Wednesday, July 29, 2009

TRIPPLE RATNA

ത്രിബിള്‍ രത്‌ന
ന്യൂഡല്‍ഹി: ഇതാദ്യമായി രാജ്യത്തെ പരമോന്നത കായിക പുരസ്‌ക്കാരമായ രാജീവ്‌ ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരം മൂന്ന്‌ പേര്‍ക്ക്‌. നാല്‌ തവണ ലോകപ്പട്ടം സ്വന്തമാക്കിയ വനിതാ ബോക്‌സര്‍ എം.സി മേരികോം, ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ വെങ്കല മെഡല്‍ സമ്മാനിച്ച ബോക്‌സര്‍ വിജേന്ദര്‍ കുമാര്‍, ഗുസ്‌തി താരം സുശീല്‍ കുമാര്‍ എന്നിവര്‍ക്കാണ്‌ ഖേല്‍രത്‌ന പ്രഖ്യാപിച്ചിരിക്കുന്നത്‌. കായിക പുരസ്‌ക്കാരത്തിനുളളവരെ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ ശുപാര്‍ശകളെല്ലാം അംഗീകരിക്കപ്പെട്ടപ്പോള്‍ മലയാളിയായ ഇന്ത്യന്‍ കബഡി ടീം കോച്ച്‌ ഉദയകുമാറിന്‌ ദ്രോണാചാര്യ പുരസ്‌ക്കാരമില്ല. നേരത്തെ മികച്ച പരിശീലകനുളള ദ്രോണാചാര്യ പുരസ്‌ക്കാരത്തിന്‌ ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ ഉദയനുണ്ടായിരുന്നു. എന്നാല്‍ കായികമന്ത്രാലയം ഉദയന്റെ പേര്‌ തള്ളികളയുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരില്‍ ചിലര്‍ ഉത്തേജക വിവാദത്തില്‍ പ്രതിയായതാണ്‌ തിരിച്ചടിയായത്‌. ഈ കാരണം പറഞ്ഞ്‌ തന്നെയാണ്‌ ഉദയനെ തഴഞ്ഞത്‌. മലയാളിയായ അത്‌ലറ്റ്‌ കെ. സിനിമോള്‍ പൗലോസിന്‌ അര്‍ജുന പുരസ്‌ക്കാരമുണ്ട്‌.
ദേശീയ കായിക ദിനമായ ഓഗസ്‌റ്റ്‌ 29 ന്‌ രാഷ്‌ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.
രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ ആദ്യമായാണ്‌ പരമോന്നത പുരസ്‌ക്കാരം മൂന്ന്‌ പേര്‍ക്ക്‌ നല്‍കുന്നത്‌. മൂന്ന്‌ പേരും രാജ്യാന്തര തലത്തില്‍ പ്രകടിപ്പിച്ച മികവാണ്‌ കരുത്തായതെന്ന്‌ സ്‌പോര്‍ട്‌സ്‌ മന്ത്രാലയം പ്രസ്‌താവനയില്‍ വ്യക്തമാക്കി. 1996-97, 2002-03 വര്‍ഷങ്ങളില്‍ ഖേല്‍രത്‌ന രണ്ട്‌ പേര്‍ക്ക്‌ വീതം നല്‍കിയിരുന്നു. നാല്‌ തവണ ലോകകപ്പ്‌ സ്വന്തമാക്കിയ മേരികോമിനെ കഴിഞ്ഞ തവണ ഖേല്‍രത്‌നക്ക്‌ പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം തള്ളപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ നായകനായ മഹേന്ദ്രസിംഗ്‌ ധോണിക്കാണ്‌ കഴിഞ്ഞ വര്‍ഷ ഖേല്‍രത്‌ന സമ്മാനിച്ചത്‌. അദ്ദേഹമാവട്ടെ ബഹുമതി സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. 25 കാരിയായ മേരി അഞ്ച്‌ ലോകകപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്‌. അഞ്ചിലും മെഡലുകള്‍ സ്വന്തമാക്കി. ഇതില്‍ അവസാന നാല്‌ തവണയും 46 കിലോഗ്രാം വിഭാഗത്തില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണമായിരുന്നു. 2004 ല്‍ അര്‍ജുനയും 2006 ല്‍ പത്മശ്രീയും മേരിക്ക്‌ ലഭിച്ചിട്ടുണ്ട്‌.
എനിക്ക്‌ ലഭിച്ച ഏറ്റവും വലിയ പുരസ്‌ക്കാരമാണിത്‌. ഈ നേട്ടം ഒരിക്കലും മറക്കില്ല-ഖേല്‍രത്‌ന തനിക്കാണെന്ന വാര്‍ത്തയറിഞ്ഞയുടന്‍ മണിപ്പൂരുകാരി പറഞ്ഞു. രണ്ട്‌ കുട്ടികളുടെ മാതാവായ മേരി വനിതാ ബോക്‌സിംഗ്‌ അസോസിയേഷന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ കൂടിയാണ്‌.
വിജേന്ദറിനും സൂശീലിനും ഇത്തവണ പുരസ്‌ക്കാരം ഉറപ്പായിരുന്നു. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ രാജ്യത്തിനായി മികച്ച പ്രകടനമാണ്‌ വിജേന്ദറും സൂശീലും നടത്തിയത്‌. ഏഴര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന രാജ്യത്തെ വലിയ പുരസ്‌ക്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ ഇരുവരും പറഞ്ഞു. ഒളിംപിക്‌സ്‌ ചരിത്രത്തില്‍ ബോക്‌സിംഗ്‌ ഇനത്തില്‍ സ്വര്‍ണ്ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതി ബെയ്‌ജിംഗില്‍ സ്വന്തമാക്കിയ വീജേന്ദര്‍ ലോകതലത്തില്‍ തന്നെ 75 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാമനാണ്‌. ചൈനയില്‍ കഴിഞ്ഞ മാസം നടന്ന ഏഷ്യന്‍ ബോക്‌സിംഗ്‌ ചാമ്പ്യന്‍ഷിപ്പിലും വിജേന്ദര്‍ കരുത്ത്‌ പ്രകടിപ്പിച്ചിരുന്നു. ഒളിംപിക്‌സ്‌ ഗുസ്‌തിയില്‍ കരുത്ത്‌ പ്രകടിപ്പിച്ച സുശീല്‍ ജര്‍മന്‍ നഗരമായ ഡോര്‍ട്ട്‌മണ്ടില്‍ കഴിഞ്ഞ മാസം നടന്ന ജര്‍മന്‍ ഗ്രാന്‍ഡ്‌ പ്രി ഗുസ്‌തിയില്‍ സ്വര്‍ണ്ണം നേടിയിരുന്നു.
ക്രിക്കറ്റില്‍ നിന്ന്‌ ഇത്തവണ അര്‍ജുന നേടിയത്‌ ഗൗതം ഗാംഭീര്‍ മാത്രമാണ്‌. കഴിഞ്ഞ ആറ്‌ വര്‍ഷത്തില്‍ ഒരു ക്രിക്കറ്റര്‍ക്കും അര്‍ജുന സമ്മാനിച്ചിട്ടില്ല. ടെസ്‌റ്റ്‌ ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും പോയ വര്‍ഷം ഡല്‍ഹിക്കാരന്‍ പുലര്‍ത്തിയ സ്ഥിരതയാണ്‌ അദ്ദേഹത്തെ പുരസ്‌ക്കാരത്തിന്‌ അര്‍ഹനാക്കിയത്‌. 2003 ല്‍ ഹര്‍ഭജന്‍ സിംഗാണ്‌ അവസാനമായി അര്‍ജുന നേടിയ പുരുഷ ക്രിക്കറ്റര്‍. വനിതാ ക്രിക്കറ്ററായ അഞ്‌ജും ചോപ്രക്ക്‌ 2007 ല്‍ ഈ പുരസ്‌ക്കാരം ലഭിച്ചിരുന്നു.
മലയാളിയായ സിനിമോള്‍ പൗലോസിനും ഇത്‌ അര്‍ഹിക്കുന്ന പുരസ്‌ക്കാരമാണ്‌. ദീര്‍ഘകാലമായി ഇന്ത്യന്‍ കായിരംഗത്ത്‌ നിറഞ്ഞ്‌ നില്‍ക്കുന്ന താരമാണ്‌ സിനി. വനിതാ ബാഡ്‌മിന്റണില്‍ പെട്ടെന്നുദിച്ച താരമാണ്‌ സൈന. ഇന്തോനേഷ്യന്‍ ഓപ്പണ്‍ ടെന്നിസ്‌ ഉള്‍പ്പെടെ പല കിരീടങ്ങളും ഇതിനകം സൈന നേടിയിട്ടുണ്ട്‌. സൈനയുടെ കോച്ചായ ഗോപീചന്ദിനും പുരസ്‌ക്കാരമുണ്ട്‌.
കായികമേളക്ക്‌ പ്രോല്‍സാഹനം നല്‍കുന്നവര്‍ക്കായി ഇത്തവണ മുതല്‍ പുതിയ ഒരു പുരസ്‌ക്കാരവും കായിക മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്‌-രാഷട്രീയ ഖേല്‍ പ്രോല്‍സാഹന്‍ പുരസ്‌ക്കാര്‍. കായികക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍, സ്‌പോര്‍ട്‌സ്‌ അക്കാദമികള്‍ക്ക്‌ പ്രോല്‍സാഹനം നല്‍കുന്നവര്‍, സ്‌പോര്‍ട്‌സ്‌ താരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നവര്‍, സ്‌പോര്‍ട്‌സ്‌ താരങ്ങള്‍ക്ക്‌ ജോലി നല്‍കുന്നവര്‍ എന്നിവരെയാണ്‌ ഈ വിഭാഗത്തില്‍ പരിഗണിക്കു്‌ന്നത്‌. ഇത്തവണ ടാറ്റ്‌ സ്റ്റീല്‍ ലിമിറ്റഡ്‌, റെയില്‍വേ സ്‌പോര്‍ട്‌സ്‌ പ്രൊമോഷന്‍ ബോര്‍ഡ്‌ എന്നിവര്‍ക്കാണ്‌ പ്രോല്‍സാഹന്‍ പുരസ്‌ക്കാരങ്ങള്‍.

ബഹുമതിക്ക്‌ അര്‍ഹരായവര്‍ ഇവരാണ്‌
രാജീവ്‌ ഗാന്ധി ഖേല്‍രത്‌ന: എം.സി മേരി കോം (ബോക്‌സിംഗ്‌), വിജേന്ദര്‍ സിംഗ്‌ (ബോക്‌സിംഗ്‌), സുശീല്‍ കുമാര്‍ (ഗുസ്‌തി)
അര്‍ജുന അവാര്‍ഡ്‌: മംഗള്‍ സിംഗ്‌ ചാപ്പിയ (ആര്‍ച്ചറി), കെ.സിനിമോള്‍ പൗലോസ്‌ (അത്‌ലറ്റിക്‌സ്‌), സൈന നെഹ്‌വാള്‍ (ബാഡ്‌മിന്റണ്‍), എല്‍. സരിതാ ദേവി (ബോക്‌സിംഗ്‌), താനിയ സച്ച്‌ദേവ്‌ (ചെസ്സ്‌), ഗൗതം ഗാംഭഈരക്‌# (ക്രിക്കറ്റ്‌), ഇഗ്‌ നേസ്‌ ടിര്‍ക്കെ (ഹോക്കി), സുരീന്ദര്‍ കൗര്‍ (ഹോക്കി), പങ്കജ്‌ ശ്രീസാത്ത്‌(കബഡി), പോരു്‌# ഡി പാര്‍മര്‍ (ബാഡ്‌മിന്റണ്‍-വികാലംഗ വിഭാഗം), സതിഷ്‌ ജോഷി (റോവിംഗ്‌), രഞ്‌ജന്‍ സോഥി (ഷൂട്ടിംഗ്‌), പൗലമി ഘധട്ടക്‌ (ടേബിള്‍ ടെന്നിസ്‌),യേഗേശ്വര്‍ ദത്ത്‌ (ഗുസ്‌കതി), ജി.എല്‍ യാദവ്‌ (യാട്ടിംഗ്‌).
ദ്രോണാചാര്യ അവാര്‍ഡ്‌: ബല്‍ദേവ്‌ സിംഗ്‌ (ഹോക്കി), ജയ്‌ദേവ്‌ ബിഷഅത്‌ (ബോക്‌സിംഗ്‌), സത്‌പാല്‍ (ഗുസ്‌തി), പുലേലു ഗോപീചന്ദ്‌ (ബാഡ്‌മിന്റണ്‍).
ധ്യാന്‍ചന്ദ്‌ അവാര്‍ഡ്‌: ഇഷാര്‍ സിംഗ്‌ ദിയോള്‍ (അത്‌ലറ്റിക്‌സ്‌), സത്‌ബീര്‍ സിംഗ്‌ ധാഹിയ (ഗുസ്‌തി)
രാഷ്ട്രീയ ഖേല്‍ പ്രോല്‍സാഹന്‍ പുരസ്‌ക്കാര്‍ : ടാറ്റ സ്റ്റീല്‍ ലീമിറ്റഡ്‌, റെയില്‍വേ സ്‌പോര്‍ട്‌സ്‌ പ്രൊമോഷന്‍ ബോര്‍ഡ്‌.

ബംഗ്ലാ ചരിതം
ഡൊമിനിക്ക: വിന്‍ഡീസില്‍ വീണ്ടും ബംഗ്ലാ ചരിതം.... ടെസ്‌റ്റ്‌ പരമ്പരക്ക്‌ പിറകെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും കടുവകള്‍ക്ക്‌ സ്വന്തം. മൂന്ന്‌ മല്‍സര ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ മൂന്ന്‌ വിക്കറ്റിന്റെ വിജയം രുചിച്ചാണ്‌ ബംഗ്ലാദേശ്‌ വിന്‍ഡീസിനെതിരെ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കിയത്‌. ആദ്യ മല്‍സരത്തില്‍ അനായാസം ജയിച്ച സന്ദര്‍ശകര്‍ രണ്ടാം മല്‍സരത്തില്‍ വലിയ സ്‌ക്കോര്‍ പിന്തുടര്‍ന്നാണ്‌ വിജയം നേടിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ആതിഥേയര്‍ ഡൗണ്‍ലിന്റെ സെഞ്ച്വറിയില്‍ അഞ്ച്‌ വിക്കറ്റിന്‌ 274 റണ്‍സ്‌ നേടിയിരുന്നു. എന്നാല്‍ ഒരിക്കല്‍ക്കൂടി ക്യാപ്‌റ്റന്‍ ഷാക്കിബ്‌ അല്‍ ഹസന്‍ മുന്‍ നായകന്‍ മുഹമ്മദ്‌ അഷറഫുലിനൊപ്പം കസറിയപ്പോള്‍ ആറ്‌ പന്തുകള്‍ ബാക്കിനില്‍ക്കെ കടുവകള്‍ വിജയം കണ്ടു.
ടെസ്‌റ്റ്‌ പരമ്പരയിലെ രണ്ട്‌ മല്‍സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ്‌ ആദ്യ ഏകദിനത്തില്‍ പ്രകടിപ്പിച്ച അതേ മികവാണ്‌ ആവര്‍ത്തിച്ചത്‌. പതുക്കെ പ്രതികരിച്ച പിച്ചിനെ ക്ഷമയോടെ നേരിട്ടാണ്‌ ഷാക്കിബും അഷറഫുലും ടീമിനെ വിജയത്തിലേക്ക്‌ നയിച്ചത്‌. ഷാക്കിബ്‌ ഒരിക്കല്‍ക്കൂടി തന്റെ ഓള്‍റൗണ്ട്‌ മികവ്‌ തെളിയിച്ചു. വിന്‍ഡീസ്‌ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ വിക്കറ്റ്‌ നേടിയ നായകന്‍ ക്ഷമയോടെ നേടിയ 65 റണ്‍സില്‍ ടീം വിജയിക്കുകയും ചെയ്‌തു. മാന്‍ ഓഫ്‌ ദ മാച്ച്‌ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അദ്ദേഹം സ്വന്തമാക്കി.
മൂന്നാം വിക്കറ്റില്‍ അഷറഫുലും റഖീബുല്‍ ഹസനും ചേര്‍ന്ന്‌ സ്വന്തമാക്കിയ സെഞ്ച്വറി സഖ്യമാണ്‌ വിജയത്തിന്‌ അടിത്തറയിട്ടത്‌. ഓപ്പണര്‍മാര്‍ പെട്ടെന്ന്‌ പുറത്തായ ശേഷമാണ്‌ ഇരുവരും കരുതലോടെ കളിച്ചത്‌. ബെര്‍ണാര്‍ഡ്‌ എറിഞ്ഞ മല്‍സരത്തിലെ ഇരുപത്തിയെട്ടാം ഓവറില്‍ ബൗണ്ടറിയോടെ ആക്രമണത്തിന്‌ തുടക്കമിട്ട അഷറഫുല്‍ റൗള്‍ ലെവിസിനെതിരെ സിക്‌സറും നേടിയപ്പോള്‍ മല്‍സരത്തിന്‌ ആവേശമായി. എന്നാല്‍ മറ്റൊരു സിക്‌സറിനുളള ശ്രമത്തില്‍ അദ്ദേഹം പുറത്തായി.
അഷറഫുല്‍ പുറത്താവുമ്പോള്‍ ബംഗ്ലാദേശിന്‌ വിജയിക്കാന്‍ 85 റണ്‍സ്‌ കൂടി വേണ്ടിയിരുന്നു. അവസരത്തിനൊത്തുയര്‍ന്നുള്ള ബാറ്റിംഗില്‍ ഷാക്കിബ്‌ ഐസ്‌മാന്‍ എന്ന വിശേഷണം തനിക്ക്‌ യോജിക്കുമെന്ന്‌ തെളിയിച്ചു. വിജയിക്കാന്‍ 56 റണ്‍സ്‌ ആവശ്യമുളള ഘട്ടത്തില്‍ ബാറ്റിംഗ്‌ പവര്‍ പ്ലേ എടുത്താണ്‌ ഷാക്കിബ്‌ പെട്ടെന്ന്‌ റണ്‍സ്‌ നേടിയത്‌.

ഓസീസ്‌ സമ്മര്‍ദ്ദം
എജ്‌ബാസ്‌റ്റണ്‍: ടെസ്‌റ്റ്‌ ക്രിക്കറ്റിലും ഓസ്‌ട്രേലിയയുടെ കാലം കഴിയുകയാണോ...? ആഷസ്‌ പരമ്പരയിലെ മൂന്നാം ടെസ്റ്റിന്‌ ഇന്ന്‌ ഇവിടെ തിരശ്ശീല ഉയരുമ്പോള്‍ ചോദ്യശരങ്ങള്‍ക്ക്‌ മുന്നിലാണ്‌ റിക്കി പോണ്ടിംഗ്‌. 75 വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം ലോര്‍ഡ്‌സില്‍ വെച്ച്‌ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായതിന്റെ കരുത്തില്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ നയിക്കുന്ന ഇംഗ്ലീഷ്‌ സംഘം ഇന്നിറങ്ങുന്നത്‌ ആത്മവിശ്വാസത്തിലാണ്‌. കെവിന്‍ പീറ്റേഴ്‌സണ്‍ പരുക്ക്‌ കാരണം പുറത്തായത്‌ ടീമിനെ ബാധിച്ചിട്ടില്ല. പകരം കളിക്കുന്ന ഇയാന്‍ ബെല്‍ ഇടവേളക്ക്‌ ശേഷം തനിക്ക്‌ ലഭിച്ച അവസരം ഉപയോഗപ്പെടുത്തുമെന്ന്‌ സ്‌ട്രോസ്‌ പറയുന്നതില്‍ തന്നെ ആത്മവിശ്വാസം പ്രകടമാണ്‌.
ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ സമീപകാല ടെസ്റ്റ്‌ പരമ്പരയില്‍ തോല്‍വി രുചിച്ച ഓസീ സംഘത്തിന്‌ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്‌ സമ്മാനിച്ചത്‌ ഷോക്ക്‌ ട്രീറ്റ്‌മെന്റായിരുന്നു. കാര്‍ഡിഫില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിജയത്തിന്‌ അരികിലെത്തിയിട്ടും പഴയ കില്ലിംഗ്‌ ഇന്‍സ്‌ട്രിംട്‌ പ്രകടിപ്പിക്കാന്‍ കഴിയാതെ സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശയാണ്‌ ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിയയെ ബാധിച്ചത്‌. ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ എന്ന കൂറ്റന്‍ ഓള്‍റൗണ്ടറുടെ ഫോമും ലോര്‍ഡ്‌സില്‍ പ്രകടിപ്പിച്ച മികവിനൊപ്പം ഓസ്‌ട്രേലിയയെ ഇല്ലാതാക്കാമെന്ന വിശ്വാസവും ഇംഗ്ലണ്ടിന്‌ ഊര്‍ജ്ജേമേകുന്നു.
ഗ്ലെന്‍ മക്‌ഗ്രാത്ത്‌, ഷെയിന്‍ വോണ്‍ തുടങ്ങിയവരെല്ലാം വിരമിച്ച ശേഷം ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കാരുടെ അപരാജിത ടീം എന്ന ഖ്യാതി ഇല്ലാതായിട്ടുണ്ട്‌. ഇന്ത്യന്‍ ടീം പലവട്ടം ഓസ്‌ട്രേലിയക്കാരെ മുട്ടുകുത്തിച്ചിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കയും കരുത്ത്‌ തെളിയിച്ചു. സ്റ്റീവ്‌ വോയെ പോലുള്ളവര്‍ നയിച്ച ഓസീസ്‌ ടീമിനെ പരാജയപ്പെടുത്തുക എളുപ്പമല്ലായിരുന്നു. എന്നാല്‍ ഇന്നത്തെ ഓസീസ്‌ ടീമിനെ പരാജയപ്പെടുത്തുക വലിയ ജോലിയല്ലെന്നാണ്‌ സ്‌ട്രോസ്‌ ഇന്നലെ പറഞ്ഞത്‌. ഈ സത്യത്തെ പോണ്ടിംഗ്‌ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.
മൂന്നാം ടെസ്‌റ്റിലും വീഴ്‌ച്ച സംഭവിച്ചാല്‍ ഓസ്‌ട്രേലിയക്ക്‌ പിന്നെ പരമ്പരയില്‍ തിരിച്ചുവരാന്‍ കഴിയില്ല. ബൗളിംഗാണ്‌ ടീമിന്‌ പ്രധാന പ്രശ്‌നം. മക്‌ഗ്രാത്തും വോണും വിരമിച്ച ശേഷം അതേ പ്രഹരശേഷിയുള്ളവര്‍ ടീമില്ലില്ല. മിച്ചല്‍ ജോണ്‍സണ്‍, ബ്രെട്ട്‌ ലീ എന്നിവരിലായിരുന്നു പോണ്ടിംഗിന്റെ പ്രതീക്ഷ. പക്ഷേ ലീ പരുക്ക്‌ കാരണം പുറത്തായി. മിച്ചലിനെയാവട്ടെ ഇംഗ്ലീഷുകാര്‍ കാര്യമായി പ്രഹരിക്കുന്നുണ്ട്‌. സ്‌പിന്നര്‍മാരായ നതാന്‍ ഹൗറിറ്റ്‌സിനും മൈക്കല്‍ ക്ലാര്‍ക്കിനും വിക്കറ്റുകള്‍ ലഭിക്കുന്നില്ല. ബാറ്റിംഗിലും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു. ടീമെന്ന നിലയില്‍ ഒരിക്കല്‍ പോലും ക്ലിക്‌ ചെയ്യാന്‍ കഴിയുന്നില്ല. മുമ്പ്‌ വാലറ്റത്തില്‍ തട്ടുതകര്‍പ്പന്‍ ഷോട്ടുകള്‍ പായിക്കാന്‍ ഗില്‍ക്രൈസ്റ്റ്‌ ഉണ്ടായിരുന്നു. ടീമിന്‌ നല്ല തുടക്കം നല്‍കാന്‍ ജസ്റ്റിന്‍ ലാംഗറും മാത്യൂ ഹെയ്‌ഡനുമെല്ലാമുണ്ടായിരുന്നു. ഇവര്‍ക്ക്‌ പകരമെത്തിയവരെല്ലാം സമ്മര്‍ദ്ദത്തില്‍ പതറുമ്പോള്‍ വിശ്വസ്‌തനായ പോണ്ടിംഗിനും വലിയ സ്‌ക്കോര്‍ കണ്ടെത്താന്‍ കഴിയുന്നില്ല.
എജ്‌ബാസ്‌റ്റണില്‍ കാലാവസ്ഥ ചിലപ്പോള്‍ പ്രശ്‌നമായേക്കാം. ഇന്നലെയും മൂടികെട്ടിയ അന്തരീക്ഷമായിരുന്നു.

ആദ്യ ഗോള്‍
മാഡ്രിഡ്‌: റയല്‍ മാഡ്രിഡിന്‌ വേണ്ടി കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന്‌ ആദ്യഗോള്‍. അതും പെനാല്‍ട്ടി കിക്കില്‍ നിന്ന്‌. പീസ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്നലെ ലീഗാ ഡി ക്വിറ്റോക്കെതിരായ മല്‍സരത്തില്‍ റയല്‍ 4-2ന്‌ ജയിച്ചത്‌ പോര്‍ച്ചുഗല്‍ സൂപ്പര്‍താരത്തിന്റെ മികവിലായിരുന്നു. റയലില്‍ എത്തിയ ശേഷം മൂന്ന്‌ സൗഹൃദ മല്‍സരങ്ങളാണ്‌ റൊണാള്‍ഡോ കളിച്ചത്‌. ആദ്യം ഐറിഷ്‌ ടീമിനെതിരെ. പിന്നെ പീസ്‌ കപ്പില്‍ സൗദി ക്ലബായ ഇത്തിഹാദിനെതിരെ. ഈ രണ്ട്‌ മല്‍സരത്തിലും നിരാശ സമ്മാനിച്ച അദ്ദേഹത്തിന്‌ ഇന്നലെ പക്ഷേ കാണികളുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ കഴിഞ്ഞു. നാല്‍പ്പത്തിയെട്ടാം മിനുട്ടിലായിരുന്നു പെനാല്‍ട്ടി ഗോള്‍. റൊണാള്‍ഡോയെ ക്വിറ്റോ ഡിഫന്‍ഡര്‍ നോര്‍ബെര്‍ട്ടോ അരാജു പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ വീഴ്‌്‌ത്തിയപ്പോള്‍ അനുവദിക്കപ്പെട്ട സ്‌പോട്ട്‌ കിക്ക്‌ ലക്ഷ്യത്തിലെത്തി. അമ്പത്തിമൂന്നാം മിനുട്ടില്‍ ടീം നേടിയ രണ്ടാം ഗോളിലും റൊണാള്‍ഡോക്ക്‌ പങ്കുണ്ടായിരുന്നു.

അഫ്രീദി നായകന്‍
ലാഹോര്‍: പാക്കിസ്‌താന്‍ 20-20 ടീമിനെ നയിക്കാന്‍ ഷാഹിദ്‌ അഫ്രീദി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കക്കെതിരെ നടക്കുന്ന 20-20 മല്‍സരത്തില്‍ അദ്ദേഹമായിരിക്കും ലോക ചാമ്പ്യന്മാരെ നയിച്ചിറങ്ങുക. ഇംഗ്ലണ്ടിലെ ലോകകപ്പ്‌ നേട്ടത്തിന്‌ ശേഷം യൂനസ്‌ഖാന്‍ 20-20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ അഫ്രീദിയെ നായകനാക്കിയത്‌. പാക്കിസ്‌താന്‍ ദേശീയ സംഘത്തില്‍ കഴിഞ്ഞ പതിമൂന്ന്‌ വര്‍ഷമായി കളിക്കുന്ന അഫ്രീദിക്ക്‌ ഇതാദ്യമായാണ്‌ നായകപ്പട്ടം ലഭിക്കുന്നത്‌. ആഭ്യന്തര ക്രിക്കറ്റില്‍ പലവട്ടം പല ടീമുകളെ നയിച്ചിട്ടുള്ള അഫ്രീദിക്ക്‌ പക്ഷേ ദേശീയ തലത്തില്‍ പ്രധാന പദവി ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ അപക്വതയായിരുന്നു വില്ലന്‍. ഇന്‍സമാമുല്‍ഹഖ്‌ കഴിഞ്ഞ ലോകകപ്പിന്‌ ശേഷം വിരമിച്ചപ്പോള്‍ സ്വാഭാവിക ചോയിസായി അഫ്രീദി വരുമെന്നാണ്‌ കരുതിയത്‌. പക്ഷേ ഷുഹൈബ്‌ മാലിക്കിനായിരുന്നു അവസരം. മാലിക്കിന്‌ പകരം യൂനസ്‌ വന്നപ്പോഴും അഫ്രീദി കാഴ്‌ച്ചക്കാരനായി. ഒടുവിലിതാ ഇപ്പോള്‍ അഫ്രീദിക്കും നായകപ്പട്ടം.

അത്‌ ശരിയായില്ല
ബറോഡ: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിനുളള ഇന്ത്യന്‍ ടീമിന്റെ മുപ്പതംഗ സാധ്യതാ സംഘത്തില്‍ ഇര്‍ഫാനെ ഉള്‍പ്പെടുത്താതിരുന്നത്‌ തെറ്റായ നടപടിയാണെന്ന്‌ യൂസഫ്‌ പത്താന്‍. മൈതാനത്തിന്‌ പുറത്തെ കളിയിലാണ്‌ അനുജന്‍ പുറത്തായതെന്നാണ്‌ ചേട്ടന്റെ പക്ഷം. ഇര്‍ഫാന്റെ പ്രകടനം എന്നും ഉയരത്തിലായിരുന്നു. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പുറത്തിരുത്താന്‍ കഴിയില്ല. എല്ലാവര്‍ക്കുമറിയാമല്ലോ എന്താണ്‌ സംഭവിക്കുന്നതെന്ന്‌.... ഇതില്‍ ഞാനെന്ത്‌ പറയാനാണ്‌... നിങ്ങള്‍ പത്രക്കാര്‍ തന്നെ പറയുക എന്താണ്‌ സംഭവിച്ചതെന്ന്‌-യൂസഫിന്റെ വാക്കുകള്‍.

No comments: