Thursday, July 23, 2009

SANKA _THE HOPE

സങ്ക ദി കീ
കൊളംബോ:ഇന്ന്‌ ജയിക്കാന്‍ ശ്രീലങ്കക്ക്‌ 309 റണ്‍സ്‌. ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാരയുടേത്‌ ഉള്‍പ്പെടെ ഏഴ്‌ വിക്കറ്റുകള്‍ ശേഷിക്കുന്നു. പക്ഷേ സിംഹളീസ്‌ സ്‌പോര്‍ട്‌സ്‌ ഗ്രൗണ്ടിലെ പിച്ചാണ്‌ വില്ലന്‍. ഇപ്പോള്‍ തന്നെ പൊട്ടിപൊളിഞ്ഞിരിക്കുന്നു പിച്ച്‌. പാക്കിസ്‌താന്‍ നിരയിലെ അനുഭവസമ്പന്നനായ സ്‌പിന്നര്‍ ഡാനിഷ്‌ കനേരിയക്ക്‌ പിച്ച്‌ നല്‍കുന്നത്‌ മോഹിപ്പിക്കുന്ന പിന്തുണയാണ്‌. ഇന്നലെ മഹേല ജയവര്‍ദ്ധനെയെ പുറത്താക്കാന്‍ കനേരിയ പായിച്ച്‌ പന്ത്‌ മതി ലങ്കന്‍ ക്യാമ്പില്‍ പരിഭ്രാന്തി പടര്‍ത്താന്‍. പരുക്കുമായി പുറത്ത്‌ നില്‍ക്കുന്ന തിലകരത്‌നെ ദില്‍ഷാന്‍ ഇന്ന്‌ ബാറ്റ്‌ ചെയ്യുന്ന കാര്യം സംശയത്തിലായിരിക്കെ ലങ്കന്‍ പ്രതീക്ഷകള്‍ നിറയെ സങ്കക്കാരയിലാണ്‌. ഈ മൈതാനത്ത്‌ വലിയ ഇന്നിംഗ്‌സുകള്‍ കളിച്ച്‌്‌ പരിചയമുളള താരമായിരുന്നു മഹേല ജയവര്‍ദ്ധനെ. അദ്ദേഹം പുറത്തായ സാഹചര്യത്തില്‍ സങ്കയുടെ വിക്കറ്റ്‌ വിധിനിര്‍ണ്ണായകമാണ്‌. അമ്പത്‌ റണ്‍സുമായി ക്രീസിലുളള സങ്കക്കൊപ്പം അനുഭവസമ്പന്നനായ തിലാന്‍ സമരവീരയാണ്‌ കളിക്കുന്നത്‌.
രാവിലെ പാക്കിസ്‌താന്റെ രണ്ടാം ഇന്നിംഗ്‌സ്‌ ഒമ്പത്‌ വിക്കറ്റിന്‌ 425 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യപ്പെട്ടിരുന്നു. ലങ്കക്ക്‌ വിജയിക്കാന്‍ 492 റണ്‍സ്‌ എന്ന വലിയ ലക്ഷ്യമാണ്‌ സന്ദര്‍ശകര്‍ നല്‍കിയത്‌. ഈ ദൂരത്തിന്റെ അല്‍പ്പഭാഗം പിന്നിട്ട ലങ്കന്‍ സ്‌ക്കോര്‍ ഇപ്പോള്‍ മൂന്ന്‌ വിക്കറ്റിന്‌ 183 റണ്‍സാണ്‌. ഓപ്പണര്‍ പരണവിതാന നേടിയ 73 റണ്‍സായിരുന്നു രണ്ടാം ഇന്നിംഗ്‌സിന്‌ കരുത്തായത്‌. ആദ്യ രണ്ട്‌ ടെസ്‌റ്റിലും നാടകീയ തോല്‍വികള്‍ രുചിച്ച പാക്കിസ്‌താന്‍ സിംഹളീസ്‌ മൈതാനത്തെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയാണ്‌ കളിക്കുന്നത്‌. ലങ്ക രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ചപ്പോള്‍ യൂനസ്‌ഖാന്‍ തന്ത്രപരമായാണ്‌ നീങ്ങിയത്‌. പേസര്‍മാരായ ഉമര്‍ ഗുലിനും ആമിറിനും കാര്യമായ പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ അതിവേഗത്തില്‍ അദ്ദേഹം സ്‌പിന്നര്‍മാരെ ആക്രമണത്തിന്‌ നിയോഗിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ മികവ്‌ പ്രകടിപ്പിച്ച കനേരിയ അതേ പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ 83 റണ്‍സ്‌ വരെ ദീര്‍ഘിച്ച ഒന്നാം വിക്കറ്റ്‌ സഖ്യം തകര്‍ന്നു. പൊരുതിനില്‍ക്കുകയായിരുന്ന മാലിന്‍ഡ വര്‍ണപുരയുടെ മുന്നില്‍ നിന്നും വ്യക്തമായി ടേണ്‍ ചെയ്‌ത പന്ത്‌ പാഡിലുരസി ലെഗ്‌ സ്ലിപ്പിലേക്ക്‌ പാഞ്ഞപ്പോള്‍ ഫീല്‍ഡര്‍ക്ക്‌ പിഴച്ചില്ല. ശരിക്കുമത്‌ ഔട്ട്‌ ആയിരുന്നില്ല. പക്ഷേ ഫീല്‍ഡര്‍മാരുടെ അപ്പീലിനൊപ്പം അമ്പയര്‍ ഇയാന്‍ ഗൗഡ്‌ വിരലുയര്‍ത്തിയപ്പോള്‍ ബാറ്റ്‌സ്‌മാന്‌ നിരാശനായി മടങ്ങേണ്ടി വന്നു. പാഡില്‍ തട്ടി ഉയര്‍ന്ന പന്തിലായിരുന്നു അമ്പയര്‍ വിരല്‍ ഉയര്‍ത്തിയത്‌. പകരമെത്തിയ സങ്കക്കാര ഊര്‍ജജ്വസ്വലനായിരുന്നു. ബൗളര്‍മാര്‍ക്ക്‌ മുന്നില്‍ തല താഴ്‌ത്താതെ ഗൗരവത്തോടെ അദ്ദേഹം കളിച്ചു. ഈ സഖ്യം അപകടകരമായി നീങ്ങവെ യൂനസ്‌ഖാന്‍ പന്ത്‌ ഷുഹൈബ്‌ മാലിക്കിന്‌ നല്‍കി. ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സില്‍ വിലപ്പെട്ട 134 റണ്‍സ്‌ നേടിയ മാലിക്കിന്‌ ആ ആത്മവിശ്വാസം പന്തില്‍ ഉപയോഗപ്പെടുത്താനായി. പരണവിതാനയുടെ ബാറ്റിലുരസിയ പന്ത്‌ ഫവാദ്‌ ആലത്തിന്റെ കൈകളിലെത്തി. മഹേലക്ക്‌ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കനേരിയയുടെ ഏറ്റവും മികച്ച പന്തില്‍ തല താഴ്‌ത്താന്‍ മാത്രമായിരുന്നു ബാറ്റ്‌സ്‌മാന്റെ വിധി. തുടര്‍ന്നാണ്‌ സങ്കക്കൊപ്പം സമരവീര എത്തിയത്‌. അവസാന ഒരു മണിക്കൂറില്‍ എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജയിക്കാന്‍ സങ്കക്കും സമരവീരക്കുമായി. ഈ രണ്ട്‌ പേരും ഇന്നും പിടിച്ചുനിന്നാല്‍ സമനിലയുമായി രക്ഷപ്പെടുന്നതിനൊപ്പം ചാമിന്ദ വാസിന്റെ അവസാന ടെസ്റ്റ്‌ ദിവസം ഓര്‍മ്മിപ്പിക്കുന്നതുമാക്കാം.
രാവിലെ പാക്കിസ്‌താന്റെ രണ്ടാം ഇന്നിംഗ്‌സ്‌ പുനരാരംഭിച്ച മാലിക്‌ സൂക്ഷ്‌മത പുലര്‍ത്തി. തിലാന്‍ തുഷാരയുടെ ആദ്യ ഓവറില്‍ തന്നെ മാലിക്കും അക്‌മലും പന്തിനെ അതിര്‍ത്തി കടത്തി. നുവാന്‍ കുലശേഖര ആക്രമണത്തിന്‌ വന്നപ്പോഴാണ്‌ അക്‌മല്‍ പുറത്തായത്‌. തുടര്‍ന്ന്‌ മാലിക്കിനൊപ്പം ഉമര്‍ ഗുലാണ്‌ വന്നത്‌. ചാമിന്ദ വാസ്‌ കാണികളുടെ കൈയ്യടിയുടെ അകമ്പടിയില്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റ്‌ ലഭിച്ചില്ല.

വാസീ........ വിട
കൊളംബോ: വാസീ................ ഈ വിളി ലങ്ക കളിക്കുമ്പോഴെല്ലാം ഉയര്‍ന്നു കേള്‍ക്കാറുണ്ട്‌. വിക്കറ്റിന്‌ പിറകില്‍ നില്‍ക്കുന്നത്‌ രുമേഷ്‌ കലുവിതരണയാണെങ്കിലും കുമാര്‍ സങ്കക്കാരയാണെങ്കിലും ബൗളറെ പ്രചോദിപ്പിക്കുന്ന ഈ വിളി ടെലിവിഷന്‍ മൈക്കിലൂടെ ലക്ഷകണക്കിന്‌ ആരാധകര്‍ കേട്ടിട്ടുണ്ട്‌. ലോക ക്രിക്കറ്റിന്‌ സുപരിചിതനായ ഇടം കൈയ്യന്‍ സീമര്‍-വര്‍ണകുലസൂര്യ പട്ടാബെന്‍ഡിഗെ ഉഷാന്ത ജോസഫ്‌ വാസ്‌ ഇനി ടെസ്റ്റ്‌ മൈതാനങ്ങളില്‍ പ്രത്യക്ഷപ്പെടില്ല. ഇന്ന്‌ അദ്ദേഹത്തിന്റെ നിറമുളള കരിയറിലെ അവസാന ദിനമാണ്‌. പാക്കിസ്‌താനെതിരെ നടക്കുന്ന അവസാന ടെസ്റ്റിലെ രണ്ട്‌ ഇന്നിംഗ്‌സിലും പന്തെറിഞ്ഞിട്ടും ഒരു വിക്കറ്റ്‌ മാത്രമാണ്‌ വാസിന്‌ നേടാനായത്‌. പക്ഷേ അതില്‍ നിരാശയില്ല. 110 ടെസ്റ്റുകളില്‍ നിന്നായി രാജ്യത്തിന്‌ 354 വിക്കറ്റുകള്‍ സമ്മാനിച്ചാണ്‌ അദ്ദേഹം മടങ്ങുന്നത്‌. 35 കാരനായ വാസ്‌ വര്‍ഷങ്ങളായി ലങ്കന്‍ ക്രിക്കറ്റിലെ സ്ഥിരം നാമമാണ്‌. പുതിയ ബൗളര്‍മാരായ തിലാന്‍ തുഷാരയും നുവാന്‍ കുലശേഖരയുമെല്ലാം വന്നപ്പോഴാണ്‌ അദ്ദേഹം അല്‍പ്പം പിറകോട്ട്‌ പോയത്‌. 1994 ല്‍ പാക്കിസ്‌താനെതിരെ കാന്‍ഡിയില്‍ നടന്ന ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. വര്‍ഷങ്ങള്‍ പിന്നിട്ട്‌്‌ 2009 ല്‍ വിരമിക്കുന്നതും പാക്കിസതാനെതിരെ കളിച്ച്‌. 322 ഏകദിനങ്ങളില്‍ നിന്നായി 400 വിക്കറ്റാണ്‌ വാസ്‌ സമ്പാദിച്ചത്‌. 20-20 യില്‍ അദ്ദേഹം ആറ്‌ മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്‌. ബാറ്റിംഗിലും മേല്‍വിലാസമുളള വാസ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ പുറത്താവാതെ ഒരു സെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ട്‌.
വാസ്‌ വിരമിക്കുമ്പോള്‍ ടെസ്‌റ്റ്‌ ക്രിക്കറ്റിന്‌ നഷ്ടമാവുന്നത്‌ വസീം അക്രമിന്‌ ശേഷം ലഭിച്ച ഏറ്റവും മികച്ച ലെഫ്‌റ്റ്‌ ആം സീമറെയാണ്‌.

അഞ്ചേരി കോച്ചാണ്‌
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളര്‍ ജോപോള്‍ അഞ്ചേരി ഇനി മുഴുസമയ പരിശീലകനാണ്‌.... മോഹന്‍ ബഗാന്‍ ഫുട്‌ബോള്‍ ക്ലബും സ്‌റ്റീല്‍ അതോരിറ്റി ഓഫ്‌ ഇന്ത്യയുടെയും സംയുക്ത സംരഭമായ മോഹന്‍ ബഗാന്‍-സെയില്‍ ഫുട്‌ബോള്‍ അക്കാദമിയുടെ കോച്ചായി അഞ്ചേരി നിയമിതനായി. എം.ബി.എസ്‌.ഫ്‌.എയുടെ കുട്ടികളെ പരിശീലിപ്പിക്കാന്‍ സന്നദ്ധത അറിയിച്ച അഞ്ചേരി ഇനി പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലെ അക്കാദമിയിലായിരിക്കും. 1992 ല്‍ എസ്‌.ബി.ടിയില്‍ തുടങ്ങിയ അഞ്ചേരി മോഹന്‍ ബഗാന്‍, ജെ.സി.ടി, എഫ്‌്‌.സി കൊച്ചിന്‍, ഈസ്‌റ്റ്‌ ബംഗാള്‍ തുടങ്ങി രാജ്യത്തെ മിക്ക ക്ലബുകള്‍ക്കുമായി കളിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ അണ്ടര്‍-13 ടീമിന്റെ പരിശീലകനായി അദ്ദേഹം കഴിഞ്ഞ വര്‍ഷം കോച്ചിംഗ്‌ രംഗത്ത്‌ അരങ്ങേറിയിരുന്നു.

നടനത്തിന്‌ റൊ
സാവോ പോളോ: ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഗോള്‍വേട്ടയുടെ സുന്ദരരൂപം പ്രദര്‍ശിപ്പിക്കുന്ന ബ്രസീലിയന്‍ സോക്കര്‍ ഇതിഹാസം റൊാണാള്‍ഡോയെ ഇനി വെള്ളിത്തിരയിലും കാണാം. ഫുട്‌ബോള്‍ സൂപ്പര്‍ താരം ഒരു ഇറാനിയന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നു-ഫലസ്‌തീന്റെ വേദനിക്കുന്ന കഥ പറയുന്ന സിനിമയില്‍ യഥാര്‍ത്ഥ റൊണാള്‍ഡോയായി തന്നെയാണ്‌ താരം വരുന്നത്‌. ലെബനോണിലാണ്‌ ഷൂട്ടിംഗ്‌. സിനിമ അടുത്ത വര്‍ഷം റിലീസാവും.
13 കാരിയായ ഒരു ഫലസ്‌തീന്‍ പെണ്‍കുട്ടി റൊണാള്‍ഡോയെ കാണാന്‍ വരുന്നതും സ്വന്തം ഇഷ്ടതാരത്തെ ഒന്ന്‌ തൊടാന്‍ പോലും കഴിയാതെ കലാപത്തില്‍ മരിക്കുന്നതുമാണ്‌ കഥ. ഇങ്ങനെയൊരു സംഭവം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്നിരുന്നു. 2005 ല്‍ 13 കാരിയായ ഫലസ്‌തീനി പെണ്‍കുട്ടി അല്‍നെയ്‌റാബ്‌ റൊണാള്‍ഡോയെ കാണാന്‍ അതിയായി കൊതിച്ചിരുന്നു. ടെലിവിഷനില്‍ സൂപ്പര്‍ താരത്തിന്റെ കളി കണ്ട പെണ്‍കുട്ടി സ്വന്തം നാട്ടിലേക്ക്‌ റൊണാള്‍ഡോ വരുന്ന വാര്‍ത്തയറിഞ്ഞ്‌ മതിമറന്നു. റൊണാള്‍ഡോയെ ഒന്ന്‌ തൊടണം-അത്‌ മാത്രമായിരുന്നു കൊച്ചു പെണ്‍കുട്ടിയുടെ മോഹം. മധ്യ-പൂര്‍വേഷ്യയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റൊണാള്‍ഡോ വന്ന വേളയില്‍ പക്ഷേ ദൂരെ നിന്ന്‌ സ്വന്തം ഇഷ്‌ടതാരത്തെ കാണാന്‍ മാത്രമായിരുന്നു വിധി. അധികം താമസിയാതെ ആ പ്രദേശത്ത്‌ നടന്ന കലാപത്തില്‍ അല്‍ നെയ്‌റാബ്‌ കൊല്ലപ്പെടുകയും ചെയ്‌തു. ഈ സംഭവകഥയാണ്‌ സിനിമയായി മാറുന്നത്‌.
കഥ പറഞ്ഞപ്പോള്‍ തന്നെ റൊണാള്‍ഡോക്ക്‌ അത്‌ ഇഷ്ടമായി. ഐക്യരാഷ്ട്ര സംഘടനയുടെ ഗുഡ്‌വില്‍ അംബാസിഡറായി ലോകം ചുറ്റിയിട്ടുളള അദ്ദേഹത്തിന്‌ ഫലസ്‌തീനോട്‌ പ്രത്യേക ആഭിമുഖ്യമുണ്ട്‌. ഒരു മാസത്തോളം ഷൂട്ടിംഗിനായി റൊണാള്‍ഡോ ലെബനോണിലുണ്ടാവും. എന്നാല്‍ എന്താണ്‌ സൂപ്പര്‍താരത്തിന്റെ പ്രതിഫലം എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കാറുള്ള റൊണാള്‍ഡോ ഒരു പ്രതിഫലവും വാങ്ങാതെയാണ്‌ അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്‌. കൊച്ചു പെണ്‍കുട്ടിയുടെ സ്വപ്‌നത്തില്‍ റൊണാള്‍ഡോ വരുന്ന സീനുകളായിരിക്കും ആദ്യം ചിത്രീകരിക്കുകയെന്ന്‌ ബ്രസീല്‍-ഇറാന്‍ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ തലവന്‍ ഫാറുഖ്‌ ഫര്‍ദജാജി പറഞ്ഞു.
പരുക്കുമായി മല്ലടിച്ച്‌ രണ്ട്‌ സീസണ്‍ നഷ്ടമായ റൊണാള്‍ഡോ ഇപ്പോള്‍ മൈതാനത്തും തിരിച്ചുവരവിന്റെ പാതയിലാണ്‌. ബ്രസീല്‍ ക്ലബായ കൊറീന്ത്യന്‍സിനായാണ്‌ അദ്ദേഹമിപ്പോള്‍ കളിക്കുന്നത്‌. സ്‌പാനിഷ്‌ സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡ്‌, ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാന്‍ എന്നിവര്‍ക്കെല്ലാം വേണ്ടി കളിച്ച റൊണാള്‍ഡോ 1994 ലും 2002 ലും ലോകകപ്പ്‌ സ്വന്തമാക്കിയ ബ്രസീല്‍ സംഘത്തില്‍ അംഗമായിരുന്നു. 2002 ല്‍ ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പിലെ യഥാര്‍ത്ഥ ഹീറോ റൊണാള്‍ഡോ ആയിരുന്നു. ലോകകപ്പില്‍ മാത്രം 15 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിട്ടുളള താരം തുടക്കത്തില്‍ ക്രൂസേരിയോ, പി.എസ്‌.വി ഐന്തോവാന്‍, ബാര്‍സിലോണ എന്നിവര്‍ക്കായി കളിച്ച ശേഷമാണ്‌ റയല്‍ മാഡ്രിഡില്‍ എത്തുന്നത്‌. 98 ലെ ലോകകപ്പിന്റെ ഫൈനല്‍ വരെ ബ്രസീല്‍ എത്തിയതും റൊണാള്‍ഡോയുടെ കരുത്തിലായിരുന്നു. സൈനുദ്ദിന്‍ സിദാന്‍ മാജിക്കില്‍ ഫ്രാന്‍സ്‌ 98 ല്‍ കപ്പില്‍ മുത്തമിട്ടപ്പോള്‍ റൊണാള്‍ഡോ ആരോഗ്യ പ്രശ്‌നത്തിന്റെ വിവാദക്കളത്തിലായിരുന്നു. ഈ ലോകകപ്പിന്‌ ശേഷം പൂര്‍ണ്ണ ആരോഗ്യത്തോടെ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. പക്ഷേ 2002 ല്‍ കരുത്തനായി അദ്ദേഹം തിരിച്ചുവന്നു.
റയല്‍ മാഡ്രിഡില്‍ നിന്നും ഏ.സി മിലാനില്‍ വന്ന റൊണാള്‍ഡോ പരുക്ക്‌ കാരണം ഒരു സീസണ്‍ പുറത്തിരുത്തപ്പെട്ടു. തുടര്‍ന്നാണ്‌ അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി കൊറീന്ത്യന്‍സിനായി കളി തുടങ്ങിയത്‌. അവര്‍ക്ക്‌ രണ്ട്‌ കപ്പും സമ്മാനിച്ചു. കഴിഞ്ഞ നാല്‌ മല്‍സരങ്ങളില്‍ നിന്നായി ആറ്‌ ഗോളുകളാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തത്‌.

കെവിന്‍ ചാരം
ലണ്ടന്‍: ആഷസ്‌ പരമ്പരയില്‍ നിര്‍ണ്ണായക ലീഡുമായി മുന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന്‌ കനത്ത ആഘാതം. ടീമിലെ മുഖ്യ ബാറ്റ്‌സ്‌മാന്മാരില്‍ ഒരാളായ കെവിന്‍ പീറ്റേഴ്‌സണ്‌ ഈ പരമ്പരയില്‍ ഇനി കളിക്കാനാവില്ല. ഇന്നലെ കാല്‍ക്കുഴയില്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായ താരം ആറ്‌ ആഴ്‌ച്ച പുറത്തായിരിക്കും. ദീര്‍ഘകാലമായി കാലിലെ വേദന പീറ്റേഴ്‌സണെ അലട്ടുന്നുണ്ട്‌. കഴിഞ്ഞ ദിവസം വേദന അധികരിച്ചതിനെ തുടര്‍ന്ന്‌ സ്‌കാനിംഗ്‌ നടത്തിയപ്പോഴാണ്‌ അപകടം മനസ്സിലായത്‌. ഉടന്‍ തന്നെ ശസ്‌ത്രക്രിയ നടത്തി. ലോര്‍ഡ്‌സില്‍ നടന്ന ആഷസ്‌ പരമ്പരയിലെ രണ്ടാം ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ ഇംഗ്ലീഷ്‌ സംഘത്തിലെ പ്രബലനായ താരമാണ്‌ കെവിന്‍. ലോര്‍ഡ്‌സില്‍ ടീമിന്‌ വേണ്ടി കാര്യമായ സംഭാവന നല്‍കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ 32 റണ്‍സ്‌ നേടിയ കെവിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 44 റണ്‍സാണ്‌ സ്വന്തമാക്കിയത്‌. പക്ഷേ ഓസ്‌ട്രേലിയക്കെതിരെ എന്നും മികച്ച പ്രകടനം നടത്തിയിട്ടുളള ചരിത്രം അദ്ദേഹത്തിനുണ്ട്‌.
അമേരിക്ക ചാമ്പ്യന്മാര്‍
അറ്റ്‌ലാന്റ: യൂറോപ്യന്‍ പ്രബല ക്ലബുകള്‍ അണിനിരന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ക്ലബ്‌ അമേരിക്കക്ക്‌. ഇന്നലെ നടന്ന വേള്‍ഡ്‌ ഫുട്‌ബോള്‍ ചാലഞ്ച്‌ പരമ്പരയില്‍ ഇറ്റലിയിലെ ഏ.സി മിലാനെ 1-2ന്‌ തോല്‍പ്പിച്ച്‌ ക്ലബ്‌ അമേരിക്ക ജേതാക്കളായി. ഡാനിയല്‍ മാര്‍ക്കസിന്റെ ഗോളാണ്‌ ടീമിന്‌ വിജയമൊരുക്കിയത്‌. ഏ.സി മിലാന്റെ ഗോള്‍ ടീമില്‍ കളിക്കുന്ന അമേരിക്കന്‍ താരം ഒഗൂച്ചി ഒന്‍യാവുവിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
ആസ്വദിക്കുക, വീട്ടിലേക്ക്‌ മടങ്ങുക
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ലോകകപ്പ്‌ ഫുട്‌ബോള്‍ മാമാങ്കം അടുത്തെത്തി നില്‍ക്കവെ ദക്ഷിണാഫ്രിക്കയിലെ സംഘാടകര്‍ക്ക്‌ സ്വന്തം ആരാധകരോട്‌ പറയാനുളളത്‌ ഒരു കാര്യം മാത്രം-മല്‍സരം ആസ്വദിക്കുക, വിട്ടിലേക്ക്‌ മടങ്ങുക. രാജ്യത്തെ ഫുട്‌ബോള്‍ ആരാധകരുടെ സ്വഭാവമറിയുന്നത്‌ കൊണ്ടും ലോകകപ്പ്‌ പ്രമാണിച്ച്‌ വിദേശികള്‍ രാജ്യത്തിലേക്ക്‌ ഒഴുകിയെത്തുമെന്ന സത്യം മനസ്സിലാക്കിയുമാണ്‌ ഈ നിര്‍ദ്ദേശം. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക്‌ ശേഷം ആഘോഷത്തിന്‌ തുനിയരുതെന്നാണ്‌ വാക്കിലെ സാരം. ആഘോഷങ്ങള്‍ നടത്തിയാല്‍ അത്‌ പ്രശ്‌നമാവും. പോലീസിന്‌ പണിയാവും. ഇത്‌ ഒഴിവാക്കണം. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും വലിയ സാമ്പത്തിക രാജ്യമാണ്‌ ദക്ഷിണാഫ്രിക്ക. മൂന്ന്‌ മുതല്‍ അഞ്ച്‌ ലക്ഷം വരെ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ രാജ്യത്തുണ്ട്‌. ലോകകപ്പ്‌ വേളയില്‍ മറ്റ്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന്‌ സോക്കര്‍ പ്രേമികള്‍ ഒഴുകിയെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ആഫ്രിക്കന്‍ വന്‍കരയിലെ ഇതര വംശജര്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ വരുമ്പോള്‍ വര്‍ണ്ണപ്പോരാട്ടവും സംഘാടകര്‍ മുന്നില്‍ കാണുന്നുണ്ട്‌. ഇത്‌ ഒഴിവാക്കാനാണ്‌ സ്വന്തം നാട്ടുകാരോട്‌ മല്‍സരം ആസ്വദിച്ച്‌ വിട്ടീലേക്ക്‌ മടങ്ങാന്‍ നിര്‍ദ്ദേശിക്കുന്നത്‌.
ആഫ്രിക്കയിലെ ഇതര രാജ്യങ്ങളില്‍ നടമാടുന്ന പട്ടിണിയും ദാരിദ്ര്യവും അകറ്റാന്‍ ഇപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കയിലേക്ക്‌ ശക്തമായ കുടിയേറ്റമുണ്ട്‌. അതിര്‍ത്തിയില്‍ കൈക്കൂലി കൊടുത്താല്‍ എളുപ്പത്തില്‍ ദക്ഷിണാഫ്രിക്കയിലെത്താം. ലോകകപ്പ്‌ ആഫ്രിക്കക്കാണ്‌ അനുവദിച്ചിരിക്കുന്നതെന്നും അതിനാല്‍ ആഷോഷത്തിന്‌ എല്ലാ ആഫ്രിക്കക്കാരെയും സ്വാഗതം ചെയ്യണമെന്നുമുളള നിര്‍ദ്ദേശം പക്ഷേ സംഘാടകര്‍ മറക്കുന്നില്ല.
ലോകകപ്പ്‌ വേളയില്‍ വിസ നിയന്ത്രണം ശക്തമാക്കാനാണ്‌ സംഘാടക സമിതി ആലോചിക്കുന്നത്‌. ആഫ്രിക്ക മാത്രമല്ല മുഴുവന്‍ രാജ്യങ്ങളിലെയും ആരാധകര്‍ ലോകകപ്പ്‌ വേളയില്‍ രാജ്യത്തെത്തും. ഇവര്‍ക്ക്‌ സുരക്ഷിതമായ താമസവും മല്‍സരം കാണാനുളള സൗകര്യവും ഒരുക്കണം.

No comments: