Saturday, July 25, 2009

BIG CONCA FINAL

കലാശം
ചിക്കാഗോ: ഉത്തര അമേരിക്കന്‍ വന്‍കരയിലെ സോക്കര്‍ രാജാക്കന്മാര്‍ ആരാണെന്ന്‌ ഇന്നത്തെ ദിവസം പ്രഖ്യാപിക്കും. മേഖലയിലെ രണ്ട്‌ പ്രബലരാണ്‌ മുഖാമുഖം. അമേരിക്കയുടെ യുവസംഘം മെക്‌സിക്കോയുടെ അനുഭവസമ്പത്തിനെ എതിരിടുമ്പോള്‍ പോരാട്ടം കേമമാവും. ചാമ്പ്യന്‍ഷിപ്പില്‍ ഇത്‌ വരെ തോല്‍വിയറിയാത്തവരാണ്‌ അമേരിക്ക. മെക്‌സിക്കോയാവട്ടെ കോച്ചിന്റെ മൈതാന സേവനമില്ലാതിരുന്നിട്ട്‌ പോലും തുടര്‍ച്ചയായി മൂന്ന്‌ മല്‍സരങ്ങളില്‍ മികച്ച വിജയം നേടിയവര്‍. രണ്ട്‌ ടീമിലും സൂപ്പര്‍ താരങ്ങളില്‍ ചിലരില്ല. എന്നിട്ടും വലിയ മല്‍സരങ്ങളെ കരുത്തോടെ എതിരിടാന്‍ യുവനിരക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ദീര്‍ഘകാലമായി വന്‍കരയിലെ രാജാക്കന്മാര്‍ അമേരിക്കയാണ്‌. അവരെ എതിര്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥ. കോണ്‍കാകാഫ്‌ ഗോള്‍ഡ്‌ കപ്പില്‍ കഴിഞ്ഞ രണ്ട്‌ തവണയും മുത്തമിട്ടതും അമേരിക്ക. പക്ഷേ ഇത്‌ വരെ വലിയ ചാമ്പ്യന്‍ഷിപ്പില്‍ തിളക്കം കാണാട്ടാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല എന്ന സത്യം അവശേഷിക്കുന്നു. ഒരു മാസം മുമ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കിരീടത്തിനരികിലെത്തിയിരുന്നു ടീം. സൂപ്പര്‍ താരങ്ങളുടെ ബ്രസീലിനെതിരെ തുടക്കത്തില്‍ രണ്ട്‌ ഗോളിന്റെ ലീഡ്‌ നേടിയിട്ടും കപ്പില്‍ തൊടാന്‍ കഴിയാത്ത നിരാശയില്‍ അവര്‍ക്ക്‌ മടങ്ങേണ്ടിവന്നു. ലോകകപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കുന്നു. ഗോള്‍ഡ്‌ കപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ആ കരുത്തില്‍ ലോകകപ്പില്‍ കളിക്കാനാവും.
മെക്‌സിക്കോക്ക്‌ സമീപകാലത്തായി മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. യൂറോപ്യന്‍ സോക്കറില്‍ മിന്നിതിളങ്ങുന്ന പല താരങ്ങളും അവരുടെ സംഘത്തിലുണ്ട്‌. പക്ഷേ വലിയ മല്‍സരങ്ങളിലെ സമ്മര്‍ദ്ദം ടീമിന്‌ തലവേദനയാണ്‌. കോണ്‍കാകാഫ്‌ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ അവരിപ്പോള്‍ നാലാമതാണ്‌. കോസ്‌റ്റാറിക്ക, അമേരിക്ക, ഹോണ്ടുറാസ്‌ എന്നിവര്‍ക്ക്‌്‌ പിറകില്‍. ഗോള്‍ഡ്‌ കപ്പില്‍ വിജയിക്കാനായാല്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളും വിജയിക്കാനാവുമെന്ന വിശ്വാസമാണ്‌ ടീമിനുളളത്‌.
ഫൈനലില്‍ രണ്ട്‌ ടീമുകളെയും വിലയിരുത്തുമ്പോള്‍ പ്രകടനത്തിന്റെ ആധികാരികതയില്‍ അമേരിക്കക്കാണ്‌ വ്യക്തമായ മുന്‍ത്തൂക്കം. കളിച്ച എല്ലാ മല്‍സരങ്ങളിലും ആധികാരികതയാണ്‌ അമേരിക്കന്‍ ടീം പ്രകടിപ്പിച്ചത്‌. സെമി ഫൈനലില്‍ ഹോണ്ടുറാസിന്റെ അനുഭവസമ്പത്തിനെ പോലും അമേരിക്ക തോല്‍പ്പിച്ചത്‌ ആധികാരികമായാണ്‌. അതേ സമയം കോസ്‌റ്റാറിക്കയെ പരാജയപ്പെടുത്താന്‍ മെക്‌സിക്കോക്ക്‌ ഷൂട്ടൗട്ട്‌ വരെ പോവേണ്ടി വന്നു. അമേരിക്കയെ പോലെ ശക്തരായ ഒരു ടീമിനെ തോല്‍പ്പിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ നടത്തേണ്ടി വരുമെന്നാണ്‌ മെക്‌സിക്കോയുടെ സെമിഫൈനല്‍ ഹീറോയായ ഗോള്‍ക്കീപ്പര്‍ ഗുലെര്‍മോ ഒച്ചോവ പറയുന്നത്‌. കോസ്‌റ്റാറിക്കയുടെ മൂന്നാമത്‌ പെനാല്‍ട്ടി കിക്ക്‌ അതിമികവോടെ കുത്തിയകറ്റിയ ഓച്ചോവക്ക്‌ പക്ഷേ ഫൈനല്‍ മല്‍സരം അധികസമയത്തേക്കും പിന്നെ ഷൂട്ടൗട്ടിലേക്കും ദീര്‍ഘിച്ചാല്‍ ജയിച്ചുകയറാമെന്ന വിശ്വാസമുണ്ട്‌.
2007 ലെ ഗോള്‍ഡ്‌ കപ്പ്‌ ഫൈനലിലും അമേരിക്കയുടെ പ്രതിയോഗികള്‍ മെക്‌സിക്കോയായിരുന്നു. അന്ന്‌ അവരെ തോല്‍പ്പിക്കാന്‍ വിയര്‍ക്കേണ്ടി വന്നിട്ടില്ല എന്ന സത്യമാണ്‌ തന്റെ യുവതാരങ്ങള്‍ക്ക്‌ കോച്ച്‌ ബ്രാഡ്‌ലി പറഞ്ഞ്‌ കൊടുക്കുന്നത്‌. മെക്‌സിക്കോയും അമേരിക്കയും തമ്മില്‍ കഴിഞ്ഞ പത്ത്‌ വര്‍ഷത്തില്‍ പലവട്ടം മുഖാമുഖം വന്നപ്പോഴും വിജയം അമേരകിക്കക്കൊപ്പമായിരുന്നു. ചിലപ്പോഴെല്ലാം മല്‍സരങ്ങള്‍ അടിപിടിയില്‍ കലാശിച്ചിരുന്നു. പക്ഷേ ഇന്ന്‌ കപ്പിലേക്ക്‌ നോട്ടമിട്ട്‌ സുന്ദരമായ ഫുട്‌ബോളാണ്‌ മെക്‌സിക്കന്‍ കോച്ച്‌ ജാവിയര്‍ അഗ്വിര്‍ വാഗ്‌ദാനം ചെയ്യുന്നത്‌. കഴിഞ്ഞ മൂന്ന്‌ മല്‍സരങ്ങള്‍ ഗ്യാലറിയിലിരുന്ന്‌ കാണാന്‍ വിധിക്കപ്പെട്ട കോച്ചിന്‌ ഫൈനലില്‍ മൈതാനത്ത്‌ സ്വന്തം ടീമിനൊപ്പം ഇരിക്കാമെന്ന ആശ്വാസവുമുണ്ട്‌.

യൂറോപ്പ്‌-അമേരിക്ക
ചിക്കാഗോ: 2018 ലെ ലോകകപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ ആതിഥേയത്വം വഹിക്കാന്‍ അമേരിക്കയും യൂറോപ്പും തമ്മില്‍ പിടിവലി. സ്വന്തം വന്‍കരക്ക്‌ ലോകകപ്പ്‌ ആതിഥേയത്വം വേണമെന്ന നിലപാടില്‍ ഇരുവരും ഉറച്ച്‌ നില്‍ക്കുമ്പോള്‍ അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ചേരുന്ന ഫിഫ എക്‌സിക്യൂട്ടിവില്‍ കാര്യമായ പിടിവലിക്കാണ്‌ സാധ്യത. അടുത്ത വര്‍ഷത്തെ ലോകകപ്പ്‌ ദക്ഷിണാഫ്രിക്കയിലാണ്‌. ഇതാദ്യമായാണ്‌ കറുത്ത വന്‍കര ഫിഫയുടെ വലിയ ചാമ്പ്യന്‍ഷിപ്പിന്‌ ആതിഥേയത്വം വഹിക്കുന്നത്‌. 2014 ലെ ലോകകപ്പ്‌ ബ്രസീലിനും അനുവദിച്ചിട്ടുണ്ട്‌. 2018 ല്‍ തങ്ങളുടെ ഊഴമാണെന്നാണ്‌ അമേരിക്ക സമര്‍ത്ഥിക്കുന്നത്‌. തുടര്‍
ച്ചയായി രണ്ട്‌ ലോകകപ്പുകള്‍ (2010, 2014) യൂറോപ്പിന്‌ പുറത്ത്‌ നടക്കുന്ന സാഹചര്യത്തില്‍ 2018 ലെ അവസരം മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ സോക്കര്‍ വന്‍കര ഒരുക്കമല്ല. യൂറോപ്പില്‍ നിന്ന്‌ ഹോളണ്ട്‌-ബെല്‍ജിയം, പോര്‍ച്ചുഗല്‍-സ്‌പെയിന്‍ എന്നിവരാണ്‌ രംഗത്ത്‌. ഫിഫക്ക്‌ താല്‍പ്പര്യം യൂറോപ്പിനോടാണ്‌. 23 അംഗ ഫിഫ എക്‌സിക്യൂട്ടിവിലെ എട്ട്‌ പേരും യൂറോപ്പില്‍ നിന്നുളളവരാണ്‌. അതിനാല്‍ യൂറോപ്പിന്റെ താല്‍പ്പര്യത്തിനാണ്‌ മുന്‍ഗണന ലഭിക്കുക. 2022 ലെ ലോകകപ്പ്‌ അമേരിക്കക്ക്‌്‌ നല്‍കുന്നതില്‍ പ്രയാസമില്ലെന്ന പക്ഷക്കാരനാണ്‌ ഫിഫയുടെ തലവന്‍ സെപ്‌ ബ്ലാറ്റര്‍.
അമേരിക്ക ഇതിന്‌ മുമ്പ്‌ ഒരു തവണ മാത്രമാണ്‌ ലോകകപ്പിന്‌ ആതിഥേയത്വം വഹിച്ചത്‌-1994 ല്‍. അമേരിക്കയില്‍ ഫുട്‌ബോള്‍ പ്രിയത കുറവാണെന്ന പ്രചാരണത്തിനിടെയാണ്‌ ലോകകപ്പ്‌ വന്നിരുന്നത്‌. പക്ഷേ 3.59 ദശലക്ഷം കാണികളാണ്‌ മല്‍സരങ്ങള്‍ ആസ്വദിക്കാനെത്തിയത്‌. 94 ല്‍ നിന്നും അമേരിക്കന്‍ സോക്കര്‍ വളര്‍ന്ന്‌ പന്തലിച്ചിട്ടുണ്ട്‌. അതിനാല്‍ 2018 ലെ ലോകകപ്പ്‌ അനുവദിച്ചു കിട്ടിയാല്‍ കൂടതല്‍ ആരാധകരെ ഗ്യാലറികളിലേക്ക്‌ എത്തിക്കാമെന്ന കാര്യത്തില്‍ സംശയങ്ങളില്ല.
അമേരിക്കന്‍ ജനതക്ക്‌ ഫുട്‌ബോളിനോടുളള പ്രിയത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫിഫ അമേരിക്കയോട്‌ വിവേചനം കാട്ടരുതെന്നാണ്‌ യു.എസ്‌ ഫുട്‌ബോള്‍ അധികാരികള്‍ അഭ്യര്‍ത്ഥിക്കുന്നത്‌. ഫിഫയുടെ കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ അമേരിക്കന്‍ ടീം ഫൈനല്‍ കളിച്ചത്‌ വരെ അധികാരികള്‍ ഉദാഹരിക്കുന്നു. 1996 ല്‍ ആരംഭിച്ച അമേരിക്കന്‍ മേജര്‍ ലീഗ്‌ ഫുട്‌ബോളില്‍ ലോകത്തിലെ സൂപ്പര്‍ താരങ്ങള്‍ കളിക്കുന്നുണ്ട്‌. ലോസാഞ്ചലസ്‌ ഗ്യാലക്‌സിക്കായി ഡേവിഡ്‌ ബെക്കാമിനെ പോലുള്ളവരാണ്‌ കളിക്കുന്നത്‌. മേജര്‍ ഫുട്‌ബോള്‍ ലീഗ്‌ ഉന്നതനിലവാരം പുലര്‍ത്തുന്ന സാഹചര്യത്തില്‍ സെപ്‌ ബ്ലാറ്ററെ പോലുള്ളവര്‍ അമേരിക്കയെ മറക്കില്ലെന്ന പ്രതീക്ഷയാണ്‌ അവര്‍ പുലര്‍ത്തുന്നത്‌.
2018 ലെ ലോകകപ്പ്‌ അമേരിക്കക്‌ നല്‍കണമെന്ന്‌ വാദിക്കുന്ന ബിഡ്‌ കമ്മിറ്റിയുടെ തലവനായ ഡേവിഡ്‌ ഡൗണ്‍സ്‌ കോണ്‍കാകാഫ്‌ ഗോള്‍ഡ്‌ കപ്പ്‌ ഫുട്‌ൂബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ വിജയകരമായി ആതിഥേയത്വം വഹിക്കുന്ന വേദികളാണ്‌ ലോകത്തിന്‌ മുന്നില്‍ ചൂണ്ടിക്കാട്ടുന്നത്‌. ചിക്കാഗോ, ലോസാഞ്ചലസ്‌, സാന്‍ഫ്രാന്‍സിസ്‌ക്കോ തുടങ്ങിയ വേദികള്‍ ലോക നിലവാരത്തിലുളളവയാണ്‌. ഇത്‌ മറക്കരുത്‌. 2018 ലെ ലോകകപ്പ്‌ അനുവദിച്ചാല്‍ കൂടുതല്‍ മികച്ച ലോകകപ്പ്‌ വേദികള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു.
അതേ സമയം കൂടുതല്‍ ശക്തമാണ്‌ യൂറോപ്യന്‍ വാദം. 2010 ലെ ലോകകപ്പ്‌ ആഫ്രിക്കക്ക്‌ അനുവദിച്ചത്‌ എല്ലാവരോടും തുല്യ നീതി എന്ന നിലപാടിലാണ്‌. 2014 ലെ ലോകകപ്പ്‌ ബ്രസീലിന്‌ നല്‍കിയപ്പോഴും യൂറോപ്പ്‌ എതിര്‍ത്തിട്ടില്ല. പക്ഷേ ഫുട്‌ബോളിന്റെ തറവാടായ യൂറോപ്പിനെ നിരന്തരമായി അവഗണിക്കുന്നത്‌ അപരാധമാണ്‌. കഴിഞ്ഞ ലോകകപ്പ്‌്‌ ജര്‍മനിയിലാണ്‌ നടന്നത്‌. ലോകകപ്പ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരുന്നു ഇത്‌. മറ്റ്‌ വന്‍കരകളില്‍ കളിക്കുമ്പോള്‍ പല ടീമുകളും പലവിധ പ്രതിസന്ധികളെ നേരിടുന്നതായാണ്‌ യൂറോപ്പ്‌്‌ കുറ്റപ്പെടുത്തുന്നത്‌. ആഫ്രിക്കയില്‍ കളിക്കാന്‍ പല ടീമുകള്‍ക്കും വൈമുഖ്യമുണ്ട്‌. ലാറ്റിനമേരിക്കയിലും കാര്യങ്ങള്‍ അത്ര ഭദ്രമല്ല. എന്നിട്ടും പരാതികളില്ലാതെയാണ്‌്‌ യൂറോപ്പ്‌ കളിക്കുന്നത്‌. ഇത്‌ ഫിഫ കാണാതിരിക്കില്ല എന്നാണ്‌ യൂറോപ്പ്‌ കരുതുന്നത്‌. സംയുക്തമായി ലോകകപ്പിന്‌ ആഥിഥേയത്വം വഹിക്കാന്‍ നാല്‌ രാജ്യങ്ങളാണ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. സ്‌പെയിനും പോര്‍ച്ചുഗലും സ്വന്തം വേദികള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഹോളണ്ടും ബെല്‍ജിയവും വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ വിജയകരമായി നടത്തിയ പാരമ്പര്യമാണ്‌ ഉയര്‍ത്തികാണിക്കുന്നത്‌.
എന്തായാലും കാത്തിരിപ്പിന്റെ ദിവസങ്ങളാണ്‌ അമേരിക്കക്കും യൂറോപ്പിനും.

ദേശീയ ഗെയിംസ്‌
കേന്ദ്ര സഹായമായി 110 കോടി
കോഴിക്കോട്‌: അടുത്ത വര്‍ഷം കേരളം ആതിഥേയത്വം വഹിക്കുന്ന മുപ്പത്തിയഞ്ചാമത്‌ ദേശീയ ഗെയിംസിന്റെ നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ 110 കോടി നല്‍കും. കേന്ദ്ര ആഭ്യന്തര കാര്യ സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്റെ ഇടപെടലിലാണ്‌ കേരളത്തിന്‌ വലിയ സഹായം ലഭിക്കുന്നത്‌. 220 കോടിയാണ്‌ ദേശീയ ഗെയിംസിന്റെ നടത്തിപ്പിനായി കേരളം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌. സംസ്ഥാന സ്‌പോര്‍ട്‌സ്‌ മന്ത്രി എം. വിജയകുമാര്‍ ഇത്‌ സംബന്ധിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‌ നിവേദനം നല്‍കിയിരുന്നു. അദ്ദേഹം കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗില്ലുമായും കേന്ദ്ര ആസുത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷനുമായും ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ കേരളം ആവശ്യപ്പെട്ട തുകയില്‍ പകുതി നല്‍കാന്‍ ധാരണയായിരിക്കുന്നത്‌.
കേരളത്തില്‍ മൂന്ന്‌ സ്ഥലങ്ങളിലായാണ്‌ ഗെയിംസ്‌ നടത്തുന്നത്‌. തിരുവനന്തപരം, കൊച്ചി ,കോഴിക്കോട്‌ എന്നിവിടങ്ങളിലായി നടക്കുന്ന ഗെയിംസ്‌ വേദികള്‍ ഇപ്പോള്‍ തന്നെ ഒരുക്കങ്ങളിലാണ്‌. സംഘാടക സമിതികള്‍ രൂപീകരിച്ച്‌ എല്ലായിടങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌.

വാചകമടി
ലണ്ടന്‍: അസാഫ പവല്‍ എന്ന ജമൈക്കക്കാരന്‌ വാചകമടിക്കാന്‍ മാത്രമാണ്‌ അറിയുക....! ഉസൈന്‍ ബോള്‍ട്ട്‌ എന്ന സ്വന്തം നാട്ടുകാരനെ ലണ്ടന്‍ ഗ്രാന്‍ഡ്‌ പ്രിയില്‍ ഇല്ലാതാക്കുമെന്ന്‌ ഉറക്കെ പ്രഖ്യാപിച്ച അസാഫ പവലിന്‌ മല്‍സരത്തില്‍ നേടാനായത്‌ ആറാം സ്ഥാനം....! ക്രിസ്‌റ്റല്‍ പാലസില്‍ മികച്ച പ്രകടനം നടത്താനായില്ലെങ്കിലും എതിരാളികളെ ബഹുദൂരം പിറകിലാക്കി ഉസൈന്‍ ബോള്‍ട്ട്‌ ഒരിക്കല്‍ക്കൂടി ലോകത്തില്‍ തന്നെ വെല്ലാന്‍ മറ്റൊരു സ്‌പ്രിന്റര്‍ ഇല്ലെന്ന്‌ ആവര്‍ത്തിച്ച്‌ തെളിയിച്ചു. 9.91 സെക്കന്‍ഡിലാണ്‌ അദ്ദേഹം ഫിനിഷ്‌ ചെയ്‌തത്‌. കാറ്റിന്റെ ആനുകൂല്യത്തിലും തന്റെ ലോക റെക്കോര്‍ഡ്‌ പ്രകടനത്തിന്‌ അരികിലെത്താന്‍ ബോള്‍ട്ടിനായില്ല. ജമൈക്കയില്‍ നിന്നുള്ള യോഹാന്‍ ബ്ലാകെയാണ്‌ 10.11 സെക്കന്‍ഡില്‍ രണ്ടാമനായത്‌. ആന്റിഗ്വയുടെ ഡാനിയല്‍ ബെയ്‌ലി 10.13 സെക്കന്‍ഡില്‍ മൂന്നാമനായപ്പോള്‍ നാലാമത്‌ വന്നത്‌ ബ്രിട്ടന്റെ സിമിയോണ്‍ വില്ല്യംസണാണ്‌. 10.19 സെക്കന്‍ഡിലാണ്‌ അദ്ദേഹം ഫിനിഷ്‌ ചെയ്‌തത്‌. അമേരിക്കന്‍ താരം ഐവറി വില്ല്യംസ്‌ 10.21 സെക്കന്‍ഡില്‍ അഞ്ചാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌. വില്ല്യംസിനും പിറകില്‍ 10.26 സെക്കന്‍ഡിലാണ്‌ പവല്‍ എത്തിയത്‌. ബ്രിട്ടന്റെ ക്രെയിഗ്‌ പിക്കറിംഗ്‌ 10.46 സെക്കന്‍ഡിലും അമേരിക്കയുടെ ട്രെല്‍ കിമണ്‍സ്‌ 10.47 സെക്കന്‍ഡിലും ഫിനിഷ്‌ ചെയ്‌തു.
ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ എതിരാളികളെയെല്ലാം നിഷ്‌പ്രഭമാക്കിയ പ്രകടനത്തിലാണ്‌ ലോക റെക്കോര്‍ഡുമായി ബോള്‍ട്ട്‌ ഒന്നാമനായത്‌. അന്ന്‌ അസാഫ അഞ്ചാമതാണ്‌ വന്നത്‌. ഒളിംപിക്‌സിലും മല്‍സരം തുടങ്ങുന്നതിന്‌ മുമ്പ്‌ അസാഫ ബോള്‍ട്ടിനെ വെല്ലുവിളിച്ചിരുന്നു. പക്ഷേ മൈതാനത്ത്‌ കണ്ടത്‌്‌ പറപറക്കുന്ന ബോള്‍ട്ടിനെയാണ്‌. ഇവിടെയും അങ്ങനെ തന്നെ സംഭവിച്ചു. ഒളിംപിക്‌സില്‍ മൂന്ന്‌ സ്വര്‍ണ്ണവുമായി കളം നിറഞ്ഞ ബോള്‍ട്ട്‌ തുടക്കം മുതല്‍ ഇവിടെ ഒന്നാമനായിരുന്നു. തന്നെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന മട്ടിലാണ്‌ അദ്ദേഹം ഓടിയത്‌. 50 മീറ്റര്‍ പിന്നിടുമ്പോള്‍ ബോള്‍ട്ടിന്റെ അരികില്‍ ആരുമുണ്ടായിരുന്നില്ല.
മല്‍സരത്തിന്‌ ശേഷം വീനിതനാവുന്ന ബോള്‍ട്ടിനെയാണ്‌ കണ്ടത്‌. ഞാന്‍ അപരാജിതനാണ്‌ എന്ന്‌ പറയില്ല. ചിലപ്പോള്‍ എനിക്ക്‌ നന്നായി ഓടാന്‍ കഴിയുന്നു. അപ്പോള്‍ എതിരാളികള്‍ പിറകിലാവുന്നു. മല്‍സരത്തിന്റെ ആദ്യ 50 മീറ്റര്‍ അതിവേഗം പിന്നിടുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം. ആദ്യ അമ്പത്‌ മീറ്ററില്‍ നല്ല ലീഡ്‌ നേടാനായാല്‍ കാര്യങ്ങള്‍ എളുപ്പമാണ്‌.
ആരോഗ്യപരമായി താന്‍ നൂറ്‌ ശതമാനം മല്‍സര യോഗ്യനല്ലെന്നാണ്‌ ബോള്‍ട്ട്‌ പറഞ്ഞത്‌. 85 ശതമാനം മാത്രമാണ്‌ ഫിറ്റ്‌നസ്‌. അടുത്ത മാസം ബെര്‍ലിനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്‌ മുന്നോടിയായി കൂടുതല്‍ പരിശീലനം വേണം. അടുത്തയാഴ്‌ച്ചകള്‍ ഇതിനുളളതാണെന്നും ബോള്‍ട്ട്‌ പറഞ്ഞു.
ക്രിസ്റ്റല്‍ പാലസില്‍ അസാഫക്ക്‌ ഇത്‌ ആദ്യ തോല്‍വിയാണ്‌. മുന്‍ ലോക റെക്കോര്‍ഡുകാരനായ അസാഫ കഴിഞ്ഞ മൂന്ന്‌ തവണയും ഇവിടെ ഒന്നാമനായത്‌.

No comments: