Friday, July 31, 2009

ROBSON_AMEMMORY

റോബ്‌സണ്‍-ഇനി ഓര്‍മ്മ
ലണ്ടന്‍: അര്‍ബുദത്തെ പതിനെട്ട്‌ വര്‍ഷത്തോളം മന:ക്കരുത്തല്‍ തോല്‍പ്പിച്ച സര്‍ ബോബി റോബ്‌സണ്‍ എന്ന ഇംഗ്ലീഷ്‌ ഫുട്‌ബോളിലെ ഇതിഹാസതാരം എഴുപത്തിയാറാം വയസ്സില്‍ ലോകത്തോട്‌ വിടപറഞ്‌#ു. ഇന്നലെ രാവിലെ ഡര്‍ഹമിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം പിന്നീട്‌. അഞ്ച്‌ തരം അര്‍ബുദങ്ങള്‍ ബാധിച്ചിട്ടും രോഗത്തെ തോല്‍പ്പിക്കാന്‍ മന:ക്കരുത്ത്‌ ആയുധമാക്കിയ ബോബി ശയ്യയില്‍ കിടക്കാതെ മരിക്കും വരെ ഫുട്‌ബോള്‍ മൈതാനത്ത്‌ സജീവമായിരുന്നു. ഇംഗ്ലണ്ടിന്റെ താരമായി, കോച്ചായി, ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡ്‌, ഐപ്‌സ്‌ വിച്ച്‌, ഡര്‍ഹം തുടങ്ങിയ ടീമുകളുടെ പരിശീലകനായി സദാ സോക്കര്‍ ജാഗ്രതയില്‍ ജീവിച്ച ബോബി ഫുട്‌ബോളില്‍ മാത്രമല്ല മെഡിക്കല്‍ സയന്‍സ്‌ ചര്‍ച്ചകളില്‍ പോലും നിറഞ്ഞ്‌ നിന്നതിന്‌ ശേഷമാണ്‌ യവനികക്കുള്ളിലേക്ക്‌ മറഞ്ഞത്‌. 1991 ലാണ്‌ അര്‍ബുദം തന്റെ ശരീരത്തെ ബാധിച്ച കാര്യം ആദ്യമായി ബോബി അറിയുന്നത്‌. കുടലില്‍ ആയിരുന്നു രോഗബാധ. 1992 ല്‍ രോഗം മറ്റ്‌ ഭാഗങ്ങളെ ബാധിച്ചു. 1995 ല്‍ ശ്വാസകോശത്തിനെയും രോഗം ഗ്രസിച്ചതായി കണ്ടെത്തി. 2006 ല്‍ തലച്ചോറിനെയും മഹാരോഗം ബാധിച്ചിട്ടും ബോബി തളര്‍ന്നില്ല. എല്ലാ തരം ചകില്‍സകളെയും മന്ദഹാസത്തോട നേരിട്ട അദ്ദേഹം 2007 ലാണ്‌ കീമോ തെറാപ്പിയുമായി മുന്നോട്ട്‌ പോയത്‌ ഇപ്പോഴിതാ കാലത്തോട്‌ വിട ചോദിച്ചപ്പോള്‍ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ മഹാനായ താരത്തെ നമിക്കുകയാണ്‌. കഴിഞ്ഞ ഞായറാഴ്‌ച്ച പോലും അദ്ദേഹം മൈതാനത്ത്‌ വന്നിരുന്നു. സെന്റ്‌ ജെയിംസ്‌ പാര്‍ക്കില്‍ നടന്ന ഒരു ചാരിറ്റി മല്‍സരത്തിനാണ്‌ ബോബി അവസാനമായി വന്നത്‌.
സോക്കര്‍ മൈതാനത്ത്‌ ബോബിയെ ലോകവും ഇംഗ്ലണ്ടും ഓര്‍മ്മിക്കുക 1990 ലെ ലോകകപ്പിലൂടെയാണ്‌. അലന്‍ ഷിയറര്‍, പോള്‍ ഗാസ്‌കോയിന്‍, പീറ്റര്‍ ഷില്‍ട്ടണ്‍ തുടങ്ങിയ വിഖ്യാത താരങ്ങളുമായി ലോകകപ്പിനെത്തിയ ഇംഗ്ലീഷ്‌ ടീമിന്റെ പരിശീലകനായിരുന്നു ബോബി. മുപ്പതിനായിരത്തോളം പേരെ സാക്ഷിയാക്കി ഇംഗ്ലണ്ട്‌ ആ ലോകകപ്പില്‍ ജര്‍മനിയെ 3-2 ന്‌ മറിച്ചിട്ടപ്പോള്‍ അത്‌ ലോകം ഓര്‍ത്തിരിക്കുന്ന പോരാട്ടമായി. ലോകകപ്പിന്റെ സെമി ഫൈനലില്‍ പക്ഷേ രണ്ട്‌ പ്രതിയോഗികളും വീണ്ടും മുഖാമുഖം വന്നപ്പോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പക്ഷേ ഇംഗ്ലണ്ട്‌ പരാജയപ്പെട്ടു. ഞായറാഴ്‌ച്ച ജെയിംസ്‌ പാര്‍ക്കില്‍ നടന്ന ചാരിറ്റി മല്‍സരത്തില്‍ അലന്‍ ഷിഷറര്‍ ഉള്‍പ്പെടെയുളളവര്‍ കളിച്ചപ്പോള്‍ അവര്‍ക്ക്‌ വേണ്ടി കൈയ്യടിക്കാന്‍ ഉണ്ടായിരുന്ന ബോബി മരിക്കുമ്പോള്‍ ഭാര്യയും കുട്ടികളും സമീപത്തുണ്ടായിരുന്നു.
അമ്പതുകളിലായിരുന്നു സര്‍ ബോബി ഇംഗ്ലീഷ്‌ ഫുട്‌ബോളില്‍ ജ്വലിച്ചുനിന്നത്‌. ഫുള്‍ഹാമായിരുന്നു അദ്ദേഹത്തിന്റെ ആദ്യതട്ടകം. പിന്നീട്‌ വെസ്റ്റ്‌ ബ്രോമിലും കസറി. തുടര്‍ന്നാണ്‌ രാജ്യത്തിന്‌ കളിക്കാനായി തെരഞ്ഞെടുക്കപ്പെട്ടത.്‌ ഇരുപത്‌ മല്‍സരങ്ങളിലാണ്‌ അദ്ദേഹം ഇംഗ്ലണ്ടിന്റെ കുപ്പായമിട്ടത്‌. കളിക്കളത്തില്‍ നിന്ന്‌ വിട്ട ശേഷം ഉത്തര അമേരിക്കന്‍ സോക്കര്‍ ലീഗില്‍ വാന്‍കൂവര്‍ റോയല്‍സ്‌ ടീമിന്റെ താരവും കോച്ചായും അദ്ദേഹമുണ്ടായിരുന്നു. 1968 ല്‍ ഫുള്‍ഹാമിന്റെ കോച്ചായി ചുമതലയേറ്റ ബോബിയെ പക്ഷേ ഉടന്‍ തന്നെ ക്ലബ്‌ പിരിച്ചുവിട്ടത്‌ വിവാദമായിരുന്നു. 1969 ല്‍ അദ്ദേഹം ഐപ്‌സ്വിച്ചിന്‍രെ മാനേജരായി. ക്ലബിന്‍രെ സുവര്‍ണ്ണകാലമായിരുന്നു ഇത്‌. 1978 ല്‍ എഫ്‌.എ കപ്പും 1981 ല്‍ യുവേഫ കപ്പും ഐപ്‌സ്‌ വിച്ച്‌ സ്വന്തമാക്കിയത്‌ ബോബിയുടെ പരിശീലനത്തിലായിരുന്നു. ഈ വിജയത്തിലുടെ ഇംഗ്ലീഷ്‌ ദേശീയ ടീമിന്റെ പരിശീലക പദവിയും അദ്ദേഹത്തിന്‌ ലഭിച്ചു. 1982 ലെ ലോകകപ്പിന്‌ ശേഷമാണ്‌ ദേശീയ ഡ്യൂട്ടിക്കായി ബോബി നിയോഗിക്കപ്പെട്ടത്‌. പക്ഷേ 1984 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‌ ഇംഗ്ലണ്ട്‌ യോഗ്യത നേടാതിരുന്നത്‌ ബോബിക്ക്‌ തിരിച്ചടിയായി. 1986 ലെ ലോകകപ്പില്‍ പക്ഷേ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി ഇംഗ്ലണ്ട്‌. അര്‍ജന്റീനിയന്‍ സോക്കര്‍ ഇതിഹാസം കളം നിറഞ്ഞ 86 ലെ ലോകകപ്പില്‍ നിര്‍ഭാഗ്യവാന്മാരായി പിന്നീട്‌ ചിത്രീകരിക്കപ്പെട്ട ഇംഗ്ലീഷ്‌ ടീമിന്റെ അമരത്ത്‌ മറ്റാരുമായിരുന്നില്ല. അന്ന്‌ ലോകകപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട്‌ അര്‍ജന്റീനക്ക്‌ മുന്നില്‍ മറഡോണയുടെ വിവാദമായ ദൈവത്തിന്റെ ഗോളിലാണ്‌ തോറ്റത്‌. 1988 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ദേശീയ ടീമിനൊപ്പം മറ്റാരുമായിരുന്നില്ല. പക്ഷേ ഒരു ഗ്രൂപ്പ്‌ മല്‍സരം പോലും ഇംഗ്ലണ്ടിന്‌ ജയിക്കാനായില്ല. 90 ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പിലായിരുന്നു ബോബി വിസ്‌മയം. ലോകകപ്പിന്റെ സെമിഫൈനല്‍ വരെ ടീമിനെ എത്തിച്ച ബോബിക്ക്‌ നിര്‍ഭാഗ്യമാണ്‌ അന്ന്‌ വില്ലനായത്‌. സെമിയില്‍ ജര്‍മനിയോട്‌ ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട്‌ തോല്‍ക്കുമ്പോള്‍ ലോകകപ്പ്‌ ടീമിന്‌ നഷ്‌ടമായത്‌ ചുണ്ടിന്‌ അരികില്‍ വെച്ചായിരുന്നു. ആ ലോകകപ്പില്‍ ബെല്‍ജിയത്തെയും കാമറൂണിനെയും നോക്കൗട്ട്‌ ഘട്ടത്തില്‍ അനായാസം തോല്‍പ്പിച്ച ഇംഗ്ലണ്ട്‌ ജര്‍മനിക്ക്‌ മുന്നില്‍ മാത്രമാണ്‌ വിയര്‍ത്തത്‌. ഗാരി ലിനേക്കര്‍ നയിച്ച ടീം പക്ഷേ കളി അധികസമയത്തേക്ക്‌ ദീര്‍ഘിപ്പിച്ചു. സ്റ്റ്യുവര്‍ട്ട്‌ പിയേഴ്‌സ്‌, ക്രിസ്‌ വാഡില്‍ എന്നിവര്‍ പെനാല്‍ട്ടി നഷ്ടമാക്കിയപ്പോള്‍ ഇംഗ്ലണ്ടിന്‌ കരയാനായിരുന്നു വിധി. പക്ഷേ ഒരിക്കല്‍ പോലും ബോബി കരഞ്ഞിരുന്നില്ല. ടീമിന്‌ ഉത്തേജനം നല്‍കുന്ന യഥാര്‍ത്ഥ പരിശീലകനായാണ്‌ അദ്ദേഹം അവസാനം വരെ ജീവിച്ചത്‌.

എന്റെ ഊര്‍ജ്ജം ബോബിയായിരുന്നു
ഡര്‍ഹം: ഫുട്‌ബോളില്‍ കരുത്തോടെ കുതിക്കാന്‍ തനിക്ക്‌ ഊര്‍ജ്ജമേകിയത്‌ സര്‍ ബോബി റോബ്‌സണായിരുന്നു. അദ്ദേഹമാണ്‌ എനിക്ക്‌ കരുത്തും ഊര്‍ജ്ജവുമായത്‌-ഗാരി ലിനേക്കര്‍ വേദനയടെ തന്റെ മുന്‍ പരിശീലകനെ ഓര്‍ത്തു. ഇംഗ്ലീഷ്‌ ഫുട്‌ബോളിന്‌ മാത്രമല്ല ലോക ഫുട്‌ബോളിന്‌ തന്നെ കനത്ത ആഘാതമാണ്‌ ഈ ദിനം. പരിശീലകന്‍ എന്ന നിലയില്‍ എല്ലാ താരങ്ങളിലും അദ്ദേഹമുണ്ടാക്കിയ വികാരം പറഞ്ഞറിയിക്കാന്‍ കഴിയില്ല. 90 ലെ ലോകകപ്പില്‍ ഞങ്ങളുടെ സംഘം കരുത്തോടെ കളിച്ചതിന്‌ പിറകില്‍ അദ്ദേഹമായിരുന്നു. വലിയ എതിരാളികള്‍ക്കെതിരെ കളിക്കുമ്പോള്‍ ആക്രമണ ഫുട്‌ബോളിന്റെ പ്രായോഗികതയെക്കുറിച്ച്‌ പറഞ്ഞ്‌ തന്ന അദ്ദേഹം തോറ്റാലും താരങ്ങളെ പഴിക്കാറില്ലെന്നും ലിനേക്കര്‍ പറഞ്ഞു. വര്‍ഷങ്ങളോളം ഇംഗ്ലീഷ്‌ ദേശീയ ടീമിന്റെ പരിശീലകനായ ബോബി നിരവധി സൂപ്പര്‍ താരങ്ങളെ വളര്‍ത്തിയിട്ടുണ്ട്‌. പീറ്റര്‍ ഷില്‍ട്ടണ്‍ എന്ന ഇംഗ്ലണ്ട്‌ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഗോള്‍ക്കീപ്പര്‍ ബോബിയുടെ സംഭാവനയായിരുന്നു. അലന്‍ ഷിയറുടെ സുവര്‍ണ്ണകാലം ബോബിക്ക്‌ കീഴിലായിരുന്നു, ലിനേക്കറെ ലോകം അറിഞ്ഞത്‌്‌ ബോബിയുടെ ശിഷ്യനായാണ്‌.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബുകള്‍ക്കും ഇംഗ്ലീഷ്‌ ദേശീയ ടീമിനെയും പരിശീലിപ്പിച്ചതിന്‌ ശേഷം ബോബി രാജ്യം വിട്ടത്‌ തന്നെ അദ്ദേഹത്തിന്റെ പ്രശസ്‌തിക്കുളള തെളിവാണ്‌. ഇംഗ്ലീഷ്‌ ദേശീയ ഡ്യൂട്ടിക്ക്‌ ശേഷമാണ്‌ അദ്ദേഹം ഹോളണ്ടിലേക്ക്‌ പോയത്‌. പി.എസ്‌.വി ഐന്തോവാനെ 1991 ലും 92 ലും അദ്ദേഹം ദേശീയ ചാമ്പ്യന്മാരാക്കി. ഹോളണ്ടില്‍ നിന്ന്‌ പോര്‍ച്ചുഗലിലേക്കാണ്‌ അദ്ദേഹം ചേക്കേറിയത്‌. സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണില്‍ പതിനെട്ട്‌ വര്‍ഷം കോച്ചായി. അതിന്‌ ശേഷം എഫ്‌.സി പോര്‍ട്ടോയില്‍ എത്തി. 94 ല്‍ പോര്‍ട്ടോ ദേശീയ ചാമ്പ്യന്മാരാവുമ്പോള്‍ അമരത്ത്‌ ബോബിയായിരുന്നു. 1996 ല്‍ അദ്ദേഹം സ്‌പെയിനിലെത്തി ബാര്‍സിലോണയുടെ കോച്ചായി. ആദ്യ സീസണില്‍ തന്നെ ബോബിയുടെ ബാര്‍സ യൂറോപ്യന്‍ കപ്പ്‌ വിന്നേഴസ്‌ കപ്പും കിംഗ്‌സ്‌ കപ്പും സ്വന്തമാക്കി. വീണ്ടും നാട്ടില്‍ തിരിച്ചെത്തി ന്യൂകാസിലിന്റെ കോച്ചായി. പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ തളര്‍ന്നുനില്‍ക്കുന്ന സമയമായിരുന്നു അത്‌. 2001-02 സീസണില്‍ കാസിലിനെ ലീഗില്‍ നാലാം സ്ഥാനത്ത്‌്‌ എത്തിക്കാന്‍ ബോബിക്കായി. അടുത്ത സീസണില്‍ മൂന്നാം സ്ഥാനവും ടീം സ്വന്തമാക്കി. 2002 ല്‍ അദ്ദേഹത്തിന്‌ ബ്രിട്ടീഷ്‌ രാഞ്‌ജി സര്‍ പദവി നല്‍കി. 2004 ലെ സീസണിന്റെ തുടക്കത്തില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന്‌ ബോബിയെ ന്യകാസില്‍ പുറത്താക്കി. അപ്പോള്‍ 71 ആയിരുന്നു അദ്ദേഹത്തിന്റെ പ്രായം. 2008 ല്‍ ഐപ്‌സ്‌വിച്ചിലെത്തി. മരണത്തിന്‌ കീഴടങ്ങും വരെ ഫുട്‌ബോളിന്റെ ലോകത്ത്‌ വിശ്രമമില്ലാത്ത ജീവിതമായിരുന്നു ബോബിയുടേത്‌.

പെഹലേ യുസഫ്‌ കാ നിക്കാഹ്‌
ഉസ്‌കെ ബാദ്‌ ഇര്‍ഫാന്‍ ക നിക്കാഹ്‌
ബറോഡ: മഹമൂദ്‌ഖാന്‍ പത്താനും കുടുംബവും ഇപ്പോള്‍ തിരക്കിലാണ്‌.... മൂത്ത മകന്‍ യൂസഫ്‌ പത്താന്‌ വധുവിനെ തേടിയുള്ള തിരക്കില്‍ ഇത്‌ വരെ കുടുംബത്തിന്‌ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ മകന്‍ ഇര്‍ഫാന്‍ സ്വന്തം ജിവിത സഖിയെ കണ്ടെത്തിയ സാഹചര്യത്തിലും അവരുടെ വിവാഹത്തിന്‌ ഗ്രീന്‍ സിഗ്നല്‍ പത്താന്‍ കുടുംബം നല്‍കിയിട്ടുണ്ട്‌. പക്ഷേ നിക്കാഹിന്‌ സമയമായിട്ടില്ലെന്നാണ്‌ മഹമൂദ്‌ഖാന്‍ പറയുന്നത്‌. പെഹലെ യൂസഫ്‌ കാ നിക്കാഹ്‌ ഹോഗ, ഉസ്‌കെ ബാദ്‌ ഇര്‍ഫാന്‍ കാ നിക്കാഹ്‌ ഹോഗ- പിതാവിന്റെ വാക്കുകള്‍.
ഓസ്‌ട്രേലിയയില്‍ ജിവിക്കുന്ന ഇന്ത്യന്‍ വംശജയായ ശിവാംഗിയെ തന്റെ ജീവിതത്തിലേക്ക്‌ ഇര്‍ഫാന്‍ ക്ഷണിച്ച സാഹചര്യത്തില്‍ ഇതിനെ എതിര്‍ക്കാന്‍ പിതാവ്‌ തയ്യാറായിരുന്നില്ല. രണ്ട്‌ മതസ്ഥരാണ്‌ ഇരുവരും. പരമ്പരാഗത സുന്നി വിശ്വാസിയാണ്‌ മെഹമൂദ്‌. മസ്‌ജിദിലെ മുക്രിയായിരുന്ന അദ്ദേഹമാണ്‌ തന്റെ കുട്ടികളെ ക്രിക്കറ്റിന്റെ തിരക്കുളള ലോകത്തേക്ക്‌ വളര്‍ത്തിയത്‌. ആദ്യം ഇര്‍ഫാനും പിന്നെ യൂസഫും രാജ്യത്തിന്റെ പ്രിയപ്പെട്ട താരങ്ങളായപ്പോള്‍ മെഹമൂദ്‌ വന്ന വഴി മറന്നില്ല. ബറോഡയില്‍ വലിയ വീട്‌ വെച്ചിട്ടുണ്ട്‌ പത്താന്മാര്‍. പക്ഷേ മെഹമൂദിന്‌ അതിന്റെ അഹങ്കാരമില്ല.
യൂസഫിന്റെ നിക്കാഹ്‌ ആദ്യം നടത്തണം. അതിന്‌ ശേഷം മാത്രമായിരിക്കും ഇര്‍ഫാന്റെ വിവാഹമുണ്ടാവുകയെന്ന്‌ അദ്ദേഹം വ്യക്തമാക്കി. തന്റെ കുടുംബത്തിലെ എല്ലാവരോടും യുസഫിന്‌ അനുയോജ്യായ വധുവിനെ കണ്ടെത്താന്‍ പറഞ്ഞതായി മെഹമൂദ്‌ഖാന്‍ പറഞ്ഞു. എന്നാല്‍ ഇത്‌ വരെ വിജയമുണ്ടായിട്ടില്ല. യൂസഫ്‌ ഇിനി ആരെയെങ്കിലും കണ്ടെത്തിയാലും ബാപ്പക്ക്‌ എതിര്‍പ്പില്ല.

വിഷി നമ്പര്‍ വണ്‍
മുംബൈ: ഇന്ത്യന്‍ കായികരംഗം ലോകത്തിന്‌ സംഭാവന ചെയ്‌ത മികച്ച താരങ്ങളില്‍ ഒന്നാമന്‍ ആരാണെന്ന ചോദ്യത്തിന്‌ മുന്നില്‍ പല ഉത്തരങ്ങളായിരിക്കും ലഭിക്കുക. പക്ഷേ ഈ ചോദ്യം ടെന്നിസ്‌ സൂപ്പര്‍ താരം ലിയാന്‍ഡര്‍ പെയ്‌സിനോടാണെങ്കില്‍ അദ്ദേഹത്തിന്റെ ഉത്തരം വളരെ പെട്ടെന്ന്‌ വരും-വിശ്വനാഥന്‍ ആനന്ദ്‌. ലോക കായികരംഗത്തിന്‌ ഇന്ത്യ എന്തെങ്കിലും സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അത്‌ വിഷി തന്നെ-സംശയമില്ല, പെയ്‌സിന്റെ ഈ വാക്കുകള്‍ ചിലപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ വേദനിപ്പിച്ചേക്കാം. എന്നാല്‍ സച്ചിനെ താന്‍ അതിയായി ബഹുമാനിക്കുന്നുണ്ടെന്നും വിഷിയോളം ലോകത്തിന്‌ മുന്നില്‍ ഉയര്‍ന്നു നില്‍ക്കാന്‍ സച്ചിന്‌ കഴിഞ്ഞിട്ടില്ലെന്നും പെയ്‌സ്‌ പറയുന്നു. മുപ്പത്തിയാറാം വയസ്സില്‍ നില്‍ക്കുന്ന പെയ്‌സ്‌ വളരെ ചെറിയ പ്രായത്തില്‍ റാക്കറ്റിന്റെ ലോകത്തുണ്ട്‌. പക്ഷേ പത്തൊമ്പതാം വയസ്സില്‍ താന്‍ കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഫോര്‍ഡ്‌ യുനിവേഴ്‌സിറ്റിയില്‍ സ്‌ക്കോളര്‍ഷിപ്പിന്‌ തെരഞ്ഞെടുക്കപ്പെട്ട കാലമായിരുന്നു അത്‌. പത്തൊമ്പതാം വയസ്സില്‍ വീട്ടില്‍ നിന്നും ഒമ്പത്‌ മാസത്തോളം വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ പെയ്‌സിന്‌ എല്ലാം മടുത്തിരുന്നു. പഠനവും കളിയുമായി മുന്നോട്ട്‌ പോവാനാവില്ലെന്നും താന്‍ നാട്ടിലേക്ക്‌ മടങ്ങുകയാണെന്നും പിതാവ്‌ വെസ്‌ പെയ്‌സിനോട്‌ വിളിച്ചുപറഞ്ഞു. നാട്ടിലെത്തി റാക്കറ്റ്‌ ഒരു ഭാഗത്തിട്ട്‌ കളിക്കാന്‍ ഇനി ഞാനില്ലെന്ന്‌ തീര്‍ത്ത്‌ പറഞ്ഞപ്പോള്‍ പിതാവ്‌ എതിര്‍ക്കാന്‍ നിന്നില്ല. ഒ.കെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന്‌ പിതാവ്‌ നീ കളി നിര്‍ത്തരുത്‌ എന്ന്‌ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കളി നിര്‍ത്തുമായിരുന്നു. കാരണം ഞാനൊരു റിബലായിരുന്നു. പിതാവ്‌ എതിര്‍ത്താല്‍ കളിക്കും. പക്ഷേ അദ്ദേഹം എതിര്‍ത്തില്ല. അത്‌ കാരണം കളിക്കാന്‍ തന്നെ തീരുമാനിച്ചു. കഴിഞ്ഞ 23 വര്‍ഷമായി പെയ്‌സ്‌ സജീവമായി ടെന്നിസ്‌ രംഗത്തുണ്ട്‌. 96 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ അദ്ദേഹം നിരവധി തവണ ഡേവിസ്‌ കപ്പില്‍ രാജ്യത്തിന്റെ അഭിമാനമായി. പക്ഷേ ജീവിതത്തിലെ വലിയ നേട്ടം എന്തെന്ന ചോദ്യത്തിനും പെയ്‌സിന്റെ മറുപടി വിത്യസ്‌തമാണ്‌-മകള്‍ അയാന. അവള്‍ക്കിപ്പോള്‍ പ്രായം മൂന്ന്‌ കഴിഞ്ഞിരിക്കുന്നു. ഒരു പിതാവ്‌ എന്നതാണ്‌ വലിയ സന്തോഷം. അവള്‍ക്ക്‌ രണ്ട്‌ മാസമുളളപ്പോഴാണ്‌ യു.എസ്‌ ഓപ്പണ്‍ കളിക്കാന്‍ അവളുമായി പോയത്‌. ജീവിതം നല്‍കിയ എല്ലാ സന്തോഷങ്ങള്‍ക്കും പിറകില്‍ ടെന്നിസാണെന്ന സത്യം മറക്കാനും പെയ്‌സ്‌ ഒരുക്കമല്ല.
ഓസീസിന്‌ വീണ്ടും തകര്‍ച്ച
എഡജ്‌ബാസ്‌റ്റണ്‍: ആഷസ്‌ പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക്‌ ബാറ്റിംഗ്‌ തകര്‍ച്ച. ഒന്നാം ഇന്നിംഗ്‌സില്‍ ഷെയിന്‍ വാട്ട്‌സണും (62), സൈമണ്‍ കാറ്റിച്ചും (46) നല്ല തുടക്കം നല്‍കിയിട്ടും 263 റണ്‍സ്‌ നേടാനാണ്‌ സന്ദര്‍ശകര്‍ക്ക്‌ കഴിഞ്ഞത്‌. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ രണ്ട വിക്കറ്റിന്‌ 67 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. അലിസ്റ്റര്‍ കുക്ക്‌ (0), രവി ബോപ്പാര (23) എന്നിവരാണ്‌ പുറത്തായത്‌. ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ (38), ഇയാന്‍ ബെല്‍ എന്നിവരാണ്‌ ക്രീസില്‍. 80 റണ്‍സിന്‌ അഞ്ച്‌ വിക്കറ്റ്‌ നേടിയ ജെയിംസ്‌ ആന്‍ഡേഴ്‌സണാണ്‌ ഓസ്‌ട്രേലിയയെ തകര്‍ത്തത്‌. ഗ്രയീം ഒനിയന്‍ നാല്‌ വിക്കറ്റ്‌ നേടി.

No comments: