Thursday, July 9, 2009

AUSSI FIGHTBACK

ആഷസ്‌
കാര്‍ഡിഫ്‌: ആഷസ്‌ പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌ക്കോറിന്‌ മുന്നില്‍ വിയര്‍ക്കാതെ ഓസ്‌ട്രേലിയ പൊരുതുന്നു. 435 റണ്‍സെന്ന ഇംഗ്ലീഷ്‌ സ്‌ക്കോറിനൊപ്പമെത്താന്‍ കുതിക്കുന്ന സന്ദര്‍ശകര്‍ രണ്ടാം ദിവസം ചായക്ക്‌ പിരിയുമ്പോള്‍ ഒരു വിക്കറ്‌ിന്‌ 142 റണ്‍സ്‌ എന്ന ശക്തമായ നിലയിലാണ്‌. ത്വരിതഗതിയില്‍ 36 റണ്‍സ്‌ നേടിയ ഫിലിപ്പ്‌ ഹ്യുഗ്‌സാണ്‌ പുറത്തായത്‌. അര്‍ദ്ധ സെഞ്ച്വറിയുമായി സൈമണ്‍ കാറ്റിച്ച്‌, 44 റണ്‍സുമായി റിക്കി പോണ്ടിംഗ്‌ എന്നിവരാണ്‌ ക്രീസില്‍. ആറ്‌ ഓവറില്‍ 15 റണ്‍സ്‌ മാത്രം വഴങ്ങി ഒരു വിക്കറ്റ്‌ നേടിയ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫാണ്‌ ഇംഗ്ലീഷ്‌ ബൗളര്‍മാരില്‍ കരുത്ത്‌ പ്രകടിപ്പിച്ചത്‌.
വാലറ്റവും കരുത്ത്‌ പ്രകടിപ്പിച്ചപ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ 435 റണ്‍സാണ്‌ ഇംഗ്ലണ്ട്‌ സ്വന്തമാക്കിയത്‌. ആദ്യ ദിവസം മികച്ച സ്‌ക്കോറിലേക്ക്‌ നീങ്ങിയ ഇംഗ്ലണ്ടിന്റെ വാലറ്റത്തെ എളുപ്പം പുറത്താക്കാമെന്നാണ്‌ റിക്കി പോണ്ടിംഗ്‌ കരുതിയത്‌. പക്ഷേ ഗ്രയീം സ്വാനും ജെയിംസ്‌ ആന്‍ഡേഴ്‌സണും സമ്മര്‍ദ്ദമില്ലാതെ ബാറ്റേന്തിയ കാഴ്‌ച്ചയില്‍ ഓസീസ്‌ മുന്‍നിര ബൗളര്‍മാര്‍ക്ക്‌ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പുറത്താവാതെ 47 റണ്‍സ്‌ നേടിയ സ്വാന്‍ അംഗീകൃത ബാറ്റ്‌സ്‌മാനെ പോലെയാണ്‌ കളിച്ചത്‌. മികച്ച പാദചലനങ്ങളും ആയാസരഹിതമായ സമീപനവും അദ്ദേഹത്തിന്റെ ബാറ്റിംഗിന്‌ കരുത്തായി. ധാരാളം റണ്‍സ്‌ വഴങ്ങിയ സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സ്‌ാണ്‌ അവസാനം ഇംഗ്ലീഷ്‌ ഇന്നിംഗ്‌സിന്‌ അന്ത്യമിട്ടത്‌. മൂന്ന്‌ വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഹൗറിറ്റ്‌സ്‌ 95 റണ്‍സാണ്‌ വിട്ടുനല്‍കിയത്‌.
വാലറ്റക്കാരെ എളുപ്പം പുറത്താക്കാമെന്ന്‌ കരുതി എതിര്‍ നായകര്‍ തന്ത്രങ്ങള്‍ ആസുത്രണം ചെയ്‌ത സമയത്തെല്ലാം തകര്‍പ്പന്‍ ഷോട്ടുകള്‍ പായിച്ച്‌ മിന്നാറുള്ളത്‌ ബാറ്റ്‌സ്‌മാന്മാരാണ്‌. അത്‌ പോലെ തന്നെയാണ്‌ ഇന്നലെയും സംഭവിച്ചത്‌. ഇന്നലെ രാവിലെ ഇംഗ്ലീഷ്‌ ഇന്നിംഗ്‌സ്‌ ദീര്‍ഘിച്ച 16.5 ഓവറുകളിലായി 99 റണ്‍സാണ്‌ പിറന്നത്‌. റിവേഴ്‌സ്‌ സ്വീപ്പുകള്‍ പോലെ പ്രമുഖരുടെ ക്ലാസിക്‌ ഷോട്ടുകളുടെ പാതയില്‍ സ്വാന്‍ തകര്‍ത്തപ്പോള്‍ പോണ്ടിംഗിന്‌ ഉത്തരമുണ്ടായിരുന്നില്ല. രണ്ടാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ സുന്ദരമായ കവര്‍ ഡ്രൈവിലൂടെ ക്രിസ്‌ ബ്രോഡ്‌ തന്നിലെ ബാറ്റ്‌സ്‌മാന്റെ മികവ്‌ തെളിയിച്ചു. ആന്‍ഡേഴ്‌സണും ആക്രമണത്തില്‍ ശ്രദ്ധിച്ചു. പക്ഷേ ഈ കൂട്ടുകെട്ട്‌ തകര്‍ക്കുന്നതില്‍ മിച്ചല്‍ ജോണ്‍സണ്‍ വിജയിച്ചു. മിച്ചലിന്റെ ലെഗ്‌ സ്‌റ്റംമ്പ്‌ ഡെലിവറിക്ക്‌ മുന്നില്‍ ബ്രോഡ്‌ പാഡ്‌ വെച്ചപ്പോള്‍ അമ്പയര്‍ക്ക്‌ വിരലുയര്‍ത്താന്‍ സംശയിക്കേണ്ടി വന്നില്ല. പകരം വന്ന സ്വാന്‍ കാര്യങ്ങള്‍ വളരെ വേഗം സ്വന്തം നിയന്ത്രണത്തിലാക്കി. നതാന്‍ ഹൗറിറ്റ്‌സ്‌ ആക്രമണത്തിന്‌ വന്നപ്പോള്‍ ആദ്യ പന്ത്‌ തന്നെ സിക്‌സറിന്‌ പറത്തിയാണ്‌ സ്വാന്‍ കരുത്ത്‌ വ്യക്തമാക്കിയത്‌.

കടുവകള്‍ക്ക്‌ അവസരം
സെന്റ്‌ വിന്‍സന്റ്‌: വിദേശത്ത്‌ ഇത്‌ വരെ ഒരു ടെസ്‌റ്റ്‌ പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ബംഗ്ലാദേശിന്‌ ആ കുറവ്‌ നികത്താന്‍ സുവര്‍ണ്ണാവസരം. ഇന്നലെ ഇവിടെ വിന്‍ഡീസിനെതിരെ ആരംഭിച്ച ടെസ്‌റ്റ്‌ പരമ്പരയില്‍ ആതിഥേയ സംഘത്തില്‍ പുതുമുഖ താരങ്ങള്‍ മാത്രം കളിക്കുന്നതിനാല്‍ മഷ്‌റഫെ മൊര്‍ത്തസ നയിക്കുന്ന ബംഗ്ലാ സംഘത്തിന്‌ ഒത്തുപിടിച്ചാല്‍ കരീബിയന്‍ മണ്ണില്‍ ഒരു പരമ്പര സ്വന്തമാക്കാം. വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്ലെയേഴ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ താരങ്ങള്‍ പരമ്പര ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതിനാല്‍ പുതിയ താരങ്ങളാണ്‌ കരിബീയന്‍ ടീമിലുളളത്‌. സെന്‍ട്രല്‍ കോണ്‍ട്രാക്ട്‌ നല്‍കാതെ ഇനി രാജ്യത്തിനായി കളിക്കാനില്ലെന്ന ശക്തമായ നിലപാടിലാണ്‌ താരങ്ങളുടെ സംഘടനയും സീനിയര്‍ താരങ്ങളും. ഈ കാര്യത്തില്‍ സീനിയര്‍ താരങ്ങള്‍ വ്യക്തമായ മുന്നറിയിപ്പ്‌ നല്‍കിയിട്ടും അത്‌ മാനിക്കാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തയ്യാറാവാത്ത സാഹചര്യത്തിലാണ്‌ താരങ്ങള്‍ പരമ്പര ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്‌.
ക്രിസ്‌ ഗെയിലും രാം നരേഷ്‌ സര്‍വനും ശിവനാരായണ്‍ ചന്ദര്‍പോളുമൊന്നുമില്ലാത്ത കരീബിയന്‍ സംഘത്തെ തോല്‍്‌പ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്‌ ബംഗ്ലാദേശിന്റെ പുതിയ നായകന്‍ മഷ്‌റഫെ മൊര്‍ത്തസ. മുഹമ്മദ്‌ അഷറഫുലില്‍ നിന്നും നായകസ്ഥാനം ഏറ്റെടുത്ത മൊര്‍ത്തസക്ക്‌ തന്റെ ടീമില്‍
പൂര്‍ണ്ണ വിശ്വാസമുണ്ട്‌. നായകന്‍ എന്ന നിലയില്‍ നിരാശപ്പെടുത്തിയ അഷറഫുല്‍ ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ കരുത്തോടെ കളിക്കുമെന്നാണ്‌ മൊര്‍ത്തസ കരുതുന്നത്‌. വിന്‍ഡീസ്‌ സംഘത്തില്‍ കളിക്കുന്നത്‌ ഒമ്പത്‌ പുതുമുഖങ്ങളാണ്‌. പരമ്പരയില്‍ വിന്‍ഡീസ്‌ പരാജയപ്പെട്ടാലും അതിനെ ആരും ചോദ്യം ചെയ്യില്ല. എന്നാല്‍ ബംഗ്ലാദേശിന്‌ തോല്‍വി പിണഞ്ഞാല്‍ അത്‌ മൊര്‍ത്തസക്ക്‌ തിരിച്ചടിയാവും. അഷറഫുലിനെ കൂടാതെ ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഷാക്കിബ്‌ അല്‍ ഹസന്‍ കടുവകളുടെ കരുത്താണ്‌. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ ഷാക്കിബ്‌ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. സീമര്‍മാരായ മഹമൂദ്ദൂല്ലക്കും റൂബല്‍ ഹുസൈനും ബംഗ്ലാദേശ്‌ ടെസ്റ്റില്‍ അരങ്ങേറാനും അവസരം നല്‍കിയിട്ടുണ്ട്‌.
ക്രിസ്‌ ഗെയിലും ചന്ദര്‍പോളും സര്‍വനമെല്ലാമുളള വിന്‍ഡീസിന്റെ സീനിയര്‍ സംഘവുമായാണ്‌ കളിക്കാന്‍ ആഗ്രഹിച്ചതെന്നും അവരുടെ അഭാവത്തില്‍ നിരാശയുണ്ടെന്നും മൊര്‍ത്തസ പറഞ്ഞു. അനുഭസമ്പന്നരായ താരങ്ങളില്‍ നിന്ന്‌ പലതും പഠിക്കാന്‍ കഴിയും. എങ്കിലും വിന്‍ഡീസ്‌ അണിനിരത്തുന്ന ഏത്‌ ടീമിനെയും നേരിടാന്‍ തന്റെ ടീം സന്നദ്ധമാണെന്ന്‌ അദ്ദേഹം അറിയിച്ചു.
വിന്‍ഡീസ്‌ പ്ലെയേഴ്‌സ്‌ അസോസിയേഷന്‍ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നത്‌ കാരണം അവസാന നിമിഷത്തില്‍ പുതിയ താരനിരയെ പ്രഖ്യാപിക്കാന്‍ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നിര്‍ബന്ധതിരാവുകയായിരുന്നു. 15 അംഗ സംഘത്തില്‍ ഒമ്പത്‌ പേര്‍ ഇത്‌ വരെ ടെസ്‌റ്റ്‌ കളിച്ചിട്ടില്ല. 1997 നും 99നും മധ്യേ രാജ്യത്തിനായാ നാല്‌ ടെസ്‌റ്റുകളില്‍ കളിച്ചിട്ടുള്ള ഫ്‌ളോയിഡ്‌ റൈഫറാണ്‌ ടീമിലെ സീനിയര്‍ താരവും നായകനും. 99 ന്‌ ശേഷം സജീവ ക്രിക്കറ്റ്‌ വിട്ട റൈഫര്‍ വിന്‍ഡീസ്‌ ആഭ്യന്തര ക്രിക്കറ്റില്‍ കമ്പൈന്‍ഡ്‌ കോളജസിന്‌ വേണ്ടി കളിക്കുന്നുണ്ട്‌. ഈയിടെ ഇംഗ്ലണ്ടില്‍ സമാപിച്ച 20-20 ലോകകപ്പില്‍ കളിച്ച ഡാരല്‍ സാമിയാണ്‌ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റന്‍. ടെസ്റ്റ്‌ അരങ്ങേറ്റം നടത്തുന്നവരുടെ കൂട്ടത്തില്‍ ബാര്‍ബഡോസിന്റെ ഡെയില്‍ റിച്ചാര്‍ഡ്‌സ്‌, ക്രെയിഗ്‌ ബ്രാത്‌വെയിറ്റ്‌, പതിനാറുകാരനായ റ്യാന്‍ ഓസ്‌റ്റിന്‍, ചാദ്വിക്‌ വാള്‍ട്ടണ്‍, ഒമര്‍ ഫിലിപ്പ്‌സ്‌, കെവിന്‍ മക്‌ലീന്‍, ജമൈക്കയുടെ ആന്ദ്രെ ക്രേ, ഗുയാനയുടെ ട്രാവിസ്‌ ഡൗണ്‍ലിന്‍, ഗ്രാനഡയുടെ നിലോണ്‍ പാസ്‌കല്‍ തുടങ്ങിയവര്‍ക്കാണ്‌ രാജ്യത്തിനായി കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്‌. ഇവരില്‍ റിച്ചാര്‍ഡ്‌സും പാസ്‌ക്കലും ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ കളിച്ചവരാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ കളിച്ചിട്ടുളള ടിനോ ബെസ്‌റ്റിനും അവസരം നല്‍കിയിട്ടുണ്ട്‌.
പല സീനിയര്‍ താരങ്ങളോടും ടീമിനൊപ്പം ചേരാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കരാര്‍ നല്‍കാത്തപക്ഷം ഇനി കളിക്കാനില്ല എന്ന ഉറച്ച നിലപാടിലായിരുന്നു എല്ലാവരും. പരുക്കുമായി പുറത്ത്‌ നില്‍ക്കുന്ന ഫാസ്‌റ്റ്‌ ബൗളര്‍ ഡാരന്‍ പവലിനെ ബോര്‍ഡ്‌ ബന്ധപ്പെട്ടിരുന്നു. വിന്‍ഡീസ്‌ ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ്‌ ഇത്തരം പ്രതിസന്ധി സംജാതമാവുന്നത്‌. 2008 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടനുബന്ധിച്ച്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ സീനിയര്‍ താരങ്ങള്‍ നിസ്സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്‌ ക്രിക്കറ്റിനോടനുബന്ധിച്ചായിരുന്നു ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പര. ഐ.പി.എല്ലില്‍ കളിക്കാതെ എത്രയും വേഗം നാട്ടില്‍ തിരിച്ചെത്താനായിരുന്നു ബോര്‍ഡിന്റെ നിര്‍ദ്ദേശം. എന്നാല്‍ സീനിയര്‍ താരങ്ങള്‍ അനുസരിച്ചില്ല. ഒടുവില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വഴങ്ങി താരങ്ങള്‍ക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുകയായിരുന്നു. 2005 ല്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ലങ്കന്‍ സംഘത്തില്‍ നായകനായ ബ്രയന്‍ലാറ ഉള്‍പ്പെടെ പല സീനിയര്‍ താരങ്ങളുമുണ്ടായിരുന്നില്ല. സ്‌പോണ്‍സര്‍ഷിപ്പിന്റെ വിഷയത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡും താരങ്ങളും അകന്നപ്പോള്‍ ലങ്കക്കെതിരെ കളിച്ചത്‌ പുതുമുഖ നിരയായിരുന്നു. ഈ ടീമാവട്ടെ രണ്ട്‌ മല്‍സരങ്ങളിലും തോറ്റു.

വീണ്ടും വിവാദം
ലാഹോര്‍: പാക്കിസ്‌താന്‍ സീമര്‍ ഷുഹൈബ്‌ അക്തര്‍ വീണ്ടും വിവാദ കുരുക്കില്‍...! ടെലിവിഷന്‍ അഭിമുഖത്തില്‍ അക്തര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ അച്ചടക്കനടപടി ക്ഷണിച്ചുവരുത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡുമായി കരാറുളള അക്തര്‍ ബോര്‍ഡിനെതിരെ നടത്തിയ ചില പരാമര്‍ശങ്ങളാണ്‌ വില്ലനാവുന്നത്‌. പി.സി.ബിയുടെ എ കാറ്റഗറി കരാറിലുള്ള താരമാണ്‌ അക്തര്‍. ഈ കരാറില്‍ ഒപ്പിട്ട താരങ്ങള്‍ ക്രിക്കറ്റ്‌ ബോര്‍ഡിനെതിരെ സംസാരിക്കരുതെന്ന്‌ വ്യക്തമായ വ്യവസ്ഥയുണ്ട്‌. ഈ വ്യവസ്ഥയാണ്‌ ടെലിവിഷന്‍ അഭിമുഖത്തില്‍ അക്തര്‍ ലംഘിച്ചിരിക്കുന്നത്‌.
ഇംഗ്ലണ്ടില്‍ സമാപിച്ച 20-20 ലോകകപ്പിനുളള പാക്കിസ്‌താന്‍ സംഘത്തില്‍ അക്തറിനെ ഉള്‍പ്പെടുത്താതിരുന്നത്‌ അദ്ദേഹത്തിന്‌ ത്വക്‌ രോഗമുളളത്‌ കൊണ്ടാണെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പറഞ്ഞിരുന്നു. ബോര്‍ഡിന്റെ ഈ പരാമര്‍ശത്തിനെതിരെ താന്‍ നിയമനടപടി സ്വീകരിക്കാന്‍ ആലോചിച്ചിരുന്നതായാണ്‌ അക്തര്‍ അഭിമുഖത്തില്‍ പറഞ്ഞത്‌. എനിക്ക്‌ കാര്യമായ അസുഖങ്ങളുണ്ടായിരുന്നില്ല. എന്നിട്ടും ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആ തരത്തില്‍ സംസാരിച്ചത്‌ നിരാപ്പെടുത്തി. പക്ഷേ സെന്‍ട്രല്‍ കോണ്‍ട്രാക്ട്‌ ഒപ്പിട്ട താരമായതിനാല്‍ പി.സി.ബി പരാമര്‍ശത്തെ ചോദ്യം ചെയ്യാന്‍ എനിക്ക്‌ അധികാരമില്ല. അത്‌ കൊണ്ട്‌ മാത്രമാണ്‌ മിണ്ടാതിരുന്നതെന്നാണ്‌ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞിരിക്കുന്നത്‌. പാക്കിസ്‌താന്‍ ലോകകപ്പ്‌ കളിക്കുന്ന സമയത്ത്‌ താന്‍ മൂലം ഒരു പ്രശ്‌നം ഉണ്ടാവരുതെന്നും ആഗ്രഹിച്ചു.
പരുക്കുകളും വിവാദങ്ങളുമായി രാജ്യാന്തര ക്രിക്കറ്റില്‍ വിലപ്പെട്ട അവസരങ്ങള്‍ നഷ്ടമാവുന്ന അക്തര്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ അവസരം ലഭിക്കുമെന്നാണ്‌ കരുതിയത്‌. എന്നാല്‍ അദ്ദേഹത്തെ സെലക്ടര്‍മാര്‍ വിളിച്ചില്ല. ഇപ്പോള്‍ ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്‌. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ തുടര്‍ച്ചയായി അഞ്ച്‌ ദിവസം കളിക്കാന്‍ എനിക്കാവും. പക്ഷേ വസരം നല്‍കിയിട്ടില്ല- 2007 ല്‍ ഇന്ത്യക്കെതിരെ ടെസ്‌റ്റില്‍ പങ്കെടുത്ത ശേഷം പുറത്ത്‌ നില്‍ക്കുന്ന താരം പറഞ്ഞു. 2007 ഇന്ത്യക്കെതിരായ പരമ്പരക്ക്‌ ശേഷം 14 മാസത്തോളം അക്തര്‍ പുറത്തായിരുന്നു. പരുക്കിനൊപ്പം അച്ചടക്കനടപടിയുമായപ്പോള്‍ റാവല്‍പിണ്ടി എക്‌സ്‌പ്രസ്സിനെ എല്ലാവരും മറന്നു. ഈ വര്‍ഷം ലങ്കന്‍ ടീം ഏകദിന പരമ്പരക്കായി പാക്കിസ്‌താനിലെത്തിയപ്പോഴാണ്‌ അക്തറിന്‌ വീണ്ടും കളിക്കാന്‍ അവസരം ലഭിച്ചത്‌. അബുദാബിയില്‍ ഓസ്‌ട്രേലിയക്കെതിരെ 20-20 മല്‍സരത്തിലും അവസരം ലഭിച്ചു.
മൂന്നോ നാലോ വര്‍ഷം തനിക്ക്‌ രാജ്യാന്തര ക്രിക്കറ്റില്‍ തുടരാന്‍ കഴിയുമെന്നാണ്‌ അക്തര്‍ പറയുന്നത്‌. മണിക്കൂറില്‍ 150 കീലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന ഏക ബൗളര്‍ ഞാനാണ്‌. എന്നെ പോലെ വളരെ വേഗതയില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ ആര്‍ക്കുമാവില്ല-അക്തറിന്റെ വാക്കുകള്‍. റണ്ണപ്പ്‌ കുറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അക്തര്‍ പറയുന്നു. നിരന്തരം പരുക്ക്‌ വരാന്‍ കാരണം അക്തറിന്റെ വലിയ റണ്ണപ്പാണെന്നും അത്‌ കുറക്കണമെന്നും പാക്കിസ്‌താന്‍ ടീമിന്റെ കോച്ചായിരുന്ന ബോബ്‌ വൂള്‍മര്‍ ഉപദേശിച്ചിരുന്നു. വൂള്‍മറുടെ ഉപദേശപ്രകാരം റണ്ണപ്പ്‌ കുറച്ച അക്തര്‍ ഇനി പഴയ റണ്ണപ്പിലേക്ക്‌ തന്നെ മടങ്ങുകയാണ്‌. റണ്ണപ്പാണ്‌ എന്റെ സ്‌പീഡ്‌. അത്‌ മാറ്റിയാല്‍ ഞാനില്ല-അദ്ദേഹം പറഞ്ഞു.

യു.എസ്‌ ജയിച്ചു
വാഷിംഗ്‌ടണ്‍: കോണ്‍കാകാഫ്‌ സ്വര്‍ണ്ണകപ്പ്‌ ഫുട്‌ബോളില്‍ അമേരിക്ക മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ഹോണ്ടുറാസിനെ പരാജയപ്പെടുത്തി. കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ ഫൈനല്‍ കളിച്ച യു.എസ്‌ സംഘം ആധികാരിക പ്രകടനം നടത്തിയാണ്‌ വിജയം വരിച്ചത്‌.

മൊബൈല്‍ എടുക്കുന്നില്ല
ബാര്‍സിലോണ: കാമറൂണുകാരന്‍ സാമുല്‍ ഇറ്റോ പുതിയ സീസണില്‍ ബാര്‍സിലോണയില്‍ കളിക്കില്ലേ...? സംശയം ബാര്‍സിലോണ മാനേജ്‌മെന്റിന്‌ തന്നെയാണ്‌. കാരണം ബാര്‍സ ക്ലബിന്റെ പ്രസിഡണ്ടായ ജുവാന്‍ ലാപോര്‍ട്ട ഒന്നിലധികം തവണയായി ഇറ്റോവിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നു. പക്ഷേ പ്രതികരണമില്ല. ഇറ്റോവിന്റെ മൊബൈല്‍ നമ്പര്‍ മാറിയോ എന്ന്‌ വ്യക്തമല്ലെങ്കിലും ക്ലബിന്റെ തലവന്‍ തന്നെ വിളിച്ചിട്ടും മുന്‍നിരക്കാരന്‍ പ്രതികരിക്കാതിരിക്കുന്നത്‌ ബാര്‍സ മാനേജ്‌മെന്റ്‌്‌ സംശയത്തോടെയാണ്‌ വീക്ഷിക്കുന്നത്‌. ബാര്‍സയും ഇറ്റോയും തമ്മിലുളള കരാര്‍ അവസാനിച്ചിട്ടുണ്ട്‌. പുതിയ രണ്ട്‌ വര്‍ഷത്തെ കരാര്‍ ഈയിടെയാണ്‌ താരത്തിന്‌ നല്‍കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ ഈ കരാര്‍ ഒപ്പിട്ടിട്ടില്ല. കരാര്‍ പ്രഖ്യാപിച്ചതിന്‌ ശേഷം താന്‍ ബാര്‍സ വിടില്ലെന്ന്‌ ഇറ്റോ പറഞ്ഞിരുന്നു. പക്ഷേ അതിന്‌ ശേഷം ഇറ്റോയെ ആരും കണ്ടിട്ടില്ല. അദ്ദേഹമിപ്പോള്‍ അവധികാലത്താണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റോക്ക്‌ വന്‍തുക നേരത്തെ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ഈ വലയില്‍ അദ്ദേഹം വീണോ എന്ന സംശയത്തിലാണ്‌ സ്‌പാനിഷ്‌ ചാമ്പ്യന്മാര്‍. കഴിഞ്ഞ സീസണില്‍ ബാര്‍സിലോണക്ക്‌ സ്‌പാനിഷ്‌ ലീഗും യുവേഫ ചാമ്പ്യന്‍സ്‌ ലീഗും സമ്മാനിക്കുന്നതില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌ ഇറ്റോ.

സണ്ണിക്ക്‌ 60
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍ക്ക്‌ ഇന്ന്‌ അറുപതാം പിറന്നാള്‍. കളിക്കാരനായും ക്രിക്കറ്റ്‌ കമന്റേറ്ററായും ക്രിക്കറ്റ്‌ ഭരണാധികാരിയായും ലോക ക്രിക്കറ്റില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന സണ്ണി എന്ന ഗവാസ്‌ക്കറുടെ ജീവചരിത്രമായ സുനില്‍ ഗവാസ്‌ക്കര്‍-ക്രിക്കറ്റ്‌സ്‌ ലിറ്റില്‍ മാസ്‌റ്റര്‍ എന്ന പുസ്‌തകം ഇന്നലെ പിറന്നാളിനോടനുബന്ധിച്ച്‌ പ്രകാശനം ചെയ്‌തു. ക്രിക്കറ്റ്‌ ജര്‍ണലിസ്റ്റായ ദേബാശിഷ്‌ ദത്തയാണ്‌ രചന നടത്തിയിരിക്കുന്നത്‌. ഗവാസ്‌ക്കറിന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പുസ്‌തകത്തിലുണ്ട്‌. സുനില്‍ ഗവാസ്‌്‌ക്കര്‍ നായകനായ ടീമില്‍ ബോളിവുഡ്‌ ഹീറോ മിഥുന്‍ ചക്രവര്‍ത്തി കളിക്കുകയും വിന്‍ഡീസ്‌ ഓപ്പണര്‍ ഗോര്‍ഡന്‍ ഗ്രിനിഡ്‌ജിന്റെ വിക്കറ്റ്‌ സ്വന്തമാക്കുയും ചെയ്‌തിട്ടണ്ട്‌. ആ ചരിത്രം പക്ഷേ അധികമാര്‍ക്കുമറിയില്ല. ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിന്റെ നായകനായി അര്‍ജുന രണതുംഗെയെ അവരോധിക്കണമെന്ന്‌ ലങ്കന്‍ പ്രസിഡണ്ടിനോട്‌ പറഞ്ഞിട്ടുണ്ട്‌ ഗവാസ്‌ക്കര്‍. മന്നാഡേ എന്ന വിഖ്യാതനായ ഗായകന്‍ ഗവാസ്‌ക്കറിന്‌ വേണ്ടി മാത്രം പാടിയ ചരിത്രവും അധികമാര്‍ക്കുമറിയില്ല. ദത്തയുടെ പുസ്‌തകത്തില്‍
ഗവാസ്‌ക്കറെ കുറിച്ച്‌ ആര്‍ക്കുമറിയാത്ത പല രസകരങ്ങളായ അനുഭവങ്ങളുമുണ്ട്‌. വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ഇതിഹാസമായ സര്‍ ഗാരിഫീല്‍ഡ്‌ സോബേഴ്‌സ്‌, ഇംഗ്ലണ്ടിന്റെ ഓപ്പണറായിരുന്ന ജെഫ്രി ബോയ്‌ക്കോട്ട്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരെല്ലാം ഗവാസ്‌്‌ക്കറിനെ കുറിച്ച്‌ സംസാരിക്കുന്നുണ്ട്‌. ഗവാസ്‌ക്കറിന്റെ വിക്കറ്റ്‌ ഒരിക്കല്‍ പോലും നേടാന്‍ കഴിയാത്തത്ത്‌ തന്റെ വലിയ നിരാശയാണെന്ന്‌ വസീം അക്രം പറയുമ്പോള്‍ കരീബിയന്‍ മണ്ണില്‍ വെച്ച്‌ കരീബിയന്‍ ബൗളര്‍മാരെ കശക്കിയ ഇന്ത്യന്‍ ഇതിഹാസത്തിന്റെ ബാറ്റിംഗ്‌ മികവിനെ വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ പ്രകീര്‍ത്തിക്കുന്നുണ്ട്‌. പിതാവ്‌ മനോഹര്‍ ഗവാസ്‌്‌കറും മാതാവ്‌ മീനാലും മകന്‍ രോഹനും അളിയന്‍ ഗുണ്ടപ്പ വിശ്വനാഥുമെല്ലാം പുസ്‌തകത്തില്‍ അവിസ്‌മരണീയ അനുഭവങ്ങള്‍ പങ്ക്‌ വെക്കുന്നുണ്ട്‌. ഗായിക ലതാ മങ്കേഷ്‌ക്കര്‍, ടെന്നിസ്‌ താരമായിരുന്ന വിജയ്‌ അമൃതരാജ്‌, ബില്ല്യാര്‍ഡ്‌സ്‌ താരം ഗീത്‌ സേഥി, ബാഡ്‌മിന്റണ്‍ താരം പ്രകാശ്‌ പദുകോണ്‍, ഡേവിഡ്‌ ലോയിഡ്‌, ഇയാന്‍ ചാപ്പല്‍, കപില്‍ദേവ്‌, ഹനീഫ്‌ മുഹമ്മദ്‌, സഹീര്‍ അബ്ബാസ്‌, ജാവേദ്‌ മിയാന്‍ദാദ്‌, ഗ്ലെന്‍ ടര്‍ണര്‍, ജോണ്‍ റൈറ്റ്‌, മൈക്‌ ബിയാര്‍ലി, ഇയാന്‍ ബോതം, ദുലീപ്‌ മെന്‍ഡിസ്‌, ഡികി ബേര്‍ഡ്‌, ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രസിഡണ്ട്‌ ശശാങ്ക്‌ മനോഹര്‍, സെക്രട്ടറി എന്‍.ശ്രീനിവാസന്‍, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ മുന്‍ പ്രസിഡണ്ട്‌ അലി ബാച്ചര്‍ തുടങ്ങിയവരെല്ലാം ടെസ്റ്റ്‌ ക്രിക്കറ്റില്‍ ആദ്യമായി 10,000 റണ്‍സ്‌ പൂര്‍ത്തിയാക്കിയ താരത്തിന്റെ നേട്ടങ്ങളെ അനുസ്‌മരിക്കുന്നുണ്ട്‌.

No comments: