Thursday, July 16, 2009

ASIAN DEMAND

ഏഷ്യന്‍ ഡിമാന്‍ഡ്‌
സോള്‍: യൂറോപ്യന്‍ സോക്കര്‍ വിപണിയില്‍ ഏഷ്യന്‍ താരങ്ങള്‍ക്ക്‌ വന്‍ ഡിമാന്‍ഡ്‌...! മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താരമായ പാര്‍ക്‌ ജി സംഗിലൂടെ ഉയര്‍ന്ന ഏഷ്യന്‍ താരങ്ങളുടെ വിലയിപ്പോള്‍ വളരെ ഉയരത്തിലാണ്‌. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ മാത്രമല്ല സ്‌പെയിനില്‍ നിന്ന്‌ റയല്‍ മാഡ്രിഡും സ്‌ക്കോട്ട്‌ലാന്‍ഡില്‍ നിന്ന്‌ സെല്‍റ്റിക്കും ഇറ്റലിയില്‍ നിന്ന്‌ ഏ.സി മിലാനുമെല്ലാം ഏഷ്യയെ നോട്ടമിട്ടിരിക്കയാണ്‌. ഏഷ്യന്‍ താരങ്ങളെ യൂറോപ്പ്‌ വേട്ടയാടുന്നതിന്‌ പിറകില്‍ ലക്ഷ്യം രണ്ടാണ്‌. ഒന്ന്‌ നല്ല താരങ്ങളെ ലഭിക്കും. രണ്ട്‌ ഏഷ്യയിലെ വിപണികളില്‍ യൂറോപ്യന്‍ ക്ലബുകള്‍ക്ക്‌ വലിയ മൂല്യമുണ്ടാവും.
പാര്‍ക്ക്‌ എന്ന കൊറിയക്കാരനിലൂടെ ദക്ഷിണ കൊറിയക്കാര്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ക്ലബായിരിക്കുകയാണ്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌. അലക്‌സ്‌ ഫെര്‍ഗൂസന്റെ സംഘത്തിന്‌ ലോകത്തെമ്പാടും ആരാധകരുണ്ട്‌. പക്ഷേ ഏഷ്യയില്‍ കൊറിയയാണ്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രധാന തീരം. ഷുന്‍സുകെ നകമുറെ എന്ന ജപ്പാനിലുടെ സ്‌ക്കോട്ടിഷ്‌ ക്ലബായ സെല്‍റ്റിക്‌ ജപ്പാന്‍കാരുടെ ക്ലബായി മാറിയിരുന്നു. ഈ സീസണില്‍ നകമുറെ സ്‌പാനിഷ്‌ ക്ലബായ എസ്‌പാനിയോളിന്‌ വേണ്ടിയാണ്‌ കളിക്കുന്നത്‌. നകമുറയിലൂടെ ജപ്പാന്‍ കീഴടക്കാനാണ്‌ എസ്‌പാനിയോള്‍ കൊതിക്കുന്നത്‌. 20 കാരനായ കൊറിയന്‍ താരം കി സംഗ്‌ യംഗിനെ യൂറോപ്പിലെ പല വമ്പന്മാരും നോട്ടമിട്ടിട്ടുണ്ട്‌. ഇപ്പോള്‍ കൊറിയയില്‍ കളിക്കുന്ന കൊച്ചുതാരത്തിന്റെ മികവിന്‌ പലരും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഡച്ച്‌ ക്ലബായ പി.എസ്‌.വി ഐന്തോവാന്‍ യംഗിനെ സമീപിച്ചിട്ടുണ്ട്‌. ജപ്പാന്റെ നവവാഗ്‌ദാനമായി വിശേഷിപ്പിക്കപ്പെടുന്ന ഷിന്‍ജി കഗാവക്കും നല്ല ഡിമാന്‍ഡാണ്‌.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരനിരയില്‍ തുടക്കത്തില്‍ വിലയില്ലാത്ത അംഗമായിരുന്നു പാര്‍ക്ക്‌ . പക്ഷേ ശക്തമായ ഫുട്‌ബോളിന്റെ വക്താവായി മാറി അദ്ദേഹം ലഭിച്ച അവസരങ്ങള്‍ ഉപയോഗപ്പെടുത്തി. അലക്‌സ്‌ ഫെര്‍ഗൂസന്റെ പിന്തുണ നേടാനായതോടെ പാര്‍ക്കിന്‌ കാര്യങ്ങള്‍ എളുപ്പമായി. കൃസ്റ്റിയാനോ റൊണാള്‍ഡോയെയും വെയിന്‍ റൂണിയെയും ആരാധിക്കുന്നവര്‍ പാര്‍ക്കിനെയും നെഞ്ചിലേറ്റി. കൊറിയക്കാര്‍ക്ക്‌ നേരത്തെ തന്നെ പ്രിയപ്പെട്ട താരമായിരുന്ന പാര്‍ക്‌ ഇന്ന്‌ ഇംഗ്ലണ്ടില്‍ മാത്രമല്ല യൂറോപ്പിലാകമാനം അറിയപ്പെടുന്ന താരമാണ്‌. 90 മിനുട്ടും അദ്ധ്വാനിച്ച്‌ കളിക്കുന്ന മധ്യനിരക്കാരന്റെ കഴിവിനെ ഫെര്‍ഗൂസണ്‍ അഭിനന്ദിക്കുമ്പോള്‍ മറ്റ്‌ ക്ലബുകള്‍ കൊറിയക്കാരനെ നോട്ടമിട്ടിട്ടുണ്ട്‌.
പാര്‍ക്കിന്‌ മുമ്പ്‌ തന്നെ പല ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്പില്‍ കളിച്ചിട്ടുണ്ട്‌. പക്ഷേ പാര്‍ക്കിനോളം ഉയരത്തിലെത്താന്‍ ആര്‍ക്കുമായിട്ടില്ല. വാണിജ്യപരമായും പാര്‍ക്കിനെ മാഞ്ചസ്റ്റര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ക്ലബിന്റെ ആഗോള പ്രചാരണത്തിന്റെ പ്രധാന ഏഷ്യന്‍ ആയുധം മറ്റാരുമല്ല. പാര്‍ക്ക്‌ കളിക്കുന്നത്‌ കൊണ്ട്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ 1.2 ദശലക്ഷം ക്രെഡിറ്റ്‌ കാര്‍ഡുകളാണ്‌ വിറ്റുപോയത്‌. കൊറിയന്‍ ആസ്ഥാനമായ സോളില്‍ പരിശീലന മല്‍സരത്തിനായി മാഞ്ചസ്റ്റര്‍ വരുന്നു എന്ന വാര്‍ത്തയറിഞ്ഞയുടന്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞത്‌ 20,000 ടിക്കറ്റുകളാണ്‌.
സ്‌ക്കോട്ടിഷ്‌ ക്ലബായ സെല്‍റ്റിക്കിന്റെ നിരയിലെ വിലപ്പെട്ട താരമായിരുന്നു നകമുറെ. ദീര്‍ഘകാലമായി ജപ്പാന്‌ കളിച്ച നകമുറെ എന്ന മുന്‍നിരക്കാരന്‍ യൂറോപ്പിന്‌ സുപരിചിതനാണ്‌. നകമുറെയുടെ ക്ലബായതിനാല്‍ മാത്രം സെല്‍റ്റിക്കിന്‌ ജപ്പാനില്‍ വന്‍ ജനസമ്മതിയായിരുന്നു. പക്ഷേ ഇപ്പോള്‍ സ്‌ക്കോട്ട്‌ലാന്‍ഡില്‍ നിന്നും നകമുറെ സ്‌പെയിനിലേക്ക്‌ ചേക്കേറിയതിനാല്‍ ജപ്പാനികള്‍ സ്‌പാനിഷ്‌ ലീഗിനൊപ്പമാണ്‌. കഴിഞ്ഞയാഴ്‌ച്ചയാണ്‌ നകമുറെ എസ്‌പാനിയോളില്‍ ചേര്‍ന്നത്‌. അദ്ദേഹത്തെ കാണാനും അനുമോദിക്കാനും പതിനായിരത്തോളം പേരാണ്‌ ക്ലബിന്റെ മൈതാനത്ത്‌ വന്നത്‌.
കൊറിയക്കാരനായ കി സംഗ്‌ യംഗ്‌ തീര്‍ച്ചയായും നാളെയുടെ താരമാണ്‌. സുന്ദരമായ ഫുട്‌ബോളിന്റെ യുവ വക്താവ്‌. കൊറിയയുടെ ജെറാര്‍ഡ്‌ എന്നാണ്‌ യംഗിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്‌. മധ്യനിരയില്‍ കളിനിയന്ത്രിക്കുന്ന ലിവര്‍പൂളിന്റെ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡിനെ അനുസ്‌മരിപ്പിക്കുന്ന യംഗിന്‌ വേണ്ടി വലിയ തുക മുടക്കാന്‍ പി.എസ്‌.വി തയ്യാറായിട്ടുണ്ട്‌. 1988 ല്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പി.എസ്‌.വിയോട്‌ പക്ഷേ യംഗിന്‌ വലിയ താല്‍പ്പര്യമില്ല. ഇംഗ്ലണ്ടോ അല്ലെങ്കില്‍ സ്‌പെയിനോ ആണ്‌ അദ്ദേഹം ലക്ഷ്യമിടുന്നത്‌. യംഗിന്റെ ഏജന്റ്‌ പി.എസ്‌.വിയുമായി ചര്‍ച്ച നടത്തിയതായി ചില കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. എന്നാല്‍ ഇതിന്‌ സ്ഥീരീകരണമില്ല. സിയോള്‍ എഫ്‌.സിക്കായാണ്‌ ഇപ്പോള്‍ യംഗ്‌ കളിക്കുന്നത്‌. താന്‍ ഇപ്പോള്‍ കൊറിയന്‍ ക്ലബിന്റെ താരമാണെന്നും ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ ആ ക്ലബിന്റെ നേട്ടമാണെന്നും പറഞ്ഞ യുവതാരം പക്ഷേ യൂറോപ്പിലേക്ക്‌ ചേക്കാറാനുള്ള താല്‍പ്പര്യം വ്യക്തമാക്കി. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലേക്ക്‌ നോട്ടമിട്ടിരിക്കുന്ന യംഗ്‌ അടുത്ത സീസണില്‍ സൂപ്പര്‍ പ്രിമിയര്‍ ലീഗ്‌ ക്ലബുകളില്‍ അംഗമാവുമെന്ന കാര്യത്തില്‍ സംശയമില്ല. എഫ്‌.സി സിയോളിന്റെ തന്നെ താരമായ ലീ ചംഗ്‌ യംഗിനും ഡിമാന്‍ഡാണ്‌. പ്രീമിയര്‍ ലീഗ്‌ ക്ലബുകളായ ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സും വിഗാന്‍ അത്‌ലറ്റിക്കുമാണ്‌ ലീ ചംഗിനെ നോട്ടമിട്ടിട്ടുളളത്‌. നകമുറെയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ഷിന്‍ജി കഗാവക്കും യൂറോപ്പിന്റെ ക്ഷണമുണ്ട്‌. സ്‌പാനിഷ്‌ ക്ലബുകളായ റയല്‍ മാഡ്രിഡും ബാര്‍സിലോണയുമാണ്‌ ഈ താരത്തെ പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നത്‌. സ്‌പെയിനാണ്‌ തനിക്ക്‌ താല്‍പ്പര്യമെന്നും യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഒരു നാള്‍ കളിക്കുന്നത്‌ താന്‍ സ്വപ്‌നം കാണാറുണ്ടെന്നും യുവതാരം പറഞ്ഞു.

ഇറാഖിന്‌ ഗ്രീന്‍ സിഗ്നല്‍
കൊലാലംപൂര്‍: ഇറാഖില്‍ ഇനി ഫുട്‌ബോള്‍ തുടര്‍ച്ചയായി കാണാം..... കഴിഞ്ഞ ദിവസം ഫലസ്‌തീനെതിരെ നടന്ന സൗഹൃദ മല്‍സരം സമാധാനപൂര്‍ണ്ണവും വന്‍ വിജയവുമായ പശ്ചാത്തലത്തില്‍ ഇറാഖിന്‌ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (ഏ.എഫ്‌.സി) റദ്ദാക്കി. ഇറാഖി നഗരമായ ഇര്‍ബിലിനാണ്‌ രാജ്യാന്തര മല്‍സരങ്ങള്‍ക്ക്‌ ആതിഥേയത്വം വഹിക്കാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്‌. ഇറാഖ്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ മൂന്ന്‌ വേദികള്‍ക്ക്‌ അംഗീകാരം തേടിയിരുന്നു. എന്നാല്‍ ബാഗ്‌ദാദ്‌, സുലൈമാനിയ എന്നീ നഗരങ്ങള്‍ക്ക്‌ ഏ.എഫ്‌.സി അനുമതി നല്‍കിയില്ല.
കഴിഞ്ഞ ദിവസം ഇറാഖും ഫലസ്‌തീനും ഏറ്റുമുട്ടിയത്‌ ബാഗ്‌ദാദിലെ സാദ്‌ സ്‌റ്റേഡിയത്തിലായിരുന്നു. ഈ മല്‍സരം ആസ്വദിക്കാന്‍ 44,000 ത്തിലധികം ആരാധകരാണ്‌ എത്തിയത്‌. മല്‍സരം വളരെ സമാധാനപൂര്‍ണമാണ്‌ നടന്നത്‌. സുന്നികളും ഷിയാക്കളും തമ്മില്‍ അന്തരമില്ലെന്ന മുദ്രാവാക്യവുമായെത്തിയ ആരാധകരുടെ ആവേശത്തില്‍ പോലീസും കാഴ്‌ച്ചക്കാരായി മാറിയിരുന്നു.
ഫലസ്‌തീനെതിരെ നാല്‌ ഗോളിന്റെ വിജയം നേടിയ ഇറാഖ്‌ അമിതമായ വിജയാഹ്ലാദം പ്രകടിപ്പിച്ചിരുന്നില്ല. പ്രതിയോഗികള്‍ തങ്ങളെ പോലെ പീഡിപ്പിക്കപ്പെടുന്ന ഫലസ്‌തീനായതിനാല്‍ വിജയം ആഘോഷിക്കുന്നതില്‍ കാര്യമില്ലെന്ന തിരിച്ചറിവാണ്‌ ഇറാഖികളെ ആഹ്ലാദപ്രകടനങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചത്‌. ഇന്നലെ ഏ.ഏഫ്‌.സി തീരുമാനം വന്നത്തോടെ ആഘോഷം കാര്യമായിട്ടുണ്ട്‌.
2002 ലാണ്‌ ഇറാഖില്‍ അവസാനമായി രാജ്യാന്തര ഫുട്‌ബോള്‍ നടന്നത്‌. അന്നത്തെ എതിരാളികള്‍ സിറിയയായിരുന്നു. 2003 ല്‍ രാജ്യത്ത്‌ അമേരിക്കന്‍ അധിനിവേശം നടന്നതോടെ ഫുട്‌ബോള്‍ ഇല്ലാതായി. അശാന്തിയും കലാപങ്ങളുമായി രാജ്യം ഇല്ലാതായപ്പോള്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടന്നിരുന്ന മൈതാനങ്ങള്‍ രക്തക്കളങ്ങളായി. സ്വന്തം നാട്ടില്‍ പന്ത്‌ തട്ടാതെയാണ്‌ ദേശീയ ടീം ഏഷ്യയിലെ ചാമ്പ്യന്മാരായത്‌. സൗദി അറേബ്യയും ജപ്പാനും കൊറിയയുമെല്ലാം വന്‍കരാപ്പട്ടത്തിനായി മല്‍സരിച്ച ചാമ്പ്യന്‍ഷിപ്പിലാണ്‌ ഇറാഖികള്‍ വന്‍ വിജയം ആഘോഷിച്ചത്‌.
സാഹചര്യം മാറിയതിനാല്‍ ഇറാഖികളെ പ്രധാന നഗരങ്ങളില്‍ മല്‍സരങ്ങള്‍ അനുവദിക്കണമെന്നതായിരുന്നു ഇറാഖ്‌ ഫുട്‌ബോള്‍ അധികാരികളുടെ ആവശ്യം. എന്നാല്‍ ഇര്‍ബിലിന്‌ മാത്രമാണ്‌ താല്‍കാലിക അനുമതി. മറ്റ്‌ വേദികള്‍ക്കും താമസിയാതെ അവസരം ലഭിക്കുമെന്ന വിശ്വാസത്തിലാണ്‌ ദേശീയ സംഘാടകര്‍.
ഏ.എഫ്‌.സി അണ്ടര്‍ 19 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഗ്രൂപ്പ്‌ സി മല്‍സരങ്ങള്‍ ഇര്‍ബിലിലായിരിക്കും നടക്കുക. സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്‌, ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍ എന്നിവരാണ്‌ ഈ ഗ്രൂപ്പില്‍ കളിക്കുന്നത്‌. ഫുട്‌ബോളിന്‌ പേരുകേട്ട സിറ്റിയാണ്‌ ഇര്‍ബില്‍. ഇറാഖി ഫുട്‌ബോള്‍ ലീഗിലെ ചാമ്പ്യന്മാരും ഇര്‍ബിലാണ്‌. ഏ.എഫ്‌. സി ക്വാര്‍ട്ടര്‍ ഫൈനലില്‍ കുവൈറ്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബിനെയാണ്‌ ഇര്‍ബില്‍ നേരിടുന്നത്‌. സെപ്‌തംബര്‍ മുപ്പതിന്‌ നടക്കുന്ന മല്‍സരവും ഇര്‍ബിലിലാണ്‌.

കാണാം പുറത്ത്‌ നിന്ന്‌
ടെക്‌സാസ്‌: കോണ്‍കാകാഫ്‌ ഗോള്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞായറാഴ്‌ച്ച ഹെയ്‌ത്തിയെ നേരിടുന്ന മെക്‌സിക്കന്‍ സംഘത്തിന്‌ സ്വന്തം പരിശീലകന്റെ സേവനം മൈതാനത്ത്‌ ലഭിക്കില്ല. മോശം പെരുമാറ്റത്തിന്‌ മൂന്ന്‌ മല്‍സര സസ്‌പെന്‍ഷന്‍ ലഭിച്ച കോച്ച്‌ ജാവിയര്‍ അഗ്വിര്‍ മല്‍സരം സ്‌റ്റേഡിയത്തിലിരുന്ന്‌ കാണണം. മൂന്ന്‌ മല്‍സര സസ്‌പെന്‍ഷനില്‍ പാനമക്കെതിരായ പോരാട്ടം അദ്ദേഹം പുറത്ത്‌ നിന്നാണ്‌ മല്‍സരം വീക്ഷിച്ചത്‌. പാനമ കോച്ച്‌ റിക്കാര്‍ഡോ ഫിലിപ്‌സുമായി ഉടക്കിയതിനായിരുന്നു സസ്‌പെന്‍ഷന്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ടീം ജയിച്ചാല്‍ സെമിയിലും കോച്ച്‌ പുറത്താണ്‌. ക്വാര്‍ട്ടറില്‍ ടീം തോല്‍ക്കുന്നപക്ഷം അടുത്ത മാസം നടക്കുന്ന അമേരിക്കക്കെതിരായ ലോകകപ്പ്‌ യോഗ്യതാ മല്‍സരം അഗ്വിറോ പുറത്ത്‌ നിന്ന്‌ കാണേണ്ടി വരും. സ്വന്തം ടീമിന്റെ മല്‍സരം പുറത്ത്‌ നിന്ന്‌ വീക്ഷിക്കുന്നത്‌ വേദനാജനകമാണെന്നും മോശം പെരുമാറ്റത്തില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാനമയുടെ പരിശീലകന്‍ നടന്നു പോകവെ അഗ്വിറോ കാല്‍ വെച്ച്‌ വീഴ്‌ത്താന്‍ ശ്രമിച്ചതാണ്‌ വിനയായത്‌. സംഭവം ലൈന്‍സ്‌മാന്‍ നേരില്‍ കണ്ടിരുന്നു. ഉടന്‍ തന്നെ അദ്ദേഹം കൊടി ഉയര്‍ത്തി.

ദ്രോഗ്‌ബെക്ക്‌ ആശ്വാസം
നിയോണ്‍: ബാര്‍സിലോണക്കെതിരെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമി ഫൈനല്‍ ആദ്യപാദ മല്‍സരത്തിനിടെ നാല്‌ മല്‍സര സസ്‌പെന്‍ഷന്‍ ലഭിച്ച ചെല്‍സി മുന്‍നിരക്കാരന്‍ ദിദിയര്‍ ദ്രോഗ്‌ബെയോട്‌ യുവേഫ കനിവ്‌ കാട്ടി. നാല്‌ മല്‍സരവിലക്ക്‌ യുവേഫയുടെ അപ്പീല്‍ കമ്മിറ്റി മൂന്ന്‌ മല്‍സര വിലക്കാക്കി മാറ്റിയിട്ടുണ്ട്‌. ഇന്നലെ നടന്ന അപ്പീല്‍ കമ്മിറ്റി യോഗത്തില്‍ ദ്രോഗ്‌ബെയും സഹതാരം ജോസ്‌ ബോസിംഗ്‌വയും സംബന്ധിച്ചിരുന്നു. ജോസിന്റെ സസ്‌പെന്‍ഷന്‍ മൂന്ന്‌ മല്‍സരത്തില്‍ നിന്നും രണ്ടാക്കി മാറ്റിയിട്ടുണ്ട്‌. ബാര്‍സ രണ്ടാ ം പാദ മല്‍സരത്തിന്റെ അവസാനത്തില്‍ സമനില ഗോള്‍ നേടുകയും എവേ ഗോള്‍ നിയമത്തില്‍ ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കുകയും ചെയ്‌തിരുന്നു. ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി കപ്പും അവര്‍ നേടി. ആദ്യപാദ മല്‍സരത്തില്‍ ഒരു ഗോളിന്‌ മുന്നിട്ട്‌ നിന്ന ചെല്‍സി സ്വന്തം മൈതാനത്ത്‌ നടന്ന രണ്ടാം പാദ മല്‍സരത്തില്‍ സമനില ഉറപ്പാക്കിയ ഘട്ടത്തിലാണ്‌ ഗോള്‍ വീണത്‌. റഫറിയുടെ തെറ്റായ തീരുമാനമാണ്‌ ഗോളിന്‌ കാരണമെന്നാരോപിച്ച്‌ ദ്രോഗ്‌ബയും ജോസുമെല്ലാം റഫറി ടോം ഹെന്നിംഗ്‌സിനെ വളഞ്ഞ്‌ അസഭ്യം പറഞ്ഞതാണ്‌ സസ്‌പെന്‍ഷില്‍ കലാശിച്ചത്‌.

കടുവകള്‍ ചരിത്രത്തിലേക്ക്‌
ഗ്രാനഡ: കളിക്കുന്നത്‌ വിന്‍ഡീസ്‌ രണ്ടാം നിരയാണെന്നത്‌ തല്‍ക്കാലം മറക്കാം...... ബംഗ്ലാദേശ്‌ കരീബിയന്‍ മണ്ണില്‍ ആദ്യ പരമ്പര സ്വന്തമാക്കാന്‍ ഇന്ന്‌ ഇറങ്ങുകയാണ്‌. ഐ.സി.സി അംഗീകരിച്ച പരമ്പരയാണിത്‌. അതിനാല്‍ കടുവകളുടെ ജയത്തിന്‌ അംഗീകാരമുണ്ട്‌. കളിക്കുന്നത്‌ വിന്‍ഡീസ്‌ ടീമാണ്‌. അത്‌ ഒന്നാം നിരയാണോ രണ്ടാം നിരയാണോ എന്നതല്ല വിഷയം. സെന്റ്‌ വിന്‍സന്റില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ വിജയം വരിച്ച ബംഗ്ലാദേശിന്‌ ഇന്ന്‌ ഇവിടെ ആരംഭിക്കുന്ന രണ്ടാം ടെസ്‌റ്റില്‍ സമനില നേടിയാല്‍ പരമ്പര സ്വന്തമാക്കാം. ക്യാപ്‌റ്റന്‍ മഷ്‌റഫെ മൊര്‍ത്തസ ഇന്ന്‌ കളിക്കുന്നില്ല. പകരം ഷാക്കിബ്‌ അല്‍ ഹസനാണ്‌ ടീമിനെ നയിക്കുന്നത്‌.

ഇംഗ്ലണ്ടിന്‌ തകര്‍പ്പന്‍ തുടക്കം
ലോര്‍ഡ്‌സ്‌: ഓസ്‌ട്രേലിയയുടെ ന്യൂ ബോള്‍ ബൗളറായ മിച്ചല്‍ ജോണ്‍സണെ ലോര്‍ഡ്‌സില്‍ തലങ്ങും വിലങ്ങും പായിച്ച്‌ ഇംഗ്ലണ്ട്‌ ആഷസ്‌ പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ആദ്യസെഷന്‍ സ്വന്തമാക്കി. പരുക്ക്‌ മൂലം വിട്ടുനില്‍ക്കുന്ന ബ്രെട്ട്‌ ലീക്ക്‌ പകരം ഓസീസ്‌ ബൗളിംഗിന്റെ നായകത്വം ഏറ്റെടുത്ത മിച്ചല്‍ ജോണ്‍സണ്‍ രാവിലെയുളള അരമണിക്കൂറില്‍ അപകടകാരിയാവുമെന്നാണ്‌ കരുതപ്പെട്ടത്‌. പക്ഷേ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസും അലിസ്‌റ്റര്‍ കുക്കും ബൗണ്ടറി ഷോട്ടുകളുമായി അനായാസം കളിച്ചു. ആദ്യ എട്ട്‌ ഓവറുകളില്‍ 53 റണ്‍സാണ്‌ മിച്ചല്‍ നല്‍കിയത്‌. ഇതില്‍ പതിനൊന്ന്‌ ബൗണ്ടറികളാണ്‌ പിറന്നത്‌. ഇംഗ്ലണ്ട്‌ ലഞ്ചിന്‌ പിരിയുമ്പോള്‍ സ്‌ട്രോസ്‌ 47 ഉം കുക്ക്‌ 67 ഉം റണ്‍സ്‌ നേടിയിരുന്നു.
ജോണ്‍സണൊപ്പം പുതിയ പന്ത്‌ പങ്കിട്ട ടാസ്‌മാനിയക്കാരന്‍ ബെന്‍ ഹില്‍ഫെന്‍ഹസ്‌ തുടര്‍ച്ചയായി മൂന്ന്‌ മെയ്‌ഡന്‍ ഓവറുകളുമായി ബാറ്റ്‌സ്‌മാന്മാരെ കെട്ടിയിട്ടപ്പോഴാണ്‌ മിച്ചലിനെതിരെ അനായാസം ബൗണ്ടറികള്‍ പിറന്നത്‌. ക്രിക്കറ്റിന്റെ മക്കയില്‍ ഇംഗ്ലണ്ടിന്റെ പ്രിയപ്പെട്ട ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ കളിക്കുന്ന അവസാന ടെസ്റ്റാണിത്‌. പരുക്ക്‌ മൂലം പുറത്താവുമെന്ന്‌ കരുതിയ ഫ്‌ളിന്റോഫിന്‌ വന്‍ വരവേല്‍പ്പാണ്‌ കാണികള്‍ നല്‍കിയത്‌. ഇംഗ്ലീഷ്‌ സംഘത്തില്‍ ഒരു മാറ്റമുണ്ടായിരുന്നു. കാര്‍ഡിഫില്‍ കളിച്ച സംഘത്തില്‍ അംഗമായ മോണ്ടി പനേസറെ മാറ്റി പകരം ഗ്രഹാം ഒനിയന്‌ അവസരം നല്‍കി. ഓസീസ്‌ ടീമില്‍ മാറ്റമുണ്ടായിരുന്നില്ല.

No comments: