, ഇന്ത്യന്‍ നാഷണല്‍ എഫ്‌.സി, ജി.ആര്‍.ആര്‍.സി, ബി.എസ്‌.എഫ്‌, ജമ്മു കാശ്‌മീര്‍ ബാങ്ക്‌, എം.ഇ.ജി, ആസ്സാം റൈഫിള്‍സ്‌, എ.എസ്‌.സി ബാംഗ്ലൂര്‍, ന്യൂഡല്‍ഹി ഹീറോസ്‌, ആര്‍മി ജൂനിയേഴ്‌സ്‌, അബാബ്‌ എഫ്‌.സി, ഒ.എന്‍.ജി.സി, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്‌ എന്നിവരാണ്‌ യോഗ്യതാ റൗണ്ടില്‍ കളിക്കുന്നത്‌. ഇതില്‍ നിന്നും യോഗ്യത സ്വന്തമാക്കുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗില്‍ കളിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗില്‍ കളിക്കന്ന പ്രമുഖ ടീമുകളെ നാല്‌ ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്‌. ഗ്രൂപ്പ്‌ എ യില്‍ മഹീന്ദ്ര യുനൈറ്റഡ്‌, സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഗോവ എന്നിവര്‍ക്കൊപ്പം യോഗ്യത നേടുന്ന ടീമുകളും കളിക്കും. ഗ്രൂപ്പ്‌ ബി യില്‍ മോഹന്‍ ബഗാനും ജെ.സി.ടിയുമുണ്ട്‌. സി യില്‍ ഡെംപോയും എയര്‍ ഇന്ത്യയും ആര്‍മി ഇലവനുമുണ്ട്‌. ഡിയിലാണ്‌ ഈസ്റ്റ്‌്‌ ബംഗാളും ചര്‍ച്ചില്‍ ബ്രദേഴ്‌സും ഷില്ലോംഗ്‌ ലാജോംഗ്‌ എഫ്‌.സിയും കളിക്കുന്നത്‌.

ലങ്കക്ക്‌ വന്‍വിജയം
ഗാലി:ന്യൂസിലാന്‍ഡിനെ 202 റണ്‍സിന്‌ തരിപ്പണമാക്കി ശ്രീലങ്ക ഒന്നാം ടെസ്റ്റില്‍ വന്‍ വിജയം സ്വന്തമാക്കി. വയറുവേദന കാരണം കിവി നിരയിലെ ആറ്‌ താരങ്ങള്‍ പ്രയാസപ്പെട്ട ദിനത്തില്‍ ചെറുത്തുനിന്നത്‌ 67 റണ്‍സ്‌ നേടിയ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി മാത്രം. വിജയിക്കാന്‍ 413 റണ്‍സ്‌ ആവശ്യമായ സന്ദര്‍ശകര്‍ 210 റണ്‍സിന്‌ പുറത്തായപ്പോള്‍ മൂന്ന്‌ വിക്കറ്റുമായി രണ്ടാം ഇന്നിംഗ്‌സിലും മുത്തയ്യ മുരളീധരന്‍ മിന്നി. 88 റണ്‍സ്‌ മാത്രം വഴങ്ങിയാണ്‌ മുരളി മൂന്ന്‌ പേരെ തിരിച്ചയച്ചത്‌. ഇതോടെ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ വിക്കറ്റ്‌ സമ്പാദ്യം 777 ആയി ഉയര്‍ന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ലങ്ക 452 റണ്‍സ്‌ നേടിയപ്പോള്‍ കിവീസ്‌ 299 റണ്‍സിന്‌ പുറത്തായിരുന്നു. മല്‍സരത്തിന്റെ നാലാം ദിവസം തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിലകരത്‌നെ ദില്‍ഷാന്‍ കളം നിറഞ്ഞപ്പോള്‍ രണ്ടാം ഇന്നിംഗ്‌സ്‌ ലങ്ക നാല്‌ വിക്കറ്റിന്‌ 259 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തു. തുടര്‍ന്ന്‌ ബാറ്റേന്തിയ കിവി നിരയിലെ ആര്‍ക്കും പൊരുതി നില്‍ക്കാനായില്ല. ജെസി റൈഡറും ബ്രെന്‍ഡന്‍ മക്കലവും പനി ബാധിതരായിരുന്നു. മറ്റുള്ളവര്‍ക്ക്‌ വയറു വേദനയും. ഒരു വിക്കറ്റിന്‌ 30 റണ്‍സ്‌ എന്ന നിലയിലാണ്‌ സന്ദര്‍ശകര്‍ അവസാന ദിസം ആരംഭിച്ചത്‌. പക്ഷേ തുടക്കത്തില്‍ തന്നെ മാര്‍ട്ടിന്‍ ഗുപ്‌ടില്‍ (18), ടീം മകിന്റോഷ്‌ (0) എന്നിവരെ തിലാന്‍ തുഷാര പുറത്താക്കി. റോസ്‌ ടെയ്‌ലറെ (16 ) മഹേല ജയവര്‍ദ്ധനെ പുറത്താക്കിയ ശേഷം മുരളിയുടെ ഊഴമായിരുന്നു. ജേക്കബ്‌ ഓരവും ഡാനിയല്‍ വെട്ടോരിയും തമ്മിലുളള സഖ്യം നേടിയ 41 റണ്‍സായിരുന്നു ഇന്നിംഗ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്‌. രണ്ട്‌ ഇന്നിംഗ്‌സിലും മികച്ച ബാറ്റിംഗ്‌ പ്രകടനം നടത്തിയ തിലകരത്‌നെ ദില്‍ഷാനാണ്‌ കളിയിലെ കേമന്‍. ദില്‍ഷാന്റെ ബാറ്റിംഗാണ്‌ തന്റെ ടീമിന്‌ കരുത്തായതെന്ന്‌്‌ ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാര പറഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡ്‌ ടീമിനെ തോല്‍വിയിലേക്ക്‌ തള്ളിയിട്ടത്‌ ദില്‍ഷനായിരുന്നുവെന്‌്‌ വെട്ടോരി പറഞ്ഞു.
ഫൈനല്‍ ഇന്ന്‌
കോഴിക്കോട്‌: സില്‍വര്‍ഹില്‍സ്‌ ട്രോഫിക്ക്‌ വേണ്ടിയുളള നാലാമത്‌ അഖില കേരളാ ബാസ്‌ക്കറ്റ്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മല്‍സരം ഇന്ന്‌ ഉച്ചതിരിഞ്ഞ്‌ നടക്കും. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.വി.എച്ച്‌.എസ്‌ കണ്ണൂര്‍, കോഴിക്കോട്‌ പ്രൊവിഡന്‍സ്‌ ഗേള്‍സ്‌ ഹൈസ്‌ക്കൂളിനെയും (35-10), എസ്‌.എന്‍ ട്രസ്‌റ്റ്‌ കൊല്ലം സെന്റ്‌ മൈക്കിള്‍സ്‌ കോഴിക്കോടിനെും (30-7), ലിറ്റില്‍ ഫ്‌ളവര്‍ ജി.എച്ച്‌.എസ്‌.എസ്‌ കൊരട്ടി ചെറുപുഷ്‌പം ചന്ദനക്കാംപ്പാറ കണ്ണൂരിനെയും (40-19), മൗണ്ട്‌ കാര്‍മല്‍ ഗേള്‍സ്‌ എച്ച്‌.എസ്‌ എസ്‌ കോട്ടയം സെന്റ്‌ ജമാസ്‌ മലപ്പുറത്തെയും (50-16) തോല്‍പ്പിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡോണ്‍ബോസ്‌ക്കോ എച്ച്‌.എസ്‌.എസ്‌ ഇരിഞ്ഞാലക്കുട ജവഹര്‍ നവോദയ മലപ്പുറത്തെയും (39-15),സെന്റ്‌ ജോസഫ്‌ പുളിങ്കുന്ന്‌ ചിന്മയ വിദ്യാലയം കോഴിക്കോടിനെയും (40-7) പരാജയപ്പെടുത്തി.
ഇംഗ്ലണ്ട്‌ പിടിമുറുക്കി
ഓവല്‍: ആഷസ്‌ പരമ്പരയിലെ അവസാന ടെസ്റ്റ്‌ ആവേശകരമായി മുന്നോട്ട്‌. ആദ്യ രണ്ട്‌ ദിവസത്തിലും മല്‍സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ആതിഥേയരായ ഇംഗ്ലണ്ട്‌ മൂന്നാം ദിവസത്തിലും മികവ്‌ ആവര്‍ത്തിച്ചു. 75 റണ്‍സുമായി നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ രണ്ടാം ഇന്നിംഗ്‌സിന്‌ കരുത്തേകി ലഞ്ച്‌ വരെ പൊരുതി നിന്നു. ആദ്യ ഇന്നിംഗ്‌സിലെന്ന പോലെ ശക്തമായ ഷോട്ടുകളുമായി കളം നിറഞ്ഞ സ്‌ട്രോസിന്‌ പക്ഷേ മുന്‍നിരയില്‍ നിന്ന്‌ കാര്യമായ പിന്തുണ ലഭിച്ചില്ല. അലിസ്റ്റര്‍ കുക്ക്‌ (9), ഇയാന്‍ ബെല്‍ (4),പോള്‍ കോളിംഗ്‌വുഡ്‌ (1) എന്നിവര്‍ വേഗം പുറത്തായത്‌ ഓവലില്‍ തിങ്ങി നിറഞ്ഞ ആരാധകരെ നിരാശരാക്കി. പക്ഷേ ട്രോട്ട്‌ എന്ന പുത്തന്‍ താരം അങ്ങനെയങ്ങ്‌ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. സുന്ദരമായ ഷോട്ടുകളുമായി അദ്ദേഹം സ്‌ട്രോസിനൊപ്പം പിടിച്ചുനിന്നു. 191 പന്തുകള്‍ അഭിമുഖീകരിച്ച്‌ 75 റണ്‍സ്‌ നേടിയ സ്‌ട്രോസ്‌ ലഞ്ചിന്‌ തൊട്ട്‌ മുമ്പാണ്‌ പുറത്തായത്‌. അതിന്‌ ശേഷം വിക്കറ്റ്‌ കീപ്പര്‍ മാറ്റ്‌ പ്രയര്‍ ഇല്ലാത്ത റണ്‍സിന്‌ ഓടി പുറത്തായി. തന്റെ അവസാന ടെസ്‌റ്റ്‌ ഇന്നിംഗ്‌സിനായി ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌്‌ എത്തിയത്‌ കാതടപ്പിക്കുന്ന കരാഘോഷങ്ങളുടെ അകമ്പടിയിലായിരുന്നു. ഈ മല്‍സരത്തോടെ ടെസ്‌റ്റ്‌ രംഗം വിടുന്ന ഫ്‌ളിന്റോഫ്‌ കാണികളെ നിരാശപ്പെടുത്തിയില്ല. സ്വതസിദ്ധമായ ശൈലിയില്‍ നാല്‌ ബൗണ്ടറികള്‍ അദ്ദേഹം പായിച്ചു. 18 പന്തില്‍ 22 റണ്‍സ്‌ നേടി മാര്‍ക്കസ്‌ നോര്‍ത്തിന്റെ പന്തില്‍ പുറത്താവുമ്പോഴും ഫ്രെഡ്ഡി കരുത്തനായി നിലകൊണ്ടു. വാലറ്റത്തില്‍ ട്രോട്ടിന്‌ കൂട്ടായി ക്രിസ്‌ ബ്രോഡും (29), ഗ്രയീം സ്വാനും പിടിച്ചുനിന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ ലീഡ്‌ ഗണ്യമായി വര്‍ദ്ധിച്ചു.

ഇന്ന്‌ സമാപനം
ബെര്‍ലിന്‍: ഉസൈന്‍ ബോള്‍ട്ടിന്റെ രാജകീയ പ്രകടനങ്ങള്‍ക്കും വനിതാ പോള്‍വാള്‍ട്ട്‌ ഇതിഹാസം ഇസന്‍ബയേവയുടെ അപ്രതീക്ഷിത പതനത്തിനും വേദിയായ ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്‌ ഇന്ന്‌ സമാപനം. ബെര്‍ലിനിലെ ഒളിംപിക്‌ സ്റ്റേഡിയത്തില്‍ അവസാന ദിവസത്തെ ആകര്‍ഷണം ഉസൈന്‍ ബോള്‍ട്ട്‌ തന്നെയാണ്‌. 100, 200 മീറ്ററുകളില്‍ പുത്തന്‍ ലോക റെക്കോര്‍ഡുമായി സ്വര്‍ണ്ണം സ്വന്തമാക്കിയ ബോള്‍ട്ട്‌ ഇന്ന്‌ സ്‌പ്രിന്റ്‌്‌ റിലേയില്‍ ഇറങ്ങുന്നുണ്ട്‌. ഈ ഇനത്തില്‍ ജമൈക്കക്ക്‌ സ്വര്‍ണ്ണം ഉറപ്പാണെങ്കിലും ബോള്‍ട്ടിന്റെ റെക്കോര്‍ഡിനായാണ്‌ എല്ലാവരും കാതോര്‍ക്കുന്നത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ പങ്കെടുത്ത മൂന്ന്‌ ഇനത്തിലും റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കിയ താരമാണ്‌ ബോള്‍ട്ട്‌. ഇന്നലെ നടന്ന പുരുഷന്മാരുടെ മാരത്തോണില്‍ കെനിയ സ്വര്‍ണ്ണവും വെള്ളിയും സ്വന്തമാക്കി. അബെല്‍ കിറോയിയാണ്‌ സ്വര്‍ണ്ണം നേടിയത്‌. ഇമാനുവല്‍ മുത്തായി തൊട്ടുപിറകെ രണ്ടാമനായി. രണ്ട്‌ മണിക്കൂറും ആറ്‌ മിനുട്ടും 55 സെക്കന്‍ഡുമെടുത്ത്‌ പുതിയ ലോക റെക്കോര്‍ഡുമായാണ്‌ കിറൂയി സ്വര്‍ണ്ണം നേടിയത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ വെങ്കലം സ്വന്തമാക്കിയ ടിഗേ കബാഡെ മൂന്നാമനായി. ഇന്ന്‌ പുരുഷന്മാരുടെ ലോംഗ്‌ജംമ്പ്‌, പോള്‍വോള്‍ട്ട്‌ ഫൈനലുകള്‍ നടക്കും.

ലങ്കന്‍ വിജയം
ന്യൂഡല്‍ഹി: അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ ശ്രീലങ്ക അല്‍ഭുതമായി. നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം മല്‍സരത്തില്‍ മരതക ദ്വീപുകാര്‍ ശക്തരായ ലെബനോണെ 4-3ന്‌ മുക്കി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുള്‍പ്പെടെയുളളവര്‍ക്ക്‌ സാധ്യതകള്‍ വര്‍ദ്ധിച്ചു. അവിസ്‌മരണീയ സോക്കറാണ്‌ ഇന്നലെ ലങ്ക കാഴ്‌ച്ചവെച്ചത്‌. മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടിയ ശേഷം രണ്ട്‌്‌ ഗോളുകള്‍ വാങ്ങിയ ലങ്കക്കാര്‍ അവസാനത്തിലാണ്‌ അക്ഷരാര്‍ത്ഥത്തില്‍ ലെബനോണെ വിറപ്പിച്ചത്‌.
ആദ്യ മല്‍സരത്തില്‍ ഇന്ത്യയെ ഏക ഗോളിന്‌ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ലെബനോണ്‍. മഴ മൂലം വെള്ളിയാഴ്‌ച്ച ഉപേക്ഷിച്ച മല്‍സരത്തില്‍ ലെബനോണ്‍ താരങ്ങള്‍ ആലസ്യവും പ്രകടിപ്പിച്ചപ്പോള്‍ ഏഴാം മിനുട്ടില്‍ തന്നെ ലങ്കക്കാര്‍ ഗോള്‍ നേടി. മുഹമ്മദ്‌ നൗഫര്‍ മുഹമ്മദ്‌ ഇസാദാനായിരുന്നു സ്‌ക്കോറര്‍. ലെബനോണ്‍ മുന്‍നിരക്കാരന്‍ അലി അല്‍ സാദി ഫ്രീകിക്ക്‌ അവസരം നഷ്ടമാക്കിയതിന്‌ ശേഷമുളള പ്രത്യാക്രമണത്തിലായിരുന്നു ഗോള്‍. എദിരി ബാന്‍ഡലാഗെ ചന്നയായിരുന്നു ഗോള്‍നീക്കത്തിന്‌ തുടക്കമിട്ടത്‌. രണ്ട്‌ ലെബനീസ്‌ ഡിഫന്‍ഡര്‍മാരെ മറികടന്ന്‌ ചന്ന പെനാല്‍ട്ടി ബോക്‌സിന്‌ അരികില്‍ പന്ത്‌ മുഹമ്മദിന്‌ കൈമാറി. ഈ അവസരത്തില്‍ പോസ്‌റ്റില്‍ ഗോള്‍ക്കീപ്പര്‍ മാത്രം-മുഹമ്മദിന്‌ പിഴച്ചില്ല. പക്ഷേ പതറാതെ കളിച്ച ലെബനോണ്‍ പതിമൂന്നാം മിനുട്ടില്‍ ഒപ്പമെത്തി. അക്രം മോഗറാബിയുടെ ഹെഡ്ഡര്‍ ലങ്കന്‍ വലയില്‍. 1-1 ല്‍ ലെബനോണാണ്‌ മല്‍സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്‌. പെട്ടെന്നുളള പ്രത്യാക്രമണങ്ങളിലായിരുന്നു ലങ്കന്‍ സാന്നിദ്ധ്യം. ഒന്നാം പകുതി അവസാനിക്കാന്‍ നാല്‌ മിനുട്ട്‌ മാത്രമുളളപ്പോള്‍ ലെബനോണ്‍ തിരിച്ചടിയേറ്റു. ഗോള്‍ സ്‌ക്കോററായ മൊഗറാബി ചുവപ്പു കാര്‍ഡുമായി പുറത്ത്‌. ലങ്കന്‍ താരം സിയാഗുന കോസഗാഡെയുമായുളള പ്രശ്‌നത്തില്‍ എതിരാളിയെ ചവിട്ടി വീഴ്‌ത്തിയതിനായിരുന്നു മാച്ചിംഗ്‌ ഓര്‍ഡര്‍. ഈ തിരിച്ചടി പക്ഷേ അലി അല്‍സാദ്‌ കാര്യമാക്കിയില്ല. ഇന്ത്യന്‍ വലയില്‍ ഗോള്‍ നിക്ഷേപിച്ച മുന്‍നിരക്കാരന്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഗോള്‍ നേടിയപ്പോള്‍ ലെബനോണ്‌ ലീഡ്‌. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ മാത്തൂക്‌ എടുത്ത ഫ്രീകിക്കിലായിരുന്നു സാദിയുടെ ഗോള്‍.
രണ്ടാം പകുതിയില്‍ പത്ത്‌ പേരുമായി കളിച്ച ലെബനോണെ വാരുന്ന നീക്കങ്ങളാണ്‌ ലങ്ക നടത്തിയത്‌. എഴുപത്തിയെട്ടാം മിനുട്ടില്‍ ഗോളിലേക്ക്‌ ലങ്കക്ക്‌ തുറന്ന അവസരം ലഭിച്ചു. പക്ഷേ ക്രോസ്‌ ബാര്‍ വില്ലനായി. രണ്ട്‌ മിനുട്ടിന്‌ ശേഷം മുഹമ്മദ്‌ നൗഫര്‍ ടീമിന്റെ രക്ഷകനായി. സിയാഗുന കോസഗോഡയുടെ ലോംഗ്‌ റേഞ്ചറിലായിരുന്നു തുടക്കം. പന്ത്‌ ചതുര മദുരംഗ വീരസിംഗെക്ക്‌. അദ്ദേഹത്തിന്റെ ഷോട്ട്‌ ലെബനീസ്‌ ഗോള്‍ക്കീപ്പര്‍ തട്ടിത്തെറിപ്പിച്ചപ്പോള്‍ പന്ത്‌ നേരെ മുഹമ്മദിന്റെ കാലുകളില്‍. അദ്ദേഹത്തിന്‌ കാര്യം എളുപ്പം.
ഈ ഗോള്‍ ലങ്കന്‍ വീര്യം ഉയര്‍ത്തി. മൂന്ന്‌ മിനുട്ടിനിടെ അവര്‍ മൂന്നാം ഗോളും സ്‌്‌ക്കോര്‍ ചെയ്‌തു. വീരസിംഗെയുടെ ഒറ്റയാള്‍ മുന്നേറ്റത്തില്‍ പന്ത്‌ ലെബനീസ്‌ വലയില്‍. കാണികള്‍ക്ക്‌ പോലും വിശ്വസിക്കാന്‍ കഴിയാത്ത ഗോള്‍. ഇവിടെയും അവസാനിച്ചില്ല ലങ്കന്‍ തേരോട്ടം. എണ്‍പത്തിയെട്ടാം മിനുട്ടില്‍ മുഹമ്മദ്‌ ഹാട്രിക്കുമായി അടുത്ത ഗോളും നേടി. രണ്ട്‌ ഡിഫന്‍ഡര്‍മാരെ ഓട്ടത്തില്‍ പിറകിലാക്കി തൊടുത്ത ഷോട്ടില്‍ ലങ്കയുടെ നാലാം ഗോള്‍. ഇതോടെ ലെബനോണ്‍ തളര്‍ന്നു. ആറ്‌ മിനുട്ടാണ്‌ അധികസമയമായി അനുവദിച്ചത്‌. ഈ സമയത്ത്‌ കളി പരുക്കനായി. ലങ്കയുടെ ഹെറ്റിറാച്ചി ചുവപ്പുകാര്‍ഡുമായി പുറത്തായി. ഇതിന്‌ അനുവദിക്കപ്പെട്ട പെനാല്‍ട്ടി മുഹമ്മദ്‌ കോര്‍ഹാനി ഗോളാക്കിയെങ്കിലും സമനില ഗോളിന്‌ ലെബനോണ്‌ സമയമുണ്ടായിരുന്നില്ല.


ലണ്ടന്‍: ചാമ്പ്യന്മാര്‍ ചാമ്പ്യന്മാരാണ്‌.........ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ അരങ്ങ്‌ തകര്‍ത്തപ്പോള്‍ വിഗാന്‍ വട്ടപൂജ്യമായി. വെയിന്‍ റൂണിയും മൈക്കല്‍ ഓവനും നാനിയുമെല്ലാം ഗോള്‍ വേട്ട നടത്തിയപ്പോള്‍ അഞ്ച്‌ ഗോളുകള്‍ക്കാണ്‌ ചാമ്പ്യന്മാര്‍ ജയിച്ചത്‌. മിന്നുന്ന ഫോമില്‍ കളിച്ച ആഴ്‌സനല്‍ 4-1ന്‌ പോര്‍ട്‌സ്‌മൗത്തിനെ വീഴ്‌ത്തിയതും ആധികാരികമായിട്ടായിരുന്നു. ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ ഹള്‍ സിറ്റി ഒരു ഗോളിന്‌ ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സിനെയും ഇതേ മാര്‍ജിനില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി വോള്‍വര്‍ ഹാംപ്‌ടണെയും സുതര്‍ലാന്‍ഡ്‌ 2-1ന്‌ ബ്ലാക്‌ബര്‍ണിനെയും തോല്‍പ്പിച്ചപ്പോള്‍ ബിര്‍മിംഗ്‌ ഹാം-സ്‌റ്റോക്ക്‌ സിറ്റി മല്‍സരത്തില്‍ ഗോള്‍ പിറന്നില്ല.
പ്രീമിയര്‍ ലീഗില്‍ രണ്ട്‌ മല്‍സരങ്ങളില്‍ നിന്നായി കേവലം മൂന്ന്‌ പോയന്റുമായി ടേബിളില്‍ വളരെ പിറകിലേക്ക്‌ തള്ളപ്പെട്ട മാഞ്ചസ്റ്റര്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ ഇന്നലെ നടത്തിയത്‌. റൂണിയും പോള്‍ ഷോള്‍സുമായിരുന്നു തുടക്കത്തില്‍ മുന്‍നിരയില്‍ കളിച്ചത്‌. ഇവരെ തടയാന്‍ വിഗാന്‌ ആദ്യ പകുതിയില്‍ കഴിയുകയും ചെയ്‌തു. എന്നാല്‍ രണ്ടാം പകുതിയില്‍ തിരമാല കണക്കെ റൂണിയും സംഘവും വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു വിഗാന്‍ ഗോള്‍കീപ്പറും ഡിഫന്‍സും. റൂണിയാണ്‌ സ്‌ക്കോറിംഗിന്‌ തുടക്കമിട്ടത്‌. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ലഭിച്ച പാസ്‌ തന്ത്രപരമായി വെട്ടിതിരിഞ്ഞ്‌ റൂണി പോസ്‌റ്റിലേക്ക്‌ പായിച്ചു. അമ്പത്തിയാറാം മിനുട്ടിലായിരുന്ന ഈ ഗോള്‍. രണ്ട്‌ മിനുട്ടിനിടെ ബെര്‍ബതോവ്‌ രണ്ടാം ഗോള്‍ നേടി. ഇവിടെയും വിഗാന്‍ ഗോള്‍ക്കീപ്പര്‍ നിസ്സഹായന്‍. റൂണിയുടെ രണ്ടാം ഗോള്‍ അറുപത്തിയഞ്ചാം മിനുട്ടിലായിരുന്നു. അതിനിടെ ഗ്രൗണ്ടില്‍ കയാങ്കളിയും അരങ്ങേറി. റൂണിക്ക്‌ പകരമാണ്‌ ഓവന്‍ ഇറങ്ങിയത്‌. സുന്ദരമായ ഗോളില്‍ തന്റെ സാന്നിദ്ധ്യം പെട്ടെന്ന്‌ ഓവന്‍ തെളിയിച്ചു. ഇഞ്ച്വറി ടൈമിലായിരുന്നു നാനിയുടെ ഫ്രീകിക്ക്‌ ഗോള്‍.
ആഴ്‌സനലും അപാര ഫോമിലാണ്‌ കളിച്ചത്‌. മല്‍സരത്തിന്‌ പതിനെട്ട്‌ മിനുട്ട്‌ മാത്രം പ്രായമായപ്പോള്‍ ദിയാബി ഗോളുമായി ടീമിനെ മുന്നിലെത്തിച്ചു. ഇരുപത്തിയൊന്നാം മിനുട്ടില്‍ ദിയാബി രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്‌തു. പക്ഷേ പോര്‍ട്ട്‌സ്‌മൗത്തിന്റെ പ്രയത്‌നങ്ങള്‍ക്ക്‌ പ്രതീക്ഷയേകി കബോള്‍ ഒരു ഗോള്‍ മടക്കി. പക്ഷേ രണ്ടാം പകുതിയില്‍ വില്ല്യം ഗല്ലാസും റാംസേയും ആഴ്‌സനലിന്റെ കുതിപ്പിന്‌ കരുത്തേകി. ടേബിളിലിപ്പോള്‍ രണ്ട്‌ കളികളില്‍ നിന്ന്‌ ആറ്‌ പോയന്റുമായി ഗണ്ണേഴ്‌സാണ്‌ ഒന്നാമത്‌. യുനൈറ്റഡിന്‌ മൂന്ന്‌ കളികളില്‍ നിന്ന്‌ ആറ്‌ പോയന്റുണ്ട്‌.

No comments: