Monday, July 13, 2009

THIS IS PAKISTAN


ഇതാണ്‌ പാക്കിസ്‌താന്‍
കൊളംബോ: ഇതാണ്‌ പാക്കിസ്‌താന്‍...! ഒരു നാള്‍ തകര്‍ന്നടിയുന്നവര്‍ മറുനാളില്‍ ശക്തമായി തിരിച്ചുവരുന്നു.. ! ഒരിക്കല്‍പ്പോലും പ്രവചിക്കാന്‍ കഴിയാത്ത ടീമെന്ന്‌ ക്രിക്കറ്റ്‌ ലോകം വിശേഷിപ്പിച്ച പത്താന്‍ സംഘം ഇന്നലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം അതിനാടകീയമായി തിരിച്ചുവന്നപ്പോള്‍ മല്‍സരം ഏകപക്ഷീയതയില്‍ നിന്നും ആവേശത്തിലേക്ക്‌ വഴിമാറുകയാണ്‌. ഒന്നാം ഇന്നിംഗ്‌സില്‍ കേവലം 90 റണ്‍സിന്‌ തകര്‍ന്ന പാക്കിസ്‌താന്‍ സംഘം ബൗളിംഗ്‌, ഫീല്‍ഡിംഗ്‌, ബാറ്റിംഗ്‌ കരുത്തിലുടെ തിരിച്ചെത്തി രണ്ടാം ദിവസം പിരിയുമ്പോള്‍ ഡ്രൈവിംഗ്‌ സീറ്റിലാണ്‌. ലങ്കന്‍ ഒന്നാം ഇന്നിംഗ്‌സ്‌ 240 റണ്‍സില്‍ അവസാനിപ്പിച്ച സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്‌സില്‍ കന്നിക്കാരന്‍ ഫവാദ്‌ ആലമിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 178 റണ്‍സ്‌ എന്ന നിലയിലാണ്‌. മല്‍സരം മൂന്ന്‌ നാള്‍ ശേഷിക്കവെ 28 റണ്‍സിന്റെ ലീഡ്‌ പാക്കിസ്‌താനുണ്ട്‌. ഒമ്പത്‌ വിക്കറ്റുകള്‍ ശേഷിക്കവെ രണ്ടാം ഇന്നിംഗ്‌സില്‍ വലിയ സ്‌ക്കോര്‍ നേടാനായാല്‍ പരമ്പരയിലേക്ക്‌ ടീമിനു തിരിച്ചുവരാം. പ്രേമദാസയില്‍ നാലാം ഇന്നിംഗ്‌സില്‍ വലിയ സ്‌ക്കോര്‍ സ്വന്തമാക്കി വിജയിക്കാന്‍ ഇത്‌ വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്ന സത്യവും, പൊട്ടി പൊളിയുന്ന പിച്ചും ലങ്കയെ തുറിച്ചു നോക്കുന്നുണ്ട്‌.
ഗാലിയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ആദ്യ മൂന്ന്‌ ദിവസവും കരുത്തോടെ കുതിച്ച പാക്കിസ്‌താന്‍ നാലം ദിവസത്തിലെ മൂന്ന്‌ മണിക്കൂറിലാണ്‌ തകര്‍ന്നതും തോല്‍വി വാങ്ങിയതും. ആ അനുഭവത്തില്‍ നിന്ന്‌ അവര്‍ ഒന്നും പഠിച്ചിട്ടില്ല എന്ന്‌ തെളിയിക്കുന്നതായിരുന്നു ഇവിടെ ആദ്യദിവസത്തെ പ്രകടനം. പക്ഷേ രണ്ടാം ദിനത്തില്‍ അതിമനോഹരമായി പന്തെറിഞ്ഞ ഉമര്‍ ഗുലും, അദ്ദേഹത്തിന്‌ ഉറച്ച പിന്തുണ നല്‍കിയ സ്‌പിന്നര്‍ സയദ്‌ അജ്‌മലും പിന്നെ ഫീല്‍ഡിംഗുമായപ്പോള്‍ ലങ്കന്‍ ബാറ്റിംഗ്‌ വെള്ളം കുടിച്ചു. ഗാലിയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ഗുല്‍ റിവേഴ്‌സ്‌ സ്വിംഗുകള്‍ മനോഹരമാക്കിയതിനൊപ്പം ഒരിക്കല്‍പ്പോലും ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കൈകള്‍ സ്വതന്ത്രമാക്കാന്‍ അവസരം നല്‍കിയില്ല. റണ്ണപ്പില്‍ നേരിയ മാറ്റം വരുത്തി, വിക്കറ്റ്‌ ടു വിക്കറ്റ്‌ പന്തെറിഞ്ഞ ഗുലിനെ മറുഭാഗത്ത്‌ സഹായിക്കാന്‍ അജ്‌മലുണ്ടായിരുന്നു. തുടര്‍ച്ചയായി പന്തെറിഞ്ഞ അജ്‌മലിന്‌ മുന്നില്‍ വാലറ്റ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ റണ്‍സ്‌ നേടുക എളുപ്പമായിരുന്നില്ല. ശ്രീലങ്കന്‍ മണ്ണില്‍ ഇത്‌ വരെ ഒരു ടെസ്റ്റ്‌ പരമ്പര പാക്കിസ്‌താന്‌ നഷ്ടമായിട്ടില്ല എന്ന തിരിച്ചറിവില്‍ യൂനസ്‌ഖാന്‍ തന്റെ സൈന്യത്തെ ഭംഗിയായാണ്‌ ഉപയോഗപ്പെടുത്തിയത്‌. രണ്ടാം ദിവസം പോരാട്ടം ആരംഭിക്കുമ്പോള്‍ സെഞ്ച്വറി ലക്ഷ്യമിട്ട്‌ ലങ്കന്‍ നായകന്‍ സങ്കക്കാര ക്രീസിലുണ്ടായിരുന്നു. ഉമര്‍ ഗുലിന്‌ പന്ത്‌ നല്‍കുമ്പോള്‍ യൂനസ്‌ ഒരു കാര്യം മാത്രമാണ്‌ നിര്‍ദ്ദേശിച്ചത്‌-സ്വാതന്ത്ര്യം നല്‍കരുത്‌. ക്യാപ്‌റ്റന്റെ വാക്കുകള്‍ കേട്ട ഗുല്‍ രണ്ടാം ഓവറില്‍ തന്നെ സങ്കയെ മടക്കി. 87 റണ്‍സാണ്‌ നായകന്‍ കരസ്ഥമാക്കിയത്‌. സങ്കക്കാര പുറത്തായതോടെ വാലറ്റം ചിന്നഭിന്നമായി. 52 റണ്‍സിനിടെ ശേഷിക്കുന്ന എല്ലാ വിക്കറ്റുകളും നിലംപതിച്ചു. ഫീല്‍ഡിംഗ്‌ കാര്യത്തിലും പാക്കിസ്‌താന്‍ മുന്നിട്ടുനിന്നു. മുഹമ്മദ്‌ ആമിറിന്റെ നേരിട്ടുളള ത്രോയില്‍ തിലാന്‍ സമരവീര റണ്ണൗട്ടായതാണ്‌ പാക്കിസ്‌താന്‌ നല്ല തുടക്കമായത്‌. ഗുല്‍ 43 റണ്‍സിന്‌ നാല്‌ പേരെ പുറത്താക്കിയപ്പോള്‍ 87 റണ്‍സിന്‌ അജ്‌മല്‍ നാല്‌ വിക്കറ്റുകള്‍ സ്വന്തമാക്കി.
150 റണ്‍സിന്റെ കമ്മിയുമായി രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച പാക്കിസ്‌താന്‌ വേണ്ടി ഫവാദ്‌ ആലമിന്റെ പോരാട്ടമായിരുന്നു. ഗാലി ടെസ്‌റ്റില്‍ ആലമിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്ത ടീം മാനേജ്‌മെന്റ്‌ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ സല്‍മാന്‌ ഭട്ടിന്‌ പകരം കളിച്ച ആലം തന്റെ ബാറ്റിംഗ്‌ കരുത്ത്‌ ആവര്‍ത്തിച്ചു തെളിയിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഖുറം മന്‍സൂറിനൊപ്പം 85 റണ്‍സാണ്‌ ആലം സ്വന്തമാക്കിയത്‌. ഒന്നാം ഇന്നിംഗ്‌സില്‍ പാക്കിസ്‌താന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മുന്നില്‍ വിലങ്ങുതടിയായി നിന്ന നുവാന്‍ കുലശേഖരക്ക്‌ ഇന്നലെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ആലമിന്റെ പാഡിലേക്കാണ്‌ നിരന്തരം കുലശേഖര പന്തെറിഞ്ഞത്‌.
പതറാതെ ബാറ്റ്‌ ചെയ്‌ത ആലം കന്നി സെഞ്ച്വറിയിലേക്ക്‌ രാജകീയമായാണ്‌ നീങ്ങിയത്‌. രംഗനാ ഹെറാത്തിനെ സിക്‌സറിന്‌ പറത്തി 92 ല്‍ നിന്നും 98 ലെത്തിയ ആലം അധികസമയം കാത്തുനില്‍ക്കാതെ മൂന്നക്കം തികച്ചു. വിദേശ മണ്ണില്‍ വെച്ച്‌ പാക്കിസ്‌താന്‌ വേണ്ടി കന്നി ടെസ്റ്റ്‌ സെഞ്ച്വറി സ്വന്തമാക്കുന്ന താരമാണ്‌ ആലം. 102 റണ്‍സുമായി ക്രീസിലുള്ള ആലമിനൊപ്പം 35 റണ്‍സുമായി യൂനസ്‌ ഖാനാണ്‌ ക്രീസില്‍.

കടുവകള്‍ ഡ്രൈവിംഗ്‌ സീറ്റില്‍
കിംഗ്‌സ്‌ടൗണ്‍: ഓപ്പണര്‍ തമീം ഇഖ്‌ബാലിന്റെ കന്നി ടെസ്റ്റ്‌ സെഞ്ച്വറിയില്‍ വിന്‍ഡീസിനെതിരായ ആദ്യ ടെസ്‌റ്റില്‍ ബംഗ്ലാദേശ്‌ ഡ്രൈവിംഗ്‌ സീറ്റിലെത്തി. 128 റണ്‍സ്‌ സ്വന്തമാക്കിയ ഇഖ്‌ബാല്‍ നല്‍കിയ കരുത്തില്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ 252 റണ്‍സിന്റെ ലീഡിലാണ്‌ സന്ദര്‍ശകര്‍. മല്‍സരം ഒരു ദിവസം ശേഷിക്കവെ വിന്‍ഡീസ്‌ നിരയിലെ പത്ത്‌ വിക്കറ്റുകളും സ്വന്തമാക്കിയാല്‍ മഷ്‌റഫെ മൊര്‍ത്തസയുടെ കടുവകള്‍ക്ക്‌ കരീബിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ്‌ വിജയം സ്വന്തമാക്കാം. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ ടോട്ടലായ 238 റണ്‍സിനെതിരെ വിന്‍ഡീസ്‌ 307 റണ്‍സ്‌ സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബുദ്ധിപൂര്‍വ്വം കളിച്ച ബംഗ്ലാദേശ്‌ ഇന്നലെ അവസാന സെഷനില്‍ മാത്രമാണ്‌ ആക്രമിച്ചത്‌. ഇഖ്‌ബാലിനൊപ്പം 78 റണ്‍സുമായി ജുനൈദ്‌ സിദ്ദിഖിയും പൊരുതിനിന്നു. ഈ സഖ്യം 146 റണ്‍സാണ്‌ സ്വന്തമാക്കിയത്‌.
വിന്‍ഡീസ്‌ നിരയിലെ സീനിയര്‍ താരങ്ങള്‍ ക്രിക്കറ്റ്‌ ബോര്‍ഡുമായുളള പ്രശ്‌നത്തില്‍ വിട്ടുനില്‍
ക്കുന്നത്‌ കാരണം പുതിയ നായകന്‌ കീഴില്‍ പുതിയ സംഘമാണ്‌ വിന്‍ഡീസിനെ പ്രതിനിധീകരിക്കുന്നത്‌. ഈ ടീമിനെ എളുപ്പത്തില്‍ വിരട്ടാമെന്നാണ്‌ ബംഗ്ലാദേശ്‌ കരുതിയത്‌. പക്ഷേ ഒന്നാം ഇന്നിംഗ്‌്‌സില്‍ ബംഗ്ലാ ബാറ്റ്‌സ്‌മാന്മാരെ വിന്‍ഡീസിന്റെ പുതിയ സീമര്‍മാര്‍ വരിഞ്ഞ്‌ മുറുക്കി. രണ്ടാം ഇന്നിംഗ്‌സില്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ എളുപ്പമല്ലെന്ന്‌ മനസ്സിലാക്കിയാണ്‌ ഇഖ്‌ബാലും സംഘവും ബാറ്റേന്തിയത്‌. രണ്ട്‌ ഇന്നിംഗ്‌സിലും പക്ഷേ മുന്‍ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ അഷറഫുല്‍ പരാജയമായി.

മൊര്‍ത്തസക്ക്‌ പരുക്ക്‌
കിംഗ്‌സ്‌ടൗണ്‍: ഗ്രാനഡയുടെ ആസ്ഥാനമായ സെന്റ്‌ ജോര്‍ജ്ജിലെ നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്‌ച്ച മുതല്‍ ആരംഭിക്കുന്ന വിന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റിനുളള ബംഗ്ലാദേശ്‌ സംഘത്തില്‍ ക്യാപ്‌റ്റന്‍ മഷ്‌റഫെ മൊര്‍ത്തസ കളിക്കുന്ന കാര്യം സംശയത്തില്‍. ഇവിടെ നടക്കുന്ന ഒന്നാം ടെസ്‌റ്റിന്റെ മൂന്നാം ദിനത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെ പരുക്കേറ്റ മൊര്‍ത്തസ ഇന്ന്‌ സ്‌കാനിംഗിന്‌ വിധേയനാവും. മൊര്‍ത്തസക്ക്‌ പകരം ഫാസ്റ്റ്‌ ബൗളര്‍ നസ്‌മുല്‍ ഹുസൈനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്നലെ നസ്‌മുല്‍ ധാക്കയില്‍ നിന്നും സെന്റ്‌ ജോര്‍ജ്ജിലേക്ക്‌ യാത്ര തിരിച്ചു. മൊര്‍ത്തസയുടെ വലത്‌ കാല്‍മുട്ടിലാണ്‌ പരുക്ക്‌. ഇന്നലെ അദ്ദേഹം ബാറ്റിംഗിന്‌ ഇറങ്ങിയിരുന്നില്ല. മുഹമ്മദ്‌ അഷറഫുലിന്‌ പകരം വിന്‍ഡീസ്‌ പരമ്പരയിലാണ്‌ മൊത്തസ നായകനായി ചുമതലയേറ്റത്‌. 2004 ല്‍ ഇന്ത്യക്കെതിരെ ചിറ്റഗോംഗില്‍ അരങ്ങേറിയ നസ്‌മുല്‍ ഏകദിനങ്ങളിലാണ്‌ കൂടുതല്‍ മികവ്‌ പ്രകടിപ്പിച്ചിട്ടുളളത്‌.

നകമുറ
സ്‌പെയിനില്‍
ബാര്‍സിലോണ: ഏഷ്യന്‍ ഫുട്‌ബോളിലെ വിലയേറിയ താരം ജപ്പാന്റെ ഷുന്‍സുകെ നകമുറെ പുതിയ സീസണില്‍ സ്‌പാനിഷ്‌ ലാലീഗില്‍ എസ്‌പാനിയോളിന്‌ വേണ്ടി കളിക്കും. ഇന്നലെ അദ്ദേഹം പുതിയ ക്ലബിന്‌ വേണ്ടി കരാറില്‍ ഒപ്പിട്ടു. ക്ലബ്‌ ഔദ്യോഗികമായി നകമുറയെ അവതരിപ്പിക്കുകയും ചെയ്‌തു. 31 കാരനായ നകമുറെ യൂറോപ്യന്‍ ഫുട്‌ബോളിന്‌ പരിചിതനാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ നിന്നാണ്‌ അദ്ദേഹം സ്‌പാനിഷ്‌ ലീഗില്‍ എത്തുന്നത്‌. 1.7 ദശലക്ഷം ഡോളറിനാണ്‌ അദ്ദേഹത്തെ എസ്‌പാനിയോള്‍ റാഞ്ചിയത്‌. കഴിഞ്ഞ സീസണില്‍ സ്‌ക്കോട്ടിഷ്‌ ക്ലബായ സെല്‍റ്റിക്കിന്റെ നിരയിലായിരുന്നു നകമുറ.

ഓവന്‍ പുതിയ തട്ടകത്ത്‌
ഓള്‍ഡ്‌ ട്രാഫോഡ്‌: കൃസ്‌റ്റിയാനോ റൊണാള്‍ഡോ, കാര്‍ലോസ്‌ ടെവസ്‌ തുടങ്ങിയ പ്രബലരുടെ കൂടുമാറ്റം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ബാധിക്കില്ലെന്ന്‌ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍. ഇന്നലെ സ്വന്തം മൈതാനത്ത്‌ പുതിയ താരങ്ങളെ അണിനിരത്തിയതിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. റൊണാള്‍ഡോക്ക്‌ പകരം വെക്കാന്‍ മൈക്കല്‍ ഓവനെയാണ്‌ അദ്ദേഹം കണ്ടിരിക്കുന്നത്‌. കാര്‍ലോസ്‌ ടെവസിന്‌ പകരം ഫ്രാന്‍സിന്റെ അണ്ടര്‍ 21 താരം ഗബ്രിയേല്‍ ഒബര്‍ട്ടനും ഇക്വഡോറിന്റെ അന്റോണിയോ വലന്‍സിയക്കും കഴിയുമെന്ന്‌ ഫെര്‍ഗ്ഗി പറയുന്നു. യൂറോപ്യന്‍ ഫുട്‌ബോളില്‍ നിരവധി താരങ്ങള്‍ക്ക്‌ കളിക്കാനും സൂപ്പര്‍ താരമാവാനും അവസരം നല്‍കിയ പരിശീലകനാണ്‌ ഫെര്‍ഗ്ഗി. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ പുതിയ താരങ്ങള്‍ക്ക്‌ കരുത്തേകും. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടവും യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടവുമെല്ലാം മാഞ്ചസ്റ്ററില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ച പോര്‍ച്ചുഗലുകാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ പുതിയ സീസണില്‍ സ്‌പാനിഷ്‌ സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡിനായാണ്‌ കളിക്കുന്നത്‌. റൊണാള്‍ഡോയെക്കാള്‍ രാജ്യാന്തര അനുഭവ സമ്പത്തുളള താരമാണ്‌ ഓവന്‍. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി തുടങ്ങി പരുക്കില്‍ തളര്‍ന്ന ഓവന്‌ പൂര്‍ണ്ണ ആരോഗ്യത്തില്‍ കളിക്കാനായാല്‍ വെയിന്‍ റൂണിക്കൊപ്പം വിശ്വാസ്യത നിലനിര്‍ത്താനാവും. കഴിഞ്ഞ സീസണില്‍ ന്യൂകാസില്‍ യുനൈറ്റഡിന്‌ വേണ്ടി കളിച്ച ഓവന്‍ മെഡിക്കല്‍ ടെസ്‌റ്റില്‍ കരുത്ത്‌ തെളിയിച്ചിരുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളാണ്‌ ഓവനെന്ന്‌ ഫെര്‍ഗ്ഗി പറഞ്ഞു. മുന്‍നിരയില്‍ അതിവേഗതയില്‍ കളിക്കന്ന ഒരു താരത്തിന്‌ തീര്‍ച്ചയായും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാനാവും. ഫ്രാന്‍സിന്റെ ജൂനിയര്‍ താരമായ ഗബ്രിയേല്‍ ഭാവിയുടെ വാഗ്‌ദാനമാണ്‌. പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ താരമായി ചിലപ്പോള്‍ ഇക്വഡോറുകാരനായ വലന്‍സിയ മാറുമെന്നും ഫെര്‍ഗ്ഗി പറയുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്‌.

മെക്‌സിക്കോ ജയിച്ചു
വാഷിംഗ്‌ടണ്‍: കോണ്‍കാകാഫ്‌ ഗോള്‍ഡ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ശക്തരായ മെക്‌സിക്കോ രണ്ട്‌ ഗോളിന്‌ ഗൗഡലോപ്പിനെയും പാനമ നാല്‌ ഗോളിന്‌ നികരാഗ്വയെയും പരാജയപ്പെടുത്തി.

ലോകകപ്പ്‌ സമരം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: അടുത്ത വര്‍ഷം ലോകകപ്പ്‌ ഫുട്‌ബോളിന്‌ ആതിഥേയത്വം വഹിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ഒരുക്കങ്ങള്‍ അവതാളത്തില്‍. കോണ്‍ഫെഡറേഷന്‍ കപ്പിന്‌ ആതിഥേയത്വം വഹിച്ചത്‌ വഴി കൈയ്യടി നേടിയ ദക്ഷിണാഫ്രിക്കയില്‍ വേതന വര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ തൊഴിലാളികള്‍ സമരം ആരംഭിച്ചത്‌ നിര്‍മ്മാണ്‌ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്‌. 13 ശതമാനം വേതനവര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളാണ്‌ സമരം പ്രഖ്യാപിച്ചിരിക്കുന്നത്‌. 11.5 ശതമാനം വേതനവര്‍ദ്ധനവാണ്‌ ഉടമകള്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. എന്നാല്‍ ഇത്‌ അംഗീകരിക്കില്ലെന്നാണ്‌ ഖനി തൊഴിലാളികളുടെ സംഘടനയുടെ വക്താവ്‌ വ്യക്തമാക്കിയത്‌. ഇന്ന്‌ തൊഴിലാളികളും ഉടമകളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കുന്ന പല സ്‌റ്റേഡിയങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ ഡിസംബറോടെ പൂര്‍ത്തികരിക്കാനിരിക്കെയാണ്‌ തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്‌.

തുറന്നടിച്ച്‌ ബെക്കാം
കാലിഫ്‌: ക്യാപ്‌റ്റനെതിരെ സൂപ്പര്‍ താരം...! അമേരിക്കന്‍ ക്ലബായ ലോസാഞ്ചല്‍സ്‌ ഗ്യാലക്‌സിയുടെ നായകന്‍ ലെന്‍ഡല്‍ ഡോണോവാനും ടീമിലെ സൂപ്പര്‍ താരമായ ബ്രിട്ടിഷുകാരന്‍ ഡേവിഡ്‌ ബെക്കാമുമാണ്‌ നേര്‍ക്കുനേര്‍. സംഭവം ലളിതം. ബെക്കാമിനെതിരെ ഒരു പുസ്‌തകത്തില്‍ ഡോണോവാന്‍ തുറന്നടിച്ചു. ബെക്കാമിന്‌ പ്രൊഫഷണലിസം അറിയില്ലെന്നും അദ്ദേഹം അലസനായ താരമാണെന്നുമെല്ലാം ക്യാപ്‌റ്റന്‍ പറഞ്ഞപ്പോള്‍ അതേ മുന്നില്‍ തന്നെയാണ്‌ ബെക്കാം പ്രതികരിച്ചിരിക്കുന്നത്‌.
ഗ്യാലക്‌സിയുടെ താരമായ ബെക്കം കഴിഞ്ഞ അഞ്ച്‌ മാസമായി ക്ലബില്‍ കളിച്ചിട്ടില്ല. ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാന്‌ വേണ്ടിയായിരുന്നു അദ്ദേഹം ഈ കാലയളവില്‍ കളിച്ചത്‌. ഗ്യാലക്‌സിയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ താല്‍കാലികമായി ഇറ്റലിയിലേക്ക്‌ പോയ ബെക്കാം കാലാവധി കഴിഞ്ഞിട്ടും അവിടെ തങ്ങിയതിലെ രോഷം ഗ്യാലക്‌സി ക്ലബിനുണ്ട്‌. ഈ രോഷമാണ്‌ ടീമിന്റെ നായകനായ ഡോണോവന്‍ ദി ബെക്കാം എക്‌സ്‌പിരിമെന്റ്‌്‌ എന്ന പുസ്‌തകത്തില്‍ തുറന്നടിച്ചത്‌.
തന്റെ മുഖത്ത്‌ നോക്കി പറയാതെ തന്നെക്കുറിച്ച്‌ മറ്റൊരാളുടെ മുഖത്ത്‌ നോക്കി പറയുന്ന ഡോണോവാന്റെ നയം ഭീരുവിന്റേതാണെന്നാണ്‌ ബെക്കാം പറയുന്നത്‌. ഡോണോവാനാണ്‌ പ്രൊഫഷണലിസം മറന്നത്‌. ഞാനല്ല. നിരവധി ക്ലബകളിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും ഞാന്‍ കളിച്ചിട്ടുണ്ട്‌. അവരൊന്നും ഞാന്‍ പ്രൊഫഷണലിസം അറിയാത്തവനാണെന്ന്‌ പറഞ്ഞിട്ടില്ല. പതിനേഴ്‌ വര്‍ഷമായി ഞാന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ കളിക്കുന്നു. ഇത്‌ വരെ എനിക്കെതിരെ ആരും പറയാത്ത വിമര്‍ശനം ഉയര്‍ത്തിയത്‌ ചിലപ്പോള്‍ നല്ലതിനാവാം. എന്തായാലും ഈ കാര്യം ഡോണോവാനോട്‌ തീര്‍ച്ചയായും സംസാരിക്കും-ബെക്കാം പറഞ്ഞു. അമേരിക്കന്‍ ലീഗില്‍ ഈ ശനിയാഴ്‌ച്ചയാണ്‌ ബെക്കാം ഗ്യാലക്‌സിക്കായി ഇടവേളക്ക്‌ ശേഷം കളിക്കുന്നത്‌. ഇറ്റാലിയന്‍ ലീഗിന്റെ വേഗതയും കരുത്തും അമേരിക്കന്‍ ലിഗിനില്ല. പക്ഷേ ടീമിന്‌ കരുത്തോടെ മുന്നേറാന്‍ കഴിയുമെന്നാണ്‌ സൂപ്പര്‍ താരം പറയുന്നത്‌. ഏ.സി മിലാന്‌ വേണ്ടി ചുരുങ്ങിയ നാളുകളില്‍ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞു. ഇംഗ്ലീഷ്‌ ദേശീയ ടീമില്‍ അവസരം ലഭിക്കുകയാണെങ്കില്‍ അടുത്ത ലോകകപ്പില്‍ കളിക്കാനും താല്‍പ്പര്യമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

No comments: